മമ്മൂട്ടി മുസ്‌ലിയാര്‍ തരുവണ
`സു`സുലൈമാന്‍ ഫാദറും മമ്മൂട്ടി മുസ്‌ലിയാരും ഒരേ തൂവല്‍പക്ഷികളുടെ ശൃംഗാരം' എന്ന കവര്‍സ്റ്റോറിയോടെയാണ് സുന്നിവോയ്‌സ് ഒക്‌ടോബര്‍-1ന്റെ ലക്കം പുറത്തിറങ്ങിയത്. വയനാട്ടുകാരന്‍ സുലൈമാന്‍ മുസ്‌ലിയാര്‍ ഫാദറായതിനു ശേഷം ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പിംഗിലെ ഒമ്പതോളം അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ ശബാബില്‍ കുറിപ്പെഴുതിയിരുന്നു. അതില്‍ മൂന്ന് കാര്യങ്ങളില്‍ മാത്രം ഇയാളെ അബദ്ധങ്ങളിലേക്ക് നയിച്ചത് സമസ്‌തയുടെ വികല ദര്‍ശനങ്ങളാകാം എന്ന എന്റെ പരാമര്‍ശങ്ങളാണ് സുന്നിവോയ്‌സുകാരനെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു.
``മുജാഹിദ് വാരിക ശബാബ് സപ്‌തംബര്‍ 9 ലക്കത്തില്‍ ഫാദര്‍ സുലൈമാനെ വിമര്‍ശിക്കാനെന്ന വ്യാജേന ഇദ്ദേഹം നല്‌കിയ കുറിപ്പില്‍ നല്ലൊരു ഭാഗം ഇസ്‌ലാമിനെ അഥവാ അഹ്‌ലുസ്സുന്നയെ കുതിര കയറാനാണ് ചെലവഴിക്കുന്നത്'' (സുന്നിവോയ്‌സ്, ഒക്‌ടോബര്‍ 1, പേജ് 16) എന്നെഴുതിക്കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനത്തെ താറടിച്ച് കാണിക്കാന്‍ ഹിമാലയന്‍ നുണകള്‍ എഴുതിവിട്ടത്.
തങ്ങള്‍ കൊണ്ടുനടക്കുന്നത് മാത്രം ഇസ്‌ലാമും അഹ്‌ലുസ്സുന്നയും മറ്റുള്ളതൊക്കെ വഴികേടും ദീന്‍വിച്ഛേദവും എന്ന് വാദിക്കുന്നവര്‍ സത്യസന്ധത കാണിക്കുന്നതില്‍ എത്രത്തോളം മതബോധം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നോക്കാം: ``റമദാന്‍ കഴിഞ്ഞ് പെരുന്നാള്‍ ഖുത്വ്‌ബക്ക് മുമ്പ് കൊടുത്തുവീട്ടേണ്ട ഫിത്വ്‌ര്‍ സകാത്ത് പണമായി അടിച്ചെടുത്തത് ശാഖാ കമ്മിറ്റികളുടെ അക്കൗണ്ടില്‍ പലിശയായി പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്...'' (അതേപുസ്‌തകം). ഇങ്ങനെ ഫിത്വ്‌ര്‍ സകാത്ത് ബാങ്കിലിട്ട് പലിശ വാങ്ങിയ ശാഖയേതാണ്? ഏത് ജില്ലയില്‍? ഏത് പ്രദേശത്ത്? സത്യത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ആ ശാഖയുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാമായിരുന്നില്ലേ?
ഇനി എന്റെ കുറിപ്പില്‍ സമസ്‌തക്കാരെ പരാമര്‍ശിച്ച മൂന്നേ മൂന്ന് കാര്യം പരിശോധിക്കാം. അതില്‍ അഹ്‌ലുസ്സുന്നയും ഇസ്‌ലാമും പെടുമോ? അതല്ല കേരള സമസ്‌തക്കാര്‍ ഒറ്റപ്പെടുമോ എന്ന് വായനക്കാര്‍ തീരുമാനിക്കുക. ഒന്ന്, ഫാദറുടെ പ്രസംഗത്തില്‍ മരിച്ചവരെ യേശു ജീവിപ്പിക്കുന്നു എന്ന് പറയുന്നിടത്ത് `ബി ഇദ്‌നില്ലാഹ്' (അല്ലാഹുവിന്റെ പ്രത്യേക അനുമതി പ്രകാരം) എന്ന വാക്യം മറച്ചുവെച്ചിരുന്നു. ഇത് തൗഹീദിനെ അട്ടിമറിക്കാന്‍ ഇന്നത്തെ ചില മുസ്‌ലിയാക്കള്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌ത് ശീലിച്ചതിന്റെ പ്രത്യാഘാതമാകാം എന്നാണ് എന്റെ കുറിപ്പിലുള്ളത്. എന്നാല്‍ സുലൈമാന്‍ ഫാദര്‍ ഖുര്‍ആനെടുത്ത് ദുര്‍വ്യാഖ്യാനിച്ചത് മുജാഹിദുകള്‍ ഇജ്‌തിഹാദ് പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണെന്നാണ് സുന്നിവോയ്‌സ് ആരോപിക്കുന്നത്. ``ഈ പണി സുലൈമാന്‍ ഏറ്റെടുത്തത് സമസ്‌തക്കാരുടെ പ്രശ്‌നമാണോ?'' എന്ന് സുന്നിവോയ്‌സില്‍ ചോദിക്കുന്നുണ്ട്. അത് മനസ്സിലാകണമെങ്കില്‍ പഴയ ലക്കം സുന്നിവോയ്‌സ് എടുത്ത് മറിച്ചുനോക്കിയാല്‍ മതി.
എനിക്കെതിരെ ലേഖനമെഴുതിയ അതേ സഖാഫി തന്റെ ഉസ്‌താദിനോടുള്ള അഭിമുഖത്തില്‍ (2006 നവംബര്‍ 1-15) ചോദിക്കുന്നത് നോക്കൂ: ``ഇജ്‌തിഹാദ് പാടില്ലെന്ന് പറയുന്ന നാം തന്നെ സുന്നത്ത് ജമാഅത്തിന്റെ വിഷയങ്ങളിലൊക്കെ പല ആയത്തുകളും ഹദീസുകളും ഉപയോഗിച്ച് ഇജ്‌തിഹാദ് നടത്തുന്നു. മാഇദ സൂറത്തിലെ 55-ാം സൂക്തം ഉദാഹരണം. അതിന്റെ വ്യാഖ്യാനത്തില്‍ മുഫസ്സിറുകള്‍ ഇസ്‌തിഗാസ പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ പ്രധാന തെളിവ് അതാണ്.'' അപ്പോള്‍ ഖുര്‍ആനെടുത്ത് ഇജ്‌തിഹാദ് ചെയ്യരുത് എന്ന് വാദിക്കുന്ന സമസ്‌തക്കാര്‍ തന്നെ ആ പണിയെടുക്കുന്നുണ്ട് എന്നര്‍ഥം.
ഈ പണി തന്നെയല്ലേ വാസ്‌തവത്തില്‍ ഫാദറും ചെയ്‌തത്? ഖുര്‍ആനില്‍ പറഞ്ഞതുപോലെ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കരുത് എന്ന നിലപാട് സ്വീകരിക്കുകയയും ചെയ്യുന്നതിന് പകരം തങ്ങള്‍ ചെയ്യുന്ന പുത്തനേര്‍പ്പാടിന് (അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന) ലോകമുസ്‌ലിം പണ്ഡിതന്മാരാരും പറയാത്ത അര്‍ഥം നല്‌കി ഖുര്‍ആന്‍ തെളിവാക്കുന്നതുപോലെയല്ലേ ഫാദറും ചെയ്യുന്നത്? ഖുര്‍ആനില്‍ പറഞ്ഞതു പോലെ യേശു ദൈവമല്ല, ദൈവത്തിന്റെ പുത്രനല്ല എന്ന് വിശ്വസിക്കുന്നതിന് പകരം നിലവിലുള്ള ക്രൈസ്‌തവ വികല വിശ്വാസത്തിന് ഖുര്‍ആനില്‍ തെളിവ് തിരയുകയാണ് അയാള്‍. ഇങ്ങനെ ഖുര്‍ആനിന് സ്വന്തം വക അര്‍ഥം നല്‌കി പ്രവാചകനെയും സ്വഹാബത്തിനെയും സലഫുസ്സ്വാലിഹീങ്ങളെയും തള്ളി സ്വന്തം ദുര്‍വ്യാഖ്യാനങ്ങളില്‍ ജനത്തെ വഴിതെറ്റിക്കുന്നതിനെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ് മുജാഹിദുകള്‍ക്കു നേരെ ദീന്‍വിച്ഛേദം എന്ന് ആക്ഷേപം!
രണ്ട്: ഹജ്ജിന് പോകുന്നത് മുഹമ്മദ് നബിയുടെ കല്ലറയിലേക്കാണ് എന്ന ഫാദറിന്റെ പരാമര്‍ശം സമസ്‌തക്കാരുടെ ജാറപ്രേമത്തില്‍ നിന്ന് മുളപൊട്ടിയതാവാമെന്ന് ഞാന്‍ എഴുതിയിരുന്നു. ഇതാണോ ഇസ്‌ലാമിനും അഹ്‌ലുസ്സുന്നയ്‌ക്കുമെതിരിലുള്ള കുതിര കയറ്റം? പാപം ചെയ്‌തവന്‍ നബി(സ)യുടെ സമീപത്തുപോയി പറഞ്ഞാല്‍ മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ എന്ന വിശ്വാസം പ്രചരിപ്പിക്കുന്നതാരാണ്? സൂറതുന്നിസാഅ് 64-ാം ആയത്ത് വിശദീകരിച്ച് ഇവരെഴുതുന്നു: ``തെറ്റ് ചെയ്‌തവര്‍ തിരുനബിയെ സമീപിച്ച് ശുപാര്‍ശ തേടണമെന്നും അങ്ങനെ നബി അവര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും എങ്കില്‍ മാത്രമേ പാപമോചനം കിട്ടുകയുള്ളൂവെന്നുമാണ് സൂക്തത്തിന്റെ താല്‌പര്യമെന്ന് ആര്‍ക്കും അറിയാം.'' (രിസാല, 2005 സപ്‌തംബര്‍ 30)
ലോകത്ത് ഇന്നുവരെ ഒരു പണ്ഡിതനും പാപമോചനത്തിന്റെ (തൗബയുടെ) നിബന്ധനകള്‍ പറയുമ്പോള്‍, `മദീനയില്‍ പോയി പറയുക' എന്ന് എഴുതിവെച്ചിട്ടില്ല. പ്രവാചക കാലത്തെ കപട വിശ്വാസികളുടെ നിലപാടിനെ വിമര്‍ശിച്ചും അവര്‍ നബിയുടെ അടുത്ത് ചെല്ലണമെന്നും അവര്‍ അല്ലാഹുവിനോടും നബി അവര്‍ക്ക് വേണ്ടിയും പാപമോചനം തേടണമെന്ന് സൂചിപ്പിക്കുന്ന ഒരു സൂക്തത്തെ തങ്ങളുടെ താല്‌പര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ചതാണിവിടെ. പാപമോചനം ലഭിക്കാന്‍ പ്രവാചക സന്നിധിയില്‍ എത്തി പറയണമെന്ന നിര്‍ദേശം എല്ലാ മുസ്‌ലിംകളോടുമുള്ളതാണെങ്കില്‍ അവിടെയെത്താന്‍ സമ്പത്തും സൗകര്യവും ലഭിക്കാതെ പോയവരൊക്കെ പാപമോചനം ലഭിക്കാത്തവരാകില്ലേ? ശാഫിഈ പണ്ഡിതനായ ഇമാം നവവി തൗബയുടെ ശര്‍ത് പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു നിബന്ധന പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനെ നബിയുടെ സന്നിധിയില്‍ പോയി പറഞ്ഞാലേ പാപമോചനം ലഭ്യമാവൂ എന്ന സമസ്‌തയുടെ പുത്തനാശയം മനസ്സിലാക്കിയവരില്‍ ആരെങ്കിലും, പ്രവാചകന്റെ കല്ലറയില്‍ നന്ന് പാപമോചനം ലഭ്യമാവാനാണ് ഹജ്ജ് തീര്‍ഥാടനം എന്ന് ധരിച്ചവരായിട്ടുണ്ടെങ്കില്‍ അതിന് ഇസ്‌ലാമോ അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തോ പ്രതികളല്ല. ആ പാപഭാരം സമസ്‌തക്കാരുടേത് മാത്രമാണ്.
ഇസ്‌ലാമിലെ അനുഷ്‌ഠാനാചാരങ്ങള്‍ക്കൊക്കെ തങ്ങളുടെ കൈയിലുള്ള ചായം പൂശി വരുതിയിലാക്കാനുള്ള ശ്രമം എത്രമേല്‍ പരിഹാസ്യമാണ്. ഇതേ ലക്കം സുന്നിവോയ്‌സില്‍ ഹജ്ജിനെ കുറിച്ച് എഴുതുന്നത് നോക്കൂ: ``ആദം(അ)ഉം ഹവ്വ(റ)യും ഭൂമിയില്‍ സംഗമിച്ചത് അറഫയിലാണ്. വല്യുപ്പയും വല്യുമ്മയും ഭൂമിയില്‍ ആദ്യമായി സംഗമിച്ച സ്ഥലത്ത് അവരുടെ സന്താനങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ ഒഴുകിയെത്തുന്നു. അവരുടെ പാവന സ്‌മരണകളയവിറക്കി പശ്ചാത്തപിച്ചു കരയുന്നു. മഹാന്മാരുടെ ആണ്ടനുസ്‌മരണം നടത്തുന്ന അഹ്‌ലുസ്സുന്നയെ പരിഹസിക്കുന്നവര്‍ എന്തിനാണാവോ അറഫയിലെത്തുന്നത്?''
ഇബ്‌റാഹീം നബിയുടെ മാത്രമല്ല, ആദമിന്റെയും ഹവ്വയുടെയും ആണ്ടാണത്രെ ഹജ്ജ്! നബി(സ) അറഫയില്‍ സംഗമിക്കാന്‍ പറഞ്ഞപ്പോള്‍ ആദമിന്റെയും ഹവ്വയുടെയും ആണ്ടാണിത് എന്ന് പറഞ്ഞോ? അവരെയോര്‍ത്ത് കരഞ്ഞോളൂ എന്ന് പറഞ്ഞോ? ഹജ്ജിനെ പറ്റി വിശദീകരിച്ച ഏത് പണ്ഡിതനാണ് അറഫയില്‍ നടക്കുന്നത് ആ ആണ്ടനുസ്‌മരണമാണെന്നും ആദിപിതാവിനെയോര്‍ത്ത് കരയണമെന്നും പറഞ്ഞത്? അതൊന്നും ചോദിക്കരുത്. ഇത് നവോത്ഥാനമാണത്രെ! തിരുനബി(സ)യോളം എത്തുന്ന ഇസ്‌ലാമികാശയങ്ങളുടെ ചങ്ങലക്കണ്ണികള്‍ തല്ലിപ്പൊളിച്ച് വിളിക്കിച്ചേര്‍ക്കാന്‍ പാടുപെടുന്ന ചെമ്പുതകിടുകള്‍ മാത്രമാണിത്. സമുദായം ഇത് തിരിച്ചറിഞ്ഞ് സമസ്‌തയെ കൈവിടുമെന്ന ബേജാറാണ് ഇവരില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക പ്രമാണങ്ങളിലെവിടെയും ബദ്‌രീങ്ങളുടെ പേര് പറയുന്നതും എഴുതിക്കൊണ്ട് നടക്കുന്നതും പുണ്യമാണെന്ന് പറയുന്നില്ല. പക്ഷേ, തങ്ങള്‍ ശീലിപ്പിച്ച ഈ പുത്തനേര്‍പ്പാടിന് തെളിവ് പരതി കണ്ടെടുക്കാന്‍ പാടുപെടുമ്പോള്‍ വ്യഭിചരിക്കപ്പെടുന്നത് മഹാന്മാരുടെ ഗ്രന്ഥങ്ങളാണെന്ന് ഇവരറിയുന്നില്ല. 2006 സപ്‌തംബര്‍ ലക്കം സുന്നിവോയ്‌സില്‍ (പേജ് 26) എഴുതുന്നു: ``ബദരീങ്ങള്‍ ആദരിക്കപ്പെട്ടതു പോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെട്ടതാണ്. അവരുടെ നാമങ്ങള്‍ എഴുതിവെക്കുന്നതിലും പാരായണം ചെയ്യുന്നതിലും പുണ്യങ്ങളുണ്ട്. ബദ്‌രീങ്ങളുടെ നാമങ്ങള്‍ ചൊല്ലി ദഫ്‌മുട്ടിക്കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ നബി(സ)യെ കണ്ടപ്പോള്‍ അവര്‍ അതില്‍ നിന്ന് പിന്മാറി. നബി(സ)യുടെ മദ്‌ഹ് കാവ്യത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നേരത്തെ ചൊല്ലിക്കൊണ്ടിരുന്ന അസ്‌മാഉല്‍ ബദര്‍ തന്നെ ചൊല്ലാന്‍ അവരോട് നബി(സ) നിര്‍ദേശിച്ചതായി ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസില്‍ കാണാം. (ഫത്‌ഹുല്‍ബാരി 9/16).''
ഇതേത് ബുഖാരിയാണ്? മുസ്‌ലിംലോകം കൈകാര്യം ചെയ്യുന്ന സ്വഹീഹുല്‍ ബുഖാരിയില്‍ `ബദ്‌രീങ്ങളുടെ പേര്' (അസ്‌മാഉല്‍ ബദര്‍) പാടാന്‍ നബി(സ) നിര്‍ദേശിക്കുന്ന ഒരു വാചകവും കാണില്ല. സമസ്‌തക്കാരുണ്ടാക്കിയ `ബിദ്‌അത്തിന്' ബുഖാരിയെ കൂട്ടുപിടിക്കാനുള്ള വിഫല ശ്രമം. ബദറില്‍ പങ്കെടുത്ത് ശഹീദായ തങ്ങളുടെ പിതാക്കളെക്കുറിച്ചുള്ള വിലാപകാവ്യം പാടാനനുവദിച്ച പരാമര്‍ശത്തെയാണ് `അസ്‌മാഉല്‍ ബദര്‍' ആക്കി മാറ്റിമറിച്ചത്. പ്രസ്‌തുത കാവ്യാലാപനം ഒരു പുണ്യകരമായ ആരാധനാകര്‍മാണെന്ന് നബി(സ) പഠിപ്പിച്ചിട്ടില്ല. സ്വഹാബികളാരും അങ്ങനെയൊരു `പുണ്യകര്‍മം' ചെയ്‌തതായി രേഖയുമില്ല.
മൂന്ന്: മദീനയില്‍ പോയി ത്വവാഫ് ചെയ്യുന്നുവെന്ന ഫാദറിന്റെ പരാമര്‍ശത്തെ ചൊല്ലി, ഇയാള്‍ക്കുണ്ടെന്നവകാശപ്പെടുന്ന ബിരുദത്തിന്റെ `നിലവാരത്തെ' ഞാന്‍ സൂചിപ്പിച്ചിരുന്നു. മതവും പ്രമാണവുമറിയാത്തവനെന്ന ആക്ഷേപം ബൂമറാംഗാവുന്നതാണ് ഇവിടെ കാണുന്നത്. മതപ്രബോധകനാകാനുള്ള സമസ്‌തക്കാരുടെ ബിരുദം ഈ നിലവാരത്തിലുള്ളതാണെങ്കില്‍ അതുണ്ടാവലാണ് മതപ്രബോധകന്റെ സാക്ഷ്യപത്രം എന്ന ധാരണ തകര്‍ത്തെറിയപ്പെടണം. മുജാഹിദ് പണ്ഡിതന്മാരെ ആക്ഷേപിക്കാന്‍ ബൈബിള്‍ വാക്യമുദ്ധരിച്ചപ്പോള്‍ അതിന്റെ ബാക്കി ഭാഗം കൂടി പൂര്‍ത്തിയാക്കണമായിരുന്നു. അപ്പോള്‍ ഏതാണീ പുരോഹിതരെന്ന് വ്യക്തമാവും. കപട ഭക്തിക്കാരായ ശാസ്‌ത്രിമാരും പരിശമാരുമേ എന്ന് വിളിച്ച് യേശു പറഞ്ഞ ആളുകള്‍ ജനത്തെ നരകത്തിലേക്ക് നയിക്കുന്നുവെന്നാണല്ലോ.
മാര്‍ക്കോസ് 12:40 ല്‍ അതിന്റെ ബാക്കി കൂടിയുണ്ട്. അതിങ്ങനെയാണ്: അവര്‍ നീളമുള്ള അങ്കികള്‍ ധരിച്ച് നടക്കാന്‍ ഇഷ്‌ടപ്പെടുന്നു. ചന്ത സ്ഥലങ്ങളില്‍ അഭിവാദനവും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടങ്ങളും വിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ആഗ്രഹിക്കുന്നു... അതിന്നൊരു മറയായി ദീര്‍ഘനേരം പ്രാര്‍ഥിക്കയും ചെയ്യുന്നു.'' മേല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെയാണ് യേശു കപടന്മാരെന്ന് പറഞ്ഞതെങ്കില്‍, അവരെ തിരിച്ചറിയാന്‍ ലക്ഷണശാസ്‌ത്രം പഠിക്കേണ്ടതുണ്ടോ?