തിരിച്ചടിയായ ഒരു മുഖപ്രസംഗം

അബൂഹിമ ചെമ്മാട്‌

അന്യായമായി ആദര്‍ശവ്യതിയാനമാരോപിച്ചതിന്റെ അനിവാര്യമായ അനന്തരഫലങ്ങള്‍ അരങ്ങത്തും അണിയറയിലും ഒരുപോലെ അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നതിനിടക്കാണ്‌ നവയാഥാസ്ഥിതിക പാളയത്തില്‍ നാലാളറിഞ്ഞ്‌ ഒരു തെരഞ്ഞെടുപ്പ്‌ കടന്നുപോയത്‌. ജിന്നും ഇന്‍സും തമ്മില്‍ പ്രാദേശികതലം തൊട്ട്‌ നടന്ന കയ്യാങ്കളികള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും കാലുവാരലിനുമൊടുവില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ സംസ്ഥാന നേതൃത്വം പൂര്‍ണമായും ഇന്‍സ്‌ വിഭാഗം തൂത്തുവാരി. ജരാനര ബാധിച്ച പഴയ ഒരു വ്യാജാരോപണത്തിന്റെ തിരിച്ചടിയായി മറക്കാനാവാത്ത വിശേഷണങ്ങള്‍ കേട്ടാണ്‌ ഈ നേതൃത്വം കസേരയിലേക്ക്‌ ചുവട്‌ വെച്ചതെന്ന്‌ മാത്രം. സ്റ്റേജിലും പേജിലും ഉയര്‍ന്ന ആ വിശേഷണങ്ങള്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ പോലും അന്യമായിരുന്നു. കള്ളിത്തറി, ചപ്പുചവറുകള്‍, പടുകിഴവന്മാര്‍, മൂരാച്ചികള്‍, റബ്ബര്‍സ്റ്റാമ്പുകള്‍... അങ്ങനെ പോവുന്നു അനുയായികളുടെ സ്‌നേഹപ്രകടനങ്ങള്‍.

ഏതായാലും വിയര്‍പ്പൊഴുക്കിയും പഴികേട്ടും പിടിച്ചെടുത്തത്‌ മുള്‍ക്കിരീടമായിരുന്നെന്ന്‌ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളാണ്‌ ജിന്ന്‌ വിഭാഗത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്‌. തല്‍ക്കാലമെങ്കിലും അതിനെ മറികടക്കാന്‍ പതിവു തന്ത്രമെന്ന നിലക്ക്‌ ഒരു പൊതുപരിപാടിയെ കുറിച്ച ആലോചന ഉയര്‍ന്നതങ്ങനെയാണ്‌. ആവര്‍ത്തിച്ച്‌ വന്ന കാമ്പയിനുകളും പരിപാടികളും ആളുകളെ നന്നാക്കാനല്ല, അണിയറയിലെ അടിപിടിക്കൊരു പരിഹാരമാര്‍ഗമായിരുന്നെന്ന്‌ മാലോകര്‍ക്ക്‌ ബോധ്യപ്പെട്ടതാണല്ലോ.


സംസ്ഥാന സമ്മേളനം ഒരു കൊല്ലം മുമ്പേ അങ്ങ്‌ പ്രഖ്യാപിച്ചേക്കാം. അത്രയും കാലം ഇവറ്റകള്‍ അതിന്മേല്‍ കൂടിക്കൊള്ളുമെന്ന ചാണക്യമന്ത്രം തന്നെ പയറ്റി നോക്കി. പ്രഖ്യാപനമാവാം, പക്ഷെ എവിടെ വെച്ച്‌ നടത്തും? ആലോചന തകൃതിയായി. പണ്ട്‌ പറഞ്ഞ ഒരു പത്തനംതിട്ടയുണ്ട്‌, ഇയടുത്ത്‌ പറഞ്ഞ തിരുവനന്തപുരമുണ്ട്‌, ഇടക്കാലത്ത്‌ ആവേശത്തോടെ പറഞ്ഞ കാസറഗോഡുണ്ട്‌. പക്ഷെ, അകത്തളം കത്തിച്ചാമ്പലാവുമ്പോള്‍ അവിടെ പോയാല്‍ നാലാളും പുതിയാപ്പ്‌ളയുമേ ഉണ്ടാവൂ എന്നറിയാം. എന്നാല്‍ കിടക്കട്ടെ, മൂക്കിന്റെ താഴെ കോഴിക്കോട്‌ തന്നെ. അതിന്റെ കാരണമൊന്നും ഇപ്പോള്‍ ആരുമറിയണ്ട. തീരുമാനം വന്നു.

പക്ഷെ, പടച്ചവന്‍ വലിയവനാണല്ലോ. അന്യായമായി അന്യനു നേരെ ഉന്നയിച്ച ആദര്‍ശവ്യതിയാനം ബൂമറാങ്ങ്‌ പോലെ തിരിച്ചടിച്ചത്‌ പോലെ ഒരു അന്യായമായ പരിഹാസത്തിന്റെ തിരിച്ചടി ഈ പ്രഖ്യാപനത്തെ കാത്തുകിടക്കുന്നുണ്ടായിരുന്നു. 2002ല്‍ സംഘടനാപിളര്‍പ്പിനു ശേഷം നാം കോഴിക്കോട്ട്‌ മുജാഹിദ്‌ സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ ഭിന്നിപ്പുകാര്‍ തങ്ങളുടെ ദുസ്സ്വാധീനത്തിന്റെ ആനുകൂല്യത്തില്‍ എറണാകുളത്ത്‌ മറ്റൊരു സമ്മേളനം തീരുമാനിച്ചു. കള്ളക്കേസുകള്‍ കൊണ്ട്‌ പോലും അന്ന്‌ ഇക്കൂട്ടര്‍ കോഴിക്കോട്ടെ മുജാഹിദ്‌ സമ്മേളനം മുടക്കാന്‍ പല പൈശാചിക നീക്കങ്ങളും ആനീഹാള്‍ റോഡിലെ മുജാഹിദ്‌ സെന്ററില്‍ നിന്നുമുണ്ടായി. അതൊന്നും ഫലിക്കാതെ പോയപ്പോള്‍ അരിശത്തില്‍ പേനയുന്തിയതാണിപ്പോള്‍ വിനയായി മാറിയത്‌.

കോഴിക്കോട്‌ സമ്മേളനത്തെ പരാമര്‍ശിച്ചായിരുന്നു, അന്ന്‌ ഹുസൈന്‍ സലഫി മുഖ്യ പത്രാധിപരും അബ്‌ദുല്‍ജബ്ബാര്‍ മൗലവി, സക്കരിയ്യ സ്വലാഹി തുടങ്ങിയവര്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങളുമായ ഇസ്‌ലാഹ്‌ മാസികയുടെ മുഖപ്രസംഗം. മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ്‌ കോഴിക്കോട്‌ നഗരവും തൊട്ടടുത്ത മലപ്പുറം ജില്ലയും എന്നതിനാല്‍ മുജാഹിദുകളുടെ സാന്നിധ്യമില്ലെങ്കിലും ആളുകളെ കൂട്ടാന്‍ പ്രയാസവുമില്ല. മറിച്ച്‌ എറണാകുളത്ത്‌ നടത്തുന്ന സമ്മേളനം വിജയിപ്പിക്കാന്‍ മുജാഹിദുകള്‍ മാത്രമേയുണ്ടാവൂ. (എഡിറ്റോറിയല്‍, ഇസ്‌ലാഹ്‌ -2002 ഡിസംബര്‍) എന്നിങ്ങിനെ പോവുന്നു പരിഹാസം.

വല്ലാത്തൊരു തിരിച്ചടിയാണിക്കാര്യത്തില്‍ പിന്നീടുണ്ടായത്‌. ലേഖനത്തില്‍ പരാമര്‍ശിച്ച മലപ്പുറം ജില്ലയിലായിരുന്നു പിന്നീടിക്കൂട്ടര്‍ സംസ്ഥാന സമ്മേളനം നടത്തിയതെങ്കില്‍ ഇപ്പോഴിതാ അതോട്‌ ചേര്‍ത്ത്‌ പറഞ്ഞ കോഴിക്കോടാണ്‌ അടുത്ത സമ്മേളന വേദിക്കായി ഇവര്‍ തെരഞ്ഞെടുത്തത്‌. ഈ രണ്ട്‌ സ്ഥലങ്ങളിലും സമ്മേളനം നടത്തിയാലുണ്ടാവുന്ന ഗുണങ്ങള്‍ നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുള്ളതിനാലും തമ്മില്‍ത്തല്ലും ചേരിപ്പോരും പുറംലോകമറിയുന്ന വിധത്തില്‍ കാര്യങ്ങള്‍ കുത്തഴിഞ്ഞ്‌ പോയ നിലക്കും ഈ പ്രഖ്യാപനത്തിനു പിന്നിലെ പ്രേരണ പ്രത്യേകം ഗവേഷണം നടത്താതെ തന്നെ ആര്‍ക്കും തിരിച്ചറിയാം. യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളെ വിഴുങ്ങി നില്‍ക്കുന്ന ജിന്ന്‌ വിഭാഗം ഇനി ബഹിഷ്‌കരിച്ചാലും മാനംകെടാതെ സമ്മേളനം നടത്തണമെന്നേ ഇപ്പോഴിക്കൂട്ടരുടെ മനസ്സിലുള്ളൂ.

മടവൂര്‍ വിഭാഗത്തോട്‌ ഇനി സലാം ചൊല്ലലും സലാം മടക്കലുമാവാമെന്ന്‌ ഖുബൂരി പള്ളികളില്‍ നിന്ന്‌ ആഹ്വാനമുണ്ടായതായി ഇതേ എഡിറ്റോറിയലില്‍ പച്ചക്കള്ളം എഴുതിവിട്ടവര്‍ക്ക്‌ ഈ വിഷയത്തിലും കിട്ടി കനത്ത തിരിച്ചടി. ഇരുവിഭാഗം സമസ്‌തക്കാരും തികച്ചും ഔദ്യോഗികമായി നവയാഥാസ്ഥിതികരെ പരസ്യമായി സ്വാഗതംചെയ്‌തു കഴിഞ്ഞു. മടവൂര്‍ വിഭാഗം പഴയ മുജാഹിദ്‌ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ശിര്‍ക്കിന്റെ കാര്യത്തില്‍ പോലും നമ്മളൊന്നായെന്ന്‌ നവയാഥാസ്ഥിതികരുടെ മുഖത്ത്‌ നോക്കി സമസ്‌തക്കാര്‍ തുറന്നടിച്ചതിനു ലോകം സാക്ഷിയായി. അതിനു മുന്നില്‍ കമാന്നൊരക്ഷരം മിണ്ടാനാവാതെ നിസ്സഹായരായി നില്‍ക്കുന്ന ചക്കരപ്പറമ്പ്‌, മട്ടാഞ്ചേരി കാഴ്‌ചകള്‍ ഇത്തരം വിതണ്ഡ വാദങ്ങള്‍ക്ക്‌ കിട്ടിയ തിരിച്ചടി തന്നെയായിരുന്നു.

പിളര്‍പ്പോടെ തങ്ങളുടെ സംഘടന തികച്ചും ആദര്‍ശവാദികളുടെതായി മാറിയെന്ന ഈ മുഖപ്രസംഗത്തിലെ വരികള്‍ വായിച്ച്‌ രോമാഞ്ചമണിയുകയും ഊറ്റംകൊള്ളുകയുമൊക്കെ ചെയ്‌ത നേതാക്കളും അണികളും, തങ്ങളിപ്പോള്‍ ശിര്‍ക്കിന്റെ കെണിയിലാണെന്നും പഴകിപ്പുളിച്ച ആദര്‍ശം കൊണ്ട്‌ തങ്ങളുടെ സംഘടന ചീഞ്ഞുനാറുകയാണെന്നുമൊക്കെ വിലപിക്കുകയും കുമ്പസരിക്കുകയും ചെയ്യുന്ന സമകാലിക കാഴ്‌ചയും നവയാഥാസ്ഥിതികരുടെ തിരിച്ചടികളുടെ ആഘാതം കൂട്ടുന്നു. തിരിച്ചടികളുടെ പെരുമഴക്കാലമാണ്‌ ഇനിയും നവയാഥാസ്ഥിതികരെ കാത്തിരിക്കുന്നത്‌. പ്രവാചക മുന്നറിയിപ്പ്‌ തന്ന അനിവാര്യമായ പതനം.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews