തൗഹീദും വഴിയിലെ തടസ്സം നീക്കലും


എ അബ്‌ദുസ്സലാം സുല്ലമി

``വിവിധ സാമൂഹികതിന്മകള്‍ നടമാടിയിരുന്ന സമൂഹത്തിലേക്ക്‌ നിയുക്തരായ പ്രവാചകന്മാര്‍ പ്രാഥമികമായി തൗഹീദിനായിരുന്നു മുന്‍ഗണന നല്‌കിയിരുന്നത്‌. കാരണം ഒരു സമൂഹം തൗഹീദിനെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായാല്‍ അവരിലെ ഇതര സാമൂഹ്യ തിന്മകള്‍ ക്രമേണ അവരെ ഉപേക്ഷിക്കുമെന്നതാണ്‌ വാസ്‌തവം. തൗഹീദിന്‌ നിരവധി ശാഖകളുണ്ടെന്നും വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ പോലും അതിന്റെ ശാഖയാണെന്ന്‌ വിശദീകരിക്കപ്പെടുമ്പോള്‍ പ്രഥമമായി തൗഹീദ്‌ സ്വീകരിക്കുന്നവരില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കുള്ള സൂചനയാണിവ.

വഴിയില്‍ തടസ്സം സൃഷ്‌ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ തൗഹീദിന്റെ അനുയായിയാകാന്‍ സാധിക്കില്ലെന്നര്‍ഥം. അല്ലെങ്കില്‍ മാര്‍ഗതടസ്സം സൃഷ്‌ടിക്കുന്ന നിസാര പ്രവര്‍ത്തനങ്ങളില്‍ പോലും തൗഹീദിന്റെ അനുയായികള്‍ക്ക്‌ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്ന്‌ വിവക്ഷ. തൗഹീദുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകണ്ടാല്‍ അവരുടെ തൗഹീദിലെ ന്യൂനതയായി അതിനെ പരിഗണിച്ച്‌ വിശ്വാസവര്‍ധനവിനുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്‌ വേണ്ടത്‌ (വിചിന്തനം: 2011 ജൂണ്‍ 3, പുസ്‌തകം 10, ലക്കം 39. ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതിശാസ്‌ത്രം. ഇ യൂസുഫസാഹിബ്‌ നദ്‌വി, ഓച്ചിറ, പേജ്‌ 12).

ഉണരുക, പുനര്‍ വിചിന്തനം ചെയ്യുക. ജീവകാരുണ്യ പ്രവര്‍ത്തനവും സാമൂഹ്യക്ഷേമ പ്രവര്‍ത്തനവും തൗഹീദിന്റെ വിശാല താല്‌പര്യത്തില്‍ ഉള്‍പ്പെടുമെന്ന്‌ മാത്രമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം പറഞ്ഞിരുന്നത്‌. എന്നാല്‍ ഇത്‌ ഇഖ്‌വാനികളുടെ ശൈലിയാണെന്നും തൗഹീദ്‌ പ്രവര്‍ത്തനത്തിനുള്ള തടസ്സമാകുമെന്നും ഊര്‍ജം നഷ്‌ടപ്പെടുത്തുമെന്നും ഇവയെല്ലാം കുറച്ച്‌ കാലത്തേക്ക്‌ നിര്‍ബന്ധമായും നിര്‍ത്തിവെക്കണമെന്നും പ്രഖ്യാപിച്ച്‌ പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ ഇപ്പോള്‍ നബി(സ)യുടെ പേരില്‍ കള്ള ഹദീസുകള്‍ നിര്‍മിച്ച്‌ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനവും തൗഹീദിന്റെ തന്നെ ശാഖയാണെന്നാണ്‌ മുകളില്‍ എഴുതുന്നത്‌. തൗഹീദിന്‌ നിരവധി ശാഖകളുണ്ടെന്നും വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ പോലും അതിന്റെ ശാഖയാണെന്നും ഇവര്‍ ജല്‌പിക്കുന്നപോലെ മുഹമ്മദ്‌ നബി(സ) ഒരിക്കലും പ്രസ്‌താവിച്ചിട്ടില്ല. ഇതു നബി(സ)യുടെ പേരില്‍ ഇവര്‍ പറയുന്ന കല്ലുവെച്ച നുണയാണ്‌. നബി(സ) അരുളിയത്‌ ഈമാനിന്‌ എഴുപതില്‍ പരം അല്ലെങ്കില്‍ അറുപതില്‍ പരം ശാഖകളുണ്ട്‌. അതില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ ലാഇലാഹ ഇല്ലല്ലാഹു എന്നതും ഏറ്റവും താഴെയുള്ളത്‌ വഴിയില്‍ നിന്ന്‌ ഉപദ്രവത്തെ നീക്കലുമാണെന്നാണ്‌ (ബുഖാരി, മുസ്‌ലിം) തൗഹീദുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ അവരുടെ തൗഹീദിലെ ന്യൂനതയായി അതിനെ പരിഗണിക്കണമെന്ന്‌ പോലും ഇപ്പോള്‍ ഇവര്‍ എഴുതുന്നതാണ്‌ നാം മുകളില്‍ ഉദ്ധരിച്ചത്‌. ഇതു ഇഖ്‌വാനികളുടെ വാരികയില്‍ വന്ന ലേഖനമല്ല. പ്രത്യുത പ്രസ്ഥാനത്തെ പിളര്‍ത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച നവയാഥാസ്ഥിതികരുടെ സംഘടന പ്രസദ്ധീകരിക്കുന്ന വാരികയില്‍ വന്ന ലേഖനമാണ്‌. പിളര്‍ത്തുവാന്‍ വേണ്ടി ഇവര്‍ പറഞ്ഞിരുന്ന വാദങ്ങളും ജല്‌പനങ്ങളും -അവയില്‍ ചിലതുമാത്രം- താഴെ ഉദ്ധരിക്കുന്നു.

1. ``ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ഫലത്തില്‍ തൗഹീദി പ്രബോധനത്തെ വിപരീതമായിട്ടാണ്‌ ബാധിക്കുന്നത്‌. തൗഹീദ്‌ പ്രബോധനത്തിനു ചെലവഴിക്കേണ്ട ഊര്‍ജവും സമയവും സമ്പത്തും മറ്റു മാര്‍ഗങ്ങളിലേക്കാണ്‌ തിരിച്ചുവിടുന്നത്‌'' (അബ്‌ദുര്‍റഹ്‌മാന്‍ സലഫി, സുബൈര്‍ മങ്കട, ഹനീഫ കായക്കൊടി, കെ കെ സകരിയ്യ, ഉണ്ണിന്‍ കുട്ടി മൗലവി, എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവി, എം എം മദനി മുതലായവര്‍ അവതരിപ്പിച്ച രണ്ടാം പ്രബന്ധം: പേജ്‌ 10, ഖണ്‌ഡിക 3). ഇപ്പോള്‍ ഇവര്‍ പറയുന്നത്‌ തൗഹീദിന്‌ നിരവധി ശാഖകളുണ്ടെന്നും വഴി തടസ്സം നീക്കം ചെയ്യല്‍ പോലും അതിന്റെ ശാഖയാണെന്നുമാണ്‌.

2. ``ഈമാന്‍ നിറഞ്ഞു തുളുമ്പുന്നവര്‍ റോഡ്‌ നിര്‍മിക്കുവാന്‍ വേണ്ടി ശ്രമദാനം നടത്തുകയില്ല'' (നിഅ്‌മത്തുള്ള ഫാറൂഖിയുടെ പ്രസംഗത്തില്‍ നിന്ന്‌. കാസറ്റ്‌ കൈശവമുണ്ട്‌). ഇപ്പോള്‍ ഇവര്‍ പറയുന്നത്‌ റോഡ്‌ നിര്‍മിക്കല്‍ തൗഹീദിന്റെ ശാഖയാണ്‌ എന്നാണ്‌. വഴിയില്‍ തടസ്സം സൃഷ്‌ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ തൗഹീദിന്റെ അനുയായിയാകാന്‍ സാധിക്കുകയില്ല എന്നാണ്‌ (വിചിന്തനം, 2011 ജൂണ്‍ 3, പേജ്‌ 12, കോളം 5)

3. ``തൗഹീദ്‌ പ്രബോധനം ചെയ്യുവാന്‍ വേണ്ടി നാം സാമൂഹ്യ ക്ഷേമപ്രവര്‍ത്തനം കുറച്ചുകാലത്തേക്ക്‌ നിര്‍ബന്ധമായും നിര്‍ത്തിവെക്കണം. ഇതു മുജാഹിദുകളോട്‌ നിര്‍ബന്ധമായും പറയേണ്ട ഒരു കാര്യമാണ്‌ (മുകളില്‍ വിവരിച്ച രണ്ടാം പ്രബന്ധം: പേജ്‌ 8). പണ്ഡിത ചര്‍ച്ചയില്‍ പോലും ഇവര്‍ അവതരിപ്പിച്ച ഈ വാദത്തെ പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ ഉദ്ദേശിച്ച താല്‌പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിച്ച ശേഷം ഇവര്‍ എഴുതുന്നത്‌ തൗഹീദിന്‌ നിരവധി ശാഖകളുണ്ടെന്നും സാമൂഹ്യക്ഷേമപ്രവര്‍ത്തനം തൗഹീദിന്റെ ശാഖയാണെന്നും നബി(സ) തന്നെ ഇപ്രകാരം പ്രസ്‌താവിച്ചിട്ടുണ്ടെന്നുമാണ്‌. സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തെ നിര്‍ത്തി വെക്കുന്നവര്‍ക്ക്‌ തൗഹീദിന്റെ അനുയായികളാകുവാന്‍ സാധിക്കില്ലെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു (വിചിന്തനം: 2011 ജൂണ്‍ 3, പേജ്‌ 12).

4. തൗഹീദ്‌ പ്രബോധനം ചെയ്യുവാന്‍ യത്തീംഖാനയുടെ പ്രവര്‍ത്തനം കുറച്ചുകാലത്തേക്ക്‌ നാം നിര്‍ബന്ധമായും നിര്‍ത്തിവെക്കണം. ഇതിന്‌ സമൂഹത്തോട്‌ നിര്‍ബന്ധമായും പറയണം (രണ്ടാം പ്രബന്ധം, പേജ്‌ 8). ഇപ്പോള്‍ ഇവര്‍ എഴുതുന്നത്‌ യതീംസംരക്ഷണം തൗഹീദിന്റെ വിവിധ ശാഖകളില്‍ പെട്ട ഒരു ശാഖ തന്നെയാണെന്നാണ്‌. വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ തൗഹീദിന്റെ ശാഖയാണെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അനാഥകളെ സംരക്ഷിക്കല്‍ ശാഖയാണെന്ന്‌ പറഞ്ഞിട്ടില്ല എന്നതായിരിക്കുമോ ഇവരുടെ പുതിയ ഇജ്‌തിഹാദ്‌? ഈ വിഭാഗം എന്തും പറയുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യും.

5. തൗഹീദ്‌ പ്രബോധനം ചെയ്യുവാന്‍ വേണ്ടി വിദ്യാഭ്യാസ പ്രവര്‍ത്തനം നാം കുറച്ച്‌ കാലത്തേക്ക്‌ നിര്‍ബന്ധമായും നിര്‍ത്തിവെക്കണം. ഈ സമുദായത്തോട്‌ നിര്‍ബന്ധമായും പറയണം (പ്രസ്ഥാനത്തെ പിളര്‍ത്തുവാന്‍ വേണ്ടി നവയാഥാസ്ഥിതികര്‍ അവതരിപ്പിച്ച രണ്ടാം പ്രബന്ധം, പേജ്‌ 8, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ദഅ്‌വത്തും എന്ന അധ്യായം)
വഴിതടസ്സം നീക്കല്‍ തൗഹീദിന്റെ ശാഖയാണ്‌. വിദ്യാഭ്യാസ പ്രവര്‍ത്തനം ശാഖയല്ല. ഇപ്രകാരമായിരിക്കുമോ ഇവരുടെ പുതിയ സലഫീ മാര്‍ഗം?

6. തൗഹീദ്‌ പ്രബോധനം ചെയ്യുവാന്‍ ഖുര്‍ആന്‍ പഠനം കുറച്ചുകാലത്തേക്ക്‌ നാം നിര്‍ബന്ധമായും നിര്‍ത്തിവെക്കണം. ഈ വാദം പ്രസക്തമാണ്‌. നിര്‍ബന്ധമായും മുജാഹിദുകളോട്‌ പറയണ്ടേണ്ട ഒരു കാര്യമാണിത്‌ (രണ്ടാം പ്രബന്ധം, പേജ്‌ 8). വഴി തടസ്സം നീക്കം ചെയ്യല്‍ തൗഹീദിന്റെ ശാഖയാണെന്ന്‌ നബി(സ) പ്രഖ്യാപിച്ചിട്ടുണ്ട്‌. ഖുര്‍ആന്‍ പഠനം തൗഹീദിന്റെ ശാഖയാണെന്ന്‌ നബി(സ) പ്രഖ്യാപിച്ചിട്ടില്ല. ഇപ്രകാരവും ഇവര്‍ ജല്‌പിച്ചേക്കാം. ശിര്‍ക്കും ബിദ്‌അത്തും ചെയ്യുന്നവരെയും തെമ്മാടികളെയും താടിയില്ലാത്ത തങ്ങന്‍മാരെയും തുടര്‍ന്ന്‌ നമസ്‌കരിക്കാമെന്ന്‌ ഇവരുടെ പണ്ഡിത സംഘടന അല്‍മനാറില്‍ എഴുതി. എന്നിട്ടും താടിയില്ലാത്ത മുജാഹിദുകളെ തുടര്‍ന്നു നമസ്‌കരിക്കുവാന്‍ പാടില്ലെന്ന്‌ പ്രസംഗിച്ചുനടക്കുന്ന ഈ വിഭാഗം ഇപ്രകാരവും വാദിച്ചേക്കാം.

7. വിശ്വാസ സംസ്‌കരണത്തിനും സാമൂഹ്യ മാറ്റത്തിനും ഇറങ്ങിത്തിരിച്ചവര്‍ മരം നടല്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയില്ല (രണ്ടാം പ്രബന്ധം, പേജ്‌ 19, ഇഖ്‌വാനിസവും മരംനടലും എന്ന അധ്യായം). ഇപ്പോള്‍ ഇവര്‍ പറയുന്നത്‌ തൗഹീദിന്‌ നിരവധി ശാഖകളുണ്ടെന്നും വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ പോലും അതിന്റെ ശാഖയാണെന്നുമാണ്‌. ഇഖ്‌വാനിസത്തിന്‌ നിരവധി ശാഖകളുണ്ട്‌. മരം നടല്‍, വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ മുതലായവ അതിന്റെ ശാഖയാണെന്നല്ല.

8. നബിമാര്‍ വീടുവേണോ? മരുന്നുവേണോ? എന്നു പറഞ്ഞു വന്നിട്ടില്ല (മുജാഹിദ്‌ ബാലുശ്ശേരി) മാര്‍ഗതടസ്സം സൃഷ്‌ടിക്കുന്ന നിസ്സാര പ്രവര്‍ത്തനങ്ങളില്‍ പോലും തൗഹീദിന്റെ അനുയായികള്‍ക്ക്‌ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്ന്‌ വിവക്ഷ (വിചിന്തരനം 2011, ജൂണ്‍ 3, പേജ്‌ 12). രോഗികള്‍ക്ക്‌ മരുന്നു വാങ്ങിക്കൊടുക്കുന്നതിനെയും തമാസിക്കുവാന്‍ വീട്‌ ഇല്ലാത്തവര്‍ക്ക്‌ വീട്‌ ഉണ്ടാക്കിക്കൊടുത്തതിനെയും അല്ലാഹുവിന്റെ പള്ളികളില്‍ വെച്ചുപോലും ഇപ്രകാരം പ്രസംഗിച്ച്‌ ജനങ്ങളെ പിന്‍തിരിപ്പിക്കുവാന്‍ തൗഹീദിന്റെ അനുയായികള്‍ക്ക്‌ സാധിക്കുമെന്നാണോ ഇവര്‍ പറയുന്നത്‌? തൗഹീദിന്റെ ഈ ശാഖയെ ഒഴിവാക്കിക്കൊണ്ടാണോ നബിമാര്‍ തൗഹീദ്‌ പ്രബോധനം ചെയ്‌തത്‌? വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ തൗഹീദിന്റെ ശാഖയാണെന്നാണ്‌ ഞങ്ങള്‍ ഞങ്ങളുടെ വാരികയില്‍ എഴുതിയത്‌ രോഗികള്‍ക്ക്‌ മരുന്നു വാങ്ങിക്കൊടുക്കലും വീട്‌ നിര്‍മിച്ചുകൊടുക്കലും തൗഹീദിന്റെ നിരവധി ശാഖകളില്‍ പെട്ടതാണെന്ന്‌ ഞങ്ങള്‍ എഴുതിയിട്ടില്ല എന്നതായിരിക്കുമോ ഇവരുടെ മറുപടി?

9. നമ്മളില്ലെങ്കില്‍ മുടങ്ങിപ്പോകുന്നത്‌: തൗഹീദ്‌ പ്രബോധനം. നമ്മളില്ലെങ്കിലും നടക്കാവുന്നത്‌: ക്ഷേമ പ്രവര്‍ത്തനം (വിചിന്തനം, 2002 ജനുവരി 1, ദഅ്‌വത്തും റിലീഫ്‌ പ്രവര്‍ത്തനവും എന്ന ലേഖനം, പേജ്‌ 3)
ഇപ്രകാരം ആപ്‌തവാക്യം എഴുതിയവര്‍ ഇതേ വാരികയില്‍ തന്നെ ഇപ്പോള്‍ എഴുതുന്നത്‌ ക്ഷേമ പ്രവര്‍ത്തനം തൗഹീദിന്റെ നിരവധി ശാഖകളില്‍ ഒരു ശാഖ തന്നെയാണെന്നാണ്‌. തൗഹീദീന്‌ മൂന്ന്‌ ശാഖ മാത്രമാണുള്ളതെന്ന്‌ വാദിച്ചവര്‍ ഇപ്പോള്‍ നിരവധി ശാഖയുണ്ടെന്നാണ്‌ ജല്‌പിക്കുന്നത്‌. ഇവരുടെ തൗഹീദ്‌ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഒരു സാധനമാണ്‌.

10. തൗഹീദ്‌ പ്രബോധനം ഖണ്ഡുനമുക്തമാക്കി അതിനുപകരം വേണ്ടതല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ (ഇതേവാരിക). ഇപ്പോള്‍ ഇവര്‍ പറയുന്നത്‌ ക്ഷേമ പ്രവര്‍ത്തനം തൗഹീദിന്റെ തന്നെ നിരവധി ശാഖകളില്‍ ഒരു ശാഖയാണെന്നാണ്‌.

11. ക്ഷേമ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിച്ചതിനാല്‍ തൗഹീദി പ്രബോധന മേഖലയിലേക്ക്‌ അവരുടെ (യുവാക്കന്‍മാരുടെ) ഊര്‍ജം പഴയ അളവില്‍ ലഭിക്കാതെ പോയി (അതേ വാരിക). സംഘടനയെ പിളര്‍ത്തി തങ്ങളുടെ ഭൗതിക താല്‌പര്യങ്ങള്‍ ശരിക്കും സംരക്ഷിക്കപ്പട്ടപ്പോള്‍ ഇതേ വാരികയില്‍ ഇപ്പോള്‍ എഴുതുന്നത്‌ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തൗഹീദിന്റെ തന്നെ ശാഖയാണ്‌ എന്നാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews