ശൈഖ്‌ അല്‍ബാനിയും ബുഖാരിയും മുസ്‌ലിമും

എ അബ്‌ദുസ്സലാം സുല്ലമി

``ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പരമ്പരയുള്ള വല്ല ഹദീസിനെയും നിരൂപണം നടത്താനോ അതിന്റെ ദുര്‍ബലത ചൂണ്ടിക്കാണിക്കാനോ പാടില്ല. അപ്രകാരം ചെയ്യുന്നവര്‍ പൂര്‍വികന്മാരുടെ അഭിപ്രായം ഉദ്ധരിച്ചതാണെങ്കിലും-ഹദീസ്‌ നിഷേധികളാണ്‌.'' (ജിന്ന്‌ മുജാഹിദുകളുടെ നവീന വാദങ്ങളുടെ സംഗ്രഹം)

ആധുനിക ഹദീസ്‌ പണ്ഡിതനും ഇവര്‍ അന്ധമായി അനുകരിക്കുന്ന വ്യക്തിയുമായ ശൈഖ്‌ അല്‍ബാനി ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകള്‍ -ആശയം സ്ഥിരപ്പെടാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ പ്രസ്‌താവിച്ച നിബന്ധനകള്‍ നൂറ്‌ ശതമാനം യോജിച്ചിട്ടും -ദുര്‍ബലമാക്കുന്നത്‌ കാണാതെയാണ്‌ ഈ വിഭാഗം ഈ വിമര്‍ശനം ഉന്നയിക്കുന്നത്‌. ഇവരിലൊരാള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഡോക്‌ടറേറ്റ്‌ എടുത്തവനാണ്‌. ഇദ്ദേഹമാണ്‌ ഈ വിമര്‍ശനത്തിന്റെ നേതാവ്‌. ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ അല്‍ബാനി ദുര്‍ബലമാക്കിയതില്‍ നിന്ന്‌ ചിലത്‌ ഉദാഹരണത്തിനു വേണ്ടി താഴെ ഉദ്ധരിക്കുന്നു.


1) അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) അരുളി. ഒരു മനുഷ്യന്‍ അല്ലാഹുവിന്‌ തൃപ്‌തിപ്പെട്ട ഒരു വാക്ക്‌ പറയും. പ്രാധാന്യം കല്‌പിച്ചുകൊണ്ടല്ല അത്‌ പറയുക. ആ വാക്ക്‌ കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന്‌ കാരണമായ ഒരു വാക്ക്‌ പറയും. അതിന്‌ അവന്‍ പ്രാധാന്യം കല്‌പിക്കുകയില്ല. ആ വാക്ക്‌ കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും (ബുഖാരി, 6478, മുസ്‌ലിം 2988).

ഈ ഹദീസില്‍ പറയുന്ന ആശയം പരിപൂര്‍ണമായും വിശുദ്ധ ഖുര്‍ആനുമായി യോജിക്കുന്നു(സൂറ:അന്നൂര്‍ 15). ഹദീസ്‌ സ്വഹീഹാക്കുവാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ ആശയത്തിന്‌(മത്‌നിന്‌) പറഞ്ഞ മറ്റുള്ള വ്യവസ്ഥകളും ഈ ഹദീസിന്‌ യോജിക്കുന്നു. പുറമെ ബുഖാരിയും മുസ്‌ലിമും ഈ ഹദീസ്‌ ഏകോപിച്ചുകൊണ്ട്‌ ഉദ്ധരിക്കുന്നു. എന്നിട്ടും ശൈഖ്‌ അല്‍ബാനി തന്റെ ദുര്‍ബല ഹദീസുകള്‍ ഉദ്ധരിക്കുന്ന ഗ്രന്ഥത്തില്‍ ഈ ഹദീസ്‌ ഉദ്ധരിച്ചശേഷം പറയുന്നത്‌ കാണുക. ഈ ഹദീസ്‌ ദുര്‍ബലമാണ്‌. ബുഖാരി ഈ ഹദീസ്‌ നിവേദനം ചെയ്യുന്നു. ഒന്നാമത്തെ കാരണം അബ്‌ദുര്‍റഹ്‌മാന്‍ ഓര്‍മശക്തി കുറഞ്ഞവനാണ്‌. ബുഖാരി ഇദ്ദേഹത്തെ തെളിവ്‌ പിടിക്കുന്നതോടൊപ്പം (സില്‍സിലതുല്‍ അഹാദീസുള്ളഈഫ 3-463, നമ്പര്‍ 1299) സുയൂഥി(റ)യുടെ അല്‍ജാമിഉല്‍സഗീറിന്റെ അടിക്കുറിപ്പിലും അല്‍ബാനി ഈ ഹദീസ്‌ ബുഖാരി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും ദുര്‍ബലമാണെന്ന്‌ പറയുന്നു (ളഈഫുല്‍ജാമിഅ്‌ 1502).

ബുഖാരിയും മുസ്‌ലിം ഏകോപിച്ച്‌ ഉദ്ധരിച്ച ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ അഭിപ്രായപ്പെട്ട ശൈഖ്‌ അല്‍ബാനിയെ ഹദീസ്‌ നിഷേധിയെന്ന്‌ വിളിച്ച്‌ ആക്ഷേപിക്കാന്‍ ഈ ഡോക്‌ടറും സംഘവും തയ്യാറാവുമോ?

2. അബൂതുഫെല്‍(റ)നിവേദനം: അലി(റ) അരുളി: ജനങ്ങളോട്‌ അവര്‍ക്ക്‌ മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവീന്‍. അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ (ബുഖാരി 127).

വെള്ളിയാഴ്‌ചയിലെ ഖുതുബ മാതൃഭാഷയിലായിരിക്കണമെന്നതിന്‌ ശാഫിഈ മദ്‌ഹബിലെ പണ്ഡിതന്മാരും മുജാഹിദ്‌ പ്രസ്ഥാനവും ഉദ്ധരിക്കാറുള്ള ഒരു ഹദീസാണിത്‌. ആശയം ഖുര്‍ആന്റെ തത്വത്തിന്‌ പരിപൂര്‍ണമായും യോജിക്കുന്നു.

ഈ റിപ്പോര്‍ട്ട്‌ ബുഖാരിയില്‍ വന്നിട്ടുള്ളത്‌ സ്വഹാബിയിലേക്ക്‌ ചേര്‍ത്ത്‌ പറഞ്ഞുകൊണ്ടാണ്‌. സ്വഹാബിയുടെ വീക്ഷണം (ഫഹ്‌മുസ്വഹാബി) തെളിവാണെന്ന്‌ ജിന്നുവാദികള്‍ അഭിപ്രായപ്പെടുന്നുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ `താടി ഒരു കൈപിടിയുടെ പരിധിയില്‍ വരുന്നതു വെട്ടിമാറ്റാം എന്നതിന്‌' ഇവര്‍ തെളിവ്‌ ചൂണ്ടിക്കാണിക്കുന്നത്‌. ഇതിനുള്ള തെളിവായി ഇബ്‌നുഉമര്‍(റ) ഹജ്ജിന്റെ വേളയില്‍ അപ്രകാരം ചെയ്യാറുണ്ട്‌ എന്നതിനെയാണ്‌ ആധാരമാക്കാറുള്ളത്‌. ഇബ്‌നുഉമര്‍(റ) എന്ന സ്വഹാബിയുടെ നടപടി ക്രമത്തെയാണ്‌ ഈ മസ്‌അലയില്‍ തെളിവാക്കുന്നത്‌. എന്നാല്‍ ബുഖാരി 127-ാം നമ്പറായി ഉദ്ധരിച്ച അലി(റ) പ്രസ്‌താവന ശൈഖ്‌ അല്‍ബാനി ദുര്‍ബലമാണെന്ന്‌ വിധിക്കുന്നു.(ളഈഫുല്‍ ജാമിഅ്‌ 2701). അല്‍ബാനി ഹദീസ്‌ നിഷേധിയോ ഹദീസ്‌ വിജ്ഞാനീയത്തില്‍ കഠിനാധ്വാനം ചെയ്‌ത ഹദീസ്‌ പണ്ഡിതനോ? ജിന്ന്‌ വാദികള്‍ വ്യക്തമാക്കണം.

3. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പുനരുത്ഥാനദിവസം മൂന്നുപേര്‍ക്കെതിരില്‍ താന്‍ ശിക്ഷാ നടപടികള്‍ എടുക്കുമെന്ന്‌ അല്ലാഹു അരുളുന്നു. എന്റെ പേരില്‍ ഒരാളുമായി ഒരു കരാര്‍ ചെയ്‌തു അത്‌ ലംഘിച്ചവന്‍. ഒരു സ്വതന്ത്രനെവിറ്റിട്ട്‌ വില തിന്നവന്‍. ഒരാളെ കൂലിക്ക്‌ ജോലി ചെയ്യാന്‍ വിളിച്ചിട്ടു ജോലി ചെയ്യിച്ചു, എന്നിട്ട്‌ കൂലി കൊടുത്തില്ല. അങ്ങിനെയുള്ളവന്‍ (ബുഖാരി 2227). വളരെ മനോഹരമായ ഒരു ഹദീസാണിത്‌. ഇസ്‌ലാമിന്റെ അടിസ്ഥാനവും മൗലികവുമായ തത്വം ഉള്‍ക്കൊള്ളുന്ന ഒരു നബിവചനം.

ആശയത്തിന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ പറഞ്ഞ മുഴുവന്‍ വ്യവസ്ഥകളും യോജിക്കുന്നു. പുറമെ ബുഖാരി പല സ്ഥലങ്ങളില്‍ ഈ ഹദീസ്‌ നിവേദനം ചെയ്യുന്നു. ശൈഖ്‌ അല്‍ബാനി പറയുന്നു. ഈ ഹദീസ്‌ അഹ്‌മദും ബുഖാരിയും ഉദ്ധരിക്കുന്നു. എങ്കിലും ഈ ഹദീസ്‌ ദുര്‍ബലമാണ്‌ (ളഈഫുല്‍ ജാമിഅ്‌ 4050). ഹദീസ്‌ നിഷേധ മുദ്രയുമായി നടക്കുന്നവര്‍ ജാഗ്രത പാലിക്കുക.

4. സഹ്‌ല്‌(റ) നിവേദനം: നബി(സ)യുടെ ഒരു കുതിര ഞങ്ങളുടെ തോട്ടത്തില്‍ പുല്ല്‌ തിന്ന്‌ വളര്‍ന്നിരുന്നു. ലുഹൈഫ്‌ എന്നായിരുന്നു അതിന്റെ പേര്‌(ബുഖാരി 2855). ഈ ഹദീസ്‌, ഹദീസ്‌ പണ്ഡിതന്മാര്‍ ഹദീസിന്റെ ആശയം സ്ഥിരപ്പെടുവാന്‍ പറഞ്ഞ യാതൊരു വ്യവസ്ഥയ്‌ക്കും എതിരാകുന്നില്ല. പുറമെ ബുഖാരി പല സ്ഥലത്ത്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നു. എന്നിട്ടും ശൈഖ്‌ അല്‍ബാനി പറയുന്നു. ഇത്‌ ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. ഈ ഹദീസ്‌ ദുര്‍ബലമായതാണ്‌ (ളഈഫുല്‍ ജാമിഅ്‌ 4484). അല്‍ബാനി ഹദീസ്‌ നിഷേധിയാണോ? ജിന്നുവാദികള്‍ മറുപടി പറയണം.

5. അബൂഹുറൈറ(റ) പറയുന്നു: തീര്‍ച്ചയായും നബി(സ) പറയുന്നത്‌ ഞാന്‍ കേള്‍ക്കുകയുണ്ടായി. തീര്‍ച്ചയായും എന്റെ സമുദായം പുനരുത്ഥാന ദിവസം അല്ലാഹുവിന്റെ സന്നിധിയിലേക്ക്‌ വിളിക്കപ്പെടുമ്പോള്‍ വുദൂവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിക്കും. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്റെ ശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനത്‌ ചെയ്യട്ടെ. (ബുഖാരി 136, മുസ്‌ലിം 246)

`ആര്‍ക്കെങ്കിലും മുഖത്തിന്റെ ശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനത്‌ ചെയ്യട്ടെ' എന്ന ഭാഗം നബി വചനത്തില്‍ അബൂഹുറൈറ(റ) തന്റെ അഭിപ്രായം കൂട്ടിച്ചേര്‍ത്തു പറഞ്ഞതാണെന്ന്‌ ശൈഖ്‌ അല്‍ബാനി പറയുന്നു. ഖുര്‍ആനിനും ഹദീസിനും ഒരേ പരിഗണനയാണെന്നും ഒന്നാം പ്രമാണം രണ്ടാം പ്രമാണം എന്നിങ്ങനെ വേര്‍തിരിച്ച്‌ പറയുവാന്‍ പാടില്ലെന്നും ഇവര്‍ എഴുതുന്നു. ``ചുരുക്കത്തില്‍ മുകളില്‍ കൊടുത്ത ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും സ്വഹാബത്തിന്റെ നടപടിക്രമങ്ങളില്‍ നിന്നും പണ്ഡിതന്മാരുടെ വാചകങ്ങളില്‍ നിന്നും സ്‌പഷ്‌ടമാകുന്ന കാര്യം ഖുര്‍ആനും സുന്നത്തും പ്രമാണമെന്ന നിലയില്‍ യാതൊരു വേര്‍തിരിവുമില്ല എന്നും രണ്ടിലും വന്ന കാര്യങ്ങള്‍ക്ക്‌ ഒരേ സ്ഥാനമാണെന്നും അവ ഒരുപോലെ തന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (അല്‍ഇസ്വ്‌ലാഹ്‌ മാസിക 2011 ഡിസംബര്‍ പേജ്‌ 44, അബ്‌ദുല്‍മാലിക്‌ മൊറയൂര്‍). അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമസ്ഥാനവും സുന്നത്തില്‍ വന്നതിന്‌ രണ്ടാം സ്ഥാനവും നല്‍കിയിരുന്നില്ല. ഖുര്‍ആനിലും ഹദീസിലും വന്ന കാര്യങ്ങള്‍ ഒരുപോലെ സ്വീകരിക്കലാണ്‌ അവരുടെ രീതി (അതേ മാസിക, പേജ്‌ 44).

ബുഖാരി 136-ാം നമ്പറായി ഉദ്ധരിച്ച ഹദീസില്‍ അബൂഹുറൈറയുടെ വിശദീകരണവാക്യം കൂടി നബിയുടെ വാക്യത്തോടൊപ്പം ചേര്‍ന്ന്‌ വന്നിട്ടുണ്ടെന്ന്‌ അല്‍ബാനി വ്യക്തമാക്കിയതില്‍ നിന്നുതന്നെ ഖുര്‍ആനിക ആയത്തുകള്‍ക്കും ഹദീസ്‌ നിവേദനങ്ങള്‍ക്കും ഒരേ സ്ഥാനമല്ല ഉള്ളത്‌ എന്ന കാര്യം വ്യക്തമാണ്‌. ഖുര്‍ആനിനെപ്പോലെ പരിശോധന കൂടാതെ സ്വീകരിക്കേണ്ട ഗ്രന്ഥങ്ങളാണ്‌ ബുഖാരിയും മുസ്‌ലിമുമെങ്കില്‍ ഈ ഗ്രന്ഥങ്ങളിലെ ചില ഹദീസുകളെ നിരാകരിച്ച ശൈഖ്‌ അല്‍ബാനിയെപ്പറ്റി അല്‍ബാനി ഭക്തര്‍ക്ക്‌ എന്താണ്‌ പറയുവാനുള്ളത്‌ എന്നറിയാന്‍ കൗതുകമുണ്ട്‌! ബുഖാരിയിലെ 5355 നമ്പര്‍ ഹദീസിലെ അവസാനഭാഗങ്ങള്‍ അബൂഹുറൈറ(റ)യുടെ പ്രസ്‌താവനയാണെന്നും അല്‍ബാനി അംഗീകരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലും ഇതുപോലെയുണ്ടെന്ന്‌ ഇവര്‍ വാദിക്കുമോ?

6) ആഇശ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ജനങ്ങളെ അവരുടെ സ്ഥാനത്തിന്നനുസരിച്ച്‌ പരിഗണിക്കാന്‍ ആജ്ഞാപിച്ചിട്ടുണ്ട്‌. (മുസ്‌ലിം). ഈ ഹദീസ്‌ സ്വഹീഹാക്കാന്‍ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ പറയുന്ന സര്‍വ നിബന്ധനകളും യോജിച്ചതാണ്‌. എങ്കിലും ഈ ഹദീസ്‌ മുസ്‌ലിമും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ അല്‍ബാനി പ്രഖ്യാപിച്ചശേഷം ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു (ളഈഫുല്‍ ജാമിഅ്‌ 1344)

7) അബൂസഈദ്‌(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുളി: അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുത്ത്‌ ജനങ്ങളില്‍ ഏറ്റവും ചീത്തയായവന്‍ ഒരു വ്യക്തിയാണ്‌. തന്റെ ഭാര്യയിലേക്ക്‌ അവന്‍ ഒട്ടിച്ചേരും. ശേഷം അവളുടെ രഹസ്യം അവന്‍ പരസ്യപ്പെടുത്തും (മുസ്‌ലിം 1437). ഈ ഹദീസിനും ഹദീസ്‌ സ്വഹീഹാകുവാനുള്ള സര്‍വ നിബന്ധനകളുമുണ്ട്‌. എന്നിട്ടും ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ അംഗീകരിച്ചശേഷം ഇത്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു (ളഈഫുല്‍ ജാമിഅ്‌ 2007)

ഈ ഹദീസ്‌ ദുര്‍ബലമാകുവാന്‍ അല്‍ബാനി ചില കാരണങ്ങള്‍ കണ്ടിരിക്കും. ഇതുപോലുള്ള കാരണത്താല്‍ ഖുര്‍ആനിലെ സൂക്തവും ദുര്‍ബലമായത്‌ ഉണ്ടെന്ന്‌ ഇവര്‍ വാദിക്കുമോ? രണ്ടും ഒരുപോലെയാണെന്ന്‌ എഴുതിവിട്ടവരാണിവര്‍. ഇപ്രകാരം എഴുതുവാന്‍ കാരണം ഇവര്‍ തന്നെ വ്യക്തമാക്കുന്നത്‌ കാണുക: ``മുജാഹിദ്‌ പ്രസ്ഥാനം പിളര്‍ന്ന സമയത്ത്‌ ഒന്നാന്തരം ഖുറാഫിയായിരുന്നതുകൊണ്ടുതന്നെ അബ്‌ദുസ്സലാം സുല്ലമി എന്ന ഈ മനുഷ്യനെ പരിചയപ്പെടാനുള്ള അവസരം ലഭിക്കാത്തവനാണ്‌ ഞാന്‍. അതൊരു മഹാഭാഗ്യമായി ഇപ്പോള്‍ കരുതുന്നു. ഇത്രയും നീച വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഇയാളുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ അതൊരു ദുരന്തമാകുമായിരുന്നു എന്നാണ്‌ ഈയുള്ളവന്റെ വിശ്വാസം'' (അല്‍ഇസ്വ്‌ലാഹ്‌ മാസിക 2011 ഡിസം 26, അമീന്‍ ഒതുക്കുങ്ങല്‍). ഇത്തരത്തില്‍ ഒന്നാം നമ്പര്‍ ഖുറാഫികള്‍ മുജാഹിദ്‌ വേഷം ധരിച്ച്‌ ഇവരുടെ കൂട്ടത്തില്‍ ചേക്കേറി. ഇവരാണ്‌ മുജാഹിദുകളുടെ ആദര്‍ശം അട്ടിമറിക്കുന്നത്‌?

9). അബൂദര്‍ദാഅ്‌(റ) നിവേദനം: തീര്‍ച്ചയായും നബി(സ്വ) അരുളി: വല്ലവനും സൂറത്ത്‌ കഹ്‌ഫിന്റെ ആദ്യത്തെ പത്ത്‌ ആയത്തുകള്‍ മനപ്പാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്നും അവന്‍ സംരക്ഷിക്കപ്പെടും (മുസ്‌ലിം 809) ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ ശൈഖ്‌ അല്‍ബാനി പ്രസ്‌താവിച്ചശേഷം ഹദീസ്‌ ദുര്‍ബലമാണെന്ന്‌ എഴുതുന്നു (ളഈഫുല്‍ ജാമിഅ്‌ 5760)

10). അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുളി: നിങ്ങളില്‍ ആരും തന്നെ നിന്നുകൊണ്ട്‌ കുടിക്കരുത്‌. വല്ലവനും മറന്നുകൊണ്ട്‌ കുടിച്ചാല്‍ അവന്‍ അത്‌ ഛര്‍ദിച്ചുകളയട്ടെ (മുസ്‌ലിം). വല്ലവനും മറന്നുകൊണ്ട്‌ കുടിച്ചാല്‍ അത്‌ ഛര്‍ദിച്ചുകളയട്ടെ എന്ന ഭാഗം നബിവചനത്തില്‍ നിവേദകന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത്‌ പറഞ്ഞതാണെന്ന്‌ ശൈഖ്‌ അല്‍ബാനി പറയുന്നു (ളഈഫുല്‍ ജാമിഅ്‌ 6352). വിശുദ്ധ ഖുര്‍ആനും ഹദീസും ഒന്നാണെന്ന്‌ പറയുന്നവര്‍ വിശുദ്ധ ഖുര്‍ആനിലും മനുഷ്യന്മാരുടെ വാക്കുകള്‍ ഉണ്ടെന്ന്‌ ജല്‌പിക്കുമോ?

11). ഇബ്‌നുഉമര്‍(റ) നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. ജുമുഅയില്‍ ഒരു സമയമുണ്ട്‌. ആ സമയത്ത്‌ വല്ലവനും ചോദിച്ചാല്‍ അല്ലാഹു അത്‌ അവന്‌ നല്‍കുന്നതാണ്‌. ആ സമയം ഇമാമ്‌ മിമ്പറില്‍ ഇരിക്കുന്നതിന്റെയും നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നതിന്റെയും ഇടയിലാണ്‌(മുസ്‌ലിം). ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ അല്‍ബാനി എഴുതിയശേഷം ദുര്‍ബലമാണെന്ന്‌ പറയുന്നു (ളഈഫുല്‍ ജാമിഅ 6103)

12). ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: രണ്ട്‌ വയസ്സ്‌ പ്രായമായ ആടിനെ അല്ലാതെ നിങ്ങള്‍ ബലിയറുക്കരുത്‌. നിങ്ങള്‍ക്ക്‌ പ്രയാസകരമായിരുന്നാലല്ലാതെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഒരു വയസ്സ്‌ പ്രായമായ നെയ്യാടിനെ അറുക്കുവീന്‍(മുസ്‌ലിം 1963).

ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ പ്രഖ്യാപിച്ചശേഷം അല്‍ബാനി ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു. (ളഈഫുല്‍ജാമിഅ്‌ 6209). ഹദീസ്‌ ഗ്രന്ഥങ്ങള്‍ പോലെയാണ്‌ വിശുദ്ധ ഖുര്‍ആനും എന്ന്‌ എഴുതിയവര്‍ പല കാര്യങ്ങളിലും ഖുര്‍ആനിന്റെയും ഹദീസിന്റെയും പ്രത്യേകതകള്‍ വ്യത്യസ്‌തമാണെന്ന വസ്‌തുത മനസ്സിലാക്കാത്തവരാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews