പി എം എ ഗഫൂര്‍
കേരള മുസ്‌ലിം സമൂഹത്തില്‍ ആദര്‍ശാധിഷ്‌ഠിത നവോത്ഥാനത്തിന്റെ തുകിലുണര്‍ന്നത് കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണത്തോടെയാണ്. സയ്യിദ് ഹമദാനി തങ്ങളില്‍ നിന്നും മക്തി തങ്ങളില്‍ നിന്നും ആരംഭിച്ച സാമൂഹ്യവിപ്ലവ ധാരയും വെളിയങ്കോട് ഉമര്‍ഖാദിയില്‍ നിന്നും മമ്പുറം തങ്ങളില്‍ നിന്നും ആരംഭിച്ച ആദര്‍ശ ജാഗരണ ധാരയും വക്കം മൗലവിയില്‍ നിന്നും ചാലിലകത്തില്‍ നിന്നും ആരംഭമിട്ട അക്ഷര വിപ്ലവധാരയും ഒന്നായലിഞ്ഞ്, സംഘരൂപം പ്രാപിച്ചതും ജംഇയ്യത്തുല്‍ ഉലമായുടെ രംഗപ്രവേശത്തോടെയായിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ ആരംഭത്തോടെ ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം ജനകീയ രൂപം കൈവരുകയുണ്ടായി.കേരള ജംഇയ്യത്തുല്‍ ഉലമാ, ഒരു പണ്ഡിത സംഘടന ആയിരിക്കുമ്പോള്‍ തന്നെ അതിന്റെ പരിമിതികള്‍ക്കപ്പുറം കടക്കാന്‍ ശ്രമിച്ചിരുന്നു. ഐക്യസംഘം പിന്‍വാങ്ങുകയും നദ്‌വത്ത് രംഗത്തില്ലാതിരിക്കുകയും ചെയ്‌ത 26 വര്‍ഷങ്ങള്‍ ജംഇയ്യത്തുല്‍ ഉലമായുടെ സുവര്‍ണകാലമായിരുന്നു. 1924ല്‍ ആലുവായില്‍ ചേര്‍ന്ന ഐക്യസംഘം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഉലമാകോണ്‍ഫറന്‍സില്‍ ഇ മൊയ്‌തു മൗലവിയാണ് ഇങ്ങനെയൊരു പണ്ഡിത സംഘടനയെ സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. കണ്ണൂര്‍ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ഇ കെ മൗലവി, പാലശ്ശേരി കമ്മു മൗലവി കുറ്റൂര്‍, സി അബ്‌ദുല്ല കോയ തങ്ങള്‍, കെ കെ മുഹമ്മദ് കുട്ടി മൗലവി, സി കെ മൊയ്‌തീന്‍കുട്ടി മൗലവി, പി എന്‍ മുഹമ്മദ് മൗലവി, പി പി ഉണ്ണിമൊയ്‌തീന്‍കുട്ടി മൗലവി, പാലോട് മൂസക്കുട്ടി മൗലവി, കെ എം മൗലവി, പി എം അബ്‌ദുല്‍ഖാദിര്‍ മൗലവി, ബി വി കോയക്കുട്ടി തങ്ങള്‍ തുടങ്ങിയ പണ്ഡിത പ്രതിഭകളുടെ കര്‍മശേഷിയുടെ വസന്തകാലമായിരുന്നു പിന്നീടുള്ള കാലം. കെ എം മൗലവി പ്രസിഡന്റും എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ജനറല്‍ സെക്രട്ടറിയുമായ വര്‍ഷങ്ങള്‍ ജംഇയ്യത്തിന്റെ ചരിത്രത്തിലെ തിളക്കമുള്ള കാലമാണ്. പുസ്‌തകപ്രസാധനവും പണ്ഡിത സംഗമങ്ങളും പ്രസിദ്ധീകരണങ്ങളും ഫത്‌വാബോര്‍ഡുമൊക്കെ വ്യവസ്ഥാപിതമാക്കിയത് ഇക്കാലത്താണ്. 1947 ജൂലൈ ഒന്നിന് പുളിക്കല്‍ മദീനത്തുല്‍ഉലൂം അറബിക്കോളെജ് സ്ഥാപിതമായതും ജംഇയ്യത്തുല്‍ ഉലമായുടെ മേല്‍നോട്ടത്തിലായിരുന്നു. പിന്നീട് മോങ്ങത്ത് വനിതാ കോളെജും സ്ഥാപിച്ചു. ഐക്യസംഘത്തിന്റെ സ്വാഭാവിക വളര്‍ച്ചയായിരുന്നു ജംഇയ്യത്തുല്‍ ഉലമാ എന്നതുപോലെ ജംഇയ്യത്തിന്റെ വികാസഘട്ടമായിരുന്നു 1950ല്‍ രൂപീകരിക്കപ്പെട്ട നദ്‌വത്തുല്‍ മുജാഹിദീന്‍.
പ്രഥമ പ്രസിഡന്റായ കണ്ണൂര്‍ പി അബ്‌ദുല്‍ഖാദിര്‍ മൗലവിക്ക് ശേഷം എന്‍ മമ്മു മൗലവി തൊടികപ്പുലം (1933-34), സയ്യിദ് അബ്‌ദുല്‍വഹ്‌ഹാബ് ബുഖാരി തങ്ങള്‍ (1934-35), കെ എം മൗലവി (1935-1950), മങ്കട ഉണ്ണീന്‍മൗലവി (1950-53), പി പി ഉണ്ണി മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി (1953-71), എം ശൈഖ് മുഹമ്മദ് മൗലവി (1971-77), കെ ഉമര്‍ മൗലവി (1977-79), പി സെയ്‌ദ് മൗലവി, കെ എന്‍ ഇബ്‌റാഹീം മൗലവി തുടങ്ങിയവര്‍ ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റുമാരായി.
കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ വരവ് പുതിയൊരു ഊര്‍ജപ്രവാഹത്തിനാണ് തുടക്കമിട്ടത്. നദ്‌വത്തിനെ സംബന്ധിച്ച് ജംഇയ്യത്തിന്റെ സ്വപ്‌നവും സങ്കല്‌പവും 1947 ഏപ്രില്‍ 12ന് ചേര്‍ന്ന ജംഇയ്യത്ത് വര്‍ക്കിംഗ് കമ്മിറ്റി മിനുട്‌സില്‍ ഇങ്ങനെ കാണാം: ``ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കുക എന്ന കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവര്‍ക്കും സംഘടിക്കാവുന്ന ഒരു അഖിലകേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുകയും അതിന് വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടി പരിശ്രമിച്ച് കഴിയുന്ന വേഗത്തില്‍ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കാന്‍ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.''
മൂന്നുവര്‍ഷത്തിനു ശേഷം കെ എം മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെ എന്‍ എം രൂപീകരിക്കുന്നത്. ആദ്യ യോഗത്തില്‍ വെച്ച് 24 പേര്‍ അംഗത്വം സ്വീകരിച്ചു. അവരില്‍ നിന്ന് 13 പ്രവര്‍ത്തകസമിതിയംഗങ്ങളെയും കെ എം മൗലവിയെ ആദ്യത്തെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി കെ മൂസാ മൗലവി, വി സെയ്‌ദുഹാജി, എന്‍ വി അബ്‌ദുസ്സലാം മൗലവി, എ കെ അബ്‌ദുല്ലത്തീഫ് മൗലവി, എം കുഞ്ഞോയി വൈദ്യര്‍, നെട്ടുല്‍ വീട്ടില്‍ അബ്‌ദുല്ല, എം കെ ഹാജി, കുന്നത്ത് മുഹമ്മദ്, എന്‍ കുഞ്ഞിത്തറുവായി ഹാജി, എം അഹ്‌മദ്‌കുഞ്ഞി ഹാജി, ഇ കെ മൗലവി എന്നിവരായിരുന്നു പ്രവര്‍ത്തകസമിതി അംഗങ്ങള്‍. കെ ഉമര്‍ മൗലവിയെയും പിന്നീട് പ്രവര്‍ത്തകസമിതിയിലേക്കെടുത്തു. എന്‍ വി അബ്‌ദുസ്സലാം മൗലവിയായിരുന്നു ജനറല്‍ സെക്രട്ടറി.
സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ ഏറെ ദുഷ്‌കരമായിരുന്ന കാലത്തും വ്യവസ്ഥാപിതമായ സംഘടനാ മാര്‍ഗങ്ങളിലൂടെ അവിശ്രമം അടരാടിയവരായിരുന്നു അക്കാലത്തെ നേതാക്കള്‍. സാമ്പ്രദായിക മതനേതൃത്വം ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന കാലമായതിനാല്‍ എതിര്‍പ്പിന്റെയും അവഗണനയുടെയും മൂര്‍ച്ചയേറിയിരുന്നു. `ഐക്യസംഘക്കാര്‍' എന്നും `സംഘക്കാര്‍' `വഹ്‌ഹാബികള്‍' എന്നുമൊക്കെയുള്ള വിളിപ്പേരില്‍ നിന്ന് `മുജാഹിദുകള്‍' എന്ന പുതുനാമം വന്നുചേരുന്നതും നദ്‌വത്തിന്റെ രൂപീകരണത്തോടെയായിരുന്നു. പ്രസ്ഥാനം സ്വയംതന്നെ ആ വിളിപ്പേര് സ്വീകരിച്ചതോടെ `മുജാഹിദ് പ്രസ്ഥാനം' രൂപപ്പെട്ടു. മൂഢവിശ്വാസങ്ങളുടെയും അന്ധാനുകരണത്തിന്റെയും ബലിപ്പുരകളില്‍ നിന്ന് സമുദായത്തെ പറിച്ചെടുക്കാനുള്ള പെടാപ്പാടിന്റ ആഴവും അധ്വാനവും പരിഗണിക്കുമ്പോള്‍ `മുജാഹിദ്' എന്ന പേര് എന്തുകൊണ്ടും പ്രസക്തമാണ്. അരീക്കോട്ട് രൂപീകൃതമായിരുന്ന ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരിന്റെ പ്രേരകമെന്ന് കെ പി മുഹമ്മദ് മൗലവി പിന്നീട് എഴുതിയിട്ടുണ്ട്.
ഐക്യസംഘത്തിന്റെയും ജംഇയ്യത്തിന്റെയും ചുവടുപിടിച്ച് നദ്‌വത്തും വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തിയിരുന്നു. കേവലമൊരു സംഘടനയില്‍ നിന്ന് പ്രസ്ഥാനരൂപത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടം കൂടിയായിരുന്നു ആ സമ്മേളനങ്ങള്‍. കുറ്റിച്ചിറ, ഒറ്റപ്പാലം, കല്‍പ്പകഞ്ചേരി, ബേപ്പൂര്‍, കൊച്ചി, കോഴിക്കോട് മുതലക്കുളം, മുഹമ്മദലി കടപ്പുറം, കിണാശ്ശേരി, എടവണ്ണ, തിരുനാവായ എന്നിവിടങ്ങളിലായിരുന്നു വാര്‍ഷിക സമ്മേളനങ്ങള്‍. 1968ല്‍ കൊച്ചി ഖദീജാഭായി നഗറില്‍ നടന്ന സമ്മേളനത്തോടെ വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് തിരശ്ശീര വീണു. പിന്നീട് അഞ്ച് വര്‍ഷത്തിന്നൊടുവിലുള്ള സംസ്ഥാന സമ്മേളനത്തിലേക്ക് രൂപം മാറി. കൊച്ചിയില്‍ നടന്ന അവസാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ട പഠനസമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. 1958ല്‍ കൊച്ചിയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തോടെയാണ് വനിതകള്‍ക്ക് പ്രത്യേകമായി സമ്മേളനം സംഘടിപ്പിച്ചുവന്നത്. കെ എം മൗലവി അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ എം ഹലീമാ ബീവിയെപ്പോലുള്ള മഹതികള്‍ ഉജ്വലമായി പ്രസംഗിച്ചത് അല്‍മനാര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള വിശ്രുതരായ പണ്ഡിതരും രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കളും കെ എന്‍ എം വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുത്തു.
1972 മെയ് 4,5,6,7 തിയതികളില്‍ കോഴിക്കോട്ടാണ് നദ്‌വത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. കോഴിക്കോട് ടൗണ്‍ഹാളും മാനാഞ്ചിറ മൈതാനവുമായിരുന്നു വേദികള്‍. സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ എക്‌സിബിഷന്‍ അന്നത്തെ പുതുമയായിരുന്നു. `ശിര്‍ക്കിനും ബിദ്‌അത്തിനുമെതിരെയുള്ള താക്കീത്' എന്ന ബാനറില്‍ നടന്ന എക്‌സിബിഷന്‍ ശാസ്‌ത്രബോധവും പുരോഗമന ചിന്തയും തൊട്ടുണര്‍ത്തുന്ന വിഭവങ്ങളും ചരിത്ര വസ്‌തുക്കളും കൊണ്ട് സമ്പന്നമായി.
1979 മാര്‍ച്ച് 8,9,10,11 തിയ്യതികളില്‍ പുളിക്കലായിരുന്നു രണ്ടാം സമ്മേളനം. മലബാര്‍-കൊച്ചി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ പഠനക്യാമ്പുകളടക്കമുള്ള ചെറിയ സമ്മേളനങ്ങളുടെ സമാപനമായിരുന്നു ആ സമ്മേളനം. എക്‌സിബിഷനു പുറമെ, പോഷക സംഘടനകളുടെ പ്രത്യേക സെഷനുകളും സംഘടിപ്പിച്ചു. അറേബ്യന്‍ പ്രതിനിധികളടക്കമുള്ള അതിഥികള്‍ പുളിക്കല്‍ സമ്മേളനത്തെ ശ്രദ്ധേയമാക്കി. മുജാഹിദ് പ്രസ്ഥാന ചരിത്രത്തില്‍ ഐതിഹാസികമായ അധ്യായമായി പുളിക്കല്‍ സമ്മേളനത്തെ അടയാളപ്പെടുത്താനുള്ള പ്രധാന കാരണം, അതില്‍ പങ്കുകൊണ്ട പ്രതിനിധികളാണ്. അന്നോളമുള്ള മുസ്‌ലിം സമ്മേളനങ്ങളില്‍ ഏറ്റവും വ്യത്യസ്‌തവും ജനപങ്കാളിത്തവുമുള്ള സമ്മേളനമെന്ന നിലയില്‍ പത്രങ്ങള്‍ പോലും വിലയിരുത്തി. പ്രസ്ഥാന വളര്‍ച്ചയുടെ ക്രമാനുഗതമായ വികാസത്തെ അത്രമേല്‍ അടയാളപ്പെടുത്താന്‍ രണ്ടാം സംസ്ഥാന സമ്മേളനത്തിന് സാധിച്ചു.
1982 ഫെബ്രുവരിയില്‍ ഫറോക്കിലായിരുന്നു മൂന്നാം സമ്മേളനം. 1987 ജനുവരിയില്‍ കുറ്റിപ്പുറത്തും 1992ല്‍ പാലക്കാട്ടും 1997ല്‍ കണ്ണൂര്‍ പിലാത്തറയിലും അടുത്ത സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. മറ്റൊരു സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു മുജാഹിദ് പ്രസ്ഥാനം ഇരുവിഭാഗങ്ങളായി വിഘടിച്ചത്. അതേ തുടര്‍ന്ന് ഒരേ പേരില്‍ രണ്ടു സമ്മേളനം കോഴിക്കോട്ടും, എറണാകുളത്തും സംഘടിപ്പിക്കപ്പെട്ടു. പുനരൈക്യത്തിലേക്കുള്ള ദൂരം വര്‍ധിച്ചതോടെ മറ്റൊരു അഞ്ചുവര്‍ഷത്തിനു ശേഷം രണ്ട് സമ്മേളനങ്ങള്‍ക്ക് കേരളം സാക്ഷിയായി. ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ എങ്ങനെയാണ് അനൈക്യത്തിന്റെ ശേഷിപ്പുകാരായത് എന്ന് നമുക്ക് പിന്നീട് പരിശോധിക്കാം. ഒരു നൂറ്റാണ്ടോളം നീണ്ട കഠിനാധ്വാനങ്ങളെയെല്ലാം ഒറ്റത്തീരുമാനം കൊണ്ട് തല്ലിക്കൊഴിച്ച ഓരോ കറുത്ത കരങ്ങളെയും കണ്ടെടുത്ത് ചരിത്രത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമേ ആ വലിയ ചോദ്യത്തിന് ഉത്തരം ലഭിക്കൂ.
വാദ പ്രതിവാദങ്ങള്‍
പ്രസ്ഥാന ചരിത്രത്തില്‍ `വാദപ്രതിവാദങ്ങള്‍' എന്ന പേരില്‍ നടന്ന ആശയസംവാദങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. മുജാഹിദ് സംഘടനയെ ഒരു ശാക്തിക ചേരിയാക്കി വികസിപ്പിക്കുന്നതിലും ആദര്‍ശപരമായ ആവേശം അണികള്‍ക്കിടയില്‍ പരയ്‌ക്കുന്നതിലും വാദപ്രതിവാദങ്ങള്‍ നിമിത്തമായിട്ടുണ്ടെങ്കിലും നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ വാദപ്രതിവാദത്തെ പ്രസ്ഥാനം പ്രചാരണ മാര്‍ഗമാക്കിയിട്ടുള്ളൂ. ആദര്‍ശവിരുദ്ധരോട് നേര്‍ക്കുനേരെ പ്രമാണബദ്ധമായി പ്രതികരിക്കാന്‍ മുജാഹിദുകള്‍ തയ്യാറായത് സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുന്നത് സ്വാഭാവികം. അന്നോളം അസത്യവാദികളെന്ന് പരമ്പരാഗത നേതൃത്വം പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതിനാല്‍ മുജാഹിദ് ആദര്‍ശങ്ങളോടും സംഘടനയോടും ആളുകള്‍ അകന്നുനിന്നിരുന്നു. പ്രസിദ്ധരായ മുസ്‌ലിയാക്കളോട് നേര്‍ക്കുനേര്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി വരാന്‍ മാത്രം എന്തൊരു ധൈര്യമാണ് ഇവര്‍ക്കുള്ളതെന്ന അന്വേഷണം പലരെയും മുജാഹിദ് അനുഭാവികളാക്കുകയായിരുന്നു. തൗഹീദ്, തവസ്സുല്‍, ഇസ്‌തിഗാസ, നമസ്‌കാരത്തിലെ കൈ കെട്ടല്‍, തറാവീഹ് റക്‌അത്തുകള്‍, സ്വുബ്‌ഹിലെ ഖുനൂത്ത്, സ്‌ത്രീ പള്ളിപ്രവേശം തുടങ്ങിയവയെല്ലാം വാദപ്രതിവാദങ്ങള്‍ക്ക് ചര്‍ച്ചാ വിഷയമായിത്തീര്‍ന്നു.
ഏറ്റവും ശ്രദ്ധേയമായ വാദപ്രതിവാദം 1951ല്‍ പൂനൂരിലാണ് നടന്നത്. സുന്നി പക്ഷത്തുനിന്ന് പതി അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാരും മുജാഹിദില്‍ നിന്ന് എ അലവി മൗലവിയുമാണ് അന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അല്ലാഹുവിനോട് നേരിട്ട് പ്രാര്‍ഥിക്കാതെ മഹാത്മാക്കളെയും മറ്റും വിളിച്ച് പ്രാര്‍ഥിക്കല്‍ അനുവദനീയമാണോ എന്ന ഒറ്റ വിഷയത്തിലാണ് ആ വാദപ്രതിവാദം നടന്നത്. പിന്നീട് നെടിയിരുപ്പ്, ചെറുകോട്, കുണ്ടുതോട്, വണ്ടൂര്‍, ആമയൂര്‍, നന്തി, പാലക്കാട്, പുത്തൂര്‍, താനാളൂര്‍, ആലുവ, കുറ്റിച്ചിറ, കൊട്ടപ്പുറം, വാഴക്കാട് തുടങ്ങിയ സ്ഥലങ്ങളിലും വാദപ്രതിവാദങ്ങളും ഖണ്ഡന പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1974ല്‍ കുറ്റിച്ചിറയിലാണ് ഏറ്റവും ദീര്‍ഘമായ വാദപ്രതിവാദം നടന്നത്. തുടര്‍ച്ചയായ 12 ദിവസങ്ങളായിരുന്നു അത്. കണ്ണൂര്‍, തലശ്ശേരി, കീഴുപറമ്പ്, ഇരിവേറ്റി എന്നിവിടങ്ങളില്‍ വാദപ്രതിവാദത്തിനുള്ള വ്യവസ്ഥ എഴുതി ഒപ്പിട്ടുവെങ്കിലും വ്യത്യസ്‌ത കാരണങ്ങളാല്‍ നടക്കാതെപോയി.
എ അലവി മൗലവി, കെ സി അബൂബക്കര്‍ മൗലവി, സി പി ഉമര്‍ സുല്ലമി, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ് മൗലവി തുടങ്ങിയ പണ്ഡിതന്മാര്‍ വാദപ്രതിവാദ സ്റ്റേജുകളില്‍ ശോഭിച്ചവരാണ്. 1983ല്‍ കൊട്ടപ്പുറത്ത് നടന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി നടന്ന വാദപ്രതിവാദം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നാട്ടിക വി മൂസ മുസ്‌ലിയാര്‍ ആയിരുന്നു സുന്നിപക്ഷത്തെ മറ്റൊരു പ്രമുഖന്‍. കെ എന്‍ എമ്മിനെ പ്രതിനിധീകരിച്ച് സി പി ഉമര്‍ സുല്ലമി വിഷയമവതരിപ്പിക്കുകയും എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയും ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ് മൗലവിയും ചോദ്യോത്തരം നയിക്കുകയും ചെയ്‌തു.
മുത്തന്നൂര്‍ പള്ളിക്കേസ്
സാമ്പ്രദായിക വിഭാഗങ്ങളില്‍ നിന്ന് അതിശക്തമായ എതിര്‍പ്പും ബഹിഷ്‌കരണവുമാണ് മുജാഹിദുകള്‍ക്ക് ആദ്യകാലത്ത് നേരിടേണ്ടിവന്നത്. എതിരാളികളോളം ശക്തി പ്രാപിക്കുന്നതുവരെ കൊടിയ പീഡനങ്ങളും നിര്‍ദയമായ ഊരുവിലക്കും മുജാഹിദുകള്‍ക്ക് അനുഭവിക്കേണ്ടിവന്നു. പരമ്പരാഗതമായി സൂക്ഷിച്ചുപോന്ന വിശ്വാസവ്യതിയാനങ്ങളെ തുറന്നെതിര്‍ത്തതോടെ പൊതു മുസ്‌ലിംധാരയുടെ എതിര്‍പക്ഷത്താണ് മുജാഹിദുകള്‍ എന്ന പ്രചാരണത്തിന് വേഗതകിട്ടി. അത്തരമൊരു പ്രചാരണ യുദ്ധത്തിന്റെ സ്വഭാവിക പരിണാമമാണ് 1954ല്‍ മഞ്ചേരിക്കടുത്ത മുത്തന്നൂരിലും സംഭവിച്ചത്.
പുരോഗമനാശയക്കാരനായിരുന്ന മൊയ്‌തീന്‍കുട്ടി മൊല്ലയുടെ മയ്യിത്ത് മഹല്ല് ഖബ്‌ര്‍ സ്ഥാനില്‍ മറവുചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് മുത്തനൂര്‍ സംഭവം. എന്തു വിലനല്‍കിയും അതേ ഖബ്‌ര്‍സ്ഥാനില്‍ തന്നെ മറവുചെയ്യും എന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. മയ്യിത്ത് മറവുചെയ്യാതെ അവര്‍ നിയമയുദ്ധം ആരംഭിക്കുകയും ചെയ്‌തു. ഒരാഴ്‌ചയോളം നീണ്ടുപോയെങ്കിലും 144-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം അതേ ഖബ്‌ര്‍സ്ഥാനില്‍ പോലീസ് സാന്നിധ്യത്തില്‍ മൊയ്‌തീന്‍കുട്ടി മൊല്ലയുടെ മയ്യിത്ത് മറവു ചെയ്‌തു. ഇതിനെതിരെ പള്ളിക്കമ്മിറ്റി മഞ്ചേരി മുന്‍സിഫ് കോടതിയില്‍ `അന്യായം' ഫയല്‍ ചെയ്‌തു. മുജാഹിദുകള്‍ കാഫിറുകളാണെന്നും കാഫിറുകളുടെ മയ്യിത്ത് മുസ്‌ലിം ശ്‌മശാനത്തില്‍ മറവ് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു പള്ളികമ്മിറ്റിയുടെ വാദം.
മുജാഹിദിലെയും സുന്നിയിലെയും പ്രഗത്ഭര്‍ അണിനിരന്ന ഈ കേസ് അഞ്ചുവര്‍ഷം നീളുകയും ഒടുവില്‍ മുജാഹിദുകള്‍ക്ക് അനുകൂലമായി-അന്യായം കോടതി തള്ളിക്കളഞ്ഞു. കേരളത്തിലെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരുന്നു ഈ വിധി.
എതിര്‍പ്പിന്റെ ശക്തിയില്‍ ഇന്നും അയവുവന്നിട്ടില്ലെങ്കിലും മുജാഹിദുകളെ കാഫിറുകളാക്കുന്ന രീതിയിലൊക്കെ സാരമായ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. പേശീ ബലത്തില്‍ ആരംഭിച്ച എതിര്‍പ്പ് ഇന്ന് ഹൈ ടെക് വല്‍ക്കരിക്കപ്പെട്ടുവെന്നു മാത്രം. പഴയ യാഥാസ്ഥിതിക നേതൃത്വത്തെക്കാള്‍ സമര്‍ഥമായി വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പുതിയ പ്രഭാഷകരും പ്രസിദ്ധീകരണങ്ങളും തയ്യാറാകുന്നുണ്ട്. മുജാഹിദുകള്‍ അധ്വാനിച്ച് പാകപ്പെടുത്തിയ മണ്ണില്‍ അതിസുന്ദരമായ വിത്തിറക്കുമ്പോഴും മുളപ്പിച്ചെടുക്കുമ്പോഴും ചരിത്രബോധത്തിന്റെ പാകത സൂക്ഷിക്കാന്‍ യാഥാസ്ഥിതികര്‍ക്ക് കഴിയാറില്ല. പഴയകാലത്തെ പിന്തിരിപ്പന്‍ വാദങ്ങളെ മുഴുവന്‍ സിദ്ധാന്തവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും പുതിയ നേതൃത്വത്തിന്റെ ഇഷ്‌ടവിനോദമാണ്. എത്ര കിടന്ന് പിടഞ്ഞിട്ടും പഴയ ചേറും ചെളിയും കുടഞ്ഞെറിയാന്‍ കഴിയുന്നില്ലെന്നുമാത്രം.
കെ എം മൗലവിക്കു ശേഷം (1950-64) എം ശൈഖ് മുഹമ്മദ് മൗലവി (1964-70), കൊല്ലങ്കണ്ടി മമ്മു സാഹിബ് ബാലുശ്ശേരി (1970-71), സാലെ മുഹമ്മദ് ഇബ്‌റാഹീം സേട്ട് (1971-76) കെ എ സുലൈമാന്‍ സാഹിബ് (1976-93), ഡോ എം ഉസ്‌മാന്‍ (1993-1999), പി എസ് അബ്‌ദുര്‍റഹ്‌മാന്‍ കോയ (1999-2000) തുടങ്ങിയവര്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റുമാരായി. എന്‍ വി അബ്‌ദുസ്സലാം മൗലവിയ്‌ക്കുശേഷം (1950-51), എ കെ അബ്‌ദുല്ലത്തീഫ് മൗലവിയും (1951-71), കെ പി മുഹമ്മദ് മൗലവിയും (1971-94) ജനറല്‍ സെക്രട്ടറിമാരായി. സംഘടനാ പ്രതിസന്ധിക്കു ശേഷം രൂപ്പപെട്ട പുതിയ കെ എന്‍ എമ്മിന് എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, പ്രഫ. മങ്കട അബ്‌ദുല്‍അസീസ്, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ഇ കെ അഹ്‌മദ്‌കുട്ടിയും സി പി ഉമര്‍ സുല്ലമിയുമാണ് ഇപ്പോള്‍ കെ എന്‍ എം പ്രസിഡന്റും, ജനറല്‍ സെക്രട്ടറിയും. പ്രഫ. അബ്‌ദുല്‍ഹമീദ് മദീനിയാണ് കേരള ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷന്‍. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ജനറല്‍ സെക്രട്ടറിയും.
ഊര്‍ജസ്വലമായ സംഘാടന വൈഭവത്തോടെയും കര്‍മനിരതമായ കാല്‍വെപ്പുകളോടെയും ആസൂത്രണത്തികവുള്ള ഭക്തനേതൃത്വത്തിനു കീഴില്‍ പുതിയ മുന്നേറ്റങ്ങളിലേക്ക് കുതിക്കുകയാണ് കെ എന്‍ എം. പോഷക ഘടകങ്ങളായ ഐ എസ് എം, എം എസ് എം, എം ജി എം എന്നിവക്കുപുറമെ കേരള മുസ്‌ലിം സമൂഹത്തിന് കെ എന്‍ എം നല്‍കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നാണ് വിദ്യാഭ്യാസ വിഭാഗമായ സി ഐ ഇ ആര്‍. മുജാഹിദേതര പാഠശാലകള്‍ക്കു പോലും പ്രിയങ്കരമായ പാഠപുസ്‌തകങ്ങളിലൂടെയും ബോധനസമീപനങ്ങളിലൂടെയും സി ഐ ഇ ആര്‍ മികവ് പുലര്‍ത്തുന്നു. നൂറുകണക്കിന് പള്ളികളും മദ്‌റസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവകാരുണ്യ കേന്ദ്രങ്ങളും കെ എന്‍ എമ്മിനു കീഴില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തനരംഗത്ത് സജീവമാക്കുന്നു. സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രബോധന പ്രവര്‍ത്തനത്തിലും പ്രസ്ഥാനം കാര്യമായ ശ്രദ്ധ ചെലുത്തുന്നു. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയായ ശബാബ്, പുടവ കുടുംബമാസിക, അത്തൗഹീദ് ദൈ്വമാസിക, അന്നഹ്‌ദ അറബി മാസിക എന്നിവ പ്രസ്ഥാനത്തിനു കീഴിലെ അക്ഷര പ്രകാശങ്ങളാണ്. വര്‍ത്തമാനം പ്രസ്ഥാന പ്രവര്‍ത്തകരാല്‍ നടത്തപ്പെടുന്ന ദിനപത്രമാണ്. പത്തിലധികം വെബ്‌സൈറ്റുകളും യുവത ബുക് ഹൗസും, നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് ഗ്രൂപ്പുകളും പ്രസ്ഥാനത്തിന്റെ കീഴില്‍ സജീവമാണ്.
കേരള മുസ്‌ലിം സംഘടനകളില്‍ ഇദംപ്രഥമമായി അന്ധര്‍ക്കും ബധിരര്‍ക്കുമുള്ള കൂട്ടായ്‌മ ആരംഭിച്ചത് മുജാഹിദ് യുവനജ സംഘടനയായ ഐ എസ് എം ആണ്. 500ലേറെ സ്ഥിരാംഗങ്ങളുള്ള ഈ കൂട്ടായ്‌മ, ഇസ്‌ലാമിക ലോകത്തിനു തന്നെ പുതുമയുള്ളതാണ്. സമകാല സമൂഹത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞ്, നവോത്ഥാന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനുള്ള ശിക്ഷണ കേന്ദ്രമാണ് കെ എന്‍ എമ്മിനു കീഴിലുള്ള `ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റി'. `കാരുണ്യത്തിന്റെ കേരള മാതൃക' എന്ന് ലോകമെങ്ങും വിശേഷിപ്പിക്കപ്പെടുന്ന പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിയുടെ പിന്നിലെ ഊര്‍ജശക്തി മുജാഹിദ് പ്രവര്‍ത്തകരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ ഇസ്വ്‌ലാഹീ സെന്ററുകള്‍ക്കു പുറമെ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ എന്ന ദേശീയ നേതൃത്വവും കെ എന്‍ എമ്മിന് ശക്തി പകരുന്നു.
സ്വാധീനം
``കേരളത്തിലെ പുരോഗമന മുസ്‌ലിംകളും അല്ലാത്തവരും തമ്മിലെ വ്യത്യാസം വെറും രണ്ടുകൊല്ലമാണ്'' എന്ന് ഈയിടെ ഒരു എഴുത്തുകാരന്‍ നിരീക്ഷിക്കുകയുണ്ടായി. പുരോഗമന പ്രസ്ഥാനം ഇന്നു ചെയ്‌തത് രണ്ട് കൊല്ലത്തിന് ശേഷം യാഥാസ്ഥിതികരും പിന്തുടരുമെന്നര്‍ഥം. ഏറെക്കുറെയൊക്കെ ഇത് സാക്ഷ്യപ്പെടുത്തിയ ചരിത്രമാണ് നമുക്ക് പിറകിലുള്ളത്.
മുസ്‌ലിം കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്വാധീനം ചരിത്രം അടയാളപ്പെടുത്തിയതാണ്. ആദര്‍ശത്തിലും കര്‍മരംഗത്തും നിലനിന്നിരുന്ന അഴുക്കും അന്ധാനുകരണവും നീക്കിയത് തീര്‍ച്ചയായും മുജാഹിദുകളാണ്. വിദ്യാഭ്യാസരംഗത്തും വൈജ്ഞാനിക മേഖലകളിലും ഈ സ്വാധീനം പ്രകടമാണ്. കടുത്ത മദ്‌ഹബ് പക്ഷപാതിത്വത്തിന് അടിപ്പെട്ടിരുന്ന മുസ്‌ലിം സമൂഹത്തിന് ഖുര്‍ആന്റെയും ഹദീസിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തിയത് ഈ പ്രസ്ഥാനമാണ്. സ്‌ത്രീ വിദ്യാഭ്യാസത്തില്‍ മുസ്‌ലിം കേരളം ഏറ്റവും കടപ്പെട്ടതും ഈ പ്രസ്ഥാനത്തോടു തന്നെ. സ്വാതന്ത്ര്യ സമരരംഗത്തും സ്വാതന്ത്ര്യാനന്തരം രാജ്യപുനര്‍നിര്‍മാണത്തിലും സക്രിയമായ പങ്ക് നിര്‍വഹിക്കുന്നതില്‍ മുജാഹിദുകള്‍ ശ്രദ്ധിച്ചു. മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനത്തിന് ആദര്‍ശാധിഷ്‌ഠിത അടിത്തറ ഒരുക്കുന്നതിലും വ്യാപനം നല്‍കുന്നതിലും മുജാഹിദുകള്‍ ജീവസ്സുറ്റ പങ്ക് നിര്‍വഹിച്ചു. അന്ധവിശഅവാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ പൊതുമനസ്സ് രൂപീകരിക്കപ്പെട്ടുവെന്നതു തന്നെയാണ് മുജാഹിദുകളുടെ മികച്ച വിജയം.
അതേസമയം ഏതൊരു നവോത്ഥാന പ്രസ്ഥാനത്തിലുമെന്നപോലെ ഇടര്‍ച്ചകളും പോരായ്‌മകളും ഈ പ്രസ്ഥാനത്തിനും സംഭവിച്ചിട്ടുണ്ടാകാം. അറബി മലയാളമടക്കമുള്ള കേരളീയ പാരമ്പര്യങ്ങളെ സ്‌നേഹാഭിവാദ്യങ്ങളോടെ അഭിമുഖീകരിച്ചതില്‍ മുജാഹിദ് പ്രസ്ഥാനത്തിന് തുടര്‍ച്ചകളുണ്ടായില്ല. ഒരു നവോത്ഥാന പ്രസ്ഥാനവും പൂര്‍ണമല്ല. തിരുത്തേണ്ടത് ചങ്കൂറ്റത്തോടെ തിരുത്തിയും ഇടര്‍ച്ചകളെ നെഞ്ചൂക്കോടെ തിരിച്ചറിഞ്ഞും ഇനിയുള്ള കാലത്തേക്കും നവോത്ഥാനശക്തിയുടെ സംഘവെളിച്ചം പ്രസരിപ്പിക്കാന്‍ ഇങ്ങനെയൊരു പ്രസ്ഥാനം ഇവിടെ അനിവാര്യമാണ്. ആഭ്യന്തര ജീര്‍ണതകളില്‍ നിന്ന് തളിര്‍ത്തുവന്ന പുതിയ ഇരുട്ടുകളെ ഭേദിക്കാന്‍ ഇങ്ങനെയൊരു വെളിച്ചം ഇവിടെ പ്രകാശിക്കണം. ഈ വെളിച്ചമില്ലായിരുന്നുവെങ്കില്‍ മുസ്‌ലിം കേരളം എത്ര ഇരുട്ടുകള്‍ക്കകത്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും തമ്മില്‍ അവര്‍ പോലുമറിയാതെ ആദര്‍ശപരമായ അവിശുദ്ധ ബന്ധം മുറുകിയ കാലമാണിത്. മതനവോത്ഥാന പ്രക്രിയയെ കേവല ബഹളങ്ങളില്‍ നിന്ന് മോചിപ്പിക്കേണ്ട ബാധ്യതയാണ് സാക്ഷാല്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഇവിടെ നിര്‍വഹിക്കാനുള്ളത്.