ആ വചനങ്ങള്‍ മക്കാമുശ്‌രിക്കുകള്‍ക്ക്‌ മാത്രം ബാധകമായതാണോ?

പി കെ മൊയ്‌തീന്‍ സുല്ലമി

അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ലെന്ന ഖുര്‍ആന്‍ വചനങ്ങള്‍ മക്കാ മുശ്‌രിക്കുകള്‍ക്കു മാത്രമേ ബാധകമാവൂ എന്ന വിദണ്ഡ വാദമുയര്‍ത്തി യാഥാസ്ഥിതിക പുരോഹതിന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്‌. അങ്ങനെയെങ്കില്‍ അല്ലാഹുവല്ലാത്ത ശക്തികളെ വിളിച്ചുതേടിയിരുന്ന മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്കിന്‌ പുറമെ വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവയൊക്കെ നിര്‍ബാധം നിര്‍വഹിച്ചിരുന്നു. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു തിന്മയെ വിശുദ്ധ ഖുര്‍ആന്‍ നിഷിദ്ധമാക്കുന്ന പക്ഷം അത്‌ മക്കാമുശ്‌രിക്കുകളക്കുറിച്ചാണെന്ന്‌ വ്യാഖ്യാനിച്ച്‌ നമുക്ക്‌ വ്യഭിചരിക്കാം, മദ്യപിക്കാം, കൊള്ളയും കൊലപാതകവും നടത്താം എന്നൊക്കെ വാദിക്കാമോ? എന്നതിന്‌ ഈ പുരോഹിതന്മാര്‍ മറുപടി പറയണം.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്‌ മക്കാ മുശ്‌രിക്കുകളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടല്ല, ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുകൊണ്ടാണ്‌. അല്ലാഹു പറയുന്നു: ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കാന്‍ വേണ്ടിയത്രെ അത്‌.'' (അല്‍ബഖറ 21). വിശുദ്ധഖുര്‍ആന്‍ ലോകര്‍ക്ക്‌ മുഴുവനുമായി ഇറക്കിയ ഗ്രന്ഥമാണെന്നും അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്നും ഈ വചനം വ്യക്തമാക്കുന്നു.


ഒരു ശിര്‍ക്ക്‌ വരുന്നത്‌ നബി(സ)യില്‍ നിന്നാണെങ്കില്‍ പോലും (അല്ലാഹുവില്‍ ശരണം) അത്‌ ശിര്‍ക്കുതന്നെയാണ്‌. അക്കാര്യവും അല്ലാഹു ഉണര്‍ത്തുന്നു. നബി(സ) പാപ സുരക്ഷിതനായിരുന്നിട്ടും അല്ലാഹു പറഞ്ഞു: ``തീര്‍ച്ചയായും താങ്കള്‍ക്കും താങ്കള്‍ക്ക്‌ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌, താങ്കള്‍ അല്ലാഹുവിന്‌ പങ്കുകാരനെ ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചായും താങ്കളുടെ കര്‍മം നിഷ്‌ഫലമായിത്തീരുകയും താങ്കള്‍ നഷ്‌ടക്കാരുടെ കൂട്ടത്തിലാവുകയും ചെയ്യും'' (സുമര്‍ 65). ഖുര്‍ആനിന്റെ കല്‍പനകള്‍ മക്കാ മുശ്‌രിക്കുകള്‍ക്ക്‌ മാത്രമല്ല ബാധകമായിത്തീരുന്നത്‌; മുസ്‌ലിംകള്‍ക്കും ബാധകമാണ്‌ എന്നതു കൊണ്ടാണ്‌ ഒരിക്കലും ശിര്‍ക്ക്‌ വരാന്‍ സാധ്യതയില്ലാത്ത നബി(സ)ക്കു പോലും ഇത്ര ഗൗരവത്തില്‍ അല്ലാഹു താക്കീത്‌ നല്‍കാന്‍ കാരണം.

ദആ എന്ന പദത്തിന്റെ അര്‍ഥം വിളിച്ചു, പ്രാര്‍ഥിച്ചു എന്നൊക്കെയാണ്‌. വിളിച്ചുപ്രാര്‍ഥിച്ചു എന്ന നിലയില്‍ അര്‍ഥം നല്‍കുന്നത്‌ തെറ്റാണെന്ന്‌ യാഥാസ്ഥിതികര്‍ ആരോപിക്കുന്നു. ഇവിടെ മനസ്സിലാക്കേണ്ട ചില വസ്‌തുതകളുണ്ട്‌. ദുആ എന്ന പദം ഭൗതികമായി അല്ലാഹു അനുവദിച്ച വിളിക്കും ആരാധനയായി വരുന്ന വിളിക്കും വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, നൂഹ്‌(അ) പറഞ്ഞു: ``തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു'' (നൂഹ്‌ 5). ഇത്‌ ഭൗതികമായ വിളിയാണ്‌. ആരാധനയുടെ വിളിക്ക്‌ ഉദാഹരണമായി നൂഹ്‌ നബി(അ)യുടെ പ്രാര്‍ഥന ഖുര്‍ആനില്‍ വന്നത്‌ നോക്കുക: ``അപ്പോള്‍ അദ്ദേഹം തന്റെ നാഥനെ വിളിച്ചു. ഞാന്‍ പരാജിതനാകുന്നു. എന്റെ രക്ഷയ്‌ക്കു വേണ്ടി നീ നടപടി സ്വീകരിക്കേണമേ'' (ഖമര്‍ 10). ഈ വിളി ആരാധനയുടെ വിളിയാണ്‌. ഒന്നാമത്തെ വിളി ആരാധനയില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ രണ്ടാമത്തെ വിളി പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന വിളിയായതു കൊണ്ടാണ്‌ മേല്‍ വചനങ്ങള്‍ക്ക്‌ വിളിച്ചുപ്രാര്‍ഥിക്കുകയെന്ന അര്‍ഥം നല്‍കിയത്‌. ദുആ എന്ന പദത്തിന്‌ മലയാള ഭാഷയില്‍ കൊടുക്കാവുന്ന ഏറ്റവും അനുയോജ്യമായ അര്‍ഥമാണിത്‌. കാരണം പ്രാര്‍ഥനയോടപ്പം ഒരു വിളിയുണ്ടാകും. ശബ്‌ദം ഉയരും, അപ്പോഴത്‌ വിളിച്ചു പ്രാര്‍ഥനയായി മാറുന്നു.

കൂടുതലായി ഈ വിഷയത്തിലുള്ള സംശയം ദൂരീകരിക്കാന്‍ സുന്നീ ഖുര്‍ആന്‍ പരിഭാഷകള്‍ പരിശോധിക്കാം: ``കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ അഹ്‌മദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖുര്‍ആനിലെ വിവിധ ആയത്തുകള്‍ക്ക്‌ കൊടുത്ത അര്‍ഥം ഇപ്രകാരമാണ്‌: ``അല്ലാഹുവിനെക്കൂടാതെ തനിക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നു. അതുതന്നെയാണ്‌ വിദൂരമായ വഴിപിഴവ്‌.'' (ഹജ്ജ്‌ 12). ``അല്ലാഹുവിനെകൂടാതെ നിങ്ങള്‍ ആരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ നിങ്ങളെ പോലെയുള്ള ദാസന്മാര്‍ മാത്രമണ്‌. നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുക. അവര്‍ ഉത്തരം ചെയ്യട്ടെ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.'' (അഅ്‌റാഫ്‌ 194). ``അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ക്ക്‌ നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. തങ്ങളെത്തന്നെയും അവര്‍ സഹായിക്കുകയില്ല.'' (അഅ്‌റാഫ്‌ 197).

അപ്പോള്‍ ദആ എന്ന പദത്തിന്റെയര്‍ഥം `വിളിച്ചുപ്രാര്‍ഥിച്ചു' എന്നുതന്നെയാണ്‌. സമസ്‌തയുടെ സമുന്നത നേതാവായിരുന്ന കോഴിക്കോട്‌ വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങള്‍ക്ക്‌ അതില്‍ അബദ്ധം സംഭവിക്കാത്തതു പോലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കും അബദ്ധം സംഭവിച്ചിട്ടില്ല. അബദ്ധം സംഭവിച്ചത്‌ മുസ്‌ലിയാന്മാര്‍ക്കാണ്‌.

യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: മേല്‍പറഞ്ഞ `അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടരുത്‌' എന്ന നിലയില്‍ വന്നിട്ടുള്ള എട്ട്‌ വചനങ്ങളിലും മരണപ്പെട്ടവരെ സംബന്ധിച്ച്‌ യാതൊരു പരാമര്‍ശവുമില്ല -ഇത്‌ വലിയൊരു തമാശയാണ്‌. ഒരു ഡോക്‌ടര്‍ രോഗിയോട്‌ ഇപ്രകാരം കല്‍പിക്കുന്നു: ചോറും കറിയുമൊഴിച്ച്‌ യാതൊന്നും ഭക്ഷിക്കരുത്‌. രോഗി ഭക്ഷണം വിളമ്പിയ ഉമ്മയോട്‌ പറയുന്നു: മത്സ്യം വിലക്കില്‍ പെടുന്നില്ല. ചോറും കറിയുമൊഴിച്ച്‌ ഒന്നും ഭക്ഷിക്കരുത്‌ എന്നേ പറഞ്ഞിട്ടുള്ളൂ. അതിനാല്‍ മത്സ്യം കഴിക്കാം. ഈ കുയുക്തിയാണ്‌ യാഥാസ്ഥിതിക വാദത്തിലുള്ളത്‌.

മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളിലെല്ലാം പറഞ്ഞിട്ടുള്ളത്‌, അല്ലാഹുവോടല്ലാതെ യാതൊരു ശക്തിയോടും വിളിച്ചുപ്രാര്‍ഥിക്കരുത്‌ എന്നാണ്‌. പ്രത്യേകമായ ഏതെങ്കിലും വസ്‌തുക്കളെയോ വ്യക്തികളെയോ എടുത്ത്‌ പരാമര്‍ശിച്ചിട്ടില്ല. പ്രാര്‍ഥിക്കപ്പെടുന്ന എല്ലാ വിഭാഗം മനുഷ്യരും ജിന്നും വിഗ്രഹങ്ങളും മലക്കുകളും ഈസാ(അ)യും ഉസൈറും(അ) എന്നുവേണ്ട, പ്രാര്‍ഥിക്കപ്പടുന്ന ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ എല്ലാവരും ഈ വചനങ്ങളില്‍ ഉള്‍പ്പെടുമെന്നാണ്‌ മഹാന്മാരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഹൈന്ദവര്‍ പ്രാര്‍ഥിക്കുന്ന ദൈവങ്ങളാണ്‌ വിഷ്‌ണു, ശിവന്‍, ഗുരുവായൂരപ്പന്‍, ശബരിമല അയ്യപ്പന്‍, സത്യസായി ബാബ തുടങ്ങിയവര്‍. ക്രിസ്‌ത്യാനികള്‍ പ്രാര്‍ഥിക്കുന്ന ദൈവങ്ങളാണ്‌ ഈസാ, മര്‍യം എന്നിവര്‍. ഇതില്‍ ഈസാനബി(അ)യോട്‌ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചാണ്‌ ഖുര്‍ആനിലെ അധിക പരാമര്‍ശവും. മര്‍യമിനെ(അ) കുറിച്ച്‌ പറയാത്തതു കൊണ്ട്‌ പ്രാര്‍ഥിക്കാമെന്നാണോ? ഒരിക്കലുമല്ല. അല്ലാഹു അല്ലാത്തവരില്‍ അവരും ഉള്‍പ്പെടും. പ്രാര്‍ഥന ഇബാദത്താണ്‌, അതിന്റെ മജ്ജയാണ്‌, ജീവനാണ്‌ അത്‌ ദുഷ്‌ടനോട്‌ ചെയ്‌താലും ശിഷ്‌ടനോട്‌ ചെയ്‌താലും ശിര്‍ക്ക്‌ തന്നെ. മരിച്ചവരായ നല്ലവരോട്‌ പ്രാര്‍ഥിച്ചാലും ചീത്തയാണെന്ന്‌ നാം ധരിക്കുന്നവരോട്‌ പ്രാര്‍ഥിച്ചാലും ശിര്‍ക്കു തന്നെ. ആരാധനകള്‍ അല്ലാഹുവല്ലാത്ത ഏത്‌ ശക്തികള്‍ക്ക്‌ -അവര്‍ പ്രവാചകന്മാരാണെങ്കില്‍ പോലും- അര്‍പ്പിച്ചാലും അത്‌ ശിര്‍ക്കും കുഫ്‌റുമാണ്‌. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല.

മരണപ്പെട്ടവരെ വിളിച്ചുപ്രാര്‍ഥിക്കാമോ എന്നതാണ്‌ മുസ്‌ലിയാക്കളുടെ സംശയമെങ്കില്‍ അതിനും മുന്‍ഗാമികളായ പണ്ഡിതന്മാര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ശാഫിഈ മദ്‌ഹബിലെ പ്രമുഖ മുഫസ്സിറാണ്‌ ഇമാം ഇബ്‌നുകസീര്‍. സൂറത്തുന്നിസാഇലെ 117ാം വചനത്തിന്റെ അര്‍ഥം: ``അല്ലാഹുവിന്‌ പുറമെ അവര്‍ വിളിച്ചുപാര്‍ഥിക്കുന്നത്‌ ചില `ഇനാസു'കളെ മാത്രമാകുന്നു.'' എന്താണ്‌ ഇനാസ്‌? ഇബ്‌നുകസീര്‍ രേഖപ്പെടുത്തുന്നു: ``ഇബ്‌നുഅബ്ബാസ്‌(റ) പ്രസ്‌താവിച്ചിരിക്കുന്നു: ഇനാസ്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ മരണപ്പെട്ടുപോയവരെയാണ്‌. ഹസന്‍(റ) പ്രസ്‌താവിച്ചിരിക്കുന്നു: ജീവനില്ലാത്ത, എല്ലാ മൃതവസ്‌തുക്കളും ഇനാസില്‍ ഉള്‍പ്പെടുന്നു.'' (മുഖ്‌തസ്വര്‍ ഇബ്‌നുകസീര്‍ 1:438)

ചുരുക്കത്തില്‍ മക്കയിലെ മുശ്‌രിക്കുകള്‍ വിളിച്ചുപ്രാര്‍ഥിച്ചിരുന്നത്‌ മയ്യിത്തുകളോടായിരുന്നു. അതിന്‌ രണ്ടര്‍ഥമുണ്ട്‌. ഒന്ന്‌, വിഗ്രഹങ്ങള്‍ പ്രതിനിധീകരിച്ചിരുന്ന മഹത്തുക്കള്‍ മരണപ്പെട്ടുപോയവരായിരുന്നു. രണ്ട്‌, അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും നിര്‍ജീവ വസ്‌തുക്കളായിരുന്നു. സൂറത്തുല്‍ മാഇദയിലെ 35-ാം വചനത്തിന്റെ അര്‍ഥം ഇപ്രകാരമാണ്‌: ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.'' ഈ വചനത്തെ വിശദീകരിച്ചുകൊണ്ട്‌ ഹനഫീ മദ്‌ഹബുകാരനായ ആലൂസി(റ) രേഖപ്പെടുത്തുന്നു: ``ഒരാള്‍ സഹായം തേടുന്നത്‌ അപ്രത്യക്ഷനായ വ്യക്തിയോടോ മരണപ്പെട്ടുപോയവനോടോ ആണെങ്കില്‍ അത്തരം സഹായതേട്ടം അനുവദനീയമല്ല തന്നെ. അത്തരം പ്രവര്‍ത്തനങ്ങള്‍ അനാചാരങ്ങളില്‍ പെട്ടതും സ്വഹാബികളില്‍ ആരും തന്നെ പ്രവര്‍ത്തിച്ചിട്ടില്ലാത്തതുമാണ്‌.'' (റൂഹുല്‍മആനി 6:125).

വീണ്ടും അദ്ദേഹം രേഖപ്പെടുത്തുന്നു. ``എന്നാല്‍ ഇന്ന്‌ ജനങ്ങള്‍ക്ക്‌ വലിയ വിപത്തുകളോ അപകടങ്ങളോ നേരിട്ടാല്‍, ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത, കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ കഴിയാത്തവരെ, കരയിലായിരുന്നാലും കടലിലായിരുന്നാലും അവര്‍ വിളിച്ചു തേടന്നു. ഖിള്‌ര്‍(അ)യെയും ഇല്‍യാസ്‌(അ)യെയും വിളിച്ചുതേടുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. അബുല്‍ഖമീസ്‌(റ)യെയും അബ്ബാസ്‌(റ)വിനെയും വിളിച്ചുതേടുന്നവരും അവരിലുണ്ട്‌. ഏതെങ്കിലും ഒരു ഇമാമിനെ വിളിച്ചുതേടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്‌. സമുദായത്തില്‍പെട്ട ഏതെങ്കിലും ശൈഖന്മാരെ വിളിച്ചു തേടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്‌.'' (റൂഹുല്‍ മആനി 11:98)

ഇനി ഹമ്പലീ മദ്‌ഹബുകാരനായ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``നീ വിഷമ പ്രതിസന്ധികളില്‍ അല്ലാഹുവിന്റെ ഒരു സൃഷ്‌ടിയോടും നിന്റെ വിഷമങ്ങള്‍ നീ ആവലാതിപ്പെടരുത്‌. നീ ആന്തരികമായി നിന്റെ റബ്ബ്‌ നിന്നെ തുണക്കുകയില്ല എന്ന നിലയില്‍ അവനെ നീ തെറ്റിദ്ധരിക്കരുത്‌. നിനക്ക്‌ ആപത്തുകളില്‍ നിന്നും ശമനം ലഭിക്കാന്‍ നിന്റെ മനസ്സുമായിട്ടു പോലും ഒരു സൃഷ്‌ടിയിലേക്കും നീ കടന്നു ചെല്ലരുത്‌. (മനസ്സുകൊണ്ടോ നാക്കുകൊണ്ടോ) സൃഷ്‌ടികളോട്‌ ആവലാതി ബോധിപ്പിക്കുകയെന്നത്‌ ശിര്‍ക്കില്‍ പെട്ടതാണ്‌. ഇത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുവോട്‌ മാത്രം സഹായം തേടുകയെന്നത്‌ നിനക്ക്‌ നിര്‍ബന്ധമാണ്‌.'' (ഫുതൂഹുല്‍ഗൈബ്‌, പേ 137). മരണപ്പെട്ടുപോയ മനുഷ്യരായിരുന്നാലും ജീവിച്ചിരിക്കുന്ന ജിന്നുകളോ മലക്കുകളോ ആയിരുന്നാലും അത്തരം അദൃശ്യശക്തികളോട്‌ വിളിച്ചു പ്രാര്‍ഥന നടത്തല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

അല്ലാഹു പറയുന്നു: ``അല്ലാഹുവിന്‌ പുറമെ അന്ത്യദിനം വരെ തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌?'' (അഹ്‌ഖാഫ്‌ 5). മേല്‍വചനത്തില്‍ ആരെല്ലാം ഉള്‍പ്പെടുമെന്ന്‌ ഇമാം റാസി വ്യക്തമാക്കുന്നു: ``അല്ലാഹു അല്ലാതെ പ്രാര്‍ഥിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്ന മലക്കുകള്‍, ഈസാ(അ), ഉസൈര്‍(റ), വിഗ്രഹങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്‌.'' (തഫ്‌സീറുല്‍ കബീര്‍, അഹ്‌ഖാഫ്‌ 5)

ഈ വചനത്തിന്റെ ഒരു വ്യാഖ്യാനം: ``അല്ലാഹു അല്ലാതെ പ്രാര്‍ഥിക്കപ്പെടുന്ന മലക്കുകള്‍, ജിന്നുകള്‍ , മനുഷ്യര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടും'' (അബൂസഊദ്‌, അഹ്‌ഖാഫ്‌ 5).

അപ്പോള്‍ മേല്‍പറഞ്ഞ തഫ്‌സീറുകളില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാവുന്ന ചുരുക്കം ഇതാണ്‌: അല്ലാഹു അല്ലാത്ത ഏത്‌ ശക്തിയോട്‌ വിളിച്ചുപ്രാര്‍ഥിച്ചാലും അത്തരക്കാര്‍ വഴിപിഴച്ചവരാണ്‌. അല്ലാഹുവിന്റെ മറ്റൊരു വചനം ശ്രദ്ധിക്കുക: ``നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതുമല്ല. അന്ത്യദിനത്തില്‍ നിങ്ങളുടെ ശിര്‍ക്കിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌'' (ഫാത്വിര്‍ 14). അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്ന്‌ മേല്‍വചനം പഠിപ്പിക്കുന്നു. ആരോടൊക്കെ പ്രാര്‍ഥിക്കുന്നതാണ്‌ ശിര്‍ക്ക്‌? ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തി: ``മലക്കുകള്‍, ജിന്നുകള്‍, അന്‍ബിയാക്കള്‍, പിശാചുക്കള്‍ എന്നിവരെപ്പോലെയുള്ളവര്‍.'' (ഖുര്‍ത്വുബി, ഫാത്വിര്‍ 14). അഥവാ മേല്‍ പറയപ്പെട്ട ആരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കു തന്നെ.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews