ശൈഖ്‌ അല്‍ബാനിയും ബുഖാരിയും മുസ്‌ലിമും 2

എ അബ്‌ദുസ്സലാം സുല്ലമി

ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളില്‍ ചിലതിനെ സംബന്ധിച്ച്‌ ശൈഖ്‌അല്‍ബാനി നടത്തിയ നിരൂപണങ്ങളില്‍ ചിലത്‌ കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിരുന്നുവല്ലോ. ഇനി മറ്റു ചിലതു കൂടി കാണുക:

1). അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും രാത്രിയില്‍ എഴുന്നേറ്റാല്‍ ലഘുവായ രണ്ടു റക്‌അത്തുകൊണ്ട്‌ അവന്റെ നമസ്‌കാരം ആരംഭിക്കട്ടെ'' (മുസ്‌ലിം 768). ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ പ്രസ്‌താവിച്ച ശേഷം ഇത്‌ ദുര്‍ബലമായതാണെന്ന്‌ ശൈഖ്‌ അല്‍ബാനി പറയുന്നു. (ളഈഫുല്‍ ജാമിഇസ്വഗീര്‍ 819)

2). ആഇശ(റ) പറയുന്നു: ഒരു പുരുഷന്‍ നബി(സ)യോട്‌ ചോദിച്ചു. ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ട സ്‌ഖലനം ഉണ്ടാവുന്നതിന്‌ മുമ്പ്‌ വിരമിച്ചാല്‍ കുളിക്കല്‍ അനിവാര്യമാണോ? നബി(സ) പറഞ്ഞു: നിശ്ചയം ഞാനും ആഇശയും അപ്രകാരം ചെയ്യാറുണ്ട്‌. ശേഷം ഞങ്ങള്‍ കുളിക്കാറുണ്ട്‌. (മുസ്‌ലിം 356)

ഈ ഹദീസ്‌ ദുര്‍ബലമാണെന്നിണ്‌ അല്‍ബാനിയുടെ പക്ഷം. ഇതിന്‌ അദ്ദേഹം രണ്ടു കാരണങ്ങള്‍ പറയുന്നുണ്ട്‌. ഒന്ന്‌), അബൂസുബൈ എന്ന മനുഷ്യന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഇയാള്‍ തദ്‌ലീസിന്റെ (താന്‍ കേള്‍ക്കാത്തത്‌ നേരിട്ടു കേട്ടിട്ടുണ്ട്‌ എന്ന്‌ ധരിപ്പിക്കുന്നവന്‍) മനുഷ്യനാണ്‌. ഇയാള്‍ `അന്‍' എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. രണ്ട്‌) പരമ്പരയില്‍ ഇയാളുബ്‌നു അബ്‌ദുല്ല എന്നയാളുണ്ട്‌. ഇയാള്‍ ദുര്‍ബലനാണ്‌. (സില്‍സില 976)

വിശുദ്ധ ഖുര്‍ആനിനും ഹദീസിനും ഒരേ പരിഗണനയാണെന്ന്‌ ജല്‌പിക്കുന്നവര്‍ ഇത്തരം കാരണത്താല്‍ ഖുര്‍ആനിലും അല്ലാഹു പറയാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിക്കേണ്ടിവരുന്നതാണ്‌. മുജാഹിദ്‌ പ്രസ്ഥാനവുമായി യാതൊരു ബന്ധവും ഇക്കൂട്ടര്‍ക്കില്ല. ഇവര്‍ പുതിയ ഗവേഷണങ്ങള്‍ക്ക്‌ ഒരുങ്ങുന്നതിനു മുമ്പ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളാണ്‌ പഠിക്കേണ്ടത്‌. അതു പഠിക്കാതെ മുജാഹിദ്‌ സ്ഥാപനങ്ങളും പള്ളികളും മറ്റുള്ള സമ്പത്തുക്കളും ഇവര്‍ കവര്‍ന്നെടുത്ത്‌ അനുഭവിക്കുകയാണ്‌.


ഇവര്‍ എഴുതുന്നു: ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണ്‌. തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്ന്‌ മറ്റൊന്നിന്റെ മേലെ അല്ല. ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ മറ്റേതിലുള്ളതിനേക്കാള്‍ മഹത്വമോ കുറവോ ഇല്ല. (അല്‍-ഇസ്വ്‌ലാഹ്‌ മാസിക, ഡിസംബര്‍ 2011, അബ്‌ദുല്‍മാലിക്‌ മൊറയൂര്‍, പേജ്‌ 43). ഖുറാഫികളെക്കാള്‍ ഇവര്‍ അധപ്പതിച്ചിരിക്കുന്നു എന്നതിന്‌ ഈ പ്രസ്‌താവനയും മറ്റൊരു തെളിവാണ്‌.

15. ആഇശ(റ) പറയുന്നു: നബി(സ) അരുളി: മലക്കുകള്‍ ഒരു വീട്ടില്‍ പ്രവേശിക്കുകയില്ല. അതില്‍ നായയുണ്ട്‌. പ്രതിമകള്‍ ഇല്ലതാനും (മുസ്‌ലിം 2106-81). ശൈഖ്‌ അല്‍ബാനി തന്റെ ഗായതുല്‍ മറാമില്‍ എഴുതുന്നു: സ്വഹീഹായ ഹദീസാണിത്‌. പ്രതിമകള്‍ ഇല്ല എന്നതിലെ `ലാ' ഇല്ല എന്ന പദം ഒറ്റപ്പെട്ടതും സ്ഥിരപ്പെടുന്നതിന്‌ എതിരുമാണ്‌ (ഗായതുല്‍ മനാര്‍, പേജ്‌ 104). `ശാദുല്‍ ഔ മുന്‍കറുന്‍' എന്നാണ്‌ പ്രയോഗം. വിശുദ്ധ ഖുര്‍ആനിലും ഇതെല്ലാം ഉണ്ടെന്നു ഈ വര്‍ഗം അംഗീകരിക്കേണ്ടി വരും. ഒരു പ്രസ്‌താവന ഖുര്‍ആനിലും ഹദീസിലും വൈരുധ്യമായ നിലക്ക്‌ വന്നാല്‍ ഇവരുടെ തത്വപ്രകാരം ഖുര്‍ആന്‍ ഉപേക്ഷിച്ച്‌ ഹദീസില്‍ പറഞ്ഞത്‌ സ്വീകരിക്കുന്നതിനും വിരോധമുണ്ടാവുകയില്ല.

16. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: എന്റെ ഒരു വലിയ്യിനോടു വല്ലവനും ശത്രുത കാണിച്ചാല്‍ ഞാനിത്‌ അവന്‌ സമരത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‌കുന്നു. മനുഷ്യനില്‍ ഞാന്‍ ചുമത്തിയിരിക്കുന്ന ഫര്‍ളുകളേക്കാള്‍ എനിക്കു പ്രിയംകരമായ യാതൊരു കര്‍മവും മുഖേന അവന്ന്‌ എന്നെ സമീപിക്കുവാന്‍ മാര്‍ഗമില്ല. എന്റെ ദാസന്‍ പുണ്യകര്‍മങ്ങള്‍ (സുന്നത്തുകള്‍) മുഖേന എന്നെ സമീപിച്ചുകൊണ്ടിരിക്കും ഞാന്‍ അവനെ സ്‌നേഹിക്കുന്നതുവരെ. ഞാനവനെ സ്‌നേഹിച്ചുകഴിഞ്ഞാല്‍ അവന്റെ ചെവിയും കണ്ണും കയ്യും കാലുമെല്ലാം ഞാനായിത്തീരും. അവന്‍ വല്ലതും ചോദിക്കുന്ന പക്ഷം ഞാനതു കൊടുക്കുക തന്നെ ചെയ്യും. എന്നെ അഭയം പ്രാപിക്കുന്നപക്ഷം ഞാനവന്‌ അഭയം നല്‌കുകയും ചെയ്യും. സത്യവിശ്വാസിയുടെ ആത്മാവിന്റെ കാര്യത്തില്‍ എനിക്കുണ്ടായ ചാഞ്ചല്യം പോലെ ഒരു കാര്യത്തിലും എനിക്കു ചാഞ്ചല്യമുണ്ടായിട്ടില്ല. അവന്‍ മരണത്തെ വെറുക്കുന്നു. ഞാനോ അവന്ന്‌ വെറുപ്പുണ്ടാകുന്ന കാര്യത്തെ ഇഷ്‌ടപ്പെടുന്നുമില്ല (ബുഖാരി 6502). ശൈഖ്‌ അല്‍-ബാനി എഴുതുന്നു. ഈ ഹദീസ്‌ ബുഖാരി ഉദ്ധരിച്ചതാണ്‌. ഇതിന്റെ പരമ്പര ദുര്‍ബലമായതിനാല്‍ ഹദീസ്‌ ദുര്‍ബലമായതാണ്‌ (സില്‍സില: 4-111) എന്നാല്‍ ഞാന്‍ `തൗഹീദ്‌ സമഗ്ര വിശകലനം' എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസിനെ വ്യാഖ്യാനിച്ച്‌ സ്ഥിരപ്പെടുത്തി. (പേജ്‌ 279). എന്നെ ഹദീസ്‌ നിഷേധിയെന്ന്‌ വിളിക്കുന്നവര്‍ ഇതേക്കുറിച്ച്‌ എന്തുപറയുന്നു?

17. ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: നബി(സ) സൂര്യഗ്രഹണനമസ്‌കാരത്തില്‍ എട്ടു റുകൂഅ്‌ നാല്‌ സുജൂദുകളിലായി നമസ്‌കരിച്ചു (മുസ്‌ലിം 908). അല്‍ബാനി തന്റെ ഇര്‍വാഅ്‌ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഈ ഹദീസ്‌ ദുര്‍ബലമായതാണ്‌. മുസ്‌ലിം ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും (ഇര്‍വാഅ്‌: 3-129).

18. അബൂസുബൈര്‍ തദ്‌ലീസിന്റെ വ്യക്തിയാണെന്നും അദ്ദേഹം `അന്‍' എന്ന പദത്തിലൂടെ ഉദ്ധരിക്കുന്ന ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിമിന്റെ 35 (മുപ്പത്തയഞ്ച്‌) പരമ്പരകളെയാണ്‌ ഇതുകൊണ്ടുതന്നെ അല്‍ബാനി ദുര്‍ബലമാക്കുന്നത്‌.

19. ഖലീഫാ ഉമര്‍(റ) കാലത്ത്‌ ജനങ്ങള്‍ തറാവീഹ്‌ നമസ്‌കാരം ഇരുപത്തിമൂന്ന്‌ റക്‌അത്തു നമസ്‌കരിച്ചിരുന്നുവെന്ന്‌ ബൈഹഖിയും മറ്റും ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നതുകാണാം. യസീദുബ്‌നു ഖസ്വീഫ്‌ എന്ന നിവേദകനെ പിടികൂടിയാണ്‌ ശൈഖ്‌ അല്‍-ബാനി ഈ ഹദീസിനെ ദുര്‍ബലമാക്കുന്നത്‌. ഇദ്ദേഹം ബുഖാരി, മുസ്‌ലിമിന്റെ നിവേദകനാണ്‌. യസീദ്‌ബ്‌നു അബ്‌ദുല്ലാഹിബ്‌നു ഖുസൈഫത്ത്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌.

20. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഫാതിഹ സൂറത്ത്‌ ഓതാത്തവന്‌ ഒരു നമസ്‌കാരവും പൂര്‍ണമല്ല. നബി(സ) ഇത്‌ മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിച്ചു. അപ്പോള്‍ അബൂഹുറയ്‌റ(റ)യോടു ചോദിക്കപ്പെട്ടു. ഞങ്ങള്‍ ഇമാമിന്റെ പിന്നിലായിരിക്കും. അപ്പോള്‍ ഓതേണ്ടതുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ അപ്പോള്‍ നീ അതു പതുക്കെ ഓതണം. കാരണം നബി(സ) പ്രസ്‌താവിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അല്ലാഹു അരുളി: ഞാന്‍ നമസ്‌കാരത്തെ എന്റെയും എന്റെ ദാസന്റെയും ഇടയില്‍ ഭാഗിച്ചിരിക്കുകയാണ്‌ എന്റെ ദാസന്‌ അവര്‍ അര്‍ഥിച്ചതു സിദ്ധിക്കും അല്‍ഹംദിലില്ലാഹിറബ്ബില്‍ ആലമീന്‍ എന്ന്‌ അവന്‍ പറയുമ്പോള്‍ എന്നെ എന്റെ ദാസന്‍ സ്‌തുതിച്ചിരിക്കുന്നു എന്ന്‌ അല്ലാഹു പറയും.. (മുസ്‌ലിം). എന്നാല്‍ അല്‍ബാനിയുടെ അഭിപ്രായം ഉറക്കെ ഓതുന്ന നമസ്‌കാരത്തില്‍ പിന്നിലുള്ളവര്‍ യാതൊന്നും ഓതേണ്ടതില്ല എന്നാണ്‌. അതിനാല്‍ ഈ ഹദീസും ഇതിനേക്കാള്‍ വ്യക്തമായി ഉറക്കെ ഓതുന്ന നമസ്‌കാരത്തില്‍ പിന്നിലുള്ളവര്‍ ഫാതിഹ: ഓതണമെന്ന്‌ പറയുന്ന ഹദീസുകളും സൗകര്യപൂര്‍വം അല്‍ബാനി തള്ളിക്കളയുന്നു. അദ്ദേഹത്തിന്റെ `സ്വിഫതുല്‍ സ്വലാത്തി' എന്ന ഗ്രന്ഥം വായിക്കുക.

21. ഖലീഫ ഉമര്‍(റ)ന്റെ കാലത്ത്‌ ഒരു മനുഷ്യന്‍ നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന്‌ മഴക്കുവേണ്ടി ആവശ്യപ്പെട്ടതായി പറയുന്ന വാറോലയെ ശൈഖ്‌ അല്‍ബാനി ദുര്‍ബലമാക്കുന്നത്‌ ഉമറിന്റെ(റ) സൂക്ഷിപ്പുകാരനായ മാലിക്കുദ്ദാരി(റ) അറിയപ്പെടാത്ത വ്യക്തിയാണെന്ന (മജ്‌ഹൂല്‍) ചിലര്‍ വിമര്‍ശിച്ചതിനെ ശരിപ്പെടുത്തിക്കൊണ്ടാണ്‌. എന്നാല്‍ ഇദ്ദേഹം സ്വഹാബിയാണെന്ന അഭിപ്രായം വരെ ഉണ്ട്‌. ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) സ്വഹാബിവരെ സംബന്ധിച്ച്‌ വിവരിക്കുന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തെ ഉദ്ധരിച്ചിരിക്കുന്നു.

അദ്ദേഹം എഴുതുന്നു: ഇദ്ദേഹം നബിയെ കണ്ടുമുട്ടിയിട്ടുണ്ട്‌. അബൂബകര്‍സിദ്ദീഖ്‌(റ) നിന്ന്‌ ഹദീസ്‌ കേട്ടിട്ടുണ്ട്‌. മുആദ്‌, അബൂഉബൈദ, ഉമര്‍(റ) മുതലായവരില്‍ നിന്നും ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ഇമാം ബുഖാരി തന്റെ താരിഖില്‍ ഇദ്ദേഹത്തില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. ഇബ്‌നു സഅ്‌ദ്‌ തന്റെ ത്വബഖാത്തില്‍ താബിഊകളില്‍ ഒന്നാമത്തെ പദവിയിലാണെന്ന്‌ പറയുന്നു. ഇദ്ദേഹം അറിയപ്പെട്ടവനാണ്‌ (ഇസ്വാത്വ: നമ്പര്‍ 8358). ഇമാം ദഹബിയും ഇപ്രകാരം എഴുതുന്നു (താരീഖുല്‍ ഇസ്‌ലാം: 3-69) ഇബ്‌നു അബീഹാതിമും ഇദ്ദേഹം അറിയപ്പെട്ടവനാണെന്നു പറയുന്നു (അല്‍ജര്‍ഹ്‌വതഅ്‌ദീല്‍ 14-1-213)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews