ജിന്ന്‌ വിവാദം: പുറത്താക്കപ്പെടുന്നത്‌ കള്ളിത്തറികളും കീടങ്ങളുമോ?

കെ പി എസ്‌ ഫാറൂഖി വളപട്ടണം

മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അന്നത്തെ നേതൃത്വത്തിനൊപ്പം വലം കൈയായി പ്രവര്‍ത്തിച്ചയാളാണ്‌ കെ കെ സക്കരിയാ സ്വലാഹി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയ നേതാക്കളില്‍ ചിലരും പൗരപ്രമുഖരും റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ പ്രതിനിധിയും പലവട്ടം (ചുരുങ്ങിയത്‌ 5 തവണയെങ്കിലും) പ്രസ്ഥാനത്തെ ഐക്യപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തി. അപ്പോഴൊക്കെയും അതിശക്തമായി ഉടക്ക്‌ വെച്ചവനാണിയാള്‍. ഐക്യശ്രമത്തിന്റെ ഒരു ഘട്ടത്തില്‍ പള്ളിമിമ്പറിലെ ഖുതുബയില്‍ പോലും ഇയാളുടെ ഒരു അനുയായി നേതാവ്‌ സൂചിപ്പിച്ചത്‌ `സംഘടനയില്‍ നിന്ന്‌ കീടങ്ങള്‍ പുറത്തുപോയി, ഇനി ഐക്യത്തിന്‌ പ്രസക്തിയില്ല' എന്നായിരുന്നു. തൗഹീദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്മാരായ കെ കെ മുഹമ്മദ്‌ സുല്ലമി, സി പി ഉമര്‍സുല്ലമി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയ പണ്ഡിതന്മാരെയും അവരോടൊപ്പം നിന്ന്‌ തൗഹീദീ പ്രവര്‍ത്തനം നടത്തുന്ന പരശ്ശതം മുജാഹിദ്‌ പ്രവര്‍ത്തകരെയുമാണ്‌ ഇയാള്‍ `കീടങ്ങള്‍' എന്ന്‌ വിശേപ്പിച്ചത്‌!

 എന്നാല്‍ ഈയടുത്ത കാലത്ത്‌ സ്വന്തം നേതൃത്വത്തെ സൂചിപ്പിച്ചുകൊണ്ട്‌ `ചപ്പുചവറുകളും കള്ളിത്തറികളും' വരെ സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുണ്ട്‌ എന്ന്‌ ഇയാള്‍ പരസ്യമായി പ്രസംഗിച്ചു. തന്റെ അനുയായികളായി ഒരു വലിയ ടീമിനെ (മുരീദന്മാരെ) ഇയാള്‍ വളര്‍ത്തിയെടുക്കയും ചെയ്‌തു. ഇവരാണ്‌ `സകരിയാക്കള്‍', `ജിന്നു മുജാഹിദുകള്‍' എന്നീ പേരുകളില്‍ ഈയടുത്ത കാലത്തായി അറിയപ്പെടുന്നത്‌. ഈയിടെ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി വളരെ സങ്കടത്തോടെ നിഅ്‌മത്തുല്ല ഫാറൂഖിയോട്‌ പങ്കുവെച്ച കാര്യം പ്രസിദ്ധമാണ്‌: ``കഴിഞ്ഞ 60 വര്‍ഷക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം ഈ കുട്ടികള്‍ നശിപ്പിച്ചല്ലോ നിഅ്‌മത്തേ'' എന്നായിരുന്നു എ പിയുടെ സങ്കടവര്‍ത്തമാനം.


 പ്രസ്ഥാനത്തെ പിളര്‍ത്താന്‍ തന്റെ വലം കൈയായി നിന്ന്‌ സഹായിച്ച സകരിയ തന്നെ ഇപ്പോള്‍ എ പിക്ക്‌ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നു! മുജാഹിദ്‌ പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും `കീടങ്ങള്‍' എന്നും സ്വന്തം നേതൃത്വത്തെ `കള്ളിത്തറികള്‍' എന്നും പരസ്യമായി പ്രസംഗിക്കാന്‍ ധാര്‍ഷ്‌ട്യം കാണിച്ച തന്റെ `വലം കൈ' മുറിച്ച്‌ മാറ്റാന്‍ തന്നെ ഒടുവില്‍ എ പിക്ക്‌ തീരുമാനിക്കേണ്ടിവന്നു! അങ്ങനെയാണ്‌ സകരിയ്യയെ ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സംഘടനയില്‍ നിന്ന്‌ ഭാഗികമായി പുറത്താക്കിയത്‌.

 എന്നാല്‍ സകരിയയുടെ വലംകൈയായ മുജാഹിദ്‌ ബാലുശ്ശേരിയെ രംഗത്തിറക്കിക്കൊണ്ടാണ്‌ ജിന്നുമുജാഹിദുകള്‍ ഇതിനെ നേരിട്ടത്‌. സക്കരിയ പുറത്തുനിന്നും മുജാഹിദ്‌ ബാലുശ്ശേരി അകത്തുനിന്നും തങ്ങളുടെ നവീനവാദങ്ങള്‍ ശക്തമായി പ്രചരിപ്പിച്ചു. എന്നാല്‍ ഇയാള്‍ 13.05.2012ന്‌ കണ്ണൂരില്‍ നടത്തിയ കുപ്രസിദ്ധമായ `ജിന്ന്‌ പ്രഭാഷണം' ഇപ്പോള്‍ ഇയാള്‍ക്കു തന്നെ വിനയായിരിക്കുന്നു. നേതൃത്വം ഇയാളെ വിളിച്ച്‌ ചോദ്യം ചെയ്‌തു. ഇയാള്‍ നേതൃത്വവുമായി ഉടക്കി! അവസാനം ജിന്ന്‌ ഗ്രൂപ്പിന്റെ പ്രമുഖനായ ഈ രണ്ടാം നേതാവും പുറത്താക്കപ്പെട്ടിരിക്കുന്നു. ജിന്ന്‌, സിഹ്‌റ്‌, പിശാച്‌ വിഷയത്തില്‍ സകരിയാക്കള്‍ക്ക്‌ വ്യതിയാന വാദങ്ങള്‍ ഇല്ലെങ്കില്‍ സകരിയ സലാഹിയേയും മുജാഹിദ്‌ ബാലുശ്ശേരിയേയും പുറത്താക്കിയത്‌ എന്തിന്‌? ഖുര്‍ആനിന്റെ പ്രവചനം നോക്കൂ: ``ഏറ്റവും വലിയ ആ ശിക്ഷ വരുന്നതിനു മുമ്പ്‌ (ഐഹീകമായ) ചില ചെറിയതരം ശിക്ഷകള്‍ നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌.അവര്‍ ഒരുവേള മടങ്ങിയേക്കാമല്ലോ'' (32:21) 
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews