ആണ്ടുനേര്‍ച്ചയുടെ കേരള ചരിത്രം

പി എം എ ഗഫൂര്‍

പുണ്യവാളഭക്തിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പുരാതന ഗ്രീസില്‍ നിന്ന്‌ തുടക്കമിട്ട്‌ റോമാക്കാരിലേക്ക്‌ പടര്‍ന്ന്‌, ക്രിസ്‌ത്യാനികളിലൂടെ ലോകമെങ്ങും പ്രചരിച്ച ആണ്ടുനേര്‍ച്ച മുസ്‌ലിംകളിലെക്കെത്താനും വളരെ വൈകിയില്ല. പുണ്യവാളന്മാരും രക്തസാക്ഷികളും കര്‍ത്താവിനേറ്റവും പ്രിയപ്പെട്ടവരായതിനാല്‍, അവരെ പ്രീതിപ്പെടുത്തി കര്‍ത്താവിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തികളാക്കാമെന്ന സിദ്ധാന്തം ക്രൈസ്‌തവര്‍ക്കിടയില്‍ വേഗം സ്വീകാര്യമായിത്തീര്‍ന്നു. റോമാസഭകള്‍, പൗരസ്‌ത്യസഭകള്‍, വിശിഷ്യാ പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സഭകള്‍, അവയുടെ രേഖകള്‍ എന്നിവ പുണ്യവാളപൂജയെ കത്തോലിക്കാ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായാണ്‌ പരിഗണിച്ചു പോന്നത്‌. ഈ പുണ്യവാള ഭക്തിയിലൂടെ വിഗ്രഹപൂജയിലേക്കു വരെ ക്രൈസ്‌തവരെത്തിച്ചേരുകയും ചെയ്‌തു.
സഭ അതിങ്ങനെയാണ്‌ വിശദീകരിക്കുന്നത്‌: ``ദൈവത്തോട്‌ നാം ചോദിക്കുന്നത്‌ അനുഗ്രഹങ്ങള്‍ നല്‌കാനാണ്‌. നമ്മുടെ വ്യവഹാരികളാകാനാണ്‌ പുണ്യവാളന്മാരോട്‌ അഭ്യര്‍ഥിക്കുന്നത്‌. `ഞങ്ങളില്‍ കാരുണ്യം ചൊരിയേണമേ' എന്നാണ്‌ ദൈവത്തോട്‌ പ്രാര്‍ഥിക്കുന്നത്‌. `ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണമേ' എന്നാണ്‌ പുണ്യവാളന്മാരോട്‌ പറയുന്നത്‌. ഇനി `ഞങ്ങളില്‍ കാരുണ്യം ചൊരിയേണമേ' എന്ന്‌ അവരോട്‌ പറയുന്നുണ്ടെങ്കില്‍ തന്നെ അത്‌ മറ്റൊരര്‍ഥത്തിലാണ്‌. അവര്‍, ദയാലുക്കളാകയാല്‍, നമ്മോട്‌ അനുകമ്പ കാണിക്കാനും അങ്ങനെ നമുക്കുവേണ്ടി മധ്യവര്‍ത്തികളാകാനും അവരോട്‌ യാചിക്കുകയാണ്‌ നാം ചെയ്യുന്നത്‌.'' (James Gardner: The Faiths of the world 1:118)

ആണ്ടുനേര്‍ച്ചയുടെ കടന്നുവരവ്‌ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ ആദര്‍ശവ്യതിയാനങ്ങള്‍ക്കാണ്‌ തുടക്കമിട്ടത്‌. ഇങ്ങനെയൊരാചാരത്തെ ഖുര്‍ആനോ ഹദീസോ ആധികാരികമാക്കിയിട്ടില്ല. പൂര്‍വികരായ സച്ചരിതരുടെ ചരിത്രത്തിലും ഇതിന്‌ തെളിവുകളില്ല. അതിനാല്‍ തന്നെ മുസ്‌ലിംകളില്‍ ചില വിഭാഗങ്ങള്‍ ആവേശപൂര്‍വം ആചരിക്കുന്നുണ്ടെങ്കിലും ആണ്ടുനേര്‍ച്ച മതവിരുദ്ധമാണെന്നത്‌ വ്യക്തമാണ്‌.


ജൂതനായ അബ്‌ദുല്ലാഹിബ്‌നു സബഅ്‌ ഇസ്‌ലാം സ്വീകരിച്ചതായി അഭിനയിക്കുകയും അലി(റ)യില്‍ ദിവ്യത്വമാരോപിച്ചുകൊയണ്ട്‌ ശീഅ പ്രസ്ഥാനത്തിന്‌ തുടക്കമിടുകയും ചെയ്‌തതു മുതലാണ്‌ പുണ്യവാളപൂജ മുസ്‌ലിംലോകത്ത്‌ വിഷബീജമായത്‌. ശീഈകള്‍ തന്നെയാണ്‌ ഖബ്‌റുകള്‍ക്കു മുകളില്‍ ദര്‍ഗകളും പള്ളികളും നിര്‍മിച്ചു തുടങ്ങിയതും. നബി(സ) കര്‍ശനമായി വിരോധിച്ചതായിട്ടു കൂടി ഖബ്‌ര്‍പൂജയ്‌ക്ക്‌ അവര്‍ തെറ്റുകണ്ടില്ല. അലി, ഹുസൈന്‍, നബി കുടുംബത്തില്‍ നിന്ന്‌ ശീഈകള്‍ ഇമാമുകളായി തെരഞ്ഞെടുത്തവര്‍ തുടങ്ങി ശീഈകള്‍ ആദരിച്ചിരുന്ന പുണ്യവാളന്മാരുടെ ഖബ്‌റുകള്‍ തെരഞ്ഞുപിടിച്ച്‌ അവയ്‌ക്കു മുകളില്‍ ദര്‍ഗകളുണ്ടാക്കുകയും അവിടെ മശ്‌ഹദുകളും മസാറുകളുമാക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ മതനിഷേധ പ്രവണത അബ്ബാസീ ഖലീഫമാരില്‍ ചിലര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഖലീഫ മുതവക്കില്‍ ഹിജ്‌റ 236ല്‍ ഹുസൈനി(റ)ന്റേതെന്ന്‌ കരുതപ്പെടുന്ന മഖ്‌ബറ പൊളിച്ചുകളയാന്‍ ഉത്തരവിട്ടിരുന്നത്‌ ഉദാഹരണം. അവിടെയെത്തുന്നവരെ അറസ്റ്റുചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. അതോടെ ആ മഖ്‌ബറ പൊളിച്ചുനീക്കി. (അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്‍ഖാലിഖ്‌, അല്‍ഫിക്‌റുസ്സ്വൂഫി ഫീ ദൗഇല്‍ കിതാബിവസ്സുന്ന: പേ. 403) എങ്കിലും വിലക്കുകളെയെല്ലാം അതിജീവിച്ച്‌ മഖ്‌ബറ വ്യവസായം പടര്‍ന്നുപിടിച്ചു. ശീഈകളെ പിന്തുടര്‍ന്ന്‌ ചില സ്വൂഫികളും ഖബ്‌റുകള്‍ കെട്ടിപ്പൊക്കാനാരംഭിച്ചു.

കേരളത്തില്‍

ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ആണ്ടുനേര്‍ച്ചയുടെ കടന്നുവരവ്‌ മേല്‍പറഞ്ഞ രീതിയിലാണെങ്കിലും കേരളത്തില്‍ കണ്ടുവരുന്ന ആണ്ടുനേര്‍ച്ചയുടെ ശൈലീസ്വഭാവങ്ങളില്‍ ചില പ്രത്യേകതകളുണ്ട്‌. ഡോ. എം ഗംഗാധരനും സ്റ്റീഫന്‍ എഫ്‌ ഡെയ്‌ലും ചേര്‍ന്നു തയ്യാറാക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ (ബുള്ളറ്റിന്‍ ഓഫ്‌ ദ സ്‌കൂള്‍ ഓഫ്‌ ഓറിയന്റല്‍ ആന്റ്‌ ആഫ്രിക്കന്‍ സ്റ്റഡീസ്‌ -1978) ഇതു സംബന്ധമായ നല്ല വിവരങ്ങളുണ്ട്‌. അതില്‍ പറയുന്നു: ``ഒരു ഇസ്‌ലാമിക പുണ്യാത്മാവിനെയോ രക്തസാക്ഷിയെയോ വണങ്ങുന്ന ഭക്തിനിര്‍ഭരമായ അനുഷ്‌ഠാനമാണ്‌ ഏത്‌ നേര്‍ച്ചയുടെയും അസ്‌തിത്വ ഹേതുവും കേന്ദ്രബിന്ദുവും. പക്ഷേ ഈ ഉത്സവങ്ങള്‍ മുസ്‌ലിംസമൂഹത്തിലാണ്‌ നടക്കുന്നതെങ്കിലും ഇസ്‌ലാമിക കലണ്ടറില്‍ അവയ്‌ക്കു സ്ഥാനമില്ല. നേര്‍ച്ച എന്ന ദ്രാവിഡനാമം സൂചിപ്പിക്കുന്നതുപോലെ തന്നെ തദ്ദേശീയരായ മതപാരമ്പര്യത്തിന്റെ മാപ്പിള പാഠഭേദമായതിനാലാവാം അവ ഇസ്‌ലാമിക കലണ്ടറില്‍ പ്രത്യക്ഷപ്പെടാത്തത്‌. കേരളത്തിലെ മതസാമൂഹിക ചരിത്രത്തെക്കുറിച്ച വിവരങ്ങളുടെ അഭാവത്തില്‍, ഏത്‌ പ്രത്യേക സാഹചര്യത്തിലാണ്‌ ഈ സങ്കലനാചാരം സംഭവിച്ചതെന്ന്‌ ഉറപ്പിച്ചു പറയാനാവില്ല. നേരത്തെ നിലനിന്നുപോന്ന ഉത്സവങ്ങളെ മുസ്‌ലിംകള്‍ ഇസ്‌ലാമീകരിച്ചതാവാനുള്ള സാധ്യതയേറെയാണ്‌. അല്ലെങ്കില്‍ തദ്ദേശീയരായ ആചാരങ്ങളെ ഉപയോഗിച്ച്‌ സൃഷ്‌ടിച്ചെടുത്തതുമാവാം. ഏതായാലും നിലവിലുള്ള തെളിവുകള്‍ വെച്ചുനോക്കുമ്പോള്‍, `വേലകള്‍' എന്നറിയപ്പെട്ട ഹൈന്ദവ ആഘോഷങ്ങളെയോ അല്ലെങ്കില്‍ `പൂരങ്ങള്‍' എന്ന്‌ വിളിക്കപ്പെടുന്ന ബ്രഹ്‌മണീയ സ്വഭാവമുള്ള `വേല'കളുടെ പൂര്‍വ രൂപങ്ങളെയോ മാതൃകയാക്കിയാണ്‌ നേര്‍ച്ചകള്‍ ആരംഭിച്ചതെന്ന്‌ സൂചനയുണ്ട്‌. അമുസ്‌ലിം ഉത്സവങ്ങളെ മുസ്‌ലിം രീതിയിലേക്ക്‌ മാറ്റിയെടുത്തതാണ്‌ നേര്‍ച്ചകളെന്ന അനുമാനത്തിന്‌ പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്‌: ഒന്ന്‌, വേലകളും പൂരങ്ങളും പോലെ നേര്‍ച്ചയും സീസണുകള്‍ക്കനുസരിച്ചാണ്‌ നടക്കുന്നത്‌. ഇവ മൂന്നും കൊയ്‌ത്തുത്സവങ്ങള്‍ എന്ന നിലയില്‍ രൂപപ്പെട്ടവയാണ്‌. രണ്ട്‌, മിക്ക പൂരങ്ങള്‍ക്കും വേലകള്‍ക്കും നേര്‍ച്ചകള്‍ക്കും പൊതുവായി ചില ആഘോഷസമ്പ്രദായങ്ങളുണ്ട്‌. വരവുകളും സംഗീത നൃത്തരൂപങ്ങളും ഉദാഹരണം. കൂടുതല്‍ തെളിവുകളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ പ്രാദേശികമായ ആഘോഷങ്ങളുടെ ബ്രാഹ്‌മണീയ മുസ്‌ലിം രൂപാന്തരങ്ങളാണ്‌ നേര്‍ച്ചകള്‍.''

ഹിന്ദുആചാരം എങ്ങനെയാണ്‌ `നേര്‍ച്ചകള്‍' ആയി മുസ്‌ലിംകളിലേക്ക്‌ കടന്നുവന്നതെന്ന്‌ ഡോ. എസ്‌ എം മുഹമ്മദുകോയ പരിശോധിക്കുന്നു: ``മാപ്പിളമാര്‍ മതാനുഷ്‌ഠാനങ്ങളില്‍ കണിശക്കാരായിരുന്നുവെങ്കിലും പ്രാദേശികാചാരങ്ങളുടെ സ്വാധീനത്താല്‍ ചില ആചാരങ്ങള്‍ അവരുടെ മതസമ്പ്രദായങ്ങളിലേക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌. കേരള മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍ നിന്ന്‌ മതപരിവര്‍ത്തനം ചെയ്‌തവരായതിനാല്‍, തങ്ങളുടെ പൂര്‍വ വിശ്വാസങ്ങളിലെ പല സാംസ്‌കാരിക സവിശേഷതകളും വെച്ചുപുലര്‍ത്തുന്ന വിചിത്ര കാഴ്‌ചയെന്തുകൊണ്ടെന്ന്‌ ഈ വസ്‌തുത വ്യക്തമാക്കുന്നു. മലബാര്‍ മുസ്‌ലിംകള്‍ക്ക്‌ പൈതൃകമായി ലഭിച്ച ഈ സാംസ്‌കാരിക സമ്പത്തിന്റെ വെളിച്ചത്തില്‍, കേരളത്തിലെ ഇസ്‌ലാമിനു വന്നുഭവിച്ച രൂപാന്തരീകരണം വിശദീകരിക്കാവുന്നതാണ്‌. ഇവിടെ പുണ്യവാളന്മാര്‍ ആരാധിക്കപ്പെടുന്നു. ജാറംനേര്‍ച്ചകള്‍ ആഘോഷിക്കപ്പെടുന്നു. തൗഹീദിന്റെ ഭാഷയില്‍ വളരെ വ്യക്തമായി സംസാരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്ന ഇസ്‌ലാം യാതൊരു വിധത്തിലുള്ള പുണ്യവാള ഭക്തിയും അംഗീകരിക്കുന്നില്ല. നേര്‍ച്ചകളും ജാറം ആരാധനയും കേരളത്തിലെ ഇസ്‌ലാമില്‍ കടന്നുകൂടിയ മതസമന്വയ കര്‍മങ്ങളായിരിക്കാം. തദ്ദേശീയ മതപാരമ്പര്യത്തിന്റെ മാപ്പിള സമന്വയത്തെയാണ്‌ നേര്‍ച്ച പ്രതിനിധാനം ചെയ്യുന്നത്‌. മാപ്പിളമാര്‍ ധാരാളം പുണ്യവാളന്മാരുടെ ജനന-മരണ ദിനങ്ങള്‍ ആഘോഷിക്കുന്നു. ജീലാനി, രിഫാഈ പോലുള്ള സ്വൂഫി പുണ്യവാളന്മാരോട്‌ ആരാധനയോടടുത്ത ബഹുമാനമാണവര്‍ പ്രദര്‍ശിപ്പിക്കുന്നത്‌. കേരള മാപ്പിളമാരുടെ ജീവിതത്തിലും വീക്ഷണത്തിലുമുള്ള ഹൈന്ദവ സ്വാധീനത്തെ ഇത്‌ കൃത്യമായും സൂചിപ്പിക്കുന്നുണ്ട്‌.'' (Muslims of Malabar, with special reference to their Distinctive character, p. 200, 201)

മലബാര്‍ ഗസ്റ്റിയര്‍ പറയുന്നതിങ്ങനെ: ``ഖുര്‍ആന്‍ ഉപദേശിക്കുന്ന മതം, പരിശുദ്ധ ഏകദൈവ വിശ്വാസമാണെങ്കിലും മാപ്പിളമാര്‍ ഒട്ടധികം ഔലിയാക്കന്മാരെയും (പുണ്യവാളന്മാര്‍), സ്വന്തം ജീവനെ പൊതുഗുണത്തിനായി വ്യയം ചെയ്‌ത ഉത്തമന്മാരെയും (ശുഹദാക്കള്‍) ആരാധിക്കുന്നു. പൂര്‍വ പിതാക്കന്മാരെയും മറ്റും ആരാധിക്കുന്ന ഒട്ടധികം ലക്ഷ്യങ്ങള്‍ അവര്‍ മതമായി കരുതുന്ന സമ്പ്രദായത്തില്‍ കാണാം. മമ്പുറംതങ്ങള്‍ പോലുള്ള പ്രസിദ്ധ തങ്ങന്മാരെയും മാതൃകാപരമായി പരിശുദ്ധ ജീവിതം നയിച്ചവരെയും പുണ്യാത്മാക്കളായി കരുതി അവരുടെ ശവകുടീരങ്ങളായ മഖാം, ജാറം എന്നിവയെ പുണ്യസ്ഥാപനങ്ങളായി ഗണിച്ച്‌ അവിടങ്ങളിലേക്ക്‌ തീര്‍ഥയാത്ര പോകുന്ന പതിവ്‌ പ്രചാരത്തിലുണ്ട്‌. മരിച്ചവരെ ശുദ്ധാത്മാക്കളായി എളുപ്പത്തില്‍ കരുതപ്പെടുന്നതിന്‌ കാരണം, അങ്ങനെയുണ്ടാകുന്ന പുണ്യസ്ഥാപനത്തിന്റെ അധിപനാവുകയെന്നത്‌ ഒരാള്‍ക്ക്‌ ബഹുമാനകരമായതും ആദായമുണ്ടാക്കുന്നതുമാകുന്നു. നിരത്തുവക്കത്തു കിടന്ന്‌ പട്ടിണികൊണ്ടു മരിക്കുന്ന അജ്ഞാതനായ യാചകനെപ്പോലും അയാളുടെ മരണശേഷം, സര്‍വഗുണ സമ്പന്നനാക്കി തീര്‍ക്കുകയും പരിശുദ്ധനും അത്ഭുത സംഭവങ്ങള്‍ നടത്താന്‍ കഴിയുന്നവനുമാക്കി ആരാധിക്കുകയും ചെയ്യുന്നു.... ഇതുപോലെ പരിശുദ്ധന്മാരുടെ ഓര്‍മകള്‍ക്കായി കൊല്ലം തോറും നേര്‍ച്ചകള്‍ കൊണ്ടാടുന്നു...'' (ഉദ്ധരണം: പ്രൊഫ. സയ്യിദ്‌ മൊഹിയുദ്ദീന്‍ ഷാ, കേരളമുസ്‌ലിം ഡയറക്‌ടറി: 424-428 -1960)

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ശൈഖ്‌ മുഹമ്മദ്‌ ഷായുടെ ചരമദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന `കൊണ്ടോട്ടി നേര്‍ച്ച' കേരളത്തിലെ പ്രസിദ്ധ ആണ്ടുനേര്‍ച്ചയാണ്‌. ഹൈന്ദവാചാരങ്ങളെ അപ്പടി പകര്‍ത്തിയുള്ള ഈ നേര്‍ച്ച യാഥാസ്ഥിതിക ജനങ്ങള്‍ക്കിടയില്‍ ഏറെ പുണ്യമായി കരുതപ്പെടുന്നതിനാല്‍ വര്‍ഷംതോറും ജനപ്രീതിയും ആരാധകവൃന്ദവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. 1976ല്‍ ഈ നേര്‍ച്ച സന്ദര്‍ശിച്ച സ്റ്റീഫന്‍ ഡെയ്‌ല്‍ അവിടത്തെ ചടങ്ങുകളെപ്പറ്റി സവിസ്‌തരം എഴുതുന്നുണ്ട്‌:

``വൈകുന്നേരം നേര്‍ച്ച ആരംഭിച്ചു. ദര്‍ഗയില്‍ ഒരു പ്രാഥമിക ചടങ്ങാണ്‌ ആദ്യം നടന്നത്‌. നന്നായി പരിശീലനം ലഭിക്കുകയും ആകര്‍ഷകമായി പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്ന ആണുങ്ങളുടെയും കുട്ടികളുടെയും സംഘം അവതരിപ്പിച്ച കോല്‍ക്കളിയായിരുന്നു അത്‌. കളിക്കിടയില്‍ അവര്‍ ദൈവത്തെയും ശൈഖ്‌ മുഹമ്മദ്‌ ഷായെയും പേര്‍ഷ്യന്‍ സൂഫിയായ അബ്‌ദുല്‍ഖാദിര്‍ ജീലാനിയെയും സ്‌തുതിച്ചു പാട്ടുകള്‍പാടി. ദര്‍ഗയില്‍ നടന്ന ആഘോഷത്തിനു ശേഷം അതേപോലെ തന്നെയുള്ള ഒരു പ്രകടനം തകിയ്യയുടെ വരാന്തയിലും നടന്നു. വലിയ തങ്ങളുടെ പവിത്രമായ സ്വത്താണ്‌ ഈ കെട്ടിടം. പിന്നീട്‌ നകാര എന്ന വാദ്യം മുഴങ്ങി. തുടര്‍ന്ന്‌ കൊണ്ടോട്ടി `തോക്കെടുക്കല്‍' എന്ന വിചിത്രമായ ആഘോഷച്ചടങ്ങ്‌... ഉത്സവവേളയില്‍ വഴിപാടായി കൊണ്ടുവരുന്ന സാധനങ്ങളിലൊന്ന്‌ തോക്കിനുള്ള എണ്ണയാണ്‌. തോക്ക്‌ എണ്ണയിട്ട്‌ വൃത്തിയാക്കിയ ശേഷം ബാക്കിവരുന്ന എണ്ണയ്‌ക്ക്‌ സവിശേഷമായ രോഗസംഹാര ശേഷിയുണ്ടെന്നാണ്‌ വിശ്വാസം. തോക്ക്‌ ചുമക്കുന്നതു തന്നെ ഒരു ശുഭസൂചനയായി കരുതപ്പെടുകയും ചെയ്യുന്നു. രോഗങ്ങള്‍ സുഖപ്പെടാന്‍ അതും ഒരു കാരണമാകുമത്രെ....'' (ഉദ്ധരണം: ബോധനം ത്രൈമാസിക -1995 ഒക്‌ടോബര്‍)

ബീമാപള്ളി ചന്ദനക്കുടം

കേരളത്തിലെ പ്രധാന അന്ധവിശ്വാസ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ബീമാപള്ളിയില്‍ നടക്കുന്ന ചന്ദനക്കുടം നേര്‍ച്ച ഓരോ ആണ്ടും ജനബാഹുല്യംകൊണ്ട്‌ ശ്രദ്ധിക്കപ്പെടുന്നു. ചരിത്രകാരന്‍ എ ശ്രീധരമോനോന്റെ വിശദീകരണത്തില്‍ നിന്ന്‌ ഈ നേര്‍ച്ചയെപ്പറ്റി ഏകദേശ ധാരണ ലഭിക്കും: ``വിവിധ ജാതിക്കാരായ ഭക്തന്മാര്‍ ചന്ദനത്തിരി കൊളുത്തിക്കുത്തി തുണികൊണ്ട്‌ വായ്‌ മൂടിക്കെട്ടിയ കുടവുമേന്തി പള്ളിയില്‍ നിരനിരയായി എത്തുന്നു. വാള്‍ക്കളി, നൃത്തം, ഗാനം, നാടകം, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളും ഉത്സവസ്ഥലത്തുണ്ടായിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ആനയകമ്പടിയോടും പഞ്ചവാദ്യമേളത്തോടും കൂടി രാത്രിയില്‍ ഘോഷയാത്രയുമുണ്ടായിരിക്കും. വെടിക്കെട്ടിനും പ്രാധാന്യം കല്‍പിക്കപ്പെടുന്നു.'' (കേരള സംസ്‌കാരം -1992, പേജ്‌ 77)

നേര്‍ച്ചകളിലൂടെ ദര്‍ഗകള്‍ക്ക്‌ ലഭിക്കുന്ന തുക വമ്പിച്ചതാണ്‌. കായല്‍പട്ടണം, നാഗൂര്‍, അജ്‌മീര്‍ തുടങ്ങിയ ലോകപ്രസിദ്ധ നേര്‍ച്ചകള്‍ക്ക്‌ തപാലിലൂടെ മാത്രം ലക്ഷക്കണക്കിന്‌ രൂപയാണ്‌ വരുന്നത്‌. അജ്‌മീര്‍ പോലുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ പണം ലഭിച്ചാല്‍ `പുണ്യം' പാര്‍സലായി അയക്കാന്‍ പോലും ഏജന്‍സികളുണ്ട്‌. നിത്യോപയോഗ വസ്‌തുക്കള്‍ നിവേദ്യമര്‍പ്പിക്കുന്ന കേന്ദ്രങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. ചങ്ങനാശ്ശേരി പഴയ പള്ളിയിലെ ഖബ്‌റിടത്തില്‍ സിഗരറ്റ്‌, പാല്‍ചായ എന്നിവയാണ്‌ നേര്‍ച്ചയായി നല്‍കുന്നത്‌. മരിച്ച തങ്ങള്‍ക്ക്‌ ഇഷ്‌ടവസ്‌തുക്കള്‍ അവയായിരുന്നുവത്രെ!

വെള്ളി, അലൂമിനിയം, സ്വര്‍ണം എന്നിവ കൊണ്ടുള്ള ശരീരാവയവങ്ങള്‍ ഉറൂസ്‌ കേന്ദ്രങ്ങളില്‍ നേര്‍ച്ചയായെത്തുന്നു. കൈ, കാല്‍, കണ്ണ്‌ അടക്കം എല്ലാ ശരീരഭാഗങ്ങളും ചുവന്ന പട്ടിനു മുകളില്‍ വില്‍പ്പനയ്‌ക്കായി നിരത്തിവെക്കുന്ന കാഴ്‌ച ഉറൂസ്‌ പറമ്പുകളിലെ നിത്യക്കാഴ്‌ചയാണ്‌. ചില മഖാമുകളിലേക്ക്‌ മൃഗങ്ങളെയാണ്‌ നേര്‍ച്ചയാക്കുന്നത്‌. ഉള്ളാളിലേക്ക്‌ ആടിനെ നേര്‍ച്ചയാക്കുന്നത്‌ ഉദാഹരണം. ഭക്തജനങ്ങള്‍ തങ്ങളുടെ ആഗ്രഹസാഫല്യത്തിനായി നേര്‍ച്ചയാക്കിയ ആടിനെ കയറൂരി വിടും. സ്വതന്ത്രമായി വിഹരിക്കുന്ന ഈയാടുകള്‍ക്ക്‌ ദിവ്യത്വം കല്‍പിക്കപ്പെടുന്നതോടെ ബഹുമാനാദരവുകള്‍ വേണ്ടത്ര ലഭിക്കുന്നു. ഉറൂസ്‌ കാലത്ത്‌ ഇവ ദര്‍ഗകളിലെത്തിച്ചേരുമെന്നാണ്‌ വിശ്വാസം. ഇത്തരം മൃഗങ്ങളും പ്രധാന വരുമാനമാര്‍ഗമാണ്‌.

ഉത്തരേന്ത്യന്‍ സുന്നികളിലെ ബറേല്‍വി വിഭാഗമാണ്‌ ആണ്ടുനേര്‍ച്ചയുടെ പ്രണേതാക്കള്‍. അഹ്‌ലെ ഹദീസ്‌, ദയൂബന്ദ്‌ ദാറുല്‍ ഉലൂം, ലഖ്‌നോ നദ്‌വതുല്‍ ഉലമ തുടങ്ങിയവയില്‍ പെട്ട പണ്ഡിതന്മാര്‍ ആണ്ടുനേര്‍ച്ചയ്‌ക്ക്‌ എതിരായതിനാല്‍ അവരെയൊക്കെ കാഫിറാക്കി ബറേല്‍വികള്‍ ഫത്‌വ ഇറക്കുക പോലും ചെയ്‌തിട്ടുണ്ട്‌. അതേസമയം, ബറേല്‍വി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ്‌ സയ്യിദ്‌ അഹ്‌മദ്‌ രിദാഖാന്‍ ബറേല്‍വിയുടെ ശിഷ്യന്മാരില്‍ പ്രമുഖനായ ശിഹാബുദ്ദീന്‍ അഹ്‌മദ്‌കോയ ശാലിയാത്തി, ആണ്ടുനേര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ഒരു ചോദ്യത്തിന്‌ മറുപടിയായി നല്‍കിയ ഫത്‌വ ഇവ്വിഷയത്തില്‍ ശ്രദ്ധേയമാണ്‌:

ചോദ്യം ഒന്ന്‌: സ്‌ത്രീ-പുരുഷന്മാര്‍ കലരല്‍ പോലുള്ള വിരോധമായ കാര്യങ്ങള്‍ വരാവുന്ന നിലയ്‌ക്ക്‌ നിശ്ചിതദിവസം ഔലിയാക്കളുടെ ഖബ്‌ര്‍ സിയാറത്ത്‌ ജാഇസ്‌ (അനുവദനീയം) ആകുമോ? രണ്ട്‌: ഇബ്‌നുഹജര്‍ അവര്‍കള്‍ അത്‌ വിരോധമാണെന്ന്‌ ഫതാവയില്‍ പറഞ്ഞിട്ടുണ്ടോ? മൂന്ന്‌: ഔലിയാക്കള്‍ മുതലായവര്‍ മരണപ്പെട്ട ദിവസം കൊല്ലംതോറും ചെയ്‌തുവരുന്ന സിയാറത്ത്‌, ദാനധര്‍മം മുതലായവയ്‌ക്ക്‌ ശര്‍ഇല്‍ വല്ല അടിസ്ഥാനവുമുണ്ടോ? മേപ്പടി ഖബ്‌റിന്നരികെ ചെണ്ടമുട്ട്‌, കുഴല്‍വിളി, കൊടികുത്തല്‍ മുതലായവ ജാഇസ്‌ ആകുമോ?

ഇതിനു മറുപടിയായി, ഏറെ ദീര്‍ഘമായി നല്‍കുന്ന ഫത്‌വയില്‍ `തുടി' ഒഴികെയുള്ള എല്ലാ കുഴല്‍വിളികളും ചെണ്ടകൊട്ടും നേര്‍ച്ചയുടെ ഭാഗമായി നടത്താമെന്ന്‌ ശാലിയാത്തി ഉറപ്പിച്ചുപറയുന്നു. ``ആമ്മീങ്ങള്‍ (പൊതുജനം) അവിടെ എത്തിച്ചേരല്‍ ഫാതിഹക്കും ഇഹത്തിലും പരത്തിലുമുള്ള ആഗ്രഹങ്ങള്‍ സാധിക്കേണ്ടതിന്‌ സഹായം അപേക്ഷിക്കാനുമാണ്‌. ഇതുകളില്‍ നിന്നെല്ലാം ആണ്ടു ദിവസമുള്ള സിയാറത്തിന്‌ അടിസ്ഥാനമുണ്ടെന്ന്‌ തെളിഞ്ഞിരിക്കുന്നു'' എന്ന്‌ സംഗ്രഹിക്കുന്നു. (കെ എം മുഹമ്മദ്‌ കോയ, ആണ്ടുനേര്‍ച്ചയും ചില അപദാവങ്ങളും 17-22)

എന്നാല്‍ ഈ ഫത്‌വായില്‍ ആണ്ടുനേര്‍ച്ചയെ സംബന്ധിച്ചുള്ള നിഗമനങ്ങളും തെളിവുകളും അടിസ്ഥാനരഹിതമാണെന്ന്‌ വ്യക്തമാണ്‌. ഇബ്‌നുഹജരില്‍ ഹൈതമി(റ)ക്കു മുമ്പാകെ ഉന്നയിക്കപ്പെട്ട ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയുമാണ്‌ ശാലിയാത്തി കാര്യമായും ആശ്രയിട്ടിച്ചുള്ളതെങ്കിലും യഥാര്‍ഥത്തില്‍ അത്‌ ആണ്ടുനേര്‍ച്ചയുമായി ബന്ധമുള്ളതല്ല. സുന്നത്തായ ഖബ്‌ര്‍ സിയാറത്ത്‌ അനാചാരമുക്തമായി നിര്‍വഹിക്കണമെന്നാണ്‌ ഹൈതമി പറയുന്നത്‌. അനാചാരങ്ങള്‍ അരങ്ങേറുന്ന സമയത്ത്‌ സിയാറത്ത്‌ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. അനാചാരങ്ങള്‍ ഇല്ലാതാക്കുകയോ ബന്ധപ്പെട്ടവരെ ശാസിക്കുകയോ വേണമെന്നും പറയുന്നു. ഇത്തരം ഘട്ടത്തില്‍ സിയാറത്ത്‌ ഹറാമാണെന്നതിനു പോലും കര്‍മശാസ്‌ത്രത്തില്‍ നിന്ന്‌ തെളിവുകിട്ടുമെന്നും താക്കീത്‌ ചെയ്യുന്നു. നിഷിദ്ധ കാര്യങ്ങള്‍ക്ക്‌ കാരണമാകുമെങ്കില്‍ പുണ്യകര്‍മം പോലും ഒഴിവാക്കേണ്ടതാണെന്ന കര്‍മശാസ്‌ത്രതത്വം ഇവിടെ പ്രസക്തവുമാണ്‌. (മാ യുവദ്ദീ ഇലല്‍ഹറാമി ഫഹുവ ഹറാം)

ആണ്ടുനേര്‍ച്ചയുടെ ഭാഗമായുള്ള ചെണ്ടമുട്ടും കുഴല്‍വിളിയും കടുത്ത നിഷിദ്ധ കാര്യങ്ങളാണെന്ന്‌ യാഥാസ്ഥിതികര്‍ക്കിടയില്‍ തന്നെ സമാദരണീയനായ മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ പുത്രന്‍ സയ്യിദ്‌ ഫദ്‌ല്‍ പൂക്കോയ തങ്ങള്‍ (1826-1901) ഫത്‌വാ നല്‍കിയിട്ടുണ്ട്‌.

നേര്‍ച്ചകളിലെ?`മുട്ടും വിളിയും' ഇസ്‌ലാമികമായി ശരിയാണോ എന്ന ചോദ്യത്തിനു അദ്ദേഹം നല്‍കുന്ന മറുപടി ഇങ്ങനെ; കാഫിറുകളുടെയും മതനിഷേധികളുടെയും ആചാരങ്ങളോട്‌ സാമ്യത പുലര്‍ത്തുന്നതും തഖ്‌വയെ തകര്‍ക്കുന്നതുമാകയാല്‍ രാഗങ്ങളേയും കൂറ്റുകളേയും കുഴലുകള്‍ ആയതിനേയും നിരോധിക്കപ്പെട്ടിരിക്കുന്നു. അറ്റിനെ തുടച്ചു കുത്തിക്കീറിക്കളയുന്നത്‌ നിര്‍ബന്ധമാകുന്നു. ഹറാമായ ചെണ്ട, കുഴല്‍ എന്നിവ ഉണ്ടാക്കാന്‍ മരം, തോല്‍, ഓട്‌, ചെമ്പ്‌ എന്നിവ നല്‍കുന്നതും വില്‍ക്കുന്നതും ഹറാമാണ്‌. ഹറാമായ കുഴല്‍വിളി നാദം ഉള്ള കല്യാണത്തിനു പോകുന്നതും ഹറാമാണ്‌. പീപ്പി, ചൂള എന്നിവയും നിഷിദ്ധമാകുന്നു. അതിനാല്‍ കളി വിനോദങ്ങള്‍ വിട്ടൊഴിഞ്ഞ്‌ പടച്ചവന്‍ കല്‍പ്പിച്ചതു പ്രകാരം ജീവിക്കാന്‍ നമുക്കും നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ; ആമീന്‍.?ഇസ്‌തംബൂളില്‍ നിന്നെഴുതിയയച്ച ഈ ഫത്‌വാ ഓടക്കല്‍ തറവാട്ടില്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌. (മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം, പേജ്‌187-189)

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും അല്‍ബയാന്‍ മാസികയുടെ എഡിറ്ററുമായിരുന്ന അബുല്‍കമാല്‍ മുഹമ്മദ്‌ മൗലവി കാടേരിയുടെ ഫത്‌വയും ഈയിനത്തിലുണ്ട്‌. 1952 ഏപ്രില്‍ ലക്കം അല്‍ബയാനില്‍ അദ്ദേഹം എഴുതി: ``ഇന്ന്‌ മലബാറിന്റെ ചില ഭാഗങ്ങളില്‍ ശുഹദാത്ത്‌, ഔലിയാത്ത്‌, സാദാത്ത്‌ എന്നീ മഹാന്മാരുടെ ഖബ്‌റിടങ്ങളില്‍ വെച്ചു നേര്‍ച്ച എന്ന പേരില്‍ നടത്തിവരുന്ന ആഘോഷങ്ങള്‍ -അതായത്‌ ചെണ്ടമുട്ട്‌, കുഴല്‍വിളി, കോല്‍ക്കളി, കത്തുകളി, ചട്ടിക്കളി, തട്ടിക്കളി, ആറാട്ടം, പോരാട്ടം, തോര്‍ത്തുവലി, ആര്‍ത്തുവിളി തുടങ്ങിയ പല തോന്ന്യാസങ്ങളും നടത്തപ്പെടുന്ന കാഴ്‌ചയാണല്ലോ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. അവയെല്ലാം നിരോധിക്കപ്പെട്ടതാകയാല്‍ അതില്‍ പങ്കെടുക്കാനും അവയോടനുകൂലിക്കാനും പാടില്ലാത്തതാകുന്നു'' (ഉദ്ധരണം: ആണ്ടുനേര്‍ച്ചയും ചില അപവാദങ്ങളും, പേ. 4)

(ഉദ്ധരണികള്‍ക്ക്‌ കടപ്പാട്‌: ഇസ്‌ലാമിക വിജ്ഞാനകോശം, ഐ പി എച്ച്‌ -1995)
Related Posts Plugin for WordPress, Blogger...

Popular Posts

Follow by Email

Total Pageviews