മരണപ്പെട്ടവരോട്‌ തവസ്സുല്‍ നടത്താമെന്നോ?

പി കെ മൊയ്‌തീന്‍ സുല്ലമി

തവസ്സുലിനെ ന്യായീകരിച്ചുകൊണ്ട്‌ യാഥാസ്ഥിതികര്‍ പറയുന്ന ഒരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കളെ കൊണ്ട്‌ `തവസ്സുല്‍' നടത്തുക മാത്രമേ ചെയ്യുന്നുള്ളൂ.''

മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു. കഅ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌. പക്ഷെ, മുസ്‌ല്യാക്കള്‍ തവസ്സുലാക്കിക്കൊണ്ടിരിക്കുന്ന രിഫായി ശൈഖും മുഹ്‌യിദ്ദീന്‍ ശൈഖും പ്രവാചകന്മാരെക്കാള്‍ എത്രയോ താഴെയാണ്‌ എന്ന വ്യത്യാസം മാത്രമേയുള്ളൂ.

മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു. കഅ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌. പക്ഷെ, മുസ്‌ല്യാക്കള്‍ തവസ്സുലാക്കിക്കൊണ്ടിരിക്കുന്ന രിഫായി ശൈഖും മുഹ്‌യിദ്ദീന്‍ ശൈഖും പ്രവാചകന്മാരെക്കാള്‍ എത്രയോ താഴെയാണ്‌ എന്ന വ്യത്യാസം മാത്രമേയുള്ളൂ.


വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പരാമര്‍ശം വന്നിട്ടുണ്ട്‌. അതില്‍ ഒരു പ്രവാചകനും അല്ലാഹുവിങ്കലേക്ക്‌ ആരെയും തവസ്സുലാക്കി പ്രാര്‍ഥിച്ചിട്ടില്ല. നിത്യജീവിതത്തില്‍ ചൊല്ലേണ്ട നിരവധി പ്രാര്‍ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഏതെങ്കിലും ഒരു മഹാനെ തവസ്സുലാക്കിക്കൊണ്ട്‌ ഒരു പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണം എന്നാണ്‌ അല്ലാഹുവും റസൂലും നമ്മോട്‌ കല്‌പിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു: ``നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട്‌ പ്രാര്‍ഥിക്കൂ. നിങ്ങള്‍ക്ക്‌ ഞാന്‍ ഉത്തരം നല്‌കാം'' (മുഅ്‌മിന്‍ 60). ``എന്റെ അടിമകള്‍ താങ്കളോട്‌ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാനവര്‍ക്ക്‌ ഏറ്റവും അടുത്തവനാണെന്നു പറയുക. എന്നോട്‌ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക്‌ ഞാനുത്തരം നല്‌കുന്നതാണ്‌'' (അല്‍ബഖറ 186) ``നാം അവന്റെ കണ്‌ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനാകുന്നു.'' (ഖാഫ്‌ 16)

അല്ലാഹുവോട്‌ മാത്രമേ അഭൗതികമായ നിലയില്‍ സഹായം തേടുകയുള്ളൂ എന്ന്‌ ഒരു മുസ്‌ലിം നമസ്‌കാരത്തില്‍ പലതവണ ആവര്‍ത്തിച്ചു അല്ലാഹുവോട്‌ കരാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ഫാതിഹ 5). മേല്‍വചനം വ്യാഖ്യാനിച്ച്‌ കോഴിക്കോട്‌ വലിയ ഖാസി എഴുതിയത്‌ ശ്രദ്ധിക്കുക: ``അവനോട്‌ മാത്രമേ പ്രാര്‍ഥിക്കാനും പാടുള്ളൂ. സഹായം തേടുന്നതുകൊണ്ട്‌ പ്രാര്‍ഥനയാണ്‌ ഉദ്ദേശം'' (അല്‍ബയാന്‍, പേജ്‌ 5). എ പി വിഭാഗം സുന്നികളുടെ നേതാവായിരുന്ന കെ വി എം പന്താവൂര്‍ മുസ്‌ലിയാരുടെ പരിഭാഷ ശ്രദ്ധിക്കുക: ``അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവനോട്‌ മാത്രമേ സഹായമര്‍ഥിക്കാവൂ എന്ന്‌ ഈ സൂക്തം മനുഷ്യനെ പഠിപ്പിച്ചു.'' (ബയാനുല്‍ഖുര്‍ആന്‍ 124)

സൂറത്ത്‌ അന്‍ബിയാഇലെ 98-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു. ``നിങ്ങളുടെയും ആരാധ്യനായ അല്ലാഹുവിന്റെയും ഇടയില്‍ യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യം തന്നെയില്ല. ഒരിക്കലും അല്ലാഹു അത്തരം ഇടയാളന്മാരെ നിര്‍ത്തുകയെന്നത്‌ ഇഷ്‌ടപ്പെടുന്നില്ല. മറിച്ച്‌ അവന്‍ അത്തരം കാര്യങ്ങളെ നിരോധിക്കുകയും എതിര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. ലോകത്ത്‌ കഴിഞ്ഞുപോയിട്ടുള്ള സകല അന്‍ബിയാക്കന്മാരുടെയും നാക്കിലൂടെ അതിനെ നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌.'' (ഇബ്‌നുകസീര്‍, അന്‍ബിയാഅ്‌ 98)

സൂറത്തുല്‍ ഫാതിഹയിലെ `നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന്‌ പറയാന്‍ കാരണം, മറ്റൊരാള്‍ക്ക്‌ എന്നെ സഹായിക്കണമെങ്കില്‍ നിന്റെ സഹായം വേണം എന്നതു കൊണ്ടാണ്‌. അഥവാ മറ്റൊരാള്‍ എന്നെ സഹായിക്കുകയെന്നത്‌ നിന്റെ സഹായം കൊണ്ടല്ലാതെ പൂര്‍ത്തിയാകുന്നതല്ല. അപ്പോള്‍ `നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്നതിന്റെ അര്‍ഥം നിന്നിലേക്കുള്ള സകല മധ്യവര്‍ത്തികളെയും ഞങ്ങള്‍ മുറിച്ചുകളയുന്നു' എന്നാണ്‌.'' (തഫ്‌സീറുല്‍ കബീര്‍, ഫാതിഹ 5)

ശാഫിഈ മദ്‌ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നുഹജറുല്‍ ഹൈതമി(റ) രേഖപ്പെടുത്തുന്നു: ``ഇസ്‌ലാമില്‍ നിന്നും പുറത്തുപോകുന്ന കാര്യങ്ങളില്‍ പെട്ടവയാണ്‌: അല്ലാഹുവിന്റെയും അവന്റെ അടിമയുടെയും ഇടയില്‍ മധ്യവര്‍ത്തികളെ സൃഷ്‌ടിച്ചുകൊണ്ട്‌ മധ്യവര്‍ത്തികളില്‍ കാര്യങ്ങള്‍ ഭരമേല്‌പിക്കുക, മധ്യവര്‍ത്തികളോട്‌ പ്രാര്‍ഥന നടത്തുക അവരോട്‌ കാര്യങ്ങള്‍ ചോദിക്കുക എന്നിവയെല്ലാം. ഇവയെല്ലാം മുര്‍തദ്ദായി പോകുന്ന സംഗതികളാണെന്ന്‌ പണ്ഡിതന്മാര്‍ ഏകോപിച്ച്‌ പ്രസ്‌താവിച്ചിരിക്കുന്നു.'' (കിതാബുല്‍ ഇഅ്‌ലാമി ബി ഖവാത്വിഇല്‍ ഇസ്‌ലാം, പേജ്‌ 389)

യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ടവരോട്‌ ചോദിക്കുന്നത്‌ അല്ലാഹു കൊടുത്ത കഴിവില്‍ നിന്നാണ്‌.''

മരണപ്പെട്ടവര്‍ക്ക്‌ മറ്റുള്ളവരെ സഹായിക്കുന്നത്‌ പോയിട്ട്‌ സ്വന്തം ശരീരത്തിന്‌ സഹായം ചെയ്യാന്‍ കഴിയുമോ? മുന്‍ഗാമികളായ പല ഭക്തന്മാരുടെയും മൃതശരീരങ്ങള്‍ വികൃതമാക്കപ്പെട്ടിട്ട്‌ എന്തുകൊണ്ട്‌ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല? ജീവന്‍ ഉള്‍ക്കൊള്ളുന്ന ആത്മാവും പഞ്ചേന്ദ്രിയങ്ങളും ഉള്‍പ്പെടുന്നതാണല്ലോ നമ്മുടെ ശരീരം. അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുമ്പോഴാണ്‌ ഒരാള്‍ മരിച്ചു എന്ന്‌ പറയാറുള്ളത്‌. എന്നാല്‍ ഖുറാഫീ ദര്‍ശന പ്രകാരം മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും തുല്യരാണ്‌ എന്നതാണ്‌. അന്ധനായ ഒരാള്‍ കൂരിരുട്ടിലും കണ്ണു കാണുന്നവനാണ്‌ എന്ന്‌ പറയുന്നതു പോലെ. അല്ലാഹു പറയുന്നു: ``ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുന്നതല്ല.'' (ഫാത്വിര്‍ 22)

നബി(സ) പറഞ്ഞു: ``ആദമിന്റെ മകന്‍ (മനുഷ്യന്‍) മരണപ്പെടുന്ന പക്ഷം മൂന്ന്‌ കാര്യങ്ങള്‍ ഒഴിച്ച്‌ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അവനില്‍ നിന്നും മുറിഞ്ഞുപോയി. ഉപകാരപ്രദമായ അറിവ്‌, അവനു വേണ്ടി പ്രാര്‍ഥിക്കുന്ന സദ്‌വൃത്തനായ സന്താനം, അവന്റെ മരണശേഷവും പ്രയോജനം എന്ന നിലയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ദാനധര്‍മം എന്നിവയാണവ'' (മുസ്‌ലിം). മേല്‍പറഞ്ഞ ആയത്തും ഹദീസും കൂട്ടിവായിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാവുന്ന കാര്യം ഇതാണ്‌: മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും തുല്യരല്ല. മരണത്തോടെ ഒരാളുടെ എല്ലാ കര്‍മങ്ങളും അവസാനിച്ചു. മരണം എന്നത്‌ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം വാങ്ങാനുള്ള തിരിച്ചുപോക്കാണ്‌. അല്ലാഹുവും റസൂലും എന്തു പഠിപ്പിച്ചാലും കറാമത്തിന്റെയും പോരിശയുടെയും പേരുപറഞ്ഞ്‌ അവയെ അന്ധമായി എതിര്‍ക്കുകയാണ്‌ ഇവിടത്തെ യാഥാസ്ഥിതിക പൗരോഹിത്യം ചെയ്യുന്നത്‌.

അല്ലാഹു കൊടുക്കാത്ത കഴിവ്‌ കൊടുത്തു എന്ന്‌ വാശിപിടിച്ച്‌ ന്യായീകരിക്കുന്നവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: ``ഞങ്ങള്‍ അല്ലാഹു കൊടുത്ത കഴിവില്‍ നിന്നാണ്‌ ചോദിക്കുന്നത്‌.'' സൂര്യന്‌ ചൂട്‌ നല്‌കാനും ചന്ദ്രന്‌ പ്രകാശം നല്‌കാനും അല്ലാഹു കഴിവ്‌ കൊടുത്തിട്ടുണ്ട്‌. നമ്മുടെ അനുഭവവും വിശുദ്ധ ഖുര്‍ആനും അപ്രകാരമാണ്‌ പഠിപ്പിക്കുന്നത്‌. എന്നാല്‍ സൂര്യതാപം കഠിനമാകുമ്പോള്‍ ചൂട്‌ കുറച്ചുകിട്ടാന്‍ സൂര്യനോട്‌ സഹായം തേടാമോ? ഇരുട്ടില്‍ നടക്കുന്ന ഒരാള്‍ക്ക്‌ വെളിച്ചം ലഭിക്കാന്‍ ചന്ദ്രനോട്‌ സഹായം തേടാമോ? നമ്മുടെ റൂഹിനെ പിടിക്കാന്‍ അല്ലാഹു ചുമതലപ്പെടുത്തിയതും കഴിവ്‌ നല്‌കിയതും അസ്‌റാഈല്‍ എന്ന മലക്കിനെയാണ്‌. ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഈ മലക്കിനോട്‌ സഹായം തേടാമോ? ഇടി, മിന്നല്‍, മഴ, കാറ്റ്‌ എന്നിവ ഉണ്ടാക്കാന്‍ അല്ലാഹു കഴിവ്‌ കൊടുത്തിട്ടുള്ളത്‌ മീകാഈല്‍ എന്ന മലക്കിനാണ്‌. മഴ കഠിനമാകുമ്പോള്‍ അത്‌ നിര്‍ത്തല്‍ ചെയ്യാനും ഇടിയില്‍ നിന്നും മിന്നലില്‍ നിന്നും രക്ഷ ലഭിക്കാനും ഈ മലക്കിനോട്‌ സഹായം തേടാമോ?

മേല്‌പറഞ്ഞ കഴിവുകളെല്ലാം അല്ലാഹു കൊടുത്തതാണ്‌. പക്ഷെ അവരോടൊക്കെ സഹായംതേടല്‍ ശിര്‍ക്കാണെന്ന കാര്യം വ്യക്തമാണ്‌. അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന്‌ ചോദിക്കുന്നതുപോലും ശിര്‍ക്കാവുമ്പോള്‍ അല്ലാഹു കൊടുക്കാത്ത കഴിവ്‌ കൊടുത്തു എന്ന്‌ കള്ളം പറഞ്ഞ്‌ അതിനെ ന്യായീകരിക്കല്‍ എത്ര വലിയ കുറ്റമാണ്‌?! ഞങ്ങള്‍ അല്ലാഹു കൊടുത്ത കഴിവില്‍ നിന്നാണ്‌ അല്ലാഹു അല്ലാത്ത ഞങ്ങളുടെ ആരാധ്യന്മാരില്‍ നിന്നും ചോദിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതായിരുന്നു മക്കാ മുശ്‌രിക്കുകളുടെയും വാദം: ``നിനക്ക്‌ യാതൊരു പങ്കുകാരനുമില്ല. ഒരു പങ്കുകാരനൊഴികെ. ആ പങ്കുകാരനും അവന്‍ ഉടമപ്പെടുത്തിയ (കഴിവുകളും) നീ ഉടമപ്പെടുത്തിയതാണ്‌'' (മുസ്‌ലിം). അഥവാ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയും ഉസ്സയും മനാതയും ഉടമപ്പെടുത്തിയത്‌ നീ കൊടുത്ത കഴിവുകളാണ്‌. അതില്‍ നിന്നാണ്‌ ഞങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നതും.

യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ട മഹത്തുക്കളോട്‌ സഹായം തേടുന്നത്‌ അവര്‍ സ്വയം കഴിവുള്ള ഇലാഹുകളാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടല്ല.''

ഈ വാദപ്രകാരം ലോകത്ത്‌ ഇന്നേവരെ ഒരു ബഹുദൈവവിശ്വാസിയും ഉണ്ടായിരിക്കുന്നതല്ല. കാരണം, ആരാധിക്കുന്ന ഒരാളും ആരാധിക്കപ്പെടുന്നവന്‍ സ്വയം കഴിവുള്ള ദൈവമാണെന്ന്‌ അംഗീകരിച്ചുകൊടുത്തിട്ടില്ല. മക്കയിലെ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യന്മാരെ സ്വയംകഴിവുള്ള സാക്ഷാല്‍ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശകരായിട്ടാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ യൂനുസ്‌ 18-ാം വചനത്തിലും അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്ന മധ്യവര്‍ത്തികളായിട്ടുമാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ സുമര്‍ 3-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. സൂറതുന്നഹ്‌ലിലെ 123-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``മലക്കുകളെ ആരാധിച്ചിരുന്നവര്‍ മലക്കുകള്‍ സ്വയം കഴിവുള്ള ദൈവങ്ങളാണെന്ന്‌ അംഗീകരിച്ചിരുന്നില്ല.'' (തഫ്‌സീറുല്‍ കബീര്‍, അന്നഹ്‌ല്‍ 123)

ഒരു കാര്യം ഹറാമും ശിര്‍ക്കുമായിത്തീരാന്‍ പ്രത്യേക നിയ്യത്തിന്റെ ആവശ്യമില്ല. വ്യഭിചാരവും പലിശയും മദ്യപാനവും ഇസ്‌ലാമില്‍ ഹറാമാണ്‌. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഇത്‌ വ്യഭിചാരമാണെന്നോ പലിശയാണെന്നോ മദ്യമാണെന്നോ വിശ്വസിച്ച്‌ അവ ഉപയോഗിച്ചെങ്കിലേ ഹറാമാകൂ എന്ന നിലയിലുള്ള നിബന്ധന അല്ലാഹു വെച്ചിട്ടില്ല. വ്യഭിചാരമാണെന്നോ പലിശയാണെന്നോ മദ്യമാണെന്നോ വിശ്വസിച്ചുകൊണ്ട്‌ ഉപയോഗപ്പടുത്തിയാലും വിശ്വാസമില്ലാതെ ഉപയോഗപ്പെടുത്തിയാലും അവ പ്രവര്‍ത്തിക്കല്‍ നിഷിദ്ധം തന്നെയാണ്‌. അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ്‌ നിഷിദ്ധമായിത്തീരുന്നത്‌. അതുപോലെ തന്നെയാണ്‌ ശിര്‍ക്കും. അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥിക്കുകയും അവര്‍ക്ക്‌ മറ്റുള്ള ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ്‌ അവരെ ഇലാഹാക്കുക എന്ന കര്‍മം നടക്കുന്നത്‌. വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ ഒരിടത്തും ഇലാഹാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ആരാധനാകര്‍മങ്ങള്‍ ചെയ്‌തെങ്കിലേ മറ്റുള്ളവര്‍ക്കുള്ള ആരാധനയാകൂ എന്ന്‌ പറഞ്ഞിട്ടില്ല. ചില ഹദീസുകളില്‍ നിന്നും അക്കാര്യം ബോധ്യപ്പെടും.

നബി(സ) പറയുന്നു: ``അല്ലാഹു അല്ലാത്തവരെക്കൊണ്ട്‌ വല്ലവനും സത്യം ചെയ്‌താല്‍ തീര്‍ച്ചയായും അവന്‍ മുശ്‌രിക്കായി, കാഫിറായി'' (തിര്‍മിദി). ``ലക്ഷണം നോക്കല്‍ ശിര്‍ക്കാണ്‌. ഇത്‌ മൂന്ന്‌ പ്രാവശ്യം നബി(സ) ആവര്‍ത്തിച്ചു പറഞ്ഞു.'' (അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍). ``വല്ലവനും ഉറുക്ക്‌ (ഏലസ്സ്‌) ശരീരത്തില്‍ ബന്ധിച്ചാല്‍ അവന്‍ മുശ്‌രിക്കായി'' (ഹാകിം). മേല്‍ പറയപ്പെട്ട സത്യം ചെയ്യപ്പെടുന്ന വലിയ്യും, ലക്ഷണം നോക്കപ്പെടുന്ന കറുത്ത പട്ടിയും, ഏലസ്സ്‌ മന്ത്രിച്ചൂതി നല്‍കിയ പുരോഹിതനും ഈ ലോകം സൃഷ്‌ടിച്ച ദൈവമാണെന്നോ ദൈവത്തിന്‌ തുല്യരാണെന്നോ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തുകൊണ്ട്‌ അവ ശിര്‍ക്കായി എന്ന്‌ പറഞ്ഞാല്‍, അല്ലാഹുവിന്റെ കഴിവില്‍പെട്ട ഖൈറും ശര്‍റും നല്‍കാന്‍ അവയില്‍ ഭരമേല്‍പിച്ചതുകൊണ്ടാണ്‌. അപ്പോള്‍ ഒരു കാര്യം ശിര്‍ക്കായിത്തീരാന്‍ പ്രാര്‍ഥിക്കപ്പെടുന്നവന്‍ ഇലാഹാണെന്ന്‌ വിശ്വസിക്കേണ്ടതില്ല.

സൂറത്‌ അഅ്‌റാഫിലെ 138-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``അല്ലാഹു അല്ലാത്തവര്‍ക്ക്‌ ആരാധനകളര്‍പ്പിക്കുകയെന്നത്‌ കുഫ്‌റാണെന്ന്‌ ലോകത്ത്‌ വന്നിട്ടുള്ള മുഴുവന്‍ അന്‍ബിയാക്കളും ഏകോപിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്ത ശക്തികള്‍ ഇലാഹാണെന്ന്‌ വിശ്വസിച്ചുകൊണ്ടായിരുന്നാലും, മറ്റുള്ളവര്‍ക്ക്‌ ഇബാദത്തെടുത്താല്‍ അത്‌ അല്ലാഹുവിങ്കലേക്ക്‌ തങ്ങളെ അടുപ്പിക്കും എന്ന്‌ വിശ്വസിച്ചുകൊണ്ടായിരുന്നാലും ശരി'' (തഫ്‌സീറുല്‍കബീര്‍, അഅ്‌റാഫ്‌ 138). അപ്പോള്‍ പ്രാര്‍ഥനയാകുന്ന ഇബാദത്ത്‌ മറ്റുള്ളവര്‍ക്ക്‌ അര്‍പ്പിക്കുന്നത്‌ അവര്‍ ദൈവമാണെന്ന്‌ വിശ്വസിച്ചുകൊണ്ടാണെങ്കിലും അല്ലെങ്കിലും കുഫ്‌റാണ്‌. ഈ വിഷയത്തില്‍ അന്‍ബിയാക്കള്‍ക്കിടയില്‍ തര്‍ക്കമില്ല എന്നാണ്‌ ഇമാം റാസി പ്രസ്‌താവിച്ചത്‌.

മറ്റൊരു വാദം ഇപ്രകാരമാണ്‌: ``ഖുര്‍ആനും ഹദീസും പഠിക്കേണ്ടത്‌ ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ നിന്നാണ്‌. മദ്‌ഹബിലൂടെ വിശ്വാസം ഉറപ്പിക്കണം.''

ഖുര്‍ആനിന്റെ വിശദീകരണം പഠിപ്പിക്കാന്‍ അല്ലാഹു ചുമതലപ്പെടുത്തിയത്‌ ഇമാമുകളെയല്ല. മറിച്ച്‌ നബി(സ)യെയാണ്‌. അല്ലാഹു പറയുന്നു: ``അദ്ദേഹം വേദഗ്രന്ഥവും തത്വജ്ഞാനവും അവരെ പഠിപ്പിക്കുന്നു'' (ജുമുഅ 3). എന്താണ്‌ തത്വജ്ഞാനം? ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``എല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ മതവുമായിട്ടാണ്‌ നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചത്‌. അതില്‍ നേര്‍വഴിയും ജനങ്ങള്‍ക്കാവശ്യമായ എല്ലാ വിധ വിശദീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌'' (മുഖ്‌തസ്വര്‍ ഇബ്‌നുകസീര്‍, ജുമുഅ 3). മേല്‍പറഞ്ഞ വിശദീകരണമാണ്‌ സുന്നത്ത്‌. അതുകൊണ്ടു തന്നെയാണ്‌ അല്ലാഹുവോടൊപ്പം നബി(സ)യെയും അനുസരിക്കാന്‍ അല്ലാഹു കല്‌പിക്കാന്‍ കാരണം. അത്‌ ഖുര്‍ആനില്‍ പരന്നുകിടക്കുന്ന വസ്‌തുതയാണ്‌.

അല്ലാഹു പറയുന്നു: ``വല്ല വിഷയത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍'' (അന്നിസാഅ്‌ 59). അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമില്ലെങ്കില്‍ ഏത്‌ നേതാവിന്റെ കല്‍പനയനുസരിച്ചും ജീവിക്കാം എന്നതാണ്‌ മേല്‍വചനത്തിന്റെ താല്‌പര്യം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്‌. ഇജ്‌മാഉം ഖിയാസും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പരിധിയില്‍ ഉള്‍പ്പെടുന്ന പ്രമാണങ്ങളാണ്‌. ഇമാമുകള്‍ എന്നത്‌ ഒരു പ്രമാണമല്ല. അത്‌ ഖുര്‍ആനിനും സുന്നത്തിനും വില കല്‌പിക്കാത്ത ഒരു വിഭാഗം യാഥാസ്ഥിതികരുടെ ജല്‍പനമാണ്‌. ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ നിങ്ങള്‍ ജീവിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴക്കുകയില്ല എന്നാണ്‌ നബി(സ) നമ്മെ പഠിപ്പിച്ചത്‌. ``രണ്ട്‌ കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ബാക്കിവെച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ ഒരിക്കലും വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും നബി(സ) യുടെ സുന്നത്തുമാണത്‌.'' (മാലിക്‌)

തന്നെ അന്ധമായി തഖ്‌ലീദ്‌ ചെയ്യണമെന്ന്‌ ഒരു ഇമാമും പ്രസ്‌താവിച്ചിട്ടില്ല. ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിക്കാനാണ്‌ നാല്‌ ഇമാമുകളും കല്‍പിച്ചത്‌. ഇമാം അബൂഹനീഫയുടെ പ്രസ്‌താവന കാണുക: ``ഞാന്‍ ഏത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ഫത്‌വ കൊടുത്തത്‌ എന്ന്‌ മനസ്സിലാക്കാത്തവന്‍ എന്റെ പേരില്‍ ഫത്‌വ കൊടുക്കല്‍ നിഷിദ്ധമാണ്‌'' (ശഅ്‌റാനി, മീസാനുല്‍കുബ്‌റാ 1:58). ഇമാം മാലിക്‌(റ) പറയുന്നു: ``എന്റെ വാക്ക്‌ ഖുര്‍ആനിനും സുന്നത്തിനും അനുകൂലമാണെങ്കില്‍ നിങ്ങളത്‌ സ്വീകരിക്കുക. അല്ലാത്തപക്ഷം തള്ളിക്കളയുക'' (ഇബ്‌നുഹസം, ഉസ്വൂലുല്‍ അഹ്‌കാം 6:149). ഇമാം ശാഫിഈ(റ) പ്രസ്‌താവിച്ചു: ``നിങ്ങളുടെ പക്കല്‍ നബി(സ)യുടെ ഹദീസ്‌ സ്വഹീഹായി വന്നിട്ടുണ്ടെങ്കില്‍ അതുകൊണ്ട്‌ നിങ്ങള്‍ പ്രസ്‌താവന നടത്തുക. എന്റെ പ്രസ്‌താവനയെ നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. ഒരു റിപ്പോര്‍ട്ടില്‍ എന്നെ നിങ്ങള്‍ അന്ധമായി അനുകരിക്കരുത്‌ എന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ എന്റെ വാക്കുകളിലേക്ക്‌ നിങ്ങള്‍ തിരിഞ്ഞുനോക്കുക പോലും ചെയ്യരുത്‌ എന്നും വന്നിട്ടുണ്ട്‌.'' (ഇബ്‌നുകസീര്‍, അല്‍ബിദായത്തു വന്നിഹായ 10:325). ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ പ്രസ്‌താവന ശ്രദ്ധിക്കുക. ``ഒരു വിഷയത്തില്‍ നബി(സ)യുടെ ഹദീസ്‌ വന്നിട്ടുണ്ടെങ്കില്‍ പിന്നെ ആ വിഷയത്തില്‍ അവിടുത്തെ സ്വഹാബികളുടെയോ അവര്‍ക്ക്‌ ശേഷം വന്നവരുടെയോ അഭിപ്രായങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കാറില്ല.'' (അല്‍മദ്‌ഖല്‍, പേജ്‌ 26)

അറിയപ്പെട്ട ഇമാമുകളാരും തന്നെ മദ്‌ഹബുകളുണ്ടാക്കുകയോ തങ്ങളെ ദീനില്‍ അന്ധമായി തഖ്‌ലീദ്‌ ചെയ്യണം എന്ന്‌ പ്രസ്‌താവിക്കുകയോ ചെയ്‌തിട്ടില്ല. മദ്‌ഹബുകള്‍ നിര്‍മിച്ചുണ്ടാക്കിയത്‌ ദുര്‍വാശിക്കാരായ അവരുടെ ശിഷ്യന്മാരാണ്‌. ഇമാം ഗസ്സാലിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``വല്ലവനും മദ്‌ഹബുകളിലോ അനാചാരങ്ങളിലോ വിശ്വാസപരമായ പക്ഷപാതിത്വങ്ങളിലോ മുഴുകുന്ന പക്ഷം അവനറിയാത്ത നിലയില്‍ അവന്‍ നശിച്ചുപോകും'' (ഇഹ്‌യാ 3:383). എന്നാല്‍ കേരളത്തില്‍ സുന്നത്ത്‌ ജമാഅത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഖുര്‍ആനോ സുന്നത്തോ മദ്‌ഹബുകളോ പ്രമാണമല്ല എന്നതാണ്‌ വസ്‌തുത. ഇവരുടെ മദ്‌ഹബ്‌ നാട്ടാചാരങ്ങളാണ്‌. ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പല ആചാരങ്ങളും ഇസ്‌ലാമിക വിരുദ്ധമാണെങ്കിലും പുരോഹിതന്മാര്‍ക്ക്‌ ഭൗതികമായ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നതാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews