എ അബ്‌ദുസ്സലാം സുല്ലമി
``അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയിരുന്ന മദ്‌യന്‍ നിവാസികളിലേക്ക് നിയുക്തരായ ശൂഅയ്‌ബി(അ)ന്റെ ചരിത്രം ഖുര്‍ആനില്‍ പറയുന്നു (11:84). വിശ്വാസരംഗത്തെ ഏറ്റവും വലിയ തിന്മയായ ശിര്‍ക്കിനെ കയ്യൊഴിയാനായിരുന്നു ശുഅയ്‌ബ് നബിയുടെ മുഖ്യ ഉപദേശം. തുടര്‍ന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്നതിന്റെ ഗൗരവത്തെപ്പറ്റി ഉണര്‍ത്തുന്നത്. ഇവിടെയും മുന്‍ഗണനാക്രമം തെറ്റിച്ചിട്ടില്ല. കാരണം ഉത്തമ വിശ്വാസി വെട്ടിക്കുകയോ വഞ്ചിക്കുകയോ ഇല്ല തന്നെ. ഇതര സാമൂഹികതിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരില്‍ ശബ്‌ദിക്കരുതെന്ന് സലഫികള്‍ക്ക് അഭിപ്രായമുണ്ടോ? ഇല്ല. മറിച്ച് മുന്‍ഗണനാ ക്രമത്തിലെ പിഴവാണ് പ്രശ്‌നം.'' (ഭിന്നിപ്പ് വാരിക -2011 ജൂണ്‍ 3, പേജ് 12, ഇ യൂസഫ് സാഹിബ് നദ്‌വി)
മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ ഇവര്‍ ഉന്നയിച്ചിരുന്ന ഓരോ വാദങ്ങളും പ്രസ്ഥാനത്തിന്റെ പേരില്‍ ഉന്നയിച്ചിരുന്ന ജല്‌പനങ്ങളും ഞങ്ങള്‍ക്ക് അപ്രകാരം വാദമില്ലെന്നും ഞങ്ങള്‍ അപ്രകാരം ജല്‌പിച്ചിട്ടില്ലെന്നും പ്രഖ്യാപിച്ച് തിരുത്തുന്നതില്‍ ഇവര്‍ ഇപ്പോള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസരംഗത്തെ ഏറ്റവും വലിയ തിന്മയായ ശിര്‍ക്കിനെ കയ്യൊഴിയാനായിരുന്നു ശുഅയ്‌ബ് നബിയുടെ മുഖ്യ ഉപദേശം. തുടര്‍ന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്നതിന്റെ ഗൗരവത്തെ പറ്റി ഉണര്‍ത്തുന്നത് എന്ന് ഇവര്‍ എഴുതുന്നു. തുടര്‍ന്ന് എന്ന് ഇവര്‍ എഴുതിയ തുടര്‍ന്ന് എന്നതിന്റെ ഉദ്ദേശ്യത്തിലാണ് മുജാഹിദുകളും നവയാഥാസ്ഥിതികരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നത്. മുന്‍ഗണനാ ക്രമത്തിന്റെ പ്രശ്‌നത്തിലായിരുന്നില്ല. തുടര്‍ന്ന് എന്നതിന്റെ വിവക്ഷ ശുഅയ്‌ബ് നബി(അ)യുടെ സമുദായം പരിപൂര്‍ണമായും തൗഹീദ് ഉള്‍ക്കൊള്ളുകയും മുസ്‌ലിംകളാവുകയും ചെയ്‌ത ശേഷം എന്നായിരുന്നു ഇവര്‍ വ്യാഖ്യാനിച്ചത്.
ശുഅയ്‌ബ് നബി(അ) അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്ന സാമൂഹിക തിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരില്‍ ശബ്‌ദിച്ചത് അമുസ്‌ലിംകളോടായിരുന്നില്ല. പ്രത്യുത നവയാഥാസ്ഥിതികര്‍ പറയുന്ന തൗഹീദ് (ആരാധനയും പ്രാര്‍ഥനയും രണ്ടാണ്, മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കല്ല, പ്രാര്‍ഥനക്ക് മനുഷ്യകഴിവിന് അതീതമായ കാര്യത്തില്‍ എന്ന് പറയാന്‍ പാടില്ല. സൃഷ്‌ടികളുടെ കഴിവിന് അതീതം എന്ന് പറയണം. അദൃശ്യം, അഭൗതികം, കാര്യകാരണ ബന്ധത്തിന് അതീതം, മറഞ്ഞ വഴി എന്നെല്ലാം പറയണമെങ്കില്‍ മലക്കുകള്‍, ജിന്നുകള്‍, പോലീസ് നായ, മരം വലിക്കുന്ന ആന മുതലായ സര്‍വസൃഷ്‌ടികളുടെ കഴിവിനെയും പരിഗണിച്ചുകൊണ്ടായിരിക്കണം) പരിപൂര്‍ണമായും ഉള്‍ക്കൊണ്ട് മുസ്‌ലിംകളായ അദ്ദേഹത്തിന്റെ ജനതയോടായിരുന്നില്ല. അമുസ്‌ലിംകളോട് ആദ്യം തൗഹീദ് പറഞ്ഞശേഷം അവരെ തന്നെ അഭിമുഖീകരിച്ചുകൊണ്ടു ഒരൊറ്റ പ്രവാചകനും മറ്റുള്ള സാമൂഹിക ജീര്‍ണതയെ സംബന്ധിച്ച് പ്രബോധനം ചെയ്‌തിട്ടില്ല. ഇപ്രകാരം പ്രബോധനം ചെയ്യല്‍ സലഫികളുടെ ചര്യക്ക് എതിരാണ്. ഇപ്രകാരമെല്ലാം ഇവര്‍ പണ്ഡിതചര്‍ച്ചയില്‍ പോലും വാദിക്കുകയും ജല്‌പിക്കുകയും ചെയ്‌തിരുന്നു. അമുസ്‌ലിംകളെ അഭിമുഖീകരിച്ച് തൗഹീദ് മാത്രമേ പറയാന്‍ പാടുള്ളൂ എന്ന് ശക്തിയായി ഇവര്‍ വാദിച്ചു. ചില തെളിവുകള്‍ താഴെ ഉദ്ധരിക്കുന്നു:
1). യഥാര്‍ഥത്തില്‍ പ്രവാചകന്മാര്‍ മുന്‍ഗണനാക്രമം അനുസരിച്ച് ആദ്യം തൗഹീദ് പറയുകയും അതു സ്വീകരിച്ച വിശ്വാസികളെ മുന്‍നിര്‍ത്തി ക്രമാനുഗതമായി മറ്റു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു (അബ്‌ദുര്‍റഹ്‌മാന്‍ സലഫി, സുബൈര്‍ മങ്കട, ഹനീഫ കായക്കൊടി, കെ കെ സകരിയ്യ, കുഞ്ഞീതുമദനി, അലി അബ്‌ദുര്‍റസാഖ് മദനി, ഉണ്ണീന്‍കുട്ടി മൗലവി, മായിന്‍ കുട്ടി സുല്ലമി, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, എം എം മദനി മുതലായവര്‍ അവതരിപ്പിച്ച രണ്ടാം പ്രബന്ധം, പേജ് 17)
2). ആദ്യം തൗഹീദ് പറയും. അത് പലരും തള്ളും. ചിലരെങ്കിലും സ്വീകരിക്കും. സ്വീകരിച്ചവരെ മുന്‍നിര്‍ത്തി മറ്റു കാര്യങ്ങളും പറയും (അതേ പ്രബന്ധം, പേജ് 18)
3). ശുഅയ്‌ബ്, ലൂത്ത്(അ) പോലുള്ള നബിമാര്‍ എന്തു പ്രബോധനം ചെയ്‌തു എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നിടത്ത് സദാചാരപരവും സാമ്പത്തികവുമായ വിഷയങ്ങളുള്ളതിനാല്‍ അവര്‍ തൗഹീദിലും രിസാലത്തിലും വിശ്വാസമില്ലാത്തവരോടായിരുന്നു അത് പ്രബോധനം ചെയ്‌തിരുന്നത് എന്ന് മനസ്സിലാക്കാന്‍ അസാമാന്യമായ പക്ഷപാതിത്വം തന്നെ വേണം. യഥാര്‍ഥത്തില്‍ പ്രവാചകന്മാര്‍ മുന്‍ഗണനാ ക്രമമനുസരിച്ച് ആദ്യം തൗഹീദ് പറയുകയും അതു സ്വീകരിച്ച വിശ്വാസികളെ മുന്‍നിര്‍ത്തി ക്രമാനുഗതമായി മറ്റു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. അവിശ്വാസികള്‍ അത് കേള്‍ക്കുന്നുവോ കേള്‍ക്കുന്നില്ലയോ സ്വീകരിക്കുന്നുവോ സ്വീകരിക്കുന്നില്ലയോ എന്നത് വേറെ കാര്യം (പണ്ഡിത ധര്‍മമെന്നാല്‍, പേജ് 4)
സുബൈര്‍ മങ്കട ഇവരുടെ പ്രചാരകനായിരുന്ന കാലത്ത് ഇവരുടെ അംഗീകാരത്തോടു കൂടി പ്രസിദ്ധീകരിച്ച് ജാമിഅ നദ്‌വിയ്യയിലെ വിദ്യാര്‍ഥികള്‍ വിതരണം ചെയ്‌തിരുന്ന ഒരു ലഘുലേഖയാണിത്. തൗഹീദ് പറഞ്ഞ ശേഷം അമുസ്‌ലിംകളോടും സുന്നികളോടും മറ്റു സാമൂഹിക തിന്മകളെ സംബന്ധിച്ച് പ്രബോധനം ചെയ്യണം എന്നതല്ല `തുടര്‍ന്ന്' എന്നതുകൊണ്ട് ഇവര്‍ വിവക്ഷിക്കുന്നതെന്നും പ്രത്യുത തൗഹീദ് സമ്പൂര്‍ണമായും-അതുതന്നെ ഇവര്‍ പറയുന്ന തൗഹീദ്-സ്വീകരിച്ച് മുസ്‌ലിംകളായ സമൂഹത്തോടു മാത്രമേ മറ്റുള്ള ജീര്‍ണതകളെക്കുറിച്ച് പറയാന്‍ പാടുള്ളുവെന്നുമാണെന്ന് മുകളില്‍ ഉദ്ധരിച്ച പ്രസ്‌താവനകളില്‍ നിന്നുതന്നെ വ്യക്തമായി. പ്രവാചകന്മാര്‍ സാമൂഹിക തിന്മകളെ സംബന്ധിച്ച് പറഞ്ഞത് അമുസ്‌ലിംകളോടെല്ല പ്രത്യുത മുസ്‌ലിംകളോടാണെന്നും ഇവര്‍ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ ജല്‌പിച്ചിരുന്നുവെന്നും സുവ്യക്തമായി.
ഐ എസ് എം അമുസ്‌ലിംകളെ സംഘടിപ്പിച്ച് മദ്യപാനത്തിനും വ്യഭിചാരത്തിനും എതിരായി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചത് പ്രബോധനരംഗത്ത് അവര്‍ മുന്‍ഗണനാക്രമം തെറ്റിച്ചു എന്നും ഇത് ഇഖ്‌വാനികളുടെ പ്രബോധന ശൈലിയാണെന്നും ജല്‌പിക്കാന്‍ വേണ്ടിയായിരുന്നു പണ്ഡിത ചര്‍ച്ചയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ വരെ ഇവര്‍ ഇപ്രകാരം വാദിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ എന്തു പറയുന്നുവെന്ന് പരിശോധിക്കാം:
1). ``ലൂതിനെയും (നാം നിയോഗിച്ചു.) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകത്തില്‍ ഒരാളും തന്നെ ചെയ്‌തിട്ടില്ലാത്ത ഈ നീചവൃത്തി നിങ്ങള്‍ ചെയ്യുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുവിന്‍.) സ്‌ത്രീകള്‍ക്ക് പുറമെ പുരുഷന്മാരുടെ അടുത്ത് നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അത്രയുമല്ല നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകള്‍ തന്നെയാണ് എന്നു പറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞു നിന്നവരുടെ കൂട്ടത്തിലായിരുന്നു. നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെ ആയിരുന്നുവെന്ന് നോക്കുവിന്‍.'' (അഅ്‌റാഫ് 80-84)
``ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പ് തന്നെ അവര്‍ ദുര്‍ന്നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് പരിശുദ്ധിയുള്ളവര്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു മനുഷ്യനും ഇല്ലയോ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് തന്നെ അറിയാം.'' (ഹൂദ് 78,79),
ലൂത്വ് നബി(അ) തന്റെ ജനതയോടാണ് ലൈംഗിക ജീര്‍ണതയെ സംബന്ധിച്ച് സംസാരിക്കുന്നതെന്ന് അല്ലാഹു ഇവിടെ പറയുന്നു. ഈ ജനത തന്നെയാണ് അദ്ദേഹത്തെ നാട്ടില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചത്. ഈ ജതന തന്നെയാണ് ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകള്‍ എന്ന് പറഞ്ഞു അദ്ദേഹത്തെ പരിഹസിക്കുന്നത്. ഈ ജനതയെ തന്നെയാണ് അല്ലാഹു കുറ്റവാളികള്‍ എന്ന് പറയുന്നത്. ഈ ജനത തന്നെയാണ് അദ്ദേഹത്തിന്റെ അടുക്കലേക്ക് ഓടിവരുന്നത്. ഈ ജനതയെ അഭിമുഖീകരിച്ചുകൊണ്ടാണ് അദ്ദേഹം സ്‌ത്രീകളാണ് നിങ്ങള്‍ക്ക് കാമവികാരം നിര്‍വഹിക്കാന്‍ പരിശുദ്ധിയുള്ളതെന്നു പറയുന്നത്. തൗഹീദ് ശരിക്കും അംഗീകരിച്ച മുസ്‌ലിംകളാണ് ഇവിടെ ഉദ്ദേശിക്കുതെന്നാണ് നവയാഥാസ്ഥിതികരായ പണ്ഡിതന്മാര്‍ പ്രബന്ധത്തില്‍ പറയുന്നത്. ഒരു മനുഷ്യന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകാനും ഖുര്‍ആന്‍ നിഷേധിക്കാനും ഈ വാദം തന്നെ ധാരാളം മതിയാകുന്നതാണ്.
``അപ്പോള്‍ അദ്ദേഹത്തിന്റെ ജനത പറഞ്ഞു: നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന്.'' (അല്‍കബൂത് 29). ലൂത്വ് നബി(അ)യോടു ഇപ്രകാരം പറഞ്ഞത് തൗഹീദ് ശരിക്കും ഉള്‍ക്കൊണ്ട മുസ്‌ലിംകളായിരുന്നുവെന്ന് പറയുന്നവര്‍ സത്യനിഷേധികളായിത്തീരുന്നതാണ്.
2). ``മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും പൂര്‍ത്തിയാക്കുവിന്‍. ജനങ്ങള്‍ക്ക് അവരുടെ വസ്‌തുക്കളില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. ഭീഷണിയുണ്ടാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അതില്‍ വക്രതയുണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ സര്‍വ പാതകളില്‍ ഇരിക്കുകയും ചെയ്യരുത്.'' (അഅ്‌റാഫ് 85,86)
``അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്മാര്‍ ആരാധിച്ചുവരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കാനും ഞങ്ങളുടെ ധനത്തില്‍ ഞങ്ങള്‍ക്കിഷ്‌ടമുള്ളത് പ്രകാരം ഞങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കാനും നിന്നോട് നിര്‍ദേശിക്കുന്നത് നിന്റെ നമസ്‌കാരമാണോ?'' (ഹൂദ് 87)
``ഇവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്യുമായിരുന്നു'' (ഹൂദ് 91). ശുഐബ് നബി(സ) ഇവിടെ സാമ്പത്തിക അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് തൗഹീദ് പൂര്‍ണമായും അംഗീകരിച്ച മുസ്‌ലിംകളോടാണെന്നും ഈ മുസ്‌ലിംകളാണ് ഇപ്രകാരമെല്ലാം ആ പ്രവാചകനോട് പറഞ്ഞതെന്നും പറയുന്നവര്‍ തനിച്ച സത്യനിഷേധികളും ഖുര്‍ആന്‍ നിഷേധികളുമാണ്.
3). ``അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം; നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നില്ലേ? വൃഥാ അഹങ്കാരം കാണിക്കാനായി എല്ലാ കുന്നിന്‍പ്രദേശങ്ങളിലും നിങ്ങള്‍ ഗോപുരങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൗധങ്ങള്‍ ഉണ്ടാക്കുകയുമാണോ? നിങ്ങള്‍ ബലം പ്രായോഗിക്കുകയാണെങ്കില്‍ നിഷ്‌ഠൂരമായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീന്‍.'' (ശുഅറാഅ് 124-131) ആദ് സമൂഹത്തോട് ഹൂദ് നബി(അ) ഇവിടെ വീട് നിര്‍മാണത്തിലെ ജീര്‍ണതയെ സംബന്ധിച്ചും കയ്യേറ്റം ചെയ്യുന്നതിനെ സംബന്ധിച്ചും സംസാരിക്കുന്നത് തൗഹീദ് പൂര്‍ണമായും അംഗീകരിച്ച് ഹൂദ് നബിയില്‍ വിശ്വസിച്ച മുസ്‌ലിംകളെ അഭിമുഖീകരിച്ചുകൊണ്ടാണെന്ന് നവയാഥാസ്ഥിതികരുടെ പ്രബന്ധത്തില്‍ പറയുന്നത്.
4). ``അവരുടെ സഹോദരന്‍ സ്വാലിഹ് അവരോടു പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നില്ലേ? നിങ്ങള്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.'' (ശുഅറാഅ് 142,149). സമൂദ് ഗോത്രക്കാരോട് സ്വാലിഹ് നബി(അ) സാമൂഹിക ജീര്‍ണതയെക്കുറിച്ച് പറയുന്നത് അവരില്‍ തൗഹീദ് പൂര്‍ണമായും അംഗീകരിച്ച് സ്വാലിഹ് നബിയില്‍ വിശ്വസിച്ച മുസ്‌ലിംകളോടാണെന്നാണ് നവയാഥാസ്ഥിതികര്‍ വാദിച്ചിരുന്നത്. അമുസ്‌ലിംകളോട് തൗഹീദ് മാത്രമേ അവരെ അഭിമുഖീകരിച്ചുകൊണ്ട് പറയാന്‍ പാടുള്ളൂവെന്ന് ജല്‌പിക്കാനും മുകളിലത്തെ ആയത്തുകളെ വ്യാഖ്യാനിച്ച് ഇവര്‍ പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ ഇവരുടെ സ്ഥിതിയെന്താണെന്ന് മാന്യ വായനക്കാര്‍ ആലോചിക്കുക.