ഉഗ്രവാദികള്‍ക്കെതിരെ പടനീക്കം : നവയാഥാസ്ഥിതികരുടെ കുറ്റസമ്മതം


മന്‍സൂറലി ചെമ്മാട്‌

അബൂദര്‍റ്‌(റ) പറയുന്നു: പ്രവാചകന്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. ഒരാള്‍ മറ്റൊരാളില്‍ അധര്‍മമോ അവിശ്വാസമോ ആരോപിക്കുന്ന പക്ഷം (അയാള്‍ അതിനര്‍ഹനല്ലെങ്കില്‍) അത്‌ ആരോപിച്ചവനിലേക്ക്‌ തന്നെ തിരിച്ചെത്താതിരിക്കില്ല. (ബുഖാരി 6045)

പ്രവാചകന്റെ(സ) ഈ പ്രവചനത്തില്‍ അന്യന്റെ നേരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കരുതെന്ന പോലെ മറ്റൊരു സൂചന കൂടിയുണ്ട്‌. ഒരാള്‍ അന്യനു നേരെ ഉന്നയിച്ച ആരോപണങ്ങള്‍ അയാളില്‍ തന്നെ പുലരുന്നുവെങ്കില്‍ അയാള്‍ ഉന്നയിച്ചത്‌ വ്യാജാരോപണങ്ങള്‍ തന്നെയായിരുന്നെന്ന്‌ കൂടുതല്‍ തെളിയിക്കപ്പെടുന്നു എന്നതാണത്‌. 


കേരളത്തില്‍ ഒരു നൂറ്റാണ്ട്‌ കാലമായി തൗഹീദീ ആദര്‍ശത്തിലധിഷ്‌ഠിതമായ ഇസ്വ്‌ലാഹി പ്രവര്‍ത്തനം നടത്തി വരുന്ന ഒരു പ്രസ്ഥാനത്തിന്റെ കര്‍മപഥത്തിലേക്ക്‌ ഭിന്നിപ്പിന്റെ ഇരുട്ട്‌ വീഴ്‌ത്തുകയും അതുവഴി പ്രബോധനമേഖലയില്‍ തടസ്സങ്ങളുണ്ടാക്കുകയും സത്യാദര്‍ശത്തെ കുറിച്ച്‌ പ്രബോധിത സമൂഹത്തില്‍ സംശയം ജനിപ്പിക്കുകയും ചെയ്‌ത വിഭാഗത്തിന്റെ പാളയത്തില്‍ റസൂലിന്റെ ഈ മുന്നറിയിപ്പ്‌ യാഥാര്‍ഥ്യമായി പുലര്‍ന്നിരിക്കുകയാണ്‌.

ഇഖ്‌വാനിസവും സുറൂറിസവുമായി പല ഓമനപ്പേരുകളില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ആദര്‍ശവ്യതിയാനം ഇന്നും തെളിയിക്കാന്‍ കഴിയാതിരിക്കേ, യഥാര്‍ഥ ആദര്‍ശവ്യതിയാനം തങ്ങളില്‍ സംഭവിച്ചു എന്ന്‌ തുറന്നുസമ്മതിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. അവിടെ കേവലം ഇഖ്‌വാനിസമൊന്നുമല്ല, സാക്ഷാല്‍ ശിര്‍ക്ക്‌ തന്നെയാണ്‌ വില്ലനെന്ന്‌ ഇപ്പോള്‍ പല നേതാക്കളും തിരിച്ചറിയുകയാണ്‌. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലായി നടക്കുന്ന ആദര്‍ശ വിശദീകരണങ്ങള്‍ ഒരു കുറ്റസമ്മതമായാണ്‌ ആദര്‍ശ സ്‌നേഹികള്‍ കാണുന്നത്‌.

നവയാഥാസ്ഥിതിക വിഭാഗത്തിലെ ഒരുപറ്റം പണ്ഡിതന്മാര്‍ ജാഹിലിയ്യത്തും പഴകിപ്പുളിച്ച ഖുറാഫാത്തുകളും ശിര്‍ക്കന്‍ ആശയങ്ങളുമൊക്കെ തിരിച്ച്‌ കൊണ്ടുവരുന്നതിന്റെ ഭീകരാവസ്ഥ ആ സംഘടനയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും സീനിയര്‍ ഭാരവാഹികളും പണ്ഡിത സഭയുടെ സാരഥികളും ഒരേ സ്വരത്തില്‍ പറയുകയാണിപ്പോള്‍. അതിനായി വിശദീകരണ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന്‌ കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 5ന്‌ എടവണ്ണയില്‍ ഇക്കാര്യം വിശദീകരിക്കുന്നതിനായി സംയുക്ത കൗണ്‍സില്‍ വരെ വിളിച്ചുചേര്‍ത്തു.

മന്‍ഹജിന്റെ ഓമനപ്പേരിട്ട്‌ ഒരു പറ്റമാളുകള്‍ ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുന്നത്‌ പൂര്‍വിക നേതാക്കള്‍ ഖബറടക്കിയ ഖുറാഫാത്തുകളാണെന്നും അല്ലാഹുവിന്റെ സ്ഥാനത്തേക്ക്‌ പിശാചിനെ ഉയര്‍ത്തി കൊടിയ അന്ധവിശ്വാസങ്ങളുടെ പിണിയാളുകളാവുകയാണിവരെന്നും അതിന്നവര്‍ വിശുദ്ധഖുര്‍ആനും ഹദീസുകളും ദുര്‍വ്യാഖ്യാനിക്കുകയാണെന്നും മുജാഹിദുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താക്കീതു നല്‍കിയത്‌ കേവലം വനരോദനമായില്ലെന്ന ആശ്വാസം പകരുകയാണ്‌ എടവണ്ണ കൗണ്‍സിലിലെയും കണ്ണൂരിലും കോഴിക്കോടും നിലമ്പൂരിലുമൊക്കെ നടന്ന ആദര്‍ശ വിശദീകരണ കണ്‍വെന്‍ഷനുകളിലെയും ഓരോ പ്രസംഗങ്ങളും. ദുരഭിമാനമോ അന്ധമായ വിരോധമോ ധീരമായ ഈ കാല്‍വെപ്പിന്‌ വിലങ്ങിടാതിരിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കാം.

ഇപ്പോള്‍ ജിന്ന്‌ `വിദഗ്‌ധരായ' ഉഗ്രവാദികളെ പറ്റി മറു വിഭാഗം നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമായ നിരീക്ഷണത്തിലേക്കുളള ചൂണ്ടു പലകയാണ്‌. മുജാഹിദുകള്‍ നവയാഥാസ്ഥിതികരെ പറ്റി ഇത്രയും കാലം ആരോപിച്ച കാര്യങ്ങളൊന്നും സഘടനാ പക്ഷപാതിത്തമോ മറ്റു താല്‍പര്യങ്ങളോ കൊണ്ട്‌ കെട്ടിച്ചമച്ചതായിരുന്നില്ല. മറിച്ച്‌, ആദര്‍ശബോധം മാത്രമാണ്‌ അത്‌ ചൂണ്ടിക്കാണിക്കാന്‍ മുജാഹിദുകളെ പ്രേരിപ്പിച്ചതെന്ന്‌ അവര്‍ തിരിച്ചറിയുന്നുണ്ട്‌.

ഒരു ദശാബ്‌ദം മുന്‍പ്‌, ആദര്‍ശ വ്യതിയാനം സംഭവിച്ചവരായി മുജാഹിദ്‌ പണ്ഡിതന്മാരെയും പ്രവര്‍ത്തകരെയും മുദ്രകുത്താനും നേതൃത്വത്തിനെതിര്‌ പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കാനും പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം തെറ്റിക്കുന്നവരെന്ന്‌ ആക്ഷേപിക്കാനും വിയര്‍പ്പൊഴുക്കിയത്‌ സത്യത്തിന്‌ നിരക്കാത്തതായിരുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അതേ കുറ്റങ്ങള്‍ യഥാര്‍ത്ഥമായി സ്വന്തം പാളയത്തിനകത്ത്‌ തന്നെ പുലര്‍ന്നത്‌. സ്വന്തം കക്ഷി ആദര്‍ശ, നയ വ്യതിയാനങ്ങളുടെ അഗാധതയില്‍ പതിച്ച്‌ കൊണ്ടിരിക്കുന്നു എന്ന്‌ പരസ്യമായി വിലപിക്കേണ്ട ഗതി എത്ര ദൗര്‍ഭാഗ്യകരമാണ്‌!

ഇല്ലാത്ത മാധ്യസ്ഥലംഘനങ്ങളുടെ കഥകള്‍ മുമ്പ്‌ ഇവര്‍ മുജാഹിദ്‌ പണ്ഡിതന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രചരിപ്പിച്ചു. ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനു വഴിയൊരുക്കി പ്രസ്ഥാനത്തിന്റെ യുവശക്തിയായ ഐ എസ്‌ എമ്മിനെ പിരിച്ച്‌ വിടാന്‍ പോലും അവര്‍ മെനഞ്ഞെടുത്തത്‌ പ്രധാനമായും ഇത്തരത്തിലൊരു കരാര്‍ ലംഘനത്തിന്റെ ഇല്ലാകഥയായിരുന്നല്ലോ. ഇന്ന്‌, സ്വന്തം പാളയത്തില്‍ കാലങ്ങളായി നടന്നുവരുന്ന മാധ്യസ്ഥ ശ്രമങ്ങളുടെയും പണ്ഡിതരും നേതൃത്വവും ഇതിനായൊഴുക്കിയ വിയര്‍പ്പിന്റെയും സഘടന ഇക്കാര്യത്തില്‍ ചിലവഴിച്ച സമയത്തിന്റെയും ഓരോ അനുരജ്ഞനങ്ങള്‍ക്കും പിന്നാലെ വന്ന ക്രൂരമായ ലഘനങ്ങളുടെയും നാള്‍വഴികള്‍ നിസ്സഹായതയോടെയാണ്‌ ടി പിയും അബ്ദുറഹ്‌മാന്‍ സലഫിയും അഹ്‌മദലി മദനിയുമൊക്കെ അവതരിപ്പിക്കുന്നത്‌.ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അബ്ദുറഹ്‌മാന്‍ സലഫി ജിദ്ദയില്‍ വെച്ച്‌ നടത്തിയ പ്രസംഗത്തിലും ഇക്കാര്യം പരാമര്‍ശിച്ചത്‌ ഏറെ ഗൗരവത്തോടെ തന്നെയായിരുന്നു. ജംഇയ്യത്തിന്റെ ചരിത്രത്തില്‍ ഇത്ര ഗൗരവത്തിലൊരു വിഷയം നേരിടേണ്ടി വന്നിട്ടില്ലെന്ന്‌ വിശേഷിപ്പിച്ചു കൊണ്ട്‌ പിളര്‍പ്പിന്റെ കാലത്തെ ആരോപണങ്ങളെല്ലാം ഈ വ്യതിയാനത്തിനു മുന്നില്‍ വളരെ നിസ്സാരമാണെന്ന്‌ അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ചര്‍ച്ച ചെയ്‌തും തീരുമാനമെടുത്തും തങ്ങളുടെ പണ്ഡിത സഭക്ക്‌ മടുത്തുവെന്ന്‌ അഹ്‌മദലി മദനി പറയുന്നു. ഇനി ചര്‍ച്ച ചെയ്യാന്‍ തങ്ങളെ കിട്ടില്ലെന്ന്‌ പണ്ഡിത നേതൃത്വം പറഞ്ഞിട്ടുണ്ടത്രെ!

വളരെ നിസ്സാരവും വിട്ടുവീഴ്‌ച ചെയ്യാവുന്നതുമായ കാര്യങ്ങള്‍ കുത്തിപ്പൊക്കിയാണ്‌ മാധ്യസ്ഥ ലംഘനമെന്ന മഹാപാപമാരോപിച്ച്‌ ഇക്കൂട്ടര്‍ മുന്‍പ്‌ സംഘടനയുടെ ചാലകശക്തിയായ യുവജന വിഭാഗത്തെ നിഷ്‌കരുണം പിരിച്ച്‌ വിട്ടത്‌. അന്നതിനവര്‍ക്ക്‌ നിമിഷനേരം മാത്രമേ വേണ്ടി വന്നുളളൂ. ഇപ്പോള്‍ ആദര്‍ശത്തിന്റെ ആണിക്കല്ലായ തൗഹീദിനെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും തളളിപ്പറയുന്ന അവിവേകവും നാള്‍ക്ക്‌ നാള്‍ ശക്തിയര്‍ജ്ജിക്കുമ്പോഴും നടപടിയെടുക്കാന്‍ കെല്‍പ്പില്ലാതെ നേതൃത്വം വെപ്രാളപ്പെടുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു അനീതിക്കേറ്റ തിരിച്ചടി! സ്വന്തം സുരക്ഷയ്‌ക്കു വേണ്ടി പാലൂട്ടി വളര്‍ത്തിയത്‌ മൂര്‍ഖന്‍ പാമ്പുകളെ ആയിപ്പോയെന്ന തിരിച്ചറിവ്‌ അല്‍പം താമസിച്ചുപോയെന്ന്‌ മാത്രം. ഉഗ്രവാദികളില്‍ ചിലരുടെ നാവിന്റെ മൂര്‍ച്ചയ്‌ക്കും കണ്ണൂരുട്ടലുകള്‍ക്കും മുന്നില്‍ നേതൃത്വം പതറിപ്പോവുകയാണോ? ഇനിയും തങ്ങളുടെ ആദര്‍ശവ്യതിയാനത്തില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ സംഘടനയുടെ പരിധിക്ക്‌ പുറത്തേക്ക്‌ പോകണം എന്ന്‌ പറയാനേ ടി പിക്ക്‌ കഴിയുന്നുള്ളൂ.

മുജാഹിദ്‌ പിളര്‍പ്പിനു ശേഷം നടന്ന ഓരോ അനുരഞ്‌ജന ചര്‍ച്ചകളും പരാജയപ്പെടുത്താന്‍ എ പി വിഭാഗം ഇറക്കുന്ന തുരുപ്പ്‌ ശീട്ടാണല്ലോ മാധ്യസ്ഥ ലംഘനത്തിന്റെ കെട്ടുകഥ. ജംഇയ്യത്തിന്റെ തീരുമാനം ലംഘിച്ചെന്ന്‌ ആവര്‍ത്തിക്കുകയും അത്തരമൊരു കാര്യം പൊറുക്കാനാവാത്ത പാപമാണെന്ന്‌ വിധിയെഴുതുകയും ചെയ്യുക പതിവാണ്‌. എന്നാലിപ്പോള്‍ സ്വന്തം കക്ഷിയുടെ കാര്യം വന്നപ്പോള്‍ കെ ജെ യു തീരുമാന ലംഘനങ്ങള്‍ പാതാളത്തോളം ക്ഷമിക്കാന്‍ നിര്‍ബന്ധിതരായി. മുജാഹിദ്‌ പിളര്‍പ്പില്‍ ആരോപണങ്ങളുടെ കൂട്ടത്തില്‍ ഏതായാലും ശിര്‍ക്ക്‌ ഇല്ലായിരുന്നല്ലോ. ഇപ്പോള്‍ നവയാഥാസ്ഥിതികരുടെ പാളയത്തില്‍ പട ശിര്‍ക്കും തൗഹീദും തമ്മിലുളള ഏറ്റുമുട്ടലായിട്ടു കൂടി നേതാക്കള്‍ എന്തൊരു വിട്ടുവീഴ്‌ചയണ്‌ കാണിക്കുന്നത്‌. ആദര്‍ശമാണോ ആള്‍ക്കൂട്ടവും ആസ്‌തിയുമാണോ വലുതെന്ന്‌ ഇനിയും പഠിച്ചിട്ടില്ലെന്നര്‍ത്ഥം.

നോക്കൂ സംഗതിയുടെ ഗൗരവം! തൗഹീദിന്റെ മുന്‍ഗണന തെറ്റിക്കുകയോ തൗഹീദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയോ ചെയ്യുക മാത്രമല്ല തൗഹീദിനെ അട്ടിമറിക്കുക കൂടി ഇക്കൂട്ടര്‍ ചെയ്യുന്നതായി പാലത്ത്‌ അബ്ദുറഹ്‌മാന്‍ മദനി പറയുന്നു. പത്ത്‌ വര്‍ഷം മുന്‍പ്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ കുത്തിപ്പിളര്‍താന്‍ ഇക്കൂട്ടര്‍ കാണിച്ച ആവേശം ഇന്നെവിടെപ്പോയി? അന്ന്‌ വ്യതിയാനമെന്ന്‌ ആരോപിച്ചവയെല്ലാം ഇന്ന്‌ സ്വയം ഏറ്റെടുത്ത്‌ നടപ്പാക്കി അവക്കെല്ലാം വ്യതിയാനപ്പട്ടികയില്‍ നിന്നും ശാപമോക്ഷം നല്‍കുകയുമുണ്ടായല്ലോ.
അഭിപ്രായ വ്യത്യാസങ്ങളുടെ സ്വാഭാവികത വിശദീകരിച്ച്‌ കൗണ്‍സിലില്‍ ഇരുപക്ഷത്തെയും കൈവിടാതെ പ്രസംഗിക്കുന്ന കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂരിന്റെ വാക്കുകള്‍ പിളര്‍പ്പ്‌ കാലത്തെ സാഹചര്യം ഓര്‍ത്ത്‌ വേണം കേള്‍ക്കാന്‍. ശൈഖ്‌ ഇബ്‌നുബാസും ശൈഖ്‌ ഉസൈമീനും ശൈഖ്‌ അല്‍ബാനിയുമൊക്കെ പരസ്‌പരം വിയോജിച്ച വീക്ഷണങ്ങളും അതേ സമയം തന്നെ പരസ്‌പരം ആദരിച്ച്‌ അംഗീകരിക്കുന്നതിന്റെ മാതൃകയും പറപ്പൂര്‍ ആധികാരികമായി തന്നെ ഉദ്ധരിക്കുന്നുണ്ട്‌. പക്ഷെ ഒരു പതിറ്റാണ്ട്‌ മുമ്പ്‌ മുജാഹിദ്‌ നേതാക്കള്‍ക്കെതിരെ ചില തല്‍പരകക്ഷികള്‍ ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്തുന്നതിനായി സാഹസപ്പെട്ടപ്പോഴും അണികളില്‍ വ്യാജാരോപണങ്ങള്‍ പ്രചരിപ്പിച്ച്‌ ഭിന്നത വളര്‍ത്തിയപ്പോഴും ഈ ഉദാത്ത മാതൃകകള്‍ അജ്ഞാതമായിരുന്നോ? വീക്ഷണ വ്യത്യാസങ്ങളുടെ പേരില്‍ ഇബ്‌നുബാസിനെ അനുകൂലിക്കുന്നവര്‍ ബാസികളോ ഉസൈമീനെ അനുകൂലിക്കുന്നവര്‍ ഉസൈമിനികളോ ആയില്ലെന്ന്‌ ഇപ്പോള്‍ പറയുന്ന മദനി മടവൂരികള്‍ എന്ന പേരിട്ട്‌ ഒരു വിഭാഗത്തെ വെട്ടിമാറ്റിയതിന്റെ ന്യായം കൂടി ഒന്ന്‌ പറഞ്ഞ്‌ തരുമോ? പോകട്ടെ, പഴയ ആ തെറ്റ്‌ തിരുത്താനെങ്കിലും തയ്യാറാവുമോ? ഇതേ ഇബ്‌നുബാസിന്റെ ഒരു പ്രസ്‌താവന ഉദ്ധരിച്ചതിന്റെ പേരില്‍ ഹുസൈന്‍ മടവൂരിനെതിരെ ആരോപകരുണ്ടാക്കിയ പുകിലൊക്കെ മദനിയും കൂട്ടരും മറന്ന്‌ പോയോ? കൗണ്‍സിലില്‍ പ്രസംഗിച്ച മറ്റു പണ്ഡിതന്‍മാരൊക്കെ ഉഗ്രവാദികള്‍ ഇറക്കുമതി ചെയ്‌ത ശിര്‍ക്കന്‍ വിശ്വാസങ്ങളെ രൂക്ഷമായി എതിര്‍ക്കുമ്പോള്‍ പറപ്പൂര്‍ അവയെ കേവലം ബീഡി വലിയോടുപമിച്ച്‌ നിസ്സാരമാക്കാന്‍ ശ്രമിച്ചതിന്റെ പ്രേരകം എന്തായാലും അത്‌ ഇപ്പോഴത്തെ ഈ ജാഗരണത്തെ പ്രതികൂലമായേ ബാധിക്കൂ. 

സ്വന്തം പാളയത്തില്‍ നിന്നുയര്‍ന്ന അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ നേതൃത്വം ഉണരുന്നില്ലെന്ന്‌ കണ്ട്‌ ഇതിനായി സ്വയം മുന്നിട്ടിറങ്ങിയ കെ കെ പി അബ്ദുല്ലക്കും അബ്ദുറഹ്‌മാന്‍ ഇരിവേറ്റിക്കുമൊക്കെയെതിരിലും ഈ കണ്‍വെന്‍ഷനുകളില്‍ പരാമര്‍ശമുയരുന്നുവെന്നതാണ്‌ മറ്റൊരു തമാശ. റസൂല്‍ സകലവിധ പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും കാവല്‍ നല്‍കപ്പെട്ട മഹാനാണെന്ന്‌ വാദിക്കുന്നതാണത്രെ ഇവരുടെ വ്യതിയാനം! വഞ്ചി ഇപ്പോഴും.....?!

ഏതായാലും, കെ കെ സക്കരിയ്യ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ഉഗ്രവാദികള്‍ അഴിച്ചുവിട്ട അന്ധവിശ്വാസങ്ങളാണല്ലോ ഇപ്പോള്‍ മുജാഹിദ്‌ സെന്ററില്‍ ഉറക്കം കെടുത്തുന്നത്‌. ഉഗ്രവാദത്തെ പ്രമാണബദ്ധമായി എതിര്‍ക്കാന്‍ അബ്‌ദുര്‍റഹ്‌മാന്‍ സലഫി ഉന്നയിക്കുന്ന അതേ വാദങ്ങളായിരുന്നു സി പി ഉമര്‍ സുല്ലമിയുടെയും അബ്‌ദുസ്സലാം സുല്ലമിയുടെയുമൊക്കെ നേതൃത്വത്തില്‍ ഈയിടെ പ്രബോധനരംഗത്ത്‌ ഉയര്‍ന്നുകേട്ടത്‌. 

പക്ഷേ, അതിന്റെ പേരില്‍ ആ പണ്ഡിതന്‍മാര്‍ ഹദീസ്‌ നിഷേധികളായി മുദ്രകുത്തപ്പെടുകയായിരുന്നു. ഇന്നിപ്പോള്‍ അതും പരിഹരിക്കപ്പെടുകയാണ്‌. ഇസ്‌ലാഹി പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന ആദര്‍ശം ഉറക്കെ പറയാനും ആദര്‍ശ അട്ടിമറിക്കാരെ ചെറുക്കുമെന്ന്‌ പറയാനും മറുപക്ഷത്ത്‌ തന്നെ ആളുകളുണ്ടാവുന്ന കാഴ്‌ച ഏതായാലും സ്വാഗതാര്‍ഹമാണ്‌. ഈ നീക്കം ആത്മാര്‍ത്ഥമാണെങ്കില്‍ ഇപ്പോഴത്തെ തിരിച്ചറിവിന്റെ കരുത്തില്‍ വലിയൊരു തിരുത്താണ്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌.

സലഫി മസ്‌ജിദുകളുടെ മുകളിലെ നിലകള്‍ ജിന്നിറക്കലിന്റെ കേന്ദ്രമാണെന്ന്‌ തുറന്ന്‌ സമ്മതിക്കുന്ന അഹ്‌മദലി മദനിയുടെ മനോവേദന നേതൃത്വം മുഖവിലക്കെടുക്കണം. ഇത്രയും കാലം യാഥാസ്ഥിതികര്‍ക്ക്‌ ഓതിക്കൊടുത്ത ആയത്തുകളും വിശദീകരണങ്ങളും സ്വന്തം ആള്‍ക്കാര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ താനിരിക്കുന്നത്‌ ഖുറാഫി സദസ്സിലാണോ എന്ന്‌ പോലും സംശയിക്കുകയാണ്‌ എന്നാണ്‌ അബ്‌ദുല്ലക്കോയ മദനി പരിതപിക്കുന്നത്‌. 

ഖുറാഫികളുമായുളള സംവാദങ്ങളില്‍ ആദര്‍ശം പറയാനാവാതെ തലതാഴ്‌ത്തി സ്വന്തം പണ്ഡിതന്മാര്‍ തിരിച്ച്‌ പോന്നപ്പോഴും നമുക്കിനി ലയിക്കാമെന്ന ഖുറാഫീ സംഘടനകളുടെ പരസ്യമായ ക്ഷണം അപമാനപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും അബ്‌ദുസ്സലാം സുല്ലമിയെയും സിപിയെയും ഹുസൈന്‍ മടവൂരിനെയുമൊക്കെ കടിച്ച്‌ കീറാന്‍ പഴുത്‌ പരതുകയായിരുന്നല്ലോ നേതൃത്വം. ഈ നിലപാട്‌ തുടരാന്‍ അവരുടെ മനസ്സാക്ഷി ഇനി സമ്മതിക്കില്ലെന്ന്‌ കരുതാം.

ഫിനിഷിങ്ങ്‌ പോയിന്റ്‌: തമിഴ്‌നാട്ടിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സുഹൃത്ത്‌ ഇറച്ചി വിഭവങ്ങളുടെ മെനുവില്‍ കുഴിമുയല്‍ എന്ന്‌ കണ്ട്‌ അത്‌ വാങ്ങിക്കഴിച്ചു. മുയലിറച്ചിയേക്കാളും ടേസ്റ്റ്‌! വീണ്ടും വാങ്ങിക്കഴിച്ചു. ബില്ല്‌ കിട്ടിയപ്പോള്‍ വളരെ തുച്ചമായ തുക. സംശയം തീര്‍ക്കാനായി മെനുവിലെ കുഴിമുയലിന്റെ ചിത്രമൊന്ന്‌ നോക്കി. നെഞ്ചത്ത്‌ കൈവെച്ചൊരു നിലവിളിയായിരുന്നു: പടച്ചോനേ ഇത്‌ നമ്മുടെ നാട്ടിലെ പെരുച്ചാഴിയാണല്ലോ!!!

മന്‍ഹജ്‌ എന്ന്‌ കേട്ടപ്പോള്‍ അവ വിളമ്പാന്‍ ഉത്സാഹത്തോടെ സൗകര്യമൊരുക്കുകയും ഇപ്പോള്‍ പടച്ചോനേ ഇത്‌ നമ്മുടെ നാട്ടിലെ ഖുറാഫാത്താണല്ലോ എന്ന്‌ വിലപിക്കുകയും ചെയ്യുന്ന നേതാക്കളെയാണീ കഥയിപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്‌!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews