ഹദീസ്‌ നിദാനശാസ്‌ത്ര നിയമങ്ങള്‍ അട്ടിമറിക്കുന്നു

എ അബ്‌ദുസ്സലാം സുല്ലമി

``നിര്‍മിത ഹദീസുകളുടെ ചില അടയാളങ്ങള്‍ പറഞ്ഞതിനെ ഹദീസ്‌ സ്വീകരിക്കാന്‍ തന്നെയുള്ള മാനദണ്ഡമാക്കി അട്ടിമറിച്ച്‌ തങ്ങളുടെ കുതന്ത്രത്തിന്‌ തെളിവുണ്ടാക്കുന്ന ക്രൂരതയാണ്‌ മടവൂരികള്‍ സ്വീകരിക്കുന്നത്‌.'' (കെ കെ സകരിയ്യാ സ്വലാഹി, അല്‍ഇസ്വ്‌ലാഹ്‌ -2011 ഒക്‌ടോബര്‍, പേജ്‌ 26).

``എന്നാല്‍ മുഹദ്ദിസുകള്‍ മൗളൂഉ്‌ (വ്യാജനിര്‍മിതം) എന്ന്‌ വിധിയെഴുതിയ ഹദീസുകള്‍ പോലും തങ്ങള്‍ക്കനുകൂലമാണെങ്കില്‍ ഇവര്‍ സ്വീകരിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌ മേല്‍പറഞ്ഞ കൃതിയില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ നോക്കൂ: ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: മനുഷ്യന്റെ നിലനില്‌പ്‌ അവന്റെ ബുദ്ധിയാണ്‌. ബുദ്ധിയില്ലാത്തവന്‌ മതവുമില്ല. (ജിന്ന്‌, പിശാച്‌... പേജ്‌ 143). പൂര്‍വീകരും ആധുനികരുമായ ഹദീസ്‌ നിരൂപണ പണ്ഡിതന്മാര്‍ മൗദൂഅ്‌ എന്നുറപ്പിച്ച്‌ പറഞ്ഞ റിപ്പോര്‍ട്ടാണിത്‌.'' (അതേപുസ്‌തകം, പേജ്‌ 26)

ഹദീസ്‌ സ്വഹീഹാകാന്‍ ഹദീസില്‍ പറഞ്ഞ ആശയം വിശുദ്ധ ഖുര്‍ആനിന്‌ എതിരാവാതിരിക്കുക, മനുഷ്യന്റെ സുവ്യക്തമായ ബുദ്ധിക്ക്‌ എതിരാവാതിരിക്കുക, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാവാതിരിക്കുക, ചരിത്ര സംഭവങ്ങള്‍ക്ക്‌ എതിരാവാതിരിക്കുക എന്നെല്ലാം ഹദീസ്‌ പണ്ഡിന്മാര്‍ പറഞ്ഞത്‌ പരമ്പര ദുര്‍ബലമായതും മനുഷ്യ നിര്‍മിതവുമായ ഹദീസുകളുടെ സ്വഭാവം വിവരിച്ചതാണെന്നാണ്‌ ഇദ്ദേഹം ഇവിടെ ജല്‌പിക്കുന്നത്‌. ഈ വാദ പ്രകാരം തന്നെ താഴെ പറയുന്ന സംഗതികള്‍ സ്ഥിരപ്പെടുന്നു.


1). സ്വഹീഹായ ഹദീസുകള്‍ക്ക്‌ മുകളില്‍ വിവരിച്ച സ്വഭാവങ്ങള്‍ ഉണ്ടാവുകയില്ല.

2). പരമ്പര ദുര്‍ബലമായ ഹദീസുകള്‍ക്കാണ്‌ ഈ സ്വഭാവങ്ങള്‍ ഉണ്ടാവുക.

3). അപ്പോള്‍ വല്ല ഹദീസിനും ഈ സ്വഭാവം കണ്ടാല്‍ പ്രസ്‌തുത ഹദീസിന്റെ പരമ്പര സ്വഹീഹാക്കിയതില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്ക്‌ തെറ്റ്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ വിചാരിക്കണം.

വളരെ അപകടം പിടിച്ച ഒരു വാദമാണിവര്‍ എഴുതിവിടുന്നത്‌. ഒരു ഹദീസിന്റെ പരമ്പര ദുര്‍ബലമായാല്‍ പോലും ആ ഹദീസ്‌ തള്ളാന്‍ പാടില്ലെന്നും ആ ഹദീസുകളില്‍ പറയുന്ന ആശയം വിശുദ്ധ ഖുര്‍ആനിനും മറ്റും എതിരാവുകയും വേണമെന്നുമാണ്‌ സ്ഥിരപ്പെടുക. വ്യാജനിര്‍മിതമായ ഹദീസുകളില്‍ പറയുന്ന മിക്ക ആശയങ്ങളും ഖുര്‍ആനിനും മനുഷ്യന്റെ ബുദ്ധിക്കും മറ്റും പരിപൂര്‍ണമായി യോജിച്ചതായിരിക്കും. ഈ ലേഖനത്തില്‍ തന്നെ ഇദ്ദേഹം നിര്‍മിതമായ ഹദീസിന്‌ ഉദാഹരണം എടുത്തു കാണിച്ച ഹദീസ്‌ ഇതിന്‌ വ്യക്തമായ തെളിവാണ്‌.

`മനുഷ്യന്റെ നിലനില്‌പ്‌ അവന്റെ ബുദ്ധിയാണ്‌. ബുദ്ധിയില്ലാത്തവന്‌ മതമില്ല' എന്നു പറയുന്ന ഹദീസാണ്‌ ലേഖകന്‍ തെളിവായി ഉദ്ധരിക്കുന്നത്‌. ഈ ഹദീസ്‌ നൂറ്‌ ശതമാനവും ഖുര്‍ആനിനും ബുദ്ധിക്കും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തിനും യോജിച്ചതാണ്‌. ബുദ്ധിയില്ലാത്ത മനുഷ്യന്‍ അവന്റെ ജീവിതത്തെ നശിപ്പിക്കുന്നതാണ്‌. മാനസിക രോഗി, ഭ്രാന്തന്‍ എന്നെല്ലാം ഇവരെ വിളിക്കുന്നു. മതത്തിന്റെ നിയമം ഒരു മനുഷ്യന്‌ പ്രായപൂര്‍ത്തിയായതു കൊണ്ട്‌ സ്ഥിരപ്പെടുകയില്ല. പ്രത്യുത അവന്‌ ബുദ്ധിയുണ്ടായിരിക്കണം. ബുദ്ധിയുള്ളവനും പ്രായപൂര്‍ത്തിയെത്തിയവനും (ആഖിലുന്‍ ബാലിഗുന്‍) എന്നാണ്‌ മുസ്‌ലിം ലോകം മതനിയമങ്ങള്‍ ബാധകമാവുന്നവനെ സംബന്ധിച്ച്‌ പറയുക. വിശുദ്ധ ഖുര്‍ആനിന്റെ ചില സൂക്തങ്ങള്‍ ശ്രദ്ധിക്കക.

``ഞങ്ങള്‍ കേള്‍ക്കുകയോ ബുദ്ധി ഉപയോഗിക്കുകയോ ചെയ്‌തിരുന്നുവെങ്കില്‍ ജ്വലിക്കുന്ന നരകത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുമായിരുന്നില്ല.'' (മുല്‍ക്‌ 10)

``ബുദ്ധി ഉപയോഗിക്കാത്തവരുടെ മേല്‍ അല്ലാഹു നികൃഷ്‌ടത വരുത്തിവെക്കുന്നതാണ്‌.'' (യൂനുസ്‌ 100)

``തീര്‍ച്ചയായും ജീവികളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുത്ത്‌ ഏറ്റവും ചീത്തയായവര്‍ ബുദ്ധി ഉപയോഗിക്കാത്ത ഊമകളും ബധിരന്മാരാകുന്നു.'' (അന്‍ഫാല്‍ 22)

``തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്നും അനേകം സംഘങ്ങളെ അവന്‍ (പിശാച്‌) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നില്ലേ?'' (യാസീന്‍ 62)

``ബുദ്ധി ഉപയോഗിക്കുന്ന ജനതക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (റൂം 28)

``നിങ്ങള്‍ക്ക്‌ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നവരാണെങ്കില്‍.'' (ആലുഇംറാന്‍ 118)

ഇതുപോലെ ധാരാളം സൂക്തങ്ങളില്‍ ബുദ്ധിയില്ലാത്തവന്‌ മതമില്ല എന്ന്‌ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. `നിങ്ങള്‍ എന്നില്‍ നിന്നും ഒരു ഹദീസ്‌ കേട്ടു. അതു നിങ്ങളുടെ ബുദ്ധിക്ക്‌ വിദൂരമായി തോന്നിയാല്‍ ആ ഹദീസ്‌ ഞാന്‍ പറഞ്ഞതെല്ലന്ന്‌ നിങ്ങള്‍ തീരുമാനിച്ച്‌ ദൂരെ എറിയണമെന്ന്‌ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ഹദീസ്‌ ദുര്‍ബലമാണെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഞാന്‍ എന്റെ ഗ്രന്ഥങ്ങളില്‍ ഇസ്‌ലാഹ്‌ ലേഖകന്‍ അന്ധമായി പിന്തുടരുന്ന നാസിറുദ്ദീന്‍ അല്‍ബാനി തന്റെ ഗ്രന്ഥത്തില്‍ സ്വഹീഹാക്കുന്നതു കാണാം.

ഒരു ഹദീസിന്റെ പരമ്പര സ്വഹീഹായത്‌ കൊണ്ടു മാത്രം ഒരു ഹദീസ്‌ സ്വഹീഹാകുകയില്ല എന്നു പറഞ്ഞുകൊണ്ടാണ്‌ ഇബ്‌നു കസീറിനെ(റ) പോലെയുള്ള ഹദീസ്‌ പണ്ഡിതന്മാര്‍ നാം മുകളില്‍ വിവരിച്ച വ്യവസ്ഥകള്‍ വിവരിക്കുന്നത്‌. ഇതുപോലും മനസ്സിലാക്കാന്‍ സാധിക്കാത്ത വ്യക്തിയാണ്‌ ഹദീസിനെ കുറിച്ച്‌ എഴുതാന്‍ അവിവേകം കാണിക്കുന്നത്‌. കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍ എഴുതിയ സുന്നത്ത്‌ അര്‍ഥവും പ്രാധാന്യവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഇനി ഹദീസിന്റെ വചനങ്ങള്‍ (മത്‌ന്‌) കണ്ടാല്‍ തന്നെ അത്‌ വ്യാജമാണോ അല്ലേ എന്ന്‌ മനസ്സിലാക്കാനുള്ള ലക്ഷണങ്ങളും ഹദീസ്‌ പണ്ഡിതന്മാര്‍ കണ്ടെത്തി. അവയില്‍ പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ കാണുക:

1). ഭാഷാസ്‌ഫുടതയില്ലായ്‌മ: പ്രവാചകന്‍ ശുദ്ധവും സ്‌ഫുടവുമായ അറബിഭാഷയാണ്‌ സംസാരിച്ചത്‌. അതിനാല്‍ ഹദീസ്‌ എന്ന പേരില്‍ ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍ക്ക്‌ ഭാഷാ ശുദ്ധിയില്ലെങ്കില്‍ വ്യാജമാണെന്ന്‌ വിധിക്കപ്പെട്ടു.

2. ആശയപരമായ വൈകല്യം: ഇസ്‌ലാമിക നിയമസംഹിതകളെല്ലാം തന്നെ ബുദ്ധിക്കും ചിന്തക്കും നിരക്കുന്നതാണ്‌. അതിനെതിരായി പറയപ്പെടുന്ന വചനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു.'' (പേജ്‌ 40,41)

പരമ്പര ദുര്‍ബലമായതു കൊണ്ട്‌ സംശയിക്കണം എന്നല്ല പ്രത്യുത ഇസ്‌ലാമിക നിയമസംഹിതകളെല്ലാം തന്നെ ബുദ്ധിക്കും ചിന്തക്കും നിരക്കുന്നതാണ്‌. അതിനാല്‍ അതിന്‌ എതിരായി പറയപ്പെടുന്നതിനാല്‍ സംശയിക്കണം എന്നാണ്‌ ഇദ്ദേഹം എഴുതുന്നത്‌. അബൂബക്കര്‍ സലഫി, കെ കെ സകരിയാ സ്വലാഹി മുതലായവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗങ്ങളായി പ്രസിദ്ധീകരിച്ച മുസ്‌ലിമിന്റെ പരിഭാഷയുടെ ഒന്നാം പതിപ്പില്‍ എഴുതുന്നത്‌ കാണുക: ``പ്രവാചകന്‍ ശുദ്ധവും സ്‌ഫുടവുമായ അറബി ഭാഷയാണ്‌ സംസാരിച്ചത്‌. അതിനാല്‍ ഹദീസ്‌ എന്ന പേരില്‍ ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍ക്ക്‌ ഭാഷാ ശുദ്ധിയില്ലെങ്കില്‍ വ്യാജമാണെന്ന്‌ വിധിക്കപ്പെടും.'' (പേജ്‌ 51)

പരമ്പര ദുര്‍ബലമായ ഹദീസുകളും മനുഷ്യനിര്‍മിതമായ ഹദീസുകളും വ്യാജമാണെന്ന്‌ വിധിക്കപ്പെടാന്‍ ഭാഷാ സ്‌ഫുടതയില്ലായ്‌മ കൂടി ഉണ്ടായിരിക്കണമെന്ന്‌ ഇവരുടെ പുതിയ വ്യാഖ്യാന പ്രകാരം സ്ഥിരപ്പെടും. വീണ്ടും എഴുതുന്നു: ``ഇസ്‌ലാമിക നിയമ സംഹിതകളെല്ലാം തന്നെ ബുദ്ധിക്കും ചിന്തക്കും നിരക്കുന്നതാണ്‌. അതിനെതിരായി പറയപ്പെടുന്ന വചനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു'' (പേജ്‌ 52). ഹദീസിന്റെ പരമ്പര ദുര്‍ബലമായ ഹദീസുകളും (ളഈഫ്‌) വ്യാജനിര്‍മിതമായ ഹദീസുകളും (മൗദൂഅ്‌) തള്ളാന്‍ ആ ഹദീസുകളില്‍ പറയുന്ന ആശയവും ബുദ്ധിക്കും ചിന്തക്കും കൂടി എതിരാകുന്നതായിരിക്കണം എന്നാണ്‌ നവയാഥാസ്ഥിതികരുടെ ജല്‌പനപ്രകാരം സ്ഥിരപ്പെടുക.

``ഖുര്‍ആനിലെ വ്യക്തമായ നിയമങ്ങള്‍ക്ക്‌ വിധേയമാവുക.'' (പേജ്‌ 52). അപ്പോള്‍ വ്യാജനിര്‍മിതമായ ഹദീസ്‌ തള്ളാന്‍ ആ ഹദീസില്‍ പറയുന്ന ആശയം ഖുര്‍ആനിലെ വ്യക്തമായ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായിരിക്കുക എന്ന നിയമം കൂടി ഉണ്ടെന്ന്‌ ഇവര്‍ ജല്‌പിക്കേണ്ടിവരും. അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന്‌ ഏറ്റവുമധികം കോപമുള്ളത്‌ വിവാഹമോചനമാണെന്ന്‌ പറയുന്ന ഹദീസിന്റെ ഒരു പരമ്പര സ്വഹീഹായതാണെന്നും എങ്കിലും ഇസ്‌ലാഹ്‌ ലേഖഖന്റെ ബുദ്ധിക്ക്‌ എതിരായതിനാല്‍ ഈ ഹദീസ്‌ ദുര്‍ബലമാണെന്നും ഇയാള്‍ തന്നെ അല്‍മനാര്‍ മാസികയില്‍ എഴുതുന്നതു കാണാം.

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഏകോപിച്ച്‌ ഉദ്ധരിച്ച ഹദീസുകളെ പോലും ഇമാം ബൈഹഖി(റ), ഇമാം ഇബ്‌നുഹിബ്ബാന്‍(റ), ഇബ്‌നു ഖുസൈമ(റ), നവവി(റ), ഖത്വാബി(റ), ഇബ്‌നു അബ്‌ദില്‍ ബിര്‍റ്‌(റ), ഇബ്‌നു ജൗസി(റ), ഇബ്‌നു ഖയ്യിം(റ), ഹറമൈനി(റ), ഗസ്സാലി(റ), റാസി(റ), ഖാളീഇയാള്‌(റ), ദാവദി(റ), ഇസ്‌മാഈലി(റ), ഇബ്‌നു ബത്വാര്‍(റ), ഇബ്‌നുഅറബി(റ), ബല്‍ഖീനി(റ), മാലിക്‌(റ), അബൂഹദീമ(റ), അഹ്‌മദ്‌(റ), ശാഫിഈ(റ) മുതലായവര്‍ എല്ലാം തന്നെ ഖുര്‍ആനിന്‌ എതിരാണ്‌, സുവ്യക്ത ബുദ്ധിക്ക്‌ എതിരാണ്‌, ചരിത്രസത്യത്തിന്‌ എതിരാണ്‌; ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തിന്‌ എതിരാണ്‌, ഇജ്‌മാഇന്ന്‌(ഏകാഭിപ്രായം) എതിരാണ്‌, പരമ്പര സ്വഹീഹാണെങ്കിലും എന്ന്‌ പ്രഖ്യാപിച്ചു തള്ളുന്നത്‌ കാണാം.

ഫതുഹുല്‍ബാരിയും ശര്‍ഹു മുസ്‌ലിമും ആദ്യം മുതല്‍ അവസാനം വരെ വായിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റും സീഡികളും ഉപയോഗിച്ചുള്ള ഭാഗിക സെര്‍ച്ച്‌ കൊണ്ടുമാത്രം സമഗ്രമായ ധാരണ ഉണ്ടാക്കാനാവില്ല. നാല്‌ മദ്‌ഹബിന്റെ ഇമാമുകള്‍ക്ക്‌ ശേഷമാണ്‌ ബുഖാരിയും മുസ്‌ലിമും രംഗത്തുവരുന്നത്‌. എങ്കിലും ഇവര്‍ക്ക്‌ ലഭിച്ച ചില ഹദീസുകള്‍ ഇമാമുകള്‍ക്കും ലഭിക്കുകയുണ്ടായി.

എങ്കിലും ഇത്തരം ചില ഹദീസുകള്‍ നാം വിവരിച്ച തത്വങ്ങള്‍ക്ക്‌ എതിരാണെന്ന്‌ പറഞ്ഞു അവര്‍ തള്ളിക്കളഞ്ഞവ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്‌. ഒരു ഹദീസ്‌ സ്വഹീഹാകാന്‍ അതിന്റെ പരമ്പര സ്വഹീഹായാല്‍ മാത്രം മതി, ആശയം പരിശോധിക്കേണ്ടതില്ല എന്ന വാദം വല്ല യാഥാസ്ഥിതികനോ നവയാഥാസ്ഥിതികനോ ഉണ്ടെങ്കില്‍ അത്‌ തെളിയിക്കാനാവാശ്യമായ രേഖകള്‍ വല്ലതുമുണ്ടെങ്കില്‍ അത്‌ ഉദ്ധരിച്ച്‌ പ്രസ്‌തുത വാദം സ്ഥാപിക്കാനാണ്‌ തയ്യാറാവേണ്ടത്‌. യഥാര്‍ഥത്തില്‍ ഒരൊറ്റ ഹദീസ്‌ പണ്ഡിതനും ഇപ്രകാരം പറഞ്ഞിട്ടില്ല.

ബുഖാരിയിലെ 3655-ാം ഹദീസിനെ സംബന്ധിച്ച്‌ ഫുതുഹുല്‍ ബാരിയില്‍ പറയുന്നത്‌ മാത്രം ശ്രദ്ധിക്കുക: ``ഈ ഇജ്‌മാഅ്‌ (ഏകാഭിപ്രായം) അറിയിക്കുന്നത്‌ ഇബ്‌നു ഉമറി(റ)ന്റെ ഹദീസ്‌ അബദ്ധമാണെന്നാണ്‌. പരമ്പര സ്വഹീഹാണെങ്കിലും. (8:579)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews