രോഗഹേതു ജിന്നുപിശാചുക്കളോ?

പി കെ മൊയ്‌തീന്‍ സുല്ലമി

മനുഷ്യര്‍ക്ക്‌ രോഗമുണ്ടാക്കാന്‍ ജിന്ന്‌ പിശാചുക്കള്‍ക്ക്‌ കഴിയുമെന്നും അയ്യൂബ്‌ നബി(അ)ക്ക്‌ മാരകമായ രോഗം വരുത്തിവെച്ചത്‌ ജിന്ന്‌ പിശാചായിരുന്നുവെന്നും `ജിന്ന്‌ വിദഗ്‌ധര്‍' കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണല്ലോ. ലോകത്ത്‌ ഒരു മുസ്‌ലിംപണ്ഡിതനും ഇങ്ങനെ ഒരു വാദമുള്ളതായി അറിയപ്പെടുന്നില്ല. മുന്‍കാലത്ത്‌ യാഥാസ്ഥിതികര്‍ക്ക്‌ ഈ വാദമുണ്ടായിരുന്നു. അത്‌ 1943ല്‍ കേരളത്തില്‍ കോളറ എന്ന മാരകരോഗം പിടിപ്പെട്ട സന്ദര്‍ഭത്തിലും പിന്നീട്‌ വസൂരി പിടിപെട്ടപ്പോഴുമായിരുന്നു. അക്കാലത്ത്‌ കോളറയ്‌ക്ക്‌ തലമത്തട്ടിയെന്നും വസൂരിക്ക്‌ കുരിപ്പ്‌ എന്നും ജനങ്ങള്‍ പേരിട്ടു. അങ്ങനെയാണ്‌ തലമത്തട്ടിശൈത്വാന്‍, കുരിപ്പിന്‍ശൈത്വാന്‍ എന്നിങ്ങനെയുള്ള പേരുകള്‍ ലഭിച്ചത്‌. അന്നത്തെ പുരോഹിതന്മാരുടെ അഭിപ്രായത്തില്‍ ഇത്തരം രോഗങ്ങള്‍ പിശാചുക്കളുണ്ടാക്കുന്നതായിരുന്നു.

ഇത്തരം രോഗങ്ങളുണ്ടാക്കുന്ന ശൈത്വാനെ നാടുകടത്താനാണ്‌ അക്കാലത്ത്‌ കൂട്ടബാങ്കും നാട്ടുമൗലിദും അവര്‍ നടപ്പില്‍വരുത്തിയത്‌. എന്നാല്‍ പില്‍ക്കാലത്ത്‌ ഇത്തരം രോഗങ്ങള്‍ പിശാചിന്റെ സൃഷ്‌ടിയല്ലെന്നും അത്‌ രോഗാണുക്കളാല്‍ ഉണ്ടാകുന്നതാണെന്നും യാഥാസ്ഥിതികര്‍ മനസ്സിലാക്കിയതോടെ അവര്‍ പഴയവാദങ്ങളില്‍ നിന്ന്‌ പിന്‍വലിഞ്ഞു. അതുകൊണ്ടാണ്‌ ഇപ്പോള്‍ പേരോട്‌ അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി ഇവരുടെ ഈ വാദത്തെ ശക്തിയുക്തം പല സ്റ്റേജുകളിലും എതിര്‍ത്തുകൊണ്ടിരിക്കുന്നത്‌.

അയ്യൂബ്‌ നബി(അ)ക്ക്‌ രോഗം നല്‍കിയത്‌ ശൈത്വാനാണെന്ന വാദം ഏറ്റവും വലിയ ശിര്‍ക്കും വിശുദ്ധ ഖുര്‍ആനിനെ നിഷേധിക്കലുമാണ്‌. സൂറത്‌ സ്വാദിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഇവര്‍ ഈ വാദം സ്ഥാപിക്കാന്‍ ഒരുമ്പെടാറുള്ളത്‌. ``നമ്മുടെ അടിമയായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന്‌ തന്റെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം'' (സ്വാദ്‌ 41). ഇവിടെ പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന ഭാഗമാണ്‌ അയ്യൂബ്‌ നബി(അ)ക്ക്‌ രോഗമുണ്ടാക്കിയത്‌ ജിന്ന്‌ പിശാചാണ്‌ എന്നതിന്‌ തെളിവായി ഉദ്ധരിക്കുന്നത്‌. ഈ വാദം പല കാരണങ്ങളാലും അബദ്ധമാണ്‌.


ഒന്ന്‌, ഈ രോഗം ബാധിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതും ബഹിഷ്‌കരിച്ചതും ദൈവകോപമാണെന്ന്‌ പറഞ്ഞ്‌ ആക്ഷേപിച്ചതും പിട്ടിണി കിടക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ ഭാര്യ ജോലി അന്വേഷിച്ചുപോയ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്കും രോഗം ബാധിക്കുമെന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ജോലി കൊടുക്കാതിരുന്നതും മനുഷ്യപ്പിശാചുക്കളാണ്‌. ജിന്ന്‌ പിശാചും അദ്ദേഹത്തിന്റെ രോഗവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. ഇക്കാര്യം ഇമാം ഇബ്‌നുകസീര്‍(റ) അദ്ദേഹത്തിന്റെ അല്‍ബിദായത്തു വന്നിഹായ എന്ന ഗ്രന്ഥത്തില്‍ (പേജ്‌ 320-326) രേഖപ്പെടുത്തിയിട്ടുണ്ട്‌.

രണ്ട്‌, രോഗം പോലുള്ള മോശമായ അവസ്ഥകളെ ആലങ്കാരികമായി പിശാചിനോട്‌ ചേര്‍ത്തുപറയല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും ഒരു ശൈലിയാണ്‌. ഇമാം നവവി രേഖപ്പെടുത്തുന്നു: ``പിശാചിനെ തൃപ്‌തിപ്പെടുത്തും എന്നതിനാല്‍ എല്ലാ മോശപ്പെട്ട കാര്യങ്ങളും പിശാചിലേക്ക്‌ ചേര്‍ത്ത്‌ പറയും.'' (ശറഹുമുസ്‌ലിം 7:309)

അയ്യൂബ്‌ നബി(അ)യെപ്പോലുള്ള ഒരു പ്രവാചകന്‌ മാരകമായ രോഗം ബാധിക്കുക എന്നത്‌ ശൈത്വാന്‌ വളരെ ഇഷ്‌ടപ്പെട്ട കാര്യമാണ്‌ എന്നതില്‍ ആര്‍ക്കാണ്‌ തര്‍ക്കം. ജിന്നുവാദക്കാര്‍ പിശാച്‌ എന്ന്‌ കേള്‍ക്കുമ്പോഴേക്ക്‌ ചിന്തിക്കാതെ ജിന്ന്‌ പിശാചിലേക്ക്‌ ചാടുകയാണ്‌. രോഗം എന്നത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ അവന്റെ പരീക്ഷണം എന്ന നിലയില്‍ ഉണ്ടാകുന്നതാണെന്നും ജിന്ന്‌ പിശാചും രോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഖുര്‍ആനിലും ഹദീസുകളിലും പരന്നുകിടക്കുന്ന വസ്‌തുതയാണ്‌. സൂറതു അന്‍ബിയാഇലെ 83-ാം വചനത്തില്‍ അയ്യൂബ്‌ നബി(അ) അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചത്‌ അവന്റെ പരീക്ഷണങ്ങള്‍ വന്നപ്പോഴായിരുന്നു എന്ന്‌ ഇബ്‌നുകസീര്‍(റ) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക:

``തന്റെ സന്താനങ്ങള്‍, സമ്പത്ത്‌, കുടുംബം എന്നിവകളുടെ വിഷയത്തില്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷിച്ചപ്പോഴാണ്‌ അദ്ദേഹം അല്ലാഹുവോട്‌ പ്രാര്‍ഥന നടത്തിയത്‌'' (ഇബ്‌നുകസീര്‍ 3:188). രോഗം, ധനനഷ്‌ടം തുടങ്ങിയവ ശൈത്വാന്‍ ഉണ്ടാക്കുന്നതല്ല. അതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പെട്ടതാണ്‌. അക്കാര്യം അല്ലാഹു ഇപ്രകാരം ഉണര്‍ത്തുന്നു: ``ഭയം, പട്ടിണി, സാമ്പത്തികനഷ്‌ടം, ജീവനഷ്‌ടം, വിഭവനഷ്‌ടം എന്നിവയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും'' (അല്‍ബഖറ 155). ഈ വിഷയത്തില്‍ വന്ന മറ്റൊരു വചനം ഇപ്രകാരമാണ്‌: ``തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌.'' (ആലുഇംറാന്‍ 186)

രോഗം എന്നത്‌ ശരീരത്തില്‍ അല്ലാഹു നടത്തുന്ന പരീക്ഷണമാണ്‌. രോഗമുണ്ടാക്കുന്നത്‌ ജിന്ന്‌ പിശാചാണെന്ന വാദം ഖുര്‍ആനിന്റെ നസ്സിന്‌ (വ്യക്തമായ പ്രസ്‌താവനയ്‌ക്ക്‌) വിരുദ്ധവും ശിര്‍ക്കുമാണ്‌. അല്ലാഹുവിന്റെ മുഴുവന്‍ കഴിവുകളും ഇക്കൂട്ടര്‍ ശൈത്വാന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌!

ഇനി, രോഗമുണ്ടാക്കും എന്ന്‌ പ്രചരിപ്പിക്കുന്ന ശൈത്വാന്‍ ഏതാണ്‌? ഹൈന്ദവ വിശ്വാസപ്രകാരവും യാഥാസ്ഥിതികരുടെ ഊഹങ്ങള്‍ അടിസ്ഥാനമാക്കിയും പല പേരുകളിലും ശൈത്വാന്‍ അറിയപ്പെടാറുണ്ട്‌. അവ രക്തരക്ഷസ്സ്‌, ബ്രഹ്‌മരക്ഷസ്സ്‌, കരിങ്കുട്ടി, പൊട്ടി, പ്രേതം, ഭൂതം, ചേക്കുട്ടിപ്പാപ്പ തുടങ്ങിയ പേരുകളില്‍ പ്രചാരത്തിലുള്ളതാണ്‌. മേല്‍പറഞ്ഞ വിഭാഗത്തില്‍ എല്ലാവരും രോഗം പരത്തുമോ? അതോ ഏതെങ്കിലും പ്രത്യേക വിഭാഗമാണോ രോഗം പരത്തുന്നത്‌? അതോ ഫുളുവന്‍ എന്ന്‌ പറയുന്ന ശൈത്വാനാണോ? `ഫുളുവന്റെ ഓതിരം' എന്ന്‌ മുസ്‌ലിയാക്കളും മറ്റും മുമ്പ്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. കൂടാതെ, രോഗം പകരുന്നത്‌ പല രൂപത്തിലാണ്‌. ഭക്ഷണത്തിലൂടെ, വെള്ളത്തിലൂടെ, വായുവിലൂടെ... ശൈത്വാന്‍ ഏത്‌ വിധത്തിലാണ്‌ രോഗം പരത്തുന്നത്‌? ഒന്ന്‌ വിശദീകരിക്കുമോ?

ആത്മീയതയില്‍ അത്യുന്നതിയില്‍ നിലനിന്നിരുന്ന അയ്യൂബ്‌ നബി(അ)യെ പിശാച്‌ പിടിച്ച്‌ രോഗിയാക്കി എന്ന്‌ ജല്‍പിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആനിനെ തള്ളിപ്പറയുകയല്ലേ ചെയ്യുന്നത്‌? ഒരിടത്ത്‌ പടച്ചവനെ ഭയപ്പെടുന്നവരെ പിശാച്‌ ബാധിക്കുകയില്ലെന്നും മറ്റൊരിടത്ത്‌ അയ്യൂബ്‌ നബിയെ പിശാച്‌ ബാധിച്ചു എന്നും പറയുന്നു! ഇത്‌ ഇരട്ടത്താപ്പാണ്‌. താഴെ വചനങ്ങള്‍ ശ്രദ്ധിക്കുക.

``തീര്‍ച്ചയായും വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്‌(പിശാചിന്‌) യാതൊരധികാരവുമില്ല'' (അന്നഹ്‌ല്‍ 99). ``തീര്‍ച്ചയായും എന്റെ അടിമകളുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.'' (അല്‍ഹിജ്‌ര്‍ 42)

മേല്‍ വചനങ്ങളുടെ ചുരുക്കം ഇതാണ്‌: ഒന്ന്‌, സത്യവിശ്വാസം സ്വീകരിച്ച്‌ അല്ലാഹുവില്‍ ഭരമേല്‍പിച്ച്‌ ജീവിക്കുന്നവരെ യാതൊരു നിലയിലും കീഴ്‌പ്പെടുത്താന്‍ പിശാചിന്‌ സാധ്യമല്ല. രണ്ട്‌, പിശാചിന്‌ കീഴ്‌പ്പെടുത്താന്‍ സാധിക്കുക അവനെ പിന്തുടര്‍ന്ന്‌ ജീവിച്ച്‌ വഴിപിഴച്ച ദുര്‍മാര്‍ഗികളെയാണ്‌. വിശുദ്ധ ഖുര്‍ആന്‍ ഇത്രയൊക്കെ വ്യക്തമാക്കിയിട്ടും ക്ഷമയുടെയും തഖ്‌വയുടെയും പ്രതീകമായ അയ്യൂബ്‌ നബി(അ)ക്ക്‌ പിശാച്‌ രോഗമുണ്ടാക്കിയെന്ന്‌ പറഞ്ഞുനടക്കുന്നത്‌ എന്തിന്റെയടിസ്ഥാനത്തിലാണ്‌? ചില നബിവചനങ്ങള്‍ ശ്രദ്ധിക്കുക:

നബി(സ) പറയുന്നു: ``അല്ലാഹു ശമനം ഇറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല'' (ബുഖാരി). പ്ലേഗ്‌ രോഗം അല്ലാഹു മുന്‍ഗാമികളില്‍ ചിലര്‍ക്ക്‌ ശിക്ഷയായി ഇറക്കിയ രോഗമാണെന്ന്‌ സ്വഹീഹ്‌ മുസ്‌ലിമില്‍ ഏഴോളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. ഉദാഹരണം: ``ഉസാമത്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: നിങ്ങള്‍ക്ക്‌ മുമ്പുള്ളവരുടെ മേലോ ഇസ്‌റാഈല്‍ സന്തതികളുടെ മേലോ അല്ലാഹുവിന്റെ ശിക്ഷയായി അയക്കപ്പെട്ട രോഗമാണ്‌ പ്ലേഗ്‌. ഒരു നാട്ടില്‍ പ്രസ്‌തുത രോഗം ഉണ്ടാകുന്ന പക്ഷം ആ നാട്ടിലേക്ക്‌ നിങ്ങള്‍ പോകരുത്‌. നിങ്ങള്‍ രോഗം ബാധിച്ച്‌ ഒരു നാട്ടിലായിരിക്കെ, ആ നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക്‌ ഓടിപ്പോവുകയും ചെയ്യരുത്‌.'' (സ്വഹീഹ്‌ മുസ്‌ലിം 7:461)

രോഗമില്ലാത്ത നാട്ടുകാര്‍ രോഗമുള്ള നാട്ടിലേക്കും രോഗമുള്ള നാട്ടുകാര്‍ രോഗമില്ലാത്ത നാട്ടിലേക്കും പോകരുതെന്‌ നബി(സ) കല്‌പിച്ചത്‌ പ്ലേഗ്‌ പകരുന്ന രോഗമായതു കൊണ്ടാണ്‌. ശൈത്വാനാണ്‌ രോഗമുണ്ടാക്കുന്നതെങ്കില്‍ ഈ കല്‌പനക്ക്‌ യാതൊരു വിലയുമില്ല. കാരണം ശൈത്വാന്‌ എവിടെയും യഥേഷ്‌ടം രോഗം പരത്താമല്ലോ. മാത്രമല്ല രോഗം വരുത്താനുള്ള അധികാരം ശൈത്വാനുണ്ടായിരുന്നുവെങ്കില്‍ ഈ ലോകത്ത്‌ ഒരു ആബിദിനെയും (അല്ലാഹുവെ ആരാധിക്കുന്നവന്‍) നാം കണ്ടെത്തുന്നതല്ല. സകലരെയും അവന്‍ രോഗികളാക്കി മാറ്റും. ഈ വാദം മഹാശിര്‍ക്കില്‍ പെട്ടതാണ്‌. മഹാപണ്ഡിതനായ സ്വാഹിബുബ്‌നു ഫൗസാന്‍ രേഖപ്പെടുത്തുന്നു:

``ശിര്‍ക്ക്‌ രണ്ട്‌ വിധമുണ്ട്‌. ഒന്നാമത്തെ ഇനം ഇസ്‌ലാമില്‍ നിന്നും തന്നെ പുറത്തുപോകുന്ന ഏറ്റവും വലിയ ശിര്‍ക്കാണ്‌. മരിച്ചവരെ (റൂഹാനി) ഭയപ്പെടുക. ജിന്നും ശൈത്വാനും ശാരീരികമായി ദ്രോഹിക്കുമെന്നും രോഗമുണ്ടാക്കുമെന്നും ഭയപ്പെടുക തുടങ്ങിയവ വലിയ ശിര്‍ക്കില്‍ പെട്ടതാണ്‌.'' (ഹഖീഖതുത്തൗഹീദ്‌, പേജ്‌ 77)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews