ലോകമറിയാത്ത പുരോഹിതന്മാര്‍

കെ വി ഒ അബ്ദുറഹ്മാന്‍, പറവണ്ണ

2012 ഫെബ്രു. 20 ലെ ചന്ദ്രിക പത്രത്തില്‍ പിണങ്ങോട് അബൂബക്കര്‍ എഴുതിയ 'സത്യസാക്ഷിത്വം മധ്യമ സമുദായത്തിന്റെ ദൗത്യം' എന്ന ലേഖനത്തില്‍ സലഫി പ്രസ്ഥാനത്തെപറ്റി ഗുരുതരമായ ചില ആരോപണങ്ങള്‍ തൊടുത്തുവിട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി വിശദീകരിക്കലാണ് ഈ പ്രതികരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ലേഖകന്‍ എഴുതുന്നു 'ലോകത്ത് 170 കോടി മുസ്‌ലിംകള്‍ ഉണ്ടെന്നും അതില്‍ കര്‍മപരമായി (ഫിഖഹ്)4 സരണികളും വിശ്വാസപരമായി (അഖീദ) 2 സരണിയുമാണത്രെ' ഇത് ശരിയല്ല 4 സരണി എന്ന് ലേഖകന്‍ വിശേഷിപ്പിച്ച 4 മദ്ഹബ് അനുയായികളുടെ എണ്ണം ഏതാണ്ട് 50 കോടിയോളം വരും. പിന്നെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് വ്യതിചലിച്ച ഖാദിയാനികള്‍ 20 കോടിയും പിന്നെ അതിനും പുറമെ ശിയാക്കളും അതിലെ അവാന്തരവിഭാഗങ്ങളും സലഫികളുമടക്കം 100 കോടിയോളം വരും.

ലേഖകന്‍ തുടരുന്നു :'രാഷ്ട്രീയാധികാരം പിടിക്കാനും ഇസ്‌ലാമിനെ ഇല്ലാതാക്കാനും ബ്രിട്ടീഷുകാരും ജൂതരും രൂപകല്‍പന ചെയ്ത 'വഹാബിസം, ഇഖ്‌വാനിസം, മണോണിസം തുടങ്ങിയവയുടെയെല്ലാം' ആശയങ്ങള്‍ കേരളത്തിലും പ്രചരിപ്പിക്കപ്പെട്ടു' ഇതില്‍ ഇഖ്‌വാനിസത്തെപ്പറ്റി എഴുതിയതിന് അതിന്റെ വക്താക്കള്‍ മറുപടി പറഞ്ഞുകൊള്ളട്ടെ.
മണോണിസം എന്താണാവോ? മോഡേണിസമാണെങ്കില്‍ നല്ലതു തന്നെ. കൂട്ടത്തില്‍ വഹാബിസം എന്നെഴുതിയത് വായിച്ചപ്പോള്‍, 'അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കുമെന്ന പഴമൊഴിയാണ് ഓര്‍മ വന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ ആവുംവിധം പരിശ്രമിച്ചത് നവോത്ഥാന നായകന്മാരായ മൗലാനാ അബുല്‍കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി, അല്ലാമ ഇഖ്ബാല്‍ എന്നീ മഹാന്മാരും കേരളത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തുമൗലവി, വക്കം മൗലവി, കെ എം സീതിസാഹിബ് മുതലായ നേതാക്കളുമായിരുന്നു. യഥാര്‍ഥത്തില്‍ ലേഖകന്‍ എണ്ണേണ്ടിയിരുന്നത് 'മോഡേണിസ്റ്റുകളെയും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് വ്യതിചലിച്ച ഖാദിയാനികളെയുമായിരുന്നു. ഇപ്പോള്‍ ഖാദിയാനികളുടെ ഈറ്റില്ലം അഥവാ ലോകകേന്ദ്രം ലണ്ടനുമാണ്. ഖാദിയാനിസത്തെ നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്നതു തന്നെ ബ്രിട്ടീഷുകാരും.


സഊദി അറേബ്യയെപ്പറ്റി ലേഖകന്‍ എഴുതുന്നു : 'സഊദിയില്‍ ഈ വിഭാഗം നടത്തിയ കൊടുംക്രൂരതയില്‍ മരണമടഞ്ഞവരുടെ കണക്കുപോലും തിട്ടമില്ല. സഹാബാക്കളുടെയും ഔലിയാക്കളുടെയും ശുഹദാക്കളുടെയും ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളുടെയും മസാറുകള്‍ ഇടിച്ചുനിരത്തി, ആത്മരക്ഷാര്‍ഥം പ്രതികരിക്കാമെന്നതും അതിനെ നേരിടാമെന്നതും അംഗീകരിക്കപ്പെട്ടതാണ്.അതില്‍ അങ്ങുമിങ്ങും മരണങ്ങള്‍ സംഭവിക്കല്‍ സ്വാഭാവികമാണ്. അതേ അവസരം മഖ്ബറകള്‍ ഇടിച്ചു നിരത്തിയത് ശരിയുമാണ്. അതെങ്കിലും സമ്മതിച്ചുവല്ലോ. നന്ദി. വഖഫ് ഭൂമിയില്‍ മഖ്ബറകള്‍ നിര്‍മിച്ചാലത് പൊളിച്ചുനീക്കല്‍ നിര്‍ബന്ധമാണെന്ന ഫത്ഹുല്‍ മുഗീന്‍ പോലുള്ള ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് ലേഖകന് അറിയല്ലെന്നോ? പൊളിച്ച് നീക്കം ചെയ്തില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മരണാനന്തരം ഔലിയാക്കള്‍ക്കും ശുഹദാക്കള്‍ക്കും കറാമത്തുണ്ടെങ്കില്‍ പൊളിച്ചുനീക്കുന്ന സന്ദര്‍ഭത്തില്‍ എന്തുകൊണ്ടത് പ്രത്യക്ഷപ്പെട്ടില്ല?

കേരളത്തില്‍ 80 ലക്ഷം മുസ്‌ലിംകളില്‍ ഒരു ലക്ഷം പണ്ഡിതന്മാര്‍ ഉണ്ടത്രേ. എങ്കില്‍ അവരില്‍നിന്ന് സലഫിപ്രസ്ഥാനത്തിലേക്ക് വന്നവര്‍ എമ്പാടുമുണ്ടെന്നതാണ് വസ്തുത. മതമറിയാത്ത മിസ്റ്റര്‍മാരും ലോകമറിയാത്ത മുല്ലമാരുമാണ് നമുക്ക് ഇന്നുള്ളത്. മറിച്ച് ലോകവും മതവും അറിയുന്ന മിസ്റ്റര്‍മാരാണ് നമുക്ക് വേണ്ടത് എന്ന് അല്ലാമാ ഇക്ബാല്‍ പറഞ്ഞത് എത്ര വാസ്തവം.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews