താടിയുടെ മഹത്വം

പി കെ മൊയ്‌തീന്‍സുല്ലമി 

 ഒരു വ്യക്തിയെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: ``അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കര്‍മങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ മനസ്സുകള്‍ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കര്‍മങ്ങള്‍ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയില്‍ നിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നുണ്ട്‌: ``തീര്‍ച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു.'' (അശ്ശംസ്‌ 9,10)  മൂസാനബി(അ) അല്ലാഹുവോട്‌ പ്രാര്‍ഥിച്ചത്‌ ഹൃദയ വിശാലതക്കു വേണ്ടിയായിരുന്നു: ``നാഥാ, എന്റെ ഹൃദയത്തിന്‌ വിശാലത നല്‍കണമേ?'' (ത്വാഹാ 25). നബി(സ)ക്ക്‌ അല്ലാഹു നല്‌കിയ പ്രധാനപ്പെട്ട ഒരനുഗ്രഹം അതായിരുന്നു. ``നിനക്ക്‌ നിന്റെ മനസ്സ്‌ നാം വിശാലമാക്കിത്തന്നില്ലയോ?'' (ശര്‍ഹ്‌ 1)

 ഒരാളെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മനശ്ശുദ്ധിയും നിലനിര്‍ത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവര്‍ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും. എന്നാല്‍ താടിയുടെ പിന്നില്‍ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തില്‍ വന്നതിനാല്‍ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. ഇത്തരം കര്‍മപരമായ വിഷയങ്ങളില്‍ ഇജ്‌തിഹാദിന്‌ കഴിവുള്ള പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയതായി കാണാം. ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായത്തില്‍ ഔറത്ത്‌ മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്‌. വുദുവിന്റെ കാര്യത്തില്‍ കൊപ്‌ളിക്കലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും നിര്‍ബന്ധമാണ്‌'' (ഫത്‌ഹുല്‍മുഈന്‍, പേജ്‌ 343). എന്നാല്‍ നാം മനസ്സിലാക്കിയതും പ്രവര്‍ത്തിച്ചുവരുന്നതും അതിനെതിരാണ്‌.

താടിവടിക്കല്‍ നിഷിദ്ധമാണെന്ന്‌ ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ ഇജ്‌തിഹാദിയായ അഭിപ്രായങ്ങളാണ്‌. അവര്‍ക്ക്‌ ഇജ്‌തിഹാദിനുള്ള അറിവും അവകാശവുമുണ്ട്‌. ഇജ്‌തിഹാദിലൂടെ ഒരാളുടെ അഭിപ്രായത്തിന്‌ പിഴവു സംഭവിച്ചാലും അതിന്‌ ഒരു പ്രതിഫലമുണ്ടെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതേയവസരത്തില്‍ ഹര്‍കത്തില്ലാത്ത അറബിഭാഷാ ഉദ്ധരണി വായിക്കാന്‍ പോലും അറിയാത്തവര്‍ കാര്യം മനസ്സിലാക്കാതെ ഒരു വിഷയത്തെ ഹറാമും ഹലാലുമാക്കുന്ന രീതിയോട്‌ യോജിക്കാനാവില്ല. മുന്‍കാല പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെടാന്‍ ചില കാരണങ്ങളുണ്ട്‌. അതിഥികളെ സല്‍ക്കരിക്കല്‍, താടിവളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ അറബികള്‍ ഇസ്‌ലാമിലേക്ക്‌ വരുന്നതിന്‌ മുമ്പുതന്നെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു. താടി ഇസ്‌ലാമിലും ഒരു പുണ്യകര്‍മമാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ പിന്നെ തങ്ങളുടെ താടി ഒഴിവാക്കാതിരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. അങ്ങനെയുള്ള ഒരു ധാരണയില്‍ നിന്നാണ്‌ ചില പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ ധരിച്ചുവെച്ചത്‌. താടി വളര്‍ത്താനും മൈലാഞ്ചിയിടാനും അതുപോലുള്ള പലതും ചെയ്‌ത്‌ അന്യമതക്കാരോട്‌ വിരുദ്ധമാകാന്‍ നബി(സ) കല്‌പിച്ചത്‌ മുസ്‌ലിംകളെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ്‌.


താടി വളര്‍ത്താന്‍ കല്‌പിച്ച ഹദീസും മുടിക്ക്‌ ചായം കൊടുക്കാന്‍ കല്‌പിച്ച ഹദീസും ഒരേ പദവിയിലുള്ളതും രണ്ടും സ്വഹാബികളോടായി നബി(സ) പറഞ്ഞതും ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളതാണ്‌. ഇബ്‌നുഉമര്‍(റ) നബി(സ) പറഞ്ഞതായി പ്രസ്‌താവിച്ചു: ``നിങ്ങള്‍ ബഹുദൈവ വിശ്വാസികള്‍ക്ക്‌ വിരുദ്ധരാവുക. താടി സമ്പൂര്‍ണമാക്കുക.'' (ബുഖാരി). നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പ്രസ്‌താവിച്ചു: ``നിശ്ചയമായും യഹൂദികളും നസ്വാറാക്കളും മുടിക്ക്‌ ചായം കൊടുക്കാറില്ല. നിങ്ങള്‍ (ചായംകൊടുത്ത്‌) അവര്‍ക്കെതിരാകണം'' (ബുഖാരി). ഈ രണ്ടു ഹദീസുകളും ഒരേ നിലയിലുള്ളതാണ്‌. ഒന്നാമത്തെ ഹദീസില്‍ മുശ്‌രിക്കുകള്‍ക്ക്‌ വിരുദ്ധമായി താടി വളര്‍ത്താനും രണ്ടാമത്തെ ഹദീസില്‍ യഹൂദീ-നസ്വാറാക്കള്‍ക്കു വിരുദ്ധരായി മുടിക്ക്‌ ചായംകൊടുക്കാനും കല്‌പിക്കുന്നു. രണ്ടു കല്‌പനകളും നിര്‍ബന്ധമായ കല്‌പനകളല്ലെന്ന്‌ രണ്ടാമത്തെ ഹദീസിന്റെ വ്യാഖ്യാനം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. 

ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``അലി(റ) ഉബയ്യുബ്‌നു കഅ്‌ബ്‌(റ), സലമതുബ്‌നുല്‍ അക്‌വഅ്‌(റ), അനസ്‌(റ) എന്നിവരും ഒരു സംഘം സ്വഹാബികളും മുടിക്ക്‌ ചായംപൂശുക എന്നത്‌ ഒഴിവാക്കിയിരുന്നു'' (ഫത്‌ഹുല്‍ബാരി 13:359). യഹൂദീ നസ്വാറാക്കാള്‍ക്കു വിരുദ്ധമായി നിങ്ങള്‍ മുടിക്ക്‌ ചായം കൊടുക്കണം എന്ന ബുഖാരിയുടെ ഹദീസ്‌ നിര്‍ബന്ധ കല്‌പനയല്ലെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. മറിച്ച്‌ മുസ്‌ലിംകളെ തിരിച്ചറിയാനുള്ള ഒരു പ്രോത്സഹനം എന്ന നിലയില്‍ പറഞ്ഞതാണ്‌. നിര്‍ബന്ധമായിരുന്നെങ്കില്‍ മേല്‌പറഞ്ഞ സ്വഹാബിമാര്‍ ചായം കൊടുക്കല്‍ ഒഴിവാക്കുമായിരുന്നില്ല. അതേ വിധി തന്നെയാണ്‌ ബുഖാരിയുടെ മുശ്‌രിക്കുകള്‍ക്ക്‌ വിരുദ്ധമായി നിങ്ങള്‍ താടി സമ്പൂര്‍ണമാക്കണം എന്നുപറഞ്ഞ ഹദീസിനുമുള്ളത്‌. താടി വടിച്ചുകളയല്‍ ഹറമാണെങ്കില്‍ മുടിക്ക്‌ ചായം കൊടുക്കാതിരിക്കലും ഹറാമാകണം. കാരണം നബി(സ)യുടെ കല്‌പന മുടിക്ക്‌ ചായം കൊടുക്കാനാണ്‌. മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``ഇയാദ്വ്‌(റ)പ്രസ്‌താവിച്ചു: താടി വടിച്ചുകളയലും ഇല്ലായ്‌മ ചെയ്യലും കറാഹത്താണ്‌ (ഉത്തമമല്ലാത്തത്‌)'' (ഫത്‌ഹുല്‍ബാരി 13:351). ശാഫിഇ മദ്‌ഹബില്‍ കറാഹത്തിന്‌ ഉത്തമമല്ല എന്നര്‍ഥമാണ്‌. അഥവാ സുന്നത്തിനെതിരാണ്‌ എന്നു മാത്രം. അപ്പോള്‍ താടി വടിച്ചുകളയല്‍ ഹറാമല്ല എന്നാണ്‌ ഇബ്‌നുല്‍ഹജര്‍(റ) ഉദ്ധരിക്കുന്നത്‌. 

താടിവടിക്കുന്ന വിഷയത്തില്‍ ഹറാമിന്റെ വിധി മാത്രമല്ല പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ളത്‌. ചില പണ്ഡിതന്മാര്‍ അനുവദനീയമാണെന്നും പറഞ്ഞിട്ടുണ്ട്‌. ആധുനിക പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും താടി വടിച്ചുകളയുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ മൂന്ന്‌ അഭിപ്രായങ്ങളുണ്ട്‌. ഇബ്‌നുതൈമിയ്യയും മറ്റും നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഖാദ്വി ഇയാദ്വിനെപ്പോലെ ഉത്തമമല്ല എന്നു പറഞ്ഞവരുണ്ട്‌. അക്കാര്യം ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആധുനികരായ ചില പണ്ഡിതന്മാര്‍ താടി വടിക്കല്‍ അനുവദനീയമാണെന്നും പറഞ്ഞിട്ടുണ്ട്‌. ഈ അഭിപ്രായങ്ങളില്‍ ഏറ്റവും യോജിച്ചതും മധ്യമനിലവാരം പുലര്‍ത്തുന്നതും കറാഹത്താണ്‌ (ഉത്തമമല്ല) എന്നതാണ്‌'' (അല്‍ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം, പേജ്‌ 94).

 താടി വെക്കാന്‍ കല്‌പിച്ചതിനെക്കാളും ശക്തമായ കല്‌പനകള്‍ പല വിഷയത്തിലും വന്നിട്ടുണ്ട്‌. അത്തരം സുന്നത്തുകള്‍ എന്തുകൊണ്ട്‌ അമിതമായി താടിഭ്രമം ബാധിച്ചവര്‍ കാണുന്നില്ല? വെള്ള വസ്‌ത്രം ധരിക്കാന്‍ നബി(സ) ശക്തമായി കല്‌പിച്ചതാണ്‌. നബി(സ) പറയുന്നു: ``നിങ്ങള്‍ നിങ്ങളുടെ വസ്‌ത്രങ്ങളില്‍ നിന്നും വെള്ള ധരിക്കുക. നിങ്ങളുടെ വസ്‌ത്രങ്ങളില്‍ ഉത്തമം അതാണ്‌'' (അബൂദാവൂദ്‌, തിര്‍മിദി). ``നിങ്ങള്‍ വെള്ളവസ്‌ത്രം ധരിക്കണം, അതാണ്‌ ഏറ്റവും നല്ലതും പരിശുദ്ധമായതും. അതില്‍ നിങ്ങളുടെ ജനാസ പൊതിയുകയും ചെയ്യുക'' (നസാഈ, ഹാകിം). ജനാസ എല്ലാവരും വെള്ളവസ്‌ത്രത്തില്‍ പൊതിയാറുണ്ട്‌. എന്നാല്‍ മുഴുസമയം വെള്ള വസ്‌ത്രം ധരിക്കുക എന്ന പ്രവാചകന്റെ സുന്നത്ത്‌ സ്വീകരിക്കാന്‍ മിക്കവരും സന്നദ്ധരല്ല. മുജാഹിദുകള്‍ എക്കാലത്തും പ്രാധാന്യം കൊടുത്തത്‌ ഖുര്‍ആനിനും സുന്നത്തിനുമാണ്‌. പണ്ഡിതാഭിപ്രായങ്ങള്‍ക്കല്ല.

ഹറാമിന്റെയും ഹലാലിന്റെയും വിഷയത്തില്‍ ഒരിക്കലും പണ്ഡിതാഭിപ്രായം സ്വീകരിക്കാന്‍ ഖുര്‍ആനും സുന്നത്തും അനുവദിക്കുന്നില്ല. കാരണം ഹലാലും ഹാറാമും വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം വിശുദ്ധഖുര്‍ആനും നബിചര്യയുമാണ്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയതെല്ലാം നിങ്ങള്‍ക്ക്‌ വിശദീകരിച്ചുതന്നിട്ടുണ്ട്‌'' (അന്‍ആം 119). നബി(സ) പറയുന്നു: ``അനുവദനീയം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ അനുവദിച്ചിട്ടുള്ളവയാണ്‌. നിഷിദ്ധം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ നിഷിദ്ധമാക്കിയിട്ടുള്ളവയാണ്‌. ഹലാലോ ഹറാമോ എന്ന വിഷയത്തില്‍ അവന്‍ നിശ്ശബ്‌ദത പാലിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്കവന്‍ വിട്ടുവീഴ്‌ച ചെയ്‌തുതന്നിരിക്കുന്നു.'' (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം) അല്ലാഹു ഒരു കാര്യം ഹലാലാക്കുകയോ ഹറാമാക്കുകയോ ചെയ്‌താല്‍ അത്‌ വിശുദ്ധ ഖുര്‍ആനിലുണ്ടാകും എന്നാണ്‌ അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്‌. താടിയെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ വന്ന പരാമര്‍ശം മൂസാനബി(അ) ഹാറൂന്‍ നബി(അ)യുടെ താടിയും തലയും പിടിച്ചുവലിച്ച സംഭവം മാത്രമാണ്‌ (സൂറതുത്ത്വാഹ). അല്ലാതെ താടി നിര്‍ബന്ധമാണെന്നോ അതെടുത്തു കളയല്‍ നിഷിദ്ധമാണെന്നോ ഖുര്‍ആനില്‍ ഒരിടത്തുമില്ല. തെളിവില്ലാതെ ഹറാമും ഹലാലുമാക്കുന്നതിനെ അല്ലാഹു ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ``നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്‌ ഹലാലാണ്‌, ഇത്‌ ഹറാമാണ്‌ എന്നിങ്ങനെ നിങ്ങള്‍ നുണ പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നുണ കെട്ടിച്ചമക്കാന്‍ വേണ്ടിയത്രെ ഇത്‌. തീര്‍ച്ചയായും അല്ലാഹുവിന്റെ പേരില്‍ നുണകെട്ടിച്ചമയ്‌ക്കുന്നവര്‍ വിജയിക്കുകയില്ല.'' (നഹ്‌ല്‍ 116)

 താടി വളര്‍ത്തല്‍ നിര്‍ബന്ധമാണെന്നും അത്‌ വടിച്ചുകളയല്‍ നിഷിദ്ധമാണെന്നുമുള്ള വാദം മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കാത്തത്‌ അതിന്‌ വ്യക്തമായ രേഖയില്ലാത്തതുകൊണ്ടാണ്‌. താടി വളര്‍ത്തല്‍ പ്രബലമായ സുന്നത്തോ സാധാരണ സുന്നത്തോ ആയിട്ടുള്ള നിലയിലാണ്‌ മുസ്‌ലിംകള്‍ പരിഗണിച്ചുവരുന്നത്‌. ഹറാമാണെങ്കില്‍ താടിയില്ലാത്തവന്റെ നമസ്‌കാരം പോലും അല്ലാഹു സ്വീകരിക്കുന്നതല്ല. കാരണം ലഹരി ഉപയോഗിച്ചും സ്വര്‍ണചെയിന്‍ അണിഞ്ഞും നമസ്‌കരിക്കുന്ന പുരുഷന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ലല്ലോ. ഈജിപ്‌തിലെ പണ്ഡിതന്മാര്‍ നബി (സ)യുടെ `ആദി'യായ സുന്നത്താണ്‌ താടി എന്ന അഭിപ്രായക്കാരാണ്‌. കേരളത്തിലെ മുജാഹിദുകള്‍ താടിയെ വിലയിരുത്തുന്നത്‌ `പ്രബലമായ സുന്നത്ത്‌' എന്ന നിലയിലാണ്‌. എന്നാല്‍, 2011 നവംബറിലെ ഇസ്വ്‌ലാഹ്‌ മാസികയില്‍ രേഖപ്പെടുത്തിയത്‌ താടി വെക്കാത്തവരൊക്കെ നരകത്തിലാണ്‌ എന്ന നിലയിലാണ്‌. അങ്ങനെയാണെങ്കില്‍ ഖിയാമുല്ലൈല്‍ നിര്‍വഹിക്കാത്തവരും നരകവാസികളാകും.

 താടി നിര്‍ണായകമാക്കി തീവ്രത പുലര്‍ത്തലും താടിയില്‍ ഒന്നുമില്ല എന്നു പറഞ്ഞു നിസ്സാരപ്പെടുത്തലും ദീനിന്‌ ഗുണകരമല്ല. നബി(സ)യുടെ എല്ലാ കല്‌പനകളും നിര്‍ബന്ധമോ, വിരുദ്ധം പ്രവര്‍ത്തിക്കല്‍ ഹറാമോ അല്ല. അതില്‍ പ്രോത്സാഹനത്തിനും നിരുത്സാഹപ്പെടത്തലിനുമുള്ള കല്‌പനകളുമുണ്ട്‌. സൂക്ഷ്‌മത പുലര്‍ത്താന്‍ വേണ്ടിയുള്ള കല്‌പനകളുമുണ്ട്‌. താഴെ വരുന്ന ഹദീസുകള്‍ ശ്രദ്ധിക്കുക: ``നിങ്ങള്‍ ഉറങ്ങുന്ന സന്ദര്‍ഭത്തില്‍ വീട്ടില്‍ തീ (കെടുത്താതെ) ഉപേക്ഷിക്കരുത്‌'' (ബുഖാരി, മുസ്‌ലിം). നബി(സ) ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു: ``നീ കോപിക്കരുത്‌'' (ബുഖാരി). ``നീ കഴിയാവുന്നേടത്തോളം അങ്ങാടിയില്‍ പ്രവേശിക്കുന്നവരില്‍ ഒന്നാമനാകരുത്‌'' (മുസ്‌ലിം). മേല്‌പറഞ്ഞ മൂന്ന്‌ കല്‌പനകളും അപകടങ്ങളും അവിവേകവും സൂക്ഷ്‌മതക്കുറവും വരാതിരിക്കാന്‍ വേണ്ടി പ്രോത്സാഹനങ്ങളായി നബി(സ) കല്‌പിച്ചിട്ടുള്ളവയാണ്‌. അല്ലാതെ ഒരാള്‍ രാത്രി തീ കെടുത്താന്‍ വിട്ടുപോയാല്‍ അയാള്‍ ഹറാം പ്രവര്‍ത്തിച്ചു നരകാവകാശിയാകുന്നതല്ല. കോപിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരാള്‍ കോപിച്ചാല്‍ അയാള്‍ ഹറാം ചെയ്‌തവനായിത്തീരാത്തതുപോലെ അത്യാവശ്യ വസ്‌തു വാങ്ങാന്‍ ഒരാള്‍ അങ്ങാടിയില്‍ ആദ്യം എത്തിപ്പെടുന്ന പക്ഷം അയാള്‍ ഹറാംചെയ്‌തു നരകാവകാശിയാകുന്നല്ല.

 ഇത്തരത്തില്‍ സത്യവിശ്വാസികളെ തിരിച്ചറിയാന്‍ വേണ്ടി അല്ലാഹുവിന്റെ റസൂലില്‍ നിന്നുണ്ടായ ചില പ്രോത്സാഹന വചനങ്ങളാണ്‌ താടി വളര്‍ത്താനും, മൈലാഞ്ചി ഇടാനും വന്നിട്ടുള്ള ഹദീസുകളിലുള്ളത്‌. താടി ഒഴിവാക്കലും വളര്‍ത്താതിരിക്കലും ഹറാമായിരുന്നുവെങ്കില്‍ അല്ലാഹുവും റസൂലും മുമ്പ്‌ വിശദീകരിച്ച പോലെ അത്‌ വിശുദ്ധ ഖുര്‍ആനില്‍ വരേണ്ടതായിരുന്നു. അങ്ങനെ വരാത്തതിനാല്‍ അത്‌ ബലപ്പെട്ട ഒരു സുന്നത്താണെന്നു മനസ്സിലാക്കാം. നിര്‍ബന്ധമല്ലത്ത ഒരു കാര്യം നിര്‍ബന്ധമല്ല എന്നു പറഞ്ഞതിന്റെ പേരില്‍ പണ്ഡിതന്മാരെ ഹദീസ്‌ നിഷേധികളാക്കുന്ന പ്രവണത ദുരുപദിഷ്‌ടമാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews