ഒടുവില്‍ ആ കറുത്ത പൂച്ച പുറത്തുചാടി!!

കാസിയാരകത്ത്‌ മഹ്‌മൂദ്‌, കോഴിക്കോട്‌

ശക്തിമായ സമ്മര്‍ദത്തിന്റെയും അടിയൊഴുക്കിന്റെയും ഫലമായി നവയാഥാസ്ഥിതിക മുജാഹിദുകളില്‍ നിന്നും ആ കറുത്ത പൂച്ച പുറത്തു ചാടിയിരിക്കുന്നു. ആ പൂച്ച ഇനിയും നിങ്ങളെ തുറിച്ചുനോക്കുന്നുണ്ടെങ്കില്‍ പേടിക്കുകയും ബേജാറാവുകയും വേണ്ട, പാവം പ്രസവവേദന അനുഭവിച്ചിട്ടായിരിക്കണം ആ നോട്ടം. മനുഷ്യന്റെ ശല്യമില്ലാത്ത സൗകര്യപ്രദമായ ഏതെങ്കിലും സ്ഥലം (വല്ല കോണിക്കൂടോ, ഇരുട്ടറയോ അതുപോലെ സ്വസ്ഥമായി ഒളിഞ്ഞിരിക്കാന്‍ പറ്റിയ വല്ല സ്ഥലവും പരതുകയായിരിക്കും) അതിനെ ഉപദ്രവിക്കാതെ വിട്ടേക്കുക; പല്ലിയെയും.

എവിടെ പോയി മുജാഹിദുകള്‍ എന്നവകാശപ്പെടുന്നവരുടെ നിര്‍ഭയത്വം? ക്ഷമിച്ചേക്കുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി എന്ത്‌ ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുക. ഇബ്‌റാഹീം നബിയുടെ ആ നിര്‍ഭയത്വത്തിലേക്ക്‌ നമുക്ക്‌ തിരിച്ചുവരാം. പിശാചിനെയും ചെകുത്താനെയും കുട്ടിച്ചാത്തനെയുമെല്ലാം മനസ്സില്‍ നിന്ന്‌ കുടിയിറക്കാം. പള്ളിയുടെ മുകള്‍ത്തട്ടില്‍ വെച്ചുള്ള ജിന്ന്‌സേവ നമുക്ക്‌ അവസാനിപ്പിക്കാം.


ശക്തമായ പ്രതിഷേധങ്ങള്‍, ചോദ്യം ചെയ്യലുകള്‍, നിരന്തരമായ ചര്‍ച്ചകള്‍ എല്ലാം നടക്കട്ടെ. ന്യായമായും സംശയിക്കാവുന്ന ഒരു കാര്യം ഓര്‍മിക്കാതെ വയ്യ. ഞങ്ങള്‍ മുജാഹിദുകളുടെ ശക്തമായ പ്രതിരോധം കാരണമായി സംശയത്തില്‍ അകപ്പെട്ട ചിലരുടെ വിശ്വാസം ഉറയ്‌ക്കാനും ചില യാഥാസ്ഥിതിക മുസ്‌ലിയാക്കന്മാരുടെയെങ്കിലും പാരമ്പര്യ വിശ്വാസത്തിന്‌ ഇളക്കം തട്ടാനും ഈ വിവാദങ്ങള്‍ വഴിവെച്ചിരിക്കണം. പ്രമുഖ പത്രങ്ങളില്‍ `അറബി മാന്ത്രികം' പരസ്യം ചെയ്‌ത്‌ ഏലസുകള്‍ വില്‌ക്കുന്ന ചില വിരുതന്മാരും സമുദായത്തിലുണ്ടെന്ന്‌ നാം തിരിച്ചറിയുക.

കുറച്ചുമുമ്പ്‌ കേരളക്കരയില്‍ സന്തോഷ്‌ മാധവ-വ്യാജ ദൈവ-സിദ്ധ കൂട്ടാളികള്‍ക്കെതിരില്‍ ഒരു വലിയ ബഹുജനമുന്നേറ്റം ഉയര്‍ന്നുവന്നതിന്‌ നമ്മള്‍ സാക്ഷികളാണല്ലോ. അതിന്റെ തുടര്‍ച്ച ഏറ്റെടുക്കുക എന്ന വെല്ലുവിളിയാണ്‌ തൗഹീദ്‌ ഉള്‍ക്കൊണ്ടവര്‍ ഈ നിര്‍ണായക ഘട്ടത്തില്‍ സജീവമാക്കേണ്ടത്‌. ആ ബഹുജനമുന്നേറ്റം കേരളത്തില്‍ അലയടിച്ചപ്പോള്‍ നിഗൂഢതയുടെ മറവില്‍ ചികിത്സകള്‍ നടത്തിയിരുന്ന ചില മുസ്‌ലിയാക്കന്മാര്‍ കെട്ടും ഭാണ്ഡവുമെടുത്ത്‌ സ്ഥലം വിട്ടത്‌ നമ്മള്‍ മറന്നിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ്‌ എത്തിച്ചേര്‍ന്നപ്പോള്‍ അടഞ്ഞ വാതിലുകളാണ്‌ അവരെ വരവേറ്റത്‌. ഇത്തരത്തിലുള്ള ആളുകളുടെയെല്ലാം ഊര്‍ജവും ജീവവായുവും നിഗൂഢതയിലുള്ള ജനങ്ങളുടെ വികലമായ വിശ്വാസവും പേടിയും ഭയപ്പാടുകളുമാണ്‌.

അത്‌ വിദഗ്‌ധമായി വലവിരിച്ച്‌ ചൂഷണം ചെയ്യുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. സമൂഹത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം ഇത്തിള്‍ക്കണ്ണികളെയാണ്‌ അറുത്തമാറ്റേണ്ടത്‌. അതിന്‌ തൗഹീദെന്ന സിദ്ധൗഷധമാണ്‌ ആയുധം.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews