എന്താണ്‌ ജിന്നിന്റെ തനിസ്വരൂപം?!

പി കെ മൊയ്‌തീന്‍ സുല്ലമി

ആദ്യകാലങ്ങളില്‍ മലബാറിലെ മുസ്‌ലിംകളില്‍ നിലനിന്നിരുന്ന ഒരന്ധവിശ്വാസമായിരുന്നു `ഒടിയന്‍'. ചില മനുഷ്യര്‍ ഒടിയന്‍ എന്ന പേരില്‍ നായയും പൂച്ചയുമായി രൂപാന്തരപ്പെടുമെന്നും അവര്‍ ജനങ്ങളെ ഒടിച്ച്‌ കൊല്ലുമെന്നും ചില പുരോഹിതര്‍ പ്രത്യേകമായ ചില ദിക്‌റുകള്‍ ഉച്ചരിച്ച്‌ ഒടിയനെ ഒരു കളം വരച്ച്‌ അതിനുള്ളില്‍ നിര്‍ത്തുന്നപക്ഷം ഒടിയന്‍ മനുഷ്യരൂപം പ്രാപിച്ച്‌ പൂര്‍ണനഗ്നനായി പ്രത്യക്ഷപ്പെടും എന്ന ഉമ്മാമക്കഥ കേട്ടു തഴമ്പിച്ചതാണ്‌.

വൈജ്ഞാനികമായ മുന്നേറ്റവും വൈദ്യുതി രംഗത്ത്‌ വന്ന പുരോഗതിയും ജനങ്ങളുടെ തിങ്ങിനിറഞ്ഞ ജനവാസവും ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ ശക്തമായ പ്രബോധനവുമാണ്‌ ഇത്തരം അന്ധവിശ്വാസങ്ങളെ തകര്‍ത്തത്‌. ഈ സമൂഹത്തോട്‌ തന്നെയാണ്‌ ഇപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പേരില്‍ ചില നവഖുറാഫികള്‍ ജിന്ന്‌ രൂപംമാറി വരും എന്ന രീതിയില്‍ ഊഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ജിന്ന്‌ രൂപം മാറിവരും. മൂട്ടയായും ഈച്ചയായും കൂറയായും പാമ്പായും വരും. അതിനാല്‍ അവകളെയൊന്നും കൊല്ലരുത്‌, ദ്രോഹിക്കരുത്‌ എന്ന്‌ തെളിവില്ലാതെ പുലമ്പുന്നവര്‍ നിര്‍ബന്ധമായും ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്‌. ജിന്നിന്റെ തനി രൂപം എന്താണ്‌? മാറുന്നതിന്‌ മുമ്പുള്ള രൂപം ഏതായിരുന്നു? എങ്കിലേ രൂപംമാറി എന്ന്‌ പറയാനൊക്കൂ. ജിന്നുകളുടെ അടിസ്ഥാനരൂപം ഏതാണെന്ന്‌ ഖുര്‍ആനിലോ സുന്നത്തിലോ വിശദീകരിക്കപ്പെട്ടിട്ടില്ല.


ജിന്ന്‌ രൂപാന്തരപ്പെട്ടുണ്ടായ പാമ്പും കൂറയും തമ്മിലും യഥാര്‍ഥ പാമ്പും കൂറയും തമ്മിലും വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡമെന്താണ്‌? മരുഭൂമിയില്‍ നിസ്സഹായനാകുന്ന അവസ്ഥയില്‍ ദൃഷ്‌ടിയില്‍ പെട്ട പാമ്പിനോട്‌ രൂപാന്തരം പ്രാപിച്ച ജിന്നാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ സഹായം തേടാന്‍ പറ്റുമോ? ഏത്‌ ജിന്ന്‌ സ്‌പെഷ്യലിസ്റ്റിന്റെ അടുക്കലാണ്‌ ജിന്ന്‌ രൂപാന്തരം പ്രാപിച്ച്‌ പ്രത്യക്ഷപ്പെട്ടത്‌? ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ മന്ദബുദ്ധികളല്ല എന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌. ഇതിന്‌ പുറമേ മറ്റു ചില ചോദ്യങ്ങള്‍ക്കും ജിന്നു വിദഗ്‌ധര്‍ ഉത്തരം പറയേണ്ടതുണ്ട്‌. നബി(സ) ഏതെങ്കിലും ഒരു പ്രത്യേക രൂപത്തില്‍ അല്ലാഹുവിന്റെ അനുമതിയോടു കൂടി ജിന്നുകളെ കണ്ടിട്ടുണ്ടെങ്കില്‍ അത്‌ നബി(സ)യുടെ മുഅ്‌ജിസത്തില്‍ പെട്ടതാണ്‌. ഇനി അങ്ങനെയല്ല എന്നുണ്ടെങ്കില്‍ നബി(സ) മിഅ്‌റാജിന്റെ രാവില്‍ നരകവും സ്വര്‍ഗവും അവകളില്‍ ജനങ്ങളേയും കണ്ടതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. അന്ത്യദിനവും വിചാരണയും വരാനിരിക്കുന്നതേയുള്ളൂ. പ്രവാചകന്‍ മുന്‍കൂട്ടി നരകവും സ്വര്‍ഗവും അവകളില്‍ ജനങ്ങളെയും കണ്ടത്‌ അന്ത്യവിചാരണ കഴിഞ്ഞു എന്നതിന്‌ തെളിവാക്കാന്‍ പറ്റുമോ? പഴയ ഖുറാഫികള്‍ പല തെറ്റായ കാര്യങ്ങളും സ്ഥാപിക്കാന്‍ ശ്രമിക്കാറുള്ളത്‌ പ്രവാചകന്മാരുടെ മുഅ്‌ജിസത്തുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണെങ്കില്‍ മുജാഹിദുകളുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഖുറാഫികളും ചെയ്‌തുകൊണ്ടിരിക്കുന്നത്‌ അതേ കാര്യം തന്നെയാണ്‌. മഹ്‌ശറയില്‍ മനുഷ്യരെപ്പോലെ തന്നെ ജിന്നുകള്‍ക്കും വിചാരണയുണ്ട്‌. എന്നാല്‍ മനുഷ്യരെ മഹ്‌ശറയില്‍ ഹാജറാക്കുമ്പോള്‍ അവരുടെ രൂപം ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തുവന്ന കുഞ്ഞിനെപ്പോലെയായിരിക്കുമെന്ന്‌ സൂറത്ത്‌ അന്‍ആം 94-ാം വചനത്തിലും അല്‍കഹ്‌ഫ്‌ 48-ാം വചനത്തിലും ചില ഹദീസുകളിലും വന്നിട്ടുണ്ട്‌. എന്നാല്‍ മഹ്‌ശറയില്‍ ജിന്നുകള്‍ ഹാജരാക്കപ്പെടുമ്പോള്‍ ഏത്‌ രൂപത്തിലായിരിക്കുമെന്ന്‌ അല്ലാഹുവോ റസൂലോ നമ്മെ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങനെ ജിന്നുകള്‍ രൂപം മാറും എന്നതാണ്‌ വ്യക്തമാക്കേണ്ടത്‌?

എന്നാല്‍ പിശാചിന്റെ ഡ്യൂട്ടി മനുഷ്യമനസ്സുകളില്‍ ദുഷിച്ച തോന്നലുകള്‍ ഉണ്ടാക്കുക എന്നതാണല്ലോ. നന്മയെ തിന്മയായും തിന്മയെ നന്മയായും പിശാച്‌ തോന്നിപ്പിക്കും. മിഥ്യയെ സത്യമായി തോന്നിപ്പിക്കാനുള്ള കഴിവ്‌ പിശാചിന്‌ അല്ലാഹു നല്‍കിയിട്ടുണ്ട്‌. ഫറോവയുടെ മായാജാലക്കാര്‍ അവരുടെ കയറുകളും വടികളും നിലത്തിട്ടപ്പോള്‍ മൂസാനബി(അ)ക്ക്‌ അവ ചലിക്കുന്ന പാമ്പുകളായി തോന്നി എന്ന്‌ സൂറത്ത്‌ ത്വാഹയില്‍ പറഞ്ഞത്‌ അത്തരം പിശാചിന്റെ തോന്നിപ്പിക്കലുകളെ സംബന്ധിച്ചാണ്‌. അല്ലാതെ ജിന്ന്‌ വര്‍ഗത്തിന്‌ ഒരിക്കലും അവര്‍ ആഗ്രഹിക്കുന്ന രൂപമാറ്റം വരുത്താന്‍ സാധ്യമല്ല. അക്കാര്യം വിശുദ്ധ ഖുര്‍ആനിലൂടെ സംശയത്തിന്നിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു പറയുന്നു: ``അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടി വ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല.'' (റൂം 30)

ജിന്നുകളെയും മലക്കുകളെയും നമുക്ക്‌ ഒരു പ്രത്യേക രൂപത്തില്‍ കാണാന്‍ സാധ്യമല്ലെങ്കിലും അവര്‍ക്കൊക്കെ അടിസ്ഥാനപരമായി ഒരു രൂപം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്‌. അത്‌ ഏതാണെന്ന്‌ നാം അറിയേണ്ടതില്ല എന്നാണ്‌ അല്ലാഹുവിന്റെ തീരുമാനം. എന്നാല്‍ മലക്കുകളെ അല്ലാഹു വ്യത്യസ്‌ത രൂപങ്ങളില്‍ മനുഷ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തുമെന്നും അപ്രകാരം പ്രവാചകന്മാരുടെ മുഅ്‌ജിസത്തെന്ന നിലയിലും ഒലിയാക്കളുടെ കറാമത്ത്‌ (ആദരവ്‌) എന്ന നിലയിലും സംഭവിച്ചതായി ഖുര്‍ആനും ഹദീസും നമ്മെ ബോധ്യപ്പെടുത്തുന്നു. ജിബ്‌രീല്‍ എന്ന മലക്ക്‌ മറിയം(അ)യുടെയും ഹാജറ(റ)യുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌ മേല്‍പറഞ്ഞ നിലയിലാണ്‌. അത്തരം സംഭവങ്ങളൊക്കെ സാധാരണവത്‌കരിക്കുന്ന ഖുറാഫാത്ത്‌ ശൈലി വിവരക്കേടും മുഅ്‌ജിസത്തുകളെയും കറാമത്തുകളെയും തരംതാഴ്‌ത്തലും വിലകുറച്ചുകാണലുമാണ്‌.

മലക്കുകള്‍ക്ക്‌ അല്ലാഹു വ്യത്യസ്‌ത രൂപങ്ങള്‍ നല്‍കും എന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ വന്നതാണ്‌. അല്ലാഹു പറയുന്നു: ``ആകാശഭൂമികളെ സൃഷ്‌ടിച്ചവനും രണ്ടും മൂന്നും നാലും ചിറകുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്നാണ്‌ സര്‍വ സ്‌തുതിയും. സൃഷ്‌ടിപ്പില്‍ താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ വര്‍ധിപ്പിക്കുന്നു'' (ഫാത്വിര്‍ 1). എന്നാല്‍ ജിന്നുകള്‍ക്ക്‌ ഇങ്ങനെ രൂപ വ്യത്യാസം വരുത്തുമെന്ന്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ല. മൂസാനബി(അ)ക്ക്‌ ഫിര്‍ഔനിന്റെ മായാജാലക്കാര്‍ അവരുടെ കയറും വിടിയും നിലത്തിട്ട്‌ പാമ്പായി തോന്നിപ്പിച്ചതു പോലെ ചില തോന്നിപ്പിക്കലുകള്‍ നടത്താനേ ജിന്ന്‌ പിശാചിന്‌ സാധിക്കുകയുള്ളൂ. അല്ലാതെ അടിസ്ഥാനപരമായി മറ്റൊരു രൂപം സ്വീകരിച്ച്‌ മനുഷ്യരെ ഭയപ്പെടുത്താനോ കീഴ്‌പ്പെടുത്താനോ സാധ്യമല്ല. അക്കാര്യം ഇബ്‌നുഹജര്‍(റ) മുന്‍ഗാമികളായ പണ്ഡിതന്മാരില്‍ നിന്നും രേഖപ്പെടുത്തുന്നത്‌ ശ്രദ്ധിക്കുക: ``ഒരാള്‍ക്കും തന്നെ തന്റെ അടിസ്ഥാനപരമായ രൂപത്തില്‍ നിന്നും വ്യത്യാസം വരുത്താന്‍ സാധ്യമല്ല. എന്നാല്‍ മായാജാലം പോലെയുള്ള ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധിച്ചേക്കാം എന്ന്‌ പറയപ്പെട്ടിട്ടുണ്ട്‌'' (ഫത്‌ഹുല്‍ബാരി 8:97)

ശൈത്വാന്‌ പാമ്പിന്റെയും മറ്റും കോലത്തില്‍ രൂപാന്തരപ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്‌ ഉമറിന്റെ(റ) മറുപടി ഇപ്രകാരമായിരുന്നു: ``നിശ്ചയം, അല്ലാഹു സൃഷ്‌ടിച്ച രൂപത്തില്‍ നിന്നും രൂപാന്തരപ്പെടാന്‍ ഒരു സൃഷ്‌ടിക്കും സാധ്യമേയല്ല. എന്നാല്‍ നിങ്ങള്‍ മായാജാലം കാണിക്കുന്നതു പോലെ അവര്‍ക്കും മായാജാലം കാണിക്കാന്‍ കഴിയും എന്നു മാത്രം.'' (ഇബ്‌നു അബീശൈബ). സൂറതുത്ത്വാഹയിലെ 50ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഓരോ വസ്‌തുവിനും അതിന്റെ പ്രകൃതി നല്‌കിയിരിക്കുന്നു എന്ന വചനത്തെക്കുറിച്ച്‌ സഈദുബ്‌നുല്‍ ജുബൈര്‍(റ) പ്രസ്‌താവിക്കുന്നു: ഓരോ വസ്‌തുവിനും അല്ലാഹു നല്‌കിയിട്ടുള്ളത്‌ അതിനുതകുന്ന വിധമുള്ള സൃഷ്‌ടിപ്പാണ്‌. മനുഷ്യന്‌ അല്ലാഹു നാല്‌ക്കാലികളുടെ പ്രകൃതി നല്‌കിയിട്ടില്ല. നാല്‌ക്കാലികളുടെ പ്രകൃതിയിലല്ല അവന്‍ നായയെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ആടിന്റെ പ്രകൃതിയലല്ല അവന്‍ നായയെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഓരോ വസ്‌തുവിനും അതിന്നാവശ്യമുള്ളത്‌ അവന്‍ പ്രദാനം ചെയ്‌തിരിക്കുന്നു.'' (ഇബ്‌നുകസീര്‍ 3:155)

ഇനി `ജിന്ന്‌ ശൈത്വാന്‍ മനുഷ്യയുവതികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും' എന്ന, സാമാന്യ ബുദ്ധിക്കോ ശറഇന്നോ നിരക്കാത്ത പൊട്ടത്തരം എഴുന്നള്ളിച്ചുകൊണ്ട്‌ നടക്കുമ്പോള്‍, ഇവറ്റകളുടെ തലച്ചോറിനുള്ളില്‍ മണ്ണാണോ എന്ന്‌ തോന്നിപ്പോവുകയാണ്‌. മാത്രമല്ല, ജിന്നിലൂടെ മനുഷ്യര്‍ക്ക്‌ കുട്ടികളും ഉണ്ടാകുമത്രെ! വ്യഭിചാരികള്‍ക്ക്‌ അത്‌ യഥേഷ്‌ടം നിര്‍വഹിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്‌ നല്‌കുകയാണ്‌! ഒരു ജിന്ന്‌ വിദഗ്‌ധന്‍ മറ്റൊരു ജിന്ന്‌ വിദഗ്‌ധന്റെ ഭാര്യയുമായി യാദൃച്ഛികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അവള്‍ ഗര്‍ഭംധരിച്ച്‌ പ്രസവിക്കുകയും ചെയ്‌താല്‍ രണ്ട്‌ കൂട്ടരും ഒരേ ഖുറാഫാത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഗര്‍ഭദാതാവിന്‌ തന്റെ കര്‍മം നിഷേധിച്ചുകൊണ്ട്‌ അത്‌ ജിന്നിന്റെ കുട്ടിയാണെന്ന്‌ പുലമ്പാന്‍ ഈ വാദം മുഖേന ഇക്കൂട്ടര്‍ക്ക്‌ ചാന്‍സ്‌ ലഭിക്കുന്നു എന്നതാണ്‌ തമാശ.

മനുഷ്യന്‌ സമാധാനവും സ്‌നേഹവും കാരുണ്യവും പ്രദാനം ചെയ്യാന്‍ മനുഷ്യവര്‍ഗത്തിനേ കഴിയൂ എന്ന കാരണത്താലാണ്‌ മനുഷ്യര്‍ക്ക്‌ ഇണകളായി മനുഷ്യരെ തന്നെ അല്ലാഹു നിശ്ചയിച്ചുകൊടുത്തിട്ടുള്ളത്‌. മറിച്ച്‌ ശൈത്വാന്‍ മനുഷ്യന്‌ കുഴപ്പവും വിരോധവും പാരുഷ്യവും മാത്രമേ പ്രദാനം ചെയ്യൂ. വിവാഹത്തിന്റെ ലക്ഷ്യം എന്താണെന്നും മനുഷ്യവര്‍ഗത്തിന്‌ അവരില്‍ നിന്നുതന്നെ ഇണകളെ സൃഷ്‌ടിക്കാന്‍ കാരണമെന്തെന്നും അല്ലാഹു ഉണര്‍ത്തുന്നു: ``നിങ്ങള്‍ക്ക്‌ സമാധാനത്തോടെ ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും (അങ്ങനെ) നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാകുന്നു.'' (റൂം 21)

മനുഷ്യന്‌ ഇണകളായി അല്ലാഹു സൃഷ്‌ടിച്ചത്‌ ജിന്നുകളെയല്ലെന്നും മനുഷ്യവര്‍ഗത്തെ തന്നെയാണെന്നും അവര്‍ക്കു മാത്രമേ പരസ്‌പരം സമാധാനവും കാരുണ്യവും സ്‌നേഹവും പങ്കുവെക്കാന്‍ കഴിയൂ എന്നും അപ്രകാരം അല്ലാഹു നിശ്ചയിച്ചത്‌ അവന്റെ ദൃഷ്‌ടാന്തത്തിന്റെ ഭാഗമാണെന്നും അല്ലാഹു മേല്‍വചനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ജിന്നുകള്‍ മനുഷ്യരുമായി ഇണചേരും എന്ന വാദം ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്റെ ദൃഷ്‌ടാന്തത്തെ നിഷേധിക്കലാണ്‌. സൂറത്ത്‌ ത്വാഹയിലെ 50-ാം വചനത്തിന്‌ ഇബ്‌നു കസീര്‍(റ) കൊടുത്ത വ്യാഖ്യാനം ചിന്താര്‍ഹമാണ്‌: ``ഇണ ചേരുന്ന വിഷയത്തിലോ ഭക്ഷണ കാര്യത്തിലോ സൃഷ്‌ടിപ്പിലോ മറ്റു പ്രവര്‍ത്തനങ്ങളിലോ ഒരു സൃഷ്‌ടിക്കും മറ്റൊരു സൃഷ്‌ടിയോട്‌ യാതൊരുവിധ സാദൃശ്യവും ഇല്ല'' (ഇബ്‌നുകസീര്‍ 3:155).

ജിന്ന്‌ പിശാച്‌ മനുഷ്യസ്‌ത്രീകളുമായി ബന്ധപ്പെട്ട വല്ല അനുഭവവും തെളിവുസഹിതം ജിന്ന്‌ സ്‌പെഷലിസ്റ്റുകള്‍ക്ക്‌ സമര്‍പ്പിക്കാന്‍ കഴിയുമോ? ശൈത്വാന്റെ ഇന്ദ്രിയം ദ്രാവകമോ ഖരവസ്‌തുവോ? ശൈത്വാനില്‍ കുട്ടി ജനിച്ചാല്‍ ആ കുട്ടിയെ കാണാന്‍ കഴിയുമോ? കുട്ടിയുടെ കോലം മനുഷ്യ-ജിന്ന്‌ ശൈത്വാന്‍ സമ്മിശ്രമായിരിക്കുമോ? കുട്ടിയെ ആരിലേക്കാണ്‌ ചേര്‍ത്തുവിളിക്കുക എന്നീ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ? ഈയുള്ളവന്‍ അവസാനമായി പങ്കെടുത്ത എ പി വിഭാഗത്തിന്റെ പണ്ഡിതസഭയില്‍ വെച്ച്‌ നമ്മുടെ സ്വലാഹി ഈ വങ്കത്തം തട്ടിവിട്ടപ്പോള്‍, എന്റെ അടുത്തിരുന്നിരുന്ന പ്രമുഖ പണ്ഡിതന്‍ ഉണ്ണീന്‍കുട്ടി മൗലവി എന്നോട്‌ തമാശയില്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌: ശൈത്വാന്‍ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവരുടെ ലൈംഗികാവയവങ്ങള്‍ കരിഞ്ഞുപോകില്ലേ? ചോദ്യത്തില്‍ കഴമ്പുണ്ടെന്ന്‌ ഈയുള്ളവന്‍ മനസ്സിലാക്കി. കാരണം ശൈതാന്റെ സൃഷ്‌ടിപ്പ്‌ പുകയില്ലാത്ത തീയില്‍ നിന്നാണ്‌! ആയതിനാല്‍ ഇത്തരം വങ്കത്തങ്ങളും വിഡ്‌ഢിത്തങ്ങളും ഉമ്മാമക്കഥകളും മാറ്റിവെച്ച്‌ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുവരണം. അതായിരിക്കും ഇരുലോകത്തും രക്ഷ.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews