`വ്യതിയാനം' തിരിഞ്ഞുകുത്തുന്നു


അമീന്‍ ചേന്നര തിരൂര്‍

ഇസ്‌ലാഹി പ്രസ്ഥാനം ഏറെ പ്രതിസന്ധി അനുഭവിച്ച ഒരു കാലയളവായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിലെ ഒരു വിഭാഗം പെട്ടെന്ന്‌ അതിന്റെ പ്രബോധന സംരംഭങ്ങളില്‍ ഗണ്യമായൊരു ഭാഗം അന്ധവിശ്വാസപ്രചാരണത്തിനു വേണ്ടി മാറ്റിവെച്ചിരുന്നു.

പ്രസ്ഥാനത്തിന്‌ അതിന്റെ പ്രയാണത്തിനിടയില്‍ സംഭവിച്ച പിളര്‍പ്പായിരുന്നു അതുവരെ പ്രസ്ഥാനം അനുഭവിച്ച പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത്‌. യാതൊരു കാരണവും കൂടാതെ, അധികാരക്കസേരകള്‍ക്കു വേണ്ടി മാത്രം തങ്ങളുടെ യുവജനവിഭാഗത്തെയും വന്ദ്യരായ ഏതാനും പണ്ഡിതരെയും ആദര്‍ശത്തില്‍ വ്യതിയാനം സംഭവിച്ചവരായി ചിത്രീകരിച്ച്‌ ഒറ്റപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്‌തു.


ഇതിന്‌ നേതൃത്വത്തില്‍ പെട്ട ഒരു വിഭാഗം സകല പിന്തുണയും വാഗ്‌ദാനം ചെയ്‌തു. വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞതോ എഴുതിയതോ ആയ കാര്യങ്ങളില്‍ തങ്ങളുടേതായ മിനുക്കുപണികള്‍ നടത്തി, ദുര്‍വ്യാഖ്യാനിച്ച്‌ സാത്വികരായ പണ്ഡിതന്മാര്‍ക്കെതിരെ `വ്യതിയാനക്കേസുകള്‍' ഉണ്ടാക്കി. അതിനെക്കുറിച്ച്‌ ന്യായം പറയാനും വിധി തീര്‍പ്പാക്കാനും ഇവര്‍ തന്നെയായിരുന്നു. യഥാര്‍ഥത്തില്‍ നീതി എന്ന ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മഹനീയ നിയമം പാടെ അവഗണിച്ച്‌ തങ്ങളുടെ ചൊല്‍പടിക്ക്‌ നില്‍ക്കാത്തവരെ നിഷ്‌കരുണം സംഘടനയില്‍ നിന്ന്‌ പുറത്താക്കി.

എന്നാല്‍ കാലമേറെക്കഴിഞ്ഞപ്പോഴേക്കും കേരളം കേട്ടത്‌, `ഔദ്യോഗികക്കാരുടെ' പാളയത്തില്‍ വ്യതിയാനത്തിന്റെ ഇടിനാദങ്ങളായിരുന്നു. കേരളത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത, യാഥാസ്ഥിതികര്‍ പോലും മൂക്കത്തു വിരല്‍വെച്ചു പോകുന്ന രീതിയിലുള്ള അന്ധവിശ്വാസ പ്രചാരണമായിരുന്നു നേതൃത്വത്തിന്റെ ഇഷ്‌ടദാസന്മാരായിരുന്ന പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്‌. പണത്തിന്റെ കൂടെ ആദര്‍ശവും വിമാനംകയറി വന്നതോടെ കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം ഇത്രകാലം അധ്വാനിച്ച്‌ രൂപപ്പെടുത്തിയ അവസ്ഥയില്‍ വിള്ളലുണ്ടാക്കാന്‍ ഇവര്‍ക്ക്‌ സാധിച്ചു.

എന്നാല്‍, ഇല്ലാത്ത വ്യതിയാനക്കഥകള്‍ പറഞ്ഞ്‌ യുവജനങ്ങളെ ഒറ്റപ്പെടുത്താന്‍ രംഗത്തിറങ്ങിയ പണ്ഡിതന്മാരൊന്നും ഒരക്ഷരം ഉരിയാടാന്‍ ധൈര്യപ്പെട്ടില്ല എന്നതായിരുന്നു ഇസ്‌ലാഹീ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. അന്ധവിശ്വാസ പ്രചാരണത്തിന്റെ വലുപ്പത്തെക്കുറിച്ചും അത്‌ സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങളെക്കുറിച്ചും യഥാര്‍ഥ മുജാഹിദുകള്‍ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നിട്ടും നേതൃത്വം മൗനം പാലിച്ചു. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക്‌ ബോധോദയമുണ്ടായിരിക്കുന്നു. എന്നാല്‍, ആദര്‍ശത്തെക്കാളും അധികാരത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഈ വക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുമോ എന്ന്‌ നമുക്ക്‌ കാത്തിരുന്ന്‌ കാണാം.

Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews