ആത്മീയഗുരു അത്തിക്കാട്ടുണ്ട്

ടി റിയാസ് മോന്‍

നിലമ്പൂരിനടുത്ത ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട്ട് വന്‍തോതില്‍ ഭൂമി വാങ്ങി അവിടെ ഒന്നിച്ച് വീട് വെച്ച് ഒരു സംഘം താമസിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി പക്ഷത്ത് നില്ക്കുകയും, പിന്നീട് തങ്ങളുടെ പിഴച്ച വാദങ്ങള്‍ പൂര്‍ണ്ണമായും അവിടെ നടപ്പാക്കാനാകാത്തതില്‍ നിരാശ പൂണ്ട് സംഘടന വിടുകയും ചെയ്ത സുബൈര്‍ മങ്കടയാണ് ആ സംഘത്തിന്റെ നേതാവ്.


ലോകത്തെ ഏറ്റവും ദരിദ്രമായ രാഷട്രങ്ങളില്‍ ഒന്നാണ് യെമന്‍. അറബ്‌ലോകത്തെ പരമദരിദ്രമായ രാജ്യം. എന്നാല്‍ യെമനുമായി സുബൈര്‍ മങ്കടക്ക് വല്ലാത്ത അടുപ്പമാണ് ഉള്ളത്. യെമനില്‍ ആഭ്യന്തരയുദ്ധങ്ങളും, മുല്ലപ്പൂ വിപ്ലവവും ആരംഭിക്കുന്നതിന് മുമ്പ് സൂബൈര്‍ പക്ഷത്തെ പലരും യെമനിലേക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രം യെമന്‍ ആണെന്ന് അവര്‍ വാദിച്ചു. കേരളത്തില്‍ നിന്ന് കുറച്ചാളുകള്‍ യെമനിലേക്ക് ഹിജ്‌റ പോകുകയും ചെയ്തു. യെമനില്‍ നിന്ന് സമാനചിന്താഗതിക്കാരുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യെമന്‍ ബന്ധങ്ങള്‍ അറ്റുകിടക്കുകയാണത്രേ. യെമനില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ച് മലയാളികള്‍ ഇപ്പോഴുമുണ്ട്. വേണ്ടത്ര യാഥാസ്ഥിതികമാകാത്തതിനാല്‍ യെമന്‍ടീം ഇവരെ അവഗണിച്ചതാണെന്നും ശ്രുതിയുണ്ട്.

യെമനിലാണ് ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. യെമനില്‍ ഈ വിഭാഗത്തിന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കുകയും, സര്‍ക്കാര്‍ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പരിണാമം ബാധിച്ച ചില സലഫീഗ്രൂപ്പുകളുമായും ഈ വിഭാഗത്തിന് ബന്ധമുണ്ട്. (യെമനില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൂടി പിന്തുണയോടെ നടത്തിയ ജനകീയ പോരാട്ടങ്ങളെ ഒരു വിഭാഗം സലഫികള്‍ വിമര്‍ശിച്ചതിന്റെയും, അബ്ദുള്ള സാലിഹ് എന്ന യെമന്‍ രാഷ്ട്രനായകന് പിന്തുണ നല്കാന്‍ ഒരു വിഭാഗം സലഫികള്‍ തയ്യാറായതിന്റെയും പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.) യെമനിനോടുള്ള സ്‌നേഹം വളര്‍ന്ന് കേരളത്തില്‍ ചിലര്‍ യെമനീ വസ്ത്രധാരണം സ്വീകരിക്കുക പോലുമുണ്ടായി. യെമനിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ഇന്റര്‍നെറ്റിലുടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.

ആഗോള സലഫിസം എന്നും സലഫി മന്‍ഹജ് എന്നും തെറ്റിധരിപ്പിച്ചാണ് വികലവാദങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ സുബൈര്‍ മങ്കട ശ്രമിച്ചത്. മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പായിരുന്നു അത്. ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ആ നീക്കങ്ങള്‍ കേരളത്തില്‍ ജനപിന്തുണ നേടിയില്ല. ആഗോള സലഫിസം എന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വികലവാദങ്ങള്‍ക്ക് അറബ്‌ലോകത്തു പോലും പിന്തുണ ലഭിക്കാതെ പോകുകയാണ്. സലഫിസത്തിന്റെ പേരില്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സഊദി സലഫി പണ്ഡിതന്മാരില്‍ നിന്നു പോലും രൂക്ഷമായ എതിര്‍പ്പുകളാണ് നേരിടുന്നത്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന് വഴിമരുന്നിട്ട നാളുകളില്‍ സുബൈര്‍ മങ്കടയും, ടീമും ജിന്ന്-പിശാച്-സിഹ്‌റ് വിഷയത്തില്‍ ഗവേഷണവും ആരംഭിച്ചിരുന്നു. 2002ല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചു. സുബൈര്‍ സംഘടന വിട്ടു പോയി. എന്നാല്‍ സുബൈര്‍ ഉയര്‍ത്തിയ അതേ ആശയങ്ങളാണ് പിന്നീട് സകരിയ്യ സ്വലാഹിയും സംഘവും സംഘടനക്ക് അകത്ത് ഉയര്‍ത്തിയത്. അപ്പോള്‍ സകരിയ്യയില്‍ നിന്ന് സുബൈറിലേക്കുള്ള ലിങ്കുകളും, ധാരണകളും കൂടുതല്‍ വ്യക്തമാകുകയാണ്. സംഘടന അനിവാര്യമോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് സുബൈറുമായി അഭിപ്രായ വ്യത്യാസം ഉള്ളതെന്ന സകരിയ്യ പക്ഷത്തെ പണ്ഡിതന്റെ വെളിപ്പെടുത്തല്‍ ഇതോട് കൂട്ടി വായിക്കണം. സുബൈര്‍ മങ്കടയുമായി ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് സകരിയ്യ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല. എങ്കിലും ആശയപരമായി ഇവര്‍ ഒന്നാണ്. സംഘടനയെ അംഗീകരിക്കുന്നു എന്നതാണ് സകരിയ്യയില്‍ സുബൈര്‍ കണ്ട ഏക കുറ്റം. മുജാഹിദ് പ്രസ്ഥാനത്തിലെ നവയാഥാസ്ഥിതിക ചേരിയുടെ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി എടവണ്ണയില്‍ അവരുടെ സംസ്ഥാനകൗണ്‍സിലിനെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അപഹാസ്യത കൂടി ഇവിടെ തിരിച്ചറിയണം. വാദങ്ങള്‍ പോയി പോയി എന്നാണ് ടി പി പറയുന്നത്. വാദങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. സുബൈര്‍ മങ്കട 2002ല്‍ പറഞ്ഞത് തുടര്‍ന്ന് സകരിയ്യ സ്വലാഹി ഏറ്റു പിടിച്ചു എന്നത് മാത്രമാണ് സംഭവിച്ചത്. അത്തിക്കാട്ട് സുബൈര്‍ ഒരു ലോകം പണിതിട്ടുണ്ട്. സക്കാത്തിന്റെ പ്രാധാന്യം കുറച്ച് കാണുന്ന, കുടുംബബന്ധങ്ങള്‍ക്കും, സാമൂഹ്യ ബന്ധങ്ങള്‍ക്കും വലിയ വില കല്പിക്കാത്ത, അയല്‍പക്കങ്ങള്‍തമ്മില്‍ കാര്യമായ അടുപ്പമില്ലാത്ത, മനുഷ്യബന്ധത്തിന്റെ എല്ലാ ഇഴയടുപ്പങ്ങളും നിരാകരിക്കുന്ന ഒരു സമൂഹത്തെ അവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്. നവോഥാനപ്രസ്ഥാനത്തിന്റെ സകലമൂല്യങ്ങളെയും നിരാകരിക്കുകയും, പുഛിക്കുകയും ചെയ്യുന്ന അറുപിന്തിരിപ്പന്‍ സംഘം. അതൊരൂ ടെസ്റ്റ് ഡോസാണ്. അത്തിക്കാട് മോഡല്‍ പരീക്ഷണം എ പി വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ വിജയിപ്പിക്കാനുള്ള ഏജന്റുമാരാണ് ഇപ്പോള്‍ ജിന്ന് വിഭാഗമായി എ പി പക്ഷത്ത് വളരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, പാലിയേറ്റിവ് കെയറും, മരുന്നു വിതരണവും ആവശ്യമില്ലെന്നും, ഫാമിലി സെല്‍ അച്ചടക്ക ലംഘനമാണെന്നും പറഞ്ഞവര്‍ നിലമ്പൂരില്‍ അത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആരെങ്കിലും രോഗിയായി കിടന്നാല്‍ ഇത്തിരി കരിഞ്ചീരകം നല്കുന്നതിനപ്പുറം യാതൊരു കാരുണ്യവും, ചികിത്സയും ആവശ്യമില്ലെന്ന് വരെ വാദിച്ചേക്കാവുന്ന കാടന്‍ സമൂഹമായിരിക്കും അത്.

സുബൈറിന്റെ ആശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എ പി പക്ഷത്ത് ആഭ്യന്തരകലാപങ്ങളുടെ ദിശനിര്‍ണ്ണയിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും, മുഹമ്മദ് അബ്ദുവിന്റെയും പരിഷ്‌കരണ യജ്ഞങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്. ഈജിപ്തിലെ പരിഷ്‌കരണ സംരഭങ്ങളും, അത് ഉയര്‍ത്തിയ ചിന്തകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഫ്രാഞ്ചൈസി ആയല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ നിലപാടുകളാണ് അതിനുള്ളത്. ഖുര്‍ആനും, പ്രവാചകാധ്യാപനങ്ങളും മാത്രമാണ് അതിന് പ്രമാണം. എന്നാല്‍ പഴയ ലാടവൈദ്യന്‍മാരെ പോലെ ചിലര്‍ ഇപ്പോള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കരിഞ്ചീരകഓയില്‍ കച്ചവടക്കാരാണവര്‍. കരിഞ്ചീരകഓയില്‍ ഏജന്‍സി പോലെ ഒന്നാണ് മുജാഹിദ് പ്രസ്ഥാനം എന്നും, യെമനീ ബദുക്കളുടെ കേരള ഏജന്‍സിയാണ് കെ എന്‍ എമ്മെന്നും വിചാരിച്ചുപോരുന്ന മുഴുവന്‍ ആളുകളെയും പുറന്തള്ളാനാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സലഫി മന്‍ഹജിന്റെ പേരില്‍ ആരുമായാണ് അവിശുദ്ധകൂട്ടുകെട്ട് എന്നും, യെമനില്‍ നിന്ന് അത്തിക്കാട് വഴി കോഴിക്കോട് മുജാഹിദ് സെന്ററിലെത്തുന്ന കറുത്ത കരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്നും പറയേണ്ട ബാധ്യത സുബൈര്‍ മങ്കടക്ക് മാത്രമല്ല ഉള്ളത്, വര്‍ഷങ്ങളോളം സുബൈറിനെ കൊണ്ട് നടന്ന് ഐ എസ് എം പക്ഷത്തിനെതിരെ കരുക്കള്‍ നീക്കിയ എ പി അബ്ദുല്‍ഖാദര്‍ മൗലവിക്കുമുണ്ട്.

തുണീഷ്യയില്‍ ആരംഭിച്ച് സിറിയയില്‍ എത്തി നില്ക്കുന്ന മുല്ലപ്പൂ വിപ്ലവത്തോട് സമ്മിശ്രമായ പ്രതികരണം ആണ് അറബ് ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈജിപ്തിലെയും, യെമനിലെയും, ലിബിയയിലെയും ജനാധിപത്യത്തിന്റെ തിരിച്ചുവരവില്‍ അറബികള്‍ ആനന്ദിക്കുന്നു. ഹുസ്‌നി മുബാറക് അധികാരഭ്രഷ്ടനായതിന് ശേഷമുള്ള ഈജിപ്തിന്റെ പരിണാമത്തില്‍ അറബ് ലോകം ആഹ്ലാദിക്കുകയാണ്. സിറിയയില്‍ അറബ് ലീഗ് നിലപാട് വിപ്ലവത്തിന് അനുകൂലമാണ്. ഖത്തര്‍ സിറിയയിലെ ബഷാറുല്‍ അസദിനെതിരെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിറിയയിലെ ജനകീയ വിപ്ലവത്തിന്റെ വിജയത്തിനായി അറബ്‌നാടുകളിലെ ജുമുഅ ഖുതുബകളില്‍ വരെ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുല്ലപ്പൂ വിപ്ലവത്തിനെതിരെ എ പി മുജാഹിദുകള്‍ സ്വീകരിച്ച നിലപാടിന്റെ കൂടി പ്രേരണകള്‍ യെമനീബാന്ധവത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നതിന് അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews