മനുഷ്യശരീരത്തില്‍ ജിന്നിന്‌ സ്വാധീനിക്കാമോ?

പി കെ മൊയ്‌തീന്‍ സുല്ലമി

ശൈത്വാന്‍ മനുഷ്യശരീരത്തില്‍ കയറും സ്വാധീനം ചെലുത്തും രോഗമുണ്ടാക്കും മറവിയുണ്ടാക്കും എന്നൊക്കെയാണ്‌ നവയാഥാസ്ഥിതികരുടെ ഊഹം നിറഞ്ഞ വാദങ്ങള്‍. ശൈത്വാന്‍ രോഗവും മറവിയും ഉണ്ടാക്കും എന്ന വാദം ഏറ്റവും വലിയ ശിര്‍ക്കന്‍ വാദങ്ങളാണ്‌. രോഗവും മറവിയും നല്‍കുന്നവനായ അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. ശൈത്വാന്റെ ശര്‍റില്‍ പെട്ട ശിര്‍ക്കു ചെയ്യുന്നവരേക്കാള്‍ കൊടിയ ശിര്‍ക്കന്‍ വാദമാണിത്‌. അല്ലാഹുവിന്റെ സകല കഴിവുകളും ഇക്കൂട്ടര്‍ ശൈത്വാന്‌ വകവെച്ച്‌ കൊടുത്തിരിക്കുകയാണ്‌. ശൈത്വാന്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന്‌ ഇവര്‍ കാര്യമായി തെളിവുദ്ധരിക്കാറുള്ളത്‌ `ശൈത്വാന്‍ രക്തധമനികളിലൂടെ സഞ്ചരിക്കും' എന്ന ഹദീസാണ്‌. ഇത്‌ ഒരു ആലങ്കാരിക പ്രയോഗമാണ്‌. ശൈത്വാന്‍ അത്രകണ്ട്‌ മനുഷ്യശരീരത്തെ വഴിപിഴപ്പിക്കാന്‍ ശ്രമം നടത്തും എന്നതാണ്‌ ഹദീസിന്റെ താല്‌പര്യം. ചില ഉദാഹരണങ്ങളിലൂടെ അക്കാര്യം മനസ്സിലാക്കാവുന്നതാണ്‌.


കമ്പ്യൂട്ടറില്‍ പ്രാവീണ്യം നേടിയ ഒരാളെക്കുറിച്ച്‌ `അയാളുടെ തല തന്നെ കമ്പ്യൂട്ടറാണ്‌' എന്ന നിലയില്‍ മറ്റൊരാള്‍ പറഞ്ഞാല്‍ അയാളുടെ തലയുടെ ഉള്ളിലോ മേലെയോ കമ്പ്യൂട്ടറുണ്ട്‌ എന്ന്‌ മനസ്സിലാക്കാമോ? പലിശ വാങ്ങുന്ന ഒരു വ്യക്തിയെക്കുറിച്ച്‌ `അവന്റെ രക്തം തന്നെ പലിശയാണ്‌' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അയാള്‍ പലിശയായി വാങ്ങിയ നാണയത്തുട്ടുകളും നോട്ടുകളും അയാളുടെ രക്തത്തില്‍ കലര്‍ന്നിട്ടുണ്ട്‌ എന്ന്‌ ധരിക്കാമോ? ഉപമകള്‍ പറയുക, ചീത്ത കാര്യങ്ങള്‍ പിശാചിലേക്ക്‌ ചേര്‍ത്തിപ്പറയുക എന്നിവയെല്ലാം ഖുര്‍ആനിന്റെയും ഹദീസിന്റെയും ഒരു ശൈലിയാണ്‌. അത്തരം വചനങ്ങള്‍ ദുര്‍വ്യാഖ്യാനം നടത്തി തങ്ങള്‍ക്കനുകൂലമായി പ്രയോഗിക്കുക എന്ന തന്ത്രമാണ്‌ ജിന്ന്‌ വിദഗ്‌ധര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ബഖറയിലെ 275-ാം വചനം നോക്കൂ: ``പലിശ തിന്നുന്നവര്‍, പിശാച്‌ ബാധയാല്‍ മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‌ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‌ക്കുകയില്ല.''

ഈ വചനത്തില്‍ ശൈത്വാന്‍ ശരീരത്തില്‍ കയറിക്കൂടും എന്നില്ല. മറിച്ച്‌ ഒരാള്‍ക്ക്‌ പിശാച്‌ ബാധയേറ്റാല്‍ അതിന്റെ കാഠിന്യം വിശദീകരിക്കുകയാണ്‌. പിശാചിനെ പലിശ ഭക്ഷിക്കുന്നവരിലേക്ക്‌ ചേര്‍ത്തുകൊണ്ട്‌ ഉപമിക്കുകയാണ്‌. ചീത്ത കാര്യങ്ങള്‍ പിശാചിലേക്ക്‌ ചേര്‍ത്തിപ്പറയല്‍ ഖുര്‍ആനിന്റെ ശൈലിയാണ്‌. ഇമാം റാസി വിശദീകരിക്കുന്നു: ``ഒരാളെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ചാല്‍ അയാളെ പിശാചിലേക്ക്‌ ചേര്‍ത്തിപ്പറയുക എന്നത്‌ മനുഷ്യരുടെ സമ്പ്രദായത്തില്‍ പെട്ടതാണ്‌. അതിന്റെ (സഖ്‌ഖൂം മരത്തിന്റെ) കുല പിശാചിന്റെ തല പോലെയാണ്‌ എന്ന അല്ലാഹുവിന്റെ ഉപമയും അതില്‍ പെട്ടതാണ്‌ (തഫ്‌സീറുല്‍ കബീര്‍, അല്‍ബഖറ: 275)

ഇപ്രകാരം പിശാചിലേക്ക്‌ ചേര്‍ത്തിപ്പറഞ്ഞ നിരവധി ഹദീസുകള്‍ കാണാം. ``പുരുഷന്‌ ഒരു വിരിപ്പ്‌ അവന്റെ ഭാര്യക്ക്‌ ഒരു വിരിപ്പ്‌, മൂന്നാമത്തെ വിരിപ്പ്‌ വിരുന്നുകാരനുള്ളതാണ്‌. നാലാമത്തേത്‌ പിശാചിനുള്ളത്‌'' (മുസ്‌ലിം 7:309). ഈ ഹദീസിനെ സകരിയ്യാ സ്വലാഹിയും കൂട്ടരും മനസ്സിലാക്കിയിരിക്കുന്നത്‌ നാലാമത്തെ വിരിപ്പില്‍ ശൈത്വാന്‍ കിടന്നുറങ്ങും എന്നാണ്‌. കാര്യം അതല്ല, മറിച്ച്‌ ദൂര്‍ത്തിനെ ശൈത്വാനിലേക്ക്‌ ചേര്‍ത്തുപറഞ്ഞതാണ്‌. ഇമാം നവവി വിശദീകരിക്കുന്നു: ``പിശാചിന്‌ നന്നായി തോന്നുന്നതും, അവന്‍ ദുര്‍ബോധനം നടത്തുന്നതും, അവനെ തൃപ്‌തിപ്പെടുത്തുന്നതുമായ എല്ലാ നീച കാര്യങ്ങളും പിശാചിലേക്ക്‌ ചേര്‍ത്തിപ്പറയും'' (ശറഹുമുസ്‌ലിം 7:309). പിശാചിന്‌ മനുഷ്യരെ ശാരീരികമായി യാതൊരു ഉപദ്രവവും ചെയ്യാന്‍ സാധ്യമല്ല.

സൂറതുല്‍ മുജാദിലയിലെ 19-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു: ``പിശാച്‌ അല്ലാഹുവിനെ സ്‌മരിക്കുന്നത്‌ അവരെ വിസ്‌മരിപ്പിക്കുന്ന വിധം അവരുടെ മനസ്സുകളെ കീഴടക്കി വെച്ചിരിക്കുന്നു'' (ഇബ്‌നുകസീര്‍ 4:328) അപ്പോള്‍ പിശാചിന്റെ യുദ്ധം മനുഷ്യരുടെ ശരീരത്തോടല്ല മറിച്ച്‌ ഹൃദയങ്ങളോടാണ്‌. ഇമാം ഖുര്‍ത്വുബി അല്‍ബഖറ 36-ാം വചനത്തിന്റെ വിശദീകരണം നല്‍കിയത്‌ ശ്രദ്ധിക്കുക: ``ഒരു മനുഷ്യനെ ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ നീക്കാന്‍ പോലും പിശാചിന്‌ സാധ്യമല്ല. അവന്റെ കഴിവ്‌ മനുഷ്യരെ തെറ്റുകളില്‍ വീഴ്‌ത്തുന്നതില്‍ മാത്രമാണ്‌'' (അല്‍ജാമിഉ ലിഅഹ്‌കാമില്‍ ഖുര്‍ആന്‍, അല്‍ബഖറ 36). സൂറത്തുല്‍ ബഖറ 275-ാം വചനത്തിന്റെ തഫ്‌സീറില്‍ ഇമാം റാസി ജുബായി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നത്‌ ശ്രദ്ധിക്കുക: ``പിശാച്‌ മനുഷ്യനെ സ്‌പര്‍ശിക്കുകയും വീഴ്‌ത്തുകയും ചെയ്യും എന്ന ചിലരുടെ വാദം പൊള്ളയാണ്‌. പിശാച്‌ വളരെ ദുര്‍ബലനാണ്‌. പിശാചിന്‌ മനുഷ്യരെ കൊലപ്പെടുത്താനോ വീഴ്‌ത്താനോ സാധ്യമല്ല എന്നതിന്‌ നിരവധി തെളിവകളുണ്ട്‌.'' (തഫ്‌സീറുല്‍ കബീര്‍, അല്‍ബഖറ: 275).

പിശാചിന്‌ അല്ലാഹു നല്‌കിയ അധികാരം ജനങ്ങളെ വഴിപിഴപ്പിക്കുക എന്നത്‌ മാത്രമാണ്‌. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഒരു തഫ്‌സീര്‍ ആവശ്യമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. ശൈത്വാന്‍ സത്യം പറഞ്ഞ രണ്ട്‌ സന്ദര്‍ഭങ്ങള്‍ മാത്രമാണുള്ളത്‌. ഒന്ന്‌: സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കിയതിനു ശേഷം. അക്കാര്യം വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: ``പിശാച്‌ പറഞ്ഞു: നിന്റെ പ്രതാപം തന്നെയാണ്‌ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരെ ഒഴികെ''(സ്വാദ്‌ 82-83). രണ്ട്‌: മഹ്‌ശറയില്‍ വിചാരണക്കു ശേഷം പിശാച്‌ നടത്തുന്ന പ്രസംഗമാണ്‌. അല്ലാഹു പറയുന്നു: ``കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച്‌ പറയും: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്‌ദാനം ചെയ്‌തു. യഥാര്‍ഥമായ വാഗ്‌ദാനം. ഞാനും നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ ഞാന്‍ നിങ്ങളോട്‌ ചെയ്‌ത വാഗ്‌ദാനം ലംഘിച്ചിരിക്കുന്നു. എനിക്ക്‌ നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല.'' ഞാന്‍ നിങ്ങളെ (തെറ്റിലേക്ക്‌) ക്ഷണിച്ചു. നിങ്ങളെനിക്ക്‌ ഉത്തരം നല്‌കി എന്ന്‌ മാത്രം. ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങള്‍ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുക.'' (ഇബ്‌റാഹീം 22)

മേല്‍വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``ചില മന്ദബുദ്ധികളും സാധാരണക്കാരും പറയുന്നതു പോലെ പിശാചിന്‌ ഒരാളുടെ ബുദ്ധി നശിപ്പിക്കാനോ അംഗവൈകല്യം വരുത്താനോ വീഴ്‌ത്താനോ സാധ്യമല്ലെന്ന്‌ മേല്‍ വചനം വ്യക്തമാക്കുന്നു'' (തഫ്‌സീറുല്‍ കബീര്‍, ഇബ്‌റാഹീം 22). എന്നാല്‍ പിശാചിന്റെ പേരില്‍ പോലും നുണ പറഞ്ഞുനടക്കുന്നവരെ ഭയപ്പെടേണ്ടതുണ്ട്‌. കാരണം അവരുടെ ശല്യം ജിന്ന്‌ പിശാചുക്കളേക്കാള്‍ കടുത്തതായിരിക്കും. ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``മനുഷ്യപിശാചുക്കളുടെ ആധിക്യം കാരണത്താല്‍ അവര്‍ ജിന്ന്‌ പിശാചുക്കളെക്കാള്‍ അപടകാരികളാണ്‌'' (ഫത്‌ഹുല്‍ബാരി 16:309). ചുരുക്കത്തില്‍ ജിന്ന്‌ പിശാചുക്കള്‍ മനുഷ്യരെ വഴിപിഴപ്പിക്കുക എന്നതല്ലാതെ, അവര്‍ക്ക്‌ ശാരീരികമായ ദ്രോഹം വരുത്തും എന്ന വാദം ഇസ്‌ലാമികാധ്യാപനങ്ങളോട്‌ യോജിക്കുന്നതല്ല.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews