`വഹ്‌ഹാബികളെ' പഴിപറഞ്ഞാല്‍ സുന്നിഐക്യം നിലവില്‍വരുമോ?


സി അബ്‌ദുല്‍ജബ്ബാര്‍

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നൊരു വാര്‍ത്ത. ആള്‍ ഇന്ത്യ ഉലമാ ആന്റ്‌ മശാഇഖ്‌ സംഘടിപ്പിച്ച സുന്നി മഹാപഞ്ചായത്തിന്റെ ചര്‍ച്ചാവിഷയം, വഹാബി ചിന്താധാര മുസ്‌ലിം സമുദായത്തില്‍ ചെലുത്തുന്ന സ്വാധീനവും വെല്ലുവിളിയും ആയിരുന്നുവത്രെ. ഇതിന്‌ ടിപ്പണിയായി കേരളത്തില്‍ നിന്നുള്ള ഒരു മുസ്‌ല്യാരുടെ പ്രസ്‌താവനയും കണ്ടു. ഭീകരപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കാളിയാവുന്നതിന്റെ കാരണം വഹാബിസം പോലുള്ള ചിന്താധാരകളാണെന്നും സുന്നി ഐക്യമാണതിനുള്ള പോംവഴി എന്നുമാണ്‌ ടിയാന്റെ കണ്ടെത്തല്‍. കേരളക്കരയില്‍ മൂക്കിനു മുന്നില്‍ നടക്കുന്ന മഹത്തായ ജനസംഗമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മടിക്കുന്ന, പത്രസമ്മേളനം നടത്തിയതിന്റെ റിപ്പോര്‍ട്ടുപോലും പൂഴ്‌ത്തിവയ്‌ക്കാറുള്ള `ദേശീയ' മലയാള ദിനപത്രം മൊറാദാബാദ്‌ റിപ്പോര്‍ട്ട്‌ ജനറല്‍ പേജില്‍ പ്രധാന വാര്‍ത്തയായി അഞ്ചു കോളത്തില്‍ വെണ്ടയ്‌ക്ക നിരത്തി. ഈ കൂട്ടുകെട്ടുകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്‌.


ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. കശ്‌മീര്‍, ഉത്തര്‍പ്രദേശ്‌, ബീഹാര്‍, ഝാര്‍ഖണ്ട്‌, പശ്ചിമബംഗാള്‍, അസം തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളത്‌. തെക്കെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകളുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസപരമായി താഴ്‌ന്ന നിലവാരത്തിലാണ്‌. സാമൂഹികമായി അസംഘടിതരാണ്‌. സാമ്പത്തികമായി ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്‌. ഈയിടെ, പുറത്തുവന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശിപാര്‍ശകളും ഈ വസ്‌തുതയുടെ ആഴമറിയാന്‍ പര്യാപ്‌തമാണ്‌. മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കായി യു പി എ ഗവണ്‍മെന്റ്‌ മുന്നോട്ടുവച്ച കാര്യങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്‌. ഒരു സമൂഹമെന്ന നിലയില്‍ ദളിതരുടെയും പിന്നിലാണ്‌ മുസ്‌ലിംകള്‍.

ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷവും മതപരമായി നോക്കിയാല്‍ ഹനഫീ മദ്‌ഹബ്‌ പിന്‍പറ്റുന്നവരാണ്‌. കാര്യമായി ഒരു വിവരവുമില്ലാതെ പാരമ്പര്യവും നാട്ടുനടപ്പും കൈമുതലാക്കി `മിനിമം ഇസ്‌ലാമുമായി' ജീവിതം തള്ളിനീക്കുന്ന പാവങ്ങളാണധികവും. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ സലഫികളാണ്‌ കൂടുതലുള്ളത്‌. വിശ്വാസപരമായി ശിര്‍ക്ക്‌ ബിദ്‌അത്തുകളില്‍ നിന്ന്‌ ഏറെക്കുറെ മുക്തമാണെന്നതൊഴിച്ചാല്‍ സാമൂഹികരംഗത്ത്‌ അവരും മറ്റു മുസ്‌ലിംകളെപ്പോലെ പിന്നാക്കമാണ്‌. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഒരു ചെറിയ വിഭാഗം ശീഅകളുമുണ്ട്‌. വിശ്വാസപരമായും ആചാരപരമായും മുസ്‌ലിംകളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തരാണ്‌ ശീഅകളെങ്കിലും അവരും മുസ്‌ലിംകളായി അറിയപ്പെടുന്നു. ശീഅ വിഭാഗം പൊതുവില്‍ വിദ്യാഭ്യാസരംഗത്തും ഔദ്യോഗികരംഗത്തും മറ്റു മുസ്‌ലിംകളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. 1947ല്‍ ഇന്ത്യ വിഭജിക്കപ്പെടുന്ന സാഹചര്യത്തിന്റെ ചരിത്രപരമായ കാരണങ്ങളാണ്‌ മുസ്‌ലിംകളെ ഇത്രമാത്രം പിന്നാക്കം വലിച്ചത്‌. ബ്രിട്ടീഷുകാരുടെ നിലപാട്‌, മറ്റുള്ളവരില്‍ നിന്നുള്ള വിവേചനങ്ങള്‍, മുസ്‌ലിംകളുടെ അപകര്‍ഷതാബോധം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ പരിതാവസ്ഥയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട്‌ തന്നെയാണ്‌ ജസ്റ്റിസ്‌ സച്ചാര്‍ കമ്മീഷന്‍, ഈ സമൂഹത്തെ മുന്നോട്ടുകൊണ്ടുവന്നെങ്കിലേ ഭാരതത്തിന്റെ പുരോഗതി പൂര്‍ണമാകൂ എന്ന്‌ സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

ഇത്‌ വര്‍ത്തമാന ഇന്ത്യയിലെ മുസ്‌ലിം സ്ഥിതിയാണെങ്കില്‍ ഇതിന്നൊരു ചരിത്രപരമായ പശ്ചാത്തലമുണ്ട്‌. മൂന്നു നൂറ്റാണ്ടിലേറെ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭരണം കയ്യാളിയിരുന്ന മുസ്‌ലിം രാജാക്കന്മാരില്‍ നിന്നാണ്‌ പാശ്ചാത്യ കൊളോണിയല്‍ ഭരണത്തിലേക്ക്‌ ബ്രിട്ടീഷ്‌ ഇന്ത്യ നീങ്ങിയത്‌. ഭരണം കയ്യിലെത്തിയ ബ്രിട്ടീഷുകാര്‍ മുസ്‌ലിം സമൂഹത്തെ ശത്രുതയോടെ വീക്ഷിച്ചു. സ്വാഭാവികമായി മുസ്‌ലിംകള്‍ക്കുണ്ടായ സാമ്രാജ്യത്വ വിരോധവും ഭരണാധികാരികളുടെ വിവേചനപരമായ പെരുമാറ്റവും മുസ്‌ലിംകളെ അപകര്‍ഷതയിലേക്കും അരക്ഷിതത്വത്തിലേക്കും തദ്വാരാ അധസ്ഥിതിയിലേക്കും നയിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഇസ്‌ലാമിക ആദര്‍ശ ജാഗരണം അങ്കുരിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച ശാഹ്‌ വലിയ്യുല്ലാഹി ദ്ദഹ്‌ലവി (1703-1762) നയിച്ച നവോത്ഥാന സംരംഭം സയ്യിദ്‌ അഹ്‌മദ്‌ (1786-1831) ഏറ്റെടുത്തപ്പോള്‍ അതൊരു വലിയ ഇസ്‌ലാമിക മുന്നേറ്റമായിത്തീര്‍ന്നു. ഇതേ കാലത്തു തന്നെയാണ്‌ ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദില്‍വഹാബിന്റെ നേതൃത്വത്തിലുള്ള നവോത്ഥാനസംരംഭം അറേബ്യന്‍ ഉപദ്വീപില്‍ അരങ്ങേറിയത്‌. മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും സലഫിന്റെ മാര്‍ഗത്തിലേക്കും മടങ്ങുക, അതിലൂടെ നഷ്‌ടപ്രതാപങ്ങള്‍ വീണ്ടെടുക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം.

ഈ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സംഭവവികാസമുണ്ടായി. പ്രവാചകന്റെയും സ്വഹാബത്തിന്റെയും പ്രതാപത്തിലേക്കുള്ള സമുദായത്തിന്റെ പ്രയാണം എന്തുകൊണ്ടോ ഭരണാധികള്‍ ഭയപ്പെട്ടു. ഹിജാസില്‍ ഭരണം നടത്തിയിരുന്ന യാഥാസ്ഥിതിക തുര്‍ക്കികള്‍ ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദില്‍വഹാബിന്റെ നവോത്ഥാനത്തെയും ദല്‍ഹി സുല്‍ത്താന്മാര്‍ ശാഹ്‌ വലിയ്യുല്ലാഹിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെയും ഒരുപോലെ ഭയപ്പെടുകയും എതിര്‍ക്കുകയും ചെയ്‌തു. ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമുള്ള ക്ഷണം ഇസ്‌ലാമിന്നെതിരിലുള്ള പ്രവര്‍ത്തനമായി ചിത്രീകരിക്കുകയും അവരെ വഹ്‌ഹാബികള്‍ എന്ന്‌ വിളിച്ചാക്ഷേപിക്കുകയും ചെയ്‌തു. ഇന്ത്യയില്‍ സുല്‍ത്താന്മാര്‍ക്ക്‌ ശേഷം വന്ന ബ്രിട്ടീഷുകാര്‍ ശാഹ്‌ വലിയ്യുല്ലാഹിയുടെ ആദര്‍ശത്തില്‍ പ്രവര്‍ത്തിച്ച സയ്യിദ്‌ അഹ്‌മദിന്റെ ദീനീപ്രവര്‍ത്തനത്തെ വഹ്‌ഹാബി പ്രസ്ഥാനമെന്ന്‌ പേരിട്ടുവിളിക്കുകയും അതിശക്തമായി എതിര്‍ക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദും സയ്യിദ്‌ ഇസ്‌മാഈലും കൊളോണിയല്‍ ഭരണത്തിന്നെതിരെ ജിഹാദ്‌ പ്രസ്ഥാനം രൂപീകരിച്ചത്‌ ബ്രിട്ടീഷുകാരെ ഏറെ പ്രകോപിതരാക്കി. സംഭവബഹുലമായ ആറു വര്‍ഷത്തെ(1826-31) വഹാബി മൂവ്‌മെന്റ്‌ എന്ന്‌ ബ്രിട്ടീഷുകാര്‍ വിളിച്ച ജിഹാദീ പ്രസ്ഥാനത്തെ 1931ല്‍ സിക്കുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ നാമാവശേഷമാക്കി. പ്രസ്ഥാനത്തില്‍ അവശേഷിച്ച പലരെയും കൊളോണിയല്‍ സൈന്യം വേട്ടയാടി. പിന്നീട്‌ പലപ്പോഴായി മുജാഹിദീന്‍ സംഘവും ബ്രിട്ടീഷ്‌ സൈന്യവും ഏറ്റുമുട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക നാഴികക്കല്ലായ 1857ലെ ശിപ്പായി ലഹളയ്‌ക്ക്‌ ഉയിരും ഊര്‍ജവും നല്‍കിയത്‌ മുജാഹിദീന്‍ പോരാട്ടമായിരുന്നു.

ഇന്ത്യാ രാജ്യത്തോട്‌ സ്‌നേഹവും കൂറും പുലര്‍ത്തി ഇസ്‌ലാമിക ദഅ്‌വത്തിനോടൊപ്പം വൈദേശികാധിപത്യത്തോടും ഏറ്റുമുട്ടിയ മുജാഹിദുകളെ, തീവ്രവാദി, റിബല്‍ നിഷേധി തുടങ്ങിയ പദങ്ങളുടെ പര്യായമായി വഹ്‌ഹാബി എന്ന്‌ വിളിച്ചാക്ഷേപിക്കുന്നതിനെതിരെ മൗലവി മുഹമ്മദ്‌ ഉനൈസ്‌ (പഞ്ചാബ്‌) ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ പരാതി നല്‍കുകയും 1888ല്‍ ഇറക്കിയ നോട്ടിഫിക്കേഷനില്‍ വഹ്‌ഹാബി എന്ന പ്രയോഗം പാടില്ലെന്നും അഹ്‌ലേ ഹദീസ്‌ എന്ന്‌ പ്രയോഗിക്കണമെന്നും നിഷ്‌കര്‍ഷിക്കുകയുമുണ്ടായി. യാഥാസ്ഥിതികമായി തുര്‍ക്കികളും രാഷ്‌ട്രീയമായി ബ്രിട്ടീഷുകാരും നല്‍കിയ ചീത്തപ്പേരു തന്നെ സ്വതന്ത്ര ഇന്ത്യയില്‍ തികച്ചും ആത്മീയവും മതപരവുമായ കാര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെയും, നിര്‍ഭാഗ്യവശാല്‍ പലരും വിളിച്ചുവരുന്നു. ഭരണാധികാരവും രാഷ്‌ട്രീയവുമായി നേരിട്ട്‌ ഒരിക്കലും ബന്ധപ്പെടാത്ത കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഇവിടുത്തെ യാഥാസ്ഥിതികര്‍ ആക്ഷേപിക്കാനുപയോഗിച്ചതും വഹ്‌ഹാബികള്‍ എന്ന പേരുതന്നെയാണെന്നത്‌ കേവലം യാദൃച്ഛികമാവാന്‍ തരമില്ല.

ചരിത്രപരമായ ഈ യാഥാര്‍ഥ്യങ്ങള്‍ വിസ്‌മരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്‌തുകൊണ്ട്‌ ഈ ആധുനിക കാലത്തും ചില മുസ്‌ല്യാന്മാര്‍ വഹ്‌ഹാബിസവും തീവ്രവാദവും ആരോപിച്ച്‌, ഇസ്‌ലാഹീ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ വരുന്നതിലെ ഒളിയജണ്ട എന്തെന്ന്‌ വിവേകവും ചരിത്രബോധവുമുള്ളവര്‍ക്ക്‌ അജ്ഞാതമല്ല. അതും വിശദമായ വിലയിരുത്തലിനു വിധേയമാക്കേണ്ടതുണ്ട്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലനിന്ന കേരള മുസ്‌ലിംകള്‍ക്കിടയിലെ ഇരുണ്ട യുഗത്തെ ഒരു നൂറ്റാണ്ടു നീണ്ടുനിന്ന `ജിഹാദി'ലൂടെ വിശുദ്ധ ഖുര്‍ആനിന്റെ പ്രകാശംകൊണ്ട്‌ ദീപ്‌തമാക്കിയ നവോത്ഥാന സംരംഭത്തിനെതിരെ തീവ്ര യാഥാസ്ഥിതികത ആദ്യം പുറംതിരിഞ്ഞുനിന്നു. പിന്നെ അതിശക്തമായി ആക്രമിച്ചു. `തെളിവിന്റെ' മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പതറിയ യാഥാസ്ഥിതികതയെയും കൊണ്ട്‌ കാലത്തിന്റെ സൂചി മുന്നോട്ട്‌ നീങ്ങി. നേതൃത്വത്തിന്റെ ജഡത്വത്തെ `ചോദ്യം ചെയ്യാതെ' ജനം മാറ്റം ഉള്‍ക്കൊണ്ടു. ഉറക്കില്‍ നിന്ന്‌ കണ്ണുതിരുമ്മി എണീറ്റ യാഥാസ്ഥിതിക നേതൃത്വം പരിസരം തിരിച്ചറിഞ്ഞ്‌ ബുദ്ധിപൂര്‍വം മെനഞ്ഞെടുത്തതായിരുന്നു `നവോത്ഥാനത്തിന്റെ പുനര്‍വായന'. അതിലവര്‍ പുനര്‍വായിച്ചത്‌ തങ്ങള്‍ പുരോഗമനത്തിന്‌ ഒരിക്കലും എതിരുനിന്നിട്ടില്ല എന്ന്‌ മാത്രമല്ല, സമുദായത്തിന്റെ ഉന്നമനത്തിന്‌ തങ്ങളാണ്‌ നേതൃത്വം കൊടുത്തത്‌ എന്നായിരുന്നു. ആ അവകാശവാദം ഫലിച്ചുവോ എന്ന സംശയം അവരെ വേട്ടയാടി. ഇപ്പോഴിതാ പുതിയ മരുന്നുമായി രംഗത്തിറങ്ങിയിരിക്കുന്നു; തീവ്രവാദം. ഇത്‌ വീര്യം കൂടിയ മരുന്നാണ്‌. ``വഹ്‌ഹാബി ചിന്താധാര പ്രചരിച്ചതാണ്‌ മുസ്‌ലിം തീവ്രവാദത്തിനു കാരണം. സുന്നികളുടെ ഐക്യമാണതിന്‌ പരിഹാരം'' -ഇതാണ്‌ പുതിയ ആഹ്വാനത്തിന്റെ ചുരുക്കം.
ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കുക; ചരിത്രത്തിലേക്ക്‌. ദേശീയ ധാരയില്‍ ലയിച്ചുചേര്‍ന്ന്‌ സ്വാതന്ത്ര്യസമരത്തിന്‌ മുന്നില്‍നിന്ന ഇ മൊയ്‌തു മൗലവി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരത്തും ഇസ്വ്‌ലാഹീ പ്രസ്ഥാത്തിന്റെ നേതൃത്വത്തിലും വിരാജിച്ച മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ പുരോഗതിയിലേക്ക്‌ ചൂട്ടുകാണിച്ച വക്കം മൗലവി, ന്യൂനപക്ഷ ക്ഷേമവും ദേശീയ പ്രസ്ഥാനവും ഇസ്വ്‌ലാഹീ ദഅ്‌വത്തും ഒന്നിച്ചുനീക്കിയ കെ എം മൗലവി, സീതി സാഹിബ്‌, എന്‍ വി അബ്‌ദുസ്സലാം മൗലവി, എം കെ ഹാജി, കെ സി അബൂബക്കര്‍ മൗലവി തുടങ്ങിയ വഹ്‌ഹാബികള്‍ പ്രചരിപ്പിച്ച തീവ്രവാദം ഏതായിരുന്നു എന്ന തിരിച്ചറിവ്‌ കേരള ജനതയ്‌ക്കുണ്ട്‌. യാഥാസ്ഥിതികത ഒരു പ്രസ്ഥാനായി കൊണ്ടുനടക്കുകയും സ്വാര്‍ഥതാല്‌പര്യങ്ങള്‍ക്കുവേണ്ടി അതില്‍ പിളര്‍പ്പുണ്ടാക്കുകയും വീര്യം പോരാഞ്ഞ്‌ ടൈഗര്‍ ഫോഴ്‌സ്‌ രൂപീകരിക്കുകയും ആദര്‍ശ എതിരാളികളെ വകവരുത്തുകയും ചെയ്‌തവര്‍ സമാധാന കാംക്ഷികളും, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാന്‍ അധ്വാനിച്ചവര്‍ തീവ്രവാദികളും!

മുസ്‌ലിം സമൂഹത്തിന്നിടയില്‍ നിന്ന്‌ ചില തീവ്രവാദ സ്വരങ്ങള്‍ കേട്ടുതുടങ്ങിയപ്പോള്‍, അതിന്നെതിരെ ശബ്‌ദിക്കാന്‍ മത-സാമൂഹിക-രാഷ്‌ട്രീയ സംഘടനകള്‍ അറച്ചുനിന്നപ്പോള്‍, ആദര്‍ശപരമായി തന്നെ ഇസ്‌ലാമും തീവ്രവാദവും ഒന്നിച്ചുപോകാന്‍ കഴിയില്ല എന്ന്‌ ഉച്ചത്തില്‍ പറഞ്ഞത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ യുവഘടകവും മുഖപത്രമായ ശബാബുമായിരുന്നു എന്നത്‌ ചെറുതായി കാണുന്നവരുണ്ടാകാം. വസ്‌തുത അതായിരുന്നു. ഇപ്പോള്‍ എല്ലാവരും അതാവര്‍ത്തിക്കുന്നു എന്നുമാത്രം. ആവശ്യമുള്ളത്‌ പിടികൂടുക എന്നല്ലാതെ മുസ്‌ല്യാക്കള്‍ കാടടച്ചു വെടിവയ്‌ക്കുന്നതുകൊണ്ട്‌ പോപ്പുലാരിറ്റിക്ക്‌ മൈലേജ്‌ കൂടുമെങ്കിലും സമുദായത്തിന്‌ ആത്യന്തികമായി ഗുണം ചെയ്യില്ല എന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

മുഹമ്മദീയരിലെ തീവ്രവാദികള്‍ എന്നാണ്‌ വഹാബിസം എന്നതിന്‌ ഒരു നിഘണ്ടു നല്‍കിയ അര്‍ഥമെന്നാണ്‌ എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുജാഹിദുകള്‍ക്കെതിരെ പത്രസമ്മേളനത്തില്‍ തെളിവു നിരത്തിയത്‌ (മാതൃഭൂമി 23-10-2011). മക്ക വിജയിച്ചവേളയില്‍ `പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്‌' എന്ന മുഹമ്മദ്‌ നബി(സ)യുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലെ `ത്വുലഖാഅ്‌' എന്ന പദത്തിന്‌ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കപ്പെട്ടവര്‍ എന്നും ഒട്ടകത്തിന്‌ അറബികളുടെ ദൈവം എന്നുമൊക്കെയുള്ള അര്‍ഥകല്‌പന ആധികാരികമെന്ന്‌ പറയാവുന്ന ഡിക്‌ഷനറികളില്‍ ഉണ്ട്‌ എന്ന്‌ മുസ്‌ല്യാര്‍ക്ക്‌ അറിയാഞ്ഞിട്ടല്ലല്ലോ നിഘണ്ടുവിനെ കൂട്ടുപിടിച്ചത്‌!

ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയെ വസ്‌തുതാപരമായി വിശകലനം ചെയ്യുന്നതിനുപകരം തീവ്രവാദത്തെ മുസ്‌ലിംകളിലേക്ക്‌ ഫോക്കസ്‌ ചെയ്യാന്‍ മീഡിയ പ്രത്യേകിച്ചും പാശ്ചാത്യലോബി ശ്രമിക്കുകയും `മുസ്‌ലിം തീവ്രവാദ'മെന്ന ഒരു സംജ്ഞ തന്നെ സ്റ്റൈല്‍ ഷീറ്റിലേക്ക്‌ ചേര്‍ക്കുകയും ചെയ്‌തത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ `മുസ്‌ലിംകളിലൊതുക്കപ്പെട്ട' തീവ്രവാദം മുജാഹിദുകളിലേക്ക്‌ പരിമിതപ്പെടുത്തുക എന്ന ജുഗുപ്‌സാവഹവും അത്യന്തം ആപത്‌കരവുമായ നീക്കംമുസ്‌ല്യാര്‍ അറിയാതെ ചെയ്‌തുപോയതാകാന്‍ വഴിയില്ല. മുടിപ്പള്ളിയും ടൗണ്‍ഷിപ്പുമൊക്കെയാണല്ലോ അജണ്ടകള്‍. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ `മാവോയിസ്റ്റുകളാണ്‌' എന്നുറപ്പുണ്ടായിട്ടും കമ്യൂണിസ്റ്റുകള്‍ തീവ്രവാദം പ്രചരിപ്പിക്കുന്നു എന്നാരും പറയാറില്ല. ഉസാമ ബിന്‍ലാദന്‍ എന്ന ഒരു വ്യക്തി ലോകത്ത്‌ തീവ്രവാദിയായി അറിയപ്പെടുന്നതും അദ്ദേഹം സുഊദി പൗരനായിരുന്നു എന്നതും സുഊദി അറേബ്യ ആദര്‍ശമായി സ്വീകരിച്ച സലഫീ ചിന്ത തീവ്രവാദികളെ വളര്‍ത്തുന്നു എന്ന പറഞ്ഞതില്‍ അര്‍ഥമുണ്ടെങ്കില്‍ ഉസാമയെ സുഊദി അറേബ്യ പുറത്താക്കുകയും പൗരത്വം നിഷേധിക്കുകയും ചെയ്യുമായിരുന്നില്ലല്ലോ. ഇനി സലഫി എന്നറിയപ്പെടുന്ന ഏതെങ്കിലും വിഭാഗത്തിന്‌ ലോകത്തെവിടെയെങ്കിലും ഭീകരവാദവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ തന്നെ കേരളത്തിലെ മുജാഹിദുകള്‍ക്ക്‌ അതുമായി യാതൊരു ബാധ്യതയുമില്ല. കാരണം, ഈ പ്രസ്ഥാനം ആരുടെയും വാലോ കീഴ്‌ഘടകമോ അല്ല. വിശുദ്ധ ഖുര്‍ആനുമായി യോജിക്കുന്ന കാര്യത്തില്‍ ആരുമായും സഹകരിക്കുമെന്നു മാത്രം.

സുന്നികള്‍ വിഘടിച്ചു പോയതുകൊണ്ടാണ്‌ തീവ്രവാദം വളര്‍ന്നതെന്നാണ്‌ മുസ്‌ല്യാരുടെ വേറൊരു കണ്ടുപിടുത്തം. ഈ വാദം മൊറാദാബാദില്‍ നിന്നോ ന്യൂഡല്‍ഹിയില്‍ നിന്നോ പറയുമ്പോഴുള്ള ആശയമല്ല കേരളത്തില്‍ ഉള്ളത്‌ എന്നും ഓര്‍ക്കേണ്ടതാണ്‌. കേരളത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ എതിര്‍ക്കാന്‍ വേണ്ടിയുണ്ടാക്കിയ സങ്കുചിത സംഘടനാ താല്‍പര്യത്തിന്റെ പ്രതീകമാണ്‌ സുന്നി എങ്കില്‍ ലോകാടിസ്ഥാനത്തിലും ഉത്തരേന്ത്യയിലും മറ്റൊന്നാണ്‌ സുന്നി. ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തിയ ശീഅകളില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്ന മൊത്തം മുസ്‌ലിംസമൂഹം സുന്നികള്‍ എന്നറിയപ്പെടുന്നു. അതില്‍ സലഫിയും ഹനഫിയും ശാഫിഈയും മാലികിയും ഹന്‍ബലിയും ഇഖ്‌വാനിയും മൗദൂദിയും എല്ലാം ഉള്‍പ്പെടുന്നു എന്ന വസ്‌തുത നാം മറക്കരുത്‌. സത്യവും അസത്യവും അര്‍ധസത്യവും കൂട്ടിക്കുഴച്ച്‌ വെടക്കാക്കി തനിക്കാക്കുന്ന സമ്പ്രദായം ആരു ചെയ്‌താലും അത്‌ മാന്യമല്ല.

കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ എന്ന പേരില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ കണ്ടെത്താന്‍ കഴിഞ്ഞ മുസ്‌ലിംകളുടെ പിന്നാക്കത്തിന്റെ നിസ്സഹായാവസ്ഥയ്‌ക്ക്‌ ആവുന്നത്ര പരിഹാരം കണ്ടുകൊണ്ട്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ മേല്‍പറഞ്ഞ വിഭാഗം `അഖിലേന്ത്യ'യാകുന്നത്‌ അവിടെയും ശത്രുതയും സ്‌പര്‍ധയും വിതയ്‌ക്കാനാണ്‌ എന്നാണ്‌ `മഹാപഞ്ചായത്ത്‌' എന്ന പേരില്‍ തട്ടിക്കൂട്ടിയ പരിപാടിയുടെ `റിലീസ്‌' കണ്ടപ്പോള്‍ തോന്നിയത്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews