വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം

റിയാസ് മോന്‍ 

കോടമഞ്ഞിന്റെ ഇരുളിനെ വകഞ്ഞു മാറ്റി ദൂരെ നിന്ന് വരുന്ന പ്രത്യാശയുടെ പ്രകാശ കിരണം കാണാം. നമ്മുടെ മഹാനായ നേതാവ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി കൊളുത്തി വെച്ച നവോഥാനത്തിന്റെ നക്ഷത്രശോഭയാണത്. വര്‍ത്തമാനം ദിനപത്രം ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി ദിനപത്രത്തിന് അന്നത്തെ ദീവാനായിരുന്ന രാജഗോപാലാചാരിയുടെ ശത്രുതാപരമായ നിലപാടുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. നെറികേട് എന്തു തമ്പുരാന്‍ കാണിച്ചാലും കയ്യും കെട്ടി നോക്കിനില്ക്കില്ലെന്ന വക്കം മൗലവിയുടെ ധീരതക്ക് മുന്നില്‍ പതറിയവര്‍ ആ പത്രത്തെ തന്നെ ഇല്ലാതാക്കിയെന്നത് ചരിത്രമാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചില ദീവാന്‍മാര്‍ നവോഥാന പ്രസ്ഥാനത്തിന്റെ അഭിമാനമായ വര്‍ത്തമാനത്തോടും ഏതാണ്ട് ഇതു പോലെയൊക്കെ ചെയ്തു. വക്കം മൗലവിയുടെ പിന്മുറക്കാര്‍ ചരിത്രത്തില്‍ വീണ്ടും അതേ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പരീക്ഷണങ്ങളുടെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
വര്‍ത്തമാനം ദിനപത്രത്തിന്റെ വഴിയില്‍ മുള്ളൂ വിരിച്ചവരേ നിങ്ങള്‍ക്ക് നന്ദി.

പൂവിരിച്ചവരെക്കാള്‍ ആദ്യം നന്ദി പറയേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങളാണ് വര്‍ത്തമാനത്തിന് ഉജ്വലമായ അതിജീവന പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത്. അവര്‍ കത്തിച്ചു വെച്ചതിന്റെ പുകച്ചുരുളുകള്‍ക്കിടയിലാണ് വര്‍ത്തമാനം വാടിയും, പിന്നെയും തളിര്‍ത്തും ഇതു വരെ നിലനിന്നത്. ഇനി ഒരു പോക്കു വെയിലിലും വാടാതെ നില്ക്കാന്‍ വര്‍ത്തമാനത്തിന് കരുത്താകുന്നതും അതാണ്. വഴിയില്‍ മുള്ളു വിരിച്ചവരേ നന്ദി. നിങ്ങള്‍ക്ക് നന്ദി. മുള്ളുകള്‍ കണ്ട് ഭയന്ന് പലരും പിന്മാറി. പക്ഷേ മുള്ളുകള്‍ക്കിടയിലും മുന്നേറാന്‍ കരുത്ത് കാണിച്ചവര്‍ യഥാര്‍ഥ പോരാളികളാണ്. വിശ്വസിക്കാവുന്ന ധീരന്മാരാണ്. അവര്‍ ഈ യാനപാത്രത്തെ ലക്ഷ്യത്തിലേക്കെത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ. (ഇന്‍ശാഅല്ലാഹ്.)

എന്തു കൊണ്ട് വര്‍ത്തമാനം എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ചാനലുകളുടെ അതിപ്രസരത്തിനിടയില്‍ ഒരു പത്രം പ്രസക്തമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഓര്‍ക്കുക. മലയാളമനോരമയും, ദീപികയും ഉള്ള 1900ത്തിന്റെ ആദ്യത്തില്‍, അന്ന് വേറെയും നിരവധി പത്രങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. അവയില്‍ പലതം പിന്നീട് ഇല്ലാതായി. എമ്പാടും വാര്‍ത്താ പത്രങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് വക്കം മൗലവി പത്രം തുടങ്ങിയത്. മൗലവിയുടെ പത്രത്തിന് ഒരു ജനതയെ മുന്നോട്ട് നയിക്കാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നു. ചെറുതെങ്കിലും വേറിട്ട ശബ്ദമായി ഒരു സമൂഹത്തെ പ്രബുദ്ധമായി മുന്നോട്ട് നയിക്കാന്‍ വര്‍ത്തമാനം ദിനപത്രത്തിന് ശേഷിയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുക.

ചരിത്ര രഥം വഴിമാറി നീങ്ങും. വര്‍ത്തമാനം പ്രതിസന്ധികളില്‍ നിന്ന് ഉയരുകയാണ്. ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ കൂട്ടായുണ്ട്. കരിപിടിച്ച അടുക്കളകളില്‍ നിന്ന് കരിവളിയിട്ട പെണ്‍കുട്ടികളും, മുഖ്യധാരയില്‍ നിന്ന് അരുക്കാക്കപ്പെട്ട നാട്ടിന്‍പുറത്തെ കലാലയങ്ങളില്‍ നിന്ന് സര്‍ഗ്ഗാത്മക തുളുമ്പുന്ന പുതിയ ആണ്‍കുട്ടികളും പുതിയ കാലത്തിന്റെ പത്രപ്രവര്‍ത്തകരായി വളരുമെന്ന് ആശിക്കുക. വര്‍ത്തമാനത്തിന്റെ നാളെകളെ അവര്‍ പൂക്കള്‍ നിറഞ്ഞതാക്കുമെന്ന് സ്വപ്നം കാണുക. നന്നായി പണിയെടുക്കുക.

വര്‍ത്തമാനത്തിന്റെ തകര്‍ച്ച കാണാന്‍ സ്വന്തമായി ബ്ലോഗുകളും, വെബ്‌പേജുകളും തയ്യാറാക്കുന്നവരും, വാരികകളില്‍ ലേഖനങ്ങള്‍ എഴുതുന്നവരും, പാതിരാപ്രസംഗങ്ങളില്‍ വര്‍ത്തമാനത്തെ വിമര്‍ശിക്കുന്നവരും ഇപ്പോഴുമുണ്ട്. അവരുടെ പരിശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ ഈ പത്രം നിലനില്ക്കുന്നുവെന്ന് കേരളത്തിലും, ഇന്ത്യക്ക് പുറത്തും ഒരു പാട് പേരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്. അവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. തുടര്‍ന്നും വിമര്‍ശിച്ചു ഈ പത്രത്തിന് പ്രചാരം നല്കണമെന്ന് അവരോട് വിനീതമായി അപേക്ഷിക്കുന്നു.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews

52950