യാഥാസ്ഥിതികരുടെ പിന്നാലെ നവയാഥാസ്ഥിതികരും!

കെ വി ഒ അബ്ദുറഹിമാന്‍,പറവണ്ണ

ഏതാണ്ട് ഒമ്പത് പതിറ്റാണ്ടുമുന് കേരളം മുസ്‌ലിം ചരിത്രം അതിശോചനീയമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം. അവരെ പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. തൗഹീദിന്റെ പ്രകാശവും ശിര്‍ക്കിന്റെ അന്ധകാരവും അവരില്‍നിന്ന് പിഴുതെറിയപ്പെട്ടു. മുന്നോട്ടുള്ള ഈ പ്രയാണത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ അന്നത്തെ യാഥാസ്ഥിതിക പുരോഹിതവൃന്ദം എന്ത് തന്ത്രമാണോ സ്വീകരിച്ചത് അതേ പാതയില്‍ തന്നെയാണ് നമ്മുടെ നവയാഥാസ്ഥിതികരും ഇപ്പോള്‍ സഞ്ചരിക്കുന്നത്. യഥാര്‍ഥ മുജാഹിദുകളെ മന്ദബുദ്ധികള്‍ എന്നു പറഞ്ഞ് പരിഹസിക്കുക, ദുരാരോപണങ്ങള്‍ പറഞ്ഞും എഴുതിയും പ്രചരിപ്പിക്കുക; ഉദാഹരണത്തിന് ചില സാമ്പിളുകള്‍ കാണുക. മടവൂരികള്‍ ഇഖ്‌വാനികളാണ്, ചേകന്നൂരികളാണ്, ഹദീസ് നിഷേധികളാണ് ഇങ്ങനെ പോകുന്നു ആ പട്ടിക. ആടിനെ പട്ടിയാക്കുകയും പിന്നിട് പട്ടിയെ പേപ്പട്ടി എന്നുവിളിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്യുക. എന്നാല്‍ വസ്തുത എന്തെന്നോ?

സംഘടന പിളരുന്നതിനു മുമ്പ് കെ എന്‍ എമ്മിന്റെ ആധികാരിക ഖുര്‍ആന്‍ തഫ്‌സീര്‍, അമാനി മൗലവിയുടേതായിരുന്നു. പ്രസ്തുത തഫ്‌സീറില്‍ ഉടനീളം ഇഖ്‌വാന്‍ നേതാവായ സയ്യിദ് ഖുത്തുബിന്റെ ഉദ്ധരണികളാണുള്ളത്. അന്ന് കെ എന്‍ എം ഇഖ്‌വാനികളായിരുന്നുവോ? പരിഭാഷകനായ അമാനി മൗലവി ഇഖ്‌വാനി ആയിരുന്നുവോ? മറ്റൊരാരോപണം മടവൂരികള്‍ ചേകനൂരിസ്റ്റുകളാണ്. ഇതും ശുദ്ധനുണ. അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പറഞ്ഞതുപോലെയാണ് സംഭവം. യഥാര്‍ഥത്തില്‍ ചേകന്നൂര്‍ തിരോധാനകേസില്‍ ആദ്യമായി വിചാരണ ചെയ്തത് എ അബ്ദുസ്സലാം സുല്ലമിയേയും പിന്നീട് ഈയുള്ളവനെയും ആയിരുന്നു. തന്നെയുമല്ല, ചേകന്നൂരിസത്തിന്നെതിരില്‍, നിരവധി പുസ്തകങ്ങള്‍ സലാം സുല്ലമി രചിച്ചിട്ടുണ്ട്. അബൂഹു റയിറ പിന്തുടര്‍ച്ചാവകാശ നിയമം, ചേകനൂരിന്റെ ഗ്രന്ഥങ്ങള്‍ക്കു സുവ്യക്ത മറുപടി എന്നീ പുസ്തകങ്ങള്‍ അവയില്‍ ചിലതാണ്.

അവസാനത്തെ ആരോപണം മടവൂരികള്‍ ഹദിസ് നിഷേധികളാണ്. ഇതിന്റെ പൊരുള്‍ അറിയാത്തവരാണ് നമ്മില്‍ പലരും. 'ഹദീസ് നിഷേധം ഖവാരിജുകള്‍ മുതല്‍ മടവൂരികള്‍ വരെ' എന്ന പേരില്‍ നവയാഥാസ്ഥിതികര്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിലുദ്ധരിച്ച ഹദീസുകള്‍ നവയാഥാസ്ഥിതികരുടെ പണ്ഡിതസംഘടനയിലുള്ളവര്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. പ്രസ്തുത ഹദീസുകള്‍ കൂടി സ്വീകരിക്കണമത്രെ. അല്ലാത്തവരൊക്കെ ഹദീസ് നിഷേധികളും. ഈ വിഷയകമായി ഈയുള്ളവന്‍ ശബാബ് വാരികയില്‍ 'നബി(സ)യെ അവഹേളിക്കാതിരുന്നുകൂടെ' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചത് ഓര്‍ക്കുമല്ലോ. ചുരുക്കത്തില്‍ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഐക്യപ്പെടാന്‍ തയ്യാറുണ്ടോ? അതാണ് പ്രശ്‌നം.

"സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവേ സൂക്ഷിക്കേണ്ട ക്രമത്തില്‍ സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കരുത്. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്" {ഖുര്‍ആന്‍)} ഈ വചനം സ്റ്റേജുകളില്‍നിന്നും പേജുകളില്‍നിന്നും ധാരാളം അറിയാന്‍ കഴിയുന്നു. എന്നിട്ടോ? നാം പ്രവൃത്തിയിലൂടെ സാക്ഷ്യം വഹിക്കുന്നത്-മുസ്‌ലിംകള്‍ യോജിക്കുകയില്ല എന്ന കാര്യത്തില്‍ യോജിച്ചിരിക്കുന്നു എന്നൊരു വിധിവൈപരീത്യം!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews