പിശാച്‌ രോഗമുണ്ടാക്കലും ജംഇയ്യത്തിന്റെ തീരുമാനവും

എ അബ്‌ദുസ്സലാം സുല്ലമി

``ശൈഖ്‌ സ്വാലിഹ്‌ ബിനുഫൗസാന്‍ ബ്‌നി അബ്‌ദില്ല അല്‍ഫൗസാന്‍ എഴുതുന്നു: ശിര്‍ക്ക്‌ രണ്ട്‌ വിധമാണ്‌. ഒന്ന്‌ വലിയ ശിര്‍ക്ക്‌. അത്‌ ഒരാളെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന്‌ പുറത്താക്കുകയും അതില്‍ നിന്ന്‌ പശ്ചാത്തപിക്കാതെ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ ശാശ്വതമാക്കപ്പെടുകയും ചെയ്യും. അല്ലാഹു അല്ലാത്തവരോടുള്ള ദുആ, ഖബ്‌റുകള്‍, ജിന്ന്‌, പിശാചുക്കള്‍ എന്നിങ്ങനെ അല്ലാഹുവല്ലാത്തവരോടുള്ള നേര്‍ച്ചകളും ബലികളും സമര്‍പ്പിക്കല്‍, മരണപ്പെട്ടവര്‍, ജിന്നുകള്‍, ശൈത്വാന്മാര്‍ തുടങ്ങിയവര്‍ തനിക്ക്‌ ഉപദ്രവം ഉണ്ടാക്കുമെന്നോ രോഗം ഉണ്ടാക്കുമെന്നോ ഉള്ള ഭയപ്പാട്‌. ഇതുപോലെ ഇബാദത്തിന്റെ ഇനങ്ങള്‍ വല്ലതും അല്ലാഹു അല്ലാത്തവര്‍ക്ക്‌ തിരിക്കലാകുന്നു വലിയ ശിര്‍ക്ക്‌ (അക്വീദതുത്തൗഹീദ്‌).'' (ജിന്ന്‌, പിശാച്‌, റുഖിയ്യ ശറഇയ്യ -പ്രസാധകര്‍: കേരള ജംഇയ്യത്തുല്‍ ഉലമ (എ പി വിഭാഗം), പി ഒ പുളിക്കല്‍, മലപ്പുറം, പേജ്‌ 35)

ഇവര്‍ തന്നെ വി.ഖു 2:275 വചനമുദ്ധരിച്ച്‌ മനുഷ്യനെ പിശാച്‌ ബാധിച്ച്‌ ഭ്രാന്ത്‌ ഉണ്ടാക്കുമെന്നും മനുഷ്യനെ മറിച്ചിടുകയും ചെയ്യുമെന്നും ഇതേ പുസ്‌തകത്തില്‍ സൂചിപ്പിക്കുന്നു. (പേജ്‌ 30,31) യഥാര്‍ഥത്തില്‍ ഇവര്‍ ഫൗസാന്റെ അഭിപ്രായം ഉദ്ധരിച്ചതാണ്‌ ശരിയായിട്ടുള്ളത്‌. കാരണം പിശാചിന്‌ ഉള്ള കഴിവ്‌ ഭൂരിപക്ഷത്തിലും അവന്‍ ഫലപ്രദമായി ഉപയോഗിക്കുമെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു. പിശാചും അപ്രകാരം അവകാശപ്പെട്ടതായി ഖുര്‍ആനില്‍ കാണാം. അപ്പോള്‍ പിശാചിന്‌ ഭ്രാന്തും മറ്റും രോഗങ്ങളും ഉണ്ടാകാന്‍ കഴിവ്‌ അല്ലാഹു നല്‍കിയിട്ടുണ്ടെങ്കില്‍ ഈ ഭൂമിയില്‍ ഭൂരിപക്ഷം മനുഷ്യരും ഭ്രാന്തന്മാരും രോഗികളുമായിത്തീരുന്നതാണ്‌.


ഇവര്‍ തന്നെ എഴുതുന്നു: ``പിശാചിന്റെ ഉപദ്രവങ്ങളെക്കുറിച്ചും കുതന്ത്രങ്ങളെക്കുറിച്ചും പഠിപ്പിച്ച അല്ലാഹുവും റസൂലും അവനില്‍ നിന്നും രക്ഷപ്പെടാനുള്ള കൃത്യമായ മാര്‍ഗങ്ങള്‍ വിശദീകരിച്ചുതരികയാണ്‌ ചെയ്‌തിട്ടുള്ളത്‌. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒന്നാമത്തെ രക്ഷാകവചം അചഞ്ചലവും നിഷ്‌കളങ്കവുമായ വിശ്വാസം തന്നെയാണ്‌. അത്തരം വിശ്വാസം കാത്തുസൂക്ഷിക്കുന്നവരുടെ മേല്‍ പിശാചിന്‌ ആധിപത്യമില്ലെന്ന്‌ ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നത്‌ കാണാന്‍ കഴിയും.'' (അതേ പുസ്‌തകം, പേജ്‌ 36)

അപ്പോള്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ അചഞ്ചലവും നിഷ്‌കളങ്കവുമായ വിശ്വാസം ഉണ്ടായിരുന്നില്ലേ? നബി(സ)യെ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന്‌ അല്ലാഹു കാത്തുസൂക്ഷിച്ചില്ലേ? ലബീദ്‌ എന്ന ജൂതന്‍ പിശാചിനെ വിട്ട്‌ ആറ്‌ മാസക്കാലത്തോളം നബിയെ ഉപദ്രവിച്ച്‌ എന്ന്‌ പറയുന്ന ഹദീസിനെ നാം എന്തു ചെയ്യും? നബി(സ)ക്ക്‌ താന്‍ പ്രവര്‍ത്തിക്കാത്തത്‌ പ്രവര്‍ത്തിച്ചുവെന്നും പ്രവര്‍ത്തിച്ചത്‌ പ്രവര്‍ത്തിക്കാതിരുന്നുവെന്നും ഭാര്യയെ സമീപിച്ചുവോ ഇല്ലെയോ എന്നു വരെ പിശാചിന്റെ സ്വാധീനത്താല്‍ തോന്നിയെന്നും പറയുന്ന ഹദീസുകളാണോ ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ പറഞ്ഞതിനെയാണോ നാം സ്വീകരിക്കേണ്ടത്‌?

ഇവര്‍ വീണ്ടും എഴുതുന്നു: ``പൈശാചിക ഉപദ്രവത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഇസ്‌ലാം പഠിപ്പിക്കുന്ന രണ്ടാമത്തെ മാര്‍ഗം, അല്ലാഹുവിനോട്‌ അഭയം തേടിക്കൊണ്ടുള്ള പ്രാര്‍ഥനയാണ്‌.'' (അതേ പുസ്‌തകം, പേജ്‌ 37). അപ്പോള്‍ ഈ മാര്‍ഗം സ്വീകരിക്കാത്തതുകൊണ്ടായിരുന്നുവോ ആറ്‌ മാസക്കോലത്തോളം പൈശാചിക ഉപദ്രവം നബി(സ)ക്ക്‌ ഉണ്ടായത്‌?

``പിശാചില്‍ നിന്ന്‌ രക്ഷനേടാനുള്ള മറ്റൊരു മാര്‍ഗം അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയാണ്‌. ദൈവസ്‌മരണയിലൂടെ പിശാചിനെ നിന്ദ്യനും നിസ്സാരനുമാക്കിത്തീര്‍ക്കണമെന്ന്‌ നബി(സ) ഉണര്‍ത്തുകയുണ്ടായി.'' (അതേ പുസ്‌തകം, പേജ്‌ 37)

അയ്യൂബ്‌ നബി(അ)ക്കും മുഹമ്മദ്‌ നബി(സ)ക്കും എന്തുകൊണ്ട്‌ പിശാചിനെ ദൈവസ്‌മരണ കൊണ്ട്‌ നിന്ദ്യനും നിസ്സാരനുമാക്കാന്‍ സാധിച്ചില്ല? ഇതിന്‌ വല്ല കാലപരിധിയും ഉണ്ടോ? ഇവര്‍ എഴുതുന്നു: അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക്‌ (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്‌ചയുള്ളവരാകുന്നു'' (7:201). അപ്പോള്‍ എന്നത്‌ ആറ്‌ മാസക്കാലം കഴിഞ്ഞ ശേഷമാണോ? അല്ല, അയ്യൂബ്‌ നബി(അ)യുടെ സംഭവത്തില്‍ പറഞ്ഞതുപോലെ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണോ? നവയാഥാസ്ഥിതിക പണ്ഡിതസഭ വ്യക്തമാക്കണം.

വീണ്ടും എഴുതുന്നു: മഹാന്മാരോട്‌ ഇസ്‌തിഗാസ നടത്താമെന്ന്‌ പറഞ്ഞും പ്രചരിപ്പിച്ചും നടന്നവര്‍ മരങ്ങള്‍ക്കും കല്ലുകള്‍ക്കും മുമ്പില്‍ വരെ നിറഞ്ഞ കണ്ണും പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി കഴിയുന്ന ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. അത്തരം ആളുകള്‍ക്ക്‌ മുമ്പില്‍ തൗഹീദിന്റെ അതിശക്തമായ തീജ്വാലകളാകേണ്ടവര്‍ ജിന്നിനോട്‌ സഹായം തേടുന്നത്‌ ശിര്‍ക്കാണെന്ന്‌ പറയാന്‍ മടികാണിക്കുന്നുവെന്ന്‌ എതിരാളികള്‍ പറയാന്‍ ഇടവരുന്നത്‌ എത്രമാത്രം വേദനാജനകമാണെന്ന്‌ ആലോചിച്ചുനോക്കുക. (അതേ പുസ്‌തകം, പേജ്‌ 62)

സംവാദവേളയില്‍ സംവാദത്തിന്‌ വിഷയം തെരഞ്ഞെടുക്കുവാന്‍ സമ്മേളിച്ച സന്ദര്‍ഭത്തിലും ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം തേടല്‍ ശിര്‍ക്കാണോ എന്ന്‌ ഖുബൂരികളുടെ ചോദ്യത്തിന്‌ മറുപടി പറയാതെ പരാജയപ്പെട്ടത്‌ എതിരാളികള്‍ പറയുന്നതല്ല. പ്രത്യുത സിഡി കണ്ടാല്‍ ഏത്‌ മനുഷ്യനും ബോധ്യപ്പെടുന്ന പരമസത്യമാണ്‌. ശിര്‍ക്കാണെന്ന്‌ മറുപടി പറയാന്‍ മടിച്ചവരാണ്‌ തങ്ങളുടെ കൂടെയുള്ളതെന്ന യാഥാര്‍ഥ്യം ഇവര്‍ ഓര്‍മിക്കുന്നത്‌ നല്ലതാണ്‌. മനുഷ്യകഴിവിന്‌ അതീതമായ രംഗത്ത്‌ അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ സഹായം തേടുവാന്‍ പാടുള്ളൂവെന്ന്‌ താമരശ്ശേരി ചുരത്തില്‍ നജീബിന്റെ വാഹനം അപകടത്തില്‍പെട്ട രംഗവും മറ്റും വിവരിച്ച്‌ കുഞ്ഞീതുമദനിയും മറ്റും എഴുതിയത്‌ ഉദ്ധരിച്ച്‌ ഇപ്പോള്‍ നിങ്ങളുടെ വാദം ശരിയാണോ എന്ന്‌ ചോദിച്ചപ്പോള്‍ ശിര്‍ക്കാണെന്ന്‌ പറയുവാന്‍ വിസമ്മതം കാണിച്ചത്‌ കെ കെ സകരിയ്യ ആയിരുന്നില്ല. പ്രത്യുത അനസ്‌ മുസ്‌ല്യാരും ഹനീഫ കായക്കൊടിയും മുജാഹിദിന്റെ ഔദ്യോഗിക ലേബലില്‍ പങ്കെടുത്തവരുമായിരുന്നു. അന്ന്‌ അവലാതിപ്പെടാത്തവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ അടുത്ത സന്ദര്‍ഭത്തിലാണ്‌ ആവലാതിപ്പെടുന്നത്‌. തങ്ങളുടെ ഗ്രൂപ്പിനെ സഹായിക്കുന്ന ഏത്‌ പിശാചിനെയും എത്ര ശക്തമായ ശിര്‍ക്കുവാദം ഉന്നയിച്ചാലും സഹായിക്കുമെന്ന നയമായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്‌. തൗഹീദിനെക്കാള്‍ ഇവര്‍ക്ക്‌ പ്രാധാന്യം ഗ്രൂപ്പ്‌ സംരക്ഷണമായിരുന്നു. ഇപ്പോള്‍ തൗഹീദിന്റെ പേരില്‍ ഇവര്‍ കരയുന്നത്‌ ചിലരെ അകറ്റിനിര്‍ത്തി തങ്ങളുടെ അധികാരക്കസേര നിലനിര്‍ത്തുവാന്‍ വേണ്ടിയാണ്‌. അധികാരം ലഭിച്ചാല്‍ ഈ കരച്ചില്‍ ചിരിയാക്കി ഇവര്‍ മാറ്റുന്നതാണ്‌. തൗഹീദിനെ ഇവര്‍ ചവറ്റുകൊട്ടയിലേക്ക്‌ എറിയുന്നതാണ്‌.

ഇസ്വ്‌ലാഹ്‌ മാസികയില്‍ വന്ന ഒരു ചോദ്യവും അതിന്‌ പത്രാധിപര്‍ തന്നെ നല്‍കിയ മറുപടിയും കാണുക.: ``പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം എന്നതാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാനദര്‍ശനം. നാളിതുവരെ ഇസ്വ്‌ലാഹീ പ്രസ്ഥാനം പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ സ്ഥാപിച്ചതും അതുതന്നെയാണ്‌. എന്നാല്‍ ഈ ലക്ഷ്യസാക്ഷാത്‌കാരത്തിനുവേണ്ടി ജന്മംകൊണ്ട ഇസ്വ്‌ലാഹ്‌ മാസികയില്‍ 2007 ഏപില്‍ ലക്കത്തില്‍ വന്ന ഒരു ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ അല്ലാഹു അല്ലാത്തവരെയും വിളിച്ച്‌ പ്രാര്‍ഥിക്കാമെന്നതിലേക്ക്‌ മുജാഹിദ്‌ പ്രസ്ഥാനവും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതിന്‌ തെളിവായി ചില ഖുബൂരി-മടവൂരി പ്രഭാഷകരും ലേഖകരും ഉദ്ധരിക്കുന്നു. പ്രസ്‌തുത ഉദ്ധരണി ചുവടെ.

``പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന ഒരാള്‍ പരസിരത്ത്‌ ആരെയും കാണുന്നില്ല. ഇവിടെ എന്റെശബ്‌ദം കേള്‍ക്കുന്ന ആരെങ്കിലും (മനുഷ്യന്‍, ജിന്ന്‌, മലക്ക്‌) എന്നെ സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്കു വഴി കാണിച്ചുതരണേ' എന്ന്‌ ഉച്ചത്തില്‍ വിളിച്ചുപറയുന്നുവെങ്കില്‍ അഭൗതികമാര്‍ഗത്തിലുള്ള സഹായതേട്ടം അതിലില്ല'' (ഇസ്‌ലാഹ്‌- 2007 ഏപ്രില്‍) ഇതിനെക്കുറിച്ച്‌ ഇസ്വ്‌ലാഹില്‍ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

പത്രാധിപരുടെ മറുപടി:

ചോദ്യത്തിന്റെ തുടക്കത്തില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തെക്കുറിച്ച്‌ ചോദ്യകര്‍ത്താവ്‌ പറഞ്ഞപ്രകാരം പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം എന്ന തത്വമാണ്‌ അന്നും ഇന്നും ഇസ്വ്‌ലാഹീ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നത്‌. അതില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍ ചോദ്യകര്‍ത്താവ്‌ എടുത്തുദ്ധരിച്ച വാചകങ്ങളില്‍ നിന്നും അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥിക്കല്‍ അനുവദനീയമാണെന്ന സങ്കല്‌പം ലേഖകന്‍ ഉദ്ദേശിച്ചിട്ടേയില്ല. വിജനപ്രദേശത്തുനിന്ന്‌ തന്റെ ശബ്‌ദം കേള്‍ക്കുന്നത്‌ ആരാകട്ടെ, അവരെന്നെ സഹായിക്കട്ടെ എന്ന നിലയ്‌ക്ക്‌ അല്ലാഹുവിന്റെ അടിമകളേ, എന്ന്‌ വിളിച്ചാല്‍ അതില്‍ അഭൗതികതയോ ശിര്‍ക്കോ ഇല്ല എന്ന്‌ മാത്രമേ ലേഖകന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. മദ്യപിച്ചാല്‍ ശിര്‍ക്കാവുകയില്ല എന്ന്‌ പറഞ്ഞാല്‍ മദ്യപിക്കല്‍ അനുവദീയമാണെന്ന്‌ ഗവേഷണം നടത്തുന്നത്‌ വിഡ്‌ഢിത്തമല്ലേ (ഇസ്വ്‌ലാഹ്‌ മാസിക, ജനുവരി 2008 പേജ്‌ 2)

``വിജനപ്രദേശത്ത്‌ അകപ്പെട്ട മനുഷ്യന്‍ പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്ക്‌ വഴികാണിച്ചുതരണമേ എന്ന്‌ ജിന്നുകളെയും മലക്കുകളെയും ഉദ്ദേശിച്ച്‌ വിളിക്കുന്നത്‌ ജീവനുള്ള മനുഷ്യരെ ഉദ്ദേശിച്ച്‌ വിളിക്കുന്നതുപോലെയാണെന്നും അതില്‍ ശിര്‍ക്കില്ലെന്നും വ്യക്തമായി എഴുതിയിട്ടും യാതൊരു അക്ഷരവും ശബ്‌ദിക്കാത്തവര്‍ ഇപ്പോള്‍ തൗഹീദിന്റെ പേരില്‍ കണ്ണുനീര്‍ വാര്‍ക്കുന്നത്‌ ഇവരുടെ കാപട്യത്തിന്റെ മറ്റൊരു മുഖം മാത്രമാണ്‌..
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews