മന്‍സൂറലി ചെമ്മാട്
അന്യായമായി അന്യനു നേരെ അധര്‍മമോ ആദര്‍ശവ്യതിയാനമോ ആരോപിച്ചാല്‍ അവ ആരോപിതനില്‍ തന്നെ തിരിച്ചെത്തുമെന്ന പ്രവാചകന്റെ മുന്നറിയിപ്പ് സാര്‍ഥകമാക്കികൊണ്ട് കേരളത്തിലെ നവയാഥാസ്ഥിതിക പാളയത്തില്‍ തിരിച്ചടികളുടെ പെരുമഴക്കാലമാണിപ്പോള്‍. തോളോടുതോള്‍ ചേര്‍ന്ന് തൗഹീദ് പ്രബോധനം നടത്തിക്കൊണ്ടിരുന്ന കൂട്ടായ്‌മയിലെ ഒരു പറ്റം പണ്ഡിതരിലും പ്രവര്‍ത്തകരിലും ഇല്ലാത്ത ആദര്‍ശവ്യതിയാനമാരോപിച്ച് പിളര്‍പ്പുണ്ടാക്കിയവരുടെ അകത്തളത്തില്‍ നിന്നും കടുത്ത ആദര്‍ശവ്യതിയാനത്തിന്റെ പുഴുക്കുത്തുകള്‍ ദുര്‍ഗന്ധമായി പുറംലോകത്തേക്കെറിയുകയാണ്. മറ്റുളളവര്‍ അറിയുമെന്ന് കരുതി ഇനിയിത് മൂടിവെക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപനം ആ പാളയത്തിലെ അമരക്കാരന്‍ തന്നെ നടത്തിക്കഴിഞ്ഞു.
പിളര്‍പ്പിനു ഹേതുവായ ആരോപണങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന കര്യങ്ങളെല്ലാം തന്നെ കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടയില്‍ സ്വയം ഏറ്റെടുത്ത് കര്‍മപഥത്തില്‍ കൊണ്ടുവന്ന് അവയൊന്നും ആദര്‍ശവ്യതിയാനമായിരുന്നില്ലെന്ന് നവയാഥാസ്ഥിതികര്‍ തന്നെ ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. അന്യനു നേരെ ചമച്ചുണ്ടാക്കി കടുത്ത വിമര്‍ശനങ്ങളാല്‍ അക്രമിച്ച കാര്യങ്ങള്‍ സ്വന്തക്കാരില്‍ യഥാര്‍ഥമായി പുലരുമ്പോഴൊക്കെ മൗനം പാലിച്ച് തങ്ങളുടെ ഇരട്ട മുഖവും നവയാഥാസ്ഥിതികര്‍ ലോകത്തിനു കാണിച്ച് തന്നിട്ടുമുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിന് അപരിചിതവും അതിന്റെ ആദര്‍ശത്തിന് കടകവിരുദ്ധവുമായ കുറെ വികലവിശ്വാസങ്ങളും ആചാരവൈകൃതങ്ങളും ഈ പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ നമ്മുടെ നാട്ടില്‍ ഇറക്കുമതി ചെയ്യാന്‍ ഏതോ അവിശുദ്ധ സഖ്യം ഗൂഢാലോചനയിലൂടെ തയ്യാറാക്കിയ തിരക്കഥയുടെ ആദ്യ എപ്പിസോഡായിരുന്നു മുജാഹിദ് പിളര്‍പ്പെന്ന് സമീപകാല സംഭവങ്ങള്‍ കൂടുതല്‍ കരുത്തുറ്റ തെളിവുകളാവുകയാണ്. തങ്ങളുദ്ദേശിച്ച ആദര്‍ശ അട്ടിമറിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നുറപ്പുള്ള ആദര്‍ശശാലികളെ തങ്ങളുടെ മുന്നോട്ടുളള വഴിയില്‍ നിന്നും വെട്ടിമാറ്റേണ്ടത് ആ ആളുകളുടെ ഒരാവശ്യമായിരുന്നല്ലോ.
അതിനായി കണ്ടെത്തിയ ഒരു തന്ത്രമായിരുന്നു ആദര്‍ശവ്യതിയാനാരോപണം. ആ കുടിലതന്ത്രത്തിലൂടെ ഏറെക്കുറെ ആ കാപാലികര്‍ ലക്ഷ്യം നേടി. നിറംപിടിപ്പിച്ച് അവതരിപ്പിക്കപ്പെട്ട ഇല്ലാത്ത വ്യതിയാനക്കഥകളില്‍ പലരും തെറ്റിദ്ധരിച്ചു. മഹത്തായ ഈ ആദര്‍ശ കൂട്ടായ്‌മയില്‍ ദൗര്‍ഭാഗ്യകരമായ വിള്ളലുകളുണ്ടായി. തങ്ങളുടെ നെറികേടുകള്‍ക്ക് തണലേകുന്നവരെന്ന് ഉറപ്പുള്ളവരെ മുന്നില്‍ നിര്‍ത്തി കുതന്ത്രക്കാര്‍ കളി തുടങ്ങി. അപ്പോഴും ഇവരെ വിശ്വസിച്ച് കൂടെ നിന്ന പലരും വ്യതിയാനത്തിന്റെ നിഴല്‍ പോലും കാണാനാവാതെ അസ്വസ്ഥരായിരുന്നുവെന്നതാണ് സത്യം.
ഇപ്പോള്‍ നെല്ലും പതിരും വേര്‍തിരിയുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശവും പൈതൃകവും വലിച്ചെറിയാന്‍ നേരിയ തോതിലെങ്കിലുമുളള വൈമനസ്യം നവയാഥാസ്ഥിതിക പാളയത്തിലെ ചിലരിലെങ്കിലും ഉണര്‍ന്നു വരികയാണ്. വലിയൊരു തിരിച്ചറിവിന്റെ പാതയിലേക്കാണ് ഈ തിരിച്ചടികള്‍ അവരെ നയിക്കുന്നത്. എങ്കിലും, വ്യാജാരോപണങ്ങളുടെ അനിവാര്യ തിരിച്ചടികള്‍ നവയാഥാസ്ഥിതിക പാളയത്തിലെ സമകാലിക സംഘട്ടനങ്ങളിലുടനീളം നിഴലിച്ചു നില്‍ക്കുന്നു.
1999-2002 കാലങ്ങളില്‍ മുജാഹിദ് പ്രബോധന വീഥിയില്‍ ഇരുള്‍ വീഴ്‌ത്തിയ ആദര്‍ശ വ്യതിനാരോപണങ്ങളുടെ വക്താക്കള്‍ അന്ന് ആദര്‍ശവ്യതിയാനത്തെ നിര്‍വചിച്ചത് ഇപ്രകാരമാണ്: ``ഇതര പ്രസ്ഥാനങ്ങള്‍ എതിര്‍ത്തു പോന്നതും സ്വീകാര്യ യോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്നതുമായ ആശയങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുക. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കക്ഷിഭേദമന്യെ മുസ്‌ലിംകള്‍ സര്‍വാംഗീകൃതമായി സ്വീകരിച്ചുപോന്ന ആശയങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും അത് സത്യമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയുക.'' (കെ ജെ യുവിന് എ പി വിഭാഗം സമര്‍പ്പിച്ച രണ്ടാം പ്രബന്ധം, പേജ് 1)
അന്നത്തെ ആ നിര്‍വചനം ഇന്നും നവയാഥാസ്ഥിതികര്‍ അംഗീകരിക്കൂന്നുണ്ടോ എന്നറിയാന്‍ കൗതുകമുണ്ട്. ഒരു പുരോഹിതന്റെ ഗവേഷണങ്ങളുടെ ഫലമായി ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശവും പാരമ്പര്യവും അട്ടിമറിച്ചവര്‍ ഈ നിര്‍വചനത്തിന്റെ പരിധിക്കു പുറത്താവുമോ എന്നറിയാനും മുജാഹിദുകള്‍ക്ക് താല്‍പര്യമുണ്ട്. പിളര്‍പ്പിന്റെ ആനുകൂല്യത്തില്‍ ലഭിച്ച ഇടമുപയോഗിച്ച് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു പോന്ന ആദര്‍ശത്തെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് ടി പി അബ്‌ദുല്ലക്കോയ മദനി തന്നെ പറയുന്നത് നോക്കൂ: ``പണ്ഡിതന്മാര്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്‌തു. പരിശോധിക്കുമ്പോള്‍, മുമ്പ് പഴകിപ്പുളിച്ച ആശയങ്ങളല്ലാതെ, നാം എതിര്‍ത്ത് തോല്‍പിച്ച ആശയങ്ങളല്ലാതെ, നാം ശക്തമായി നേരിട്ട് തൗഹീദിനെ പുനസ്ഥാപിച്ച ആ കാലഘട്ടത്തിലുണ്ടായിരുന്ന അഭിപ്രായങ്ങളല്ലാതെ ഒന്നുമിവിടെ വന്നിട്ടില്ല. അത് പുതിയ നിലക്ക് കടന്ന് വരികയാണ്.'' (28-10-11ന് നിലമ്പൂരില്‍ നടന്ന കണ്‍വെന്‍ഷനിലെ പ്രസംഗം) വ്യതിയാനത്തിന്റെ നിര്‍വചനവും ടി പിയുടെ വെളിപ്പെടുത്തലും ചേര്‍ത്തുവായിക്കുമ്പോള്‍ മന്ത് സ്വന്തം കാലിലാണെന്ന് നവയാഥാസ്ഥിതികര്‍ക്ക് ബോധ്യമാവുന്നതാണ്.
സംഘടന കുത്തിപ്പിളര്‍ത്താനായി അക്കാലത്ത് ഇക്കൂട്ടര്‍ മുജാഹിദ് പണ്ഡിതരിലും പ്രവര്‍ത്തകരിലും ആരോപിച്ചിരുന്നത് ഇഖ്‌വാനിസമായിരുന്നു. ഇന്നോ, സ്വന്തം പാളയത്തില്‍ ശിര്‍ക്ക് പിടിമുറുക്കുന്നത് നിസ്സഹായതയോടെയാണ് നേതാക്കള്‍ സമ്മതിക്കുന്നത്. ദേവന്മാരും ദേവികളും ഉണ്ടായ അതേ സാഹചര്യത്തിലേക്കാണ് സക്കരിയാ സ്വലാഹിയുടെ വാദങ്ങള്‍ കൊണ്ടു പോവുന്നതെന്ന് വരെ ടി പിക്ക് തുറന്നുപറയേണ്ടി വന്നു. ഇന്ന് സ്വന്തം ചിലയാളുകള്‍ ന്യായീകരണവും തെളിവുകളുമായി വന്ന് തൗഹീദില്‍ തന്നെ സംശയങ്ങള്‍ ജനിപ്പിക്കുന്ന തരത്തില്‍ അതിന് പുതിയ വിശദീകരണം നല്‍കുന്ന തരത്തില്‍ ചില വാദങ്ങളുമായി വന്നിരിക്കുന്നു എന്നാണദ്ദേഹം പറയുന്നത്. അല്ലാഹുവല്ലാത്തവരോട് ആരാധിക്കാന്‍ പറ്റുമോ, അല്ലാഹുവല്ലാത്തവരോട് വിളിച്ച് പ്രാര്‍ഥിക്കാന്‍ പറ്റുമോ, വിജനമായ സ്ഥലത്ത് കൂടി പോവുമ്പോള്‍ ഏതെങ്കിലും ജിന്നിനോട് പ്രാര്‍ഥിക്കാന്‍ പറ്റുമോ എന്നൊക്കെ സംശയിച്ച് കൊണ്ട് അടിസ്ഥാന വിശ്വാസത്തില്‍ നിന്ന് നമ്മള്‍ പിഴുതെറിയുകയോ തീരെ ഇല്ലാതാക്കുകയോ ചെയ്യുന്ന സ്വഭാവത്തിലൊക്കെ നമ്മള്‍ എത്തിച്ചേരുന്ന അവസ്ഥയാണ് സ്വന്തം സംഘടനക്കുള്ളില്‍ രൂപം കൊളളുന്നതെന്ന് അഹ്‌മദലി മദനിയുടെ വെളിപ്പെടുത്തല്‍ എത്ര ഗൗരവമാണ്? ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന, സുന്നികള്‍ പോലും വാദിക്കാത്ത ശിര്‍ക്കിന്റെ ആശയവുമായി ആദര്‍ശത്തിന് തുരങ്കം വെക്കുന്ന വിധത്തിലാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനമെന്ന് പാലത്ത് അബ്‌ദുറഹ്‌മാന്‍ മദനിയും തുറന്നടിക്കുന്നു.
സമസ്‌തക്കാരുടെ പുതിയ സംബന്ധക്കാര്‍ എന്ന് വരെ അന്യായമായി മുജാഹിദുകളെ ആക്ഷേപിച്ച നവയാഥാസ്ഥിതികര്‍ക്ക് ഈ കാര്യത്തില്‍ നേരിട്ട തിരിച്ചടി പ്രസിഡന്റിന്റെ വാക്കുകളിലൂടെ തന്നെ നമുക്ക് വായിച്ചേടുക്കാം: ``ഈ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഇതുവരെ ഉണ്ടാവാത്ത ഒരനുഭവം എനിക്കുണ്ടായി. ഉറക്കം വരാത്ത സാഹചര്യം ഉണ്ടായി. കഴിഞ്ഞ വിശദീകരണയോഗത്തില്‍ ഹനീഫ് കായക്കൊടി പ്രസംഗിച്ച് കൊണ്ടിരിക്കുകയാണ്. ഞാനന്ന് സ്റ്റേജിലുണ്ട്. ഖുറാഫികളുടെയടുത്ത് നമ്മുടെ മഹാന്മാരായ പണ്ഡിതന്മാര്‍ ഏതൊക്കെ ആയത്തുകളുദ്ധരിച്ച് കൊണ്ടായിരുന്നോ തൗഹീദ് സമര്‍ഥിച്ചിരുന്നത്, ശിര്‍ക്കിനെ എതിര്‍ത്തിരുന്നത് അതേ ആയത്തുകള്‍ നാം മാത്രമുള്ള ഒരു സദസ്സില്‍ ഇദ്ദേഹം അവതരിപ്പിക്കുകയാണ്. ആ മാറ്റത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആരോടാണീ പറയുന്നത്? ഇതിവിടുത്തെ ഖുറാഫികളോടാണോ? നമ്മുടെ വിരോധികളോടാണോ? കറകളഞ്ഞ ഇതിന്റെ പ്രവര്‍ത്തകരെ, ഉയര്‍ന്ന തട്ടിലുളള പ്രവര്‍ത്തകന്മാരെ വിളിച്ചിട്ടാണീ വിശദീകരണയോഗങ്ങള്‍ നടക്കുന്നത്. ആ യോഗത്തിലാണോ മുശ്‌രിക്കീങ്ങള്‍ക്കെതിരില്‍ ഇറങ്ങിയ തൗഹീദിന്റെ ആയത്തുകള്‍? അവര്‍ ജിന്നിനെ വിളിച്ച് പ്രാര്‍ഥിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് കൊണ്ടിറങ്ങിയ ആയത്തുകള്‍!! മഹാനായ കണ്ണൂര്‍ അബ്‌ദുല്‍ ഖാദര്‍ മൗലവി അത്തൗഹീദെന്ന ഗ്രന്ഥത്തില്‍ വിശദമായി ഉദ്ധരിച്ചിട്ടുളള ആയത്തുകള്‍!! നമ്മുടെ സൈദ് മൗലവിയുടെ മൂന്ന് നാല് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ വയദുകള്‍ നാം കേട്ടതാണ്. ആദ്യ ദിവസത്തെ ആമുഖത്തിന് ശേഷം രണ്ടാം ദിവസം മുതല്‍ അദ്ദേഹം ആ ഖുറാഫികളുടെ നടുവില്‍ ഈണത്തോടെ വളരെ ഭംഗിയായി അവതരിപ്പിക്കുന്ന ആ ആയത്തുകള്‍! അവയിതാ മുജാഹിദുകള്‍ മാത്രമുളള സദസ്സില്‍!! എന്നിട്ട് ജിന്നിനോട് പ്രാര്‍ഥിക്കാന്‍ പാടില്ല എന്ന രീതിയില്‍. അതാണിവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.'' (ഒക്‌ടോബര്‍ 26ന് നിലമ്പൂരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍)
നോക്കൂ, എത്ര ഗൗരവമാണ് ടി പി സൂചിപ്പിക്കുന്ന ഈ സാഹചര്യം. നിങ്ങള്‍ ഞങ്ങളെയും കവച്ച് വെക്കുമല്ലോ എന്ന് ഖുറാഫികള്‍ തങ്ങളോട് പറയുന്നതായി പാലത്ത് അബ്‌ദുറഹ്‌മാന്‍ മദനിയും വ്യക്തമാക്കുന്നു.
മാധ്യസ്ഥ ലംഘനമെന്ന ഇല്ലാക്കഥയുടെ അകമ്പടിയോടെയായിരുന്നല്ലോ നവയാഥാസ്ഥിതികര്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ടതും പിന്നീട് പലപ്പോഴായുണ്ടായ അനുരഞ്‌ജന ശ്രമങ്ങളോട് പുറംതിരിഞ്ഞ് നിന്നതും. അന്യായമായ ആ ആരോപണവും അതിദയനീയമായി തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. ഓരോ മാധ്യസ്ഥവും ലംഘിക്കപ്പെടുകയും വീണ്ടും വീണ്ടും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാക്കുകയും ചെയ്‌ത് എ പി വിഭാഗം പണ്ഡിതസഭയുടെ നടുവൊടിഞ്ഞതായി എടവണ്ണ സംയുക്ത കൗണ്‍സിലിലും മറ്റു വിശദീകരണ കണ്‍വെന്‍ഷനുകളിലും പ്രാസംഗികര്‍ ഒന്നടങ്കം പറയുന്നു. ജംഇയ്യത്തുല്‍ ഉലമ അതിന്റെ ചരിത്രത്തില്‍ ഇത്ര പ്രയാസപ്പെടേണ്ടി വന്ന ഒരു വിഷയമുണ്ടായിട്ടില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് ജിദ്ദയില്‍ വെച്ച് അബ്‌ദുര്‍റഹ്‌മാന്‍ സലഫി നടത്തിയ പ്രസ്‌താവനയെ ശരിവെച്ച് കൊണ്ടാണ് എല്ലാവരും പ്രസംഗിക്കുന്നത്. ജംഇയ്യത്തുല്‍ ഉലമയെടുക്കുന്ന ഓരോ തീരുമാനങ്ങളും പരസ്യമായി ലംഘിക്കപ്പെടുകയും അതിനെതിരെ വാറോലകള്‍ പുറത്തിറങ്ങുക വരെ ചെയ്‌തിട്ടു കൂടി നേതാക്കള്‍ മൈക്കിനു മുന്നില്‍ നിന്ന് പരിതപിക്കുകയല്ലാതെ ഒരു ചെറുവിരല്‍ ഇക്കൂട്ടര്‍ക്കെതിരെ ഉയര്‍ത്താന്‍ ധൈര്യപ്പെടുന്നില്ല. അനിവാര്യമായ തിരിച്ചടി എന്നല്ലാതെ എന്തു പറയാന്‍!!
ഐ എസ് എമ്മിന്റെ നേതൃത്വത്തില്‍ സഘടനാവിരുദ്ധ നീക്കങ്ങള്‍ നടത്താനൊരു ഗൂഢസംഘമുണ്ടെന്ന് നാടൊട്ടുക്കും അക്കാലത്ത് പച്ചക്കളളം പ്രചരിപ്പിച്ചയാളുകളുടെ പ്രസിഡന്റ് ടി പി തന്നെ ഇപ്പോള്‍, ജംഇയ്യത്തിന്റെയും നദ്‌വത്തിന്റെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി, ഈ തൗഹീദ് സംഘത്തെ വളരെ അപമാനിക്കുന്ന തരത്തില്‍ അവസരങ്ങള്‍ ചോദിച്ച് വാങ്ങി പരസ്യമായ നിലക്ക് രംഗത്ത് വരികയും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സംഘം തങ്ങളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു.
പഴയ `ജരാനര'യും തിരിച്ചടിച്ച ആരോപണങ്ങളില്‍ പെടുന്നു. ഡോ. ഹുസൈന്‍ മടവൂരിന്റെ ലേഖനങ്ങളില്‍ നിന്ന് വാലും തലയും മുറിച്ച് ഉദ്ധരണികള്‍ അടര്‍ത്തി മാറ്റി, സംഘടനയിലെ മുതിര്‍ന്ന നേതാക്കളെ ജരാനര ബാധിച്ചവരും ലോകത്തെ പിന്നോട്ട് വലിക്കുന്ന ഉറക്കം തൂങ്ങികളുമെന്ന് വിളിച്ചെന്ന് ആക്ഷേപിച്ചവരുടെ അവസ്ഥ ഇന്ന് അതിദയനീയമാണ്. തന്റെ അന്ധവിശ്വാസ ഇറക്കുമതിക്ക് പിളര്‍പ്പിന്റെ പച്ചപ്പില്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരുന്ന പച്ചക്കൊടിക്ക് മങ്ങലേറ്റപ്പോള്‍ സക്കരിയ സ്വലാഹി തന്റെ നേതാക്കളെ പരസ്യമായി വിശേഷിപ്പിച്ചത് ഇപ്രകാരമാണ്:
``ഞാന്‍ ചോദിക്കട്ടെ, ഇന്ന് നമ്മളെ കണ്ടിട്ട് ആരെങ്കിലും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വരുന്നുണ്ടോ? മുജാഹിദുകളായി നാട്ടില്‍ അറിയപ്പെടുന്ന കെ എന്‍ എമ്മിന്റെയും ഐ എസ് എമ്മിന്റെയുമൊക്കെ ആളുകളുടെ ജീവിത വിശുദ്ധി കണ്ടിട്ട് ഈ പ്രസ്ഥാനത്തിലേക്ക് വരുന്നവര്‍ വളരെ കുറച്ച് പേര്‍ മാത്രമാണ്. കാരണമെന്താണെന്നറിയുമോ? മുന്‍പ് മുജാഹിദുകള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അന്നതിന്റെതായ ക്വാളിറ്റി ഉണ്ടായിരുന്നുവതിന്. ഇപ്പോള്‍ ആളു കൂടിയപ്പോള്‍ ക്വാളിറ്റി കുറഞ്ഞു. ക്വാളിറ്റി കുറഞ്ഞ ചപ്പും ചവറുമൊക്കെ ഇതിലേക്ക് കയറി വന്നു. പ്രത്യേകിച്ച് ഒരു പഠനമോ അന്വേഷണമോ നടത്താതെ കുറേ ആളുകള്‍ ഇതിലേക്കിങ്ങനെ വലിഞ്ഞ് കേറി വന്നു. അവരൊക്കെ മേഖലയിലും ജില്ലയിലും പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി അങ്ങനെ പോയി സംസ്ഥാനത്തില്‍ വരെ എത്തി. പ്രത്യേകിച്ച് സംഘടന പിളര്‍ന്ന സന്ദര്‍ഭത്തില്‍. നമുക്കറിയാം കെ എന്‍ എമ്മിനെ അനുകൂലിക്കുന്ന ഒരു കള്ളിത്തറിയാണ് ഒരു നാട്ടിലുള്ളതെങ്കില്‍ അവനെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യുകയാണ്. കാരണമെന്താ, ആരുമില്ലല്ലോ അവിടെ. അത്ര ഗുണമുള്ളവനൊന്നുമല്ലെങ്കിലും, ഒരാളെങ്കിലും ഉണ്ടാവട്ടെ എന്ന് കരുതി, കെ എന്‍ എമ്മിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ചപ്പെങ്കില്‍ ചപ്പ് എന്ന നിലക്ക്. പിന്നെ അവന്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ എത്തുകയാണ് സംഘടനയില്‍. മേഖലയും ജില്ലയുമൊന്നുമല്ല, നേരിട്ട് സംസ്ഥാനത്തേക്കവന്‍ എത്തുകയാണ്. അങ്ങിനെയുളള കുറേയാളുകള്‍ നമ്മുടെ പ്രസ്ഥാനത്തിലുണ്ടായി എന്നത് പ്രസ്ഥാനത്തിന്റെ ക്വാളിറ്റി ജനങ്ങള്‍ക്കിടയില്‍ ഇല്ലാതാക്കുമെന്ന് നമ്മള്‍ മറന്ന് പോവരുത്. (മുജാഹിദുകളോട് ഗൗരവപൂര്‍വം എന്ന സീഡി).
മടവൂരിന്റെ വരികള്‍ക്ക് ഇല്ലാത്ത വ്യാഖ്യാനവും അര്‍ഥവും നല്‍കി വ്യാജാരോപണങ്ങളുന്നയിച്ച് തെറ്റിധാരണ പ്രചരിപ്പിച്ചവര്‍ക്ക് നേരിട്ട് കിട്ടിയ ശിക്ഷ. കെ ജെ യു സെക്രട്ടറി എന്ന നിലക്ക് മോങ്ങത്തെ പറമ്പും പുളിക്കലെ ഓഫീസും ഒക്കെയുള്ളൂ ഇല്‍മിയായ ചര്‍ച്ചയില്‍ താല്‍പര്യമില്ലെന്ന് തന്നെക്കുറിച്ച് ആക്ഷേപിച്ചെന്ന് എം എം മദനി പരാതിപ്പെടുന്നു. നിങ്ങളെ ഈ പണിക്ക് പറ്റില്ലെന്ന് തന്നോട് സ്വന്തം ആളുകള്‍ കുറ്റപ്പെടുത്തുന്നതായി ടി പിയും പരിതപിക്കുന്നു.
മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്‌ത ഓരോ അന്ധവിശ്വാസങ്ങള്‍ക്കും സംഘടനാതാല്‍പര്യങ്ങളുടെ പേരില്‍ ടി പിയുടെയും എ പിയുടെയും നേതൃത്വത്തില്‍ തണല്‍ നല്‍കുമ്പോഴും ഇപ്പുറത്ത് പ്രമാണങ്ങള്‍ കൊണ്ട് മുജാഹിദ് പണ്ഡിതന്മാര്‍ അതിനെ ശക്തിയുക്തം പ്രതിരോധിക്കുകയായിരുന്നല്ലോ. അതിന് നവയാഥാസ്ഥിതികരുടെ പ്രതികരണം വളരെ കടുത്തതായിരുന്നു. പ്രസ്ഥാനത്തിന്റെ പ്രമാണബദ്ധമായ കര്‍മവീഥിയില്‍ നിറഞ്ഞ് നിന്ന പണ്ഡിതരെ ഹദീസ് നിഷേധികളായി ഇക്കൂട്ടര്‍ മുദ്രകുത്തി. അന്നതിനു മൗനാനുവാദം നല്‍കിയവരും ഇപ്പോള്‍ അതേ പഴി കേള്‍ക്കുന്നു. അന്ധവിശ്വാസപ്രചാരണം അസഹ്യമായ രീതിയില്‍ തുടര്‍ന്നപ്പോള്‍ ഗതിയില്ലാതെ പ്രതികരിക്കേണ്ടി വന്നതിന് ഹദീസ് നിഷേധമെന്ന ആരോപണമാണ് കേള്‍ക്കേണ്ടി വന്നത്. അപ്പോഴിതാ ടി പി പറയുന്നു, ജിന്ന് പിശാച് സംബന്ധമായ സക്കരിയാക്കളുടെ പുത്തന്‍വാദത്തെ എതിര്‍ക്കുന്നതിനെ ഹദീസ് നിഷേധമെന്ന് വിളിക്കുന്നത് മാന്യതയും അന്തസ്സുമില്ലാത്ത വിമര്‍ശനമാണെന്ന്.
വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌തവരായി ബഹുമാന്യ പണ്ഡിതരെ ആക്ഷേപിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയവരാണല്ലോ നവയാതാസ്ഥിതികര്‍. കെ കെ മുഹമ്മദ് സുല്ലമിയെ പോലുളള പണ്ഡിതരെ ഇവരെത്ര ആവേശത്തോടെ അന്ന് കടിച്ചു കീറി. ഇപ്പോള്‍, ജാഹിലിയത്തിനും ഖുറാഫാത്തിനും മുഴുവന്‍ ഖുര്‍ആനും സുന്നത്തും തെളിവ് നല്‍കി അതിനു ന്യായീകരണം കൊടുക്കുന്ന സ്വന്തക്കാരെ പറ്റി ടി പി തുറന്നുപറയേണ്ടി വന്നിരിക്കുന്നു.
പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം തെറ്റിച്ചെന്ന മുജാഹിദുകള്‍ക്കെതിരായ നവയാഥാസ്ഥിതികരുടെ വ്യാജ ആരോപണത്തിന് അന്ന് പുണ്യകര്‍മങ്ങളായ സാമൂഹ്യസേവന ജീവകാരുണ്യ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളായിരുന്നു ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ സ്വന്തം നേതാക്കളും പണ്ഡിതരും ഖുറാഫാത്തും ശിര്‍ക്കും പ്രചരിപ്പിച്ച് പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം തെറ്റിക്കുന്നുവെന്നാണ് ടി പി ഉള്‍പ്പെടെയുളള നേതാക്കള്‍ കൗണ്‍സിലില്‍ പ്രസംഗിച്ചത്.
നിസ്സാര പ്രശ്‌നങ്ങളെ പെരുപ്പിച്ചും ഇലാത്തവ ചമച്ചെടുത്തും സംഘടനയില്‍ പിളര്‍പ്പുണ്ടാക്കുമ്പോള്‍ പാലിക്കാത്ത പല സദാചാരങ്ങളും ഇപ്പോള്‍ നവയാഥാസ്ഥിതിക നേതാക്കള്‍ക്ക് സ്വന്തക്കാര്‍ തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടാവുമ്പോള്‍ ഓര്‍മ്മ വരുന്നു. മുന്‍കാലങ്ങളില്‍ ഭയങ്കരമായ അഭിപ്രായ ഭിന്നതകള്‍ ജംഇയ്യത്ത് ചര്‍ച്ച ചെയ്യാറുണ്ടെന്നും അന്നൊന്നും അതിനു വേദിയാവാറുള്ള പുളിക്കല്‍ മാംഗ്ലാരിക്കുന്നിന്റെ താഴോട്ട് പെരിയമ്പലത്തേക്ക് പോലും അവ ഇറങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ സ്വന്തക്കാരെ ഉപദേശിക്കുന്ന, പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനിക്കറിയുമോ അതേ മാംഗ്ലാരിക്കുന്നില്‍ നടന്ന വ്യതിയാനാരോപണ യോഗത്തിലെ ഓരോ പരാമര്‍ശങ്ങളും പെരിയമ്പലം വഴി ലോകമൊട്ടുക്കും ഇറങ്ങിയതിന്റെ വഴികളും ന്യായങ്ങളും?
കോഴിക്കോട് നടന്ന സാല്‍വേഷനില്‍ ജിന്ന് സംബന്ധമായി നവയാഥാസ്ഥിതിക നേതാവ് പ്രചരിപ്പിച്ച ഒരു വന്‍ അബദ്ധത്തെ കുറിച്ച് വന്ന ഒരു ചോദ്യത്തിന്, അബ്‌ദുസ്സലാം സുല്ലമി ജിന്നിനു നല്‍കുന്ന അര്‍ഥവ്യതിയാനമല്ലാതെ ഇവിടെ ഒരു പ്രശ്‌നവുമില്ലെന്ന് പച്ചക്കള്ളം നീട്ടിപറഞ്ഞ ആ പഴയ രംഗം ഓര്‍ത്തു കൊണ്ടാവണം അബ്‌ദുര്‍റഹ്‌മാന്‍ സലഫിയുടെ പ്രസംഗം ആദര്‍ശ സ്‌നേഹികള്‍ കേള്‍ക്കേണ്ടത്.
ചുരുക്കത്തില്‍ അന്യായമായി ആരോപിച്ച ആദര്‍ശവ്യതിയാനവും അധര്‍മവും ഓരോന്നായി തിരിച്ചടിക്കുകയാണ്. ഇത് പ്രവാചകന്റെ സുപ്രധാനമായ ഒരു മുന്നറിയിപ്പിന്റെ സാക്ഷാല്‍ക്കാരമാണെന്ന ബോധ്യം ഉണ്ടാവുമ്പോഴേ ദുരഭിമാനവും വാശിയുമൊക്കെ ഒഴിവാകൂ. ഈ ജാഗരണത്തിന്റെ വേളയില്‍ അതത്യാവശ്യവുമാണ്. എ പി വിഭാഗം നേതൃത്വം ഇപ്പോള്‍ നിരാകരിക്കാന്‍ തയ്യാറായ സക്കരിയാക്കളുടെ അന്ധവിശ്വാസങ്ങള്‍ അവര്‍ക്ക് കൈമാറിയ കേന്ദ്രങ്ങളെ കൂടി ഈ വേളയില്‍ തിരിച്ചറിയേണ്ടതുണ്ട്. കെ ജെ യുവിന് നല്‍കിയ ഒന്നാം പ്രബന്ധത്തിലെ പേജ് 43ല്‍ പരാമര്‍ശിച്ച, മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമുണ്ടെന്ന് മുന്‍പ് ഇല്ലാത്ത വിവരം നല്‍കിയ അതേ കേന്ദ്രങ്ങള്‍ തന്നെയാണ് ഈ അന്ധവിശ്വാസങ്ങളുടെ ഉറവിടവും.
അന്ന് ആ കേന്ദ്രങ്ങളുടെ ആദര്‍ശവ്യതിയാനാരോപണങ്ങള്‍ അംഗീകരിച്ചാല്‍ വൈകാതെ, നമുക്കന്യമായ അവരുടെ ആദര്‍ശങ്ങള്‍ (വ്യതിയാനങ്ങള്‍) കൂടി അംഗീകരിക്കേണ്ടി വരുമെന്ന മുജാഹിദ് പണ്ഡിതരുടെ മുന്നറിയിപ്പാണിവിടെ നാം ഓര്‍ക്കേണ്ടത്. അതാണിപ്പോള്‍ സംഭവിച്ചത്. ഏതായാലും അവര്‍ നല്‍കിയ ആദര്‍ശത്തെ തള്ളിപ്പറയാന്‍ കാണിച്ച ഈ ആര്‍ജവം അവര്‍ ചമച്ചുണ്ടാക്കിയ ആദര്‍ശവ്യതിയാനാരോപണങ്ങളെയും നിരാകരിക്കാന്‍ നേതാക്കള്‍ കാണിക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ തിരിച്ചടികള്‍ ഗുണപരമായ ഒരു തിരിച്ചറിവിനു പ്രേരകമാവട്ടെ എന്ന് പ്രത്യാശിക്കുകയാണ് ആദര്‍ശസ്‌നേഹികള്‍.