ബുഖാരിയെ തഖ്‌ലീദ്‌ ചെയ്യണമോ?

മുസ്‌ലിം

വിശുദ്ധ ഖുര്‍ആനിലെ 33:21 സൂക്ത പ്രകാരം ഓരോ സത്യവിശ്വാസിയും നബി(സ)യുടെ ഉത്തമമായ ജീവിതമാതൃക പിന്തുടരാന്‍ ബാധ്യസ്ഥനാണ്‌. വിശുദ്ധ ഖുര്‍ആന്‍ പ്രകീര്‍ത്തിച്ചിട്ടുള്ള സ്വഹാബികളും തൊട്ടടുത്ത തലമുറയിലെ മുസ്‌ലിംകളും പ്രവാചക ചര്യ അനുധാവനം ചെയ്‌തത്‌ ഏതെങ്കിലും ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സ്വഹാബികളില്‍ പലരും നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നേരില്‍ കേട്ടവരും അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ നേരില്‍ കണ്ടവരുമായിരുന്നു. സച്ചരിതരായ ഖലീഫമാര്‍ ഉള്‍പ്പെടെയുള്ള സ്വഹാബികളില്‍ നിന്ന്‌ നബിചര്യയെക്കുറിച്ച്‌ ആധികാരികമായ അറിവ്‌ ലഭിച്ചവരായിരുന്നു താബിഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തൊട്ടടുത്ത തലമുറക്കാര്‍. അവരില്‍ പലരും സ്വഹാബികളില്‍ നിന്ന്‌ കേട്ട നബിവചനങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്‌തിരുന്നു. ഇരുവരുടെയും അടുത്ത തലമുറയുടെയും കാലത്താണ്‌ ചില തല്‌പരകക്ഷികള്‍ വ്യാജഹദീസുകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്‌.....


ആ ദുഷ്‌പ്രവണതക്കെതിരില്‍ ജാഗ്രത പുലര്‍ത്തുകയും യഥാര്‍ഥ നബിചര്യ കലര്‍പ്പില്ലാത്ത വിധത്തില്‍ സമൂഹത്തിന്റെ മുമ്പാകെ വെക്കുകയും ചെയ്യേണ്ടത്‌ ആ കാലഘട്ടത്തിലെ ഒരു സുപ്രധാന ദീനി ആവശ്യമായിത്തീര്‍ന്നു. അങ്ങനെയാണ്‌ നാലോ അഞ്ചോ തലമുറകളിലെ ആയിരക്കണക്കില്‍ പണ്ഡിതന്മാര്‍ നബിചര്യ സംബന്ധിച്ച വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച്‌ ക്രോഡീകരിക്കുന്നതില്‍ മുഴുകിയത്‌. മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു മഹായജ്ഞമായിരുന്നു അത്‌. ലോകത്ത്‌ മറ്റൊരു ചരിത്രപുരുഷന്റെയും വാക്കുകളും പ്രവൃത്തികളും തികച്ചും സത്യസന്ധമായി രേഖപ്പെടുത്തി വെക്കാന്‍ വേണ്ടി ഇതുപോലൊരു ഊര്‍ജിത ശ്രമം നടന്നിട്ടില്ല. പ്രവാചകന്‍(സ) മുതല്‍ ബുഖാരിയെ പോലൊരു ഹദീസ്‌ ഗ്രന്ഥകാരന്‍ വരെ അഞ്ചോ ആറോ റിപ്പോര്‍ട്ടര്‍മാരിലൂടെയാണ്‌ ഹദീസ്‌ എത്തിക്കേണ്ടത്‌. ഇവരുടെയെല്ലാം പേരുകള്‍ ഹദീസിന്റെ കൂടെ ചേര്‍ത്താണ്‌ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. റിപ്പോര്‍ട്ടര്‍മാരുടെ ഈ പരമ്പരയ്‌ക്ക്‌ സനദ്‌ എന്ന്‌ പറയുന്നു. ആയിരക്കണക്കില്‍ ഹദീസുകളുടെ സനദുകളില്‍ പതിനായിരക്കണക്കില്‍ റിപ്പോര്‍ട്ടര്‍മാരുണ്ടാകും. അവരുടെയെല്ലാം യോഗ്യതകളും അയോഗ്യതകളും പരിശോധിച്ചാണ്‌ പ്രാമാണികവും അല്ലാത്തതുമായ സനദുകള്‍ വേര്‍തിരിച്ചത്‌. പ്രാമാണികമായ സനദുള്ള ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത്‌ ക്രോഡീകരിക്കുന്നതില്‍ അതീവ സൂക്ഷ്‌മത പുലര്‍ത്തിയ ഹദീസ്‌ പണ്ഡിതന്മാരില്‍ ഏറ്റവും പ്രമുഖന്‍ എന്നതാണ്‌ ഇമാം ബുഖാരിയുടെ സ്ഥാനം. അതുകൊണ്ടാണ്‌ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികതയുള്ള ഗ്രന്ഥം പ്രാമാണികമായ ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത്‌ ഇമാം ബുഖാരി ക്രോഡീകരിച്ച സഹീഹുല്‍ ബുഖാരിയാണെന്ന്‌ ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ പ്രവാചകന്മാരെപ്പോലെ ഒട്ടും തെറ്റുപറ്റാത്ത വ്യക്തിയാണ്‌ ഇമാം ബുഖാരിയെന്ന്‌ പ്രാമാണികരായ പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല. അനേകായിരം സനദുകളിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഓരോരുത്തരുടെയും വിശ്വാസ്യത വിലയിരുത്തുന്നതില്‍ അദ്ദേഹത്തിന്‌ വളരെ അപൂര്‍വമായെങ്കിലും തെറ്റുപറ്റാനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനാവില്ല. സഹീഹുല്‍ ബുഖാരിക്ക്‌ വ്യാഖ്യാനമെഴുതിയവരില്‍ പ്രമുഖനായ ഇബ്‌നുഹജര്‍ അസ്‌ഖലാനി ഫത്‌ഹുല്‍ ബാരി എന്ന വ്യാഖ്യാന ഗ്രന്ഥത്തിന്റെ മുഖവുരയില്‍, സഹീഹുല്‍ ബുഖാരിയിലെ ഏതാനും സനദുകളെ ഇമാം ദാറഖുത്വ്‌നി വിമര്‍ശനവിധേയാക്കിയ വിഷയം വിശകലനം ചെയ്‌തിട്ടുണ്ട്‌. ദാറഖുത്വ്‌നി ഉന്നയിച്ച മിക്ക പ്രശ്‌നങ്ങളും ഹദീസിന്റെ വിശ്വാസ്യതയെ ബാധിക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്ന്‌ ഇബ്‌നുഹജര്‍ സമര്‍ഥിച്ചിട്ടുണ്ട്‌. ചൂണ്ടിക്കാണിക്കപ്പെട്ട ചില ന്യൂനതകള്‍ അവഗണിക്കാന്‍ പറ്റാത്തതാണെന്ന്‌ ഇബ്‌നുഹജര്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌. ഹദീസ്‌ നിദാനശാസ്‌ത്ര സംബന്ധമായ ചില വിഷയങ്ങള്‍ വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുള്ളവയാണ്‌.

സഹീഹുല്‍ ബുഖാരിയിലെ 500 ലധികം ഹദീസുകളില്‍ നിന്ന്‌ നൂറോളം സനദുകള്‍ മാത്രമാണ്‌ ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ വിമര്‍ശന വിധേയമാക്കിയിട്ടുള്ളത്‌. ഇത്‌ ആ മഹാഗ്രന്ഥത്തിന്റെ പ്രാമാണികതയ്‌ക്ക്‌ മങ്ങലേല്‌പിക്കുന്ന കാര്യമല്ല. ഏതായാലും സഹീഹുല്‍ ബുഖാരിയിലെ ഏതാനും സനദുകളെ വിമര്‍ശന വിധേയമാക്കിയ പൂര്‍വിക പണ്ഡിതന്മാരെ ആരും ഹദീസ്‌ നിഷേധികളായി ചിത്രീകരിച്ചിട്ടില്ല.

തഖ്‌ലീദ്‌ എന്നാല്‍ നബി(സ)ക്ക്‌ ശേഷമുള്ള ഏതെങ്കിലുമൊരാളുടെ അഭിപ്രായം തെളിവുനോക്കാതെ അംഗീകരിക്കലാണ്‌. വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെ നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ തെളിവായി സ്വീകരിക്കുക എന്നത്‌ തഖ്‌ലീദിന്റെ വകുപ്പില്‍ പെട്ടതല്ല. എന്നാല്‍ ഹദീസ്‌ പണ്ഡിതന്‍ ഹദീസിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തം നിലയില്‍ വല്ല കാര്യത്തെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ തെളിവ്‌ നോക്കാതെ അത്‌ പിന്തുടരുന്നത്‌ തഖ്‌ലീദിന്റെ വകുപ്പിലാണ്‌ ഉള്‍പ്പെടുക.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews