ടി റിയാസ് മോന്‍ മഞ്ചേരി
ഇസ്‌ലാമിന്റെ തനത് സന്ദേശം പ്രചരിപ്പിക്കേണ്ട വേദികള്‍ ജാഹിലിയത്ത് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചപ്പോള്‍ മൗനം പാലിച്ചവര്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ജാഹിലിയ്യത്തിനോട് പൊരുതി വളര്‍ന്ന പണ്ഡിതന്‍മാര്‍ അധികാരത്തിനു വേണ്ടി ജാഹിലിയ്യത്തിനോട് സന്ധി ചെയ്‌തതിന്റെ അനിവാര്യ ദുരന്തമാണ് എ പി അബ്‌ദുല്‍ഖാദര്‍ മൗലവി നേതൃത്വം നല്‌കുന്ന മുജാഹിദ് വിഭാഗത്തിന് ഇപ്പോള്‍ വന്നു ചേര്‍ന്നിട്ടുള്ളത്.
ജിന്നുബീവിമാരുടെയും സിദ്ധന്മാരുടെയും അടിച്ചിറക്കല്‍ പുരോഹിതന്മാരുടെയും കൂടാരമായി മാറിയിരുന്ന സമുദായത്തെ ഖുര്‍ആനിലേക്ക് തിരിച്ചു വിളിക്കുന്ന ദൗത്യമാണ് മുജാഹിദ് പ്രസ്ഥാനം ഇതപ്പര്യന്തം നിര്‍വഹിച്ചുപോന്നിരുന്നത്. എന്നാല്‍ സംഘടനാ പിളര്‍പ്പിന് ശേഷം ഔദ്യോഗികമെന്ന് അവകാശപ്പെട്ടവര്‍ അധികാരത്തിനു വേണ്ടി ജിന്നു ചികിത്സകരെയും അടിച്ചറിക്കല്‍ വീരന്മാരെയും ഇത്രയും നാള്‍ കൊണ്ടു നടക്കുകയായിരുന്നു. ഇപ്പോള്‍ അതേ അന്ധവിശ്വാസത്തിനെതിരെ നേതൃത്വം സംസ്ഥാന കൗണ്‍സില്‍ വിളിച്ച് നിലപാട് എടുത്തത് ആദര്‍ശത്തോടുള്ള പ്രതിബദ്ധതക്ക് അപ്പുറം സംഘടനയില്‍ അവശേഷിക്കുന്ന ആദര്‍ശസ്‌നേഹികളെ ഭയപ്പെട്ടു കൊണ്ടാണ്. വൈകിയുദിച്ച വിവേകത്തെ അഭിനന്ദിക്കാം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളശബ്‌ദം വാരികയില്‍ `മുജാഹിദ് ജിന്ന്: യുവതി പീഡിപ്പിക്കപ്പെട്ടു' എന്ന കവര്‍സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പീഡിപ്പിക്കപ്പെട്ട യുവതിയുടെ കുടുംബത്തില്‍ പെട്ടവര്‍ എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ എത്തി പരാതി ബോധിപ്പിച്ചതായിരുന്നു. ഒക്‌ടോബര്‍ അഞ്ചിന് എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ ജിന്ന്- സിഹ്‌റ്- പിശാച് വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന കെ ജെ യു പണ്ഡിതനോട് തന്നെയായിരുന്നു ആ വിഷയത്തില്‍ ആദ്യം പരാതി ബോധിപ്പിച്ചത്. പക്ഷേ, അന്ന് സംഘടനാപരമായി നടപടി എടുക്കാന്‍ സാധിച്ചില്ല. അതിന്റെ ദുരന്തമാണ് പിന്നീട് പുളിക്കലിലും പെരിന്തല്‍മണ്ണയിലുമൊക്കെ അടിച്ചിറക്കല്‍ ചികിത്സ ആരംഭിക്കാന്‍ അഡ്‌ഹോക്ക് നേതാക്കള്‍ക്ക് പ്രചോദനമായത്.
`ഉഗ്രവാദികള്‍ക്കെതിരെ നവയാഥാസ്ഥിതികരുടെ പടനീക്കം' ശബാബ് കവര്‍സ്റ്റോറി നിര്‍വഹിച്ചിരിക്കുന്നത് ചരിത്രപരമായ ദൗത്യമാണ്. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന് ആക്കം കൂട്ടി പ്രസിദ്ധീകരണം ആരംഭിച്ച ഭിന്നിപ്പ് വാരിക ഇപ്പോള്‍ എ പി വിഭാഗം മുജാഹിദുകളുടെ മുഖപത്രമാണ്. എന്നാല്‍ സംയുക്ത കൗണ്‍സിലിന്റെ വാര്‍ത്ത മുഖപത്രത്തില്‍ നല്‌കാനോ പണ്ഡിതന്മാര്‍ അവതരിപ്പിച്ച ചര്‍ച്ചകളുടെ പൂര്‍ണ്ണ രൂപം പ്രസിദ്ധീകരിക്കാനോ ഇവര്‍ക്ക് ധൈര്യം വന്നിട്ടില്ല.
തൗഹീദിനായി വിശ്രമമില്ലാതെ അധ്വാനിച്ച മുതിര്‍ന്ന പണ്ഡിതന്മാരില്‍ പലരും പിളര്‍പ്പിനു ശേഷം മറുവിഭാഗത്തിന്റെ കൂടെയുമുണ്ട്. ആദര്‍ശസ്‌നേഹികളായ പണ്ഡിതന്മാര്‍ വേദികള്‍ ലഭിക്കാതെ മൂലക്കിരിക്കുകയാണ്. അവര്‍ക്ക് നിലപാടുകള്‍ വ്യക്തമാക്കാനുള്ള വേദിയായി ശബാബ് മാറണം. ഒരു ദശാബ്‌ദത്തോളമായി ഒളിഞ്ഞും, തെളിഞ്ഞും അവര്‍ വേദനിപ്പിച്ചിരുന്ന പ്രസിദ്ധീകരണങ്ങള്‍ മാത്രമേ തങ്ങളുടെ ശബ്‌ദം തിരിച്ചറിയുന്നുള്ളൂ എന്ന് അവര്‍ വേദനയോടെ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നുണ്ടാകണം. ചരിത്രത്തിലെ അനിവാര്യമായ തിരിച്ചറിവുകളാണ് അത്. സബാഷ് കുട്ടികളേ, സബാഷ് എന്ന് ശബാബ് കണ്ട് നേതാക്കള്‍ ഇപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാകണം.
എ പി വിഭാഗം മുജാഹിദ് സംഘടനയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുനട്ട് കാത്തിരിക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിന്നുള്ള പണ്ഡിതന്‍ കൗണ്‍സിലില്‍ നടത്തിയ ഐക്യത്തിന്റെ ഭാഷയിലുള്ള പ്രഭാഷണം ജിന്ന്-പിശാചുക്കളെ ഭയപ്പെടുന്ന വിഭാഗത്തെ കൂടെ നിര്‍ത്തി അധികാരത്തിലേറാനുള്ള കുതന്ത്രമാണെന്ന് കൂടി തിരിച്ചറിയണം. അല്‍ബാനിക്കും ഇബ്‌നുബാസിനും ഇടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട് എന്ന കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരിന്റെ അഭിപ്രായത്തെ അംഗീകരിക്കാം. എന്നാല്‍ മറഞ്ഞ മാര്‍ഗത്തിലൂടെ ജിന്നുകള്‍ സഹായിക്കുമെന്നും, വിളിച്ചു പ്രാര്‍ഥിക്കാമെന്നതും തൗഹീദില്‍ നിന്നുള്ള വ്യതിയാനമാണ്. തൗഹീദീ ആദര്‍ശത്തോടുള്ള യുദ്ധപ്രഖ്യാപനമാണത്. അതിന് ഇബ്‌നുബാസിനെയും, അല്‍ബാനിയെയും കൂട്ടുപിടിക്കുന്നത് ലജ്ജാകരമാണെന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ്. അധികാരപ്രമത്തതയിലും, സംഘടനാ സങ്കുചിതത്വത്തിലും തൗഹീദ് പോലും അപ്രസക്തമാകുന്നുണ്ടോ എന്ന് കൂടി മറുവിഭാഗം നേതാക്കള്‍ വ്യക്തമാക്കണം.