സമസ്തയെ സ്തുതിച്ചോളൂ; പക്ഷേ...

ശംസുദ്ദീന്‍ പാലക്കോട്

'സമസ്തയുടെ സുവര്‍ണ്ണശോഭയെ വര്‍ണ്ണിച്ചുകൊണ്ട് കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എഴുതിയ ലേഖനമാണ്(ചന്ദിക 5.1.12) ഈ കുറിപ്പിനാധാരം. മുസ്‌ലിംങ്ങളുടെ മുഖ്യധാരാ പത്രമെന്ന് പലരും കരുതുന്ന ചന്ദ്രികയില്‍ വരേണ്ട ലേഖനമായിരുന്നില്ല അത്. ആലിക്കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ നേതാവും അതിന്റെ ഉരു സ്ഥാപനത്തിന്റെ സാരഥിയുമെന്ന നിലക്ക് സമസ്തയെ വാനോളം പുകഴ്ത്തി എഴുതാനും പ്രസംഗിക്കാനുമുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്രത്തിന് ആരും എതിരല്ല. പക്ഷേ കേരളത്തിലെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് ഖുര്‍ആനും സുന്നത്തുമനുസരിച്ച്,അല്ലാഹു അല്ലാത്തൊരു ശക്തിയോടും വ്യക്തികളോടും ആരാധനയുടെ യാതൊരംശവും അര്‍പ്പിക്കാതെ സത്യശുദ്ധമായ തൗഹീദുമായി ജീവിക്കാനും, അന്ധവിശ്വാസത്തില്‍നിന്നും അനാചാരത്തില്‍ നിന്നും മുക്തമായ ഇസ്‌ലാമിക ജീവിതം നയിക്കാനും അവസരമൊരുക്കിയ ഇസ്‌ലാഹി പ്രസ്ഥാനത്തെ വികൃത ഉല്‍പ്പതിഷ്ണുക്കള്‍ എന്നും ഹംഫര്‍ എന്ന ബ്രട്ടീഷ് ചാരന്‍ രൂപപ്പെടുത്തിയ അകക്കാമ്പ് നഷ്ടപ്പെട്ട ഇസ്‌ലാമിന്റെ വക്താക്കളാണെന്നും വിലയിരുത്തിയത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടും പൗരോഹിത്യധാര്‍ഷ്ട്യവുമാണ്.

ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍ ഉണ്ടാക്കി എന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ ആരോപിച്ച ഇസ്‌ലാഹി പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം വേണോ സ്വഹാബികളും മാലിക്ബ്‌നുദീനാറും പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യ ഇസ്‌ലാം വേണോ എന്ന ചോദ്യത്തിന്റെ മറുപടിയായാണ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത രൂപീകരിക്കപ്പെട്ടത് എന്ന് അഭിമാനത്തോടെ പറയുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക് കുടി മറുപടി പറയേണ്ടതാണ്.


1. മഹാന്മാരെന്ന് കരുതപ്പെടുന്നവര്‍ മരിച്ചാല്‍ അവരുടെ ഖബറുകള്‍ കെട്ടിപ്പൊക്കി ജാറമുണ്ടാക്കി വര്‍ഷാവര്‍ഷം ഉറൂസും ഉത്സവങ്ങളുമുണ്ടാക്കുന്ന രീതി പ്രവാചകന്മാരും, സ്വഹാബികളും മാലിക്ബ്‌നുദീനറും പരിചയപ്പെടുത്തിയ ഇസ്‌ലാം ദീനിലുള്ളതാണോ? തെളിവുകള്‍ സഹിതം വ്യക്തമാക്കുക.(മാലിക്ബ്‌നുദീനീറിന്റെ ഖബര്‍ ജാറമായിട്ടുണ്ടോ, ഇല്ലേ എന്നല്ല ചോദ്യം മാലിക്ബ് ദീനാര്‍ കേരളീയരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്).

2. സ്ത്രീകള്‍ കൈയെഴുത്ത് പഠിക്കല്‍ പ്രത്യേകം പാടില്ലാത്തതാകുന്നു എന്ന സമസ്തയുടെ ആദര്‍ശം (മണ്ണാര്‍ക്കാട് പ്രമേയം)സാഹബികളുടെയും മാലിക്ബ്‌നുദീനാറിന്റെയും പാരമ്പര്യ ഇസ്‌ലാമിന്റെ ആദര്‍ശമാണോ?

3. സമസ്തയുടെ മദ്രസകളില്‍ ഈ അടുത്തകാലം വരെ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പരീക്ഷ അനുവദിക്കാതിരുന്നത് ഏത് ഇസ്‌ലാമിന്റെ ആദര്‍ശപ്രകാരമാണ്?

4. സത്യ വിശ്വാസികളായ എല്ലാ ആണിനും പെണ്ണിനും ആരാധന നടത്താന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്ന പള്ളികള്‍ സ്ത്രീകള്‍ക്കുമുമ്പില്‍ സമസ്ത കൊട്ടിയടക്കുകയും ഇപ്പോള്‍ പള്ളിയോടുചേര്‍ന്ന് സ്വതന്ത്രമായ ഒരു കെട്ടിടമുണ്ടാക്കി സ്ത്രീകള്‍ക്കുള്ള നിസ്‌കാരസ്ഥലം എന്ന ബോര്‍ഡു വെക്കുകയും ചെയ്തത് ഏത് ഇസ്‌ലാമിന്റെ തത്വപ്രകാരമാണ്? മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി നമസ്‌കരിക്കാന്‍ പാടില്ലെന്നതിനും പള്ളിയോടടുത്ത കെട്ടിടത്തില്‍ കയറി നമസ്‌കരിക്കാമെന്നതിനും മാലിക്ബ്‌നുദീനാര്‍ നല്‍കിയ തെളിവ് എന്ത്?

5. റബീഉല്‍അവ്വല്‍ മാസത്തില്‍ നബിദിനാഘോഷം സംഘടിപ്പിക്കല്‍ പുണ്യകര്‍മ്മമാണ് എന്ന് മാലിക്ബ്‌നുദീനാര്‍ കേരളക്കാരെ പഠിപ്പിച്ചതിന് ചരിത്ര രേഖയുണ്ടങ്കില്‍ ഉദ്ധരിക്കുക?

സമസ്തയെ സ്തുതിക്കുന്നതിനിടയില്‍ കേരളത്തിലെ മഹത്തായ നവോത്ഥാന പ്രസ്ഥാനത്തെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ആലിക്കുട്ടി മുസ്‌ലിയാരുടെ അറിവിലേക്കായി മുസ്‌ലീം ലീഗുകാരനും ഗ്രന്ഥകാരനും ചന്ദികയുടെ ദീര്‍ഘകാല എഴുത്തുകാരനുമായ എം സി വടകര ഈയിടെ സലാലയില്‍ ഒരു വിദ്വല്‍ സദസിനു മുന്നില്‍ നടത്തിയ പ്രഭാഷണം ഉദ്ധരിക്കട്ടെ

ഗുരുവായൂര്‍ അമ്പലത്തില്‍ ഉത്സവത്തിന് അമ്പത്തൊന്ന് ആന! തൊട്ടടുത്ത മുസ്‌ലീം പള്ളിയിലെ മണത്തല ചന്ദനക്കുടത്തിന് അമ്പത്തൊന്ന് ആന! ഇതെന്തു ഇസ്‌ലാമാണ് എന്ന് തിരിച്ചറിയാനാവാത്ത വിധം ഇസ്‌ലാമും അനിസ്‌ലാമും തമ്മിലുള്ള വിഭജനം ലോലമായിത്തീര്‍ന്ന കാലം. അന്ന് സമയോചിതമായി ഇടപെട്ട് ഇത് ദീനാണ്, ദീനല്ല. ഇത് കുഫ്ര്‍ ആണ് , ഇത് ബിദ്അത്താണ് , ഇത് അനിസ്ലാമാണ് എന്ന് ധീരമായി പറഞ്ഞ് പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും ഏറ്റെടുത്ത് അന്നത്തെ ഇസ്‌ലാഹി പണ്ഡിതന്മാരാണ്. ഇതൊരു ചെറിയ കാഴ്ചയായിരുന്നില്ല.

ഇതതിന് അസാമാന്യമായ ധൈര്യം വേണ്ടിയിരുന്നു. സുന്നത്തിനേക്കാള്‍ ബിദ്അത്തിന് പ്രാമുഖ്യം നല്‍കുന്ന അന്ധവിശ്വാങ്ങള്‍ കട്ടപിടിച്ചിരുന്ന സമയം! ജീവന്‍ തന്നെ പണയം വെച്ച് വേണം അതിനെതിരെ പോരാടാന്‍.

എന്റെ ചെറുപ്പകാലത്ത് കല്ല്യാണവീടുകളില്‍ വഹാബികള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് എഴുതിവെച്ചതോര്‍ക്കുന്നു. കക്കൂസില്‍പ്പോലും വഹാബികള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ഉണ്ടായിരുന്നു. അതിനെയൊക്കെ അതിജീവിച്ച് തൗഹീദ് ഉയര്‍ത്തിപ്പിടിച്ച് പോരാടിയ മഹാരഥ മഹാരഥന്മാര്‍'.

കേരളത്തിന്റെയും കേരളമുസ്‌ലീംകളുടെയും ചരിത്രം പഠിച്ചവര്‍ക്കറിയാം, 1921 മുതല്‍ സംഘടിതമായി പ്രവര്‍ത്തിച്ചു വരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വിലയും നിലയും. ചില്ലുകൊട്ടാരത്തില്‍ സുഖസമൃദ്ധ ജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്ക് പക്ഷെ അത് മനസ്സിലായിക്കൊള്ളണമെന്നില്ല.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews