സമസ്‌തയുടെ ചരിത്രം അഥവാ അനൈക്യത്തിന്റ കേരള വഴികള്‍


പി എം എ ഗഫൂര്‍

1924ല്‍ ആലുവായിലെ ഐക്യസംഘം രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമാ, ആഗോള മുസ്‌ലിംകള്‍ക്കിടയില്‍ ഉദിച്ചുവന്നിരുന്ന പുതിയൊരുണര്‍വിന്റെ തന്നെ ഭാഗമായിരുന്നു. ലോക മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന സംഘടനാബോധം ഇന്ത്യന്‍ മുസ്‌ലിംകളിലേക്ക്‌ വ്യാപിച്ചു തുടങ്ങിയതും ഇതേ കാലത്തായിരുന്നുവല്ലോ. ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലുള്ള ശ്രമങ്ങളിലൊന്നാണ്‌ മജ്‌ലിസുല്‍ ഉലമാ എന്ന പണ്ഡിത സംഘടന. ``സുന്നത്ത്‌ ജമാഅത്ത്‌ -അതായത്‌, ഹനഫീ, ശാഫിഈ, മാലികീ, ഹമ്പലീ മദ്‌ഹബുകള്‍ പ്രകാരം ഇസ്‌ലാം മതത്തിന്റെ യഥാര്‍ഥ തത്വങ്ങളെ ജനങ്ങളുടെ ഇടയില്‍ പരത്തി അവയെ അനുഷ്‌ഠാനങ്ങളില്‍ വരുത്തുക. ഇസ്‌ലാം മതഗുണം ജനങ്ങളില്‍ പതിപ്പിക്കുക. ഇസ്‌ലാമിനെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ മജ്‌ലിസുല്‍ ഉലമ രൂപപ്പെട്ടത്‌.'' (മജ്‌ലിസുല്‍ ഉലമാവക നിയമങ്ങള്‍ 1921) 


നാലണയില്‍ കുറയാത്ത മാസവരി നല്‍കാന്‍ കഴിവുള്ള `സുന്നത്ത്‌ ജമാഅത്തില്‍'പെട്ട എല്ലാ മുസ്‌ലികളെയും മജ്‌ലിസില്‍ അംഗങ്ങളാക്കി. സംഘടനയുടെ ഒരു പ്രത്യേക സമ്മേളനം 1921 ഏപ്രില്‍ 2,3 തിയതികളില്‍ തമിഴ്‌നാട്ടിലെ ഈറോട്‌ വെച്ച്‌ നടന്നു. അലി സഹോദരന്മാരും അബുല്‍കലാം ആസാദും ഖുത്‌ബുദ്ദീന്‍ അന്‍സ്വാരിയുമടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കെ എം മൗലവിയടക്കമുള്ള ആ പ്രതിനിധി സംഘമാണ്‌ കേരളത്തിലെ പണ്ഡിതന്മാര്‍ക്കും ഒരു പ്രത്യേക സംഘടന വേണമെന്ന ആവശ്യമുയര്‍ത്തിയത്‌. അതിനെത്തുടര്‍ന്നാണ്‌ ഒറ്റപ്പാലത്തു നടന്ന കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ സമ്മേളനത്തില്‍ കേരള മജ്‌ലിസുല്‍ ഉലമാ രൂപീകരിക്കപ്പെട്ടത്‌. വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയടക്കമുള്ള പ്രമുഖര്‍ സമ്മേളനത്തിനെത്തിയിരുന്നു. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ ആരംഭവും ഒറ്റപ്പാലം സമ്മേളനമായിരുന്നു. എന്നാല്‍ അക്കാലത്തെ പ്രമുഖ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ കേരള മജ്‌ലിസുല്‍ ഉലമാക്കെതിരെ രംഗത്തിറങ്ങി. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി ഫത്‌വാ ഇറക്കാനും അവര്‍ ധൃതിപ്പെട്ടു.

ഇതേ സന്ദര്‍ഭത്തിലാണ്‌ കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കപ്പെട്ടത്‌. പരമ്പരാഗത വിഭാഗങ്ങള്‍ക്കിടയില്‍ രണ്ട്‌ സ്വരമുണ്ടായി. ചിലര്‍ ജംഇയ്യത്തുല്‍ ഉലമായോട്‌ അടുപ്പം പുലര്‍ത്തുക വരെ ചെയ്‌തു. കോഴിക്കോട്ട്‌ ചേര്‍ന്ന സംഘം മൂന്നാം വാര്‍ഷികത്തില്‍ പണ്ഡിത സംഘടനയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ ഇ കെ മൗലവി മറുപടി പറഞ്ഞു. മറുപടിയില്‍ സംതൃപ്‌തനായ പാങ്ങില്‍ അഹ്‌മദ്‌കുട്ടി മുസ്‌ല്യാര്‍ പറഞ്ഞതിങ്ങനെ: ``ഈ സംഘം അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ അടിസ്ഥാനത്തിലുള്ള സംഘടനയാണ്‌. ഈ സംഘത്തെ ലോകാവസാനം വരെ നിലനിര്‍ത്താന്‍ ഞാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നു'' (കേരള മുസ്‌ലിം ഡയറക്‌ടറി, പേ 473). പക്ഷേ, ജംഇയ്യത്തുല്‍ ഉലമാ സജീവമാവുകയും അന്ധവിശ്വാസങ്ങള്‍ക്കും മതത്തിന്റെ പേരിലുള്ള നാട്ടാചാരങ്ങള്‍ക്കുമെതിരെ രംഗത്തിറങ്ങുകയും ചെയ്‌തതോടെ പാരമ്പര്യപണ്ഡിതന്മാര്‍ ജംഇയ്യത്തുല്‍ ഉലമായുടെ ശത്രുസംഘമായി. ജംഇയ്യത്തുല്‍ ഉലമാക്കുവേണ്ടി പ്രാര്‍ഥിച്ച പാങ്ങില്‍ അഹ്‌മദ്‌കുട്ടി മുസ്‌ല്യാര്‍ പിന്നീട്‌ സമസ്‌തയുടെ പ്രസിഡന്റുമായിത്തീര്‍ന്നു.

കേരള ജംഇയ്യത്തുല്‍ ഉലമായോടുള്ള എതിര്‍പ്പിന്‌ സംഘടനാ രൂപം കൈവന്നതാണ്‌, പില്‍ക്കാലത്ത്‌ രൂപീകൃതമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ. ഉല്‍പ്പതിഷ്‌ണുക്കളുടെ പരിഷ്‌കരണ ശ്രമങ്ങള്‍ സംഘടിതമായി ശക്തിപ്പെട്ടപ്പോള്‍ അതിനെ സംഘടിതമായിത്തന്നെ എതിര്‍ക്കണമെന്ന നിലപാട്‌ യാഥാസ്ഥിതികര്‍ക്കിടയില്‍ ചര്‍ച്ചവന്നു. `സംഘടന' എന്ന സംവിധാനം തന്നെ പാടില്ലെന്ന്‌ മുമ്പ്‌ പറഞ്ഞവര്‍ അതേ സംവിധാനത്തിന്റെ തണലില്‍ ഒത്തുകൂടി, 1925ല്‍ കോഴിക്കോട്‌ കുറ്റിച്ചിറ വലിയ ജുമുഅത്ത്‌ പള്ളിയില്‍ വെച്ച്‌ മറ്റൊരു കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹ്‌മദ്‌കുട്ടി മുസ്‌ല്യാരുമാണ്‌ ആ യോഗത്തിന്‌ നേതൃത്വം നല്‍കിയത്‌. പുതിയ ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ മീരാന്‍ മുസ്‌ല്യാരും സെക്രട്ടറി പാറോല്‍ ഹുസൈന്‍ മൗലവിയുമായിരുന്നു. സമസ്‌തയുടെ ഈ ആദിരൂപത്തിന്റെ ആദ്യസെക്രട്ടറിയായ പാറോല്‍ ഹുസൈന്‍ മൗലവി പിന്നീട്‌ മുജാഹിദ്‌ ആശയക്കാരനായിത്തീര്‍ന്നുവെന്നത്‌ മറ്റൊരു ആശ്ചര്യം. 1953ല്‍ മലബാറി എന്ന പ്രസിദ്ധീകരണവും അദ്ദേഹം പുറത്തിറക്കി.

1926 ജൂണ്‍ 26ന്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ വിപുലമായൊരു കണ്‍വെന്‍ഷന്‍ നടന്നു. ഈ സമ്മേളനത്തില്‍ വെച്ചാണ്‌ പുതിയ കക്ഷിയെ `സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ' എന്ന്‌ പുനര്‍നാമകരണം ചെയ്‌തത്‌. പുതിയ ഭാരവാഹികളായി വരക്കല്‍ സയ്യിദ്‌ മുസ്‌ലിയാര്‍, കെ മുഹമ്മദ്‌ അബ്‌ദുല്‍ബാരി മുസ്‌ല്യാര്‍, കെ എം അബ്‌ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, കെ പി മുഹമ്മദ്‌ മീരാന്‍ മുസ്‌ല്യാര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), പി വി മുഹമ്മദ്‌ മുസ്‌ല്യാര്‍, പി കെ മുഹമ്മദ്‌ മുസ്‌ല്യാര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. 1943 നവംബര്‍ നാലിന്‌ സംഘടന രജിസ്റ്റര്‍ ചെയ്‌തു.

താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയിലാണ്‌ `സമസ്‌ത'യുടെ ഒന്നാം വാര്‍ഷിക സമ്മേളനം 1927 ഫെബ്രുവരി 7ന്‌ ചേര്‍ന്നത്‌. രണ്ടാം വാര്‍ഷിക സമ്മേളനം 1927 ഡിസംബര്‍ 31ന്‌ പഴയ വള്ളുവനാട്‌ താലൂക്കിലെ മോളൂരിലും മൂന്നാം സമ്മേളനം 1929 ജനുവരി 7ന്‌ ചെമ്മന്‍കുഴിയിലും നാലാം സമ്മേളനം 1930 മാര്‍ച്ച്‌ 17ന്‌ മണ്ണാര്‍ക്കാട്ടും അഞ്ചാം സമ്മേളനം 1931 മാര്‍ച്ച്‌ 11ന്‌ വെള്ളിയഞ്ചേരിയിലും നടന്നു. മണ്ണാര്‍ക്കാട്‌ നടന്ന നാലാം സമ്മേളനത്തിലാണ്‌ സുന്നികളല്ലാത്തവരെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമുണ്ടായത്‌. സമ്മേളനത്തില്‍ അവതരിപ്പിച്ച എട്ടാം പ്രമേയത്തില്‍ പറയുന്നു: ``ചേറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിലാസ നടപടികള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ സുന്ദരമായ വിശ്വാസത്തോട്‌ കേവലം മാറാക കൊണ്ട്‌ അവരുടെ വിശ്വാസനടപടികളോട്‌ പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നീ മുസ്‌ലിംകള്‍ക്ക്‌ കേവലം പാടുള്ളതല്ല എന്ന്‌ ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.'' (പണ്ഡിതകേരളം, പേ. 132)

സ്‌ത്രീ വിദ്യാഭ്യാസത്തോടുള്ള നയം `സമസ്‌ത' ആ സമ്മേളനത്തിലെ മറ്റൊരു പ്രമേയത്തിലൂടെ വ്യക്തമാക്കുന്നുണ്ട്‌; സ്‌ത്രീകള്‍ക്ക്‌ കൈയെഴുത്ത്‌ പഠിക്കല്‍ ശറഇല്‍ മക്‌റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കള്‍ തീരുമാനിച്ചിട്ടുള്ളതാകയാല്‍ അവര്‍ക്ക്‌ കൈയെഴുത്ത്‌ പഠിപ്പിക്കല്‍ പ്രത്യേകം പാടില്ലാത്തതാണെന്ന്‌ ഈ യോഗത്തില്‍ തീരുമാനിക്കുന്നു''. സി കെ മുഹമ്മദ്‌ മൗലവി അവതരിപ്പിച്ചു. എ പി അഹ്‌മദ്‌കുട്ടി മൗലവി പിന്താങ്ങി. (അല്‍ബയാന്‍ അറബി മലയാള മാസിക, പുസ്‌തകം ഒന്ന്‌, ലക്കം 5)

ആറാം സമ്മേളനം ഫറോക്കിലായിരുന്നു. 1933 മാര്‍ച്ച്‌ 5ന്‌ നടന്ന ഈ സമ്മേളനവും നിരവധി പ്രമേയങ്ങള്‍കൊണ്ടാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. കേരളത്തില്‍ പൊതുവെയും മലബാറില്‍ വിശേഷിച്ചും സ്വാതന്ത്ര്യസമരം കത്തിയാളിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തില്‍ നിന്നും സ്വാതന്ത്ര്യസമരത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ്‌ സമസ്‌ത ആഹ്വാനം ചെയ്‌തത്‌. ``സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോണ്‍ഗ്രസ്‌ ഖിലാഫത്ത്‌ കമ്മിറ്റി എന്ന പേരും പരസ്യം ചെയ്‌ത്‌ അവരുടെ മായാവലയില്‍ പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്‌ലിമീങ്ങളെ മുമ്പിലേക്ക്‌ തള്ളി കക്ഷിവഴക്കുകളും ബഹളവുമുണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും ജയില്‍ ശിക്ഷയ്‌ക്ക്‌ കാരണഭൂതരായിത്തീരുകയും ചെയ്‌തുവല്ലോ. ഭരണകര്‍ത്താക്കളോട്‌ എതിര്‍ക്കലും അവരുടെ കല്‍പ്പന അനാദരവ്‌ ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ്‌ കക്ഷിക്കാരുമായി യോജിക്കലും അവരോട്‌ സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ ചെയ്യുവാന്‍ പാടില്ലാത്തതാകുന്നു.'' പതിനഞ്ചാം പ്രമേയം: ``സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തില്‍ അംഗങ്ങളായി ചേരുന്ന മുസ്‌ല്യാന്മാര്‍ എല്ലാവരും കോണ്‍ഗ്രസ്‌ അല്ലാത്തവരും ഗവര്‍മെന്റ്‌ കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസനടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതുസമാധാന പാലനത്തെയും പുനര്‍ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ പെട്ടതാണെന്നുമുള്ള മുന്‍നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ച്‌ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.''

1974 മാര്‍ച്ച്‌ 15,16,17 തിയതികളില്‍ മീഞ്ചന്തയില്‍ ചേര്‍ന്ന 17-ാം സമ്മേളനം അന്നോളമുള്ള പിന്തിരിപ്പന്‍ നിലപാടുകളെ ഒന്നുകൂടി ശക്തിപ്പെടുത്തിയാണ്‌ പിരിഞ്ഞത്‌. ചാലിയം ശിഹാബുദ്ദീന്‍ അഹ്‌മദ്‌ കോയ മൗലവി അവതരിപ്പിക്കുകയും പി കമ്മു മൗലവി പിന്താങ്ങുകയും ചെയ്‌ത മീഞ്ചന്ത പ്രമേയത്തില്‍ പറയുന്നതിങ്ങനെ: ``കേരളത്തിലെ മുസ്‌ലിമീങ്ങളില്‍ അനേകം കൊല്ലമായിട്ട്‌ നിരാക്ഷേപമായി നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍ സ്ഥിരപ്പെടുത്തപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ, അഥവാ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖതീബ്‌ സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിച്ചിരിക്കുന്നു.

സംഗതികള്‍: 1. മരിച്ചുപോയ അമ്പിയ, ഔലിയാ, സ്വാലിഹീന്‍ അവരുടെ ദാത്ത്‌ കൊണ്ടും ജാഹ്‌, ഹഖ്‌, ബര്‍കത്ത്‌ ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടതേടല്‍) ചെയ്യുന്നതും അവരെ നേരിട്ടുവിളിച്ച്‌ സഹായത്തിന്‌ അപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട്‌ ബര്‍കത്ത്‌ മതിക്കലും.

2. മരിച്ചുപോയ അമ്പിയാ ഔലിയാ മുതലായവര്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി കിട്ടുവാന്‍ വേണ്ടി ധര്‍മംചെയ്യലും അവര്‍ക്കു വേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യത്തുകളെ മറവുചെയ്യതിനു ശേഷം ഖബ്‌റുങ്ങല്‍ വെച്ച്‌ തല്‍ഖീന്‍ ചൊല്ലി കൊടുക്കലും മയ്യിത്തിനു വേണ്ടി ഖബ്‌റുങ്ങല്‍ വെച്ചും മറ്റു സ്ഥലങ്ങളില്‍ വെച്ചും ഖുര്‍ആന്‍ ഓതലും.

3. ഖബര്‍ സിയാറത്ത്‌ ചെയ്യലും ഖബ്‌റാളികള്‍ക്ക്‌ സലാം പറയലും, അവര്‍ക്കു വേണ്ടി ദുആയിരക്കലും ഖബ്‌ര്‍ സിയാറത്തിനുവേണ്ടി യാത്ര ചെയ്യലും.

4. ആയത്ത്‌, ഹദീസ്‌, മറ്റു മുഅസ്സമായ അസ്‌മാഉകളെക്കൊണ്ട്‌ മന്ത്രം ചെയ്യലും, ഉറുക്കെഴുതിക്കെട്ടലും, പിഞ്ഞാണം എഴുതിക്കൊടുക്കലും, വെള്ളം, നൂല്‌, മുതലായവ മന്ത്രിച്ചു കൊടുക്കലും, ബുര്‍ദ ഓതി മന്ത്രിക്കലും.

5. ഖാദിരിയ്യാ, ശാദുലിയ്യാ, രിഫാഇയ്യാ- മുതലായ കൈതുടര്‍ച്ചക്കും, ഒറ്റക്കും യോഗം ചേര്‍ന്നും നടപ്പുള്ള റാത്തിബും ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും, ദലാഇലുല്‍ ഖൈറാത്ത്‌, ഹിസ്‌ബുന്നബവി, അസ്‌മാഉന്നബി, അസ്‌മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്‌ബുല്‍ ബഹര്‍ മുതലായ വിര്‍ദുകളെ ചട്ടമാക്കലും, ദിക്‌റുകള്‍ കണക്കാക്കാന്‍ തസ്‌ബീഹ്‌ മാല ഉപയോഗിക്കലും.

6. മന്‍ഖൂസ്‌ മുതലായ മൗലിദുകളെ ഓതിക്കലും, ബദ്‌രിയ്യത്ത്‌, ഖുത്തുബിയ്യത്ത്‌ മുതലായ ബൈത്തുകള്‍ ചൊല്ലലും ചൊല്ലിക്കലും, മുഹ്‌യുദ്ദീന്‍മാല, രിഫാഈ മാല മുതലായ പാട്ടുകള്‍ പാടലും പാടിക്കലും (സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പതിനേഴാം വാര്‍ഷിക സമ്മേളന റിപ്പോര്‍ട്ട്‌, പേ. 10,11)

ഇതര സംഘടനകളോടുള്ള `സമസ്‌ത'യുടെ സമീപനവും സമ്മേളന പ്രമേയങ്ങളിലൂടെയും ഫത്‌വകളിലൂടെയും വ്യക്തമാക്കപ്പെടുന്നുണ്ട്‌. വഹാബികളോടും മൗദൂദികളോടും എങ്ങനെയാണ്‌ പെരുമാറേണ്ടതെന്ന ചോദ്യത്തിന്‌, `സമസ്‌ത'യുടെ മുഫ്‌തിയായിരുന്ന ശിഹാബുദ്ദീന്‍ അഹ്‌മദ്‌ കോയ ശാലിയാത്തിയുടെ മറുപടി ഇങ്ങനെ: ``ഇപ്പോള്‍ നിലവിലുള്ള ദീനുല്‍ ഇസ്‌ലാമില്‍ പല വിധത്തിലുള്ള ജാഹിലിയ്യത്തുകള്‍ കലര്‍ന്നുകൂടിയതു കൊണ്ട്‌ ശരിയായ നിലക്ക്‌ ഒരു ജമാഅത്തെ ഇസ്‌ലാമി സ്ഥാപിക്കണമെന്നും മറ്റും വാദിക്കുന്ന മൗദൂദികളുമായും, തവസ്സുല്‍, ഇസ്‌തിഗാസ ദീനില്‍ അനുവദിക്കാത്തതാണെന്നും മറ്റും വിധി കല്‌പിക്കുന്ന വഹാബികളുമായും സുന്നത്ത്‌ ജമാഅത്തില്‍ ഉറച്ചുനിലകൊള്ളുന്ന മുസ്‌ലിംകള്‍ പെരുമാറേണ്ടത്‌, ആ രണ്ടു സംഘക്കാരുടെയും വിധി അനുസരിച്ച നിലക്ക്‌ മുസ്‌ലിമും മുശ്‌രിക്കും ആയിട്ടുള്ള പെരുമാറ്റം തന്നെയാണെന്ന്‌ എല്ലാവര്‍ക്കും മനസ്സിലാക്കുന്ന സംഗതിയാണെന്നതില്‍ സംശയമില്ല. സുന്നീസംഘക്കാരില്‍ നിന്ന്‌ ഇവരോട്‌ അനുഭാവം കാണിക്കുന്നവരോടും പെരുമാറേണ്ടത്‌ അതുപ്രകാരം തന്നെയാണ്‌. ഇസ്‌ലാമിയ്യത്തില്‍ പൂര്‍വികമായി നടപ്പായ സംഗതികള്‍ ശിര്‍ക്കാണെന്നും ഇവകളെ ചെയ്യുന്നവരെ മുശ്‌രിക്കാണെന്നും വിധിക്കുന്ന `സംഘ'ക്കാരോട്‌ ഏതൊരു മുസ്‌ലിമാണ്‌ യോജിക്കുക? മനസ്സിരുത്തി ചിന്തിക്കുക. മേല്‍ വിവരിച്ച `സംഘ'ക്കാരോട്‌ സുന്നത്ത്‌ ജമാഅത്തില്‍ ഉറച്ചുനില്‌ക്കുന്ന മുസ്‌ലിംകള്‍ പെരുമാറേണ്ടുന്ന ക്രമങ്ങളെ മുഹ്‌യുദ്ദീന്‍ ശൈഖ്‌ തങ്ങള്‍ അവരുടെ അല്‍ഗുന്‍യ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: സുന്നത്ത്‌ ജമാഅത്ത്‌ പിന്തുടരല്‍ എല്ലാ മുഅ്‌മിനുകളുടെയും മേല്‍ നിര്‍ബന്ധമാകുന്നു. സുന്നത്ത്‌ എന്നാല്‍ റസൂല്‍(സ) നടപ്പില്‍ വരുത്തിയതും ജമാഅത്ത്‌ എന്നാല്‍ തങ്ങളുടെ സ്വഹാബികള്‍ നാല്‌ ഖുലഫാക്കളുടെ ഖിലാഫത്ത്‌ കാലത്ത്‌ നടന്നുവന്നതുമാകുന്നു. മുഅ്‌മിനീങ്ങളില്‍ സുന്നത്ത്‌ ജമാഅത്തിനെ തുടര്‍ന്ന്‌ നടക്കലും ബിദ്‌അത്തുകാരെ അധികരിപ്പിക്കല്‍, അവരുടെ സുഖത്തില്‍ പങ്കുചേര്‍ക്കല്‍, അവര്‍ക്ക്‌ സലാം ചൊല്ലല്‍, അവരൊന്നിച്ചിരിക്കല്‍, അവരുമായി അടുക്കല്‍, പെരുന്നാള്‍ മുതലായ സന്തോഷ ദിനങ്ങളില്‍ അവരോട്‌ സന്തോഷം പറയല്‍, അവരുടെ മയ്യിത്ത്‌ നമസ്‌കരിക്കല്‍, അവരുടെ പേരു കേട്ടാല്‍ റഹ്‌മത്‌ കൊണ്ട്‌ ദുആയിരിക്കല്‍ മുതലായവ ചെയ്യാതിരിക്കലും അവരുടെ മദ്‌ഹബ്‌ ബാതിലാണെന്ന്‌ വിശ്വസിച്ച്‌ റബ്ബുല്‍ ആലമീന്റെ പക്കല്‍ നിന്നുള്ള കൂലി ആശിച്ചുകൊണ്ട്‌ അവരോട്‌ വിരോധമാക്കലും ശത്രുത്വം കാണിക്കലും നിര്‍ബന്ധമാകുന്നു.'' (ഫത്‌വ നമ്പര്‍ 2, ശിഹാബുദ്ദീന്‍ മെമ്മോറിയല്‍ പബ്ലിഷിംഗ്‌ ബ്യൂറോ മൂന്നാം നമ്പര്‍ ലഘുകൃതി, പേ. 13,14)

`മുബ്‌തദിഈങ്ങളുമായി പെരുമാറേണ്ട ചുരുക്ക സംഗതികള്‍: 1). അവരുമായി കൂടി പെരുമാറാതിരിക്കുക, 2). സലാം ചൊല്ലാതിരിക്കുക, 3). അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക, 4). അവരുമായി വിവാഹബന്ധം നടത്താതിരിക്കുക, 5). അവരെ പിന്തുടര്‍ന്ന്‌ നിസ്‌കരിക്കാതിരിക്കുക.'' (അതേ ഗ്രന്ഥം 18) 1965 ജനുവരി 16ന്‌ ചേര്‍ന്ന മുശാറവ യോഗം, തബ്‌ലീഗ്‌ ജമാഅത്തിനെയും ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്തി.

അക്ഷരത്തോട്‌ കാണിച്ച വിമ്മിട്ടം അധികകാലം നിലനിര്‍ത്താന്‍ `സമസ്‌ത'ക്ക്‌ കഴിഞ്ഞില്ല. പ്രസ്‌തുത നയം സംഘടന പുനപ്പരിശോധിക്കുകയും `പുത്തന്‍വാദി'കളുടെ പിറകെ കൂടുകയും ചെയ്‌തു. ഇംഗ്ലീഷിനോടുള്ള വിരോധവും മദ്‌റസാ വിരോധവും സ്‌ത്രീ വിദ്യാഭ്യാസവും ചികിത്സാരീതികളുമൊക്കെ ഈ പുനപ്പരിശോധനയില്‍ ഉള്‍പ്പെടും.

1945ല്‍ നടന്ന സമസ്‌ത പതിനാറാം വാര്‍ഷിക സമ്മേളനത്തില്‍ സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങള്‍, വിദ്യാഭ്യാസ വിഷയത്തില്‍ പുതിയ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. 1951 മാര്‍ച്ച്‌ 23,24,25 തിയ്യതികളില്‍ വടകരയില്‍ നടന്ന 19-ാം സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കുകയും പറവണ്ണ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ കണ്‍വീനറായി `സമസ്‌ത കേരള മത വിദ്യാഭ്യാസ ബോര്‍ഡ്‌' എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്‌തു. പിന്നീട്‌ പറവണ്ണ മുസ്‌ലിയാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വെച്ചാണ്‌ സമസ്‌തയുടെ കീഴില്‍ മദ്‌റസകള്‍ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്‌. ദര്‍സുകള്‍ വിപുലീകരിച്ച്‌ അറബിക്കോളെജുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലൂടെയാണ്‌ 1963 ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത്‌ പട്ടിക്കാട്ട്‌ ജാമിഅ നൂരിയാ അറബിക്‌ കോളെജ്‌ സ്ഥാപിതമായത്‌.

1913 ജനുവരി ഒന്നിന്‌ ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്ഥാപിച്ച വാഴക്കാട്‌ മദ്‌റസ ദാറുല്‍ ഉലൂമില്‍ നിന്ന്‌ 1951 മാര്‍ച്ച്‌ മാസത്തിലെ സമസ്‌ത പ്രമേയത്തിലേക്കുള്ള ദൂരം കൂടി ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ചാലിലകത്തിനെയും കൂട്ടരെയും `മദ്‌റസ'യുടെ പേരില്‍ പുത്തന്‍വാദികളാക്കിയവര്‍ മുപ്പത്തെട്ടു വര്‍ഷത്തിനുശേഷം മാറി ചിന്തിച്ചു. ചാലിലകത്തിനെ `സമസ്‌ത'ക്കാരാനാക്കാന്‍ പാടുപെടുന്ന പിന്‍മുറക്കാര്‍ ഈ മുപ്പത്തെട്ടു വര്‍ഷത്തിന്‌ ഉത്തരം നല്‌കിയേ പറ്റൂ.

1954ല്‍ സമസ്‌തയുടെ യുവജന വിഭാഗമായി സുന്നീ യുവജന സംഘം രൂപീകരിക്കപ്പെട്ടെങ്കിലും, 1961ല്‍ മാത്രമാണ്‌ യുവജന സംഘത്തെ സമസ്‌ത അംഗീകരിച്ചത്‌. ബി കുട്ടിഹസന്‍ ഹാജിയായിരുന്നു ആദ്യ പ്രസിഡന്റ്‌. 1973ല്‍ വിദ്യാര്‍ഥി വിഭാഗം സമസ്‌ത കേരള സുന്നീ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ രൂപീകരിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്‌.

പ്രസിദ്ധീകരണ രംഗത്തോട്‌ അറച്ചുനിന്ന സമസ്‌ത 1929ല്‍ അല്‍ബയാന്‍ അറബി മലയാളപത്രം തുടങ്ങി. കോഴിക്കോട്ട്‌ മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി മുഖേന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്‌ ഒരുങ്ങിയപ്പോള്‍ പാങ്ങില്‍ അഹ്‌മദുകുട്ടി മുസ്‌ലിയാര്‍ അല്‍ബയാനില്‍ എഴുതി: ``കച്ചവടം ചെയ്‌ത്‌ ലാഭം സമ്പാദിച്ചു വയറുനിറച്ചു കൂടുതല്‍ വലുതാകേണ്ടതിനായി ഖുര്‍ആന്‍ ശരീഫിനെ ഭീമമായ തെറ്റുകളോടു കൂടി തര്‍ജമ ചെയ്‌തു സന്ദര്‍ഭോചിതമല്ലാതെയും ചാത്തനും പോത്തനും കോരനും കീരനും മറ്റും നീചമായ നിലയില്‍ വില്‌പന ചെയ്‌ത്‌ ഖുര്‍ആന്‍ ശരീഫിനെ കക്കൂസിലും കള്ളുഷാപ്പിലും മറ്റുമാക്കി നിന്ദക്കും പരിഹാസത്തിനും ഇടയാക്കി തീര്‍ത്തത്‌ അവിവേകമായിപ്പോയെന്നോ അനിസ്‌ലാമികമായിപ്പോയെന്നോ പറയാന്‍ യഥാര്‍ഥ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കിയതില്‍ അത്യന്തം വ്യവസനിക്കാതെ എന്തുചെയ്യും? വയറുവീര്‍പ്പിക്കേണ്ട ആവശ്യാര്‍ഥം നബി(സ)യോ അനുചരന്മാരോ താബിഈങ്ങളോ ആരും ചെയ്യാത്ത ഇത്തരം മഹാ നീച പ്രവര്‍ത്തി ചെയ്‌തത്‌ കണ്ടറിയുമ്പോള്‍ യഥാര്‍ഥ മുസ്‌ലിംകള്‍ക്കിടയില്‍ ഏതൊരു വ്യക്തിയുടെ കഠിന ഹൃദയമാണ്‌ വെന്തുരുകാത്തത്‌!''

മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ കാഫിറാണെന്ന്‌ ഫത്‌വായിറക്കിയതും ഇതേ പാങ്ങില്‍ മുസ്‌ലിയാരായിരുന്നു. സാഹിബിനെതിരെ തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ പ്രസംഗിക്കാനും ഇദ്ദേഹം രംഗത്തിറങ്ങി. പരിഷ്‌കരണ പ്രസ്ഥാനങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ തുടങ്ങിയ `സമസ്‌ത' ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം നിരവധി പിളര്‍പ്പുകളെ അഭിമുഖീകരിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. 1966ല്‍ ശൈഖ്‌ ഹസന്‍ ഹസ്‌റത്ത്‌, കൈപ്പറ്റ ബീരാന്‍കുട്ടി മൗലവി, അബ്‌ദുര്‍റഹ്‌മാന്‍ ഫദ്‌ഫരി ഹസ്‌റത്ത്‌, പാങ്ങ്‌ കെ സി മുഹമ്മദ്‌ മൗലവി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ സംഘടനയില്‍ നിന്ന്‌ പിരിഞ്ഞുപോയി. അഖില കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി. തബ്‌ലീഗ്‌ ജമാഅത്തിനെ ബിദഈ സംഘടനയാണെന്ന്‌ മുദ്രകുത്തിയ സമസ്‌തയുടെ നിലപാടായിരുന്നു ഇതിന്റെ കാരണമെന്ന്‌ പറയപ്പെടുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്ന്‌ അഖില കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തകനായിരുന്നു.

ജുമുഅ ഖുത്‌ബക്ക്‌ ഉച്ചഭാഷിണി ഉപയോഗം സമസ്‌ത മുശാവറ അനുവദിച്ചതിനോട്‌ വിയോജിച്ച പ്രമുഖ നേതാവ്‌ കെ കെ സദഖത്തുല്ല മൗലവി സംഘടനയില്‍ നിന്ന്‌ പുറത്തുപോയി സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചു. ഈ രണ്ടു പിളര്‍പ്പുകളും സംഘടനയെ കാര്യമായി ഉലച്ചില്ലെങ്കിലും 1989ലെ മൂന്നാം പിളര്‍പ്പ്‌ `സമസ്‌ത'യെ രണ്ട്‌ ശാക്തിക സംഘങ്ങളാക്കിത്തീര്‍ത്തു.

കോഴിക്കോടിനടുത്ത അരീക്കാട്ട്‌ ഒരു പള്ളിനിര്‍മാണ ഫണ്ടുമായി ബന്ധപ്പെട്ട്‌ `സമസ്‌ത' മുശാവറയംഗമായിരുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. മുസ്‌ലിംലീഗ്‌ പത്രങ്ങള്‍ മുസ്‌ലിയാര്‍ക്കും സമസ്‌ത ജനറല്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുമെതിരെ രംഗത്തുവന്നത്‌ സമസ്‌തയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ശരീഅത്ത്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചു. കേരളത്തിലെ ഇതര മുസ്‌ലിം നേതാക്കളോടൊപ്പം ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വേദിയിലിരുന്നത്‌ കാന്തപുരം മുസ്‌ലിയാരും സംഘവും ചോദ്യംചെയ്‌തു. 1988 ജനുവരിയില്‍ സുന്നി യുവജനസംഘത്തിന്റെ മധ്യമേഖലാ സമ്മേളനം എറണാകുളത്ത്‌ നടത്താന്‍ കാന്തപുരം മുസ്‌ലിയാരും സംഘവും തീരുമാനിച്ചു. സമ്മേളനം മാറ്റിവെക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും കാന്തപുരം ധിക്കരിച്ചു. അതോടെ 1989 ഫിബ്രവരി 18 ന്‌ ചേര്‍ന്ന സമസ്‌ത മുശാവറ എ പി അബൂബക്കര്‍ മുസ്‌ലിയാരെ പുറത്താക്കി. അതോടെ നിലവിലുള്ള സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായ എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വലത്തില്‍ മറ്റൊരു വിഭാഗവുമായി സമസ്‌ത ചേരിതിരിഞ്ഞു. ഇരു വിഭാഗവും തമ്മിലുണ്ടായ കടുത്ത മാത്സര്യങ്ങള്‍ കൊലപാതകങ്ങളിലേക്കുവരെയെത്തി. മാത്സര്യത്തിന്റെ കടുപ്പം നേര്‍ത്തുവന്നിട്ടുണ്ടെങ്കിലും പുനരൈക്യത്തിന്റെ സാധ്യത വിദൂരമാണ്‌.

വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും പ്രമാണമാക്കി ഇസ്‌ലാമിന്റെ തനത്‌ ആശയങ്ങള്‍ സമൂഹത്തില്‍ പകരാന്‍ പുറപ്പെട്ടവരെയൊക്കെ പുത്തന്‍ മതക്കാരും അസത്യവാദികളുമാക്കി ചാപ്പ കുത്തുകയായിരുന്നു സമസ്‌ത. പ്രമാണങ്ങളേക്കാള്‍ പ്രമാണികളെ പേടിച്ച മുസ്‌ലിം പൊതു സമൂഹത്തിന്‌ ആദ്യമൊക്കെ സമസ്‌തയുടെ അധികാര സ്വരത്തിന്‌ കീഴ്‌പ്പെടേണ്ടി വന്നു. ചിന്താശീലരും വിദ്യാസമ്പന്നരുമായ പുതിയ തലമുറ സമുദായത്തിലുയരാതിരിക്കാന്‍ സമസ്‌ത പണിപ്പെട്ടത്‌ എന്തിനായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞു. അങ്ങനെയൊരു തലമുറ ഉദിച്ചുവന്നതോടെ അവര്‍ `പുത്തന്‍വാദി'കളിലേക്ക്‌ അടുത്തു.

ഇരു സമസ്‌തയുടെയും കീഴില്‍ അതിശക്തമായ അസത്യപ്രചാരണം വ്യാപിക്കുമ്പോള്‍ തന്നെ, ആയിരക്കണക്കിന്‌ പള്ളികളും മഹല്ലുകളും മദ്‌റസകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും കൊണ്ട്‌ നവോത്ഥാന പ്രസ്ഥാനം വളര്‍ന്നു. ആ വളര്‍ച്ചയാണ്‌ ഈ സമുദായത്തെ മുഴുക്കെ വെളിച്ചത്തിലേക്കു നയിച്ചത്‌; സമസ്‌തയെയും.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews