നവയാഥാസ്ഥിതികരും ദുര്‍ബല ഹദീസുകളും


എ അബ്‌ദുസ്സലാം സുല്ലമി

``ഖുര്‍ആനിനെതിരാണ്‌ എന്ന്‌ നമുക്ക്‌ തോന്നുന്നതെല്ലാം തള്ളാന്‍ ഒരുങ്ങിയാല്‍ എന്തൊക്കെ ആര്‍ക്കൊക്കെ തള്ളാം? ശവം ഹറാമാണെന്ന ഖുര്‍ആനിന്റെ വ്യക്തമായ നസ്സ്വിന്‌ എതിരാണ്‌ രണ്ട്‌ ശവം നമുക്കു അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന ഹദീസ്‌ എന്ന്‌ വാദിച്ച ഒരാള്‍ ഈ ഹദീസിനെ തള്ളിയാല്‍ മടവൂരികള്‍ എന്ത്‌ പറയും?'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്‌ലാഹ്‌ മാസിക -2011 ഒക്‌ടോബര്‍, പേജ്‌ 32)

മുജാഹിദുകളെ എതിര്‍ക്കാന്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഇല്ലാത്ത ഹദീസുകള്‍ ഉണ്ടെന്നു പറയുക, മനുഷ്യനിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളെ സ്വഹീഹായി ഉദ്ധരിക്കുക. സ്വഹീഹായ ഹദീസുകളെ മനുഷ്യബുദ്ധിക്ക്‌ എതിരാണെന്ന്‌ പറഞ്ഞു ദുര്‍ബലമാക്കുക അല്ലെങ്കില്‍ പരമ്പര ദുര്‍ബലമാക്കി തള്ളിക്കളയുക തുടങ്ങിയവയെല്ലാം നവയാഥാസ്ഥിതികരുടെ സലഫീ മന്‍ഹജാണ്‌. ഇതിന്‌ ഒരു തെളിവ്‌ മാത്രമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. മുജാഹിദുകള്‍ ഇപ്രകാരം ചെയ്യുമെന്ന്‌ സക്കരിയ്യ സ്വലാഹി വിമര്‍ശിച്ച ലേഖനത്തില്‍ തന്നെയാണ്‌ രണ്ട്‌ ശവം നമുക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന മനുഷ്യനിര്‍മിതമായ ഹദീസ്‌ ഇദ്ദേഹം ഉദ്ധരിക്കുന്നത്‌. ഈ ഹദീസിന്റെ പൂര്‍ണ രൂപം നോക്കൂ:

അബൂമുസ്വ്‌ഹബ്‌-അബ്‌ദുറഹ്‌മാനുബ്‌നു സൈദുല്‍ അസ്‌ലം- അയാളുടെ പിതാവ്‌- അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം: നബി(സ) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ രണ്ട്‌ ശവവും രണ്ട്‌ രക്തവും അനുവദിക്കപ്പെട്ടിരിക്കുന്നു. രണ്ട്‌ ശവം എന്നത്‌ മത്സ്യവും വെട്ടുകിളിയുമാണ്‌. രണ്ടു രക്തം എന്നത്‌ കരളും (ലിവറും) പ്ലീഹ(അകത്തിറച്ചി)യുമാണ്‌ (ഇബ്‌നുമാജ 3314, അഹ്‌മദ്‌)

അഹ്‌മദിന്റെ റിപ്പോര്‍ട്ടില്‍ `നമുക്ക്‌ രണ്ട്‌ ശവവും രണ്ടു രക്തവും അനുവദിക്കപ്പെട്ടു' എന്നാണുള്ളത്‌. (അഹ്‌മദ്‌ 2:97). ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) ഈ ഹദീസ്‌ ഉദ്ധരിച്ച ശേഷം പറയുന്നു: ഈ ഹദീസ്‌ അഹ്‌മദും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. ഇതിന്‌ ദുര്‍ബലതയുണ്ട്‌ (ബുലൂഗുല്‍മറാം). അറബിക്കോളെജുകളില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമാണിത്‌. ഇതുപോലും പഠിക്കാത്തവരാണ്‌ ഹദീസ്‌ നിരൂപകന്മാരായി വേഷം കെട്ടുന്നത്‌!

ഈ ഹദീസ്‌ ഉദ്ധരിക്കുന്ന അബ്‌ദുറഹ്‌മാന്റെ ഹദീസുകള്‍ നിഷിദ്ധമാക്കപ്പെട്ടതാണെന്ന്‌ ഇമാം അഹ്‌മദ്‌ തന്നെ പറയുന്നു. (സുബ്‌ലുസ്സലാം 1:35). അബ്‌ദുറഹ്‌മാനുബ്‌നു സൈദുല്‍ അസ്‌ലം തന്റെ പിതാവില്‍ നിന്നാണ്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇയാള്‍ തന്നെയാണ്‌ ആദം നബി(സ) തെറ്റ്‌ ചെയ്‌തപ്പോള്‍ മുഹമ്മദ്‌ നബി(സ)യുടെ ഹഖ്‌ കൊണ്ട്‌ അല്ലാഹുവിനോടു പ്രാര്‍ഥിച്ചുവെന്ന്‌ പറയുന്ന റിപ്പോര്‍ട്ടും മുഹമ്മദ്‌ നബി(സ) ഇല്ലായിരുന്നുവെങ്കില്‍ അല്ലാഹു ഈ പ്രപഞ്ചത്തെ സൃഷ്‌ടിക്കുമായിരുന്നില്ലെന്ന്‌പറയുന്ന റിപ്പോര്‍ട്ടും ഉദ്ധരിക്കുന്നത്‌. ഖുബൂരികള്‍ ഇത്‌ ഉദ്ധരിക്കാറുണ്ട്‌. എന്നാല്‍ മുജാഹിദുകള്‍ രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌ ഇത്‌ തള്ളിക്കളയാറ്‌.

ഒന്ന്‌), ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്‌. ഈ ഹദീസ്‌ ഉദ്ധരിക്കുന്ന അബ്‌ദുര്‍റഹ്‌മാനുബ്‌നു സൈദ്‌ ദുര്‍ബലനാണ്‌. ഇനി മുതല്‍ നവയാഥാസ്ഥിതികര്‍ ഖുറാഫികളുടെ മേല്‍ വാദങ്ങള്‍ ഏറ്റുപറയേണ്ടി വരും. ``അബ്‌ദുര്‍റഹ്‌മാനെ നിങ്ങള്‍ എങ്ങനെയാണ്‌ ദുര്‍ബലനാക്കുക. 2011 ഒക്‌ടോബറിലെ ഇസ്വ്‌ലാഹ്‌ മാസികയില്‍ അദ്ദേഹം ഉദ്ധരിച്ച `രണ്ടു ശവം' നമുക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന്‌ പറയുന്ന ഹദീസ്‌ നിങ്ങള്‍ തന്നെ സ്വഹീഹാക്കിയിട്ടുണ്ടല്ലോ?'' -എന്ന്‌ ഖുബൂരികള്‍ക്ക്‌ ചോദിക്കാവുന്നതാണ്‌. ചോദിച്ചാല്‍ എന്തു ഉത്തരമാണ്‌ ഇവര്‍ പറയുക?

രണ്ട്‌), ഈ ഹദീസ്‌ ഖുര്‍ആനിന്റെ തത്വത്തിന്‌ എതിരാണ്‌: നവയാഥാസ്ഥിതികര്‍ക്ക്‌ ഇപ്രകാരം കാരണം പറഞ്ഞും ഇനി മുതല്‍ ഈ റിപ്പോര്‍ട്ടിനെ തെള്ളിക്കളയാന്‍ സാധ്യമല്ല. പരമ്പര സ്വഹീഹായ ഹദീസുകള്‍ എല്ലാം സ്വീകരിക്കണമെന്നാണ്‌ ഖുബൂരികളുടെ സഹോദരന്മാര്‍ ഇപ്പോള്‍ പറയുന്നത്‌. ഇമാം ഹാകിം(റ) ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന്‌ പറയുന്നു. ഇമാം ഹാകിമിന്‌ ഖുര്‍ആന്‍ മനസ്സിലായില്ലേ എന്ന്‌ നവയാഥാസ്ഥിതികര്‍ ചോദിക്കുന്നതു പോലെ ഖുബൂരികള്‍ക്കും ചോദിക്കാവുന്നതുമാണ്‌. മുജാഹിദുകളെ എതിര്‍ക്കാന്‍ വേണ്ടി ശിര്‍ക്കിന്റെ എല്ലാ ഹദീസുകളും സ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇബ്‌നു ഉമറിന്റെ(റ) കാല്‌ തരിച്ചപ്പോള്‍ യാ മുഹമ്മദ്‌ എന്ന്‌ വിളിച്ചു എന്നു പറയുന്ന ഹദീസിനെ വിത്‌റിലെ ഖുനൂത്ത്‌ സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ സ്ഥിരപ്പെടുത്തുകയുണ്ടായി. കാരണം ഈ ഹദീസ്‌ ദുര്‍ബലമാണെന്നതിന്‌ നാം ചൂണ്ടിക്കാണിച്ച ദുര്‍ബലനായ നിവേദകന്‍ തന്നെയാണ്‌ വിത്‌റിലെ ഖുനൂത്തും ഉദ്ധരിക്കുന്നത്‌.

അബ്‌ദുര്‍റഹ്‌മാനുബ്‌നു സൈദുല്‍ അസ്‌ലമിനെ സംബന്ധിച്ച്‌ ഹദീസ്‌ പണ്ഡിതന്മാര്‍ പറയുന്നതു കാണുക: ഇമാം അഹ്‌മദ്‌(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്‌. ഇബ്‌നു മഈന്‍(റ)പറയുന്നു: ഇയാളുടെ ഹദീസുകള്‍ പരിഗണനയര്‍ഹിക്കുന്നില്ല. ഇമാം ബുഖാരിയും അബൂഹാതിമും(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണെന്ന്‌ അലിയ്യുബ്‌നു മദീനി പ്രഖ്യാപിച്ചിരിക്കുന്നു. സൈദിന്റെ സന്താനങ്ങളെല്ലാം ദുര്‍ബലരാണെന്ന്‌ ഇബ്‌നുഖുസൈമ(റ) പറയുന്നു. അറിവുള്ളവര്‍ അയാളുടെ ഹദീസുകള്‍ ഉദ്ധരിക്കാറില്ല. ഇമാം സാജി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കേണ്ടതാണ്‌. ഇമാം ത്വഹാവി(റ) പറയുന്നു: ഹദീസ്‌ പണ്ഡിതന്മാരുടെ അടുത്ത്‌ ഇയാളുടെ ഹദീസുകള്‍ അങ്ങേയറ്റം ദുര്‍ബലമാണ്‌. ഹാകിം(റ) പറയുന്നു: ഇയാള്‍ തന്റെ പിതാവില്‍ നിന്ന്‌ നിര്‍മിത ഹദീസുകള്‍ ഉദ്ധരിക്കാറുണ്ട്‌.

ഇബ്‌നുജൗസി(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ ഏകോപിച്ച്‌ അഭിപ്രായപ്പെടുന്നു.'' (തഹ്‌ദീബ്‌, മീസാന്‍)

ഉദാ: 2). തൗഹീദിന്‌ നിരവധി ശാഖകളുണ്ട്‌. വഴിയിലെ തടസ്സം നീക്കംചെയ്യല്‍ അതിന്റെ ശാഖയാണെന്ന്‌ നബി(സ) വിശദീകരിച്ചുവെന്ന്‌ പറയുന്ന റിപ്പോര്‍ട്ട്‌ (ഭിന്നിപ്പ്‌ വാരിക -2011 ജൂണ്‍ 3, പേജ്‌ 12) നബി(സ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയതാണ്‌.

3). സംസം രോഗത്തിന്‌ ശമനമാണെന്ന്‌ പഠിപ്പിച്ച്‌ പ്രവാചകന്‍ അത്‌ രോഗികള്‍ക്ക്‌ കുടിക്കാന്‍ നല്‌കാറുണ്ടായിരുന്നുവെന്ന്‌ പത്‌നി ആഇശ(റ) പറയുന്നു (ബുഖാരി). സംസം കൊണ്ട്‌ രോഗശമനം കിട്ടിയ എത്രയോ അനുഭവസ്ഥര്‍ നമുക്കു മുന്നിലുമുണ്ട്‌. (ഭിന്നിപ്പ്‌ വാരിക -2009 ജനുവരി 2, പേജ്‌ 11)

ഇമാം ബുഖാരിയുടെ പേരില്‍ ഇവര്‍ കളവ്‌ പറയുകയാണ്‌. ബുഖാരിയില്‍ ഇപ്രകാരം ഒരു ഹദീസില്ല. സംസം രോഗത്തിന്‌ ശമനമാണെന്ന്‌ നബി(സ) പറഞ്ഞ ഒരൊറ്റ ഹദീസും മറ്റു ഹദീസുഗ്രന്ഥങ്ങളിലും സ്വഹീഹായി വന്നിട്ടില്ല.

4). ``റസൂല്‍(സ) സംസം വെള്ളം കുടിച്ചു. അവിടുന്നു പറഞ്ഞു: അതനുഗൃഹീതമാണ്‌. വിശപ്പിന്‌ ഭക്ഷണമാണ്‌. രോഗത്തിനു ശമനമാണ്‌ (മുസ്‌ലിം).'' (ഇസ്‌ലാമിക കര്‍മപാഠങ്ങള്‍, ആറാം തരത്തിലേക്ക്‌ കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിദ്ധീകരണം, മുജാഹിദ്‌ സെന്റര്‍, പേജ്‌ 80). ഇമാം മുസ്‌ലിമിന്റെ പേരില്‍ ഇവര്‍ കല്ലുവെച്ച നുണ മദ്‌റസാ പാഠപുസ്‌തകത്തിലും എഴുതുന്നു. മുസ്‌ലിമില്‍ സംസം രോഗത്തിന്‌ ശമനമാണെന്ന്‌ പറയുന്ന ഭാഗം ഉദ്ധരിക്കുന്നില്ല. മറ്റൊരു ഹദീസ്‌ ഗ്രന്ഥത്തിലും സ്വഹീഹായി നിവേദനം ചെയ്യുന്നുമില്ല.

5). സംസം വെള്ളം എന്തിനു വേണ്ടി കുടിച്ചുവോ അതിനു അതുപകരിക്കുന്നതാണ്‌ (ദാറഖുത്വ്‌നി, ഹാക്കിം), (അതേപുസ്‌തകം, പേജ്‌ 80), ഈ ഹദീസിനെക്കുറിച്ച്‌ അല്‍ബാനി പോലും പറയുന്നത്‌ അടിസ്ഥാനരഹിതവും മനുഷ്യനിര്‍മിതവുമായ (ബാത്വിലുല്‍ മൗളൂഉം) ഹദീസ്‌ എന്നാണ്‌. എന്നിട്ടുപോലും മദ്‌റസാ പാഠപുസ്‌തകത്തില്‍ ഇവര്‍ ഈ ഹദീസ്‌ സ്വഹീഹാക്കി ഉദ്ധരിക്കുന്നു.

6). അല്ലാഹുവിന്‌ അവന്‍ അനുവദിച്ച കാര്യങ്ങളില്‍ ഏറ്റവും കോപകരമായത്‌ വിവാഹമോചനമാണ്‌. (അബൂദാവൂദ്‌, ഹാകിം). ഇതില്‍ പറയപ്പെട്ട റിപ്പോര്‍ട്ടര്‍മാരെല്ലാം വിശ്വസ്‌തതരാണെങ്കിലും അല്ലാഹു അനുവദിച്ച ഒരു കാര്യം ഒരിക്കലും അവനു വെറുപ്പുള്ളതാകുകയില്ല. ആശയപരമായി വിമര്‍ശന വിധേയയായ ഒരു ഹദീസാണിതെന്ന്‌ പറഞ്ഞു കെ കെ സകരിയ്യ സ്വലാഹി സ്വഹീഹായ ഈ ഹദീസിനെ ഇദ്ദേഹത്തിന്റെ ബുദ്ധിക്ക്‌ എതിരായതിനാല്‍ ദുര്‍ബലമാക്കുന്നു. (അല്‍മനാര്‍ മാസിക -2005 ഫെബ്രുവരി, പേജ്‌ 10,12)

7). അംറുബിന്‍ ശുഐബ്‌ തന്റെ പിതാവില്‍ നിന്ന്‌ ഉദ്ധരിക്കുന്ന സര്‍വ ഹദീസുകളും ദുര്‍ബലമാണെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ മാസിക -1999 ജനുവരി, പേജ്‌ 25,26). ഈ തത്വ പ്രകാരം സ്വഹീഹായ ദശക്കണക്കിന്‌ ഹദീസുകളെ ഇവര്‍ ദുര്‍ബലമാക്കുന്നു. പല വിഷയങ്ങളിലും നമുക്ക്‌ അവലംബം ഈ പരമ്പരയിലൂടെ വന്ന ഹദീസുകള്‍ മാത്രമാണ്‌.

8). വിത്‌റിലെ ഖുനൂതിനെ സംബന്ധിച്ച ദുര്‍ബലമായ ഹദീസുകളെ ഇവര്‍ സ്വഹീഹാക്കി വിത്‌റിലെ ഖുനൂത്ത്‌ സുന്നത്താണെന്ന്‌ പറയുന്നു (ഇസ്‌ലാഹ്‌ മാസിക -2006, ഒക്‌ടോബര്‍, പേജ്‌ 18, 2007 ഫിബ്രവരി, പേജ്‌ 14).

9). വെള്ളി ആഭരണം ധരിക്കല്‍ പുരുഷന്‌ അനുവദനീയമാണെന്ന്‌ ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ധാരാളം ഹദീസുകളില്‍ പ്രസ്‌താവിക്കുന്നു. എന്നിട്ടും ഇവരുടെ മദ്‌റസാ പാഠപുസ്‌തകത്തില്‍ ഈ ഹദീസുകളെയെല്ലാം ദുര്‍ബലമാക്കി ഇതിനെ ഹറാമാക്കുന്നു. (സ്വഭാവ പാഠങ്ങള്‍, നാലാം തരത്തിലേക്ക്‌, പേജ്‌ 42)

10). ഇമാം നിര്‍ത്തുന്ന നിശബ്‌ദ സമയങ്ങളിലാണ്‌ മഅ്‌മൂം ഫാതിഹ ഓതേണ്ടത്‌ (ഇസ്‌ലാമിക കര്‍മപാഠങ്ങള്‍, ആറാം തരത്തിലേക്ക്‌, കെ എന്‍ എം മതവിദ്യാഭ്യാസ ബോര്‍ഡ്‌, മുജാഹിദ്‌ സെന്റര്‍, കോഴിക്കോട്‌)

മുഅ്‌മൂമിന്‌ ഫാതിഹ ഓതേണ്ടതിന്‌ ഇമാം നിശ്ശബ്‌ദത പാലിക്കണമെന്ന്‌ മനുഷ്യനിര്‍മിതമായ ഒരു ഹദീസില്‍ പോലും പറയുന്നില്ല. നബി(സ)ക്ക്‌ രണ്ട്‌ മൗനം ഉണ്ടായിരുന്നുവെന്ന്‌ പറയുന്ന ഹദീസില്‍ പോലും രണ്ടാമത്തെ മൗനം പിന്നിലുള്ളവര്‍ക്ക്‌ ഫാതിഹ ഓതാനാണെന്ന്‌ പറയുന്നില്ല. ഈ ഹദീസ്‌ പോലും ദുര്‍ബലമാണ്‌. അല്‍ബാനി പോലും ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ സ്ഥാപിക്കുന്നു.

11). റമദാനില്‍ വല്ലവനും യാതൊരു കാരണവുമില്ലാതെ നോമ്പ്‌ ഒരു ദിവസം മുറിച്ചാല്‍ ഒരു വര്‍ഷം അവന്‍ നോമ്പനുഷ്‌ഠിച്ചാലും പകരമാവുകയില്ലെന്ന്‌ നബി(സ) പ്രസ്‌താവിക്കുകയുണ്ടായി. ഈ ഹദീസ്‌ സ്വഹീഹായതാണ്‌. എന്നിട്ടും കെ കെ സകരിയ്യ സ്വലാഹി ഈ ഹദീസിനെ ദുര്‍ബലമാക്കി. (അല്‍മനാര്‍ മാസിക -2004 ഡിസംബര്‍)

12). എല്ലാറ്റിനും ഹൃദയമുണ്ട്‌. ഖുര്‍ആന്റെ ഹൃദയം യാസീനാണ്‌ എന്ന്‌ പറയുന്ന ഹദീസിനെ അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ സ്വഹീഹാക്കി ഉദ്ധരിച്ചു. സകരിയ്യ സ്വലാഹി ഈ ഹദീസിനെ വാറോലയാക്കി. (അല്‍മനാര്‍ മാസിക -2004 ഡിസംബര്‍)

13). ഇഅ്‌തികാഫ്‌ മൂന്ന്‌ പള്ളിയില്‍ മാത്രമേ സുന്നത്തുള്ളൂ എന്ന്‌ പറയുന്ന മനുഷ്യനിര്‍മിതമായ ഹദീസിനെ കെ കെ സകരിയ്യ സ്വലാഹി സ്വഹീഹാക്കി. അതിനാല്‍ നമ്മുടെ പള്ളികളില്‍ ഇഅ്‌തികാഫ്‌ ഇരിക്കല്‍ സുന്നത്തില്ലെന്ന്‌ ഇദ്ദേഹം ലഘുലേഖ ഇറക്കി രഹസ്യമായി വിതരണം ചെയ്‌തു. ചിലര്‍ക്ക്‌ ഇപ്രകാരം ഫത്‌വ നല്‌കുകയും ചെയ്‌തു.

14). ഇസ്‌ലാമിനോട്‌ മതിപ്പ്‌ ഉണ്ടാകാന്‍ വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യാമെന്ന്‌ ബുഖാരിയും മുസ്‌ലിമും ഏകോപിച്ച്‌ ഉദ്ധരിക്കുന്ന ധാരാളം ഹദീസുകളില്‍ പ്രസ്‌താവിക്കുന്നു. എന്നിട്ടും ഇവയെ അവഗണിച്ചുകൊണ്ട്‌ ഈ ഉദ്ദേശത്താല്‍ ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യല്‍ ഗോപ്യമായ ശിര്‍ക്കും ക്രിസ്‌ത്യാനികളുടെ ചര്യയും ഖുര്‍ആനിന്‌ എതിരാണെന്നും കെ കെ സകരിയ്യ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തു.

15). രണ്ടാം ജമാഅത്ത്‌ അനുവദനീയമാണെന്നും അതിന്‌ പുണ്യമുണ്ടെന്നും നബി(സ)യുടെ ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നു. എന്നിട്ടും ഇവര്‍ അതു അനുവദനീയമല്ലെന്നും നമസ്‌കാരം സ്വഹീഹായാല്‍ തന്നെ പുണ്യമില്ലെന്നും എഴുതി. (അല്‍മനാര്‍ മാസിക -2000 ജനുവരി, ഫിബ്രവരി)

16). വജ്ജഹ്‌തു... എന്ന പ്രാരംഭ പ്രാര്‍ഥന നബി(സ) നിര്‍ബന്ധ നമസ്‌കാരത്തില്‍ തന്നെ ചൊല്ലിയിരുന്നതായി ഹദീസുകളില്‍ സ്വഹീഹായി വന്നു. എന്നിട്ടും ഇവര്‍ സുന്നത്ത്‌ നമസ്‌കാരത്തിലാണ്‌ ഈ പ്രാര്‍ഥന നബി(സ) ചൊല്ലിയിരുന്നതെന്ന്‌ എഴുതി (ആറാം തരത്തിലേക്കുള്ള പാഠപുസ്‌തകം, പേജ്‌ 54)

17). നബി(സ) അഞ്ച്‌ നേരത്തെ നമസ്‌കാരത്തില്‍ നിന്ന്‌ സലാം വീട്ടുന്ന സന്ദര്‍ഭത്തില്‍ `വബറകാതുഹു' എന്ന്‌ ചൊല്ലിതയതായി പറയുന്നു. ഹദീസ്‌ ദുര്‍ബലമായിട്ടും ഇവര്‍ ഹദീസിനെ സ്വഹീഹാക്കി (അതേ പാഠപുസ്‌തകം, പേജ്‌ 71)

18). മയ്യിത്ത്‌ നമസ്‌കാരത്തില്‍ നാലാം തക്‌ബീറിന്‌ ശേഷവും നബി(സ) ദീര്‍ഘമായി തന്നെ പ്രാര്‍ഥിച്ചത്‌ ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടും ഈ തക്‌ബീറില്‍ പ്രാര്‍ഥിക്കണമെന്നില്ല എന്ന്‌ ഇവര്‍ എഴുതി. (ഇസ്വ്‌ലാഹി കര്‍മപാഠങ്ങള്‍, രണ്ടാം ഭാഗം, പേജ്‌ 67)

19). പിശാച്‌ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച്‌ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന്‌ പറയുന്ന ഹദീസുകളും നബി(സ) പിശാചിനോടു ഇറങ്ങി പോകാന്‍ കല്‌പിച്ചതിനാല്‍ ഒരു പെണ്‍കുട്ടിയുടെ അപസ്‌മാരരോഗം മാറിയെന്നും പ്ലേഗ്‌ രോഗം പിശാച്‌ ഉണ്ടാക്കുന്നതാണെന്നും പറയുന്ന സര്‍വ ഹദീസുകളും ദുര്‍ബലമായതായിട്ടും കെ കെ സക്കരിയ്യ ഇവയെ സ്വഹീഹാക്കി മുജാഹിദുകള്‍ക്കിടയില്‍ ശിര്‍ക്കുപരമായ അന്ധവിശ്വാസത്തെ സ്ഥാപിക്കുവാന്‍ തുടങ്ങി.

20). മഹ്‌ദി വരുമെന്ന്‌ പറയുന്ന ഹദീസുകള്‍ മുഴുവന്‍ ദുര്‍ബലവും ശീഅകള്‍ കെട്ടിയുണ്ടാക്കിയതും പരസ്‌പരം വൈരുധ്യം നിറഞ്ഞതുമായിട്ടും കെ കെ സകരിയ്യ ഇവയെ സ്വഹീഹാക്കുകയും ഇവ ദുര്‍ബലമാണെന്ന്‌ പറഞ്ഞ പൂര്‍വിക മുജാഹിദ്‌ പണ്ഡിതന്മാരെ വിമര്‍ശിക്കുകയും അവര്‍ അന്ധമായി തഖ്‌ലീദ്‌ ചെയ്യുന്നവരാണെന്ന്‌ എഴുതുകയും ചെയ്‌തു.

21). സ്‌ത്രീകള്‍ ജുമുഅക്കും ജമാഅത്തിനും പള്ളിയില്‍ പോകുന്നതിനെക്കാള്‍ ഉത്തമം വീട്ടില്‍ വെച്ച്‌ നമസ്‌കരിക്കലാണെന്ന്‌ പറയുന്ന ഹദീസുകളും ദുര്‍ബലവും നൂറിലധികം സ്വഹീഹായ ഹദീസുകള്‍ക്ക്‌ വിരുദ്ധവുമായിട്ടും ഇവര്‍ ഈ ഹദീസുകളെ സ്വഹീഹാക്കി. സ്‌ത്രീകള്‍ ജുമുഅക്കും ജമാഅത്തിനും പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ച്‌ നമസ്‌കരിക്കലാണ്‌ ഉത്തമമെന്ന്‌ മുജാഹിദ്‌ സെന്ററില്‍ നിന്ന്‌ വിതരണം ചെയ്യുന്ന പുസ്‌തകത്തില്‍ ഇവര്‍ ഇപ്പോള്‍ എഴുതി. ഈ കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തി നമുക്ക്‌ ചോദിക്കാം: ആരാണ്‌ ഹദീസ്‌ നിഷേധി?
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews