വ്യാജമുടി ചൂഷകര്‍ ഒറ്റപ്പെടുമ്പോള്‍

അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

പ്രവാചക തിരുമേനിയുടേതെന്ന വ്യാജേന രണ്ട്‌ തവണയായി ചില മുടികള്‍ കാന്തപുരം ഇവിടെ കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊണ്ടുവന്ന മുടി സമുദായത്തില്‍ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ കണ്ടപ്പോള്‍ രണ്ടാംമുടി കഴിഞ്ഞ ജനുവരിയിലാണ്‌ കൊണ്ടുവന്നത്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മുടികള്‍ സമുദായം ഇതിനകം നിരാകരിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ ആറുമാസക്കാലത്തെ തുറന്ന ചര്‍ച്ചയിലൂടെ മുടിയുടെ യാഥാര്‍ഥ്യം സാധാരണക്കാര്‍പോലും തിരിച്ചറിഞ്ഞു.....

`മുഖം കെടുത്ത'ലും ആ `അത്തുംപിത്തും' ഇന്നും കാന്തപുരത്തെ നിരന്തരം വേട്ടയാടുന്നു. മുടിയുടെ സനദ്‌ (കൈമാറ്റ ശൃംഖല) സംബന്ധിച്ച്‌ അവര്‍ പറഞ്ഞ വൈരുധ്യങ്ങള്‍ കൊച്ചുകുട്ടികള്‍പോലും മനപ്പാഠമാക്കി ഉരുവിട്ടുകൊണ്ടിരിക്കുന്നു.

``മുടി നമുക്ക്‌ കൈമാറിയ ശൈഖ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണ്‌ ഈ മുടി വന്നെത്തിയത്‌. ആ പരമ്പര (സനദ്‌) നിങ്ങള്‍ ഇവിടെ വായിച്ചുകേട്ടു'' -മര്‍കസ്‌ സമ്മേളനത്തില്‍ കാന്തപുരം.

``അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണിത്‌ കിട്ടിയതെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടേ ഇല്ല'' -റിപ്പോര്‍ട്ടര്‍ ചാനലിനോട്‌ കാന്തപുരം.

``മര്‍കസ്‌ സമ്മേളനത്തില്‍ വായിച്ചത്‌ മുടിയുടെ സനദല്ല. `നസബ'യാണ്‌. അഥവാ അഹ്‌മദ്‌ ഖസ്‌റജിയുടെ കുടുംബപരമ്പര മാത്രമാണത്‌'' -പേരോട്‌, കുറ്റിയാടി പ്രസംഗം.

``മുടിയുടെ സനദ്‌ എന്റെ പോക്കറ്റിലുണ്ട്‌. എന്റെ പോക്കറ്റിലുണ്ട്‌. ഉസ്‌താദിന്റെ കയ്യിലുമുണ്ട്‌. ആര്‍ വന്നാലും കാണിച്ചുതരാം'' -പേരോട്‌, കുറ്റിയാടി പ്രസംഗം.

``പ്രസിദ്ധപ്പെട്ട ആളില്‍ നിന്ന്‌ മുടികിട്ടിയാല്‍ പിന്നെ സനദ്‌ ചോദിക്കരുത്‌. സനദ്‌ ചോദിച്ചാല്‍ ദീനില്‍ നിന്ന്‌ പുറത്തുപോകും'' -കോട്ടക്കല്‍ പ്രസംഗം, കാന്തപുരം.

``മുടിയുടെ യഥാര്‍ഥ സനദിന്‌ അടിരേഖയെന്നാണ്‌ പറയുക. അത്‌ ഇവിടെ ഇല്ല. അബൂദാബിയിലാണ്‌''-പത്രസമ്മേളനം, കാന്തപുരം.

ഇതിന്‌ അത്തുംപിത്തും എന്നല്ലാതെ പിന്നെന്താണ്‌ പറയുക?


കാന്തപുരം എന്തു പറഞ്ഞാലും കണ്ണും ചിമ്മി അംഗീകരിക്കുന്ന സ്വന്തം അനുയായികളും സംഘടനാനേതാക്കള്‍ പോലും മുടിവിഷയത്തില്‍ കാന്തപുരത്തെ അനുകൂലിക്കുന്നില്ല. മുടിയുടെ ആധികാരികത ശരിവെച്ചുകൊണ്ട്‌ കാന്തപുരത്തിന്റെ ഒരു സംഘടനാഘടകവും ഒരു പ്രസ്‌താവനയും ഇതുവരെ ഇറക്കിയില്ലെന്നത്‌ ശ്രദ്ധേയമാണ്‌. മാത്രമല്ല, പ്രവാചകരുടെ മേല്‍ ബോധപൂര്‍വം കളവ്‌ പറഞ്ഞാല്‍ നരകം കിട്ടുമെന്ന നബിവചനത്തിന്‌ അവര്‍ നല്‍കുന്ന വിശദീകരണം ഇപ്രകാരം:

``നബി(സ)യുടെതല്ലാത്ത ഒരു വസ്‌തുകൊണ്ടുവന്ന്‌ ബോധപൂര്‍വം ഇത്‌ നബി(സ)യുടെതാണെന്ന്‌ ഒരാള്‍ പ്രചരിപ്പിച്ചാല്‍ അയാളിന്‌ (അടിവര ലേഖകന്റേത്‌) ഹദീസില്‍ പറഞ്ഞത്‌ പ്രകാരമുള്ള നരക ഇരിപ്പിടം ഉറപ്പായി. എന്നാല്‍ ഇയാളിനെ വിശ്വസിച്ച്‌ ആ `അസര്‍' നബി(സ)യുടെതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അതിനെ ആദരിക്കുകയും അതില്‍ നിന്ന്‌ ബറകത്തെടുക്കുകയും ചെയ്‌തവരുടെ വിധിയെന്താണ്‌?'' (ഒ എം തരുവണ, വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പേജ്‌ 24).

കാന്തപുരത്തിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ലേഖകന്‍ പോലും എഴുതിയത്‌ ശ്രദ്ധിച്ചില്ലേ? നബി(സ)യുടെതല്ലാത്ത വസ്‌തു കൊണ്ടുവന്ന്‌ ബോധപൂര്‍വം അത്‌ നബി(സ്വ)യുടെതാണെന്ന്‌ പ്രചരിപ്പിച്ച `അയാള്‍ക്ക്‌' നരകം കിട്ടും. `അയാളെ' വിശ്വസിച്ച സാധാരണക്കാര്‍ക്ക്‌ നരകം കിട്ടില്ല.

കാന്തപുരത്തെ കൈയൊഴിച്ച്‌ കൊണ്ടുള്ള ഈ പോക്ക്‌ മുടിയുടെ തുടക്കം മുതലേ ഉണ്ട്‌. പേരോട്‌ മാത്രമാണ്‌ കാന്തപുരത്തെ സപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുംബൈയിലെ ജാലിയാവാലയെ കണ്ട്‌ നാം ഏഴ്‌ മുടികള്‍ കൊണ്ടുവരികയും കാന്തപുരത്തിന്റെ മുടിയുടെ തനിനിറം ബഹുജനങ്ങളെ അറിയിക്കുകയും ചെയ്‌തപ്പോള്‍ പേരോടും മുങ്ങി. ഇപ്പോള്‍ കക്ഷി എവിടെയാണെന്ന യാതൊരു വിവരവുമില്ല. എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാലും മുടിയെക്കുറിച്ച്‌ ഒരക്ഷരവും പറയുന്നില്ല. മുടി വിഷയത്തില്‍ സ്വന്തം പാളയത്തില്‍ കാന്തപുരം തീര്‍ത്തും ഒറ്റപ്പെട്ടുവെന്നര്‍ഥം.

വ്യാജമുടി ന്യായീകരിക്കാന്‍ വേണ്ടി ഇതിനകം പറഞ്ഞതും എഴുതിയതും കാന്തപുരം വിഭാഗത്തെ വല്ലാത്ത പൊല്ലാപ്പിലാക്കിയിരിക്കുകയാണ്‌.

അരമീറ്ററിലധികം നീളമുള്ള മുടി പ്രവാചക തിരുമേനിക്കുണ്ടായിരുന്നുവെന്നും നബിതിരുമേനി(സ) വര്‍ഷങ്ങളോളം തലമുടിവെട്ടി വൃത്തിയാക്കാറുണ്ടായിരുന്നില്ലെന്നും തുടങ്ങി നബിതിരുമേനി (സ)യെ വികൃതമാക്കി ചിത്രീകരിച്ച ഹീനമായ നടപടി കാന്തപുരം വിഭാഗത്തില്‍ തന്നെ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാക്കിയതായി അറിയുന്നു. ഇത്ര നീളമുള്ള മുടി നബിതിരുമേനി(സ)ക്ക്‌ ഉണ്ടായിരുന്നുവെന്ന്‌ വെച്ചാല്‍ അത്‌ നബി തങ്ങളെ ഒരു പിശാചിനോടോ ഭ്രാന്തനോടോ സാദൃശ്യപ്പെടുത്തലായിരിക്കുമെന്ന്‌ വരെ അവരുടെ ഒരു ഉന്നതന്‍ പ്രസംഗിച്ചു. മുടി ഏറെ നീളമുള്ളതായിരുന്നുവെന്ന്‌ വരുത്താന്‍ നബിവചനങ്ങള്‍ വളച്ചൊടിച്ചത്‌ അവരുടെ പ്രധാന പണ്ഡിതന്മാരും അംഗീകരിച്ചിട്ടില്ല.

മുടിയുടെ പേരില്‍ വന്ന മാനക്കേട്‌ (മുഖംകെടല്‍) ജനങ്ങള്‍ മറന്നുപോകാനും ഈ പിന്തുണ കുറഞ്ഞിട്ടില്ലെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താനുമായി പ്രഖ്യാപിച്ച നേതാവിന്റെ കേരള യാത്രയോട്‌ ഭിന്നത മറന്ന്‌ എല്ലാവരും സഹകരിക്കാമെന്ന്‌ വെച്ചെങ്കിലും അതിനിവിടെ `ശഅ്‌റേ മുബാറക്‌ ശിലാസ്ഥാപനം' കാന്തപുരം ഏകപക്ഷീയമായി പ്രഖ്യാപിച്ചത്‌ പുതിയ ഭിന്നതകള്‍ക്കിടയാക്കിയതായി അറിയുന്നു. കേരള യാത്രയിലും അതിന്റെ പ്രചാരണങ്ങളിലും മുടിയെ സംബന്ധിച്ച്‌ ഒന്നും പറയില്ലെന്നതുള്‍പ്പെടെയുള്ള ചില ധാരണകളെ തുടര്‍ന്നാണ്‌ ഇടഞ്ഞുനിന്നിരുന്ന വിഭാഗം സഹകരിക്കാമെന്നു പറഞ്ഞിരുന്നതത്രെ. കേരളയാത്രാ പ്രഖ്യാപന വേളയില്‍ ഖലീലുല്‍ ബുഖാരി ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഇനി കേരളയാത്ര കഴിയുന്നതുവരെ നമുക്ക്‌ മറ്റൊരു പരിപാടിയും ഉണ്ടാകരുതെന്ന്‌ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

മുടി ന്യായീകരിച്ചുകൊണ്ട്‌ ഇനി ഒരാളും സംഘടനയില്‍ നിന്ന്‌ പ്രസംഗിക്കരുതെന്ന്‌ ശക്തമായ നിര്‍ദേശം താഴേ തട്ടിലേക്ക്‌ നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. നിര്‍ദേശം ലംഘിച്ച്‌ പ്രസംഗിച്ച ചില പ്രാദേശിക നേതാക്കളെ താക്കീത്‌ ചെയ്‌തിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്‌. മുടി സംബന്ധമായി ലേഖനങ്ങളോ സിഡികളോ മര്‍കസ്‌ അറിയാതെ ഒരാളും ഇറക്കരുതെന്ന്‌ കര്‍ശനമായി നിര്‍ദേശം സ്വന്തം മുഖപത്രത്തില്‍ പരസ്യം കൊടുക്കുന്നേടത്തു വരെ എത്തി കാര്യങ്ങള്‍. പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ച പത്രപ്രരസ്യം ഇങ്ങനെ.

മര്‍ക്കസ്‌ അറിയിപ്പ്‌: ശഅ്‌റേ മുബാറക്‌ സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സിഡികള്‍, മറ്റ്‌ ദൃശ്യശ്രാവ്യ മാധ്യമവര്‍ക്കുകള്‍ മര്‍ക്കസ്‌ പി ആര്‍ ഡിയുടെ അനുമതിയില്ലാതെയും മര്‍ക്കസ്‌ അംഗീകൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന്‌ പി ആര്‍ ഡി ഡയറക്‌ട്‌ അറിയിച്ചു. (ഫോണ്‍ 9645962035, 9539048101, സിറാജ്‌ 12-11)

രണ്ട്‌ തവണയായി `നബി(സ) സ്വപ്‌നം കാണിച്ച'തനുസരിച്ച്‌ മര്‍കസിന്‌ കിട്ടിയ `ശഅ്‌റേമുബാറക്കുകളെ ന്യായീകരിച്ച്‌ പ്രസംഗിക്കാനോ എഴുതാനോ പാടില്ലപോല്‍! വല്ലാത്തൊരു ദുരന്തം! ഇതില്‍പരം വലിയൊരു `മുഖംകെടുത്തല്‍' പിന്നെന്താണ്‌?

പള്ളിക്കു വേണ്ടി കോടികള്‍ പിരിച്ചതുകൊണ്ട്‌ പള്ളി നിര്‍മിക്കട്ടേ എന്നും എന്നാല്‍ പള്ളിക്ക്‌ ചുറ്റും വിഭാവനം ചെയ്‌ത ടൗണ്‍ഷിപ്പ്‌ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നുമാണത്രെ സംഘടനാ തീരുമാനം. സംഘടനാതീരുമാനത്തിന്‌ കാന്തപുരവും മകനും ഇനിയും വഴങ്ങിയിട്ടില്ലെന്നാണ്‌ അറിയുന്നത്‌.

പള്ളിക്ക്‌ ശിലാസ്ഥാപനം നടത്താന്‍ കാന്തപുരം ഏകപക്ഷീയമായി തീരുമാനിച്ചെങ്കിലും ഇനിയും സ്ഥലം എവിടെ എന്നത്‌ അന്തിമമായിട്ടില്ലത്രെ. പള്ളി എവിടെ നിര്‍മിച്ചാലും നബിയുടേതെന്ന്‌ പ്രചരിപ്പിക്കുന്ന ഈ മുടിയുടെ പേരില്‍ ബിസിനസ്‌ ലക്ഷ്യമാക്കി പള്ളിക്ക്‌ ചുറ്റും ടൗണ്‍ഷിപ്പ്‌ നിര്‍മാണവുമായി കാന്തപുരം മുന്നോട്ട്‌ പോവുകയാണെങ്കില്‍ അത്‌ കാന്തപുരം ഗ്രൂപ്പിന്റെ പിളര്‍പ്പിലായിരിക്കും അവസാനിക്കുക.

(സത്യധാര -2012 ജനുവരി 1-15)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews