ഹദീസുകള്‍ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാകുന്നതെങ്ങനെ?

എ അബ്‌ദുസ്സലാം സുല്ലമി

``ഹദീസില്‍ പറയുന്ന ആശയം ഉസൂലുകള്‍ക്ക്‌ (അടിസ്ഥാനതത്വങ്ങള്‍ക്ക്‌) എതിരാവാതിരിക്കുക എന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ ഹദീസ്‌ സ്ഥിരീകരിക്കാന്‍ നിര്‍ബന്ധമായി പറഞ്ഞതിന്റെ വിവക്ഷ ബുഖാരി, തിര്‍മിദി, അബൂദാവൂദ്‌ പോലെയുള്ള പ്രസിദ്ധമായ ഹദീസുഗ്രന്ഥങ്ങളില്‍ ആ ഹദീസ്‌ നിവേദനം ചെയ്യാതിരിക്കുക എന്നതു മാത്രമാണ്‌. (കെ കെ സകരിയ്യ സ്വലാഹിയുടെ വാദം)

ഈ വാദം വിവരമില്ലായ്‌മയുടെ പ്രകടനമാണ്‌. ഇദ്ദേഹം തന്നെ ഈ വാദത്തെ തകര്‍ക്കുന്നുണ്ട്‌. ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ അല്ലാഹുവിന്‌ കോപകരമാവുകയില്ലെന്ന ഒരു അടിസ്ഥാനതത്വം (ഉസ്വൂല്‍) ഇദ്ദേഹം സ്വയം പടച്ചുണ്ടാക്കി. അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന്‌ ഏറ്റവും കോപകരമായത്‌ ത്വലാഖാണെന്ന്‌ പറയുന്ന സ്വഹീഹായ ഹദീസിനെ ഇദ്ദേഹം ദുര്‍ബലമാക്കുന്നു. ഈ ഹദീസിന്റെ ഒരു പരമ്പര സ്വഹീഹാണെന്ന്‌ ഇദ്ദേഹം തന്നെ എഴുതുകയും ചെയ്യുന്നു (അല്‍മനാര്‍ മാസിക -2005 ഫെബ്രുവരി, പേജ്‌ 10).


യഥാര്‍ഥത്തില്‍ പച്ചയും നീലയും നിറമുള്ള വസ്‌ത്രം ധരിക്കാനും പുട്ട്‌, നെയ്യപ്പം മുതലായവ ചുടാനും തിന്നാനും രണ്ട്‌ വീട്‌ നിര്‍മിക്കാനും നീളമുള്ള വസ്‌ത്രം ധരിക്കാനും ഇസ്‌ലാം അനുവദിച്ചതു പോലെ അനുവദിച്ചതല്ല വിവാഹമോചനം. എന്നാല്‍ നിര്‍ബന്ധിത അവസ്ഥയില്‍ നിഷിദ്ധമെല്ലാം ഇസ്‌ലാം അനുവദനീയമാക്കുന്നു. ഇത്തരം നിര്‍ബന്ധിതാവസ്ഥയില്‍ അനുവദിച്ചതാണ്‌ ത്വലാഖ്‌. ഒരാളെ ശത്രുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ കുഫ്‌റിന്റെ പദം ഉച്ചരിച്ച്‌ അയാള്‍ക്ക്‌ രക്ഷപ്പെടാം.

നിര്‍ബന്ധാവസ്ഥയില്‍ വിഗ്രഹത്തിന്‌ അറുത്തത്‌, പന്നിമാംസം, ശവം, മദ്യം മുതലായവ ഉപയോഗിക്കല്‍ വിശുദ്ധ ഖുര്‍ആന്‍ അനുവദിക്കുന്നു. ഒരാള്‍ ഇവയെല്ലാം നിര്‍ബന്ധാവസ്ഥയില്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ അയാളുടെ കുടുംബത്തിലോ സമൂഹത്തിലോ ഇതുകൊണ്ട്‌ യാതൊരു തിന്മയും കുഴപ്പവും സംഭവിക്കുന്നില്ല. ചിലപ്പോള്‍ ഇയാള്‍ രക്ഷപ്പെടുന്നതുകൊണ്ട്‌ കുടുംബത്തിനും സമൂഹത്തിനും ഉപകാരമായിരിക്കും.

എന്നാല്‍ നിര്‍ബന്ധാവസ്ഥയില്‍ ത്വലാഖ്‌ പിരിച്ചാലും അതുകൊണ്ട്‌ ചില തിന്മകള്‍ ഉണ്ടാവുന്നു. കുടുംബബന്ധം ശിഥിലമാകുന്നു. കുട്ടികള്‍ക്ക്‌ മാതാപിതാക്കളുടെ സ്‌നേഹം ഒന്നിച്ച്‌ ലഭിക്കാതിരിക്കുന്നു. ഇതുകൊണ്ടാണ്‌ നിര്‍ബന്ധാവസ്ഥയില്‍ അനുവദിച്ച കാര്യങ്ങളില്‍ അല്ലാഹുവിന്‌ വെറുക്കപ്പെട്ടത്‌ വിവാഹമോചനമാണെന്ന്‌ നബി(സ) പ്രസ്‌താവിച്ചത്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ(റ) മുതലായവര്‍ ഇപ്രകാരം മറുപടി പറയുന്നു. എന്നിട്ടും ഇദ്ദേഹം അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാണെന്ന്‌ ജല്‌പിച്ച്‌ ഈ ഹദീസിനെ ദുര്‍ബലമാക്കി തള്ളിക്കളയുന്നു.

ബുഖാരി മുസ്‌ലിമിനെക്കാള്‍ പ്രസിദ്ധമായ ഹദീസ്‌ ഗ്രന്ഥങ്ങള്‍ വേറെയില്ല. ഈ ഗ്രന്ഥങ്ങളിലെ ചില ഹദീസുകള്‍ പോലും ഖുര്‍ആനിനും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും സുവ്യക്തമായ മനുഷ്യബുദ്ധിക്കും എതിരാണെന്ന്‌ പ്രഖ്യാപിച്ച്‌ പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്മാരും മദ്‌ഹബിന്റെ ഇമാമുകളും സ്വീകരിക്കാതിരുന്നത്‌ കാണാം. ഗ്രന്ഥങ്ങള്‍ സൂക്ഷ്‌മപാരായണത്തിന്‌ വിധേയമാക്കുന്ന ഏതൊരാള്‍ക്കും ഈ കാര്യത്തിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്‌. ചിലത്‌ മാത്രം താഴെ കൊടുക്കുന്നു. ഇവര്‍ പറഞ്ഞ നിരീക്ഷണങ്ങളെല്ലാം സര്‍വ സമ്മതമാണെന്ന്‌ അഭിപ്രായമില്ലെങ്കിലും ഇപ്രകാരം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാത്രം ഇവര്‍ ഹദീസ്‌ നിഷേധികളാണെന്ന്‌ നവയാഥാസ്ഥിതികര്‍ വാദിക്കുമോ?

1). ബുഖാരി ഉദ്ധരിക്കുന്ന 368-ാം നമ്പര്‍ ഹദീസിനെ ആശയത്തെ അടിസ്ഥാനമാക്കി ഇമാം ഖത്വാബി(റ)യും ഇബ്‌നുഖുതൈബ(റ)യും ദുര്‍ബലമായി കാണുന്നു (ഫതുഹുല്‍ബാരി 8:621).

2. ബുഖാരിയിലെ 3849-ാം നമ്പര്‍ ഹദീസ്‌ ഖുര്‍ആന്റെ അടിസ്ഥാനതത്വത്തിന്‌ എതിരാണെന്ന്‌ പ്രസ്‌താവിച്ച പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്‌നു അബ്‌ദില്‍ ബിര്‍റ്‌(റ) ദുര്‍ബലമായി കാണുന്നു. (ഫത്‌ഹുല്‍ബാരി 8:806)

3. ഇമാം ബുഖാരി ഉദ്ധരിക്കുന്ന 3989-ാം നമ്പര്‍ ഹദീസിനെ ഇമാം ദിയാത്വിയും ഇമാം ഇബ്‌നുജൗസി(റ)യും ആശയത്തെ അടിസ്ഥാനമാക്കി വിമര്‍ശിക്കുന്നു. ഇതുപോലെ ഇബ്‌നുഖയ്യിമും. (ഫതുഹുല്‍ബാരി 9:233)

4. ബുഖാരി നിവേദനം ചെയ്യുന്ന 4251-ാം നമ്പര്‍ ഹദീസിനെ ഇമാം ബൈഹഖി(റ) അടിസ്ഥാന തത്വത്തിന്റെ പേരില്‍ ഉപേക്ഷിക്കുന്നു. (ഫതുഹുല്‍ബാരി 9:543)

5. ബുഖാരി ഉദ്ധരിക്കുന്ന 4548-ാം നമ്പര്‍ ഹദീസിനെ ഇമാം നവവി(റ) ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തിന്‌ എതിരാണെന്നു പറഞ്ഞു വിമര്‍ശിക്കുന്നു. (ഫതുഹുല്‍ബാരി 10:91)

6. ബുഖാരി ഉദ്ധരിക്കുന്ന 4672-ാം നമ്പര്‍ ഹദീസിനെ അടിസ്ഥാന തത്വത്തിന്‌ എതിരാണെന്നു പറഞ്ഞു ഇമാം ഗസ്സാലി(റ), ഖാളീ അബൂബക്കര്‍(റ), ഇമാമുല്‍ ഹറമൈനി(റ), ഇമാം ദാവിദി(റ) എന്നിവരും ഒരു സംഘം പ്രഗത്ഭരായ ഇമാമുകളും ദുര്‍ബലമാക്കുന്നു (ഫതുഹുല്‍ബാരി 10:284). ഈ ഹദീസ്‌ മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്‌. ഖുര്‍ആന്റെ അര്‍ഥം ഉമറിനെ(റ)ക്കാള്‍ മുഹമ്മദ്‌ നബിക്കാണ്‌ അറിയുക എന്നതാണ്‌ ഇവിടെ അടിസ്ഥാനതത്വമായി ഇവര്‍ എടുത്തുപറയുന്നത്‌.

7. ബുഖാരിയിലെ 4769-ാം നമ്പര്‍ ഹദീസിനെ ഖുര്‍ആനിന്‌ എതിരാണെന്നു പറഞ്ഞു പൂര്‍വികരായ പണ്ഡിതന്മാര്‍ വിമര്‍ശിക്കുന്നു. ബുഖാരിയുടെ നിവേദകനായ ഇസ്‌മാഈലിയും അവരില്‍ ഉള്‍പ്പെടുന്ന (ഫതുഹുല്‍ബാരി 10:528)

8. ബുഖാരിയിലെ 4850 നമ്പര്‍ ഹദീസിനെ ആശയത്തെ പരിഗണിച്ച്‌ ഇബ്‌നു ഫൗറക്ക്‌(റ) ഇബ്‌നു ജൗസി(റ) മുതലായവര്‍ ദുര്‍ബലപ്പെടുത്തുന്നു. (ഫതുഹുല്‍ബാരി 10:677)

9. ബുഖാരി ഉദ്ധരിക്കുന്ന 5004-ാം നമ്പര്‍ ഹദീസിനെ ആശയത്ത അടിസ്ഥാനമാക്കിക്കൊണ്ടു ഒരു സംഘം ഇമാമുകള്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ടെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. ഇമാം ബൈഹഖി(റ)യും ഈ ഹദീസിനെ ദുര്‍ബലമാക്കുന്നു (ഫതുഹുല്‍ബാരി 11:255).

10. ബുഖാരി നിവേദനം ചെയ്യുന്ന 6548-ാം നമ്പര്‍ ഹദീസിനെ ഹാഫിള്‌ അബൂബക്കര്‍, ഹാഫിള്‌ ഇബ്‌നു അറബി മുതലായവര്‍ മനുഷ്യന്റെ വ്യക്തമായ ബുദ്ധിക്ക്‌ എതിരാണെന്ന്‌ പറഞ്ഞു വിമര്‍ശിക്കുന്നു. (ഫതുഹുല്‍ബാരി 14:644). ഈ ഹദീസുകള്‍ എല്ലാം തന്നെ ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്നു.

11. ബുഖാരി ഉദ്ധരിക്കുന്ന 7517-ാം നമ്പര്‍ ഹദീസിനെ ആശയത്തെ അടിസ്ഥാനമാക്കി ഇമാം നവവി(റ) ഇമാം ഖത്വാബി(റ) മുതലായ ഒരു സംഘം പണ്ഡിതന്മാര്‍ വിമര്‍ശിക്കുന്നു (ഫതുഹുല്‍ബാരി 17:404).

12. ബുഖാരിയിലെ 7449-ാം നമ്പര്‍ ഹദീസിനെ ഖുര്‍ആനിന്റെ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം ബല്‍ഖീനി(റ) വിമര്‍ശിക്കുന്നു. അതുപോലെ ഇബ്‌നു ഖയ്യിം(റ) ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്നു (ഫതുഹുല്‍ബാരി 17:341). ഇമാം ബല്‍ഖനി(റ) ഇബ്‌നു ഹജറിന്റെ ഉസ്‌താദാണ്‌.

13. ബുഖാരിയിലെ 4101�-ാം നമ്പര്‍ ഹദീസിനെ അടിസ്ഥാന തത്വത്തിന്റെ വെളിച്ചത്തില്‍ ഹാഫിള്‌ ഇബ്‌നു ഹിബ്ബാന്‍(റ) ദുര്‍ബലമായി കാണുന്നു (സ്വഹീഹ്‌ ഇബ്‌നു ഹിബ്ബാന്‍ 4:170). ``കല്ല്‌ വിശപ്പിനെ തടുക്കുകയില്ല.''എന്നതാണ്‌ ഇബ്‌നു ഹിബ്ബാന്‍(റ) ഇവിടെ അടിസ്ഥാനതത്വമായി പറയുന്നത്‌.

14. നവയാഥാസ്ഥിതികര്‍ തന്നെ പ്രസിദ്ധീകരിച്ച മുസ്‌ലിമിന്റെ പരിഭാഷയില്‍ എഴുതുന്നതും കാണുക: മുഹമ്മദ്‌ എന്ന്‌ പേരുവിളിച്ചാല്‍ ആ കുട്ടിയും പിതാവും സ്വര്‍ഗാവകാശികള്‍ തന്നെ എന്ന വചനവും നിരൂപകന്‍മാര്‍ തള്ളിപ്പറഞ്ഞു. കാരണം ഇസ്‌ലാമിന്റെ അടിസ്ഥാനതത്വത്തിന്‌ വിരുദ്ധമാണ്‌ ഈ ആശയം (പേജ്‌ 52). സ്വര്‍ഗപ്രവേശത്തിന്‌ അടിസ്ഥാനം വിശ്വാസവും പുണ്യകര്‍മം പ്രവര്‍ത്തിക്കലുമാണെന്നതാണ്‌ അടിസ്ഥാന തത്വമായി ഇവര്‍ ഇവിടെ കാണുന്നത്‌. വീണ്ടും എഴുതുന്നു. അതിശയോക്തി കലര്‍ന്ന ശിക്ഷയോ പ്രതിഫലമോ വാഗ്‌ദാനം ചെയ്യുന്ന വചനങ്ങള്‍ ദുഹാ നമസ്‌കാരം നിര്‍വഹിച്ചാല്‍ എഴുപത്‌ പ്രവാചകന്മാരുടെ പുണ്യം ലഭിക്കുന്നതാണ്‌ എന്ന വചനം വ്യാജമാണെന്ന്‌ വിധിയെഴുതപ്പെട്ടത്‌ ഈയടിസ്ഥാനത്തിലാണ്‌ (മുസ്‌ലിമിന്റെ പരിഭാഷ: പേജ്‌ 53). ഇവിടെ ഇവര്‍ അടിസ്ഥാനം (ഉസൂല്‍) എന്ന്‌ പറയുന്നത്‌ അതിശോക്തി കലര്‍ന്ന ശിക്ഷയോ പ്രതിഫലമോ വാഗ്‌ദാനം ചെയ്യുന്നതിനെയാണ്‌. പ്രസിദ്ധ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യാതിരിക്കുക എന്നതല്ല.

15. കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍ എഴുതിയ സുന്നത്ത്‌, അര്‍ഥവും പ്രാധാന്യവും എന്ന പുസ്‌തകത്തില്‍ പറയുന്നു: വ്യഭിചാര പുത്രന്റെ ഏഴു തലമുറ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നത്‌ വ്യാജമാണെന്ന്‌ ഇക്കാരണത്താലാണ്‌ വിധിക്കപ്പെട്ടത്‌. കാരണം കുറ്റം ചെയ്‌ത ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കേണ്ടതില്ല എന്ന ഖുര്‍ആന്‍ വചനത്തിന്നെതിരാണ്‌ ഉപര്യുക്ത ആശയം (പേജ്‌ 41). ഇവിടെ ഇവര്‍ അടിസ്ഥാന തത്വമായി (ഉസൂലായി) കാണുന്നത്‌ ``കുറ്റം ചെയ്‌ത ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കേണ്ടതില്ല'' എന്ന വിശുദ്ധ ഖുര്‍ആന്റെ തത്വമാണ്‌. അതല്ലാതെ കെ കെ സകരിയ്യ വാദിക്കുന്നതുപോലെ പ്രസിദ്ധ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഈ ഹദീസ്‌ ഉദ്ധരിക്കപ്പെടാതിരിക്കുന്നു എന്നതല്ല.

16. വീണ്ടും ഇദ്ദേഹം എഴുതുന്നു: അതുപോലെ പണ്ഡിതന്മാര്‍ തള്ളിയ മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌. ``സത്യവുമായി പൊരുത്തമുള്ള ഒരു ഹദീസ്‌ എന്നില്‍ നിന്നുദ്ധരിക്കപ്പെട്ടാല്‍ നിങ്ങളത്‌ സ്വീകരിക്കുക. ഞാനത്‌ പറഞ്ഞില്ലെങ്കിലും'' പ്രസിദ്ധമായ സ്വീകാര്യ യോഗ്യമായി വന്ന മറ്റൊരു നബി വചനത്തിന്നെതിരായതു കൊണ്ടാണ്‌ മേല്‍ വചനം തള്ളപ്പെട്ടത്‌. നബി(സ) പറഞ്ഞു: എന്റെ പേരില്‍ ആരെങ്കിലും കരുതിക്കൂട്ടി കളവു പറഞ്ഞാല്‍ അവന്റെ വാസസ്ഥലം നരകമാണെന്നുറപ്പിച്ചുകൊള്ളട്ടെ (സുന്നത്ത്‌: പേജ്‌ 42) ഇവിടെ ഇവര്‍ അടിസ്ഥാന തത്വമായി അംഗീകരിക്കുന്നതു ഈ ഹദീസില്‍ പറഞ്ഞ തത്വത്തെയാണ്‌. പ്രസിദ്ധപ്പെട്ട ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെടാത്തതിനെയല്ല.

17. പറപ്പൂര്‍ തന്നെ വീണ്ടും എഴുതുന്നത്‌ കാണുക: റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വചനങ്ങള്‍ അതിശയോക്തിപരമോ പക്ഷപാത പരമോ ആയിരിക്കുക (സുന്നത്ത്‌: അര്‍ഥവും പ്രാധാന്യവും: പറപ്പൂര്‍, പേജ്‌ 42). ഒരു പ്രസിദ്ധ ശിആ പക്ഷക്കാരനായ ഹബ്ബഇബ്‌നു ഇവൈല്‍ പറയുന്നു: അലി(റ) പറയുന്നത്‌ ഞാന്‍ കേട്ടു. ഈ സമുദായത്തില്‍ ഏതൊരാളും അല്ലാഹുവിനെ ആരാധിക്കാന്‍ തുടങ്ങുന്നതിന്റെ അഞ്ചോ ഏഴോ കൊല്ലം മുമ്പ്‌ തന്നെ ഞാനും റസൂലും അല്ലാഹുവിനെ ആരാധിച്ചു തുടങ്ങിയിരുന്നു. ഇത്‌ റിപ്പോര്‍ട്ടു ചെയ്‌ത വ്യക്തിയുടെ ശിആ പക്ഷപാതിത്വം കാരണത്താല്‍ ഇതു വിശ്വസിച്ചുകൂടാ എന്ന്‌ ഇബ്‌നു ഹിബ്ബാന്‍ പറഞ്ഞിരിക്കുന്നു (അതേ പുസ്‌തകം, പേജ്‌ 42). ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്ന ചില നിവേദനങ്ങള്‍ നിരാകരിക്കാന്‍ കാരണം പ്രസിദ്ധമായ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഈ ഹദീസ്‌ ഉദ്ധരിക്കാതിരുന്നതാണെന്ന്‌ ഇവരാരും ഇവിടെ വാദിക്കുന്നില്ല. മറിച്ച്‌, ശിയാപക്ഷപാതിത്വമാണ്‌ കാരണമായി പറയുന്നത്‌. കെ കെ സകരിയ്യ വാദിച്ച തരത്തിലുള്ള തത്വമല്ല പ്രഗത്ഭരായ ഹദീസ്‌ നിരൂപകന്മാര്‍ ചില നിവേദനങ്ങള്‍ തള്ളിക്കളയുന്നതിന്‌ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌.

ഉമര്‍(റ)വിനെ നബി(സ)യുടെ ഖബറിന്റെ അടുത്ത്‌ ഖബറടക്കിയ ശേഷം ആഇശ(റ) പര്‍ദ ധരിച്ചാണ്‌ അവിടെ പ്രവേശിക്കുന്നത്‌. ഇതു മരണപ്പെട്ട ഉമര്‍(റ) അവരുടെ നഗ്നത കാണാതിരിക്കുവാന്‍ വേണ്ടിയായിരുന്നു എന്ന്‌ യാഥാസ്ഥിതികര്‍ ജല്‌പിക്കുമ്പോള്‍ സക്കരിയ്യ സ്വലാഹി അതിന്ന്‌ മറുപടി പറഞ്ഞിരുന്നത്‌ ഇപ്രകാരമാണ്‌: ``കല്ലിന്റെയും മണ്ണിന്റെയും ഉള്ളിലൂടെ ഉമര്‍(റ) കാണുമെങ്കില്‍ വസ്‌ത്രത്തിന്റെ ഉള്ളിലൂടെയും ആഇശ(റ)യുടെ നഗ്നത ഉമര്‍(റ) കാണുകയില്ലേ.'' ഇവിടെ ഇദ്ദേഹം അടിസ്ഥാന തത്വമായി സ്വീകരിച്ചത്‌ എന്താണ്‌? ഇദ്ദേഹത്തിന്‌ ഇപ്പോള്‍ അലര്‍ജിയായി മാറിയിട്ടുള്ള കേവല ബുദ്ധിയെ തന്നെയാണ്‌. ഇവര്‍ വാദിക്കുന്നത്‌ എന്താണെന്ന്‌ ഇവര്‍ക്കുതന്നെ അറിയില്ല എന്നതാണ്‌ ഏറെ വിചിത്രം!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews