`നിലവാരമുള്ള' വിമര്‍ശനം!

പി കെ മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം

ശബാബില്‍, പ്രവാചകന്റെ തിരുശേഷിപ്പുകളും ബര്‍ക്കത്തെടുക്കലും എന്ന ശീര്‍ഷകത്തില്‍ ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. അതിനോട്‌ പ്രതികരിച്ച്‌ അബ്‌ദുല്‍ഖാദിര്‍ കരുവമ്പൊയില്‍ അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ ഒരു കുറിപ്പ്‌ എഴുതിയിരുന്നു. ഞാന്‍ ഉന്നയിച്ച വാദങ്ങളെക്കുറിച്ച്‌ മറുപടി പറയാതെ, പ്രമുഖ പണ്ഡിതരെ `മന്ദബുദ്ധി' എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ അദ്ദേഹം. അത്‌ അദ്ദേഹത്തിന്റെ സംസ്‌കാരം. ആ `നിലവാര'ത്തിലുള്ള ഒരു മറുപടി എനിക്ക്‌ അസാധ്യമാണ്‌, ക്ഷമിക്കണം.

എന്റെ ലേഖനത്തെക്കുറിച്ച്‌ അദ്ദേഹം രേഖപ്പെടുത്തിയതില്‍ സത്യമായ കാര്യം ഇത്‌ മാത്രമാണ്‌: `നബി(സ)യുടെ മുടിയോടൊപ്പം അവിടുത്തെ മലവും മൂത്രവും ഉള്‍പ്പെടുത്തി.' ഞാന്‍ ശബാബില്‍ ഇങ്ങനെയൊരു ലേഖനം എഴുതാന്‍ കാരണം തേജസ്സ്‌ പത്രത്തില്‍ വന്ന ഒരു മുസ്‌ല്യാരുടെ കുറിപ്പാണ്‌. അത്‌ ഞാനെന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിപ്രകാരമാണ്‌: ``പ്രവാചകന്റെ മുടി, വിയര്‍പ്പ്‌, ഉമിനീര്‍, മല മൂത്രമാണെങ്കില്‍ പോലും പുണ്യമാക്കപ്പെട്ടതാണെന്ന്‌ സ്ഥിരപ്പെട്ട ഹദീസുകള്‍ കൊണ്ട്‌ വ്യക്തമായതാണ്‌.'' (2011 ഫെബ്രുവരി 26)


എന്റെ ലേഖനത്തില്‍ കൊടുത്തിരുന്ന പ്രധാന പോയിന്റുകള്‍ ഇവയാണ്‌. ഒന്ന്‌: നബി(സ)ക്ക്‌ ആത്മീയമായ ഏഴോളം പ്രത്യേകതകളുണ്ട്‌. ഭൗതികമായ മനുഷ്യപ്രകൃതിയാണ്‌. രണ്ട്‌: ബര്‍കത്ത്‌ നല്‌കുന്നവന്‍ അല്ലാഹുവാണ്‌. അതിന്‌ ആയത്തുകളും ഹദീസുകളും തെളിവായി ഉദ്ധരിക്കുന്നു. മൂന്ന്‌: നാല്‌ ഖലീഫമാരും ബഹുഭൂരിപക്ഷം സ്വഹാബികളും തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബര്‍ക്കത്തെടുത്തിരുന്നില്ല. നാല്‌: നബി(സ)ക്ക്‌ സ്വന്തം ശരീരത്തിന്‌ പോലും ബര്‍ക്കത്ത്‌ ചെയ്യാന്‍ സാധ്യമല്ല എന്ന ഖുര്‍ആന്‍ വചനങ്ങള്‍. അഞ്ച്‌: ത്വാഇഫില്‍ വെച്ചും ഉഹ്‌ദില്‍ വെച്ചും നബി(സ)ക്ക്‌ നിരവധി പരിക്കുകള്‍ സംഭവിച്ചു. മരണരോഗകാരണം പോലും യഹൂദിപ്പെണ്ണ്‌ വിഷം കൊടുത്തതായിരുന്നു. എന്നിട്ട്‌ എന്തുകൊണ്ട്‌ ഈ സന്ദര്‍ഭങ്ങളില്‍ സ്വന്തം ശരീരത്തിന്‌ ബര്‍കത്ത്‌ ചെയ്യാന്‍ കഴിഞ്ഞില്ല. ആറ്‌: മുഅ്‌ജിസത്തും അതിലൂടെ ലഭിക്കുന്ന സഹായങ്ങളും നബി(സ)യുടെ ബര്‍ക്കത്തല്ല. അല്ലാഹുവിന്റെ ബര്‍കത്തുകളാണ്‌. ഏഴ്‌: എന്റെ തിരുശേഷിപ്പുകള്‍ക്ക്‌ ബര്‍ക്കത്തുണ്ടെന്ന്‌ നബി(സ) ആരോടാണ്‌ പറഞ്ഞത്‌? എട്ട്‌: നബി(സ)യുടെ തിരുശേഷിപ്പുകള്‍ക്ക്‌ മുഅ്‌ജിസത്തുണ്ടോ? ഒമ്പത്‌: ഖുര്‍ആനിനും സ്ഥിരപ്പെട്ട സുന്നത്തിനും എതിരായി സ്വഹാബി പോലും പ്രമാണമല്ല. പത്ത്‌: നബി(സ) ബര്‍ക്കത്തിനു വേണ്ടി പ്രാര്‍ഥിക്കുച്ചതും നാം അത്തഹിയ്യാത്തില്‍ നബി(സ)ക്ക്‌ ബര്‍കത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതും അല്ലാഹുവോടാണ്‌. പതിനൊന്ന്‌: നബി(സ) വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചതും നബി(സ)യോടുള്ള സ്‌നേഹം നിലനിര്‍ത്താനും ശത്രുക്കള്‍ക്കിടയില്‍ തന്റെ മതിപ്പ്‌ വര്‍ധിപ്പിക്കാനുമാണ്‌. (ഫത്‌ഹുല്‍ബാരി).

താങ്കളായാലും മറ്റ്‌ അറിവുള്ള പണ്ഡിതന്മാരായാലും മേല്‌പറഞ്ഞ പതിനൊന്ന്‌ കാര്യങ്ങള്‍ക്കാണ്‌ മറുപടി എഴുതേണ്ടത്‌. ഇവിടെ ചര്‍ച്ച, മന്ദബുദ്ധി ആരൊക്കെ ആണെന്നല്ല; തിരുശേഷിപ്പുകളാണ്‌.

വിഷയം പഠിക്കാതെ സലാംസുല്ലമി എന്ന പണ്ഡിതനെ മന്ദബുദ്ധി എന്ന്‌ പരിഹസിച്ചത്‌ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌. മാത്രമല്ല, മന്ദബുദ്ധി ആരാണെന്ന്‌ താങ്കളുടെ ലേഖനം വായിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുകയും ചെയ്യും. ദീനീപ്രവര്‍ത്തകരായ ആളുകള്‍ സ്വയം പുകഴ്‌ത്തി മറ്റുള്ളവരെ നിസ്സാരപ്പെടുത്തരുത്‌. അത്‌ അഹങ്കാരമാണ്‌. അറബി ഭാഷയില്‍ ഒരു പഴഞ്ചൊല്ലുണ്ട്‌: സ്വയം പുകഴ്‌ത്തുന്നവന്‍ നുണയനാണ്‌; അവനെ വിശ്വസിക്കരുത്‌..
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews