ധനസമ്പാദന മാര്‍ഗമായി മാറിയ മതങ്ങള്‍

മുഹമ്മദ് സി, വണ്ടൂര്‍

മതത്തിന്റെ മേല്‍വിലാസവും ആത്മീയതയുടെ പരിവേഷവുമുണ്ടെങ്കില്‍ ചുളുവില്‍ സമ്പാദ്യം വാരിക്കൂട്ടാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു മതങ്ങള്‍. ഉന്നതര്‍പോലും അവരുടെ മുന്നില്‍ ആദരവോടെ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണാം. രാഷ്ട്രീയക്കാരും മറ്റും അവരില്‍നിന്ന് ഏതെങ്കിലും രീതിയില്‍ പങ്കുപറ്റും. മാധ്യമങ്ങള്‍ പ്രചാരണം നല്‍കുകയും ചെയ്യും. മെച്ചപ്പെട്ട ജീവിത സൗകര്യം നേടാന്‍ ആത്മീയ കേന്ദ്രങ്ങളിലെത്തുന്നവര്‍ നമ്മുടെ നാട്ടില്‍ പെരുകി വരുന്നു. ഭക്തിതോന്നുന്ന കൃത്രിമാവേശമണിയാനും ദൈവത്തേയും മൂല്യങ്ങളേയും ചൂഷണം ചെയ്യാനും മനസ്സാക്ഷിക്കുത്ത് ഇല്ലാത്തവര്‍ക്ക് എന്തുമാകാം. മനുഷ്യന്റെ ഏറ്റവും വലിയ അറിവ് അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കുകയും അതില്‍നിന്ന് കാര്യങ്ങളെ തിരിച്ചറിയുകയും ചിന്തിക്കുകയും പാഠം ഒരു അനുഭവമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനാണ് എല്ലാവരും ബുദ്ധിയുള്ള മനുഷ്യര്‍ എന്ന് നിര്‍വചിക്കുന്നത്.


പാഠം ഉള്‍ക്കൊള്ളാത്തവരെ മന്ദബുദ്ധികള്‍ എന്ന് പറയും. ഉദ്ദിഷ്ടകാര്യ പൂര്‍ത്തീകരണത്തിന് കുറുക്കുവഴി തേടിപോവുന്നത് മന്ദബുദ്ധിയാണ്. മതഗ്രന്ഥങ്ങളിലെ തത്വചിന്താപരമായ അന്വേഷണങ്ങളെക്കാള്‍ മതത്തിന്റെ മറപറ്റിയുള്ള വാണിജ്യ പരസ്യങ്ങളിലാണ് ഇന്ന് പലര്‍ക്കും താല്‍പര്യം. വിദ്യാസമ്പന്നരും പാവപ്പെട്ടവരുമെല്ലാം ഇതില്‍ തുല്യരാണ്. അതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ തുറന്നാല്‍ തലമുറകള്‍ നശിക്കുമെന്ന സങ്കല്‍പങ്ങള്‍. ചിന്തിച്ച് വളര്‍ന്ന് വലുതാവേണ്ട മനസ്സിനെ മുരടിപ്പിക്കുക. ഇങ്ങിനെയുള്ള ആത്മീയവാണിഭക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്.

'തിരുമുടിയും 40 കോടി പള്ളിയും' ആത്മീയതയുടെ മറ്റൊരു മുഖം. മരണശേഷം മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ ബാക്കിവെച്ചു പോകുന്ന (ഒരു കാരണവശാലും)തീരാത്ത സമ്പത്തായി (വരുമാനമായി) അവസാനനാള്‍ വരെ തിരുകേശപള്ളിയും മ്യൂസിയവും നിലനില്‍ക്കുക തന്നെ വേണമെന്ന ദൃഢനിശ്ചയത്തിന്റെ പിന്നിലും സമ്പത്ത് തന്നെയാണ് പ്രതി. ആര് എതിര്‍ത്താലും ഞങ്ങള്‍ക്ക് തെളിക്കാന്‍ പിന്നില്‍ പാവങ്ങളായ ജനങ്ങളുണ്ടല്ലോ എന്ന ദുശ്ശാഠ്യത്തിന് മരുന്നില്ല. എല്ലാവരും ഒരുപോലെ. കഷ്ടം. മനുഷ്യര്‍ ദൈവപരീക്ഷണത്തെ ഭയപ്പെടുക.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews