സിഹ്‌ര്‍ ശാരീരികദ്രോഹം വരുത്തുമെന്നോ?


പി കെ മൊയ്‌തീന്‍ സുല്ലമി

സിഹ്‌റിനെ നിരവധി ഇനങ്ങളായി പണ്ഡിതന്മാര്‍ വേര്‍തിരിച്ചിരിക്കുന്നു. ഏഷണി പോലും ചില പണ്ഡിതന്മാര്‍ സിഹ്‌റിന്റെ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സിഹ്‌റിനെ പ്രധാനമായും രണ്ട്‌ തരമായി വിശദീകരിക്കുന്നതായി മനസ്സിലാക്കാം. ഒന്ന്‌: ജാലവിദ്യയില്‍ ഉള്‍പ്പെടുന്ന സിഹ്‌ര്‍. മൂസാനബി(അ)യുടെ കാലഘട്ടത്തില്‍ മുഅ്‌ജിസിത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച സിഹ്‌ര്‍ അതായിരുന്നു. ഇത്തരം സിഹ്‌റ്‌ കുഫ്‌റിലോ ശിര്‍ക്കിലോ അകപ്പെടുത്തുന്നതല്ലെങ്കിലും അസത്യത്തെ സത്യമായി തോന്നിപ്പിക്കുന്നു എന്നതിനാല്‍ കുറ്റകരം തന്നെയാണ്‌. 

അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ പരാജയപ്പെടുത്താനാണ്‌ ഇവ ഉപയോഗപ്പെടുത്തിയത്‌ എന്നത്‌ കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്തരം മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവചലിക്കുന്നതായി മൂസാനബി(അ)ക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സില്‍ പേടി തോന്നിയെന്നും നീ പേടിക്കേണ്ട, നീ തന്നെയാണ്‌ വിജയിക്കാന്‍ പോകുന്നതെന്ന്‌ അല്ലാഹു അരുളിയെന്നും സൂറത്ത്‌ ത്വാഹാ 66, 67, 68 വചനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. മേല്‍പറഞ്ഞ സൂക്തങ്ങളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്‌: മാജിക്കാവുന്ന സിഹ്‌റിന്‌ ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല. രണ്ട്‌: ഇത്തരം മാജിക്കുകള്‍ യഥാര്‍ഥ്യമല്ലാത്തിനാലും അതിന്‌ നിലനില്‌പില്ലാത്തതിനാലും പരാജയപ്പെടും.രണ്ടാമത്തെ ഇനം സിഹ്‌ര്‍ പൈശാചിക സേവ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സഹജീവികളെ ഉപദ്രവിക്കാനുള്ള ശ്രമം എന്ന നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ്‌. ഇവിടെ പൈശാചികസേവ ഉപയോഗപ്പെടുത്തുന്നു എന്നത്‌ സാഹിറിന്റെ അവകാശവാദം മാത്രമാണ്‌. ഈ ഇനം സിഹ്‌ര്‍ ജനങ്ങളെ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്നതാണ്‌. കാരണം അദൃശ്യമായ നിലയില്‍ മനുഷ്യനെ ദ്രോഹിക്കാനുള്ള കഴിവ്‌ സാഹിറിനുണ്ടെന്ന്‌ ഈമാനില്ലാത്തവര്‍ വിശ്വസിക്കുന്നു. അദൃശ്യമായ നിലയില്‍ നമുക്ക്‌ ദ്രോഹം വരുത്താന്‍ അല്ലാഹുവിന്നേ കഴിയൂ എന്നത്‌ ഈമാനിന്റെ ഭാഗവുമാണ്‌. മാത്രവുമല്ല അദൃശ്യമായ നിലയില്‍ മറ്റൊരാള്‍ക്ക്‌ ദ്രോഹം വരുത്തിവെക്കാന്‍ തനിക്ക്‌ കഴിയുമെന്ന്‌ സാഹിര്‍ അവകാശപ്പെടുകയും ചെയ്യുന്നു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായും അദൃശ്യമായും ചെയ്‌തുകൊണ്ടിരിക്കുന്ന ഉത്തരം ചെപ്പടിവിദ്യകളില്‍ ഫലം പ്രതീക്ഷിക്കലും അവകാശവാദമുന്നയിക്കലും തൗഹീദിന്‌ വിരുദ്ധവുമാണ്‌. അതുകൊണ്ടാണ്‌ മുന്‍ഗാമികളായ മുജാഹിദ്‌ പണ്ഡിതന്മാരും അവരുടെ സാഹിത്യങ്ങളും സിഹ്‌റ്‌ യാഥാര്‍ഥ്യമല്ലെന്നും അത്‌ ഫലിക്കുന്ന പ്രശ്‌നമില്ലെന്നും ജനങ്ങളോട്‌ പ്രബോധനം ചെയ്‌തത്‌.

സിഹ്‌റ്‌ ഏഴ്‌ മഹാപാപങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കാരണം അത്‌ ശാരീരികമായി ദ്രോഹം വരുത്തുന്നതുകൊണ്ടും ഫലിക്കുന്നതുകൊണ്ടുമാണ്‌ എന്നത്‌ നവയാഥാസ്ഥിതികര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇവരുടെ വാദ പ്രകാരം ശാരീരിക ദ്രോഹത്തിന്റെ ക്വട്ടേഷന്‍ പണി നടത്തുന്നത്‌ പിശാചാണ്‌. യഥാര്‍ഥത്തില്‍ ഇസ്‌ലാം പല കാര്യങ്ങളും നിരോധിച്ചിട്ടുള്ളത്‌ അതുവഴി ശാരീരിക ദ്രോഹം വരുത്തുന്നതുകൊണ്ടല്ല. ഉദാഹരണത്തിന്‌ ലക്ഷണം നോക്കുക, ഏലസ്സ്‌ കെട്ടുക, അല്ലാഹു അല്ലാത്തവരെ പിടിച്ച്‌ സത്യം ചെയ്യുക എന്നിവ ശിര്‍ക്കാകുന്നു എന്ന്‌ നബി(സ) പഠിപ്പിച്ചത്‌ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്‌. മേല്‍പറഞ്ഞ സംഗതികള്‍ കൊണ്ട്‌ ഒരാള്‍ക്കും തന്നെ ഇന്നേവരെ ശരീരം നഷ്‌ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്‌തിട്ടില്ല. സിഹ്‌റും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്‌ മഹാപാപത്തില്‍ ഉള്‍പ്പെടുത്തിയത്‌. അല്ലാതെ പിശാച്‌ ക്വട്ടേഷന്‍ പണിയിലൂടെ ശാരീരിക ഭംഗമോ അംഗവൈകല്യമോ വരുത്തുന്നതു കൊണ്ടല്ല. അത്തരം വിശ്വാസം തികഞ്ഞ മൂഢത്തരവും അന്ധവുമാണ്‌. പിശാചിന്‌ ശാരീരിക നഷ്‌ടമോ അംഗവൈകല്യമോ നടത്താനുള്ള കഴിവോ അധികാരമോ അല്ലാഹു നല്‌കിയിട്ടുമില്ല. ഇത്തരം ജല്‌പനങ്ങള്‍ പിശാചിന്റെ പേരില്‍ പോലും നുണപറഞ്ഞുപരത്തലാണ്‌. എന്നാല്‍ പിശാചിന്റെ ജോലി ജനങ്ങളെ തെറ്റിലേക്ക്‌ പ്രേരിപ്പിക്കുക എന്നതു മാത്രമാണ്‌. പിശാച്‌ വിനയം പ്രകടിപ്പിക്കുന്നതും നേരു പറയുന്നതും മഹ്‌ശറയിലെ വിചാരണക്കു ശേഷം മാത്രമാണ്‌. അവിടെ വെച്ച്‌ അവന്‍ നടത്തുന്ന പ്രസ്‌താവന ശ്രദ്ധിക്കുക:

``നിങ്ങളെ തെറ്റിലേക്കു ക്ഷണിക്കുക എന്നതല്ലാതെ എനിക്ക്‌ നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. അപ്പോള്‍ നിങ്ങളെനിക്ക്‌ ഉത്തരം നല്‌കി. അതിനാല്‍ നിങ്ങളെന്നെ കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങള്‍ നിങ്ങളെ തന്നെ കുറ്റപ്പെടുത്തിക്കൊള്ളുക'' (ഇബ്‌റാഹീം 22).

``അവന്‌ (പിശാചിന്‌) അവരുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല.'' (സബഅ്‌ 21)

``ഞങ്ങള്‍ക്ക്‌ (പിശാചുക്കള്‍ക്ക്‌) നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നതുമില്ല. പക്ഷെ നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.'' (സ്വാഫ്‌ഫാത്‌ 30)

ലോകത്ത്‌ വ്യത്യസ്‌തങ്ങളായ അപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും കോടിക്കണക്കില്‍ ജനങ്ങള്‍ മരിച്ചിട്ടുണ്ട്‌. പലര്‍ക്കും അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്‌. ഇത്‌ ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ സിഹ്‌റ്‌ കൊണ്ട്‌ ഒരാള്‍ക്ക്‌ ജീവഹാനി സംഭവിച്ചതായോ അംഗവൈകല്യം സംഭവിച്ചതായോ ബുദ്ധിഭ്രമം സംഭവിച്ചതായോ ഇന്നേവരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഒരാള്‍ക്കും സാധിച്ചിട്ടില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായതായി കേട്ടറിവ്‌ പോലുമില്ല. എന്നാല്‍ ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തുന്നത്‌ ജനങ്ങളെ ചൂഷണം ചെയ്‌തുജീവിക്കുന്ന ജോത്സ്യന്മാരും കള്ള പുരോഹിതന്മാരും ബീവിമാരുമാണെന്ന്‌ ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌?

ഒരാളുടെ വധം സിഹ്‌റു മൂലമാണെന്ന്‌ കോടതിയില്‍ പോലും തെളിയിക്കാന്‍ സാധ്യമല്ല എന്നാണ്‌ ഇമാം നവവി രേഖപ്പെടുത്തിയിട്ടുള്ളത്‌: ``നമ്മുടെ പണ്ഡിതന്മാര്‍ പ്രസ്‌താവിച്ചിരിക്കുന്നു: സിഹ്‌റുകൊണ്ട്‌ ഒരാളുടെ കൊലപാതകം തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാവതല്ല. എന്നാല്‍ അത്‌ സ്ഥാപിക്കപ്പെടുന്നത്‌ കുറ്റവാളി (സാഹിറിന്റെ)യുടെ അവകാശവാദം കൊണ്ട്‌ മാത്രമേ സാധിക്കൂ'' (ശറഹുമുസ്‌ലിം 7:432). 

ചുരുക്കത്തില്‍ സിഹ്‌ര്‍ എന്നു പറയുന്നത്‌ പൂര്‍വികമായി പാമരന്മാരെ വഞ്ചിച്ച്‌ ചൂഷണം ചെയ്യുന്ന ഒരേര്‍പ്പാട്‌ എന്നതില്‍ കവിഞ്ഞ്‌ യാതൊരുവിധ പ്രതികരണവും വരുത്താന്‍ അതിന്ന്‌ സാധ്യമല്ല. എന്നാല്‍ സിഹ്‌റിനെ അമിതമായി ഭയപ്പെടുകയും മുഴുത്ത അന്ധവിശ്വാസത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന ചിലര്‍ക്കെങ്കിലും ചിലപ്പോള്‍ അവരുടെ അന്ധവിശ്വാസത്തിന്റെയും ഭയപ്പാടിന്റെയും അടിസ്ഥാനത്തില്‍ ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൂടായ്‌കയില്ല. അത്‌ സിഹ്‌റിന്റെ കാരണത്താല്‍ ഉണ്ടാകുന്നതല്ല. മറിച്ച്‌ അവന്റെ വിശ്വാസത്തിന്റെ ഫലമാണ്‌. താന്‍ അമിതമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ഡോക്‌ടര്‍ എഴുതിക്കൊടുത്തത്‌ യഥാര്‍ഥത്തില്‍ മരുന്നല്ലെങ്കില്‍ പോലും അത്‌ കുടിച്ചാലും ചിലപ്പോള്‍ രോഗം ഭേദപ്പെട്ടു എന്നു വരാം. അത്‌ തന്റെ വിശ്വാസത്തിന്റെയും മതിപ്പിന്റെയും ഫലമാണ്‌.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം സിഹ്‌റ്‌ ബാധിക്കുമോ, ഇല്ലേ എന്നതാണ്‌. അല്ലാതെ നബി(സ)ക്ക്‌ ശത്രുക്കള്‍ സിഹ്‌റ്‌ ചെയ്‌തിരുന്നോ ഇല്ലേ എന്നതല്ല. നബി(സ)യെ തകര്‍ക്കാന്‍ യഹൂദികളും മറ്റും പല കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്‌. കൂട്ടത്തില്‍ സിഹ്‌റും ചെയ്‌തിരിക്കാം. അതിനെ ആരും നിഷേധിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും അഹ്‌ലുസ്സുന്നയുടെ മുന്‍ഗാമികളായ ധാരാളം പണ്ഡിതന്മാരും സിഹ്‌ര്‍ അസത്യമാണെന്നും യാതൊരുവിധ പ്രതികരണവും വരുത്തുവാന്‍ അതിന്‌ സാധ്യമല്ലെന്നും വ്യക്തമായി പ്രസ്‌താവിച്ചിട്ടും നല്ലൊരു ശതമാനം ആളുകള്‍ സിഹ്‌ര്‍ ഫലിക്കും എന്ന്‌ വിശ്വസിക്കുന്നവരാണ്‌.

അല്ലാഹവും അവന്റെ റസൂലും അല്ലാത്ത ആരെങ്കിലും സി ഹ്‌ര്‍ ഫലിക്കുകയില്ല എന്ന്‌ പറഞ്ഞിട്ടുണ്ടോ എന്ന്‌ ചോദിക്കുന്ന ചിലരെങ്കിലും മുജാഹിദുകളിലും ഉണ്ട്‌. ഇതുകേട്ടാല്‍ തോന്നുക, അല്ലാഹുവിനെക്കാളും റസൂലിനെക്കാളും പ്രാധാന്യം പണ്ഡിതന്മാര്‍ക്കാണ്‌ എന്നാണ്‌.

സിഹ്‌ര്‍ എന്ന്‌ പറഞ്ഞാല്‍ കണ്‍കെട്ട്‌, മാരണം എന്നൊക്കെയാണ്‌ അര്‍ഥം. സൂറത്ത്‌ അന്‍ബിയാഇലെ 3-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തുന്നത്‌ ഇപ്രകാരമാണ്‌: ``യാഥാര്‍ഥ്യമോ സാധുതയോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാ കാര്യങ്ങള്‍ക്കും സിഹ്‌ര്‍ എന്ന്‌ പറയപ്പെടും'' (ഖുര്‍ത്വുബി). സിഹ്‌റിന്റെ നിര്‍വചനത്തില്‍ പോലും അതിന്‌ സാധുതയില്ല എന്നര്‍ഥം. സുലൈമാന്‍ നബി(അ)യുടെ കാലത്ത്‌ സിഹ്‌ര്‍ പഠിച്ചിരുന്ന ഒരു വിഭാഗം ആളുകളുണ്ടായിരുന്നു. അവരെക്കുറിച്ച്‌ അല്ലാഹു അരുളിയത്‌ ശ്രദ്ധിക്കുക: ``അവര്‍ക്കുതന്നെ ദ്രോഹമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവര്‍ പഠിച്ചുകൊണ്ടിരുന്നത്‌'' (അല്‍ബഖറ 102). മേല്‍വചനത്തെ ഇമാം ഇബ്‌നുകസീര്‍ വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``ദീനില്‍ അവര്‍ക്ക്‌ ദ്രോഹമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യം.''

ദീനില്‍ ദ്രോഹമുണ്ടാക്കുന്നത്‌ എന്നതിന്റെ വിവക്ഷ ദീനില്‍ അത്‌ കുറ്റകരവും നിഷിദ്ധവുമാണ്‌ എന്നര്‍ഥം. ശേഷം അദ്ദേഹം രേഖപ്പെടുത്തിയത്‌ യാതൊരുവിധ പ്രയോജനവും ചെയ്യാത്തത്‌ എന്നാണ്‌. സിഹ്‌ര്‍ ഫലിക്കുകയില്ല എന്നാണ്‌ മേല്‍ പറഞ്ഞതിന്റെ താല്‌പര്യം. സൂറത്ത്‌ ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു: ``സാഹിര്‍ ഭൂമിയില്‍ എവിടെ ചെന്നാലും വിജയം കൈവരിക്കുന്നവനോ രക്ഷപ്പെടുന്നവനോ അല്ല'' (ഖുര്‍ത്വുബി ത്വാഹ 69). മേല്‍വചനം വിശദീകരിച്ചുകൊണ്ടുതന്നെ, അഹ്‌മദ്‌ മുസ്‌തഫല്‍ മറാഗീ(റ) വിശദീകരിക്കുന്നു: ``നന്മയാകട്ടെ, തിന്മയാകട്ടെ സാഹിറിന്‌ ഒരിക്കലും തന്റെ ലക്ഷ്യം നേടാന്‍ സാധ്യമല്ല'' (തഫ്‌സീറുല്‍ മറാഗീ, ത്വാഹ 69).

മേല്‍വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു. ``സാഹിറിന്‌ അവന്റെ ലക്ഷ്യം അത്‌ നന്മയാകട്ടെ, തിന്മയാകട്ടെ നേടാന്‍ സാധ്യമല്ലെന്ന്‌ വ്യക്തമാക്കുന്നു'' (തഫ്‌സീറുല്‍ കബീര്‍). സിഹ്‌റിന്‌ അടിസ്ഥാനമില്ലെന്നും സാഹിറിന്‌ തന്റെ സിഹ്‌റുകൊണ്ട്‌ നന്മയോ തിന്മയോ വരുത്താന്‍ സാധ്യമല്ലെന്നും അഹ്‌ലുസ്സുന്നയുടെ പ്രമുഖരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയതാണ്‌ നാം കണ്ടത്‌. അല്ലാഹുവിന്റെ വചനവും അപ്രകാരം തന്നെ: ``സാഹിര്‍ എവിടെ ചെന്നാലും വിജയം കൈവരിക്കുന്നവനല്ല.'' (ത്വാഹാ 69)

എന്നാല്‍, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വസ്‌തുതയുണ്ട്‌. ``സിഹ്‌ര്‍ യാഥാര്‍ഥ്യമാണ്‌. അത്‌ ഫലിക്കും. അതിനെ നിഷേധിച്ചവര്‍ മുഅ്‌തസ്‌ലികള്‍ മാത്രമാണ്‌.'' മേല്‍ പ്രസ്‌താവന ഒട്ടും ശരിയല്ല എന്ന്‌ നാം മനസ്സിലാക്കി. എന്നാല്‍ സിഹ്‌റിന്റെ പ്രതിഫലനത്തെ എതിര്‍ക്കുന്ന പണ്ഡിതന്മാരില്‍ ഒരു കൂട്ടര്‍ മുഅ്‌തസ്‌ലിയാക്കളാണ്‌. അവര്‍ മാത്രമല്ല ഇമാം അബൂഹനീഫയും അക്കൂട്ടത്തിലുള്‍പ്പെടുന്നു. ഇമാം ശൗക്കാനി രേഖപ്പെടുത്തി: ``ഇമാം അബൂഹനീഫയും മുഅ്‌തസിലിയാക്കളും സിഹ്‌ര്‍ അടിസ്ഥാനരഹിതമായ വഞ്ചനയാണ്‌ എന്ന അഭിപ്രായക്കാരാണ്‌.'' (ഫത്‌ഹുല്‍ഖദീര്‍ 6:153)

മേല്‍ പറഞ്ഞവര്‍ മാത്രമല്ല, മറ്റ്‌ അഹ്‌ലുസ്സുന്നയുടെ പ്രമുഖരായ പല പണ്ഡിതന്മാരും മുഫസ്സിറുകളും സിഹ്‌ര്‍ അടിസ്ഥാനരഹിതമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌, സൂറത്തുല്‍ മാഇദയിലെ 110-ാം വചനം വിശദീകരിച്ചുകൊണ്ട്‌ മുശ്‌രിക്കുകള്‍ക്കു പോലും സിഹ്‌റില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നും അവര്‍ വിശുദ്ധ ഖുര്‍ആന്‍ സിഹ്‌റാണെന്ന്‌ പ്രസ്‌താവിച്ചിരുന്നതായും അതുകൊണ്ട്‌ അവര്‍ ഉദ്ദേശിച്ചിരുന്നത്‌ ഖുര്‍ആന്‍ സിഹ്‌റു പോലെ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു എന്നും ഇബ്‌നുജരീറുത്ത്വബ്‌രി തന്റെ തഫ്‌സീര്‍ 7:138ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഈ വിഷയത്തില്‍ നബി(സ)യുടെ പ്രതികരണവും വിഭിന്നമല്ല. നബി(സ) പറഞ്ഞതായി അബൂമൂസാ (റ) പ്രസ്‌താവിക്കുന്നു: ``മൂന്ന്‌ വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ കടക്കുന്നവരല്ല. മുഴുകുടിയന്‍, കുടുംബബന്ധം മുറിച്ചുകളയുന്നവന്‍, സിഹ്‌റ്‌ സത്യപ്പെടുത്തുന്നവന്‍ എന്നിവരാണവര്‍'' (അഹ്‌മദ്‌).

ഈ വിഷയത്തില്‍ ഇബ്‌നുകസീറിന്റെ(റ) ഒരു പ്രസ്‌താവന ഇപ്രകാരമാണ്‌: ``സിഹ്‌ര്‍ പഠിക്കല്‍ അനുവദനീയമാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ വല്ലവനും അത്‌ പഠിക്കുകയോ അല്ലെങ്കില്‍ സിഹ്‌ര്‍ പ്രയോജനം ചെയ്യുമെന്ന്‌ വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന്‍ കാഫിറായി'' (ഇബ്‌നുകസീര്‍ 1:196). ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും സിഹ്‌ര്‍ ഫലിക്കും അപകടം വരുത്തിവെക്കും, അതുകൊണ്ടാണ്‌ ഇസ്‌ലാം അതിനെ നിരോധിച്ചത്‌ എന്നൊക്കെ പ്രചരിപ്പിക്കുന്നവര്‍ വിഷയം ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കണം.
Related Posts Plugin for WordPress, Blogger...

Popular Posts

Follow by Email

Total Pageviews