ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും

എ അബ്‌ദുസ്സലാം സുല്ലമി

ശൈഖ്‌ അല്‍ബാനിയുടെ അഹാദീസു സ്വഹീഹാ എന്ന ആറ്‌ വാള്യങ്ങളുള്ള ഗ്രന്ഥം ഞാന്‍ വായിക്കുകയുണ്ടായി. ഞാന്‍ വായിച്ച ഗ്രന്ഥത്തിലെ അവസാനത്തെ ഹദീസിന്റെ നമ്പര്‍ 2800 ആണ്‌. ഇത്‌ സൂക്ഷ്‌മമായി വായിച്ചപ്പോള്‍ എനിക്ക്‌ ബോധ്യമായ കാര്യം അല്‍ബാനി ഒരു ഹദീസ്‌ സ്വഹീഹാണെന്ന്‌ പറയുന്നതുകൊണ്ടു മാത്രം അത്‌ സ്വഹീഹായിക്കൊള്ളണമെന്നില്ല എന്നാണ്‌. അതിനുള്ള കാരണം അദ്ദേഹം അടിസ്ഥാനമാക്കിയിട്ടുള്ളത്‌ പൊതു അംഗീകാരമില്ലാത്തതും ഇസ്‌ലാഹീ പ്രസ്ഥാനം സൂക്ഷ്‌മമായ അപഗ്രഥനത്തിനു ശേഷം തള്ളിക്കളഞ്ഞതുമായ ചില തത്വങ്ങളെയാണ്‌. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം തന്റെ പല ഗ്രന്ഥങ്ങളിലും ചില ഹദീസുകളെ സ്വഹീഹും ദ്വഈഫുമായി വേര്‍തിരിക്കുന്നത്‌. അവ വിവരിക്കാം:


1). ദുര്‍ബലമായ ഹദീസുകള്‍ ധാരാളം നിവേദനം ചെയ്യപ്പെട്ടാല്‍ അത്‌ സ്വഹീഹാകും എന്നതാണ്‌ അല്‍ബാനിയുടെ ഒരു തത്വം. ഇത്‌ കേരളത്തിലെ സമസ്‌തക്കാര്‍ പ്രത്യേകിച്ച്‌ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ വാദപ്രതിവാദ സ്റ്റേജിലും മറ്റും ഉദ്ധരിച്ചിരുന്ന തത്വമാണ്‌. കുറെ നായകളുടെ കാഷ്‌ടം കൂടിയാല്‍ അതു കസ്‌തൂരിയാകുമോ? കയിലിന്റെ പിടി മുളകൊണ്ട്‌ നിര്‍മിച്ചതാണെങ്കിലും ധാരാളം കയിലുകളുടെ പിടി കൂടിയാല്‍ മുളയുടെ ബലമുണ്ടാകുമോ? എന്നെല്ലാം ചോദിച്ചുകൊണ്ട്‌ നാം അതിനെ തള്ളിക്കളഞ്ഞതാണ്‌. തറാവീഹ്‌ നമസ്‌കാരത്തിന്റെ വിഷയം ചര്‍ച്ച ചെയ്യുമ്പോഴും തവസ്സുലിന്റെ വിഷയം ചര്‍ച്ച ചെയ്യുമ്പോഴും മറ്റും.

2). ഒരു ഹദീസ്‌ ദുര്‍ബലമായി വന്നാല്‍ ആ ഹദീസില്‍ പറഞ്ഞ സംഗതി നബിയെ കാണുകയോ നബിയുടെ കാലത്ത്‌ ജനിക്കുകയോ ചെയ്‌തിട്ടില്ലാത്ത പണ്ഡിതന്മാര്‍ (താബിഉകള്‍) നബിയിലേക്കു ചേര്‍ത്തിപ്പറഞ്ഞ ദുര്‍ബല ഹദീസിന്റെ ഇനത്തില്‍ പെട്ട മുര്‍സലായ ഹദീസ്‌ കൊണ്ടു വന്ന്‌ പിന്‍ബലം ഉണ്ടെന്ന്‌ ജല്‌പിച്ച്‌ ആ ദുര്‍ബല ഹദീസിനെ സ്വഹീഹാക്കുക എന്നതാണ്‌ മറ്റൊരു തത്വം. ഇത്‌ മുജാഹിദുകള്‍ തള്ളിക്കളഞ്ഞ തത്വമാണ്‌.

3). ഒരു ദുര്‍ബല ഹദീസില്‍ വന്ന സംഗതി ഇടയില്‍ പരമ്പര മുറിഞ്ഞ ദുര്‍ബലമായ ഹദീസില്‍ വന്നാല്‍ അതിനെ സാക്ഷിയാക്കി ഹദീസിനെ സ്വഹീഹാക്കുക. ഇതും മുജാഹിദുകള്‍ തള്ളിയതാണ്‌.

4). ഒരു ദുര്‍ബലമായ ഹദീസില്‍ പറഞ്ഞ സംഗതി ഒരു സ്വഹാബിയുടെ അഭിപ്രായമായി സ്ഥിരപ്പെട്ടാല്‍ (മൗഖൂഫ്‌) ആ ഹദീസിനെ സ്വഹീഹാക്കുക.

ഈ നാല്‌ രീതിയും ശരിയാണെന്ന്‌ നാം അംഗീകരിക്കുകയാണെങ്കില്‍ മുജാഹിദ്‌ പ്രസ്ഥാനം പിരിച്ചുവിട്ട്‌ നാം യാഥാസ്ഥിതികരുടെ കൂടെ കൂടേണ്ടിവരും. നാം പറയുന്ന ശിര്‍ക്കിനും ബിദ്‌അത്തുകള്‍ക്കും ഹദീസിന്റെ പിന്‍ബലമുണ്ടെന്ന്‌ ഖുബൂരികള്‍ക്കു സ്ഥാപിക്കാന്‍ സാധിക്കും. അല്‍ബാനിയുടെ ഈ അടിസ്ഥാന തത്വങ്ങള്‍ തെളിവാക്കി അദ്ദേഹം സ്വഹീഹാക്കിയ ചില ഹദീസുകള്‍ താഴെ ഉദ്ധരിക്കുന്നു:

എ). സ്‌ത്രീകളുടെ ജുമുഅ: ജമാഅത്ത്‌

സ്‌ത്രീകള്‍ക്ക്‌ വീടാണ്‌ ഉത്തമം. വീട്ടിലെ ഏറ്റവും ഇരുട്ടുള്ള അറയാണ്‌ ഉത്തമം എന്നെല്ലാം പറയുന്ന ദുര്‍ബല ഹദീസുകള്‍ അല്‍ബാനി ധാരാളം ഗ്രന്ഥങ്ങളില്‍ സ്വഹീഹാക്കുന്നു (ഉദാ: അഹാദീസു സ്വഹീഹ 1396). സത്രീകള്‍ വീട്ടില്‍ വെച്ച്‌ നമസ്‌കരിക്കലല്ല ഉത്തമം. പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കലാണ്‌ ഉത്തമം. പള്ളിയിലേക്കുള്ള ഓരോ കാല്‍പാദത്തിനും സ്‌ത്രീകള്‍ക്ക്‌ പ്രതിഫലം ഉണ്ടെന്ന്‌ പറയുന്ന ധാരാളം സ്വഹീഹായ ഹദീസുകളെ അവഗണിച്ചുകൊണ്ടാണ്‌ ഇദ്ദേഹം ഈ ദുര്‍ബല ഹദീസുകളെ സ്വഹീഹാക്കുന്നത്‌. നാല്‌ ദിവസം കോഴിക്കോട്‌ കുറ്റിച്ചിറയില്‍ വെച്ച്‌ നാം ഈ വിഷയം യാഥാസ്ഥിതികരുമായി വാദ പ്രതിവാദം നടത്തി. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ പുണ്യം ലഭിക്കുന്ന കാര്യം നഷ്‌ടപ്പെടുത്തി പള്ളിയില്‍ അവരെ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നുവോ ഈ വാദപ്രതിവാദം? മുജാഹിദ്‌ പള്ളികളില്‍ സ്‌ത്രീകള്‍ക്ക്‌ സൗകര്യം ചെയ്‌തത്‌ പ്രതിഫലം കുറഞ്ഞ കാര്യത്തിനു വേണ്ടിയായിരുന്നോ? അങ്ങനെയെങ്കില്‍ ഇത്‌ ഇസ്‌റാഫ്‌ ആകില്ലേ? നാം ശിക്ഷിക്കപ്പെടുകയും ചെയ്യും.

പ്രതിഫലം കുറഞ്ഞ കാര്യത്തിന്‌ സ്‌ത്രീകള്‍ പള്ളിയിലേക്ക്‌ പോകുമെന്ന്‌ പറഞ്ഞത്‌ തടയുമെന്ന്‌ പറഞ്ഞതുകൊണ്ടാണോ ഇബ്‌നുഉമര്‍(റ) മകന്റെ നെഞ്ചില്‍ അടിച്ചത്‌? പ്രതിഫലം കുറഞ്ഞ കാര്യത്തിനു വേണ്ടിയായിരുന്നോ മുഹാജിരി-അന്‍സാരി- സ്‌ത്രീകള്‍ ഇരുട്ടിലും കരയുന്ന കുട്ടികളെയുമായി പള്ളികളിലേക്കു പുറപ്പെട്ടത്‌? ഈ സ്വഹാബീ വനിതകളെക്കാള്‍ ഉത്തമമായതിലേക്ക്‌ മുന്നിടുന്നത്‌ യാഥാസ്ഥിതിക സ്‌ത്രീകളാണോ?

ഒരാള്‍ പ്രതിഫലം കുറഞ്ഞതിലേക്കു കൂലി കുറഞ്ഞതും ഉത്തമമായതും ഉപേക്ഷിച്ച്‌ പുറപ്പെടുകയാണെങ്കില്‍ അവരെ തടയുന്നത്‌ എങ്ങനെയാണ്‌ തെറ്റാവുക? തടയുന്നവരും തടയാത്തവരും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ ആരാണ്‌ സ്‌ത്രീകള്‍ക്ക്‌ ഗുണം കാംക്ഷിക്കുന്നത്‌? അല്‍ബാനിയെ അന്ധമായി തഖ്‌ലീദ്‌ ചെയ്യുന്നവര്‍ വ്യക്തമാക്കണം.

സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ നിന്ന്‌ ലഭിക്കുന്ന പുണ്യത്തിന്റെ ഓഹരികള്‍ നിങ്ങള്‍ തടയരുത്‌ (മുസ്‌ലിം). എന്നു നബി(സ) പറഞ്ഞത്‌ എന്തിനെ സംബന്ധിച്ചാണ്‌? പള്ളിയില്‍ വെച്ച്‌ നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യം വീട്ടില്‍വെച്ച്‌ നമസ്‌കരിച്ചാല്‍ സ്‌ത്രീകള്‍ക്ക്‌ ലഭിക്കുമെങ്കില്‍ തടയരുത്‌ എന്ന്‌ നബി(സ) പറയുമോ? പുണ്യത്തിന്റെ ഓഹരികള്‍ എന്നത്‌ എങ്ങനെയാണ്‌ നമസ്‌കാരമാവുക? സ്വഹാബി വനിതകള്‍ പള്ളിയില്‍ ഇഅ്‌തികാഫ്‌ ഇരുന്ന സന്ദര്‍ഭത്തില്‍ ഉത്തരം ലഭിക്കാന്‍ വേണ്ടി വീട്ടിലേക്ക്‌ നമസ്‌കരിക്കാന്‍ പോയിരുന്നുവോ? മതം ഗുണംകാംക്ഷയാണെന്ന്‌ പറഞ്ഞ പ്രവാചകന്‍ സ്‌ത്രീകള്‍ക്കു ഗുണംകാംക്ഷിക്കാതെ സ്‌ത്രീകള്‍ക്കുവേണ്ടി പള്ളിയില്‍ പ്രത്യേകം വാതില്‍ തന്നെ നിര്‍മിക്കുകയായിരുന്നുവോ? ഇരുട്ടില്‍ പോലും ചെറിയ കുട്ടികളുമായി പള്ളിയില്‍ വരാന്‍ അനുവദിക്കുകയായിരുന്നുവോ? മുഹമ്മദ്‌ നബി(സ)യെക്കുറിച്ച്‌ ഒരു മുസ്‌ലിമിനു ഇപ്രകാരം പറയാന്‍ സാധിക്കുമോ?

ബി). ബറാഅത്ത്‌ രാവ്‌

ബറാഅത്ത്‌ രാവിലെ ശ്രേഷ്‌ഠത പറയുന്ന സര്‍വ ഹദീസുകളും നിര്‍മിതവും ദുര്‍ബലവുമാണ്‌. എന്നാല്‍ അല്‍ബാനി എഴുതുന്നത്‌ കാണുക: ``ഈ ദുര്‍ബല ഹദീസുകള്‍ പരസ്‌പരം ശക്തിപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ (ദുര്‍ബലമായ) പരമ്പരകള്‍ എല്ലാം കൂടുമ്പോള്‍ ഹദീസ്‌ സ്വഹീഹാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല.'' (അഹാദീസുസ്സ്വഹീഹ, വാള്യം 3, പേജ്‌ 138)

അല്‍മനാര്‍ മാസികയില്‍ ഓരോ വര്‍ഷവും ശഅ്‌ബാന്‍ മാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളില്‍ ഇത്‌ നിര്‍മിത റിപ്പോര്‍ട്ടുകളാണെന്ന്‌ എഴുതിയത്‌ കാണാം. നാം ഇതിനെ വിശേഷിപ്പിച്ചിരുന്നത്‌ `വരാത്ത രാവ്‌' എന്നായിരുന്നു. അല്‍ബാനി ഭക്തര്‍ അംഗീകരിക്കില്ലെങ്കിലും. ഇബ്‌നുബാസ്‌(റ) പോലും ഈ വിഷയത്തില്‍ അല്‍ബാനിയെ വിമര്‍ശിച്ചതു കാണാം. ആരാണ്‌ ഇവിടെയെല്ലാം ഹദീസ്‌ നിഷേധികള്‍.

ബറാഅത്തിന്റെ ഹദീസുകള്‍ എല്ലാം ദുര്‍ബലമാണെന്ന്‌ സമ്മതിച്ച ശേഷമാണ്‌ അല്‍ബാനി ധാരാളം പരമ്പര (ത്വുര്‍ഖ്‌) വന്നതിനാല്‍ ഇത്‌ സ്വഹീഹാണെന്ന്‌ പറയുന്നത്‌.

സി). തസ്‌ബീഹ്‌ നമസ്‌കാരം

ബിദ്‌അത്ത്‌ നമസ്‌കാരങ്ങളുടെ ഇനത്തില്‍ പെട്ടതാണിത്‌. ഈ വിഷയത്തില്‍ ഉദ്ധരിച്ച ഹദീസുകള്‍ ദുര്‍ബലമായതും വൈരുധ്യം നിറഞ്ഞതുമാണ്‌. ഇതുകൊണ്ടാണ്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഈ നമസ്‌കാരം ജനങ്ങളെ പഠിപ്പിക്കാതിരുന്നത്‌. എന്നാല്‍ അല്‍ബാനി തന്റെ അടിസ്ഥാന തത്വങ്ങളെ ആസ്‌പദമാക്കി ഈ നമസ്‌കാരത്തില്‍ വന്ന ഹദീസുകളെ മുഴുവന്‍ സ്ഥിരപ്പെടുത്തുന്നു. മൂന്ന്‌ ഹദീസുകളെ ഇദ്ദേഹം സ്വഹീഹാക്കുന്നു (തിര്‍മിദി വ്യാഖ്യാനക്കുറിപ്പ്‌). കെ എന്‍ എം പ്രസിദ്ധീകരിച്ച മുസ്‌ലിംകളിലെ അനാചാരങ്ങള്‍ ഒരു സമഗ്ര വിശകലനം എന്ന എന്റെ പുസ്‌തകത്തില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

ഡി). ഇഅ്‌തികാഫ്‌ മൂന്ന്‌ പള്ളികളില്‍ മാത്രമോ?

മൂന്ന്‌ പള്ളികളില്‍ മാത്രമേ (മസ്‌ജിദുല്‍ ഹറാം, മസ്‌ജിദുല്‍ നവവി, മസ്‌ജിദുല്‍ അഖ്‌സ്വാ) ഇഅ്‌തികാഫ്‌ ഉള്ളൂ എന്ന്‌ പറയുന്ന ഖുര്‍ആന്‍ വിരുദ്ധമായ ദുര്‍ബല ഹദീസ്‌ ഉദ്ധരിക്കപ്പെടുന്നു. ഇമാം ശൗക്കാനി (റ) ഇതിന്റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ അല്‍ബാനി ഈ ഹദീസ്‌ സ്വഹീഹാക്കുകയും മൂന്ന്‌ പള്ളികളില്‍ മാത്രമേ ഇഅ്‌തികാഫ്‌ ഉള്ളൂ എന്നും സമര്‍ഥിക്കുന്നു. (അഹാദീസുസ്സ്വഹീഹ, വാള്യം 6, പേജ്‌ 670).

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യയുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്‌ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്‌ത്രമകുന്നു. നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന്‌ അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ മേല്‍ നിയമം ലഘൂകരിച്ചിരിക്കുന്നു. പൊറുക്കുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍ ഇതിന്മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചത്‌ തേടുകയും ചെയ്‌തുകൊള്ളുവിന്‍, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തുകൊള്ളുക. പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ തെളിഞ്ഞു കാണുമാറാകുന്നതു വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്‌ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്‌തികാഫ്‌ ഇരിക്കുമ്പോള്‍ അവരുമായി സഹവസിക്കരുത്‌.'' (അല്‍ബഖറ 187)

അല്ലാഹു ഇവിടെ മൂന്നു പള്ളികളില്‍ പോയി ഇഅ്‌തികാഫ്‌ ഇരിക്കുന്നവര്‍ക്കുള്ള നിയമമല്ല പറയുന്നത്‌. പ്രത്യുത നോമ്പനുഷ്‌ഠിക്കുന്ന സര്‍വ മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിയമമാണ്‌. ഏത്‌ പള്ളിയിലും ഇഅ്‌തികാഫ്‌ പുണ്യമാണെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌. ജമാഅത്ത്‌ നടക്കുന്ന സര്‍വ പള്ളികളിലും ഇഅ്‌തികാഫ്‌ ഇരിക്കാമെന്ന്‌ ആഇശ(റ)യില്‍ നിന്നുള്ള ഹദീസില്‍ പറയുന്നു. മസ്‌ജിദുല്‍ ഖുബാ മുതലുള്ള പള്ളികളിലെല്ലാം കാല വ്യത്യാസവും രാഷ്‌ട്ര വ്യത്യാസവുമില്ലാതെ ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ അന്നും ഇന്നും ഏകാഭിപ്രായം (ഇജ്‌മാഅ്‌) എന്ന നിലക്ക്‌ ഇഅ്‌തികാഫ്‌ ഇരുന്നുവരുന്നു.

ഖുര്‍ആനിനും സ്വഹീഹായ ഹദീസുകള്‍ക്കും ഇജ്‌മാഇനും എതിരായ നിര്‍മിതമായ ഹദീസിനെയാണ്‌ അല്‍ബാനി സ്വഹീഹാക്കുന്നത്‌. ഖുര്‍ആനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കെ കെ സകരിയ്യ ഈ അഭിപ്രായം മുജാഹിദുകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ രഹസ്യമായി ലഘുലേഖ വിതരണം ചെയ്യുകയും പ്രസംഗിക്കുകയുമുണ്ടായി. എന്നാല്‍ സ്വന്തം അനുയായികള്‍ പോലും അനുകൂലിക്കാത്തതിനാല്‍ ഞാന്‍ ഒന്നുമിറിഞ്ഞിട്ടില്ലെന്ന്‌ അഭിനയിക്കുകയാണ്‌ ചെയ്‌തത്‌. ദുര്‍ബലമായ ചില റിപ്പോര്‍ട്ടുകള്‍ സ്വഹീഹാക്കുകയും ഖുര്‍ആനില്‍ വരെ തത്വം സ്ഥിരപ്പെട്ട ചില ഹദീസുകള്‍ അല്‍ബാനി ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇതിനെ അന്ധമായി പിന്‍തുടരുക എന്നതാണ്‌ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനം. ഇതിനെതിരില്‍ പണ്ഡിതന്മാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews