പ്രവാചക ജന്മദിനവും ചിതറിയ ചിന്തകളും

കെ വി ഒ അബ്ദുറഹിമാന്‍ പറവണ്ണ

ഒരു സുന്നിപണ്ഡിതന്‍(തഴവ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍) പാടിയതു ശ്രദ്ധിക്കുക 'മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ, അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ' ഉത്തമ നൂറ്റാണ്ട് മൂന്ന് നൂറ്റാണ്ടുകളാണെന്ന് പ്രവാചകന്‍ നേരത്തേ തന്നെ പ്രവചിച്ചിട്ടുണ്ട്. അത് ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്.

ക്രിസ്തീയ സഹോദരങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതുകണ്ട്, മുസ്‌ലിംകള്‍ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. ഇതും നേരത്തെ തന്നെ പ്രവാചകന്‍ അരുളിയ കാര്യമാണ്. പില്‍ക്കാലത്ത് ചാണിന് ചാണായും മുഴത്തിന് മുഴമായും പൂര്‍വിക സമുദായത്തെ എന്റെ സമുദായം പിന്‍തുടരും. ഇത് ശ്രദ്ധിച്ച സഹാബികള്‍ ചോദിച്ചു. ജൂതരെയും ക്രിസ്ത്യാനികളെയുമാണോ? പ്രവാചകന്‍ മറ്റെ ആരെയാണ് എന്ന് പ്രതികരിക്കുകയും ചെയ്തു. വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ നബി(സ)യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ 12 നും നബിദിനം റംസാനിലുമല്ലേ ആഘോഷിക്കേണ്ടത്. റംസാനില്‍ അതും ലൈലത്തുല്‍ ഖദര്‍ രാവില്‍ (ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രി) അല്ലേ നുബുവത്ത് ലഭിക്കുന്നത്. പ്രവാചകത്വ പദവി ലഭിക്കുന്നത് എന്ന് സാരം.


റബീഉല്‍ അവ്വല്‍ ഒരു മാസം മുഴുക്കെ ജന്മദിനാഘോഷം കൊണ്ടാടുന്നത് കണ്ടിട്ട്, ഒരമുസ്‌ലിം സഹോദരന്‍ ഈയുളളവനോടു ചോദിച്ചു. ഒരു വ്യക്തിക്ക് ഒരു മാസം മുഴുവന്‍ ജന്മദിനം ഉണ്ടാകുമോ? ഞാന്‍ പറഞ്ഞു , ഈ ചോദ്യം നബിദിനം ആഘോഷിക്കുന്നവരോടാണ് വേണ്ടത്. തന്നെയുമല്ല ഖുര്‍ആന്റെ അന്തസത്തക്ക് കടകവിരുദ്ധമായ ആശയമാണ് മങ്കൂസ് മൗലീദ് ഗ്രന്ഥത്തിലുള്ളത്. ഉദാഹരണത്തിന് ആദം(അ) തന്റെ സ്വര്‍ഗീയ ജീവിതത്തില്‍ വിലക്കപ്പെട്ട ഒരു വൃക്ഷത്തിന്റെ പഴം പറിച്ചു ഭുജിച്ചതിന്റെ പേരില്‍ ആദം(അ) യും ഭാര്യ ഹവ്വ(റ)യും പ്രാര്‍ഥിച്ച വാചകം ഖുര്‍ആനില്‍ ഇപ്രകാരം വായിക്കാം: 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടക്കാരുടെ കൂട്ടത്തില്‍ പെട്ടുപോകും' അല്ലാഹു പശ്ചാത്താപം സ്വീകരിച്ചു പൊറുത്തുകൊടുത്തു. പക്ഷെ മങ്കൂസ് മൗലീദില്‍ പറയുന്നതോ, അല്ലാഹുവിന്റെ അര്‍ശിന്റെ താഴ്ഭാഗത്ത് അന്ത്യപ്രവാചകന്റെ പേര് കുറിക്കപ്പെട്ടത് കണ്ടു. അത് കാരണത്താല്‍ പ്രവാചകന്റെ ബര്‍ഖത്ത് കൊണ്ട് പൊറുത്തുതരേണമേ എന് പ്രാര്‍ഥിച്ചുവത്രേ. ഇത് ബോധപൂര്‍വമാണെങ്കില്‍ ഖുര്‍ആന്‍ നിഷേധമല്ലെങ്കില്‍ മറ്റെന്താണ്?

മൗലീദിലെ മറ്റൊരു തമാശ ശ്രദ്ധിക്കുക. നബി(സ)യോട് നേരിട്ടു പരാതി ബോധിപ്പിക്കുന്നത് പോലെ അവതരിപ്പിക്കുന്ന അപേക്ഷ 'ശ്രേഷ്ഠരായ പ്രവാചകരെ ഞാന്‍ അറ്റമില്ലാത്ത തെറ്റുകളും കുറ്റങ്ങളും ചെയ്തിരിക്കുന്നു. അതിനാല്‍ ഞാന്‍ താങ്കളോട് അന്യായം ബോധിപ്പിക്കുന്നു. എനിക്ക് പാപങ്ങള്‍ പൊറുത്തു തരേണമേ'. ഇത്തരം ശിര്‍ക്കന്‍ ആശയത്തിന് മൗലീദില്‍ തന്നെ മറുപടിയും ഉണ്ട്. അതിന് ജവാബ് ചൊല്ലല്‍ എന്നാണ് പേര്‍. വീണ്ടും ശ്രദ്ധിക്കുക. ജവാബ്കാരന്‍ പറയുന്നത് കാണുക. 'എന്റെ കണക്ക് നോക്കാന്‍(പരിശോധിക്കാന്‍) ഉന്നതനായ അല്ലാഹു മതി, എന്റെ ഹൃദയത്തില്‍ അല്ലാഹുവിനല്ലാതെ സ്ഥാനമില്ല. അല്ലാഹുവിന്റെ രക്ഷയും സമാധാനവും പ്രകാശ ഉടയവരായ നബി(സ)യില്‍ വര്‍ഷിക്കുമാറാകട്ടെ.' ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്നതാണ് സത്യം. ഇത് പൂര്‍ണമായും തൗഹീദ് ആശയവും. ചുരുക്കത്തില്‍ ഖുര്‍ആന്റെ ആശയാദര്‍ശങ്ങള്‍ എന്തെന്നോ, തൗഹീദും ശിര്‍ക്കും ഏതെന്നോ, തിരിയാത്ത ഒരു വ്യക്തിയാണ് മൗലീദ് രചിച്ചിട്ടുള്ളത് എന്ന് സാരം.

സത്യവിശ്വാസിയുടെ അടയാളമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണമെന്നും അവരില്‍ ആരിലും ഒരു വിവേചനം കാണിക്കരുതെന്നുമാണ്. എന്നിരിക്കേ പ്രവാചകന്‍ (സ)യെ കൂടാതെ ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞ 25 പ്രവാചകന്മാരുടെ ജന്മദിനവും ആഘോഷിക്കേണ്ടതല്ലേ? പിന്നെ എന്തൊരു ഇരട്ടത്താപ്പ്.

മറ്റൊരു വാദം പ്രവാചകനോടുള്ള സ്‌നേഹമാണുപോല്‍. എന്നാല്‍ യഥാര്‍ഥ സ്‌നേഹം ആരുടേതെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഹ: അബുഹുറയുടെ മുന്നില്‍ പൊരിച്ച ആട് മാംസം കൊണ്ടുവരപ്പെടുന്നത് കണ്ടമാത്രയില്‍ തന്റെ സമീപത്തേക്ക് അടുപ്പിച്ചുവെച്ചു. പിന്നീടത് ദൂരേക്ക് തട്ടിമാറ്റി. ഇത് ദര്‍ശിക്കാനിടയായ മറ്റു സഹാബികള്‍ ചോദിച്ചു. എന്താണ് താങ്കള്‍ ഈ ചെയ്യുന്നത്. ഇതിനു അബുഹുറയിറ(റ) പറഞ്ഞ മറുപടി വളരെ ശ്രദ്ധേയമാണ്. ഇത് ഭക്ഷിക്കാന്‍ നേരത്ത് പ്രവാചകനെ കുറിച്ച് ചിന്തവന്നു. ഞങ്ങള്‍ ഇരുവരും ഒന്നിച്ചല്ലേ ഭക്ഷിക്കേണ്ടിയിരുന്നത്. ഇത് ഓര്‍ത്തപ്പോള്‍എനിക്ക് ഭക്ഷിക്കാന്‍ മനസ്സനുവദിച്ചില്ല. എന്നാല്‍ നബിദിനം കൊണ്ടാടുന്നവരുടെ സ്ഥിതിയോ 'പത്തിരി വേഗം തരൂ. ജവാബ് പിന്നെ ചൊല്ലാം.'ഇവരാണ് പോലും പ്രവാചകസ്‌നേഹമുള്ളവര്‍.

മറ്റൊരു സംഭവം ഹ:അബു ഹുറയുടെ സാക്ഷാല്‍ പേര് അബുറഹ്മാന്‍ എന്നായിരുന്നു പക്ഷെ അബൂഹൂറയിറക്ക് പൂച്ചയോട് അതിരറ്റ സ്‌നേഹവും അതിന്റെ പരിരക്ഷണത്തില്‍ അതീവ താല്പര്യവും കാണിക്കാറുള്ള വ്യക്തിയായിരുന്നു. അതിനാല്‍ പ്രവാചകന്‍(സ) പൂച്ചയുടെ പരിപാലകന്‍ എന്നര്‍ഥത്തില്‍ അബൂഹുറയിറ എന്ന് വിളിച്ച് (മോഡേണിസ്റ്റുകള്‍ പറയുന്നതുപോലെ തത്ത പൂച്ച എന്നല്ല) ഇത് കേള്‍ക്കേണ്ട താമസം സഹാബികളും അബൂഹുറയിറ എന്ന് വിളിക്കാന്‍ തുടങ്ങി. നബി(സ) പറഞ്ഞു : ഞാനത് തമാശയായി വിളിച്ചതാണ് നിങ്ങളാരും അപ്രകാരം വിളിക്കരുത്. ഇതിനു അബുഹുറയിറയുടെ പ്രതികരണം രസാവഹമായിരുന്നു. 'എന്റെ പൊന്നാരനബി വിളിച്ചത് എനിക്ക് സമ്മതമാണ്. ഈ പേരില്‍ എന്നെ ലോകജനത അറിയണം. നോക്കൂ പ്രവാചകസ്‌നേഹം.'(ഹുബുറസൂല്‍) ഇങ്ങിനെ എത്രയെത്ര സംഭവങ്ങള്‍..!!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews