എ അബ്‌ദുസ്സലാം സുല്ലമി
``വിവരക്കേടിന് കേരള ഖുറാഫികളെക്കാള്‍ ഇയാള്‍ അധപ്പതിച്ചു എന്നതിന്റെ രേഖയാണ് ഈ വരികള്‍. ഒരു കാര്യം ചെയ്യാന്‍ കല്‌പിച്ചാല്‍ അതിനെതിരെയുള്ളത് വിരോധിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ മിനിമം ബുദ്ധിപോലും ആവശ്യമില്ല. ഇയാളാണ് ബുദ്ധിക്കെതിരായ ഹദീസുകള്‍ തള്ളണമെന്ന് പെരുമ്പറ മുഴക്കാറുള്ളതെന്ന് പ്രത്യേകം ഓര്‍ക്കുക.'' (അല്‍ ഇസ്വ്‌ലാഹ് മാസിക, 2011 ഒക്‌ടോബര്‍, പേജ് 8)
മിനിമം ബുദ്ധിപോലും ഈ വിഭാഗത്തിന് ഇല്ലാത്തതു കൊണ്ടാണ് ഒരു കാര്യം കല്‌പിച്ചാല്‍ അതിനെതിരെയുള്ളത് വിരോധിക്കപ്പെട്ടതാരിയിരിക്കുമെന്ന് ഒരു പൊതുതത്വമായി അവതരിപ്പിച്ച് തെറി പറയുന്നത്. അടിസ്ഥാന ശാസ്‌ത്രത്തിന്റെ (ഉസൂലുല്‍ ഫിഖ്‌ഹ്) ചെറിയ തത്വങ്ങള്‍ പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഇവര്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മതവിധികള്‍ ആവിഷ്‌ക്കരിച്ചെടുക്കുവാന്‍ തുടങ്ങിയതാണ് അന്ത്യദിനം അടുത്തിട്ടുണ്ടെന്നതിന് ഒരു തെളിവ്. കല്‌പനക്രിയ നിര്‍ബന്ധം, സുന്നത്ത് കേവലം അനുവദനീയം മുതലായ ആശയങ്ങള്‍ക്ക് എല്ലാം തന്നെ വരുന്നതാണ്. ഏതു അര്‍ഥത്തിലാണ് വന്നതെന്ന് മറ്റുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് വിധി പറയുക. ചില ഉദാഹരണങ്ങള്‍ കാണുക:
1. ഇഹ്‌റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ വേട്ടയാടുവിന്‍(സൂറ: മാഇ
2) ഹജ്ജില്‍ നിന്നും ഉംറയില്‍ നിന്നും ഒഴിവായാല്‍ വേട്ടയാടുവാന്‍ അല്ലാഹു കല്‌പിക്കുകയാണിവിടെ ചെയ്യുന്നത്. `ഇസ്വ്‌താദു' എന്നത് കല്‌പനക്രിയയാണ്. അപ്പോള്‍ നവയാഥാസ്ഥിതികരുടെ നിയമപ്രകാരം ഹജ്ജില്‍ നിന്നും ഉംറയില്‍ നിന്നും വിരമിച്ച സ്‌ത്രീപുരുഷന്‍മാര്‍ വേട്ടയാടല്‍ നിര്‍ബന്ധമാകുന്നു. വേട്ടയാടാത്തവര്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ തന്നെ വിരോധിക്കപ്പെട്ട സംഗതി ചെയ്‌തവരുമാകുന്നു. കല്‌പനകള്‍ കേവലം അനുവദനീയത്തിന് വരുമെന്നതിനും അതിന് എതിരെയുള്ളത് വിരോധിക്കപ്പെട്ടത് ആയിരിക്കണമെന്നില്ലെന്നും ഉസൂലുല്‍ ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിലും ബലാഗത്തിന്റെ (സാഹിത്യത്തിന്റെ) ഗ്രന്ഥങ്ങളിലും ഈ സൂക്തം തെളിവായി ഉദ്ധരിക്കുന്നതു കാണാം.
2. അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കുവാന്‍ സാധ്യമല്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ സ്‌ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ വരെ നിങ്ങള്‍ വിവാഹം ചെയ്യുവീന്‍ (സൂറ: അന്നിസാഅ്-3). നാല് പെണ്ണ് കെട്ടുവാന്‍ ഇവിടെ കല്‌പിക്കുകയാണ് ചെയ്യുന്നത്. `ഫര്‍കിഹൂ' എന്നത് കല്‌പനക്രിയയാണ്. അപ്പോള്‍ നാല് പെണ്ണ് കെട്ടല്‍ നിര്‍ബന്ധവും കെട്ടാതിരിക്കല്‍ ഇവരുടെ തത്വപ്രകാരം വിരോധമാകുന്നു. ഹറാം ചെയ്‌തവരാകുന്നു. യഥാര്‍ഥത്തില്‍ കണിശമായി നീതിപുലര്‍ത്തുവാന്‍ സാധിക്കുന്നവര്‍ക്ക് പോലും ബഹുഭാര്യത്വം സ്വീകരിക്കല്‍ നിര്‍ബന്ധമോ സുന്നത്തോ ഇല്ല. കേവലം അനുവദനീയം മാത്രമാണ്. സ്വീകരിക്കാത്തവര്‍ ഹറാമോ കറാഹത്തോ ചെയ്യുന്നുമില്ല.
3. നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുവിന്‍ (ജുമുഅ 10) നമസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിച്ച് ധനം സമ്പാദിക്കുവാന്‍ കല്‌പിക്കുകയാണിവിടെ ചെയ്യുന്നത്. `ഫന്‍തശിറു' `ഫബ്‌തഗു' എന്നത് കല്‌പനക്രിയയാണ്. അപ്പോള്‍ ഇവരുടെ നിയമപ്രകാരവും മിനിമം ബുദ്ധിപ്രകാരവും പള്ളിയില്‍ തന്നെ നില്‌ക്കുന്നവര്‍ ഇസ്‌ലാം വിരോധിച്ച ഹറാം ചെയ്യുന്നവരാകുന്നു.
4. അതിനാല്‍ ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുവീന്‍. അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് നിങ്ങള്‍ നേടുവിന്‍, നിങ്ങള്‍ തിന്നുവീന്‍, നിങ്ങള്‍ കുടിക്കുവീന്‍, പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞു കാണുന്നതുവരെ (അല്‍ബഖറ 187). നോമ്പിന്റെ രാത്രികളില്‍ ലൈംഗികബന്ധം സ്ഥാപിക്കുവാനും സന്താനങ്ങളെ ആഗ്രഹിക്കുവാനും പ്രഭാതം വരെ തിന്നുവാനും കുടിക്കുവാനും കല്‌പിക്കുകയാണ് ചെയ്യുന്നത്. കാരണം കല്‌പന ക്രിയയിലൂടെയാണ് ഇവയെല്ലാം നിര്‍ദേശിക്കുന്നത്. അപ്പോള്‍ ഒരാള്‍ നോമ്പിന്റെ രാത്രിയില്‍ പ്രഭാതം വരെ ഇവയെല്ലാം ചെയ്യാത്ത പക്ഷം നവയാഥാസ്ഥിതികരുടെ സലഫീ മന്‍ഹജ് പ്രകാരം ഇവര്‍ ഹറാം ചെയ്‌തവരാകുന്നു.
5. നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലുവിന്‍ (അല്‍ബഖറ 223). അല്ലാഹു ഇവിടെ ഒരാള്‍ ആഗ്രഹിക്കുന്ന രീതിയില്‍ എല്ലാം തന്നെ ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുവാന്‍ കല്‌പിക്കുകയാണ്. കാരണം കല്‌പന ക്രിയമാണ് ഇവിടെ പ്രയോഗിക്കുന്നത്. അപ്പോള്‍ ഒരാള്‍ അയാള്‍ ഇച്ഛിക്കും പ്രകാരമെല്ലാം ലൈംഗികബന്ധം സ്ഥാപിക്കാത്ത പക്ഷം അയാള്‍ ഹറാം ചെയ്‌തവനായിത്തീരുന്നു നവയാഥാസ്‌ഥിതികരുടെ അടിസ്ഥാന നിയമപ്രകാരം.
6. സത്യവിശ്വാസികളെ, ഒരു നിശ്ചിത അവധിവരെ നിങ്ങളന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത്‌് എഴുതി വെക്കുവീന്‍ (അല്‍ബഖറ: 282). കടമിടപാടുകള്‍ എഴുതി വെയ്‌ക്കുവാന്‍ അല്ലാഹു ഇവിടെ കല്‌പിക്കുകയാണ്. എന്നിട്ടും ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇത് സുന്നത്തു മാത്രമാണെന്ന് പറയുന്നു.
7. മഖാമുള്ള ഇബ്‌റാഹീമിനെ നിങ്ങളും പ്രാര്‍ഥനയുടെ വേദിയായി സ്വീകരിക്കുവിന്‍ (അല്‍ബഖറ: 125). ഹജ്ജും ഉംറ:യും നിര്‍വഹിക്കുമ്പോള്‍ ത്വവാഫിന് ശേഷം രണ്ട് റക്‌അത്ത് നമസ്‌കരിക്കുവാന്‍ അല്ലാഹു ഇവിടെ കല്‌പിക്കുകയാണ്. എന്നിട്ടും ഇതു സുന്നത്താണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ചുരുക്കത്തില്‍ ഒരു കാര്യം ചെയ്യാന്‍ കല്‌പിച്ചാല്‍ അത് സുന്നത്തിനും ചിലപ്പോള്‍ കേവലം അനുവദനീയത്തിനും വരുമെന്നും അതിന്റെ വിപരീതം അനുവദനീയമായിത്തീരുമെന്നും വിശുദ്ധ ഖുര്‍ആനില്‍ ദശക്കണക്കിന് സൂക്തങ്ങളില്‍ വിവരിക്കുന്നതു കാണാം. നബിചര്യയില്‍ ചിലത് താഴെ ഉദ്ധരിക്കുന്നു.
1. ആദ്യം വെള്ളം കൊണ്ടും പിന്നെ എലന്ത മരത്തിന്റെ ഇല (താളി) കൊണ്ടും നിങ്ങള്‍ മയ്യിത്ത് കുളിപ്പിക്കുവാന്‍ (ബുഖാരി, മുസ്‌ലിം) മയ്യിത്തിനെ താളികൊണ്ട് കുളിപ്പിക്കുവാന്‍ നബി(സ)ഇവിടെ കല്‌പിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ വല്ലവനും എലന്ത മരത്തിന്റെ താളികൊണ്ട് മയ്യിത്തിനെ കുളിപ്പിക്കാതിരുന്നാല്‍ അയാള്‍ ഹറാം ചെയ്‌തവനായി നവയാഥാസ്ഥിതികര്‍ പറയുമോ? ഇവര്‍ മയ്യിത്തിനെ കുളിപ്പിക്കാറുള്ളത് താളി കൊണ്ടാണോ?
2. മൈമൂന(റ) നിവേദനം: നബി(സ) ജനാബത്ത് കുളി നിര്‍വഹിക്കുമ്പോള്‍ കൈ മതിലില്‍ ഉരസും (7ബുഖാരി). അപ്പോള്‍ കൈ മതിലില്‍ ഉരസാത്തവര്‍ വിരോധം ചെയ്‌തവനാകുമോ?
3. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനൗഷധമാണ് (ബുഖാരി, മുസ്‌ലിം). നബി(സ)യുടെ ഈ ഉപദേശത്തെ തിരസ്‌കരിച്ച് ഒരാള്‍ മറ്റുള്ള ആയൂര്‍വേദിക് മരുന്നും അലോപതി മരുന്നും ലക്ഷങ്ങള്‍ ചെലവ് ചെയ്‌തു ഓപ്പറേഷനുകള്‍ക്ക് വിധേയമാകുകയും ചെയ്‌താല്‍ അയാള്‍ ധനം ധൂര്‍ത്തടിച്ചവനും പിശാചിന്റെ സഹോദരനും വിരോധം പ്രവര്‍ത്തിച്ചവനുമാകുമോ? നവയാഥാസ്ഥിതികരുടെ മിനിമം ബുദ്ധപ്രകാരം ആയിരിക്കുന്നതാണ്. അഗാധ ബുദ്ധി പ്രകാരവും.
4. നബി(സ) അരുളി: കൂണ്‍ മന്നായില്‍ പെട്ടതാണ്. അതിന്റെ നീര് കണ്ണിന് ഔഷധമാണ് (ബുഖാരി). ഒരാള്‍ നബി(സ)യുടെ ഈ ഉപദേശം നടപ്പാക്കാതെ കണ്ണിന് മറ്റുള്ള ചികിത്സ ചെയ്‌താല്‍ അയാള്‍ നവയാഥാസ്ഥിതികരുടെ തത്വപ്രകാരം ഹദീസ് നിഷേധിച്ചു ഹറാം ചെയ്‌തവനുമാകുന്നതാണ്.
5. നബി(സ) അരുളി: നിങ്ങള്‍ മഗ്‌രിബിന് മുമ്പ് രണ്ടു റക്‌അത്ത് നമസ്‌കരിക്കുവിന്‍(ബുഖാരി, മുസ്‌ലിം) മഗ്‌രിബിന്റെ മുമ്പ് രണ്ട് റക് അത്ത് നമസ്‌കരിക്കാന്‍ നബി(സ) ഇവിടെ കല്‌പിക്കുകയാണ്. കല്‌പനപ്രക്രിയയാണ് ഹദീസില്‍ പ്രയോഗിച്ചിരിക്കുന്നത്. അതിനാല്‍ മഗ്‌രിബിന്റെ മുമ്പ് രണ്ട് റക്‌അത്ത് നമസ്‌കരിക്കാത്തവര്‍ വിരോധം ചെയ്‌തവരാകുമോ? താടി വടിക്കല്‍ ഹറാമാണെന്ന് സ്ഥാപിക്കുവാന്‍ ഇവര്‍ ഉന്നയിക്കുന്ന ന്യായപ്രകാരം നാം മുകളില്‍ ഉദ്ധരിച്ചവയെല്ലാം ഹറാമായി തീരുന്നതാണ്.
6. നബി(സ) അരുളി: നിങ്ങളില്‍ വല്ലവനും പള്ളിയില്‍ പ്രവേശിപ്പിച്ചാല്‍ ഇരിക്കുന്നതിന് മുമ്പായി നമസ്‌കരിക്കുവീന്‍ (ബുഖാരി, മുസ്‌ലിം) തഹിയ്യത്ത് നമസ്‌കരിക്കുവാന്‍ നബി(സ) ഇവിടെ കല്‌പിക്കുകയാണ്. കല്‌പനക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഒരാള്‍ ഈ നമസ്‌കാരം നിര്‍വഹിക്കാതെ ഇരുന്നാല്‍ അയാള്‍ വിരോധം ചെയ്‌തവനാകുമോ?
7. നബി(സ) അരുളി: സുബ്‌ഹി നമസ്‌കാരത്തെ നിങ്ങള്‍ വെളിച്ചത്തിലേക്ക് പ്രവേശിപ്പിക്കുവാന്‍(മുസ്‌ലിം) കല്‌പനക്രിയയാണ് ഹദീസില്‍ പ്രയോഗിച്ചിരിക്കുന്നത്. അതിനാല്‍ വല്ലവനും ഇപ്രകാരം പ്രവര്‍ത്തിക്കാതിരുന്നാല്‍ അയാള്‍ വിരോധം ചെയ്‌തവനാകുമോ?
8. കൊമ്പ് വെയ്‌ക്കുവാന്‍ നിര്‍ദേശിക്കുന്ന ധാരാളം ഹദീസുകള്‍ നിവേദനം ചെയ്യപ്പെടുന്ന (ബുഖാരി, ഇബ്‌നുമാജ: അഹ്‌മദ്). ഒരാള്‍ കൊമ്പ് വെയ്‌ക്കാതിരുന്നാല്‍ അയാള്‍ ഹദീസ് നിഷേധിയും വിരോധം പ്രവര്‍ത്തിച്ചവനുമാകുമോ?
9. നബി(സ) അരുളി: മക്കാ വിജയത്തിനുശേഷം ഹിജ്‌റയില്ല (ബുഖാരി 3077). അപ്പോള്‍ ഹിജ്‌റ:യുടെ പ്രധാന്യം പറയുന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ എല്ലാം തന്നെ ദുര്‍ബലമാക്കപ്പെട്ടവയാണോ? വല്ലവനും തന്റെ ആദര്‍ശം സംരക്ഷിക്കുവാന്‍ വേണ്ടി ഇന്ന് ഹിജ്‌റ പോയാല്‍ അയാള്‍ വിരോധം ചെയ്‌തവനാകുമോ?
10. നബി(സ) അരുളി: നാലു കാര്യം ഞാന്‍ നിങ്ങളോട് വിരോധിക്കുന്നു. ചുരങ്ങാത്തോട് കൊണ്ട് ഉണ്ടാക്കിയ പാത്രം, പച്ച നിറമുള്ള തൊട്ടി. ഈത്തപ്പനയുടെ മൂലഭാഗം മുറിച്ചെടുത്ത് ഉണ്ടാക്കിയ പാത്രം, താര്‍ പൂശിയ പാത്രം (ബുഖാരി 53, മുസ്‌ലിം 23). ഈ ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും ഈമാനിന്റെ (വിശ്വാസത്തിന്റെ) അധ്യായത്തിലുമാണ് ഉദ്ധരിക്കുന്നത്. അപ്പോള്‍ ഇന്ന് ഈ പാത്രം ഉപയോഗിക്കല്‍ വിരോധമാണെന്ന് ഇവര്‍ പ്രഖ്യാപിക്കുമോ?
11. നബി(സ) ആടിന്റെ ആലയില്‍ നിങ്ങള്‍ നമസ്‌കരിക്കുവീന്‍ (തിര്‍മിദി, അഹ്‌മദ്). കല്‌പന ക്രിയയിലൂടെയാണ് നബി(സ) ഇവിടെ നിര്‍ദേശിക്കുന്നത്. വല്ലവനും ആടിന്റെ ആലയില്‍ വെച്ച് നമസ്‌കരിക്കാതിരുന്നാല്‍ അയാള്‍ വിരോധനം പ്രവര്‍ത്തിച്ചവനാകുമോ? നവയാഥാസ്ഥിതികര്‍ എല്ലാം തന്നെ ആടിന്റെ ആലയില്‍ വെച്ച് നമസ്‌കരിച്ചിട്ടുണ്ടോ?
12. നബി(സ) അരുളി: സുന്നത്ത് നമസ്‌കാരം നിങ്ങള്‍ വീട്ടില്‍ വെച്ച് നമസ്‌കരിക്കുവീന്‍(ബുഖാരി, മുസ്‌ലിം) വീട്ടില്‍ വെച്ച് സുന്നത്തു നമസ്‌കരിക്കുവാന്‍ നബി(സ) ഇവിടെ കല്‌പിക്കുകയാണ് ചെയ്യുന്നത്. ഹദീസില്‍ കല്‌പനക്രിയയാണ് നബി(സ) പ്രയോഗിച്ചിട്ടുള്ളത്. അതിനാല്‍ പള്ളിയില്‍ വെച്ച് സുന്നത്ത് നമസ്‌കരിക്കല്‍ ഹറാമാണെന്ന് ഇവര്‍ ജല്‌പിക്കുേമോ?
13. നബി(സ) അരുളി: ജുമുഅക്ക് ശേഷം നിങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ നാല് റക്‌അത്ത് നിങ്ങള്‍ നമസ്‌കരിക്കുവീന്‍(മുസ്‌ലിം, ഇബ്‌നുമാജ:). കല്‌പനപ്രക്രിയയാണ് ഹദീസില്‍ പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ഒരാള്‍ ഇപ്രകാരം നമസ്‌കരിക്കാതിരുന്നാല്‍ അയാള്‍ വിരോധം ചെയ്‌തവനാകുമോ?
14. നബി(സ) അരുളി, ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കുവീന്‍, സുബ്‌ഹിനെ നിങ്ങള്‍ ഭയപ്പെടാന്‍ ഒരു റക്‌അത്തുകൊണ്ട് നിങ്ങള്‍ വിത്‌റാക്കുവിന്‍ (ബുഖാരി, മുസ്‌ലിം, തിര്‍മിദി), കല്‌പിക്കുകയാണ് നബി(സ) ഇവിടെയെല്ലാം ചെയ്യുന്നത്. അപ്പോള്‍ ഇപ്രകാരം നമസ്‌കരിക്കാതിരിക്കല്‍ താടി വടിക്കല്‍ ഹറാമാക്കുവാന്‍ വേണ്ടി ഇവര്‍ അവലംബിച്ച നിയമപ്രകാരം ഹറാമാകുന്നതാണ്.
15. നബി(സ) അരുളി: ഗ്രഹണം ഉണ്ടായാല്‍ അത് നീങ്ങിപ്പോകുന്നതുവരെ നിങ്ങള്‍ നമസ്‌കരിക്കുവീന്‍ (ബുഖാരി, മുസ്‌ലിം) കല്‌പിക്കുകയാണ് നബി(സ) ഇവിടെ ചെയ്യുന്നത്. അതിനാല്‍ ഒരാള്‍ ഇപ്രകാരം നമസ്‌കരിക്കാതിരുന്നാല്‍ അയാള്‍ വിരോധം ചെയ്‌തുവെന്ന് സ്ഥിരപ്പെടുമോ? താടി വടിച്ചവന്‍ ഇമാമ് നില്‌ക്കുന്നപക്ഷം അവനെ തുടര്‍ന്നു നമസ്‌കരിക്കുവാന്‍ പാടില്ലെന്ന് സ്ഥാപിക്കുവാന്‍ നവ യാഥാസ്ഥിതികര്‍ ആവിഷ്‌കരിച്ച തത്വപ്രകാരം ഇവയെല്ലാം ഹറാമാകുന്നതാണ്.
16. നബി(സ) അരുളി: ജൂതന്മാരും ക്രിസ്‌ത്യാനികളും താടിക്കും തലമുടിക്കും ചായം കൊടുക്കുന്നില്ല. അതുകൊണ്ട് അവരുടേതിന് വിരുദ്ധമായ നടപടി സമ്പ്രദായം കൈക്കൊള്ളുവീന്‍ (ബുഖാരി) നബി(സ) അരുളി: അന്‍സാരികളേ! നിങ്ങള്‍ താടിക്കും തലമുടിക്കും ചുവപ്പ് ചായവും മഞ്ഞച്ചായവും നല്‌കുവീന്‍. അങ്ങനെ വേദക്കാര്‍ക്ക് നിങ്ങള്‍ എതിരാകുവീന്‍ (അഹ്‌മദ്)
ഉത്‌ബ:(റ) നിവേദനം: നബി(സ) മുടിക്ക് ചായം കൊടുക്കുവാന്‍ കല്‌പിക്കാറുമുണ്ട്. അനറബികള്‍ക്ക് എതിരാകുവാന്‍ വേണ്ടി (ത്വബ്‌റാനി) താടിയും തലമുടിയും നരയ്‌ക്കുന്ന പക്ഷവും അല്ലാത്തപക്ഷവും ചായം കൊടുക്കുവാന്‍ നബി(സ) ഇവിടെ കല്‌പിക്കുകയാണ്. കല്‌പിച്ചു എന്നുതന്നെ ഹദീസില്‍ പ്രയോഗിക്കുന്നു. പുറമെ കല്‌പനക്രിയകളും പ്രയോഗിക്കുന്നു. ക്രിസ്‌ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും അനറബികള്‍ക്കും ഇപ്രകാരം എതിരാകുവാനും നിര്‍ദേശിക്കുന്നു. അപ്പോള്‍ വല്ലവനും ഇപ്രകാരം ചെയ്യാതിരുന്നാല്‍ അവന്‍ വിരോധം പ്രവര്‍ത്തിച്ചുവെന്ന് നവയാഥാസ്ഥിതികര്‍ ഫത്‌വ പുറപ്പെടുവക്കുമോ? കക്ഷത്തെ മുടി പറിച്ചെടുക്കുവാന്‍ ഹദീസില്‍ കല്‌പിക്കുന്നു (ബുഖാരി, മുസ്‌ലിം)
വല്ലവനും കക്ഷത്തെ മുടി പറിച്ചെടുക്കാതെ വടിച്ചു കളഞ്ഞാല്‍ അവന്‍ ഹദീസ് നിഷേധിയും ഹറാം പ്രവര്‍ത്തിച്ചവനുമാണെന്നു ഇവര്‍ മതവിധി പറയുമോ? കക്ഷത്തെ മുടി പറിച്ചെടുക്കാതെ അവനെ നമസ്‌കാരത്തില്‍ തുടരുവാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കുമോ? ഏതാനും വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ മതവിധികള്‍ നിര്‍ബന്ധവും (ഫര്‍ള്) വിരോധവും (ഹറാം) മാത്രമായി ചുരുക്കി ഇസ്‌ലാമിന്റെ അഞ്ച് വിധികളെ രണ്ട് വിധികളാക്കി ചുരുക്കുന്നവരില്‍ സംസാരത്തിലും എതിരാളികളെ ഖണ്ഡിക്കുന്ന സന്ദര്‍ഭത്തിലും സാമ്പത്തികരംഗത്തും ലൈംഗിക രംഗത്തും ഇസ്‌ലാം നിര്‍ബന്ധവും ഹറാമുമാക്കിയ നിമയങ്ങളും നിര്‍ദേശങ്ങളും ഇവര്‍ അനുവദനീയമാക്കുന്ന രീതി (മന്‍ഹജ്) ആണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഖുബൂരികള്‍ അവരുടെ ശിര്‍ക്കും ബിദ്‌അത്തും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാന്‍ വെള്ള വസ്‌ത്രം ധരിക്കല്‍, തലപ്പാവും തൊപ്പിയും ധരിക്കല്‍, താടി വളര്‍ത്തല്‍ മുതലായവ ഒരു മാര്‍ഗവും മറയുമാക്കിയതുപോലെ നവയാഥാസ്ഥിതികരും അവരുടെ ശിര്‍ക്കും ബിദ്‌അത്തും പ്രചരിപ്പിക്കുവാന്‍ താടിയും തുണി മുട്ടുവരെ കയറ്റി ഉടുക്കുകയും ചെയ്യല്‍ ഒരു മാര്‍ഗവും മറയുമായി തീര്‍ക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്. ഖവാരിജുകളും റാഫിളിയാക്കളും ഈ മാര്‍ഗം തന്നെയാണ് സ്വീകരിച്ചിരുന്നത്. മതത്തിന്റെ മൗലികവും അടിസ്ഥാനപരവുമായ സംഗതികള്‍ക്ക് നല്‌കുന്ന പ്രാധാന്യം മുകളില്‍ വിവരിച്ച സംഗതികള്‍ക്ക് ഇവര്‍ നല്‌കി. കോടതിയില്‍ കയറി ദൈവനാമത്തില്‍ കളവുപറയുന്നവരെ ഇവര്‍ക്ക് തുടര്‍ന്നു നമസ്‌കരിക്കാം. എന്നാല്‍ താടി വടിച്ചവരെ തുടര്‍ന്ന് നമസ്‌കരിക്കുവാന്‍ പാടില്ലെന്ന് ഇവര്‍ ജല്‌പിക്കുകയും ചെയ്യുന്നു.