നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും

ടി റിയാസ് മോന്‍

ഒരു സാമൂഹ്യപ്രസ്ഥാനം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. അത് നാശത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അന്ധവിശ്വാസപ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വംനല്കുന്ന വിഭാഗത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന ആഭ്യന്തരകലാപങ്ങള്‍ ലക്ഷ്യബോധം നഷ്ടമായ ആള്‍ക്കൂട്ടത്തിന്റെ അനിവാര്യ പതനമാണ് കാണിക്കുന്നത്.

എ പി വിഭാഗം മുജാഹിദുകളിലെ ജിന്ന്- സിഹ്‌റ് വിഭാഗം തലശ്ശേരിയില്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച വാര്‍ത്ത ഒരു സൂചന മാത്രമാണ്. സംസ്ഥാന നേതൃത്വത്തിന് കോടതിയും കള്ളക്കേസുകളും ശീലമാകുമ്പോള്‍ അണികളിലേക്കും ആ രോഗം ബാധിക്കും എന്നത് മാത്രമാണ് തലശ്ശേരി കേസ് നല്കുന്ന സന്ദേശം. തമ്മിലടിക്കുന്നതും, ചേരി തിരിയുന്നതും, തെറിവിളിക്കുന്നതും മതസംഘടനകള്‍ക്കിടയില്‍ ഒരു ശീലമായി വളരുന്നത് അപകടകരമാണ്. അത് മറന്നു പോകുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ് മതസംഘടനകള്‍ക്കിടയില്‍ സംഭവിക്കുന്നത്.


പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാരായി രംഗത്തെത്തിയ പലരോടും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് എതിരാളികളും സ്വന്തക്കാരും ഇന്ന് അഭ്യര്‍ഥിക്കുകയാണ്. മാന്യമായ ഭാഷയും പെരുമാറ്റവും ഗുണകാംക്ഷയും മതനേതൃത്വങ്ങള്‍ക്കും, പ്രഭാഷകര്‍ക്കും നഷ്ടമാകുമ്പോള്‍ തകരുന്നത് സമുദായത്തിന്റെ കെട്ടുറപ്പും ഇമേജുമാണ്. മാന്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ സമുദായ സംഘടനകളുടെ വേദികളില്‍ നിന്ന് അപ്രത്യക്ഷമാകുകയും, അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍ക്കും, തെറിപ്പാട്ടുകാര്‍ക്കും മാര്‍ക്കറ്റ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് സൗഹാര്‍ദ്ദവും, സാംസ്‌കാരിക നിലവാരവും കൊതിക്കുന്ന വിദ്യാസമ്പന്നരായ യുവതലമുറയുടെ പിന്തുണയാണെന്ന് മാത്രം മതനേതൃത്വങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ എഴുന്നള്ളിക്കാന്‍ കെ കെ സകരിയ്യാ സ്വലാഹി പക്ഷം നടത്തുന്ന നീക്കങ്ങള്‍ കണ്ട് അവരുടെ പ്രസിഡന്റായ ടി പി അബ്ദുള്ളക്കോയ മദനി നമ്മള്‍ തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നോ എന്ന് അണികളോട് പ്രസംഗമധ്യേ ചോദിക്കുകയുണ്ടായി. തിരിച്ചുപോക്ക് ആരംഭിച്ച് ഒരു ദശാബ്ദം പിന്നിട്ടതിന് ശേഷമാണ് ഈ ചോദ്യം ഉയരുന്നത്. ബിലാലിന്റെയും, അമ്മാറിന്റെയും കഥ പറയുന്ന, പതിതരായ ഒരു ജനതക്ക് ആത്മാഭിമാനം നല്കിയ ആദര്‍ശത്തിന്റെ അനന്തരാവകാശികള്‍ പാവങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും, സമുദായത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ നടത്തം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇനി മുന്നോട്ട് പോകേണമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ബുദ്ധിപരമായി ജീര്‍ണത ബാധിച്ചു കഴിഞ്ഞ ഒരു വിഭാഗത്തിന്റെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നിന്നാണ് അവരുടെ നേതാവ് ആത്മവിമര്‍ശനം നടത്തിയത്. ജീര്‍ണത ഏത് പ്രസ്ഥാനത്തെയും ബാധിക്കാം. അത് ഒരു പ്രസ്ഥാനത്തില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മറ്റുള്ളവയിലേക്ക് പടരുകയും ചെയ്യും. ആയതിനാല്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെയും വിമര്‍ശങ്ങളെയും അത് സ്വന്തം പ്രസ്ഥാനത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തും എന്ന് കൂടി ഇതര സംഘടനകള്‍ ആലോചിക്കേണ്ടതാണ്.

മതസംഘടനകളുടെ ജീര്‍ണതയുടെ സാമൂഹ്യപശ്ചാത്തലം എന്താണ്? മതസംഘടനകളില്‍ നിന്നും വന്‍തോതില്‍ അണികളുടെ കൊഴിഞ്ഞ് പോക്ക് നടക്കുന്ന ഇക്കാലത്ത് ആ ചോദ്യം ഏറെ പ്രസക്തമാണ്. മതസംഘടനകളില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈ കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ട്. വ്യക്തികള്‍ സാമൂഹ്യജീവിതം അവസാനിപ്പിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ പുതിയ കാലത്ത് സാമൂഹ്യബോധം ഉള്ളവരെ പോലും ആകര്‍ഷിക്കാതിരിക്കാന്‍ മാത്രം സംഘടനകള്‍ സങ്കുചിതമാകുന്നുണ്ടോ എന്ന്, സ്ഥാപനവത്കരിക്കപ്പെടുന്നുണ്ടോ എന്ന്, ജനകീയജീവിതത്തിന്റെ തുടിപ്പുകളില്‍ നിന്ന് സ്വന്തം കൂടാരങ്ങളിലേക്ക് സംഘടനകള്‍ ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനം നടത്താന്‍ സമയമായിട്ടുണ്ട്.

മതസംഘടനകളുടെ തകര്‍ച്ചയുടെ ആരംഭസൂചനകള്‍ വായിച്ചു തുടങ്ങേണ്ടത് പള്ളികളില്‍ നിന്നാണ്. പള്ളിക്കമ്മിറ്റികളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്തൊക്കെയാണ്? പള്ളി നടത്തിപ്പും, ശമ്പളവും മാത്രം ചര്‍ച്ച ചെയ്ത് പിരിയുകയാണ് യോഗങ്ങള്‍. നാട്ടിലെ പ്രമാണിമാരുടെ മടിശ്ശീലകള്‍ കൊണ്ട് പള്ളിനടത്തിപ്പ് മുന്നോട്ട് പോകുമ്പോള്‍ പാവങ്ങളുടെ പ്രശ്‌നം അവഗണിക്കപ്പെടുകയാണ്. രാവിലെ പാടത്തേക്കിറങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതവും, തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മുസ്‌ലിം യുവതികളുടെ ചിത്രവും സമുദായനേതാക്കളുടെ മനസ്സില്‍ നിന്നും ഇല്ലാതെയായി. അവര്‍ കാറിന് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് സ്ത്രീകളെ അന്യപുരുഷന്‍മാരുടെ നോട്ടത്തില്‍ നിന്നും രക്ഷിക്കേണ്ടതിനെ കുറിച്ച് തഖ്‌വയുടെ സെഷനില്‍ പ്രസംഗിച്ചു.

പള്ളികളും മഹല്ലുകളും പിടിച്ചെടുക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് അതേ മഹല്ലിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിനെ കുറിച്ച് ആശങ്കയേതുമുണ്ടായില്ല. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും. വിവാഹവും ദാമ്പത്യവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ആഹ്വാനങ്ങള്‍ ഒരു വേള സമ്പന്നരുടെ വിവാഹഖുത്ബകളിലേക്ക് മാത്രമായി ചുരുങ്ങി. പാവങ്ങള്‍ ഈ സമുദായത്തിന് പുറത്തെ അധകൃതരായി ഒതുക്കപ്പെട്ടു. അങ്ങനെ ആന പനിനീര്‍ തളിക്കുന്ന, ഇവന്റ് മാനേജ്‌മെന്റുകള്‍ സദ്യ നടത്തുന്ന റിസോര്‍ട്ട് വിവാഹങ്ങളില്‍ ആസ്ഥാനപണ്ഡിതന്മാര്‍ കാര്‍മികരായി. ഒടുവില്‍ നാലുമണി കല്യാണങ്ങളും, ഓലപ്പുരകളും നേതൃത്വം കാണാതെ പോയി. കടപ്പുറത്തെ വീട്ടില്‍ പോയി നികാഹ് നിര്‍വഹിച്ച് ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ആദര്‍ശത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തിയ സ്വാത്തികന്‍മാരായ പണ്ഡിതന്‍മാരുടെ ഓര്‍മ്മകള്‍ പോലും ഇല്ലാതായി.

യഥാര്‍ഥ പ്രശ്‌നങ്ങളുടെ വേരുകള്‍ അവിടെയാണുള്ളത്. പണം കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങി. നേതാക്കന്‍മാര്‍ പണച്ചാക്കുകളോട് ആദരവ് പ്രകടിപ്പിച്ചു തുടങ്ങിയതും കാര്യങ്ങളുടെ ഗതിമാറ്റി. സമ്മേളനപ്പന്തലുകളില്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് പെട്രോഡോളര്‍ ആര്‍ഭാടങ്ങള്‍ തീര്‍ത്തപ്പോള്‍ കണ്ണഞ്ചിപ്പോയി, അതിശയംകൂറിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ വാള്‍പോസ്റ്ററുകള്‍ ഓരോ സംഘടനയും കോഴിക്കോട്ടങ്ങാടിയില്‍ മാത്രം ഒട്ടിക്കുന്നുണ്ട്. 400 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കും നാലായിരം പോസ്റ്റര്‍ അടിക്കുന്നത് ശീലമായി പോയി. അങ്ങനെ എതിര്‍സംഘടനയെ പണത്തിന്റെ പളപളപ്പ് കാട്ടി പരാജയപ്പെടുത്തുന്നിടത്തേക്ക് കാര്യങ്ങള്‍ ഗതിമാറി.

അപ്പോള്‍ ഒരിക്കല്‍ പോലും കോഴിക്കോടിന്റെ പടിഞ്ഞാറെ ഭാഗത്ത് കുറെ പാവങ്ങള്‍ ഉണ്ടെന്ന് ആരും പറഞ്ഞു തന്നില്ല. അവരുടെ പ്രതിനിധികള്‍ ഒന്നും മതനേതൃത്വത്തിന്റെ ആഢ്യസഭയില്‍ കൗണ്‍സിലര്‍മാരായി വന്നില്ല.

പാവങ്ങള്‍ ബഹിഷ്‌കൃതരാകുകയും, സാമൂഹ്യബോധമുള്ളവര്‍ ഇറങ്ങിപ്പോകുകയോ, ഒതുക്കപ്പെടുകയോ ചെയ്തപ്പോള്‍ അവിടെ പകരം കയറിയിരുന്നത് ജനജീവിതവുമായി ബന്ധമില്ലാത്ത ഉപരിവര്‍ഗ്ഗമായിരുന്നു. അവര്‍ എപ്പോഴും ആലോചിക്കുക അന്യഗ്രഹജീവികളെ കുറിച്ചും, അദ്ഭുതജീവികളെ കുറിച്ചുമാണ്. അമേരിക്കന്‍ ഹോളിവുഡ് സിനിമകളുടെ തിരക്കഥയുമായി ഇതിന് വല്ലാത്ത സാമ്യമുണ്ട്. ഹോളിവുഡ് സിനിമകളില്‍ എപ്പോഴും അമാനുഷരും അന്യഗ്രഹജീവികളും വല്ലാതെ നിറഞ്ഞിരിക്കും. ശാസ്ത്രവും സാമൂഹ്യപഠനങ്ങളും ഇത്രയേറെ മുന്നോട്ട് പോയിട്ടും ഹോളിവുഡ് സിനിമകളില്‍ എന്തു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പ്രമേയമാകുന്നത് എന്ന് ചിന്തിക്കണം. അത്തരം സിനിമകള്‍ ഹിറ്റാകുന്നതിന്റെ അതേ മനശ്ശാസ്ത്രം തന്നെയാണ് കേരളത്തില്‍ ഒരു കൂട്ടം പണ്ഡിതവേഷധാരികള്‍ ജിന്നിനെ കുറിച്ചും, സിഹ്‌റിനെ കുറിച്ചും പറഞ്ഞ് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുമ്പോളും ഉണ്ടാകുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ അതേ ആസ്വാദനനിലവാരം ജിന്ന് സ്‌പെഷ്യലിസ്റ്റിന്റെ പ്രഭാഷണ സിഡികള്‍ക്കും ലഭിക്കുന്നു.

1990 കളോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ ഒരു പദമാണ് നവയാഥാസ്ഥിതികത അഥവാ നിയോകണ്‍സര്‍വേറ്റിവിസം. നീതിരഹിതമായ കമ്പോളത്തോടുള്ള നിലപാടുകളും, കത്തോലിക്കാസഭയിലെ ആഭ്യന്തരശൈഥില്യങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഒരു പ്രയോഗമാണ് നവയാഥാസ്ഥിതികത. ആധുനികതക്ക് ശേഷം അന്ധവിശ്വാസം വളര്‍ത്തുന്നവരെയും ഈ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ നിയോകണ്‍സര്‍വേറ്റിവുകള്‍ അഥവാ നവയാഥാസ്ഥിതികര്‍ എന്ന് വിശേഷിപ്പിക്കുന്നതിന്റെ വിശാലമായ അര്‍ഥബന്ധങ്ങള്‍ കൂടി അന്വേഷിക്കുന്നത് കൗതുകമായിരിക്കും. പിശാചുമായും അദൃശ്യജീവികളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലും ഇറക്കുമതിചെയ്തത് പ്രസ്ഥാനത്തെ വഴിതെറ്റിക്കാനുള്ള ബാഹ്യശക്തികളുടെ തീരുമാനഫലമായിരുന്നുവോ എന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

പ്രത്യയശാസ്ത്രരഹിതരായി സമ്പന്നതയില്‍ ജീവിക്കുന്നവര്‍ക്ക് മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ താത്പര്യം ഇല്ലാതെയാകുകയും, അവര്‍ക്ക് ഭാവനകളില്‍ താത്പര്യം ഉണ്ടാകുകയും ചെയ്യുന്നു. അത്തരം ജനവിഭാഗത്തെ കൂടെ നിര്‍ത്താന്‍ സകാത്തിന്റെ പോരിശ പ്രസംഗിച്ചാല്‍ മതിയാകില്ല. അവര്‍ക്ക് ജിന്നും സിഹ്‌റും അദൃശ്യജീവികളുമായുള്ള സംസാരവും ഒക്കെ ഗവേഷണവിഷയങ്ങളാകും. ഹോളിവുഡ് സിനിമ കണ്ടിറങ്ങുന്ന നവപണ്ഡിതന് യാത്രക്കിടയില്‍ രണ്ടത്താണിയില്‍ നിന്ന് ഒരു ജിന്ന് ആകാശത്തേക്ക് പോകുന്നത് കാണുന്നത് സ്വാഭാവികമാണ്.

എന്നാല്‍ അനാഥരുടെയും അഗതികളുടെയും അവിവാഹിതകളുടെയും രോഗികളുടെയും വൃദ്ധരുടെയും പ്രശ്‌നങ്ങള്‍ക്ക് വില കല്പിച്ച ഒരു ഉത്തമസമൂഹത്തിന്റെ പിന്‍മുറക്ക് ഈ ചര്‍ച്ചകള്‍ അരോചകമാകണം. എന്നാല്‍ ആ ചര്‍ച്ചകളെ ആസ്വദിക്കുകയും യഥാര്‍ഥ ചര്‍ച്ചകളോട് മുഖം തിരിക്കുകയും ചെയ്തു എന്നതാണ് കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ള ആഭ്യന്തര ശൈഥില്യത്തിന്റെ പ്രധാന കാരണം. നവസമൂഹത്തിലേക്ക് അജന്‍ഡകള്‍ സെറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ നേതൃത്വത്തില്‍ ഇല്ലാതെയായതിന്റെ അനിവാര്യദുരന്തം കൂടിയാണത്.

എല്ലാവരും കണ്ണു തുറക്കേണ്ട സമയമാണിത്. പുതിയ കാലത്തോട് സംവദിക്കാനുള്ള മീഡിയകളും അജന്‍ഡകളും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടമാണിത്. അതിജീവനം കൊതിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നുനിന്നേ മതിയാകൂ.

Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews