ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-3

അബ്ദുസ്സലാം സുല്ലമി 

ആധുനിക ഹദീസ്‌ പണ്ഡിതനായ ശൈഖ്‌ അല്‍ബാനി ഉയര്‍ത്തിപ്പിടിക്കുന്ന ചില തെറ്റായ ആധാരങ്ങളെ അടിസ്ഥാനമാക്കി ഹദീസ്‌ സ്വഹീഹും ദഈഫും വേര്‍തിരിക്കുന്നത്‌ മുഖേന വന്നുചേരുന്ന ചില വിഷയങ്ങളിലുള്ള വൈരുധ്യങ്ങളാണ്‌ കഴിഞ്ഞ രണ്ട്‌ ലക്കങ്ങളിലായി ചൂണ്ടിക്കാട്ടിയത്‌. ഇനിയും മറ്റു ചില ഉദാഹരണങ്ങള്‍ കൂടി കാണുക. ഇദ്ദേഹം ഉന്നയിക്കുന്ന തത്വങ്ങളെ അടിസ്ഥാനമാക്കുന്നത്‌ മുഖേന ഏതെല്ലാം ദുര്‍ബലമായ ഹദീസുകളെ നാം അംഗീകരിക്കേണ്ടിവരുമെന്ന്‌ സത്യസന്ധമായി ചിന്തിക്കുന്ന ഏത്‌ വ്യക്തിക്കും ബോധ്യം വരുന്നതാണ്‌. താഴെ പറയുന്ന ചില വിഷയങ്ങളില്‍ അല്‍ബാനി തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍കൂടി ശ്രദ്ധിക്കുക.


നിന്ന്‌ മൂത്രിക്കല്‍

ഇരുന്ന്‌ മൂത്രിക്കുക എന്നതാണ്‌ സ്വാഭാവികമായ നബിചര്യ. എന്നാല്‍ നബി(സ) നിന്ന്‌ മൂത്രിച്ചതായി സ്ഥിരപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്‌. അതിനാല്‍ തന്നെ നിന്ന്‌ മൂത്രിക്കുക എന്നത്‌ നിഷിദ്ധമായ കാര്യമല്ല. എന്നാല്‍ നബി ഇരുന്നുകൊണ്ടല്ലാതെ മൂത്രിച്ചിട്ടില്ല എന്ന ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ക്കാണ്‌ അല്‍ബാനി പ്രാമുഖ്യം നല്‍കുന്നത്‌.

ആഇശ(റ) പറയുന്നു: ``നിങ്ങളോട്‌ വല്ലവനും നബി(സ) നിന്ന്‌ മൂത്രിച്ചതായി പറഞ്ഞാല്‍ നീ അതിനെ സത്യപ്പെടുത്തരുത്‌. നബി(സ) ഇരുന്നുകൊണ്ടല്ലാതെ മൂത്രിച്ചിട്ടില്ല'' (നസാഈ, തിര്‍മിദി, ഇബ്‌നുമാജ). ഈ ഹദീസ്‌ ദുര്‍ബലമായതാണ്‌. മാത്രമല്ല, നബി(സ) നിന്ന്‌ മൂത്രിച്ചതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ധാരാളം ഹദീസുകള്‍ക്ക്‌ കടകവിരുദ്ധവുമാണ്‌. ഇതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി ഈ ഹദീസ്‌ സ്വഹീഹാക്കിയ ശേഷം അല്‍ബാനി പറയുന്നത്‌ ആഇശ(റ) താന്‍ കണ്ട കാര്യം പ്രസ്‌താവിച്ചതാണെന്നാണ്‌. എന്നാല്‍ തറാവീഹ്‌ നബി(സ) പതിനൊന്നില്‍ വര്‍ധിപ്പിക്കാറില്ലെന്ന്‌ പറയുന്ന ഹദീസിനെ അല്‍ബാനി ഇപ്രകാരം വ്യാഖ്യാനിക്കുന്നില്ല. ആഇശ(റ) കാണാത്തതു കൊണ്ട്‌ പറഞ്ഞതാണെങ്കില്‍ നബി(സ) ഇരുന്നുകൊണ്ട്‌ മാത്രമാണ്‌ മൂത്രിച്ചത്‌ എന്നാണ്‌ പറയുക. നിന്നോട്‌ വല്ലവനും നബി(സ) നിന്നുകൊണ്ട്‌ മൂത്രിച്ച സംഭവം പറഞ്ഞാല്‍ നീ അതിനെ സത്യപ്പെടുത്തരുതെന്ന്‌ ആ മഹതി ഒരിക്കലും പറയുകയില്ല. കാരണം ഇത്‌ ഒരു അഹങ്കാരവും മറ്റേതു സ്വഹാബിമാര്‍ പറയുന്നത്‌ നിങ്ങള്‍ സ്വീകരിക്കരുത്‌, ഞാന്‍ പറയുന്നതു മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന്‌ അവര്‍ പറയുന്നതിന്‌ തുല്യവുമാണ്‌.

ഒരു സ്വഹാബി വനിതയില്‍ നിന്ന്‌ പ്രത്യേകിച്ച്‌ സത്യവിശ്വാസികളുടെ മാതാവ്‌ എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ച ആഇശ(റ)യില്‍ നിന്ന്‌ ഇത്തരം പ്രസ്‌താവന ഉണ്ടാവുകയില്ല. ഹദീസിനെ സാഹസപ്പെട്ടു സ്വഹീഹാക്കേണ്ട യാതൊരു ആവശ്യവും ഇവിടെയില്ല. ദുര്‍ബലപ്പെടുത്തേണ്ടതായ നിര്‍ബന്ധവും ഇല്ല. ബുഖാരി, മുസ്‌ലിം ഏകോപിപ്പിച്ച്‌ ഉദ്ധരിച്ച സ്വഹീഹായ ഹദീസിനെ അല്‍ബാനി ദുര്‍ബലമാക്കിയതും നാം മുമ്പ്‌ വിവരിക്കുകയുണ്ടായി. നബി(സ)ക്ക്‌ സിഹ്‌റ്‌ ഫലിച്ചതായി പറയുന്ന ഹദീസിനെ നാം ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ആ ഹദീസിന്‌ വിശുദ്ധ ഖുര്‍ആനിനും മനുഷ്യന്റെ അനുഭവജ്ഞാനത്തിനും സുവ്യക്തമായ ബുദ്ധിക്കും അദൃശ്യവും അഭൗതികവുമായ നിലക്ക്‌ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ എന്നുള്ള അടിസ്ഥാനതത്വത്തിനും എതിരായതുകൊണ്ടാണ്‌. ജൂത-ക്രിസ്‌ത്യാനികള്‍ മുഹമ്മദ്‌ നബി(സ)യെ വിമര്‍ശിക്കാന്‍ ഈ ഹദീസ്‌ പ്രധാന തെളിവാക്കുന്നു എന്നതും ശ്രദ്ധിക്കുക.

ദൂതന്മാരുടെ എണ്ണം

ആദമിന്റെയും നൂഹിന്റെയും ഇടയില്‍ പത്ത്‌ നൂറ്റാണ്ട്‌ വര്‍ഷമുണ്ട്‌. നബിമാരുടെ എണ്ണം 315 പേരാണ്‌. (അബൂജഅ്‌ഫര്‍ റാസി) ഈ ഹദീസിന്റെ പരമ്പരകളെല്ലാം ദുര്‍ബലമാണ്‌. ഖുര്‍ആനിന്റെ പ്രസ്‌താവനകള്‍ക്കും എതിരാണ്‌. എന്നാല്‍ അല്‍ബാനി ദുര്‍ബല പരമ്പരകള്‍ കൂടുതലായി വന്നാല്‍ ഹദീസ്‌ സ്ഥിരപ്പെട്ടതാകുമെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ സ്ഥിരപ്പെടുത്തുന്നു.

മീകാഈലിന്റെ ചിരി

നരകം സൃഷ്‌ടിച്ചത്‌ മുതല്‍ മീകാഈല്‍ ചിരിച്ചിട്ടില്ല (ഹദീസ്‌ നമ്പര്‍ 2511) തെമ്മാടികളെ ശിക്ഷിക്കാന്‍ വേണ്ടിയും നീതി നടപ്പാക്കാന്‍ വേണ്ടിയും അല്ലാഹു നരകം സൃഷ്‌ടിച്ചത്‌ മീകാഈലിന്‌ ഇഷ്‌ടപ്പെട്ടില്ല എന്നാണ്‌ ഈ വാറോലയില്‍ പറയുന്നത്‌. ഇതിന്റെ പരമ്പര ദുര്‍ബലമാണെന്ന്‌ അല്‍ബാനി പറഞ്ഞ ശേഷം പരമ്പര മുറിഞ്ഞ (മുര്‍സലായ) ഒരു ഹദീസ്‌ കൊണ്ടുവന്ന്‌ ഈ വാറോലക്ക്‌ പിന്‍ബലമുണ്ടെന്നു പറഞ്ഞ്‌ സ്വഹീഹാക്കുന്നു (അഹാദീസുസ്സ്വഹീഹ, 6:43)

മുഹമ്മദ്‌ നബി(സ)യുടെ പരമ്പര

നബി(സ) പറഞ്ഞു: എല്ലാ കുടുംബ ബന്ധങ്ങളും അന്ത്യദിനത്തില്‍ മുറിയും. എന്റെ കുടുംബബന്ധമൊഴികെ (ഹ. നമ്പര്‍ 2036). ഈ ഹദീസിന്റെ പരമ്പരകള്‍ ദുര്‍ബലമാണെന്ന്‌ സമ്മതിച്ച ശേഷം അല്‍ബാനി എഴുതുന്നു: ``ധാരാളം പരമ്പര ഈ ഹദീസിന്‌ ഉള്ളതുകൊണ്ട്‌ തീര്‍ച്ചയായും ഹദീസ്‌ സ്വഹീഹായതാണ്‌'' (5:64). ഖുര്‍ആനിന്റെ ആശയത്തിന്‌ വിരുദ്ധവുമാണ്‌ ഈ ഹദീസ്‌.

നബി(സ)യും പച്ചനിറവും

അനസ്‌(റ) പറയുന്നു: നബി(സ)ക്ക്‌ നിറങ്ങളില്‍ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ പച്ച നിറമായിരുന്നു (ബസ്സാര്‍). ദുര്‍ബലമായ ഹദീസാണിത്‌. നബി(സ)ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നിറം മഞ്ഞയായിരുന്നുവെന്നും ഇബ്‌നുഉമര്‍(റ) മഞ്ഞനിറമുള്ള വസ്‌ത്രമായിരുന്നു അധിക സമയത്തും ധരിച്ചിരുന്നതെന്നും പറയുന്ന, ഇമാം ബുഖാരിയും മുസ്‌ലിമും ഏകോപിപ്പിച്ച്‌ ഉദ്ധരിക്കുന്നത ഹദീസിന്‌ വിരുദ്ധവുമാണിത്‌. എങ്കിലും അല്‍ബാനി ഹദീസിനെ സ്ഥിരപ്പെടുത്തുന്നു. (ഹദീസ്‌ നമ്പര്‍ 2054)

ഗൃഹപ്രവേശവും നമസ്‌കാരവും

നബി(സ) പറഞ്ഞു: നീ നിന്റെ വീട്ടില്‍ നിന്ന്‌ പുറപ്പെടുമ്പോള്‍ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. വീട്ടില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തിലും നീ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കുക (ബസ്സാര്‍). ദുര്‍ബലമായതും സ്വഹീഹായ മറ്റു ഹദീസുകള്‍ക്ക്‌ എതിരായതുമാണിത്‌. പക്ഷെ, അല്‍ബാനി ഇതിനെ സ്വഹീഹാക്കുന്നു. (ഹ. നമ്പര്‍ 1321)

മഹ്‌ദിയുടെ വരവ്‌

മഹ്‌ദിയുടെ വരവിനെക്കുറിച്ച്‌ പറയുന്ന ഹദീസുകള്‍ മനുഷ്യനിര്‍മിതങ്ങളാണ്‌. എന്നാല്‍ അല്‍ബാനി ഈ ഹദീസുകളെ സ്വഹീഹാക്കുന്നു (അഹാദീസുസ്സ്വഹീഹ, 1529)

പശുവിന്റെ ഇറച്ചി

നബി(സ) പറഞ്ഞു: പശുവിന്റെ ഇറച്ചി രോഗമാണ്‌ (ബഗ്‌വി). വിശുദ്ധ ഖുര്‍ആനിനും മനുഷ്യന്റെ അനുഭവ ജ്ഞാനത്തിനും എതിരായ ഈ വാറോലയെ അല്‍ബാനി സ്വഹീഹാക്കുന്നു. (അഹാദീസുസ്സ്വഹീഹ, 1523)

ഇബ്‌ലീസും സൃഷ്‌ടിപ്പും

നബി(സ) പറഞ്ഞു: മനുഷ്യന്‍ അല്ലാഹുവിന്‌ ധിക്കാരം പ്രവര്‍ത്തിക്കരുതെന്ന ഉദ്ദേശ്യം അല്ലാഹുവിനുണ്ടായിരുന്നുവെങ്കില്‍ ഇബ്‌ലീസിനെ അല്ലാഹു സൃഷ്‌ടിക്കുമായിരുന്നില്ല (ബൈഹഖി). വിശുദ്ധ ഖുര്‍ആനിന്‌ കടകവിരുദ്ധവും അല്ലാഹുവിന്റെ പരിശുദ്ധിക്ക്‌ എതിരുമായ ഒരു വാറോലയാണിത്‌. ഇബ്‌ലീസ്‌ തെറ്റുചെയ്യുന്നത്‌ ഏത്‌ ഇബ്‌ലീസിനാലാണെന്ന്‌ ഇവര്‍ ആലോചിച്ചിട്ടുണ്ടോ? മനുഷ്യരെയും ഇബ്‌ലീസ്‌ ഉള്‍പ്പെടെയുള്ള സൃഷ്‌ടികളെയും അല്ലാഹു സൃഷ്‌ടിച്ചത്‌ അവന്‌ ഇബാദത്ത്‌ എടുക്കാനാണ്‌. മനുഷ്യനും ജിന്ന്‌ വര്‍ഗത്തിനും നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഇതുകൊണ്ടാണ്‌ രണ്ട്‌ വിഭാഗവും അല്ലാഹുവിനെ ധിക്കരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്‌. മനുഷ്യനെ തിന്മ ചെയ്യിപ്പിക്കുന്നത്‌ ദേഹേച്ഛയാണ്‌. ദേഹേച്ഛ ഇല്ലാത്തവനെ കൊണ്ട്‌ യാതൊരു തെറ്റും ചെയ്യിപ്പിക്കാന്‍ ഇബ്‌ലീസിന്‌ സാധ്യമല്ല. വികാരമില്ലാത്ത ഒരു മനുഷ്യനെക്കൊണ്ട്‌ വ്യഭിചരിപ്പിക്കുവാന്‍ ഇബ്‌ലീസിന്‌ സാധ്യവുമല്ല. ഇബ്‌ലീസിനെ സൃഷ്‌ടിക്കാതിരുന്നുവെങ്കില്‍ മനുഷ്യന്‍ ചെയ്യുന്ന തിന്മയില്‍ അല്‌പം കുറവുണ്ടാകും. ഇപ്പോള്‍ രംഗത്തുവന്ന `ജിന്ന്‌ മുജാഹിദുകള്‍' ഇല്ലായിരുന്നുവെങ്കില്‍ കുറേക്കൂടി മനുഷ്യര്‍ തെറ്റില്‍ നിന്ന്‌ മുക്തരാകുമായിരുന്നു.

ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ വിവരിച്ചശേഷം അല്‍ബാനി എഴുതുന്നു. ചുരുക്കത്തില്‍ ഈ പരമ്പരയെല്ലാം ഒത്തുകൂടുമ്പോള്‍ ഹദീസ്‌ സ്ഥിരപ്പെടുന്നു (അഹാദീസുസ്സ്വഹീഹ, നമ്പര്‍ 1642, വാള്യം 4, പേജ്‌ 197)

ഹസനും ഹുസൈനും

നബി(സ) അരുളി: ഹസന്‍ എന്നില്‍ നിന്നും ഹുസൈന്‍ അലിയില്‍ നിന്നും ഉള്ളവനാണ്‌ (കിതാബുകള്‍) ബഖിയ്യത്ത്‌ എന്ന ഒരു മഹാ നുണയനാണ്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇതിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്നു അല്‍ബാനി വ്യക്തമാക്കിയ ശേഷം എഴുതുന്നു. ഈ ഹദീസിന്റെ പരമ്പരയെല്ലാം ഒരുമിച്ചുകൂട്ടിയാല്‍ യാതൊരു സംശയവുമില്ലാതെ ഹദീസ്‌ സ്വഹീഹാകുന്നതാണ്‌ (ഹ. നമ്പര്‍ 811)

നിന്ന്‌ കുരക്കല്‍

നിന്നുകൊണ്ട്‌ കുരക്കുന്നതിനെ വിരോധിക്കപ്പെട്ടിരിക്കുന്നു. (ഇബ്‌നുമാജ) ഇസ്‌ലാമിനെ അപ്രായോഗികമാക്കുന്ന ഒരു വാറോലയാണിത്‌. ഇതിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ വിവരിച്ചശേഷം അല്‍ബാനി എഴുതുന്നു. ചുരുക്കത്തില്‍ ഈ പരമ്പരയെല്ലാം ഒരുമിച്ചുകൂടുമ്പോള്‍ ഹദീസ്‌ യാതൊരു സംശയവുമില്ലാതെ സ്വഹീഹാകുന്നു. (ഹ.നമ്പര്‍ 719)

മുഹമ്മദ്‌ നബിയും നുബ്ബവ്വത്തും

ആദം ആത്മാവിന്റെയും ശരീരത്തിന്റെയും ഇടയിലായിരിക്കുമ്പോള്‍ തന്നെ ഞാന്‍ നബിയായിരുന്നു (അഹ്‌മദ്‌). ഇതിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ വിവരിച്ച ശേഷം ഹദീസിനെ അല്‍ബാനി സ്വഹീഹാകുന്നു (അഹാദീസുസ്സ്വഹീഹ, 1856)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews