ആ പണ്ഡിത ഫത്‌വ നട്ടെല്ലില്ലായ്‌മ വിളിച്ചോതുന്നു

എ അബ്‌ദുസ്സലാം സുല്ലമി

``പിശാചിന്റെ സ്വാധീനത്തിനു വിധേയനാകുന്ന മനുഷ്യന്‍ അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുന്നതിന്‌ പകരം അവന്റെ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കുകയും അതുവഴി നരകം വിലക്കുവാങ്ങുകയും ചെയ്യുന്നുവെന്ന്‌ റസൂല്‍(സ) പഠിപ്പിക്കുന്നതു കാണാം.'' (ജിന്ന്‌, പിശാച്‌, റുഖിയ, ശറഇയ്യ, പേജ്‌ 15, എ പി വിഭാഗം കെ ജെ യു പ്രസിദ്ധീകരിച്ചത്‌).

``അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ കല്‌പിക്കപ്പെട്ട മനുഷ്യരെ അവന്റെ സൃഷ്‌ടികളെ ആരാധിക്കുന്ന വഴികേടിലേക്കെത്തുന്നതില്‍ പിശാച്‌ വഹിക്കുന്ന പങ്കാണ്‌ ഈ വചനത്തിലൂടെ വിശദീകരിക്കുന്നത്‌.'' (അതേപുസ്‌തകം, പേജ്‌ 16)

പ്രാര്‍ഥനയും ആരാധനയും ഒന്നു തന്നെയാണോ? അതല്ല രണ്ടാണോ? പ്രാര്‍ഥന പ്രവേശിക്കാത്ത ധാരാളം ആരാധനയുണ്ടോ? അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയാണോ? അതല്ല ആരാധനയാണോ? ഈ പ്രശ്‌നമാണ്‌ ഈ പുസ്‌തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ ഇതിനെ സംബന്ധിച്ച്‌ ഒരക്ഷരവും എഴുതാതെ മുജാഹിദുകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്‌ ആയത്തും ഹദീസും ഉദ്ധരിച്ച്‌ ഇവര്‍ സമര്‍ഥിക്കുന്നത്‌. കെ കെ സകരിയ്യയുടെയും കൂട്ടാളികളുടെയും വാദങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.


1). ആരാധനയും പ്രാര്‍ഥനയും രണ്ടാണ്‌. മടവൂരികള്‍ക്ക്‌ ഇത്‌ ഗ്രഹിക്കാനുള്ള ബുദ്ധിയില്ല. (കെ കെ സകരിയ്യയുടെ കടവത്തൂര്‍, തിരുവനന്തപുരം പ്രസംഗങ്ങള്‍)

2). പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകള്‍ ഉണ്ട്‌. (അതേപ്രസംഗങ്ങള്‍)

3). അല്ലാഹുവിനെ ഭയപ്പെടല്‍ ആരാധനയാണ്‌, പ്രാര്‍ഥനയല്ല (സകരിയ്യ സ്വലാഹി: തിരുവനന്തപുരം പ്രസംഗം, ചോദ്യത്തിന്റെ സന്ദര്‍ഭം)

4). `അദ്ദുആഉ ഹുവല്‍ ഇബാദ' (പ്രാര്‍ഥനയാണ്‌ ആരാധന) എന്നു പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം പ്രാര്‍ഥന ആരാധനയാണ്‌ എന്നാണ്‌. പ്രാര്‍ഥന മാത്രമാണ്‌ ആരാധന എന്ന അര്‍ഥം അതിനില്ല. `അല്‍ഹജ്ജു അറഫ' (ഹജ്ജ്‌ അറഫയാണ്‌) എന്ന്‌ നബി(സ) പറഞ്ഞതു പോലെയാണിത്‌. അറഫ മാത്രമാണ്‌ ഹജ്ജ്‌ എന്ന്‌ ഇതിനര്‍ഥമില്ല.'' (അതേപ്രസംഗം)

5). ജിന്നുകളോട്‌ പ്രാര്‍ഥിച്ചു എന്നു പറയണമെങ്കിലും മലക്കുകളോട്‌ പ്രാര്‍ഥിച്ചു എന്ന പറയണമെങ്കിലും അവരുടെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ ചോദിക്കണം. കഴിവില്‍ പെട്ടത്‌ അവരോടു ചോദിച്ചാല്‍ ശിര്‍ക്കാവുകയില്ല. പ്രാര്‍ഥനയുമല്ല (അതേപ്രസംഗം)

6). ശിര്‍ക്ക്‌ ചെയ്‌താല്‍ പിശാച്‌ ഉപകാരം ചെയ്‌തുതരും. പ്രാര്‍ഥിച്ചാല്‍ ഉപകാരം ചെയ്‌തുതരികയില്ല. (ഇസ്വ്‌ലാഹ്‌ -2006 ഡിസംബര്‍)

7). ജിന്നുകളോട്‌ സഹായം തേടിയാല്‍ അവര്‍ സഹായിക്കുകയില്ല, അത്‌ ശിര്‍ക്കാണ്‌ എന്നെല്ലാം ഖുര്‍ആന്‍ പറയുന്നത്‌ അവരുടെ കഴിവില്‍ പെടാത്ത സംഗതികള്‍ അവരോട്‌ ചോദിക്കുന്ന സന്ദര്‍ഭത്തിലാണ്‌ എന്ന്‌ വ്യാഖ്യാനിക്കണം. അതിനാല്‍ സഹായതേട്ടം, ആരാധന എന്നീ അര്‍ഥങ്ങള്‍ ഈ സൂക്തങ്ങള്‍ക്കു നല്‌കാന്‍ പാടില്ല. പ്രാര്‍ഥന എന്നു തന്നെ അര്‍ഥം നല്‌കണം. മടവൂരികള്‍ പ്രാര്‍ഥനയെ സഹായ തേട്ടമായി അട്ടിമറിക്കുകയാണ്‌. (സകരിയ്യ സ്വലാഹി, മുകളില്‍ വിവരിച്ച പ്രസംഗങ്ങള്‍)

ഈ വാദങ്ങള്‍ക്കാണ്‌ ജംഇയ്യത്തുല്‍ ഉലമ മറുപടി എഴുതേണ്ടിയിരുന്നത്‌. ഇത്തരം അപകടം പിടിച്ച വാദങ്ങള്‍ കേട്ടില്ല, കണ്ടില്ല എന്ന നിലക്കാണ്‌ ഇവര്‍ എഴുതിയത്‌. ഈ വാദങ്ങള്‍ക്ക്‌ മുജാഹിദുകളുടെ വിശദീകരണം കാണുക.

1). ``നബി(സ) പറഞ്ഞു: പ്രാര്‍ഥനയാണ്‌ ആരാധന. ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂവെന്ന്‌ ഖുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്‌. പ്രാര്‍ഥനയാണ്‌ ആരാധന എന്ന്‌ പ്രവാചകന്‍ വിശദീകരിക്കുകയും ചെയ്‌തു. പ്രാര്‍ഥനാനിര്‍ഭരമല്ലാത്ത കര്‍മങ്ങള്‍ എത്ര ഭക്തിസാന്ദ്രമായി കാഴ്‌ചക്കാര്‍ക്ക്‌ അനുഭവപ്പെട്ടാലും അതു ഇബാദത്താകുകയില്ല.'' (സല്‍സബീല്‍, 20-10-1996, പേജ്‌ 13)

2). ആരാധനകളുടെ കാതലായ വശം തന്നെ പ്രാര്‍ഥനയാണ്‌. നബി(സ) പറയുന്നു: ദുആ (പ്രാര്‍ഥന) തന്നെയാണ്‌ ഇബാദത്ത്‌ (ആരാധന). തുടര്‍ന്ന്‌ (ഇതിനു തെളിവായി) സൂറത്ത്‌ മുഅ്‌മിന്‍ 60-ാം വചനം തിരുമേനി ഓതുകയും ചെയ്‌തു (അ, കി, ദാ, ന). മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞ വാചകം ദുആ ഇബാദത്തിന്റെ മജ്ജയാകുന്നു എന്നാകുന്നു (ഖുര്‍ആനില്‍ നിന്ന്‌, എം എ എം, അല്‍മനാര്‍ മാസിക -2006 ഒക്‌ടോബര്‍, പേജ്‌ 53)

3). ആരാധനയുടെ മജ്ജയാണ്‌ പ്രാര്‍ഥന. നബി(സ) പഠിപ്പിച്ചു: പ്രാര്‍ഥന തന്നെയാണ്‌ ആരാധന. തുര്‍ന്നു മേല്‍ ആയത്ത്‌ പാരായണം ചെയ്യുകയും ചെയ്‌തു. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണം. (മായിന്‍കുട്ടി സുല്ലമി, പ്രാര്‍ഥനയും ഭിന്നനിലാപടുകളും, അല്‍മനാര്‍ -2007 ഏപ്രില്‍, പേജ്‌ 53)

4). അല്ലാഹുവിനെ ഭയപ്പെടല്‍ ഇബാദത്താണ്‌. കാരണം അവയെല്ലാം പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്ന കര്‍മങ്ങളാണ്‌. (കുഞ്ഞീതു മദനി, തൗഹീദിന്റെ പ്രതിജ്ഞ, അല്‍മനാര്‍ -1994 ഒക്‌ടോബര്‍, പേജ്‌ 17)

5). പിന്നെ ശിര്‍ക്കിനെ പറ്റി പ്രാര്‍ഥന ആരാധനയാണെന്നും ആരാധനയുടെ കാതലായ അംശമാണെന്നും അല്ലാഹുവെ വിളിച്ച്‌ പ്രാര്‍ഥിക്കുന്നതില്‍ അഹങ്കരിക്കുന്നവര്‍ അവനെ ആരാധിക്കുന്നതില്‍ അഹങ്കരിക്കുന്നവരാണെന്നും ദുആ ഇബാദത്താണെന്നും ഇന്നലെ ഞങ്ങള്‍ അക്കമിട്ട്‌ വിശദീകരിക്കുകയുണ്ടായി. (കൊട്ടപ്പുറം, സുന്നി-മുജാഹിദ്‌ സംവാദം, പേജ്‌ 37). കാതലായ അംശം ഇല്ലാതെ ഒരു സംഗതി ആരാധനയാകുമെന്നാണ്‌ കെ കെ സകരിയ്യ ഇപ്പോള്‍ വാദിക്കുന്നത്‌.

6). മുഹമ്മദ്‌ നബി(സ)യുടെ ഹദീസ്‌ ഞങ്ങള്‍ പറഞ്ഞു. പ്രാര്‍ഥന അതാണ്‌ ആരാധന. പ്രാര്‍ഥന ഇബാദത്താണെന്ന്‌ നബി(സ)യാണ്‌ പറഞ്ഞത്‌ (അതേപുസ്‌തകം, പേജ്‌ 141). ജിന്ന്‌ മുജാഹിദുകള്‍ ഇപ്പോള്‍ പറയുന്നത്‌ ``പ്രാര്‍ഥനയും ആരാധനയാണ്‌. എന്നാല്‍ പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകള്‍ വേറെയുമുണ്ട്‌'' എന്നാണ്‌. ഇവരുടെ കെ ജെ യു തീരുമാനം പ്രധാനമായും ഉണ്ടാവേണ്ടത്‌ ഈ വിഷയത്തിലായിരുന്നു.

7). ഇബാദത്ത്‌ (ആരാധന) എന്ത്‌? അതില്‍ പ്രാര്‍ഥനയുടെ അംശം വേണം എന്ന നിലക്ക്‌ നബി(സ) വിവരിച്ചു. (കൊട്ടപ്പുറം സംവാദം, പേജ്‌ 146)

8). എന്നാല്‍ എന്താണ്‌ ഇബാദത്ത്‌? സ്വാഭാവികമായുണ്ടാവുന്ന ചോദ്യം. മറുപടി ലളിതമാണ്‌. നബി(സ) നല്‌കിയ വിശദീകരണം തന്നെ നമുക്കു മതി. അവിടുന്ന്‌ പറഞ്ഞതിങ്ങനെയാണ്‌: പ്രാര്‍ഥന അതാണ്‌ ഇബാദത്ത്‌. പ്രാര്‍ഥന അതാണ്‌ ഇബാദത്തിന്റെ മജ്ജ. അതായത്‌ പ്രാര്‍ഥനയുള്ള എന്തുണ്ടോ അതു ആരാധനയാണ്‌. പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധന ആവുകയില്ല. (കെ പി മുഹമ്മദ്‌ മൗലവി, ഇബാദത്തും ഇത്വാഅത്തും, പേജ്‌ 125). കെ പി മുഹമ്മദ്‌ മൗലവി ഇവിടെ പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധനയല്ലെന്ന്‌ പറയുമ്പോള്‍ കെ കെ സകരിയ്യയും കൂട്ടരും പറയുന്നത്‌ പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകള്‍ ഉണ്ടെന്നാണ്‌.

9). പ്രാര്‍ഥനയും ആരാധനയും ഒന്നു തന്നെയാണ്‌. പ്രാര്‍ഥന ആരാധനയുടെ മജ്ജയുമാണ്‌ (അത്തൗഹീദ്‌, പി അബ്‌ദുല്‍ഖാദിര്‍ മൗലവി കണ്ണൂര്‍, പേജ്‌ 49). കെ എം മൗലവിയാണ്‌ ഈ പുസ്‌തകത്തിന്‌ അവതാരിക എഴുതിയത്‌.

10). അങ്ങനെ ആരാധനക്ക്‌ നബി(സ) നല്‌കിയ ഈ വിവരണമനുസരിച്ച്‌ പ്രാര്‍ഥനയും പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന മറ്റ്‌ കര്‍മങ്ങളുമാണ്‌ ആരാധന എന്ന്‌ ഗ്രഹിക്കാം (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്‌, കെ കുഞ്ഞീതു മൗലവി, പേജ്‌ 9)

11). `അദ്ദുആഉ ഹുവല്‍ ഇബാദ' എന്നു നബി(സ) പറഞ്ഞത്‌ പ്രാര്‍ഥന മാത്രമാണ്‌ ഇബാദത്ത്‌ എന്നാണ്‌ അല്ലാഹുവിന്റെ ദൂതന്‍ നമ്മെ പഠിപ്പിച്ചത്‌. മുസ്‌ലിയാക്കന്‍മാരേ! പ്രാര്‍ഥന മാത്രമാണ്‌ ഇബാദത്ത്‌ എന്ന്‌ നബി(സ) പഠിപ്പിച്ചത്‌ നിങ്ങള്‍ ഓര്‍ക്കണം. (മണ്ണാര്‍ക്കാട്‌ സംവാദത്തില്‍ സകരിയ്യ സ്വലാഹി) ഈ സംവാദത്തിന്റെ സന്ദര്‍ഭത്തില്‍ ഇദ്ദേഹം ധാരാളം പ്രാവശ്യം ഹദീസിന്‌ അര്‍ഥം നല്‌കുന്നത്‌ മുജാഹിദുകളുടെ യഥാര്‍ഥ വാദമാണ്‌ (രണ്ടാമത്തെ സീഡി കാണുക). ഇപ്പോള്‍ ഇയാള്‍ ജല്‌പിക്കുന്ന അര്‍ഥമല്ല.

ജിന്നുകളെ വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്നും സാഹിര്‍ ഉദ്ദേശിക്കുമ്പോള്‍ പിശാചിനെ ആരാധിച്ച്‌ സാഹിര്‍ ഉദ്ദേശിക്കുന്ന മനുഷ്യനെ ഉപദ്രവിക്കാന്‍ സാധിക്കുമെന്നും ജല്‌പിക്കാനാണ്‌ ഇദ്ദേഹം തൗഹീദിന്റെ കടക്കുനേരെ ഈ കത്തിയുയര്‍ത്തിയത്‌. മലക്കിനെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ കെ കെ സകരിയ്യയും കൂട്ടരും സമ്മതിക്കുന്നതാണ്‌. പക്ഷെ, ഇവരുടെ വാദം `അവരുടെ കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ ശിര്‍ക്കല്ല' എന്നാണ്‌. അതുപോലെ തന്റെ ശബ്‌ദത്തിന്റെ പരിധിയില്‍ വരുന്ന മലക്കിനെയും ജിന്നുകളെയും ഉദ്ദേശിച്ച്‌ സഹായംതേടിയാലും ശിര്‍ക്കല്ലെന്ന്‌ പറയുന്നു. ഈ വിഭാഗത്തെ തൃപ്‌തിപ്പെടുത്തുന്ന നിലക്കാണ്‌ കെ ജെ യുവിന്റെ ഫത്‌വ. ശിര്‍ക്ക്‌ അരിച്ചുകയറി വരുന്ന വാതായനങ്ങള്‍ അടക്കുന്നതിന്‌ ഈ ഫത്‌വകള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ മുജാഹിദുകള്‍ ആലോചിക്കുക. കാര്യം വക്രതയില്ലാതെ വ്യക്തമായി പറയുന്നവരാണ്‌ മുജാഹിദുകള്‍.

ജിന്നുകളും മലക്കുകളും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്‌ടികളാണ്‌. അതിനാല്‍ അവരെ വിളിച്ച്‌ സഹായം തേടിയാല്‍ തന്നെ ഈ സഹായ തേട്ടം ശിര്‍ക്കും കുഫ്‌റുമാണ്‌. ഇവിടെ അവരുടെ കഴിവില്‍ പെട്ടത്‌, കഴിവില്‍ പെടാത്തത്‌ എന്ന വ്യത്യാസമില്ല. ശബ്‌ദത്തിന്റെ പരിധിയില്‍ വരുന്നതും വരാത്തതും എന്ന വേര്‍തിരിവില്ല.

ജിന്നുകളെ ആരാധിച്ചാല്‍ അവര്‍ സഹായം ചെയ്യുകയുമില്ല. വിശുദ്ധ ഖുര്‍ആനില്‍ ആരാധിക്കപ്പെടുന്നവര്‍ (മഅ്‌ബൂദ്‌) ഉപകാരവും ഉപദ്രവവും ചെയ്യുകയില്ലെന്ന്‌ പറയുമ്പോള്‍ അവിടെ ജിന്നുകളും ഉദ്ദേശിക്കപ്പെടുന്നതാണ്‌. വിഗ്രഹങ്ങള്‍ സഹായിക്കുകയില്ലെന്ന്‌ പറയുമ്പോള്‍ വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മരണപ്പെട്ട മഹാന്മാരും അതുപോലെ അവയില്‍ ആവാഹിച്ച ജിന്നുകളും ഉദ്ദേശിക്കപ്പെടുന്നു. ഇവയൊന്നും വ്യക്തമാക്കാതെയാണ്‌ തൗഹീദിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പുസ്‌തകം രചിക്കുകയും ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുള്ളത്‌.

തൗഹീദിന്റെ പേര്‌ പറഞ്ഞു കോടികള്‍ പിരിച്ചെടുത്തു കീശ നിറയ്‌ക്കുക എന്നതാണ്‌ ഇവരുടെ ഇസ്വ്‌ലാഹീ പ്രവര്‍ത്തനം. ജനങ്ങള്‍ ഇവരെയും ഇവരുടെ വികലമായ തൗഹീദിനെയും ഖബറകടക്കുക തന്നെ ചെയ്യും. എല്ലാറ്റിനും അല്ലാഹു ഒരു സമയപരിധി നിര്‍ണയിച്ചിട്ടുണ്ട്‌. അവന്‍ നീതിമാനും മര്‍ദിതരുടെ പ്രാര്‍ഥന യാതൊരു മറയുമില്ലാതെ കേള്‍ക്കുന്നവനുമാണ്‌. അതിനാല്‍ പ്രാര്‍ഥന എന്താണെന്ന്‌ വ്യക്തമാക്കാന്‍ ഓരോ മുജാഹിദും ഇവരെ നിര്‍ബന്ധിക്കണം. മലക്കുകളോടും ജിന്നുകളോടും സഹായം തേടല്‍ എന്തുകൊണ്ട്‌ ശിര്‍ക്കായെന്നും കെ ജെ യു വ്യക്തമാക്കണം. ജിന്നുകളോടും മലക്കുകളോടും സഹായം തേടുമ്പോള്‍ ശിര്‍ക്കല്ലാത്ത വല്ലതും ഉണ്ടോ? ഉണ്ടെങ്കില്‍ അതു ഏത്‌ ഇനമാണെന്നും ഇവര്‍ വ്യക്തമാക്കണം.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews