അന്ധവിശ്വാസത്തിലേക്കുള്ള പിന്‍വിളി : ഒരു രജതരേഖ


ഒരു പഴയ കഥയാണ്‌.

`രാജസദസ്സില്‍ ഒരു വസ്‌ത്രവ്യാപാരി വന്നു. അതീവ സുതാര്യമായി ഒരത്ഭുത വസ്‌ത്രം രാജസദസ്സിനു പരിചയപ്പെടുത്തി. രാജദൃഷ്‌ടിയില്‍ വസ്‌ത്രം പ്രത്യക്ഷപ്പെട്ടില്ല. എന്നാല്‍ വ്യാപാരിയുടെ വിവരണം തുടര്‍ന്നു. ചാരിത്ര്യശുദ്ധിയുള്ളവര്‍ക്കു മാത്രമേ ഈ വസ്‌ത്രം കാണുകയുള്ളൂ. വാചാലതയില്‍ ഭ്രമിച്ച രാജാവ്‌ ധര്‍മസങ്കടത്തില്‍. വസ്‌ത്രം യഥാര്‍ഥത്തില്‍ കാണുന്നില്ല. എന്നാല്‍ കാണുന്നില്ലെന്നു പറഞ്ഞാല്‍ തന്റെ ചാരിത്ര്യശുദ്ധിയില്‍ രാജസദസ്സ്‌ സംശയിക്കും. പിന്നെ വൈകിയില്ല. രാജാവ്‌ വസ്‌ത്രത്തെ പുകഴ്‌ത്താന്‍ തുടങ്ങി. ഒരു തുണി വിടര്‍ത്തിപ്പിടിക്കുന്നതു പോലെ കാണിച്ച വ്യാപാരി അത്‌ രാജാവിന്റെ `തൃക്കൈയിലേക്ക്‌' വച്ചുകൊടുത്തു. രാജാവ്‌ അത്‌ `സ്വീകരിച്ചു.' ഹൊ, എന്തുമാത്രം മനോഹരമാണീ വസ്‌ത്രം! രാജഭക്തിക്ക്‌ കോട്ടം തട്ടരുതല്ലോ. ചാരിത്ര്യശുദ്ധിയില്‍ സംശയിക്കപ്പെടുകയും ചെയ്യരുത്‌. രാജസദസ്സ്‌ ഒന്നടങ്കം വസ്‌ത്രം `കണ്ടു.' അതിന്റെ മനോഹാരിത `ആസ്വദിച്ചു.' അത്‌ നാടുനീളെ വര്‍ണിക്കാനും തുടങ്ങി.


ഏതാണ്ട്‌ ഇതുപോലെയായിരുന്നില്ലേ, ഒരു ദശാബ്‌ദത്തിനു മുമ്പ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ നേതാക്കളിലും പണ്ഡിതന്മാരിലും പ്രവര്‍ത്തകരിലും ചില ആളുകള്‍ ആദര്‍ശവ്യതിയാനം `കണ്ടിരുന്നത്‌'! ഇല്ലാത്ത വസ്‌ത്രത്തിന്റെ `മദ്‌ഹ്‌ പാടിയ' രാജാവും അതേറ്റു പാടിയ ആസ്ഥാനപണ്ഡിതരും! വസ്‌ത്രവ്യാപാരിയോ? അദ്ദേഹം അടുത്ത സ്റ്റെപ്പിലേക്ക്‌ കടന്നു.

വ്യാപാരി സങ്കല്‌പവസ്‌ത്രം കൊണ്ട്‌ രാജാവിന്‌ ഒരു `വസ്‌ത്രം' നിര്‍മിച്ചു. തിരുമുന്നില്‍ വച്ചു. രാജാവ്‌ സ്വന്തം വസ്‌ത്രങ്ങള്‍ ഒന്നൊന്നായി ഊരിവച്ച്‌ `പുതിയ വസ്‌ത്രം' ധരിച്ചു. ഇപ്പോള്‍ രാജാവ്‌ പൂര്‍ണ നഗ്‌നന്‍! എന്നാല്‍ ആ നഗ്നസത്യം തുറന്നു സമ്മതിച്ചാല്‍, രാജാവിന്‌ ചാരിത്ര്യശുദ്ധി ഇല്ലെന്നുവരും. വസ്‌ത്രത്തിന്റെ `മേന്മ'യറിഞ്ഞ രാജസദസ്സ്‌ അമര്‍ത്തിമൂളി. ഹായ്‌! രാജാവിന്റെ വസ്‌ത്രം! വസ്‌ത്രത്തിന്റെ ഖ്യാതി വ്യാപാരിയിലൂടെ കേട്ടറിഞ്ഞ നാട്ടുകാരും വസ്‌ത്രത്തിന്റെ `ഭംഗി' കണ്ടാസ്വദിച്ചു. നഗ്നത നേരില്‍ കാണാനിടയായപ്പോള്‍ ലജ്ജയുള്ളവര്‍ പതുക്കെ പിന്നോട്ടുവലിഞ്ഞു. ഊരുചുറ്റുന്ന രാജാവിനെ നോക്കി നിഷ്‌കളങ്കനായ ഒരു കുട്ടി വിളിച്ചുപറഞ്ഞു: `ഏയ്‌, രാജാവ്‌ ഒന്നും ഉടുത്തിട്ടില്ലേയ്‌!' നിറഞ്ഞ വിഡ്‌ഢികളുടെ നാട്ടില്‍ ഒരു പിഞ്ചുകുട്ടി വേണ്ടിവന്നു യാഥാര്‍ഥ്യം വിളിച്ചുപറയാന്‍!

ഇസ്‌ലാഹീ പ്രസ്ഥാന നേതൃത്വത്തെ പറ്റിച്ച വ്യാപാരിയുടെ ചതി വിളിച്ചുപറയാന്‍ ഒരു കുട്ടി ഇതാ മുന്നോട്ടുവന്നിരിക്കുന്നു. സഹോദരന്‍ കെ കെ പി അബ്‌ദുല്ല (തളിപ്പറമ്പ്‌) യുടെ `അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി' എന്ന ലഘുകൃതി വായിച്ചപ്പോള്‍ മേല്‍പറഞ്ഞ കഥയാണ്‌ ഓര്‍മവന്നത്‌. `നദ്‌വത്തുല്‍ മുജാഹിദീന്‍ റജിസ്റ്റേര്‍ഡ്‌ കമ്പനി'യുടെ ഔദ്യോഗിക യുവജനഘടകത്തിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായ കെ കെ പി അബ്‌ദുല്ലയുടെ പുസ്‌തകത്തിന്റെ ഉള്ളടക്കം വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ.

അറിയപ്പെട്ട എഴുത്തുകാരനോ ഗ്രന്ഥകാരനോ അല്ലാത്ത കെ കെ പി തന്റെ പുസ്‌തകരചനയുടെ പശ്ചാത്തലം വിശദീകരിച്ചത്‌ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ നിന്നുദ്ധരിക്കട്ടെ:

``കല്ലും മുള്ളും നിറഞ്ഞ വഴികളെ രാജപാതയാക്കിത്തീര്‍ത്ത ഇസ്‌ലാഹീ നേതാക്കളുടെ പിന്‍ഗാമികളാകേണ്ട, മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കേണ്ട, നമ്മുടെ ചില നേതാക്കള്‍ (സക്കരിയാക്കള്‍) ആ രാജപാതയില്‍ മുള്ളും കല്ലും വലിച്ചിടുന്ന പണിയാണ്‌ ഇന്ന്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. രാജാവ്‌ നഗ്നനാണെന്ന യാഥാര്‍ഥ്യം വിളിച്ചുപറയാന്‍ എട്ടും പൊട്ടും തിരിയാത്ത ഇത്തിരിപ്പോന്ന ഒരു കുട്ടിക്ക്‌ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന പൊള്ളുന്ന സത്യമാണ്‌ ഇതെഴുതാന്‍ പ്രേരകം. കൈപ്പുള്ളതാണെങ്കിലും സത്യം പറയണം. സത്യം പലപ്പോഴും അപ്രിയമാണ്‌. സ്വേച്ഛാധിപതിയായ രാജാവിന്റെ മുന്നില്‍ സത്യം ഉറക്കെപ്പറയുന്നത്‌ ജിഹാദാണെങ്കില്‍ ഇത്‌ ഒരു തൂലികാ വിപ്ലവമാണ്‌. കപ്പലിന്‌ ഓട്ടയുണ്ടാക്കുന്നത്‌ കാണുമ്പോള്‍ നോക്കി നില്‌ക്കുന്നത്‌ ശരിയല്ലല്ലോ? സലഫികളും സലഫി പണ്ഡിതന്മാരും എങ്ങനെയാണോ ഹദീസിനെ മനസ്സിലാക്കിയത്‌ അതുപോലെ മനസ്സിലാക്കണമെന്നാണ്‌ സലഫീ മന്‍ഹജ്‌ നമ്മെ പഠിപ്പിക്കുന്നത്‌. ഒറ്റപ്പെട്ട ഒന്നോ രണ്ടോ പേരുടെ ബുദ്ധിയില്‍ തോന്നിയതു പോലെ ഖുര്‍ആനിനെയും ഹദീസിനെയും മനസ്സിലാക്കണമെന്നും ഉള്‍ക്കൊള്ളണമെന്നും വാശിപിടിക്കുന്നത്‌ തഖ്‌ലീദിന്റെ ഉടുമ്പിന്‍ മാളത്തിലേക്കുള്ള പ്രവേശന കവാടം തുറക്കലാണ്‌. തഖ്‌ലീദില്‍ നിന്നാണ്‌ ശീഇസവും ഖവാരിജുകളും മുഅ്‌തസിലികളും ഉണ്ടായത്‌. സൂഫിസത്തിന്റെ ഇരുട്ടറകളിലേക്കാണ്‌ അന്ധാനുകരണഭ്രമം ചെന്നെത്തുക. ഇസ്വ്‌ലാഹി പ്രസ്ഥാനത്തില്‍ പൗരോഹിത്യവും അന്ധാനുകരണവും ഇല്ല. വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയാക്കി മുജാഹിദ്‌ പ്രസ്ഥാനത്തെ മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ്‌ സക്കരിയാക്കള്‍ നടത്തുന്നത്‌. ഇത്‌ പറയാതിരിക്കാന്‍ വയ്യ.'' (പേജ്‌ 6)

കെ കെ സക്കരിയ്യ എന്ന എ പി വിഭാഗം മുജാഹിദ്‌ പ്രസംഗകനെ ചുരുങ്ങിയ വാക്കുകളില്‍ പരിചയപ്പെടുത്തുകയാണ്‌ ലേഖകന്‍ തുടര്‍ന്ന്‌ ചെയ്യുന്നത്‌: ``നമ്മുടെ പണ്ഡിതന്മാര്‍ സക്കരിയ്യാ സ്വലാഹിയുടെ അതിരു കവിഞ്ഞ വാദത്തെ നിശിതമായി വിമര്‍ശിച്ചു. സ്വലാഹിക്കെതിരെ പ്രബന്ധം അവതരിപ്പിക്കപ്പെട്ടു. നേതൃത്വത്തിന്റെ മുന്നില്‍ വെച്ച്‌, സലഫി നിലപാടിനെതിരെ സംസാരിക്കുകയില്ലെന്ന്‌ ഉറപ്പുനല്‌കുകയും ജനങ്ങള്‍ക്കിടയിലെത്തിയാല്‍ തന്റെ ഹിഡന്‍ അജണ്ടകളുടെ ഭാണ്ഡക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക്‌ അഴിച്ചിടുന്ന സ്വഭാവമാണ്‌ സ്വലാഹിക്കുള്ളത്‌.'' (പേജ്‌ 7)

ഒരു പ്രസ്ഥാനത്തെ മുഴുവന്‍ അമ്മാനമാടി കശക്കിയെറിയുന്നത്‌ നിസ്സഹായമായി നോക്കിനിന്നിട്ട്‌ `എന്താപ്പം ചെയ്യാ' എന്ന്‌ കൈമലര്‍ത്തുന്ന `ശക്തമായ' നേതൃത്വത്തിന്റെ കീഴില്‍ നിന്നാണ്‌ ഈ യുവാവിന്റെ `അപക്വ' വിലാപമെന്നത്‌ ഏറെ പ്രസക്തമാണ്‌. ഒരു പതിറ്റാണ്ടിനു ശേഷമെങ്കിലും, സംഭവിച്ചതെന്തെന്ന തിരിച്ചറിവ്‌ നേടിയ, ആദര്‍ശപ്രതിബദ്ധതയുള്ളവരുടെ പ്രതിനിധി നിസ്സങ്കോചം വിളിച്ചുപറയുന്നത്‌ നമുക്ക്‌ ഈ കൃതിയില്‍ വായിക്കാം: ``സൂക്ഷ്‌മതക്കുറവു മൂലം വല്ല അബദ്ധവും വന്നുപോയെങ്കില്‍ അതൊരു വാദമായി കരുതരുത്‌ എന്ന കെ എന്‍ എം നിലപാടിനപ്പുറം മറ്റൊരു ആശയവുമില്ലാത്ത നമ്മില്‍ പെട്ട പലരെയും ഹദീസ്‌ നിഷേധികളും യുക്തിവാദികളുമാക്കി മുദ്രകുത്താനുള്ള സക്കരിയാക്കളുടെ ശ്രമം സലഫികള്‍ തിരിച്ചറിയുക തന്നെ ചെയ്യും.'' (പേജ്‌ 7)

ആര്‍ക്കോ വേണ്ടി അരുതായ്‌കകള്‍ ഏറെ ചെയ്‌തുകൂട്ടുകയും അതില്‍ ഉറച്ചുനില്‌ക്കുകയും ചെയ്യേണ്ടി വന്ന നിഷ്‌കളങ്ക മനസ്സിന്റെ മനസ്സാക്ഷിക്കുത്ത്‌ കെ കെ പി അബ്‌ദുല്ലയുടെ വരികളിലും വരികള്‍ക്കിടയിലും തെളിഞ്ഞുകാണാം. അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി എന്ന ശീര്‍ഷകം അന്വര്‍ഥമാക്കിക്കൊണ്ടാണ്‌ തുടര്‍ന്നുള്ള പേജുകള്‍ നിറഞ്ഞുനില്‌ക്കുന്നത്‌. ഒരു നൂറ്റാണ്ടുകാലത്തെ നിരന്തര പരിശ്രമം കൊണ്ട്‌ കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം പിഴുതെറിഞ്ഞ അപകടകരമായ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ അതേ പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌, ആരെങ്കിലും നടത്തുന്ന ജല്‌പനങ്ങള്‍ ഇസ്‌ലാഹീ ആദര്‍ശത്തിന്റെ അംശമെങ്കിലും മനസ്സില്‍ ബാക്കി നില്‍ക്കുന്നവര്‍ക്ക്‌ സഹിക്കാനാവില്ല; തീര്‍ച്ച. എന്നിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത നേതൃത്വത്തിന്റെ ജഢത്വം ആദര്‍ശ നിരാകരണത്തിന്റെ അനിവാര്യ പതനമാണ്‌ കാണിക്കുന്നതെന്നതില്‍ അശേഷം സംശയമില്ല.

ജിന്ന്‌ കൂടുക, അടിച്ചിറക്കുക, പിശാച്‌ രോഗമുണ്ടാക്കുക, ആഭിചാരങ്ങളെയും മാരണങ്ങളെയും പേടിച്ചു കഴിയുക, കണ്ണേറും ദുശ്ശകുനവും സൈ്വര്യജീവിതത്തെ പ്രതികൂലമായി ബാധിക്കുക, ഖുര്‍ആന്‍ ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി ന്യായീകരിച്ചുകൊണ്ടിരിക്കുന്ന യാഥാസ്ഥിതികര്‍ക്ക്‌ `പ്രണാമങ്ങള്‍' നല്‌കി സഹായിക്കുക എന്ന `ദീനീ സേവന'മാണ്‌ സകരിയാക്കള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്ന്‌ കെ കെ പി എന്ന യുവാവും സംഘവും തിരിച്ചറിയുന്നു. നവയാഥാസ്ഥിതികതക്കെതിരെയുള്ള ഈ നേര്‍ത്ത ശബ്‌ദം കേവലം വനരോദനമായിത്തീരുമോ എന്ന്‌ ലേഖകന്‍ ആശങ്കിക്കുന്നുണ്ടെങ്കിലും (പേജ്‌ 7), ഈ ഒറ്റപ്പെട്ട ശബ്‌ദം ഏറെ വൈകാതെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദിഗന്തങ്ങളില്‍ പ്രതിധ്വനിക്കുമെന്നും അതു സൃഷ്‌ടിക്കുന്ന ആന്ദോളനങ്ങളില്‍ അധികാരക്കുപ്പായം ഒരുക്കിവച്ചവര്‍ ആടിയുലയുമെന്നും വായനക്കാര്‍ക്ക്‌ ഊഹിച്ചെടുക്കാന്‍ കഴിയും.

നൂറ്റിപന്ത്രണ്ടു പേജുകളിലായി കെ കെ സകരിയ്യ ഇസ്‌ലാഹി പ്രസ്ഥാനത്തിനെതിരെ നടത്തുന്ന വിരുദ്ധ വാദങ്ങളെ ശക്തിയുക്തം നേരിടുന്നതില്‍ ലേഖകന്‍ അസാമാന്യ ധീരത കാണിക്കുന്നു. അതിന്നായി കെ പി മുഹമ്മദ്‌ മൗലവി, കെ ഉമര്‍ മൗലവി, പി അബ്‌ദുല്‍ഖാദര്‍ മൗലവി (കണ്ണൂര്‍), കുഞ്ഞീതു മദനി തുടങ്ങിയ മുന്‍കാല സലഫി നേതാക്കളെ ലേഖകന്‍ ധാരാളമായി ഉദ്ധരിക്കുന്നു. അത്തൗഹീദ്‌ ഗ്രന്ഥം, അല്‍മനാര്‍ മാസിക, വിചിന്തനം വാരിക തുടങ്ങിയ സ്വന്തം പ്രസിദ്ധീകരണങ്ങളെ തെളിവായും അവതരിപ്പിക്കുന്നു. മലക്ക്‌, ജിന്ന്‌, പിശാച്‌ വിഷയത്തില്‍ സകരിയ്യ സൃഷ്‌ടിച്ച വസ്‌വാസുകള്‍ക്ക്‌ യുക്തിഭദ്രമായി അദ്ദേഹം മറുപടി പറയുന്നു.

പാത്രക്കടയില്‍ കയറിയ മൂരിക്കുട്ടനെപ്പോലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനകത്ത്‌ കയറിക്കൂടി കെ കെ സകരിയ്യ തല്ലിയുടച്ച ആദര്‍ശപാത്രങ്ങളുടെ നീണ്ട ലിസ്റ്റ്‌ തന്നെ ലേഖകന്‍ തന്റെ പുസ്‌തകത്തിന്റെ അവസാനപുറങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ചില വരികള്‍ വായിച്ചുനോക്കാം:

``സകരിയ്യാക്കളുടെ അതിരുകവിഞ്ഞ പിശാച്‌ വാദം കാരണം കെ എന്‍ എം സര്‍ക്കുലര്‍ ഇറക്കേണ്ടി വന്നു. എ പി സുന്നികളുമായി മക്കരപ്പറമ്പിലും മട്ടാഞ്ചേരിയിലും വച്ചു നടന്ന സംവാദവ്യവസ്ഥയില്‍ ജിന്നു വിഷയം വലിച്ചുകൊണ്ടുവന്ന്‌ നമ്മുടെ പണ്ഡിതന്മാരെ അവര്‍ പ്രതിരോധത്തിലാക്കി. വ്യവസ്ഥ സംവാദമാകാതിരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. സ്വലാഹിയെ പ്രൊട്ടക്‌ട്‌ ചെയ്യേണ്ടി വന്നതാണ്‌ പ്രതിരോധത്തിലാവാന്‍ കാരണം. (അടിവര ശബാബിന്റേത്‌). തലശ്ശേരിയില്‍ വെച്ച്‌ നടന്ന സ്‌ത്രീ പള്ളിപ്രവേശ വിഷയത്തിനിടക്ക്‌ ജിന്ന്‌ വിഷയം പിന്നീട്‌ സംസാരിക്കണമെന്ന്‌ ജബ്ബാര്‍ മൗലവി പറഞ്ഞു... സ്വലാഹി ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ ഒരു ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്‌... ദൗറയെന്നോ ഹദീസ്‌ ക്ലാസെന്നോ പേരില്‍ തന്റെ വീട്ടിലും മറ്റും പിശാച്‌ ക്ലാസ്‌ ഇദ്ദേഹം കാര്യമായി നടത്തിയിരുന്നു... തലശ്ശേരി, കണ്ണൂര്‍, പെരിന്തല്‍മണ്ണ, എടവണ്ണ, പുളിക്കല്‍, മഞ്ചേരി തുടങ്ങി ധാരാളം സ്ഥലങ്ങളില്‍ ജിന്നിറക്കലും ബാധ നീക്കലും നടന്നു....'' പട്ടിക നീണ്ടുപോവുകയാണ്‌. (പേജ്‌ 106 മുതല്‍ 110 വരെ)

ഏതൊരു വായനക്കാരനും തിരിച്ചറിവ്‌ പ്രദാനം ചെയ്യുന്ന നിരവധി ഏറ്റുപറച്ചിലുകള്‍ ഈ ഗ്രന്ഥത്തില്‍ കാണാം. ``കെ എന്‍ എം നേതാക്കളെപ്പറ്റി മടവൂര്‍ മസ്‌തിഷ്‌കം വറ്റിവരണ്ടവരെന്നും ജരാനര ബാധിച്ചവരെന്നും പറഞ്ഞുവെന്ന്‌ ആരോപിച്ചവര്‍ തന്നെ എ പിയെയും ടി പിയെയും കിഴവന്‍ പടയെന്നും റബ്ബര്‍ സ്റ്റാമ്പുകളെന്നുമാണ്‌ ആക്ഷേപിച്ചത്‌.'' (പേജ്‌ 109)

ആദര്‍ശത്തോട്‌ കൂറും പ്രസ്ഥാനത്തോട്‌ പ്രതിബദ്ധതയുമുള്ള ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ വായിക്കുകയും ഒറ്റക്കിരുന്ന്‌ ആലോചിക്കുകയും തുടര്‍ന്ന്‌ നേതാക്കളോട്‌ ചര്‍ച്ചനടത്തുകയും ചെയ്യേണ്ട നൂറുകൂട്ടം കാര്യങ്ങളാണ്‌ കെ കെ പി അബ്‌ദുല്ല ഇസ്വ്‌ലാഹീ കേരളത്തിന്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഈ പുസ്‌തകം വായിച്ചിരിക്കുന്നത്‌ ചില തിരിച്ചറിവുകള്‍ക്ക്‌ നല്ലതാണെന്ന്‌ അഭിപ്രായപ്പെടുന്നു. അല്‍ഹിദായ പ്രസിദ്ധീകരിച്ച ഈ പുസ്‌തകത്തിന്‌ അന്‍പതു രൂപയാണ്‌ വില.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews