അനുഷ്‌ഠാനങ്ങളിലെ തീവ്രതയും പുതിയ നിലപാടുകളും

ജംഷിദ്‌ നരിക്കുനി

മനുഷ്യസമൂഹത്തിന്റെ സുഗമവും യുക്തിഭദ്രവുമായ മുന്നേറ്റത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടി ദൈവം നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം. മനുഷ്യത്വ വിരുദ്ധമായ തത്വങ്ങളോ മാനവിക വിചാരങ്ങള്‍ക്ക്‌ എതിരായിട്ടുള്ള നിര്‍ദേശങ്ങളോ അതില്‍ കാണുകയില്ല. തത്വത്തിലും പ്രയോഗത്തിലും ഒരുപോലെ യോജിക്കുന്ന ദര്‍ശനം ഇസ്‌ലാമില്‍ മാത്രമേ സമ്പൂര്‍ണമായ അര്‍ഥത്തില്‍ കാണാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ഏത്‌ കാലത്തേക്കും യോജിക്കുന്ന തരത്തിലാണ്‌ അതിന്റെ ക്രമവും നിലനില്‌പും.
ലോകത്തുള്ള ഏറ്റവും നല്ല ജീവിതരീതിയുടെ പേര്‌ കൂടിയാണ്‌ ഇസ്‌ലാം. ഭൗതികതയും ആത്മീയതയും ഒരുപോലെ സമ്മേളിക്കുന്ന ഇസ്‌ലാംമതം മനുഷ്യന്‌ ദോഷംവരുത്തുന്ന സകലതിനെയും നിരോധിക്കുകയും മനുഷ്യോപകാരപ്രദമായ വിധത്തില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ്‌ ചെയ്‌തത്‌. എടുത്തുകളയലോ കൂട്ടിച്ചേര്‍ക്കലോ വേണ്ടതില്ലാത്തവിധം സമഗ്രവും സുതാര്യവുമായ സാരാംശങ്ങളാണ്‌ ഇസ്‌ലാമിനെ വിശിഷ്‌ടമാക്കിത്തീര്‍ക്കുന്നത്‌.

ഇസ്‌ലാം എന്ന മതം ജനങ്ങളിലേക്കെത്തിക്കുന്നതിന്‌ അല്ലാഹു സ്വീകരിച്ച മാര്‍ഗങ്ങളായിരുന്നു പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും. ജനങ്ങള്‍ക്കിടയിലെ ഏറ്റവും ഉത്തമരും മാതൃകായോഗ്യരുമായവരായിരുന്നു ഈ ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഓരോ കാലത്തിനും യോജിച്ച വിധത്തിലും ജനങ്ങളുടെ മാനസിക നിലവാരത്തിന്നനുസരിച്ചും വേദഗ്രന്ഥങ്ങളിലൂടെ അല്ലാഹു ജനങ്ങളിലേക്ക്‌ സന്ദേശങ്ങളെത്തിച്ചു. എല്ലാ സന്ദേശങ്ങളുടെയും വചനങ്ങളുടെയും ആന്തരിക സത്ത ഏകദൈവസിദ്ധാന്തത്തില്‍ നിന്ന്‌ വീര്യം സ്വീകരിച്ചവയായിരുന്നു. ഇങ്ങനെ പ്രവാചകന്മാരുടെ നിയോഗം നടന്നിട്ടില്ലാത്ത ഒരു സമൂഹവും ലോകത്ത്‌ കഴിഞ്ഞുപോയിട്ടില്ല. ``തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിനുവേണ്ടി)'' (വി.ഖു 16:36)


അല്ലാഹു ജനങ്ങളില്‍ നിന്നുതന്നെ തെരഞ്ഞെടുത്ത ദൂതന്മാര്‍ മാനുഷിക ഗുണഗണങ്ങളെല്ലാം ഉള്ളവരായിരുന്നു. വികാരവിചാരങ്ങളും അനുഭവങ്ങളും അനുഭൂതികളുമുള്ളവരായിരുന്നു. സന്തോഷവും സന്താപവും അനുഭവിച്ചവരായിരുന്നു. ദൂതന്മാരില്‍ ആരും സ്വയം ദിവ്യത്വം അവകാശപ്പെട്ടില്ല. ഞങ്ങളും അല്ലാഹുവിന്റെ വിനീത ദാസന്മാരാണെന്ന്‌ അവര്‍ ജനങ്ങളെ പഠിപ്പിക്കുകയുണ്ടായി. ഇങ്ങനെ മാനവര്‍ക്കായി അയയ്‌ക്കപ്പെട്ട മുഴുവന്‍ പ്രവാചകന്മാരെയും അംഗീകരിക്കാനും ആദരിക്കാനും ഖുര്‍ആന്‍ നമ്മോട്‌ ആവശ്യപ്പെട്ടു. പ്രവാചകന്മാര്‍ മുഖേന, വേദഗ്രന്ഥങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ട മതം, ജഗന്നിയന്താവായ അല്ലാഹുവിനെ കണ്ടെത്താനുള്ള ഏറ്റവും സുതാര്യമായ വഴിയാകുന്നു. സൃഷ്‌ടിച്ച്‌ പരിപാലിക്കുകയും സ്‌നേഹ, കാരുണ്യ കൃപാവരങ്ങള്‍കൊണ്ട്‌ പരിലാളനകളേല്‌പിക്കുകയും ചെയ്‌ത്‌ ലോകനാഥന്‍ മാനവരെ മുഴുക്കെയും അനുഗ്രഹിച്ചിരിക്കുന്നു.

പരലോക മോക്ഷത്തിനും ഇഹലോക ജീവിതനന്മയ്‌ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ സന്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്‌തു. മാനവതയെ മുഴുവന്‍ ആദരിച്ച മതമാണിത്‌. ``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാമവര്‍ക്ക്‌ ഉപജീവനം നല്‍കുകയും, നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‍കുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 17:70). മുസ്‌ലിംകളെന്നോ അമുസ്‌ലിംകളെന്നോ വ്യത്യാസം കൂടാതെ ലോകര്‍ക്കാകമാനം കാരുണ്യം ചൊരിയുന്ന കരുണാവാരിധിയുടെ സന്ദേശമാണ്‌ ഇസ്‌ലാം.

താനറിഞ്ഞ സത്യം ജനങ്ങള്‍ക്ക്‌ വേണ്ടി പ്രബോധനം ചെയ്യണമെന്ന്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഇസ്‌ലാം പ്രബോധനം ചെയ്യുന്നവര്‍ക്കായി അല്ലാഹു മികച്ച പ്രതിഫലം വാഗ്‌ദാനം നല്‍കുന്നുമുണ്ട്‌. പക്ഷെ ജനങ്ങള്‍ക്കിടയില്‍ എത്രതന്നെ പ്രബോധനം നടത്തിയാലും ചിലപ്പോള്‍ പ്രതീക്ഷിച്ചത്ര ഫലങ്ങള്‍ കണ്ടെന്നുവരില്ല. പ്രവാചകന്മാരുടെ പ്രബോധനചരിത്രം അക്കാര്യം വെളിപ്പെടുത്തുന്നുണ്ട്‌. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രബോധിത സമൂഹം ഒട്ടും ചെവികൊടുക്കാത്ത അവസ്ഥയും ഉണ്ടായെന്നുവരും. അപ്പോള്‍പോലും പ്രതീക്ഷ കൈവിടുകയോ, മടുപ്പ്‌ ബാധിച്ചവരായി ആലസ്യത്തിലമരുകയോ ചെയ്യരുതെന്നാണ്‌ മത കാഴ്‌ചപ്പാട്‌.

പ്രവാചകനോട്‌ അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിനക്കിഷ്‌ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു (വി.ഖു 28:56). നമ്മള്‍ വിശ്വസിക്കുന്ന ആദര്‍ശം മറ്റൊരുത്തനെ നിര്‍ബന്ധിച്ച്‌ വിശ്വസിപ്പിക്കേണ്ട ബാധ്യത നമുക്കില്ലെന്ന്‌ സാരം. മതപ്രബോധകന്മാരില്‍ ചിലരെങ്കിലും ഈ തത്വത്തെ വിസ്‌മരിക്കുന്നതായി കാണാം. താന്‍ പറയുന്ന കാര്യം ജനങ്ങള്‍ വിശ്വസിച്ചേപറ്റൂ എന്ന രൂപത്തില്‍ സംസാരിക്കുന്നവരുണ്ട്‌. താന്‍ വിശ്വസിക്കുന്നതാണ്‌ ശരിയെന്ന്‌ കരുതുന്നതിനോ അതിനു വേണ്ടി പ്രയത്‌നിക്കുന്നതിനോ ഒട്ടും കുഴപ്പമില്ല. എന്നാല്‍ താന്‍ ധരിച്ചത്‌ മറ്റുള്ളവരില്‍ കെട്ടിവെക്കുന്ന രീതിയിലുള്ള തീവ്രമായ ശൈലിയും സംസാരങ്ങളും ശരിയായ പ്രബോധനത്തിന്റെ രീതിയല്ല.

പുതിയ കാലത്ത്‌ ചില മുസ്‌ലിം പ്രബോധകന്മാരെങ്കിലും മതപരമായ അര്‍ഥത്തില്‍ `തീവ്ര'മായ ആശയങ്ങള്‍ കൊണ്ടുനടക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌ കാണാം. സുന്നത്തായ ചില കാര്യങ്ങളോട്‌ പൂര്‍ണമായ അര്‍ഥത്തില്‍ ശ്രദ്ധ കാണിക്കാത്തവര്‍ക്ക്‌ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കാന്‍ നമുക്ക്‌ അവസരമുണ്ട്‌. എന്നാല്‍ ചില സുന്നത്തുകളെ ഫര്‍ദിനെക്കാള്‍ വലുതായി സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നവരെ തിരുത്താന്‍ വലിയ അധ്വാനം തന്നെ വേണ്ടിവരും. പ്രബോധകന്മാരിലെ ചിലരെങ്കിലും ഇത്തരം തീവ്രവാദ സമീപനത്തിന്റെ സ്വാധീനത്തിലമരുന്നത്‌ ഇന്നത്തെ കാഴ്‌ചയാണ്‌. `താടിവെക്കാത്ത ഇമാമിനെ പിന്തുടര്‍ന്ന്‌ നമസ്‌കരിക്കുന്നത്‌ ഹറാമാണെന്നു'വരെ ചില പുതിയ പണ്ഡിതന്മാര്‍ ഫത്‌വ നല്‍കുന്നത്‌ അനാവശ്യമായ ഈ തീവ്രത മനസ്സില്‍ കൊണ്ടുനടക്കുന്നതു മൂലമാണ്‌.

എന്നാല്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തില്‍ ഇത്തരം തീവ്രസമീപനങ്ങള്‍ കാണാന്‍ കഴിയില്ല. അതിരുകവിയലോ, അത്യാചാരങ്ങളോ പാടില്ലെന്നാണ്‌ മതം പഠിപ്പിക്കുന്നത്‌. വേദക്കാരെ വിളിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ``വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌'' (4:171). തീവ്രവാദികള്‍ നശിച്ചിരിക്കുന്നുവെന്ന്‌ മുഹമ്മദ്‌ നബി(സ) മൂന്നുതവണ ആവര്‍ത്തിച്ചുപറഞ്ഞതില്‍ നിന്ന്‌ ഇതിന്റെ ഗൗരവം നമുക്ക്‌ ഉള്‍ക്കൊള്ളാനാവണം.

`തീവ്രവാദത്തിന്റെ വേരുകള്‍ക്ക്‌ പ്രവാചകന്മാരുടെ കാലത്തോളം പഴക്കമുള്ളതായി കാണാം. ആരാധനാരംഗത്ത്‌ കൂടുതല്‍ സജീവമാകണമെന്ന്‌ തീരുമാനിച്ചുറച്ച്‌ പ്രതിജ്ഞയെടുത്ത്‌ മടങ്ങിയ സ്വഹാബികളോട്‌ തീവ്രവാദം ആരാധനയില്‍ പോലും പാടില്ലെന്ന്‌ പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. ബ്രഹ്‌മചര്യം ഇസ്‌ലാമികമല്ലെന്നും ഉസ്‌മാനുബ്‌നു മദ്‌ഊനിനോടുള്ള ഉപദേശത്തിലൂടെ പഠിപ്പിക്കുകയുണ്ടായി. പ്രകൃതിക്കിണങ്ങുന്ന അതിരുകവിയാത്ത ജീവിതരീതി പിന്‍പറ്റാന്‍ അവിടുന്ന്‌ ഉണര്‍ത്തി. നിലനിര്‍ത്തിപ്പോകാവുന്ന തരത്തിലുള്ള ഒരു മധ്യമ മാര്‍ഗമാണ്‌ മതം പഠിപ്പിക്കുന്നത്‌. ``അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.'' (വി.ഖു 2:143)

എന്നാല്‍ ചിലയാളുകള്‍ ആരാധനാരംഗത്തും തീവ്രാചാരങ്ങള്‍ കടത്തിക്കൂട്ടുന്നതായി കാണാം. തീവ്രത പാപമാണെന്നും അതിന്റെ പരിണതി തകര്‍ച്ചയാണെന്നും മതം പറയുന്നു. തീവ്രവാദത്തിന്റെ വിഷക്കനി തിന്നവരോട്‌ മതം പറയുന്നത്‌ പ്രമാണങ്ങളുടെ വൈദ്യം സ്വീകരിക്കാനാണ്‌. എന്നാല്‍ മുസ്‌ലിംസമൂഹത്തിലെ ചിലര്‍ ആരാധനാപരമായ തീവ്രതയിലേക്കും ആശയപരമായ തീവ്ര നിലപാടുകളിലേക്കും നാള്‍ക്കുനാള്‍ ഒഴുകിനീങ്ങുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

തീവ്രതയുടെ വ്യത്യസ്‌തങ്ങളായ മുഖങ്ങള്‍ ഇന്ന്‌ സമൂഹത്തില്‍ കാണാം. അന്യമതസ്ഥരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ജീവിച്ചാലേ മതമനുഷ്‌ഠിക്കലാകൂ എന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, എത്രത്തോളം പൊതുസമൂത്തോട്‌ അടുക്കാമെന്നല്ല, അകലാമെന്നാണ്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌.

സ്‌ത്രീ സമൂഹത്തോട്‌ ആധുനിക മുസ്‌ലിം തീവ്രാശയക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌ വിവേചനം അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ്‌. സ്‌ത്രീകള്‍ മുഖം മറക്കേണ്ടവരാണ്‌ എന്ന്‌ വാദിക്കുന്നവരുണ്ട്‌. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുഹസം തന്റെ മുഹല്ലയെന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെയാണ്‌: ``സ്‌ത്രീകള്‍ തങ്ങളുടെസൗന്ദര്യം പ്രത്യക്ഷപ്പെടുത്തരുത്‌ എന്ന ദൈവവചനം നിര്‍ദേശിക്കുന്നത്‌ അവര്‍ തങ്ങളുടെ ശിരോവസ്‌ത്രം തങ്ങളുടെ മാറിടത്തിലൂടെ താഴ്‌ത്തിയിടുക എന്നത്രെ. അപ്പോള്‍ പിരടിയും മറയും. മുഖം മറക്കേണ്ടതില്ല എന്ന്‌ മാത്രമല്ല, മുഖം വെളിവാക്കി അവര്‍ക്ക്‌ വസ്‌ത്രം ധരിക്കാമെന്നും അങ്ങിനെയല്ലാതെ കഴിയുകയില്ലായെന്നും വ്യക്തമാകുന്നു.'' (3:217)

ബഹുജനങ്ങള്‍ക്കിടയില്‍ സ്‌ത്രീ മുഖം മറക്കണമെന്ന്‌ മതത്തില്‍ ശാസനയില്ല. അതുകൊണ്ടാണ്‌ പ്രവാചകന്റെ അടുത്തുപോലും മുഖം മറയ്‌ക്കാതെ ഒരുപാട്‌ സ്‌ത്രീകള്‍ വന്നിരുന്നത്‌. ഇങ്ങനെ മഹത്വത്തിന്റെയും മാനവികതയുടെയും ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ സ്‌ത്രീ സമൂഹത്തോട്‌ അനുഭാവപൂര്‍ണമായ നിലപാട്‌ സ്വീകരിക്കാന്‍ മുസ്‌ലിംസമൂഹം തയ്യാറാവേണ്ടതുണ്ട്‌. ഇപ്പറഞ്ഞതു കൊണ്ടൊന്നും മുഖംമറയ്‌ക്കല്‍ ഹറാമാണെന്ന്‌ വരുന്നില്ല. എന്നാല്‍ സ്‌ത്രീ നിര്‍ബന്ധമായും മുഖം മറയ്‌ക്കണമെന്ന വാദത്തില്‍ തീവ്രാശയത്തിന്റെ പ്രകടഭാവം നിഴലിച്ച്‌ കാണുന്നുണ്ട്‌. പ്രമാണങ്ങളില്‍ പ്രസ്‌താവിക്കപ്പെട്ട അടിസ്ഥാന തത്വങ്ങള്‍ അനുധാവനം ചെയ്യുന്നതിലൂടെ തന്നെ സ്‌ത്രീസമൂഹത്തിന്‌ സുരക്ഷയും സുരക്ഷിതത്വവും ലഭിക്കുമെങ്കില്‍ എന്തിനാണീ തീവ്രാശയം അവര്‍ക്കുമേല്‍ വെച്ചുകെട്ടുന്നത്‌?

മനുഷ്യന്‌ വിശ്വസിച്ചാചരിക്കാവുന്ന ജീവിതരീതിയാണ്‌ ഇസ്‌ലാം. എളുപ്പത്തിന്റെയും അയത്‌നസൗന്ദര്യത്തിന്റെയും ദര്‍ശനമാണത്‌. വീരാരാധനയോ തീവ്രരീതികളോ ശൈലികളോ അതിന്റെ സന്ദേശമല്ല. രൂപഭാവങ്ങളുടെ പ്രകടനങ്ങളല്ല പ്രധാനം. മറിച്ച്‌, ആന്തരിക ശുദ്ധീകരണവും സംസ്‌കരണവുമാണ്‌. അതുകൊണ്ടുതന്നെ ആരാധനാരംഗത്തായാലും അനുഷ്‌ഠാനരീതികളിലായാലും ജീവിതശൈലികളിലായാലും സമൂഹത്തില്‍ പുതുതായി പ്രസവിക്കപ്പെടുന്ന തീവ്രാശയങ്ങളെ പ്രതിരോധിക്കേണ്ടത്‌ മതത്തിന്റെ തനിമ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്‌. നമ്മുടെ സമൂഹത്തില്‍ വിശിഷ്യാ ആരാധനാരംഗത്ത്‌ ആരുമറിയാതെ നിലവില്‍വന്നുകൊണ്ടിരിക്കുന്ന പുത്തന്‍ രൂപഭാവങ്ങളെയും തീവ്രരീതിശാസ്‌ത്രങ്ങളെയും പ്രതിരോധിക്കേണ്ട ബാധ്യത ഒരു മധ്യമസമുദായമെന്ന നിലയ്‌ക്ക്‌ നമ്മുടെ നിര്‍ബന്ധ ബാധ്യതയാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews