ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?

എ അബ്‌ദുസ്സലാം സുല്ലമി 

 ``ചുരുക്കത്തില്‍ ഖുര്‍ആനില്‍ നസ്‌ഖ്‌ (ദുര്‍ബലമാക്കപ്പെട്ട സൂക്തം) ഉണ്ട്‌ എന്ന്‌ ചേകന്നൂരികള്‍ അംഗീകരിക്കുന്നില്ല എന്ന്‌ വ്യക്തമായില്ലേ? ഇനി ഈ വിഷയത്തില്‍ മടവൂരികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കൂടി നമുക്ക്‌ വിശകലനം ചെയ്യാം. മടവൂരി നേതാവ്‌ എഴുതുന്നത്‌ കാണുക: പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത്‌ പോലും ദുര്‍ബലമായത്‌ ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്‌ (ബുഖാരി പരിഭാഷ, അബ്‌ദുസ്സലാം സുല്ലമി, 2/761) (അല്‍ഇസ്വ്‌ലാഹ്‌ -2012 മെയ്‌, പേജ്‌ 29).
``കണ്ടല്ലോ! ഖുര്‍ആനില്‍ നസ്‌ഖുണ്ടോ (ദുര്‍ബലാക്കപ്പെട്ട സൂക്തം) എന്ന വിഷയത്തില്‍ ചേകനൂരികള്‍ പറഞ്ഞതു തന്നെയാണ്‌ മടവൂരികളും ആവര്‍ത്തിച്ചിരിക്കുന്നത്‌. രണ്ട്‌ വിഭാഗവും ഖുര്‍ആനിലെ നസ്‌ഖിനെ അംഗീകരിക്കുന്നില്ല.'' (പേജ്‌ 29) 

 കെ കെ സകരിയ്യ, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ജബ്ബാര്‍ മൗലവി, മുതലായവര്‍ക്ക്‌ എല്ലാം തന്നെ പല വിഷയത്തില്‍ വ്യക്തിപരമായ പല അഭിപ്രായങ്ങള്‍ ഉണ്ട്‌. ഈ അഭിപ്രായമെല്ലാം നവയാഥാസ്ഥിതികരുടെ പൊതുവായ അഭിപ്രായമായി ഇവര്‍ പരിഗണിക്കുമോ? ഇതാണ്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌. ഞാന്‍ മടവൂരികളുടെ നേതാവാണ്‌ എന്നതും ഇവരുടെ ജല്‌പനമാണ്‌. യാതൊരു സ്ഥാനവും ഞാന്‍ വഹിക്കുന്നില്ല. `സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‌ക്കണം, അവരെ സഹായിക്കണം, സ്വന്തം ശരീരത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും എതിരായിരുന്നാലും' എന്ന ഖുര്‍ആന്റെ നിര്‍ദേശം അനുഷ്‌ഠിച്ചുകൊണ്ട്‌ യഥാര്‍ഥ മുജാഹിദുകളുമായി ഞാന്‍ പൊതുവായ നിലക്ക്‌ സഹകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവരുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക്‌ സ്വീകാര്യമല്ല. എന്റേത്‌ അവര്‍ക്കും പല വിഷയങ്ങളിലും സ്വീകാര്യമല്ല താനും. മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പും ഈ അടിസ്ഥാന തത്വത്തെ ആദരിച്ചുകൊണ്ടാണ്‌ ഞാന്‍ മുജാഹിദായി ജീവിച്ചിരുന്നത്‌. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നതാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെടുന്ന സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ അഹ്‌ലുസ്സുന്നയുടെ പാതയില്‍ ജീവിക്കുന്നവനാവുകയുള്ളൂ എന്നതാണ്‌ നിയമമമെങ്കില്‍ ഭൂമിയില്‍ എത്ര മണല്‍ത്തരികള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവനാണെന്ന്‌ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെന്നതില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.

നബി(സ)ക്കും പിശാചുബാധയോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 നബി(സ)ക്കു പോലും ശാരീരികദ്രോഹം വരുത്താന്‍ സിഹ്‌ര്‍ മൂലം പിശാചുക്കള്‍ക്ക്‌ സാധിക്കുമെന്നാണല്ലോ നവയാഥാസ്ഥിതികരുടെ വാദം. ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു നിരൂപണമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അഥവാ സിഹ്‌ര്‍ മുഖേനയോ മറ്റേതെങ്കിലും കാരണത്താലോ സത്യവിശ്വാസികള്‍ക്കും പ്രവാചകനും പിശാചുബാധയുണ്ടാകുമെന്ന വാദം വിശുദ്ധഖുര്‍ആനുമായും മുതവാതിറായ ഹദീസുകളുമായും പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ്‌ ഇവിടെ ചര്‍ച്ചയ്‌ക്കു വിധേയമാക്കുന്നത്‌. പിശാചുക്കള്‍ക്ക്‌ മനുഷ്യവര്‍ഗത്തെ ശാരീരികമായി ദ്രോഹിക്കാന്‍ സാധ്യമല്ലെന്നും മറിച്ച്‌ അവരെ തെറ്റുകളിലേക്ക്‌ പ്രേരിപ്പിക്കുക എന്നതാണ്‌ അവന്റെ പ്രവര്‍ത്തന പരിധിയെന്നും അതിനുള്ള അധികാരവും കഴിവും മാത്രമേ പിശാചിന്‌ അല്ലാഹു നല്‍കിയിട്ടുള്ളൂവെന്നും മുമ്പ്‌ നിരവധി ലേഖനങ്ങളിലൂടെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ശാരീരികദ്രോഹം പോയിട്ട്‌ യഥാര്‍ഥ ഭക്തന്മാരെ വഴിതെറ്റിക്കാന്‍ പോലും പിശാചിന്‌ സാധ്യമല്ലാ എന്ന്‌ വിശുദ്ധഖുര്‍ആന്‍ സംശയത്തിന്നിടവരുത്താത്ത വിധം പഠിപ്പിക്കുന്നുണ്ട്‌.

``തീര്‍ച്ചയായും എന്റെ അടിമകളുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. നിന്നെ പിന്‍പറ്റിയ വഴിപിഴച്ചവരുടെ മേലല്ലാതെ.'' (ഹിജ്‌റ്‌ 42). ``നിന്റെ പ്രതാപമാണ്‌ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരെ ഒഴികെ.'' (സ്വാദ്‌ 82,83)

 മേല്‍വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ സത്യവിശ്വാസികളെ വഴിപിഴപ്പിക്കാന്‍ പിശാചിന്‌ ഒരിക്കലും സാധ്യമല്ല എന്നാണ്‌. എന്നാല്‍ പിശാച്‌ അവരെ വഴിതെറ്റിക്കാന്‍ പരമാവധി ശ്രമം നടത്തും. പ്രസ്‌തുത സന്ദര്‍ഭത്തില്‍ ഭക്തിയും ദൈവസ്‌മരണയും കാരണത്താല്‍ അല്ലാഹു അവര്‍ക്ക്‌ പിശാചിന്റെ ശര്‍റില്‍ നിന്നും കാവല്‍നല്‌കും. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനെക്കുറിച്ച്‌ ഓര്‍മിക്കുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്‌ചയുള്ളവരായിത്തീരുന്നു'' (അഅ്‌റാഫ്‌ 201). ഈ വചനത്തിന്റെ താല്‌പര്യം ഇതാണ്‌: സത്യവിശ്വാസികളായ അടിമകളുടെ മനസ്സില്‍ പിശാച്‌ വല്ല ദുഷ്‌പ്രേരണയും ചെലുത്തുന്നപക്ഷം അവര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവനെ ഓര്‍ത്തുകൊണ്ടും അവരതില്‍ നിന്നും മാറിനില്‌ക്കുന്നു. നിഷേധികളും ഈമാനില്ലാത്തവരും പിശാചിന്റെ ദുഷ്‌പ്രേരണയ്‌ക്കു വഴങ്ങി തെറ്റില്‍ അകപ്പെടുന്നു.

മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്നത്

സകരിയ്യ ഗ്രൂപ്പിനെതിരെ അബ്ദുല്‍ റഹ്മാന്‍ ഇരിവേറ്റി മാധ്യമത്തില്‍ (01/07/2012) എഴുതിയ കുറിപ്പ്






Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews