മനുഷ്യനെ സ്വാധീനിക്കാന്‍ ജിന്നിന്‌ കഴിയുമെന്നോ?


പി കെ മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം

ഏകദേശം എണ്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കേരള മുസ്‌ലിംകള്‍ മുഴുത്ത അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയിലായിരുന്നു. റൂഹാനി, കുട്ടിച്ചാത്തന്‍, കാളി, ഭൂതം, ഒടിയന്‍, ഫുളുവന്‍ പൊട്ടിതിരിക്കല്‍, ചേക്കുട്ടി പാപ്പാനെ കുടിയിരുത്തല്‍, ജിന്ന്‌ കയറല്‍, ഇറക്കല്‍ തുടങ്ങിയ നിരവധി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭീതിനിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അവര്‍ ജീവിച്ചുപോന്നിരുന്നത്‌. ഇവയില്‍ നിന്നൊക്കെ ഒരു പരിധി വരെ മുസ്‌ലിംസമുദായത്തെ മോചിപ്പിച്ചെടുത്തത്‌ മുജാഹിദ്‌ പ്രസ്ഥാനമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ സഹിച്ച ത്യാഗം പറഞ്ഞറിയിക്കേണ്ടതില്ല. 

എന്നാല്‍ ഇന്നിതാ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ സംഘടനയില്‍ നിന്നുകൊണ്ടു തന്നെ ഒരുവിഭാഗം കുഴിച്ചുമൂടപ്പെട്ട പഴയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൊടിതട്ടിയെടുത്ത്‌ അവകള്‍ക്ക്‌ പുതുജീവന്‍ നല്‌കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു പ്രസ്ഥാനത്തിന്റെ മേല്‍വിലാസം ഉപയോഗപ്പെടുത്തി അതേ പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന എക്കാലത്തും കപടന്മാര്‍ പയറ്റിയ തന്ത്രം തന്നെയാണ്‌ ഈ വിഭാഗവും പയറ്റിക്കൊണ്ടിരിക്കുന്നത്‌. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ, ഏത്‌ അന്ധവിശ്വാസിയായിരുന്നാലും ശരി സംഘടനയില്‍ ആളുകള്‍ വേണം. അല്ലാത്ത പക്ഷം മറു സംഘടന നമ്മെക്കാള്‍ ആള്‍ബലത്തില്‍ മുന്നിട്ടുനില്‍ക്കും എന്നതാണ്‌ എ പി വിഭാഗം മുജാഹിദ്‌ നേതൃത്വത്തിന്റെ തലതിരിഞ്ഞ ചിന്ത. ആദര്‍ശം എന്തായിരുന്നാലും ശരി, നമുക്ക്‌ സംഘടനയില്‍ ആള്‍ബലം വേണം എന്നതാണ്‌ അവരുടെ തത്വം. സംഘടനകള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌ ആദര്‍ശത്തെയും പ്രസ്ഥാനത്തെയും സഹായിക്കാനാണ്‌. ഇവരുടെ കാര്യം നേരെ മറിച്ചായി എന്നു മാത്രം.

ഇപ്പോള്‍ പുതിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ ഊരുചുറ്റി നടക്കുന്നവരുടെ വാദങ്ങളില്‍ ഒന്നാണ്‌ ജിന്നു ശൈത്വാന്‍ മനുഷ്യരുടെ ശരീരത്തില്‍ കൂടുമെന്നും അതിന്റെ ചികിത്സ തല്ലിയിറക്കലാണെന്നും. ഇതു കേട്ടാല്‍ തോന്നുക: ജിന്നുകള്‍ മനുഷ്യര്‍ക്കിടയില്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്ന ഒരു വിഭാഗമാണെന്നാണ്‌. യഥാര്‍ഥത്തില്‍ ജിന്നുകള്‍ എന്നു പറയപ്പെടുന്ന വിഭാഗം മലക്കുകളെ പോലെ തന്നെ അഭൗതികരും അദൃശ്യരുമാണ്‌. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ സാമൂഹ്യജീവിതത്തിലോ ജിന്നുകളോട്‌ ഇടപെടേണ്ട ഒരു നിര്‍ദേശവും ഇസ്‌ലാമിന്റെ അജണ്ടയിലില്ല. ചിലരുടെ വാദം കേട്ടാല്‍ തോന്നുക അവര്‍ ജിന്നുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്‌ എന്ന നിലയിലാണ്‌. അവരുമായി സമ്പര്‍ക്കം പോയിട്ട്‌ അവരെ കാണാന്‍ പോലും നമുക്ക്‌ സാധ്യമല്ല. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും അവനും അവന്റെ വര്‍ഗവും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍.'' (അഅ്‌റാഫ്‌ 27)

ഈ വചനം ഒരു കാര്യം വ്യക്തമാക്കുന്നു: ജിന്ന്‌ പിശാചുക്കള്‍ നമ്മെ ഇങ്ങോട്ടു കാണും. നമുക്കവരെ കാണാന്‍ സാധ്യമല്ല. സ്വാഭാവികമായും ബുദ്ധിയുള്ളവരില്‍ നിന്നു പല ചോദ്യങ്ങളും ഉയര്‍ന്നുവരും: കാണാന്‍ കഴിയാത്ത ഒരു വസ്‌തു ഇന്നവളുടെ ശരീരത്തില്‍ കയറിയിട്ടുണ്ട്‌ എന്ന്‌ എങ്ങനെ മനസ്സിലാക്കാന്‍ കഴിയും? കയറിയ വസ്‌തുവിന്റെ രൂപം എന്താണ്‌? ഇരിപ്പിടമുറപ്പിച്ചത്‌ ഏത്‌ ഭാഗത്താണ്‌? ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവന്‍ ശൈത്വാന്റെ കാര്യത്തില്‍ അജ്ഞനാണ്‌. ഇത്തരമാളുകള്‍ ശൈത്വാനെ ഇറക്കാന്‍ വേണ്ടി എവിടെയാണ്‌ അടിക്കുക? അടിച്ചാല്‍ തന്നെ ഇവരുടെ വാദപ്രകാരം രൂപംമാറാന്‍ കഴിവുള്ള പിശാചിന്‌ മൂക്കിലോ തലച്ചോറിന്നുള്ളിലോ ഹൃദയത്തിനുള്ളിലോ ഒളിച്ചിരുന്ന്‌ രക്ഷപ്പെട്ടുകൂടേ? കാരണം തല്ല്‌ നടക്കുന്നത്‌ ശരീരത്തിന്റെ ബാഹ്യഭാഗത്താണല്ലോ.

ചുരുക്കത്തില്‍ പിശാചിന്‌ ഒരു തല്ലും കൊള്ളുന്നില്ല. തല്ലു കൊള്ളുന്നത്‌ മനുഷ്യന്‌ തന്നെയാണ്‌. ഇനി പിശാച്‌ കയറുന്നതിലും ചില സ്വാര്‍ഥ താല്‌പര്യങ്ങളുണ്ട്‌. സാധാരണയായി പ്രായപൂര്‍ത്തി എത്തിയ പുരുഷന്മാര്‍ക്കോ വൃദ്ധകളായ സ്‌ത്രീകള്‍ക്കോ പിശാച്‌ കൂടാറില്ല. പിശാച്‌ കൂടാറുള്ളത്‌ യുവതികള്‍ക്കാണ്‌. പഴയ കാലങ്ങളില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാനും സാമ്പത്തിക ചൂഷണത്തിനും വേണ്ടി ചില കള്ളപ്പുരോഹിതന്മാര്‍ മെനഞ്ഞെടുത്ത ഒരു ഏര്‍പ്പാടാണ്‌ `ശൈത്വാന്‍ കൂടലും തല്ലിയിറക്കലും.' അതിനുവേണ്ടി തന്നെയാണ്‌ ഇത്തരക്കാര്‍ ശൈത്വാനെ ഇറക്കാന്‍ ഇരുട്ടുമുറി തെരഞ്ഞെടുക്കുന്നതും. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ്‌: പാമ്പുണ്ട്‌ എന്ന്‌ ധരിച്ച്‌ പൊന്തക്ക്‌ തല്ലുതിനെക്കാള്‍ അബദ്ധജഡിലവും പോയത്തവുമാണ്‌ ശൈത്വാന്‍ കൂടി എന്ന്‌ പറഞ്ഞു കൊണ്ട്‌ മനുഷ്യരെ ഭേദ്യംചെയ്യല്‍. ഇനി തല്ലിന്റെ കാഠിന്യത്താല്‍ ഇറങ്ങിയോടിയ വല്ല പിശാചിനെയും കണ്ട വല്ലവരുമുണ്ടോ?

ഈ ജിന്നിറക്കല്‍ വിദഗ്‌ധന്മാര്‍ ശൈത്വാന്‍ കൂടിയതായി കണക്കാക്കുന്നത്‌ മുഖ്യമായും ശൈത്വാന്‍ കൂക്കിലൂടെയാണത്രെ. ശൈത്വാന്‍ കൂക്ക്‌ എന്നത്‌ ഇവരുടെ പ്രയോഗമാണ്‌. താന്‍ ജീവിച്ച കാര്യം നടക്കാതിരിക്കുകയോ ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത പ്രയാസങ്ങളുണ്ടാകുമ്പോഴോ ഉപബോധ മനസ്സില്‍ നിന്നുണ്ടാകുന്ന ഒരുതരം പ്രതിഷേധ പ്രകടനമാണ്‌ ഇവര്‍ പറയുന്ന ശൈത്വാന്‍ കൂക്ക്‌. ഇത്‌ ഡോക്‌ടര്‍മാരെ കണ്ട്‌ ചികിത്സിക്കാവുന്നതേയുള്ളൂ. ശൈത്വാന്‍ കയറും എന്നതിന്‌ അവര്‍ തെളിവായി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം:

``ഒരു സ്‌ത്രീ അസുഖം ബാധിച്ച ഒരു കുട്ടിയെ നബി(സ)യുടെ അടുക്കല്‍ (ചികിത്സാര്‍ഥം) കൊണ്ടുചെന്നു. നബി(സ) പറഞ്ഞു: ``ഹേ, അല്ലാഹുവിന്റെ ശത്രു: നീ ഇറങ്ങി പുറത്തുപോകണം.''

ഇതില്‍ മൂന്നുതരം വിശദീകരണങ്ങളുണ്ട്‌. ഒന്ന്‌, ഈ റിപ്പോര്‍ട്ടിന്റെ പരമ്പരയില്‍ ഒന്നിലധികം വിശ്വാസയോഗ്യരല്ലാത്ത ആളുകളുണ്ട്‌. രണ്ട്‌, ഈ റിപ്പോര്‍ട്ടില്‍ ശൈത്വാന്‍ എന്ന പരാമര്‍ശം പോലുമില്ല. മൂന്ന്‌, സംഭവം ശരിയാണെങ്കില്‍ പോലും അത്‌ നബി(സ)യുടെ മുഅ്‌ജിസത്താണ്‌. നമുക്കതില്‍ യാതൊരു റോളുമില്ല.

ഇതേ ആശയം ഉള്‍ക്കൊള്ളുന്ന അഥവാ നബി(സ) പിശാചിനോട്‌ ഇറങ്ങിപ്പോകാന്‍ പറഞ്ഞതായി മറ്റു ചില റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ട്‌. അത്തരം റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമോ അംഗീകരിക്കപ്പെടാവുന്നതോ ആയിരിക്കട്ടെ. അതൊക്കെ നബി(സ)യുടെ മുഅ്‌ജിസത്തുകളുമായി ബന്ധപ്പെട്ടതാണ്‌. പിശാചുമായി ബന്ധപ്പെടുക എന്നത്‌ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ നബിയിലൂടെ മാത്രമേ അത്‌ സംഭവിക്കുകയുള്ളൂ. സ്വഹീഹുല്‍ ബുഖാരിയിലെ 4808-ാം നമ്പര്‍ ഹദീസ്‌ നബി(സ) ജിന്നുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ സംബന്ധിച്ചാണ്‌. പ്രസ്‌തുത ഹദീസ്‌ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു:

``തീര്‍ച്ചയായും അത്‌ (ജിന്ന്‌ ശൈത്വാനുമായി ബന്ധപ്പെട്ടത്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള അനുമതിയോടു കൂടിയാണ്‌. ഓരോ നബിക്കും അല്ലാഹു മറ്റുള്ളവര്‍ക്ക്‌ നല്‍കാത്ത വിധം പ്രത്യേകമായ മുഅ്‌ജിസത്തുകളാണ്‌ നല്‍കിയിട്ടുള്ളത്‌. തീര്‍ച്ചയായും അത്‌ നബി(സ)യുടെ മുഅ്‌ജിസത്തില്‍ പെട്ടതായിരുന്നു.'' (ഫത്‌ഹുല്‍ ബാരി 10:599).

പിശാചിന്‌ അല്ലാഹു നല്‍കിയ അധികാരപരിധി എത്രയാണെന്ന്‌ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്‌. പിശാചിന്‌ മനുഷ്യരെ ശാരീരികമായി അപകടപ്പെടുത്താനോ ബലം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്താനോ ഉള്ള കഴിവ്‌ അല്ലാഹു നല്‌കിയിട്ടില്ല. മനുഷ്യരെ തെറ്റുകളിലേക്ക്‌ ദുര്‍ബോധനം നടത്തുക, ഭൗതികമായ വസ്‌തുക്കളോട്‌ അമിതമായ താല്‍പര്യം ജനിപ്പിക്കുക, നന്മകളില്‍ നിന്നും പുറം തിരിഞ്ഞുനില്‍ക്കാന്‍ മാനസികമായ പ്രേരണ നല്‌കുക എന്നിവയാണ്‌ പിശാചിന്റെ അധികാര മേഖലകള്‍. ശാരീരികമായ ആധിപത്യം നേടി മനുഷ്യനെ കീഴ്‌പ്പെടുത്താന്‍ പിശാചിന്‌ സാധ്യമല്ല. വിശുദ്ധ ഖുര്‍ആനില്‍ അഞ്ചിലധികം തവണ അല്ലാഹു ഇപ്രകാരം ഉണര്‍ത്തിയിട്ടുണ്ട്‌.

``അവന്‌ (പിശാചിന്‌) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ, അതിനെപ്പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന്‌ നാം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്‌ (പിശാചിനെ) നിശ്ചയിച്ചുകൊടുത്തിട്ടുള്ളത്‌. നിന്റെ രക്ഷിതാവ്‌ എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.'' (സബഅ്‌ 21)

മേല്‍ വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``അല്ലാഹുവിനെ തന്നെയാണ്‌, പിശാച്‌ അവരെ വടികൊണ്ട്‌ അടിക്കുകയോ യാതൊരു കാര്യത്തിലും അവരില്‍ നിര്‍ബന്ധം ചെലുത്തുകയോ ചെയ്‌തിട്ടില്ല. അവരെ അവന്‍ വഞ്ചിക്കുകയും അതിലേക്ക്‌ ക്ഷണിക്കുകയും മാത്രമാണ്‌ ചെയ്‌തത്‌. അപ്പോള്‍ അവര്‍ (മനുഷ്യര്‍) അവന്നുത്തരം നല്‌കി.'' (3:533)

ശൈത്വാനെ അടിച്ചിറക്കുന്ന ഏര്‍പ്പാട്‌ ശറഇല്‍ പെട്ടതല്ല. അത്‌ സിഹ്‌റിന്റെ വിഭാഗത്തില്‍ പെട്ട മറ്റൊരു ശൈത്വാനിയ്യത്ത്‌ കൂടിയാകുന്നു. ഈ ഏര്‍പ്പാടിന്‌ മന്ത്രം നടത്തുന്ന ആളുകള്‍ വിളിക്കുന്ന പേര്‌ `നുശ്‌റത്ത്‌' എന്നാകുന്നു. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ``ഇമാം മുസ്‌ലിമിന്റേതല്ലാത്ത ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്‌. നബി(സ)യോട്‌ `നുശ്‌റത്തി'നെക്കുറിച്ച്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന്‌ പിശാചിലേക്ക്‌ ചേര്‍ത്തിപ്പറയുകയാണ്‌ ചെയ്‌തത്‌. അദ്ദേഹം (നവവി) പറഞ്ഞു: മന്ത്രം നടത്തുന്നവരുടെ അടുക്കല്‍ `നുശ്‌റത്ത്‌' എന്ന വാക്ക്‌ അറിയപ്പെട്ടതും പ്രസിദ്ധവുമാണ്‌. പിശാച്‌ ബാധിച്ച വ്യക്തിയില്‍ നിന്നും അതിനെ ഒഴിവാക്കുന്നതു കൊണ്ടാണ്‌ അതിന്‌ `നുശ്‌റത്ത്‌' എന്ന്‌ വിളിക്കപ്പെട്ടത്‌. ഈ ഏര്‍പ്പാട്‌ സിഹ്‌റില്‍ പെട്ടതാണെന്ന്‌ ഹസന്‍(റ) പ്രസ്‌താവിച്ചിരിക്കുന്നു.'' (ശറഹുമുസ്‌ലിം 7:426)

അപ്പോള്‍ ചില പ്രത്യേക മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ പിശാചിനെ അടിച്ചിറക്കുന്ന സമ്പ്രദായം സിഹ്‌റില്‍ പെട്ടതാണെന്നാണ്‌ ഇമാം നവവി(റ) ഹസനില്‍(റ) നിന്നും ഉദ്ധരിക്കുന്നത്‌. ഇനി `നുശ്‌റത്തി'നെ നബി(സ) ചേര്‍ത്തിപ്പറഞ്ഞത്‌ പിശാചിലേക്കാണെന്നും മുസ്‌ലിമിന്റേതല്ലാത്ത ഹദീസില്‍ അപ്രകാരം വന്നിട്ടുണ്ടെന്നും നവവി(റ) മേല്‍ പ്രസ്‌താവിക്കുകയുണ്ടായി: ``ജാബിര്‍(റ) ഉദ്ധരിക്കുന്നു: നബി(സ)യോട്‌ `നുശ്‌റത്തിനെ' (പിശാചിനെ അടിച്ചിറക്കുന്നതിനെ) സംബന്ധിച്ച്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നരുളി: അത്‌ (അടിച്ചിറക്കല്‍) പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്‌.'' (അബൂദാവൂദ്‌) ജിന്നിനെ അടിച്ചിറക്കല്‍ മറ്റൊരു പൈശാചിക കര്‍മമാണെന്ന്‌ ഈ നബിവചനം ബോധ്യപ്പെടുത്തുന്നു.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews