മതഭക്തിയുടെ വേഷത്തില്‍ മതതീവ്രവാദം

അബ്ദുസ്സലാം സുല്ലമി

അതിരുവിട്ടാല്‍ മതഭക്തിയും ആപത്താണ്‌. അത്‌ ശര്‍അ്‌ അഌവദിച്ച കാര്യങ്ങള്‍ നിഷിദ്ധമാക്കുന്നു. മതത്തിന്റെ വിശാലതയെ ഹനിക്കുന്നു. പ്രമാണങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കുന്നു. പ്രാബല്യമില്ലാത്ത തെളിവുകള്‍ സ്വീകരിക്കുന്നതിനെ ന്യായീകരിക്കുന്നു. സര്‍വോപരി ഇസ്‌ലാമിനെപ്പറ്റി ആധുനികലോകത്ത്‌ തെറ്റിദ്ധാരണപരത്തുന്നു- ഈ വിഷയം ഉദാഹരണസഹിതം വിവരിക്കുകയാണ്‌.


1. ഇസ്‌ലാമിലെ നിയമങ്ങള്‍ ഇസ്‌ലാം ദൈവികമതമാണ്‌. മഌഷ്യന്റെ കഴിവിന്റെ പരിധികളും അവന്റെ പ്രകൃതി സ്വഭാവവും ശരിക്കും അറിയുകയും അവയെ സൃഷ്‌ടിക്കുകയും ചെയ്‌ത അദൃശ്യശക്തിയുടെ മതമാണ്‌. അതിനാല്‍ ദൈവം ക്വുര്‍ആനിലൂടെ അവന്റെ മതത്തെ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെ: ""നിങ്ങള്‍ക്കു ഭാരം കുറച്ചുതരണമെന്ന്‌(ഇസ്‌ലാം മതത്തിലൂടെ) അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ട്‌ മഌഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു''(4:28). ""മതത്തില്‍ യാതൊരു പ്രയാസവും നിങ്ങള്‍ക്ക്‌ അവന്‍ ഉണ്ടാക്കിയിട്ടില്ല''. (22.78)

മതം മഌഷ്യര്‍ക്ക്‌ പ്രയാസരഹിതമാകുവാന്‍ വേണ്ടി ഇസ്‌ലാം മതനിയങ്ങളെ അഞ്ചായി വേര്‍തിരിക്കുന്നു. ഇത്‌ കേവലം കര്‍മശാസ്‌ത്രപണ്ഡിതരുടെ സ്വേച്ഛയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ഒരു അനാചാരമല്ല. പ്രത്യുത, വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും പ്രവര്‍ത്തനത്തിന്റെ വ്യക്തമായ ശൈലിയില്‍ നിന്നും ഇവ രണ്ടും അടിസ്ഥാനമാക്കി അവര്‍ ആവിഷ്‌കരിച്ച ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചതാണ്‌. പേരില്‍ വ്യത്യാസങ്ങള്‍ കാണാമെങ്കിലും തത്വത്തില്‍ മുസ്‌ലിംലോകം ഇതില്‍ ഏകാഭിപ്രായക്കാരാണ്‌. തീവ്രവാദികള്‍ അന്നും ഇന്നും ഇതില്‍ വിയോജിച്ചേക്കാമെങ്കിലും അവ താഴെ വിവരിക്കുന്നു.

നിര്‍ബന്ധം: വാജിബ്‌, ഫര്‍ദ്വ്‌, റുക്‌ന്‌ എന്നെല്ലാം ഇതിന്‌ സാങ്കേതികമായി പറയപ്പെടുന്നു. പദപ്രയോഗത്തില്‍ പണ്ഡിതര്‍ക്കിടയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു പ്രതിഫലം നല്‍കുകയും ഉപേക്ഷിച്ചാല്‍ ശിക്ഷിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കാണ്‌ ഇപ്രകാരം പറയുക എന്ന്‌ തത്വത്തില്‍ അവരെല്ലാം ഐക്യപ്പെടുന്നു. ഇവ ഉപേക്ഷിച്ചാല്‍, ഒരാള്‍ വിമര്‍ശനത്തിഌം അവകാശപ്പെടുന്നവനാണ്‌. സാമൂഹ്യബാധ്യത, വ്യക്തി ബാധ്യത എന്ന അടിസ്ഥാനത്തിലും ഇസ്‌ലാം ഇതിനെ വിഭജിക്കുന്നു. സാമൂഹ്യബാധ്യത എന്നതുകൊണ്ട്‌ ഇസ്‌ലാം വിവക്ഷിക്കുന്നത്‌ സമൂഹത്തില്‍ ആരെങ്കിലും അത്‌ നിര്‍വഹിക്കണം .എല്ലാവരും അത്‌ നിര്‍വഹിക്കുവാന്‍ കഴിവുള്ളവരാണെങ്കില്‍പോലും നിര്‍വഹിക്കേണ്ടതില്ല. ആരും നിര്‍വഹിക്കാത്തപക്ഷം എല്ലാവരും കുറ്റക്കാരാകുന്നതാണ്‌. പ്രതിഫലം അത്‌ നിര്‍വഹിച്ചവന്ന്‌ മാത്രമേ ലഭിക്കുകയുള്ളൂ. ഉദാ: യുദ്ധം. യുദ്ധത്തില്‍ നിന്ന്‌ പിന്‍മാറി നില്‍ക്കുക കപടവിശ്വാസികളാണെന്നും യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ക്ക്‌ നരകാഗ്നിയുടെ ശിക്ഷയുണ്ടെന്നും വിശുദ്ധ ക്വുര്‍ആന്‍ (9: 81) സൂക്ത ങ്ങളില്‍ പറയുന്നുണ്ടെങ്കില്‍ വിശുദ്ധ ക്വുര്‍ആന്‍ മറ്റു സൂക്തങ്ങളെകൂടി പരിഗണിക്കുകയാണെങ്കില്‍ (9:122) സായുധസമരം(യുദ്ധം) സാമൂഹ്യ ബാധ്യതയാണെന്നും വ്യക്തി ബാധ്യതയല്ലെന്നും ബോധ്യപ്പെടുന്നതാണ്‌.

ജുമുഅ: വ്യക്തിബാധ്യതയാണ്‌. എന്നാല്‍ അഞ്ചുനേരത്തെ നമസ്‌കാരം ജമാഅത്തായി പള്ളിയില്‍വെച്ച്‌ നിര്‍വഹിക്കലും അല്ലാത്ത സ്ഥലത്തുവെച്ച്‌ നിര്‍വഹിക്കലും മദ്‌ഹബിന്റെ ഇമാമുകളില്‍ ഭൂരിപക്ഷവും മറ്റു മുസ്‌ലിം പണ്ഡിതരില്‍ ഭൂരിപക്ഷവും സാമൂഹ്യബാധ്യത(ഫര്‍ദ്വു കിഫാ)യാണെന്ന്‌ അഭിപ്രായപ്പെടുന്നു. ഇമാം ശാഫിഈ(റ)യും ഈ മദ്‌ഹബിലെ ഭൂരിപക്ഷം പണ്ഡിതരും പ്രബലമായ സുന്നത്ത്‌ മാത്രമാണെന്ന്‌ പറയുന്നു. ചില ഹദീസുകളെ മാത്രം സ്വീകരിക്കുകയും ചില ഹദീസുകളെ അവഗണിക്കുകയും ചെയ്യാതെ ഈ വിഷയത്തില്‍ വന്ന സര്‍വ ഹദീസുകളെയും നാം സ്വീകരിക്കുകായണെങ്കില്‍ ജമാഅത്ത്‌ നമസ്‌കാരം വ്യക്തിബാധ്യതയാണെന്നോ സാമൂഹ്യബാധ്യതയാണെന്നോ നമസ്‌കാരം സ്വീകരിക്കപ്പെടാഌള്ള നിബന്ധനയാണെന്നോ പറയല്‍ ശരിയല്ലെന്നും പ്രബലമായ സുന്നത്ത്‌ മാത്രമാണെന്നും ഇമാം ശൗക്കാനി(റ) പ്രഖ്യാപിക്കുന്നു. (നൈലൂല്‍ ഔത്വാര്‍ 3-158).

രണ്ട്‌ ഗ്രഹണ നമസ്‌കാരങ്ങള്‍, പെരുന്നാള്‍ നമസ്‌കാരങ്ങള്‍, മയ്യിത്ത്‌ നമസ്‌കാരവും മയ്യിത്തിനെ കുളിപ്പിക്കലും ക്വബ്‌റടക്കലും, ആശുപത്രികള്‍ നിര്‍മിക്കലും മതം പഠിക്കുവാന്‍ കുട്ടികളെ അയക്കലും എല്ലാം വ്യക്തി ബാധ്യതയാണെന്ന അഭിപ്രായത്തെക്കാള്‍ പ്രബലമായത്‌ സാമൂഹ്യ ബാധ്യതയാണെന്ന അഭിപ്രായത്തിന്നാണ്‌. ചിലര്‍ ഇവയെല്ലാം പ്രബലമായ സുന്നത്ത്‌ മാത്രമാണെന്നും അഭിപ്രായപ്പെടുന്നു. സാമൂഹ്യബാധ്യതയെക്കാള്‍ ശക്തി കുറഞ്ഞതാണ്‌ സുന്നത്തും പ്രബലമായ സുന്നത്തും. വ്യക്തി ബാധ്യതയായ നിര്‍ബന്ധങ്ങളില്‍ തന്നെ മഌഷ്യരുടെ കഴിവും ചുറ്റുപാടും സാഹചര്യവും അഌസരിച്ച്‌ ഇസ്‌ലാം ഇളവുകള്‍ അഌവദിക്കുന്നുണ്ട്‌. ഇതുപോലെ പല കാര്യങ്ങള്‍ നിര്‍ബന്ധമാക്കി അവയില്‍ ഇഷ്‌ടമുള്ളത്‌ തെരഞ്ഞെടുക്കുവാന്‍ സ്വാതന്ത്യ്രമുള്ള നിര്‍ബന്ധങ്ങളുണ്ട്‌. താല്‍ക്കാലികമായ നിര്‍ബന്ധങ്ങളുമുണ്ട്‌. അമ്പെയ്‌തു പഠിക്കുവാഌം കൊമ്പ്‌ വയ്‌ക്കുവാഌം പളളിയില്‍ തുപ്പിയാല്‍ അത്‌ അവിടെ തന്നെ കുഴിച്ചുമടുവാഌം മറ്റും നബി(സ്വ) കല്‌പിച്ചതുപോലെ. അത്‌ അത്തൗഹീദ്‌ മാസികയില്‍ മുമ്പ്‌ നാം വിശദമായി വിവരിച്ചിട്ടുണ്ട്‌. അപ്പോള്‍ ഇതൊന്നും മനസ്സിലാകാതെ അറബി ഭാഷയിലെ കല്‌പനക്രിയ(അംറ്‌) കാണുമ്പോള്‍ അതില്‍ പറഞ്ഞ സംഗതിയെല്ലാം വ്യക്തിബാധ്യതയും മതത്തിന്റെ ശാശ്വത നിയമവുമായി കാണുന്നത്‌ തീവ്രവാദത്തിന്റെ ഒരു ശൈലിയാണ്‌, ഭയഭക്തിയല്ല.

നിഷിദ്ധം(ഹറാം): നാം പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടുകയും ഉപേക്ഷിച്ചാല്‍ പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന സംഗതികള്‍ക്കാണ്‌ ഹറാം (നിഷിദ്ധം) എന്ന്‌ പറയുന്നത്‌. നിര്‍ബന്ധമായ അവസ്ഥയില്‍ ഹറാമുകളെ അഌവദനീയമാക്കല്‍ ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന തത്വമാണ്‌. ഹറാമുകളില്‍ ചിലത്‌ താല്‍ക്കാലികമായവയും ഉണ്ടായിരിക്കും. മതം എന്ന നിലയ്‌ക്ക്‌ അല്ലാതെ കേവലം ഭൗതികം എന്ന നിലയ്‌ക്ക്‌ നിര്‍ബന്ധമാക്കിയവയും ഹറാമാക്കിയവും ഉണ്ടാകും. ഗഹനമായ പഠനത്തിലൂടെ മാത്രമേ ഇവയെല്ലാം വേര്‍തിരിക്കുവാന്‍ സാധിക്കുകയുള്ളൂ. തീവ്രവാദികള്‍ ഇതിനൊന്നും ശ്രമിക്കുകയില്ല. എല്ലാറ്റിഌം ഹറാം എന്ന്‌ പറഞ്ഞ്‌ അധ്വാനം കുറക്കും. ഹറാമിന്‌ മഹ്‌ളൂറ്‌, ന്‍ഹിയ്യ്‌ എന്നും പറയും.

സുന്നത്ത്‌ (ഐച്ഛികം): കല്‌പനക്രിയയിലൂടെവന്ന സംഗതികളില്‍ നാം പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ലഭിക്കുന്നവയും ഉപേക്ഷിച്ചാല്‍ ശിക്ഷ ലഭിക്കാത്തവയും ഉണ്ടായിരിക്കും. ഇതിന്‌ മുസ്‌ലിം കര്‍മശാസ്‌ത്ര പണ്ഡിതര്‍ സുന്നത്ത്‌ എന്ന്‌ പറയുന്നു. പ്രവാചകന്റെ പ്രവൃത്തി, വചനം, വാക്ക്‌ മുതലായവ സംഗ്രഹിച്ചു പറയുന്ന നിര്‍വചനമാണിത്‌.

എ) പ്രവാചകന്റെ വചനം: മതം എന്ന നിലയ്‌ക്ക്‌ നബി(സ്വ) പറയുന്നവ സുന്നത്തിന്റെ പരിധിയില്‍വരും. ഇവയില്‍ ചിലത്‌ താല്‌ക്കാലികമായവയുമായിരിക്കും. പ്രബലമായവയും അല്ലാത്തതും ഉണ്ടായിരിക്കും. തീവ്രവാദികളെ സംബന്ധിച്ച്‌ ഇതൊന്നും ഉണ്ടാവുകയില്ല. നിര്‍ബന്ധം മാത്രമായിരിക്കും അവരുടെ മതവിധിയില്‍ കാണുക. ഒരാള്‍ ഇവ വര്‍ജിച്ചതുകൊണ്ട്‌ അല്ലാഹു ശക്ഷിക്കാതിരിക്കുമ്പോള്‍ സൃഷ്‌ടികള്‍ക്ക്‌ അവനെ വിമര്‍ശിക്കുവാനോ ശിക്ഷിക്കുവാനോ അവകാശമില്ല. നിര്‍ബന്ധമായവ മാത്രമേ ഞാന്‍ അഌഷ്‌ഠിക്കുകയുള്ളൂ. യാതൊരു സുന്നത്തും ഞാന്‍ അഌഷ്‌ഠിക്കുകയില്ലെന്ന്‌ പ്രവാചകന്റെ മുഖത്ത്‌ നോക്കി പറഞ്ഞ മഌഷ്യനെപറ്റി നബി(സ്വ) പ്രഖ്യാപിച്ചത്‌ അവന്‍ അപ്രകാരം ചെയ്‌താല്‍ സ്വര്‍ഗത്തിലാണെന്നാണ്‌ (ബുഖാരി) പണ്ഡിതര്‍ സുന്നത്തിന്‌ മുസ്‌തഹബ്ബ്‌, നഫല്‌, മന്‍ദൂബ്‌, തത്വവ്വുഅ്‌ മുതലായ പേരുകളും പറയാറുണ്ട്‌.

ബി). നബിയുടെ പ്രവൃത്തി: മതം എന്ന നിലയ്‌ക്ക്‌ നബി(സ്വ) പ്രവര്‍ത്തിച്ചവയും സുന്നത്തിന്റെ പരിധിയില്‍വരും. നബി(സ്വ)യുടെ പ്രവൃത്തിയില്‍ ആരാധനയുമായി(മതവുമായി) ബന്ധപ്പെട്ടവയും നാട്ടിലെ സമ്പ്രദായം(ഉറ്‌ഫ്‌) എന്ന നിലയ്‌ക്ക്‌ ബന്ധപ്പെട്ടവയുമുണ്ട്‌. "ആദി'യായ സുന്നത്ത്‌ എന്നും ഇതിന്‌ പറയും. തലപ്പാവ്‌, തൊപ്പി, നീളക്കുപ്പായം മുതലായവ ധരിക്കലും ഒട്ടകപ്പുറത്ത്‌ സഞ്ചരിക്കലും മലമൂത്രവിസര്‍ജ്ജന സ്ഥലത്തേക്ക്‌ പുറപ്പെടുമ്പോള്‍ അറ്റത്ത്‌ ഇരുമ്പുള്ള വടിയുമായി പോകലും എല്ലാം ഈ ഇനത്തില്‍ ഉള്‍പ്പെടുന്നു. മതത്തിന്റെ പരിവേഷം ഇവയ്‌ക്കും നല്‍കല്‍ തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്‌.

സി) അംഗീകാരം: തക്വ്‌റീര്‍ എന്ന്‌ ഇതിന്‌ പറയുന്നു. മതം എന്ന നിലക്ക്‌ നബി(സ്വ)യുടെ കാലത്ത്‌ അവിടുത്തെ അഌചര•ാര്‍ ഒരു സംഗതി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌തു. നബി(സ്വ)യുടെ ശ്രദ്ധയില്‍ അത്‌ പെട്ടിട്ടും നബി(സ്വ) അതിനെ വിരോധിക്കാതെയിരുന്നാല്‍ അതും സുന്നത്തിന്റെ പരിധിയില്‍ വരുന്നതാണ്‌.

ഡി) കറാഹത്ത്‌ (വെറുക്കപ്പെട്ടത്‌): നിരോധനക്രിയ രൂപത്തില്‍ വരുന്നവയില്‍ നാം ഉപേക്ഷിച്ചാല്‍ പ്രതിഫലം ലഭിക്കുന്നവയും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു നമ്മെ ശിക്ഷിക്കാത്തവയും ഉണ്ടായിരിക്കും. ഇതിന്‌ മുസ്‌ലിം പണ്ഡിതര്‍ കറാഹത്ത്‌ എന്ന്‌ പറയുന്നു. സുന്നത്തിന്റെ വിപരീതമാണിത്‌.

ഇ) മുബാഹ്‌ (അഌവദനീയം): കല്‌പനക്രിയയിലൂടെ തന്നെ വരുന്നവയില്‍ കേവലം അഌവദനീയമായവ ഉണ്ടായിരിക്കും. ഇത്‌ പ്രവര്‍ത്തിച്ചാലും വര്‍ജിച്ചാലും ശിക്ഷയോ പ്രതിഫലമോ ലഭിക്കുകയില്ല. ജാഇസ്‌, ഹലാല്‍ മുതലായ പേരുകളും ഇതിന്‌ നല്‍കപ്പെടാറുണ്ട്‌.
മതതീവ്രവാദികള്‍ ഇസ്‌ലാമിന്റെ നിയമങ്ങളെ നിര്‍ബന്ധത്തിലും നിഷിദ്ധത്തിലുമായി ചുരുക്കിയാണ്‌ തീവ്രത ഇളക്കിവിടുന്നത്‌. ഇത്‌ ഭയഭക്തിയായി അവര്‍ കാണുന്നു. യഥാര്‍ഥത്തില്‍ ഇത്‌ മതത്തില്‍ അതിരുകവിയലും മതം അട്ടിമറിക്കലും അല്ലാഹുവിന്റെമതത്തെ പ്രയാസമാക്കലുമാണ്‌. അല്ലാഹുവിനെ മതം പഠിപ്പിക്കലുമാണ്‌. ഹദീസിന്റെ പരമ്പരകളില്‍ ദുര്‍ബലമായവയും സ്വഹീഹായവയും വേര്‍തിരിക്കുന്നതില്‍ നാം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌. അതിലുപരി നാം ഇന്ന്‌ ശ്രദ്ധിക്കേണ്ടത്‌ ഹദീസുകളില്‍ പറയുന്ന കാര്യങ്ങളില്‍ മതത്തിന്റെ ശാശ്വത നിയമമെന്ന നിലയ്‌ക്കും അല്ലാത്ത നിലയ്‌ക്കും ഭൗതികമെന്ന നിലയ്‌ക്കും അല്ലാത്ത നിലയ്‌ക്കും ശാസനക്രിയയിലും വിരോധക്രിയയിലും നിര്‍ബന്ധമായവയും നിഷിദ്ധമായവുയം കറാഹത്തായവയും അഌവദനീയമായവും വേര്‍തിരിക്കുന്നതിലാണ്‌. മതതീവ്രവാദികളുടെ ഇടയില്‍ ഇതിന്‌ പ്രസക്തിയില്ലെങ്കിലും. കാരണം അവരുടെ പ്രസ്ഥാനത്തിന്റെ അടിത്തറ ഇസ്‌ലാമിന്റെ വിധികളെ രണ്ടായി ചുരുക്കലും മതവും ഭൗതികവും ഒന്നാക്കലുമാണ്‌.

2. നിര്‍ദേശ ക്രിയകള്‍ നിര്‍ദേശക്രിയകള്‍(അംറ്‌) നിര്‍ബന്ധത്തിഌം സുന്നത്തിഌം കേവലം അഌവദനീയത്തിഌം ഉപയോഗിക്കുന്നതാണ്‌. ഇതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്‌. കല്‍പനക്രിയ കാണുമ്പോള്‍ ഉടനെ അതില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമാണെന്ന്‌ വിധിപറയുവാന്‍ പാടില്ല. മറ്റുള്ള തെളിവുകളും സാഹചര്യവും പരിശോധിക്കണം. വിശുദ്ധ ക്വുര്‍ആനിലും സ്ഥിരപ്പെട്ട ഹദീസുകളിലും ശാസനകളും കല്‌പനകളും കേവലം അഌവദനീയമായ കാര്യങ്ങള്‍ക്ക്‌ വന്നതിന്‌ ശതക്കണക്കിന്‌ തെളിവുകള്‍ കാണാന്‍ സാധിക്കുന്നതാണ്‌. ഒരൊറ്റ ഉദാഹരണം മാത്രം ഉദ്ധരിക്കുന്നു. വിശുദ്ധ ക്വുര്‍ആനില്‍ ഉംറയില്‍ നിന്നും ഹജ്ജില്‍ നിന്നും വിരമിച്ചാല്‍ വേട്ടയാടുവാന്‍ കല്‌പിക്കുന്നത്‌ കാണാം (5:2). ഈ നിര്‍ദേശം അഌവദനീയത്തിന്‌ മാത്രമാണ്‌. ഒരാള്‍ ഇപ്രകാരം വേട്ടയാടാതിരുന്നാല്‍ അയാള്‍ അല്ലാഹുവിന്റെ കല്‌പനകള്‍ക്ക്‌ എതിരുപ്രവര്‍ത്തിച്ചവനാവുകയില്ല. ശിക്ഷിക്കപ്പെടുകയുമില്ല. നബി(സ്വ) അരുളി: ആടിന്റെ ആലയില്‍ നിങ്ങള്‍ നമസ്‌കരിക്കുവീന്‍ (തിര്‍മിദി, അഹ്‌മദ്‌). ഇപ്രകാരം നമസ്‌കരിക്കല്‍ നിര്‍ബന്ധവും സുന്നത്തുമില്ല, അഌവദനീയം മാത്രം.

നബി(സ്വ) അരുളി: നിങ്ങള്‍ ജൂതര്‍ക്ക്‌ എതിരാകുവീന്‍. അവര്‍ ചെരിപ്പും കാലുറയും ധരിച്ച്‌ നമസ്‌കരിക്കാറില്ല. നിങ്ങള്‍ അവ രണ്ടിലും നമസ്‌കരിക്കുവീന്‍(അബൂദാവൂദ്‌ 650,652). നബി(സ്വ) ഇവിടെ ജൂതര്‍ക്ക്‌ എതിരാകുവാന്‍ വേണ്ടി ചെരിപ്പ്‌ ധരിച്ച്‌ നമസ്‌കരിക്കുവാന്‍ കല്‌പിക്കുന്നു. കല്‌പനക്രിയ തന്നെ പ്രയോഗിക്കുന്നു. എന്നാല്‍ വല്ലവഌം ഇപ്രകാരം ചെയ്യാതിരുന്നാല്‍ അവന്‍ വിരോധം ചെയ്‌തവനാകുന്നില്ല. ഇത്‌ അഌവദനീയം മാത്രമാണ്‌. അപ്പോള്‍ ശാസനക്രിയ കാണുമ്പോഴേക്ക്‌ അത്‌ നിര്‍ബന്ധത്തിനാണെന്ന്‌ വിധി പറയല്‍ മതത്തില്‍ തീവ്രത പുലര്‍ത്തലും മതം അട്ടിമറിക്കലും മതം പ്രയാസം നിറഞ്ഞതാക്കലുമാണ്‌. വിമര്‍ശനത്തിഌം ആക്ഷേപത്തിഌം വിധേയനാവാത്ത ഒരൊറ്റ മുസ്‌ലിമും ഭൂമിയില്‍ ഉണ്ടാവുകയില്ല. ആദര്‍ശത്തില്‍ ഉറച്ച്‌ നില്‍ക്കലും തീവ്രവാദവും രണ്ടാണ്‌. ഇന്ന്‌ നാം വിവക്ഷിക്കുന്ന നിലക്കുള്ള മതതീവ്രവാദം മതത്തെ അട്ടിമറിക്കലും മതത്തെ നശിപ്പിക്കലും മതം മഌഷ്യര്‍ക്ക്‌ അഌഷ്‌ഠിക്കുവാന്‍ പ്രയാസമാക്കലുമാണ്‌. കുടുംബാസൂത്രണവും സന്താനനിയന്ത്രണവും ഇസ്‌ലാമിലുണ്ട്‌. കുടുബത്തെ ശരിക്കും നിയന്ത്രിച്ചും വരവിനഌസരിച്ച്‌ ചെലവ്‌ ചെയ്‌തും കുടുംബത്തെ നിയന്ത്രിക്കുക എന്നതാണ്‌ ഇസ്‌ലാം ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. എന്നാല്‍ ഇന്ന്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ സന്താനങ്ങളുടെ എണ്ണത്തെ ചുരുക്കുക എന്നതാണ്‌. ഇത്‌ ഇസ്‌ലാമിലില്ല. ഇതുപോലെയാണ്‌ മതതീവ്രവാദവും. ഇസ്‌ലാമിന്റെ വിധികളെ രണ്ടായി എണ്ണം ചുരുക്കലാണ്‌ (അഥവാ ഫര്‍ദും ഹറാമും മാത്രം) ഒരു കൂട്ടര്‍ മതതീവ്രതകൊണ്ട്‌ വിവക്ഷിക്കുന്നത്‌. അങ്ങനെ അല്ലാഹുവിന്റെ മതം പ്രയാസമുള്ളതാക്കുക.

3. നിരോധന ക്രിയകള്‍ ഒരു നിരോധനക്രിയ(നഹ്‌യ്‌) കണ്ടാല്‍ ഉടനെ അതില്‍ പറയുന്ന സംഗതി ഹറാം(നിഷിദ്ധം) എന്ന്‌ മതവിധി നല്‍കുവാന്‍ പാടില്ല. മറ്റുള്ള തെളിവുകളും സാഹചര്യവും ചുറ്റുപാടുകളും പരിശോധിച്ചശേഷമേ വിധിപറയുവാന്‍ പാടുള്ളൂ. കാരണം, നിരോധനക്രിയ ഹറാമിഌം കറാഹത്തിഌം താല്‌ക്കാലിക ഉദ്ദേശ്യത്തിലും ശാശ്വതമായ ഉദ്ദേശ്യത്തിലും വരുന്നതാണ്‌. ചിലപ്പോള്‍ ചാടിവീഴേണ്ടതില്ല എന്ന ഉദ്ദേശ്യത്തിലും വരും. മക്ക വിജയത്തിഌശേഷം ഹിജ്‌റയില്ല. ക്വുറൈശികളില്‍ നിന്നല്ലാതെ ഭരണാധികാരികളില്ല. ചുരങ്ങാതോട്‌ കൊണ്ട്‌നിര്‍മിച്ച പാത്രവും പച്ച നിറമുള്ള പാത്രവും നബി(സ്വ) വിരോധിച്ചു. ഇതുപോലുള്ള ഹദീസുകള്‍ ഉദാഹരണം.

4. മതമൂല്യങ്ങളും അഌഷ്‌ഠാനകര്‍മങ്ങളും ഇസ്‌ലാമിലെ ചില കാര്യങ്ങള്‍ മതത്തിന്റെ മൂലവും അടിത്തറയുമായിരിക്കും. ചിലത്‌ ഇപ്രകാരമായിരിക്കുകയില്ല. അഌഷ്‌ഠാന കര്‍മങ്ങള്‍ എന്ന്‌ നമുക്ക്‌ ഇതിനെ വിശേഷിപ്പിക്കാം. ശാഖകള്‍(ഫുറൂഅ്‌) എന്ന്‌ നിദാനശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഇതിനെ വിശേഷിപ്പിക്കുന്നു. മതത്തിന്റെ മൂലങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതിനേക്കാള്‍ മതത്തിന്റെ ബാഹ്യമായ ചടങ്ങുകള്‍ക്ക്‌ പ്രാധാന്യം കല്‌പിക്കുന്ന ഒരു സ്വഭാവം ജൂതരില്‍ ഉണ്ടായിരുന്നു. അതിനാല്‍ അല്ലാഹു രണ്ട്‌ പ്രാവശ്യം ചില ധിക്കാരികളായ അക്രമികളെ വിട്ട്‌ ബൈതുല്‍ മുക്വദ്ദസ്‌ തകര്‍ക്കുകയും തൗറാത്ത്‌ നശിപ്പിക്കുകയും ചെയ്‌തു. ജൂതര്‍ക്ക്‌ തൗറാത്തിനോട്‌ മതിപ്പും ആദരവും ഉണ്ടായിരുന്നു. പക്ഷേ അതിലെ അടിസ്ഥാന തത്വങ്ങളെ അവര്‍ അവഗണിച്ചു. പള്ളിയോട്‌ ആദരവ്‌ ഉണ്ടായിരുന്നു. പക്ഷേ, പള്ളികള്‍ എന്തിഌവേണ്ടി സ്ഥാപിക്കപ്പെട്ടുവോ ആ അടിസ്ഥാനതത്വങ്ങളെ അവര്‍ കൈവിട്ടതിനാല്‍ അവരെ നിന്ദ്യരാക്കുവാന്‍ അല്ലാഹുതന്നെ ചെയ്‌തതായിരുന്നു ഇതെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു (17: 4-7). അവസാനകാലത്ത്‌ മുസ്‌ലിംകളുടെ അവസ്ഥ ഇതുപോലെയായിരിക്കുമെന്ന്‌ നബി(സ്വ) ഉണര്‍ത്തുകയുണ്ടായി.

എ) സ്വഭാവഗുണങ്ങള്‍: മതത്തിന്റെ അടിസ്ഥാനതത്വം മഌഷ്യരെ സ്വഭാവഗുണമുള്ളവരാക്കുക എന്നതാണ്‌. അഌഷ്‌ഠാന കര്‍മങ്ങള്‍ നിശ്ചയിച്ചതിന്റെ ഉദ്ദേശ്യവും ഇതുതന്നെയാണ്‌. പരോപകാരം ചെയ്യാത്തവന്റെ നമസ്‌കാരംപോലും സ്വീകാര്യമല്ലെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിച്ചതില്‍ നിന്ന്‌ ഇത്‌ ഗ്രഹിക്കാം. നന്മയുടെ തുലാസില്‍ കൂടുതല്‍ ഭാരം അഌഭവപ്പെടുക സല്‍സ്വഭാവത്തിനാണെന്നും നബി(സ്വ) ഉണര്‍ത്തി. സ്വന്തം പ്രശ്‌നങ്ങള്‍ ഉണ്ടായാലും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുന്നവരും എല്ലാ കാലത്തും എല്ലാവര്‍ക്കും പരോപകാരം ചെയ്യുന്ന ഒരു ഫലവൃക്ഷം പോലെ സമൂഹത്തില്‍ വളര്‍ന്നുവരേണ്ടവനാണ്‌ മുസ്‌ലിമെന്നും വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തി, അവന്റെ പ്രവാചകഌം.
സാമ്പത്തിക അഴിമതി നടത്തുന്നവന്‍ മുസ്‌ലിമല്ല എന്നുവരെ മുഹമ്മദ്‌നബി(സ്വ) ഉണര്‍ത്തി. സ്വന്തം ശരീരത്തിഌം മാതാപിതാക്കള്‍ക്കും കുടുംബത്തിഌം എതിരായിരുന്നാലും നീതിയുടെയും സത്യത്തിന്റെയും കൂടെ നില്‍ക്കുന്നവഌം നീതിപുലര്‍ത്തുന്നതിന്‌ വ്യക്തിയോടും സമൂഹത്തിനോടും ഉള്ള ശത്രുത പ്രരിപ്പിക്കാത്തവഌമാണ്‌ മുസ്‌ലിമെന്നും വിശുദ്ധ ക്വുര്‍ആന്‍ പരിചയപ്പെടുത്തി. മുസ്‌ലിം അസൂയ ഉള്ളവനായിരിക്കുകയില്ല. അഹങ്കാരിയായിരിക്കുകയില്ല. പകയുള്ളവനായിരിക്കുകയില്ല. വ്യഭിചാരിയായിരിക്കുകയില്ല. അവന്‍ ചീത്തപറയുന്നവഌം മ്ലെച്ചനുമായിരിക്കുകയില്ല. വഞ്ചകഌം ചതിയഌമായിരിക്കുകയില്ല. അവന്‍ പരോലകജീവിതത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവനായിരിക്കും. മരണപ്പെട്ടവര്‍, ജിന്ന്‌, മലക്ക്‌ മുതലായവരെ വിളിച്ച്‌ തേടല്‍ ദൈവത്തില്‍ പങ്ക്‌ ചേര്‍ക്കലാണെന്ന്‌ വിശ്വസിക്കുന്നവനായിരിക്കും. അടിസ്ഥാനരഹിതമായതില്‍ അവന്‍ വിശ്വസിക്കുകയില്ലെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ ധാരാളം സൂക്തങ്ങളില്‍ മുസ്‌ലിമിനെ പരിചയപ്പെടുത്തി. അവന്‍ ബുദ്ധി ഉപയോഗിക്കുന്നവഌം അന്ധമായി ആരെയും അഌധാവനം ചെയ്യാത്തവഌമായിരിക്കും.

ബി) ദു:സ്വഭാവങ്ങള്‍: മതത്തിന്റെ മൗലികതത്വം എല്ലാ ദു:സ്വഭാവങ്ങളില്‍ നിന്നും മഌഷ്യനെ മോചിപ്പിക്കലാണ്‌. പരസ്യമായി തിന്മ ചെയ്യുവാന്‍ അവന്‍ മടിക്കുന്നതുപോലെ രഹസ്യമായി തിന്മ ചെയ്യുന്നതിനെയും അവന്‍ ഭയപ്പെടുന്നതാണ്‌. അവന്‍ അധികാരമോഹത്തെ വര്‍ജിക്കുന്നതാണ്‌. സ്വാര്‍ഥത അവന്‌ ഉണ്ടാവുകയില്ല. മുസ്‌ലിം അയല്‍വാസിയെ ഉപദ്രവിക്കുകയില്ല. അവന്‍ അത്യാഗ്രഹിയോ പിശുക്കനോ വര്‍ഗീയവാദിയോ അല്ല. പരിഹാസം, കോപം, അവിവേകം, ഇരുമുഖം കാണിക്കല്‍, മര്‍ദനം, ആത്മപ്രശംസ മുതലായവയെ വര്‍ജിച്ചവനായിരിക്കും. ഏഷണിയും പരദൂഷണവും പറഞ്ഞ വ്യക്തികളെ പരസ്‌പരം ശത്രുക്കളാക്കുകയില്ല. ഇസ്‌ലാമിക കൂട്ടായ്‌മയായ സംഘടനയെ പിളര്‍ത്തുകയില്ല.

5. വേഷവും മാതൃകാ ജീവിതവും മുഹമ്മദ്‌ നബി(സ്വ)യുടെയും അഌയായികളുടെയും വേഷം കണ്ട്‌ ഇസ്‌ലാമിലേക്ക്‌ ആരും പ്രവേശിക്കുകയുണ്ടായില്ല. പ്രത്യുത മാതൃകാജീവിതം കണ്ട്‌ ഇസ്‌ലാമിലേക്ക്‌ അവര്‍ സംഘം സംഘമായി വന്നത്‌ വിശുദ്ധ ക്വുര്‍ആഌം നബിചര്യയും ലോകചരിത്രവും വ്യക്തമാക്കുന്നു. ശരിയായ വിശ്വാസവും പുണ്യകര്‍മവും അവഌണ്ടായിരുന്നാല്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍പോലും അവനെ ആദരിക്കുമെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മുസ്‌ലിം ഖലീഫമാരെ ശത്രുക്കള്‍വരെ ആദരിച്ചത്‌ അവരുടെ നീണ്ട താടി കണ്ടുകൊണ്ടായിരുന്നില്ല. ഹിജ്‌റ പോകുന്ന അബൂബക്കറി(റ)നെ തിരിച്ചുകൊണ്ടുവന്ന്‌ സംരക്ഷണം നല്‍കിയ ബഹുദൈവവിശ്വാസികളുടെ ഒരു നേതാവ്‌ അതിന്‌ പറഞ്ഞ കാരണം അദ്ദേഹത്തിന്റെ വസ്‌ത്രധാരണ രീതിയായിരുന്നില്ല. പ്രത്യുത, മാതൃകാ ജീവിതവും പരോപകാരവും മറ്റുമായിരുന്നു.
അമാനി മൗലവി എഴുതി: അതാ ഒരു കാലം മുസ്‌ലിംകള്‍ക്ക്‌ കഴിഞ്ഞുപോയി. ലോകം നമ്മെ സ്‌നേഹിച്ചു. മാനിക്കുകയും ആദരിക്കുകയും ചെയ്‌തു. നമ്മുടെ ഉപദ്രവമോ അക്രമമോ ഭൗതിക ശക്തിയോ ഭയന്നിട്ടല്ല. നീതിയും മാതൃകയും മര്യാദയും കാംക്ഷിച്ചുകൊണ്ടുമാത്രം. ജനങ്ങള്‍ നമ്മിലേക്ക്‌ ഓടിവന്നു. നമ്മെ വിളിച്ചുവരുത്തി. കാരണം വളരെ വ്യക്തം. അന്ന്‌ നമ്മുടെ വിശ്വാസകര്‍മങ്ങള്‍ സംശുദ്ധമായിരുന്നു. അജ്‌നാദീനിലെയും യര്‍മൂക്കിലെയും പോര്‍ക്കളത്തില്‍ ബൈസന്തീന്‍(റോമ) സാമ്രാജ്യസേന മുസ്‌ലിംകളോട്‌ പടപൊരുതുമ്പോള്‍, സിറിയാ നിവാസികള്‍ അവര്‍ക്ക്‌ സ്‌നേഹസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുസ്രാ പട്ടണം അതിന്റെ കവാടം തുറന്നുകൊടുത്തു. ഹിംസുനിവാസികള്‍ അവര്‍ക്ക്‌ പല ഒത്താശകളും ചെയ്‌തുകൊടുത്തു. ത്വറാബല്‍സ്‌ അവരെ സ്വീകരിക്കുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. സ്വൂര്‍ പട്ടണം അതിന്റെ കോട്ടയില്‍ കാവല്‍ക്കാര്‍ വേണ്ടതില്ലെന്നും വെച്ചു. മുസ്‌ലിംകള്‍ ഈജിപ്‌തിന്റെ ഭാഗത്തേക്ക്‌ നീങ്ങിയപ്പോള്‍ അവരെ സ്വാഗതം ചെയ്‌തത്‌ ക്രിസ്‌ത്യാനികളായിരുന്നു. അവര്‍ അവിടെ പ്രവേശിച്ചപ്പോള്‍ യാതൊരു തടസ്സവുംഅവരെ ബാധിച്ചില്ലെന്നു മാത്രമല്ല, ഭക്ഷണാദി സാധനസാമഗ്രികള്‍ക്കുപോലും അവര്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതെല്ലാം ഒന്നാം വിഭാഗത്തെ സംബന്ധിച്ച പഴയചരിത്രങ്ങളാണ്‌. (സൂറ മര്‍യം 96,67,98 ന്റെ വ്യാഖ്യാനക്കുറിപ്പ്‌)

6. തക്വ്‌വ (ഭയഭക്തി) ഒരു മുസ്‌ലിം തന്റെ സംസാരത്തിലും പെരുമാറ്റത്തിലും അഌഷ്‌ഠാനകര്‍മങ്ങളിലും അല്ലാഹു വിരോധിച്ചത്‌ സംഭവിക്കുന്നുണ്ടോ എന്ന ജാഗ്രതക്കാണ്‌ തക്വ്‌വ എന്ന്‌ പറയുക. ഇതുകൊണ്ടാണ്‌ തക്വ്‌ വയുടെ കേന്ദ്രം ഹൃദയമാണെന്ന്‌ നബി(സ്വ) പഠി പ്പിച്ചത്‌. മുഖത്തിലും താടിയിലും വസ്‌ത്രത്തിലുമാണെന്ന്‌ നബി(സ്വ) ഇവയിലേക്ക്‌ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞില്ല. മുസ്‌ലിംകളില്‍ ചിലര്‍ താടിനീട്ടി മതത്തിലെ മൗലിക തത്വങ്ങള്‍ മുസ്‌ലിംകള്‍ കൈവിടുവാന്‍ പ്രരിപ്പിക്കുകയാണ്‌. സാമ്പത്തിക അഴിമതിയും ലൈംഗിക ചൂഷണവും ഇവര്‍ക്ക്‌ പ്രശ്‌നമല്ല. ഇവ ചെയ്യുന്നവരോട്‌ ഇവര്‍ക്കുള്ള വെറുപ്പിനേക്കാള്‍ കൂടുതല്‍ വെറുപ്പ്‌ താടി ഇല്ലാത്തവനോടാണ്‌. മതത്തില്‍ അതിരുകവിയലും "വസ്‌വാസ്‌' പ്രകടിപ്പിക്കലും തക്വ്‌വയല്ല. ഇവ തക്വ്‌വയായി അവതരിപ്പിക്കലും തീവ്രവാദത്തിന്റെ ഇനമാണ്‌. ഇവരെല്ലാം അവസാനം പരാജിതരാകുമെന്ന്‌ നബി(സ്വ) ഉണര്‍ത്തുകയുണ്ടായി.

7. താടി വളര്‍ത്തലും അമിതപ്രാധാന്യവും താടി വളര്‍ത്താതെ അത്‌ വടിച്ചുകളയുന്നവനെ തുടര്‍ന്ന്‌ നമസ്‌കരിക്കുവാന്‍ പാടില്ല. അതേ സമയം സാമ്പത്തിക അഴിമതിയും വ്യഭിചാരവും ചെയ്യുന്നവരെ പിന്‍തുടരാം. അനാചാരങ്ങളും ശിര്‍ക്കും ചെയ്യുന്നവനെ പിന്‍തുടരാം. മദ്‌ഹബിനെ അന്ധമായി അഌസരിച്ച്‌ സുന്നത്തിനെ വര്‍ജിക്കുന്നവനെയും പിന്‍തുടര്‍ന്ന്‌ നമസ്‌കരിക്കാം. ഇതാണ്‌ ചിലര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്‌. മര്‍ഹും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ തുടര്‍ന്ന്‌ നമസ്‌കരിക്കുവാന്‍ പാടില്ലെന്ന്‌ പറഞ്ഞ ചിലര്‍ക്ക്‌ സര്‍വവൃത്തികേടുകളും ചെയ്യുന്നവര്‍ താടിനീട്ടിയതുകൊണ്ട്‌ മാത്രം അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കാം. ഇതാണ്‌ ഇവരുടെ മതവിധിയുടെ സ്വഭാവം.
താടിനീട്ടി കോടതിയില്‍ കയറി കള്ളസത്യം ചെയ്യുന്നതില്‍ തെറ്റ്‌ കാണാത്തവര്‍, വിശുദ്ധ ക്വുര്‍ആനിലും നബിചര്യയിലും ശിര്‍ക്കിനെ ഉപേക്ഷിക്കുവാന്‍ പറഞ്ഞ ഉടനെ കളവ്‌ പറയുന്നതിനെ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നു. അപ്പോള്‍ ഇത്‌ ഉപേക്ഷിക്കുന്നതിനെക്കാള്‍ ഇവരുടെ അടുത്ത്‌ മഹാപാപം താടി വളര്‍ത്തല്‍ ഉപേക്ഷിക്കലാണ്‌. താടി വടിച്ചവന്‍ നമ്മളില്‍ പെട്ടവനല്ല എന്ന്‌ നബി (സ്വ) പ്രഖ്യാപിക്കുകയുണ്ടായില്ല. എന്നാല്‍ സാമ്പത്തിക അഴിമതി നടത്തുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്ന്‌ നബി (സ്വ) പ്രഖ്യാപിക്കുകയുണ്ടായി. ജൂതര്‍ക്ക്‌ എതിരാകുവാന്‍ ചെരിപ്പ്‌ ധരിച്ച്‌ നമസ്‌കരിക്കുവാന്‍ മുഹമ്മദ്‌ നബി (സ്വ) നിര്‍ദേശിക്കുന്നു. ഇതിനെ കേവലം അഌവദനീയമായി കാണുന്നവര്‍ താടി വളര്‍ത്തുന്നതിന്‌ നിര്‍ബന്ധമാണെന്ന്‌ വാശി പിടിക്കല്‍ മതതീവ്രവാദത്തിന്റെ ഒരു ശൈലിയാണ്‌. ക്വുര്‍ആന്‍ തിരുസുന്നത്തും വ്യക്തമായി ഹറാമാക്കിയ സംഗതികള്‍ ചെയ്യുന്നവരെ ഇമാമ്‌ നിര്‍ത്തുന്നതില്‍ നിന്ന്‌ മാറ്റിനിര്‍ത്തുവാന്‍ ഇവര്‍ തീരുമാനമെടുക്കുമോ? പ്രവര്‍ത്തകര്‍ക്ക്‌ താടി ഉണ്ടാവണമെന്ന്‌ വാശിപിടിക്കുന്നവര്‍ സാമ്പത്തിക അഴിമതിയും ലൈംഗിക ചൂഷണവും മറ്റു ഹറാമുകളും ഉണ്ടാകുവാന്‍ പാടില്ലെന്ന്‌ എന്തുകൊണ്ട്‌ വാശിപിടിക്കുന്നില്ല?

8. സ്‌ത്രീകള്‍ മുഖം മറയ്‌ക്കല്‍ പ്രായപൂര്‍ത്തിയായ സ്‌ത്രീകള്‍ അന്യ പുരുഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുഖം മറയ്‌ക്കുവാന്‍ നബി(സ്വ) നിര്‍ദേശിച്ച്‌ ഒരു ദുര്‍ബലമായ ഹദീസ്‌ പോലും എന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. എന്നാല്‍ അവള്‍ മുഖം മറക്കേണ്ടതില്ല എന്ന്‌ വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ ബുഖാരി, മുസ്‌ലിമില്‍ തന്നെ കാണുവാന്‍ എനിക്ക്‌ സാധിച്ചിട്ടുണ്ട്‌. മുഖം മറച്ച്‌ ജാറത്തിലേക്ക്‌ പോകുന്ന സ്‌ത്രീകളെവരെ നമുക്ക്‌ കാണാം. പുറത്തിറങ്ങുമ്പോള്‍ മുഖം മറക്കുകയും രഹസ്യമായി ഭര്‍ത്താവിനെ വഞ്ചിക്കുകയും ചെയ്യുന്ന സ്‌ത്രീയും മുഖം മറയ്‌ക്കാതെ ഭര്‍ത്താവിനെ വഞ്ചിക്കുന്ന സ്‌ത്രീയും തുല്യമാവുകയില്ല (ഈ വിഷയത്തെക്കുറിച്ച്‌ മാസികയില്‍ മുമ്പ്‌ എഴുതിയത്‌ വായിക്കുക)

9.നമസ്‌കാരത്തില്‍ വരികള്‍ ശരിപ്പെടുത്തല്‍ നമസ്‌കാരത്തില്‍ വരികള്‍ ശരിപ്പെടുത്തുവാന്‍ നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സലാം വീട്ടുന്നതുവരെ കാലിലേക്ക്‌ നോക്കുവാന്‍ നബി(സ്വ) നിര്‍ദേശിച്ചിട്ടില്ല. നമസ്‌കാരത്തിലെ ഭയഭക്തിയെക്കാള്‍ പ്രാധാന്യം നില്‍ക്കുമ്പോള്‍ കാലില്‍ നോക്കലാണ്‌ ചിലരുടെ നിര്‍ബന്ധം. ഇമാം ക്വുര്‍ആന്‍ ഓതുമ്പോള്‍ അത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കലും ഇവരുടെ അടുത്ത നിസ്സാരമായ പ്രശ്‌നമാണ്‌. വരി ശരിപ്പെടുത്തുവാന്‍ നിര്‍ദേശിച്ച പ്രവാചകന്‍ (സ്വ) അടുത്ത്‌ നില്‍ക്കുന്നവന്റെ വിരലില്‍ ചവിട്ടാന്‍ നിര്‍ദേശിച്ചിട്ടില്ല. മഌഷ്യരെ നമസ്‌കാരത്തില്‍ നിന്ന്‌ ജാഗ്രത തെറ്റിക്കുവാന്‍ പിശാച്‌ എടുക്കുന്നതിനെക്കാള്‍ വലിയ പരിപാടിയാണ്‌ ഇവര്‍ സ്വീകരിച്ചുകാണുന്നത്‌. ചൂണ്ടാണി വിരല്‍ അമിതമായി ചലിപ്പിച്ച്‌ നമസ്‌കരിക്കുന്നവന്റെ ഭയഭക്തി നഷ്‌ടപ്പെടുത്തുന്ന വിഷയത്തില്‍ പിശാചിനെ പോലും ഇവര്‍ പരാജയപ്പെടുത്തുന്നു.

10. കുത്തി എഴുന്നേല്‌ക്കല്‍ നമസ്‌കാരത്തില്‍ രണ്ടാമത്തെ റക്‌ത്തിലേക്കും നാലാമത്തെ റക്‌അത്തിലേക്കും മറ്റു സന്ദര്‍ഭങ്ങളിലും എഴുന്നേല്‌ക്കുമ്പോള്‍ ഭൂമിയില്‍ കൈ വെയ്‌ക്കുവാന്‍ നബി(സ്വ) നിര്‍ദേശിച്ചത്‌ ഒരു ദുര്‍ബല ഹദീസില്‍ പോലും കാണുവാന്‍ സാധ്യമല്ല. എന്നിട്ടാണ്‌ ഗുസ്‌തി പിടിക്കുന്ന പ്രശ്‌നം ഉത്ഭവിക്കുന്നത്‌. മുസ്‌ലിം പണ്ഡിതര്‍ക്കിടയിലെ പ്രശ്‌നം സുജൂദില്‍നിന്ന്‌ എഴുന്നേല്‌ക്കുമ്പോള്‍ കൈ ഭൂമിയില്‍ വെയ്‌ക്കുവാന്‍ പാടുണ്ടോ ഇല്ലയോ എന്നതാണ്‌. ഹദീസിന്റെ പിന്‍ബലം തീരെ ഭൂമിയില്‍ കൈവെയ്‌ക്കാതെ തുടമേല്‍ കൈവെച്ച്‌ എഴുന്നേല്‌ക്കണം എന്ന ഇബ്‌ഌല്‍ക്വയ്യിം (റ) യുടെ അഭിപ്രായത്തിനാണ്‌.

11. ദിക്‌റുകളും ജീവകാരുണ്യപ്രവര്‍ത്തനവും ദിക്‌റുകളുടെയും ദുആഇന്റെയും ശ്രഷ്‌ഠത പറയുന്ന ധാരാളം ഗ്രന്ഥങ്ങളും ലഘുലേഖകളും നോട്ടീസുകളും ചിലര്‍ ധാരാളമായി വിതരണം ചെയ്യുന്നതു കാണാം. ഇത്‌ നല്ലതുതന്നെ. ഇതുപോലെ ഇവയുടെ ശ്രഷ്‌ഠത പറയുന്ന നബിവചനങ്ങള്‍ ക്വുര്‍ആഌം സുന്നത്തും എഴുതി വയ്‌ക്കുവാഌള്ള ബോര്‍ഡുകളില്‍ എഴുതിവെച്ചതും കാണാം. ഇതും നല്ലതുതന്നെ. എന്നാല്‍ ക്വുര്‍ആഌം നബിചര്യയും വളരെയധികം പ്രാധാന്യം നല്‍കുന്ന രംഗമാണ്‌ ജീവകാരുണ്യപ്രവര്‍ത്തനവും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും. ഇതിനെ സംബന്ധിച്ച്‌ സൂക്തങ്ങളും നബിവചനങ്ങളും ഇവര്‍ കാണാറുമില്ല. മുസ്‌ലിംകളെ ഒരുതരം സന്യാസത്തിലേക്കും സൂഫിസത്തിലേക്കും തിരിച്ചുവിടാഌള്ള ചിലരുടെ രഹസ്യ അജണ്ടയാണിത്‌. ജീവകാരുണ്യപ്രവര്‍ത്തനത്തിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിലും വളരെയധികം ശ്രദ്ധിച്ചിരുന്ന ചില യുവാക്കര്‍ ഇപ്പോള്‍ ഇവയില്‍ അലസതയും അവഗണനയും കാണിക്കുന്നത്‌ കാണാം. ഇതിന്റെ പിന്നില്‍ ജൂത-ക്രിസ്‌ത്യാനികളുടെ പ്രരണയുണ്ടോ എന്ന്‌ നാം സംശയിക്കേണ്ടതുണ്ട്‌.

12. ജിന്നും ദേഹേച്ഛയും പിശാചിന്റെ കുതന്ത്രം വളരെ ദുര്‍ബലമാണെന്ന വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു. ദേഹേച്ഛയില്ലാത്തവനെക്കൊണ്ട്‌ തിന്മ ചെയ്യിക്കുവാന്‍ പിശാചിന്‌ സാധ്യമല്ല. ആയതിനാല്‍ മഌഷ്യന്റ ദേഹേച്ഛയെയാണ്‌ നാം കൂടുതല്‍ ഭയപ്പെടേണ്ടത്‌. വികാരമില്ലാത്ത മഌഷ്യനെക്കൊണ്ട്‌ വ്യഭിചരിപ്പിക്കുവാന്‍ പിശാചിന്‌ സാധ്യമല്ല. ജിന്ന്‌ പിശാചിനെപ്പോലെത്തന്നെ ദേഹേച്ഛയെയും മഌഷ്യപ്പിശാചുക്കളെയും നാം ഭയപ്പെടണം.

13. സലാം പറയലും പരദൂഷണം പറയലും നാം ഒരാളെ കണ്ടുമുട്ടുമ്പോള്‍ സലാം പറയണം. അല്ലാഹു നിന്നെ രക്ഷിക്കട്ടെ എന്നതാണ്‌ സലാം പറയുന്നതിന്റെ ഉദ്ദേശ്യം. എന്നാല്‍ ചിലര്‍ സലാം പറയുന്നതിന്റെ ലക്ഷ്യം താഴെ വിവരിക്കുന്നു. ""അല്ലാഹുവിന്‌ നിന്നെ രക്ഷപ്പെടുത്തുവാന്‍ സാധിക്കുമെങ്കില്‍ രക്ഷപ്പെടുത്തിക്കൊള്ളട്ടെ. ഞാന്‍ പരമാവധി നിന്നെ നശിപ്പിക്കുവാന്‍ ഏഷണിയും പരദൂഷണവുമായി ശ്രമിക്കുന്നതാണ്‌''. സലാം പറയുമ്പോള്‍ ആര്‍ക്കാണോ നാം അത്‌ പറയുന്നതെങ്കില്‍ അയാള്‍ക്ക്‌ വലിയ നിബന്ധനയൊന്നും ഇസ്‌ലാം കല്‌പിക്കുന്നില്ല. മുസ്‌ലിമായിരിക്കണമെന്ന നിബന്ധനപോലുമില്ല. എന്നാല്‍ ചിലര്‍ താടിയില്ലാത്തവഌപോലും സലാം പറയുവാന്‍ മടിക്കുന്നതുകാണാം. രോഗിക്ക്‌ സലാം പറയും, പ്രാര്‍ഥിക്കും. എന്നാല്‍ പത്തുരൂപപോലും അവന്‌ നല്‍കുവാന്‍ മടികാണിക്കുന്നതു കാണാം. താടിയില്ലാത്ത രണ്ട്‌ അഗ്നിയാരായാധകര്‍ പ്രവാചകന്റെ അടുത്തുവന്നപ്പോള്‍ അതുമൂലം നബി(സ്വ) മുഖംതിരിച്ചു എന്ന്‌ പറയുന്ന ഒരു വാറോലയാണ്‌ ഇവര്‍ ഇതിഌ തെളിവായി പറ യുന്നത്‌. അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ വരെ നല്‍കുവാന്‍ ക്വുര്‍ആന്‍ നിര്‍ദേശിക്കുമ്പോള്‍, അവരുടെ ക്വബ്‌റ്‌ സന്ദര്‍ശിക്കാമെന്ന്‌ നബി(സ്വ) പറയുമ്പോള്‍, അവര്‍ക്ക്‌ ദാനധര്‍മം ചെയ്യാമെന്നും നിങ്ങളുടെ ഭക്ഷണം അഌവദനീയമാണെന്നും പറയുമ്പോള്‍ താടി ഉണ്ടായിരിക്കണമെന്ന്‌ വ്യവസ്ഥ വയ്‌ക്കുന്നില്ല.
ഒരു അന്ധന്‍ വന്നപ്പോള്‍ നബി(സ്വ) അദ്ദേഹത്തെ അവഗണിച്ച്‌ ക്വുറൈശി പ്രമാണിമാരെ ശ്രദ്ധിച്ചപ്പോള്‍ നബി(സ്വ)യെ അല്ലാഹു വിമര്‍ശിച്ചത്‌ ഇവര്‍ കാണാറുമില്ല. താടി ഇല്ലാത്തവന്‍ പ്രമാണിയും പണക്കാരഌമായാല്‍ വിരോധമില്ല. മുഖം തിരിക്കുകയില്ല. ഇവര്‍ ഉദ്ധരിക്കുന്ന ഹദീസ്‌ സ്ഥിരപ്പെട്ടതാണെങ്കില്‍ താടിയില്ലാത്ത അമുസ്‌ലിംകളില്‍ നിന്ന്‌ ഇവര്‍ മുഖം തിരിക്കേണ്ടിവരും. അന്ധന്‍ കയറിവന്നപ്പോള്‍ നബി(സ്വ)യുടെ സദസ്സില്‍ ഉണ്ടായിരുന്ന മുശ്‌രിക്കുകള്‍ക്ക്‌ എല്ലാം തന്നെ താടി ഉണ്ടായിരുന്നുവെന്ന്‌ പുറയാമോ?

14. ചാവടിയന്തിരവും സാമ്പത്തിക അഴിമതിയും ചാവടിയന്തിരത്തിന്റെ ഭക്ഷണം ഒരു മുസ്‌ലിം ഭക്ഷിക്കുവാന്‍ പാടില്ല. അത്‌ അവന്‍ വര്‍ജിക്കണം. അതുപോലെ മറ്റ്‌ അനാചാരങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണവും മുസ്‌ലിംകള്‍ ഉപേക്ഷിക്കണം. എന്നാല്‍ അതോടൊപ്പം അവന്‍ സാമ്പത്തിക അഴിമതിയിലൂടെ കരസ്ഥമാക്കിയ ഭക്ഷണവും ഉപേക്ഷിക്കണം. പലിശയും കൈക്കൂലിയും ഉപേക്ഷിക്കണം.

15. മയ്യിത്തിനെ സന്ദര്‍ശിക്കല്‍ മയ്യിത്തിനെ സന്ദര്‍ശിക്കുന്നതിനെക്കാള്‍ ഇസ്‌ലാം പ്രാധാന്യം നല്‍കുന്നത്‌ രോഗിയെയും വിശന്നവനെയും ദാഹജലം ലഭിക്കാത്തവനെയുമാണ്‌. എന്നാല്‍ ഒരാള്‍ രോഗിയായി കിടക്കുമ്പോള്‍ സന്ദര്‍ശിക്കാത്തവന്‍ മരണപ്പെട്ടാല്‍ സന്ദര്‍ശിക്കുവാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്‌ കാണാം. മയ്യിത്തിനെ സന്ദര്‍ശിക്കുന്നതിനെക്കാള്‍ പ്രാധാന്യം മയ്യിത്ത്‌ നമസ്‌കരിക്കലും ക്വബ്‌ര്‍വരെ അവനെ അഌഗിമിച്ച്‌ പ്രാര്‍ഥിക്കലുമാണ്‌.

16. ഇസ്‌ലാമും അഌവദനീയ കാര്യവും ""ഭൂമിയിലുള്ളതെല്ലാം അവന്‍ നിങ്ങള്‍ക്കുവേണ്ടി സൃഷ്‌ടിച്ചു''. "ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍ നിങ്ങള്‍ക്ക്‌ കീഴ്‌പ്പെടുത്തിതന്നു'' എന്നെല്ലാം അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാനശാഖയോ ഒരു വസ്‌തുവോ ഇസ്‌ലാമില്‍ ഹറാമാണെന്ന്‌ പറയുന്നവര്‍ വ്യക്തമായ തെളിവ്‌ കൊണ്ടുവരണം. അഌവദനീയമാണെന്ന്‌ പറയുന്നവന്‌ പ്രത്യേകം തെളിവിന്റെ ആവശ്യമില്ല. ഹറാമാണെന്നതിന്‌ തെളിവ്‌ ഇല്ലാതിരുന്നാല്‍ മതി. ഇതാണ്‌ മുസ്‌ലിം പണ്ഡിതര്‍ അംഗീകരിച്ച നിയമം.
ബറാഅതുല്‍ അസ്വ്‌ലിയ്യ, ഇസ്‌തിസ്വ്‌ഹാബ്‌ എന്നെല്ലാം ഇതിന്‌ പുറയുന്നു. ഒരു ഗവേഷകപണ്ഡിതന്‍ അവസാനമായി അവലംബിക്കുന്ന ഒരു തെളിവാണിത്‌. അപ്പോള്‍ ചുവപ്പുനിറം നിഷിദ്ധമാണ്‌, ആമയെ ഭക്ഷിക്കുവാന്‍ പാടില്ല, കിഡ്‌നിയും കണ്ണും ദാനം ചെയ്യാന്‍ പാടില്ല, രക്തദാനം ചെയ്യുവാന്‍ പാടില്ല എന്നെല്ലാം പറയുന്നവര്‍ തെളിവ്‌ കൊണ്ടുവരണം. ഇവയെല്ലാം അഌവദനീയമാണ്‌ എന്ന്‌ പറയുന്നവന്‍ പ്രത്യേകം തെളിവ്‌ ഹാജരാക്കേണ്ടതില്ല.
മതത്തില്‍ പുതിയതായി നിര്‍മിക്കല്‍ നിഷിദ്ധമാണെന്ന്‌ ഇസ്‌ലാം പ്രഖ്യാപിച്ചതിനാല്‍ നബിദിനം, നമസ്‌കാരശേഷമുള്ള പ്രാര്‍ഥന മുതലായവ അനാചാരമാണെന്നതിന്‌ പ്രത്യേകം തെളിവിന്റെ ആവശ്യമില്ല. ഇവ അഌവദനീയവും സുന്നത്തുമാണെന്ന്‌ പറയുന്നവര്‍ തെളിവ്‌ ഹാജരാക്കണം.

17. സംഗീതവും സംഗീതോപകരണങ്ങളും സംഗീതവും സംഗീതോപകരണങ്ങളും നിഷിദ്ധമാണെന്ന്‌ പറയുന്നവര്‍ വ്യക്തമായ തെളിവ്‌ കൊണ്ടുവരണം. അഌവദനീയമാണെന്ന്‌ വാദിക്കുന്നവര്‍ക്ക്‌ നാംമുകളില്‍ ഉദ്ധരിച്ച അടിസ്ഥാന തത്വത്തിന്റെ തെളിവ്‌ തന്നെ ധാരാളം മതി. എന്നാല്‍ ഇവ പുണ്യകര്‍മമാണെന്നും മതത്തിലെ ഒരു ആചാരമാണെന്നും വല്ലവഌം വാദിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ പ്രത്യേകമായ തെളിവുതന്നെ ഹാജരാക്കണം. കേവലം അഌവദനീയമാണെന്ന്‌ പറയുന്നവന്‌ തെളിവ്‌ ആവശ്യമില്ല. വിശുദ്ധ ക്വുര്‍ആനില്‍ സംഗീതവും സംഗീതോപകരണങ്ങളും നിഷിദ്ധമാണെന്ന്‌ പറയുന്നില്ല. വിശ്വാസവും പുണ്യകര്‍മങ്ങളും ഉള്ളവനാണെങ്കില്‍ അവന്‌ സംഗീതം അഌവദനീയമാണെന്ന്‌ ക്വുര്‍ആന്‍ പ്രസ്‌താവിക്കുകയും ചെയ്യുന്നു. ദാവൂദ്‌ നബി(അ)ക്ക്‌ അല്ലാഹു നല്‍കിയ വേദഗ്രന്ഥമായ സബൂര്‍ സംഗീതമായിരുന്നു. നബിയുടെ സ്വഹാബിമാരും മദ്‌ഹബിന്റെ ഇമാമുകളും പാട്ടുപാടിയതിന്‌ ധാരാളം ഹദീസുകളും ചരിത്ര സംഭവങ്ങളും കാണാം. യാതൊരു സംഗീതോപകരണവും ഇസ്‌ലാം വിരോധിച്ചതായി സ്ഥിരപ്പെട്ടുവന്നിട്ടുമില്ല. സ്വഹാബിമാരുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട്‌പാട്ടുപാടാറുണ്ട്‌(ബുഖാരി). പെരുന്നാള്‍ ദിവസങ്ങളിലും കല്യാണത്തിലും ഹാര്‍മോണിയം കൊണ്ട്‌ അവര്‍ പാട്ടുപാടാറുണ്ട്‌. നിഷിദ്ധം പെരുന്നാള്‍ ദിവസവും കല്യാണ ദിവസവും ഇസ്‌ലാം അഌവദിക്കുന്നില്ല. (ഈ വിഷയത്തില്‍ ഒരു പുസ്‌തകംതന്നെ ഞാന്‍ എഴുതിയത്‌ വായിക്കുക). ഇബ്‌ഌഹസം(റ) പണ്ഡിതോചിതം ഈ വിഷയം ചര്‍ച്ച ചെയ്‌തു. ഇവയെല്ലാം അഌവദനീയമാണെന്ന്‌ അല്‍മുഹല്ലയില്‍ കച്ചവടത്തിന്റെ അധ്യായത്തില്‍ സമര്‍ഥിക്കുന്നുണ്ട്‌. ഇബ്‌ഌഹസമിന്റെ അഭിപ്രായത്തെ പരിഗണിക്കാതെ ഇജ്‌മാഅ്‌ വരെ ഉണ്ടാവുകയില്ലെന്ന്‌ എല്ലാവരും അംഗീകരിക്കുന്ന ഒരു യാ ഥാര്‍ഥ്യമാണല്ലോ. അശ്ലീല ഗാനങ്ങളും തിന്മയ്‌ക്ക്‌ പ്രരിപ്പിക്കുന്നവയും നിഷിദ്ധമാണെന്നതില്‍ സംശയമില്ല.

18. അമുസ്‌ലിംകളുടെ ഭക്ഷണം തിന്നല്‍ നിങ്ങളുടെ ഭക്ഷണം അമുസ്‌ലിംകള്‍ക്കും അവരുടെ ഭക്ഷണം നിങ്ങള്‍ക്കും അഌവദനീയമാണെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു. വിഗ്രഹാരാധകരുടെ പച്ചക്കറികള്‍ തിന്നാം എന്നതില്‍ ഏകാഭിപ്രായം ഉണ്ടെന്ന്‌ ഇമാം റാസി(റ) പറയുന്നു. അമുസ്‌ലിംകളുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം എന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ അഌവദിക്കുമ്പോള്‍ അവരുടെ വിശ്വാസം പരിഗണിക്കുന്നില്ല. അപ്പോള്‍ ഓണത്തിന്റെയും ക്രിസ്‌തുമസിന്റെയും ഭക്ഷണം തിന്നാന്‍ പാടില്ല; അതേയവസരം അവര്‍ വിവാഹത്തിന്‌ ക്ഷണിച്ചാല്‍ പങ്കെടുത്തു ആ ഭക്ഷണം തിന്നാം എന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. അതുപോലെ ഓണത്തിന്റെ സദ്യ ഭക്ഷിക്കുവാന്‍ പാടില്ല. എന്നാല്‍ ഓണം ആഘോഷിക്കുവാന്‍ ഗവണ്‍മെന്റ്‌ നല്‍കുന്ന ബോണസ്‌ വാങ്ങി തിന്നാം എന്ന്‌ പറയുന്നതിഌം അടിസ്ഥാനമില്ല. അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ നല്‍കുവാഌം ഉദ്‌ഹിയ്യത്തിന്റെ മാംസം നല്‍കുവാഌം ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കുവാഌം പാടില്ലെന്ന്‌ അല്ലാഹുവും അവന്റെ ദൂതഌം പറയുന്നുമില്ല. നല്‍കാം എന്നതിന്‌ തെളിവുകള്‍ ഉണ്ടുതാഌം.

19. ബാഹ്യവും ആന്തരികവും ക്വുര്‍ആനിന്റെയും നബിവചനത്തിന്റെയും ആന്തരികതത്വത്തെയും ഉദ്ദേശ്യത്തെയും തീരെ പരിഗണിക്കാതെ മതവിധി നല്‍കുന്ന ഒരുവിഭാഗമാണ്‌ ദ്വാഹിരിയാക്കള്‍. ഇവരെ വിമര്‍ശിക്കുകയും അഹ്‌ലുസ്സുന്നത്തിന്റെ ആളുകളാണ്‌ ഞങ്ങളെന്ന്‌ വാദിക്കുന്നവരും പലവിഷയത്തിലും പദങ്ങളുടെ ബാഹ്യമായ അര്‍ഥത്തില്‍ പിടികൂടി ദ്വാഹിരിയ്യാക്കളുടെ രീതി സ്വീകരിക്കുന്നത്‌ തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്‌. ധാരാളം ഉദാഹരണങ്ങള്‍ ഇതിന്‌ എടുത്തു കാണിക്കുവാന്‍ സാധിക്കും. മൂന്ന്‌ ത്വലാക്വ്‌ ഒന്നിച്ച്‌ ചൊല്ലുന്നതിന്റെ വിഷയം ഇതിന്‌ ഒരു ഉദാഹരണം മാത്രമാണ്‌. ഒരാള്‍ ഒരു മഌഷ്യനെ ഒരി അടി അടിച്ച്‌ ഞാന്‍ മുന്നു പ്രാവശ്യം അവനെ അടിച്ചു എന്ന്‌ പറഞ്ഞാല്‍ അത്‌ ഒരിക്കലും മൂന്ന്‌ പ്രാവശ്യം അടിച്ചതാകുന്നില്ല. പദത്തിന്‌ ഇവിടെ പ്രസക്തിയില്ല.
Related Posts Plugin for WordPress, Blogger...

Popular Posts

Follow by Email

Total Pageviews