താടിവളര്‍ത്തല്‍ : വിശ്വാസി സമൂഹത്തെ ഭയപ്പെടുത്തരുത്

എം ഖാലിദ്, നിലമ്പൂര്‍

പാലിച്ചാല്‍ പുണ്യമുള്ള, പാലിച്ചില്ലെങ്കിലും പരലോകത്ത് ശിക്ഷയൊന്നുമില്ലാത്ത സുന്നത്തായ കാര്യങ്ങളെ ഫറളാക്കുക, അതേപോലെ വര്‍ജിക്കുകയാണുത്തമം എന്ന് മാത്രം കണക്കാക്കപ്പെട്ടിട്ടുള്ളവയെ 'ഹറാം' എന്ന ഗണത്തില്‍ പെടുത്തുക ഒക്കെ, സ്രഷ്ടാവായ ദൈവം മനുഷ്യന് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. അത് അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ കൈകടത്തലുമാണ്. വന്‍ കുറ്റമാണിത്. നാവിന്‍തുമ്പത്ത് വരുന്നതിനനുസൃതം ഹറാമും ഹലാലുമാക്കരുത്. 'നിനക്ക് അല്ലാഹു ഹലാലാക്കിയതെന്തിന് നീ ഹറാമാക്കുന്നു' തുടങ്ങിയ താക്കീതുകള്‍ തന്നെ ഖുര്‍ആനിലുണ്ട്.(116:16; 66:1)

പ്രസ്തുത കാര്യം ഗൗരവത്തിലെടുക്കാതെ ഒരു വിഷയത്തില്‍ 'ഫത്‌വ' പുറപ്പെടുവിക്കുന്നവര്‍, ദൈവത്തിന്റെ മേല്‍ കളവ് കെട്ടി പറയുക എന്ന വന്‍ പാപമാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, താടിവളര്‍ത്തല്‍ മതത്തില്‍ നിര്‍ബന്ധവും വടിച്ചുകളയല്‍ ഹറാമാണെന്ന് സമര്‍ഥിക്കുന്ന ചില പണ്ഡിതന്മാര്‍ ഈ അടുത്ത കാലത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരുടെ മുന്‍കാല ഗുരുനാഥന്മാരില്‍ 'ക്ലീന്‍ ഫെയ്‌സ്' ചെയ്യുന്നവരുണ്ടായിരുന്നു; ഇവരുടെ തന്നെ ഉലമാ സംഘടന താടിവളര്‍ത്തല്‍ ഐഛികമായ കാര്യമാണെന്നേ ഇന്നും പറയുന്നുള്ളൂ. ആ അഭിപ്രായാന്തരങ്ങളിലേക്കൊന്നും ഇപ്പോള്‍ ചികയുന്നില്ല.


പക്ഷേ, താടിവളര്‍ത്തല്‍ മതത്തില്‍ ഫറളായിരുന്നു എന്ന ധാരണ ആദ്യകാലത്തേ ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് മുസ്‌ലിം സമുദായം സിക്കുകാരെപ്പോലെ എല്ലാവരും താടിവളര്‍ത്തുന്ന ഒന്നായിത്തീര്‍ന്നില്ലാ എന്ന ചോദ്യം തികച്ചും ന്യായമാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് തലമറക്കല്‍ നിര്‍ബന്ധമായതിനാല്‍, മതം ഗൗരവത്തിലെടുക്കാത്തവര്‍ പോലും സാരിതലപ്പെങ്കിലും തലയിലേക്കിടുന്നു; എല്ലാ മുസ്‌ലിംകളും ചേലാകര്‍മം നടത്തുന്നു. പിന്നെ എന്തായിരുന്നു താടിക്ക് മാത്രം ആ പ്രാധാന്യം കിട്ടാതെ പോയത്. അബുജാഗിലയടക്കമുള്ള അവിശ്വാസികള്‍ക്കും വിശ്വാസികള്‍ക്കും ഒക്കെ നീണ്ട താടികള്‍ തന്നെയുണ്ടായിരുന്നത്. മതത്തില്‍ അത് ഫറളായിരുന്നത് കൊണ്ടാണ് എന്ന് ധരിക്കുന്നതിലേറെ ശരി, ഇന്നത്തെ പോലെ സ്വയം ഉപയോഗിക്കുന്ന ഷേവിംഗ് സെറ്റ് ആദ്യകാലത്ത് വ്യാപകമായിരുന്നതിനാലാവും എന്നല്ലേ?

താടിവളര്‍ത്തലും മീശവെട്ടലും നബി(സ) ഇതരസമുദായങ്ങളുമായി അന്ന് വ്യത്യസ്തത പുലര്‍ത്താന്‍ വേണ്ടി മാത്രം നിര്‍ദേശിച്ച കാര്യങ്ങളായിരുന്നുവെന്നും അതിനാല്‍ കേവലം അനുവദനീയം(ഹലാല്‍)- അതായത് പ്രത്യേക പുണ്യമോ ശിക്ഷയോ ഇല്ലാത്തത്- മാത്രമാണെന്നുള്ള അഭിപ്രായക്കാരും ഇവിടെ ഉണ്ട്. ഇനി ഹലാലോ സുന്നത്തോ ഫറളോ തന്നെയാവട്ടെ-ഇത്ര ഗൗരവമായി പറയേണ്ട ഒരു മതകാര്യമാണോ താടിവിഷയം? ചില പണ്ഡിതന്മാരങ്ങിനെയാണ്: ചെറിയ കാര്യമായാലും വലിയ കാര്യങ്ങളായാലും വിശ്വാസി സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതിലല്ലാ അവര്‍ ശ്രദ്ധിക്കുന്നത്, മറിച്ച് അവര്‍ക്ക് കൂടുതല്‍ താല്പര്യം താക്കീതുകള്‍ നല്കി ആളുകളെ ഭയപ്പെടുത്തുന്നതിലാണ്... തെറ്റുകള്‍ ധാരാളമായി പൊറുക്കുകയും കരുണ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മതമായിട്ടല്ലാ, മറിച്ച് താടിക്കാര്യം പോലുള്ളവ പോലും ഗൗരവമായെടുത്ത് മനുഷ്യരെ ശിക്ഷിക്കാന്‍ തക്കം പാത്തിരിക്കുന്നവനായ അല്ലാഹുവിനെയാണ് ഇവര്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാലേ ആളുകള്‍ കൂടുതല്‍ സൂക്ഷ്മതയും ഭയഭക്തിയുള്ളവരുമാവൂ എന്നാണീ പണ്ഡിതന്മാരുടെ ധാരണ. ആളുകള്‍ പൊതുവില്‍ കുരങ്ങുകളാണ്. തെറ്റുകളിലേക്ക് ചാടാന്‍ സാധ്യതയുള്ള ഇവരോട് തെറ്റുകളുടെ ഗൗരവം കുറച്ച് പറയുന്നതും കുരങ്ങുകള്‍ക്ക് ഏണിവെച്ച് കൊടുക്കലാവുമെന്നത്രെ ഇവരുടെ ചിന്ത!

ഉദ്ദേശ്യശുദ്ധികൊണ്ടാവാം ഇങ്ങനെ പ്രബോധനം നടത്തുന്നതെങ്കിലും അത് ഫലത്തില്‍ വിപരീതാനുഭവമാണ് സമൂഹത്തില്‍ ഉണ്ടാക്കുക. മതത്തിന് പുറത്തുള്ളവര്‍ മതത്തിലേക്കാകര്‍ഷിക്കപ്പെടില്ലാ. മതത്തിനകത്തുള്ള ചിലര്‍ 'ഇത്ര കര്‍ശനമാണ് കാര്യമെങ്കില്‍, ഞാന്‍ ഇനി ആവുംപ്രകാരം ജീവിച്ചിട്ടെന്ത് ഫലം' എന്ന് ചിന്തിച്ച് നിരാശപ്പെട്ട, മതത്തില്‍ നിന്നകലുകയും ചെയ്യും.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews