ശൈഖ്‌ അല്‍ബാനി വിമര്‍ശനാതീതനോ?

മുജീബുര്‍റഹ്‌മാന്‍ എടവണ്ണ 

മുസ്‌ലിം സമുദായത്തില്‍ നവോത്ഥാനത്തിന്റെ ദശ അവസാനിച്ചിട്ടില്ലെന്ന മണിമുഴക്കമാണ്‌ മുജാഹിദ്‌ പ്രസ്ഥാന പിളര്‍പ്പിന്റെ ഒരു പതിറ്റാണ്ട്‌ ഓര്‍മപ്പെടുത്തുന്ന പ്രധാന കാര്യം. അറബി അക്ഷര ലഹരിയും അനുകരണവും അന്ധവിശ്വാസവും സമാസമം സമന്വയിപ്പിച്ചവര്‍ പ്രസ്ഥാനത്തിന്റെ അരികുപറ്റി കഴിഞ്ഞിരുന്നുവെന്നു സംഘടനാ പിളര്‍പ്പ്‌ അടിക്കടി ബോധ്യപ്പെടുത്തുന്നു.

അന്ധവിശ്വാസത്തെയും അന്ധമായ അനുകരണത്വരയെയും എക്കാലവും എതിര്‍ത്ത പണ്ഡിതരെയും പ്രസ്ഥാന പ്രസിദ്ധീകരണങ്ങളെയും ചെറുതാക്കി കാണിക്കുകയാണ്‌ സംഘടനാ രഹിത ജീവിതം രക്തത്തില്‍ കുത്തിവയ്‌ക്കാന്‍ ശ്രമിക്കുന്നവരുടെ മുഖ്യ അജണ്ട. ശബാബിന്റെ ഓരോ ലക്കവും പുറത്തിറങ്ങുമ്പോള്‍ അടങ്ങാനാവാത്ത അധമവികാരങ്ങളുടെ തിരകള്‍ ഇ-മെയിലുകളായാണ്‌ വരുന്നത്‌. താളുകളിലും വായുവിലും വമിപ്പിക്കുന്ന വൈരുധ്യവാദങ്ങള്‍ തന്നെയാണ്‌ മെയിലുകളിലും അടങ്ങിയിരിക്കുന്നത്‌. അത്തരത്തിലൊന്നാണ്‌ ഈ പ്രതികരണത്തിനു പ്രേരകം.

അബ്‌ദുസ്സലാം സുല്ലമിയുടെ ശബാബിലെ നെല്ലുംപതിരുമെന്ന പംക്തി സകല യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചിട്ടുണ്ട്‌. ചില പണ്ഡിതരുടെ പരികല്‍പനകളും ഭാഷാപ്രയോഗങ്ങളും പ്രമാണത്തെക്കാള്‍ പ്രണയിക്കുന്നവരുടെ മസ്‌തകത്തില്‍ പ്രഹരിക്കുന്നതാണ്‌ പ്രസ്‌തുത ലേഖന പരമ്പര. ജനം പ്രമാണമായി കരുതുന്നവയിലെ പതിരെടുത്തു കളയുന്ന പരമ്പരയില്‍ വിയോജിക്കുന്നവര്‍ക്ക്‌ അസംതൃപ്‌തി തോന്നുക സ്വാഭാവികം. ബുഖാരി, മുസ്‌ലിം ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ന്യൂനതകളുള്ള ഹദീസുകളുണ്ടെന്ന്‌ അബ്‌ദുസ്സലാം സുല്ലമിക്ക്‌ മുമ്പ്‌ ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി അര്‍ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ടെന്നു വെട്ടിത്തുറന്നെഴുതിയതാണ്‌ ചില `വനവാസി'കളുടെ ഉറക്കം കെടുത്തിയത്‌. മതത്തിലെ അടിസ്ഥാന തത്വങ്ങളെ അഗണ്യകോടിയില്‍ തള്ളി സ്വയം പ്രഖ്യാപിത സുന്നത്തുവാഹകരായി രംഗത്തുവരുന്ന ഇവര്‍, വിമര്‍ശനത്തിന്റെ സീമകള്‍ ലംഘിച്ചാണ്‌ അക്ഷരങ്ങളില്‍ വിഷം പുരട്ടി മെയിലായി തള്ളുന്നത്‌.


പണ്ഡിതരുടെ താരതമ്യം

`ഠ' വട്ടത്തിലുള്ള കേരളക്കാരുടെ മതമല്ല ഇസ്‌ലാം എന്ന വലിയ കണ്ടുപിടുത്തമാണ്‌ കുറിപ്പുകാരന്റെ പ്രഥമപരിഭവം. മലയളികളെ മൊത്തത്തില്‍ ഇകഴ്‌ത്തുന്നതിനു മുമ്പ്‌ ഇവരുടെ സ്‌മൃതിപഥങ്ങളിലേക്ക്‌ ചില അരോചകകാര്യങ്ങള്‍ ഓര്‍മിപ്പിക്കേണ്ടതുണ്ട്‌. കേരളത്തിലെ അറബിക്കോളെജുകളില്‍ പഠിച്ചിരുന്നവര്‍ക്ക്‌ ബഹുമാന്യ പണ്ഡിതന്‍ കെ പി മുഹമ്മദ്‌ മൗലവിയുടെ കാലത്ത്‌ ഗള്‍ഫില്‍ പോകാന്‍ അവസരം നല്‍കിയിരുന്നു. പാസ്‌പോര്‍ട്ട്‌ ഉണ്ടാവുക എന്ന യാത്രായോഗ്യത മാത്രം പരിഗണിച്ചാണ്‌ ചിലരെ ഗള്‍ഫിലേക്കയച്ചത്‌.

കുവൈത്ത്‌ കേന്ദ്രമാക്കി പഠിച്ചിരുന്ന ഇവര്‍ക്ക്‌ പഠനത്തോടൊപ്പം ഭക്ഷണത്തിനുള്ള അലവന്‍സും അനുവദിച്ചിരുന്നു. സംഘടനയുടെയും വ്യക്തികളുടെയും മഹാമനസ്‌കതയില്‍ വിദ്യയും ദീനാറും വാങ്ങി കാര്യങ്ങള്‍ മുട്ടില്ലാതെ മുന്നോട്ടു പോയതോടെ ഇവര്‍ക്ക്‌ അങ്ങോട്ടയച്ച പണ്ഡിതരും സംഘാടകരും വലുപ്പം പോരാ എന്നു തോന്നി. അഹങ്കാരം അറബ്‌ അക്ഷരങ്ങളോടൊപ്പം `പാസ്‌പോര്‍ട്ട്‌ പണ്ഡിതരുടെ' മനോമുകുരങ്ങളെ കീഴടക്കി. ഈ കൂട്ടത്തില്‍ നിന്ന്‌ ഭിന്നമായി ഭക്തിയും വിനയവും കാത്തുസൂക്ഷിച്ചു സേവനനിരതരായ സുഹൃത്തുക്കളെ വിസ്‌മരിക്കുന്നില്ല. അഹങ്കാരത്തിലും അഹംബന്ധിത അഭ്യുന്നത ബോധത്തിലും എരിപൊരികൊള്ളുന്നവന്റെ അവകാശവാദമാണ്‌ കേരളക്കാരുടെ മതമല്ലെന്ന പ്രയോഗം. താന്‍ കേരളത്തില്‍ ജനിക്കേണ്ടവനല്ലെന്ന വൃഥാമോഹവും വാചകങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്നു.

കേരളത്തിലെ പണ്ഡിതന്മാര്‍ അഖീദ അറിയാത്തവരാണെന്ന വ്യാപക പ്രചരണത്തിന്റെ പിന്നിലും ഇവരാണ്‌. കേരള പണ്ഡിതരെ അരിക്കാക്കി ആളുകളെ അകത്തേക്കും അത്തിക്കാട്ടേക്കും ആക്കാനുള്ള വിദ്യയുടെ ഭാഗമാണിത്‌. ആഗോള വിവരം വിളമ്പുന്നവരാണെന്ന്‌ ബോധ്യപ്പെടുത്താന്‍ അറബി പദങ്ങള്‍ മന്ത്രംപോലെ ഉരുവിടും. എതിര്‍വാദമില്ലാത്ത കാര്യങ്ങള്‍ എഴുന്നള്ളിച്ചു വെടിവെച്ചു വേട്ടക്കാരാവുന്ന ഇവര്‍ക്ക്‌ അര്‍ഥശൂന്യ വിവാദങ്ങളിലൂടെയാണ്‌ വിജ്ഞാന വ്യുല്‍പത്തി പ്രകടിപ്പിക്കുക.

അബ്‌ദുസ്സലാം സുല്ലമിയെ ഹദീസ്‌ നിഷേധിയാക്കുന്നവര്‍ ശൈഖ്‌ അല്‍ബാനിയുടെ അഭിപ്രായങ്ങള്‍ എന്തുകൊണ്ട്‌ മുഖവിലക്കെടുക്കുന്നില്ലെന്ന പ്രസക്ത ചോദ്യത്തിനു ഉത്തരം പറയാനാകാതെ സൈബര്‍ സൈറ്റുകളിലൂടെ വ്യക്തിഹത്യ നടത്തുന്നത്‌ ഭീരുത്വമാണ്‌. ആഗോള പണ്ഡിതരാണെങ്കില്‍ അദ്ദേഹം ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയണം. ശബാബ്‌ ശൈഖ്‌ അല്‍ബാനിയോടുള്ള ആദരവ്‌ നിലനിര്‍ത്തിക്കൊണ്ടാണ്‌ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എഴുതിയതും അത്‌ മലയാളികള്‍ സ്വീകരിച്ചതും. ഒരു തെരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ഥികളാണെന്ന കണക്കെയാണ്‌ കുറിപ്പുകാരന്‍ അബ്‌ദുസ്സലാം സുല്ലമിയെയും ശൈഖ്‌ അല്‍ബാനിയെയും താരതമ്യം ചെയ്യുന്നത്‌.

കേരളത്തിലെ അറിയപ്പെട്ട ഹദീസ്‌ പണ്ഡിതനാണ്‌ അബ്‌ദുസ്സലാം സുല്ലമി എന്നത്‌ എതിരാളികള്‍ പോലും അംഗീകരിക്കും. പണത്തിനും പ്രതാപത്തിന്റെയും പിന്നില്‍ പോകാത്ത നിസ്സ്വാര്‍ഥ സേവകന്‍. അത്‌ മോഹിച്ചിരുന്നെങ്കില്‍ മറുഗ്രൂപ്പിലേക്കുള്ള ആദ്യക്ഷണക്കത്തു ലഭിച്ച പാടെ അദ്ദേഹം ലറ്റര്‍ഹെഡും സീലും ശേഷിക്കുന്ന ആസ്ഥാനത്തിലേക്ക്‌ ബസ്‌ കയറുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗ കുറിപ്പുകള്‍ മനപ്പാഠമാക്കി ഖണ്ഡന പ്രസംഗം നടത്തിയവരും മിമ്പറില്‍ പ്രസംഗിച്ചു മൗലവിപട്ടം നേടിയവരും ഒട്ടനവധിയുണ്ട്‌. തീവ്ര നവയാഥാസ്ഥിതികരുടെ പ്രഭാഷണ ഡോക്‌ടര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒതായി മഹല്ല്‌ മുസ്‌ല്യാരായി വാണിരുന്നത്‌ കുറിപ്പുകാരന്‍ പറഞ്ഞ `ഒന്നിനും കൊള്ളാത്ത' സലാം സുല്ലമിയുടെ പ്രസംഗ ചീട്ടുകളും പുസ്‌തകങ്ങളും പെറുക്കിയും ചികഞ്ഞുമാണ്‌. ആശയത്തില്‍ ഒരേ തൂവല്‍ പക്ഷികളാണെങ്കിലും അടുപ്പിക്കുന്നത്‌ അപകടം വരുത്തുമെന്ന തിരിച്ചറിവാണല്ലോ ഇവര്‍ ഇരുമെയ്യായി കഴിയുന്നത്‌. ഇതറിയാന്‍ ഒതായിലെ വേരുപാലം വരെ പോയാല്‍ മതി. (വേറെ പാലം ഒതായില്‍ ഇപ്പോഴില്ല). സുന്നത്തിനെ എതിര്‍ക്കുന്നവര്‍ക്ക്‌ ഏത്‌ ഭാഷയിലും നിലവാരത്തിലും തെറിവിളിക്കാമെന്നതിനു പണ്ഡിതരുടെ ഉദ്ധരണികളാണ്‌ ഇവര്‍ തെളിവ്‌ പിടിക്കാറ്‌.

ഉപമയിലെ അപാകത

സര്‍ട്ടിഫിക്കറ്റില്ലാതെ ഡോക്‌ടറായാലും സര്‍ട്ടിഫിക്കറ്റുള്ള വൈദ്യരായാലും ചികിത്സ മോശമായാല്‍ മരണം സംഭവിക്കും. ശൈഖ്‌ അല്‍ബാനി നടത്തിയതു കയ്യബദ്ധമാണെന്ന്‌ അദ്ദേഹത്തെ അന്ധമായി അനുധാവനം ചെയ്യുന്നവര്‍ ഉറക്കെ പറയുമോ? അല്‍ബാനി ദുര്‍ബലമാക്കിയ ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഹദീസുകള്‍ അക്കമിട്ടാണ്‌ അബ്‌ദുസ്സലാം സുല്ലമി നിരത്തിയത്‌. സര്‍ട്ടിഫിക്കറ്റുള്ള ഡോക്‌ടറുടെ കൈപ്പിഴയില്‍ പറ്റിയ പോലെയുള്ള അല്‍ബാനീ അറബിയില്‍ പറയാന്‍ കുറിപ്പുകാരനു ബൗദ്ധികാരോഗ്യമുണ്ടോ? അബ്‌ദുസ്സലാം സുല്ലമിയുടെ സര്‍ട്ടിഫിക്കറ്റ്‌ സത്യസന്ധമാകണമെങ്കില്‍ അദ്ദേഹവും വനവാസവിഭാഗത്തില്‍ അംഗമാകേണ്ടിവരും! അപ്രകാരമായാല്‍ ആഗോള പണ്ഡിത ബഹുമതിയാകുമെന്നാണ്‌ പത്തുവര്‍ഷമായി ഇത്തരം ഇ-മെയില്‍ തള്ളി നിര്‍വൃതിയടയുന്ന ജനുസ്സുകളുടെ ജല്‍പനം.

ചിന്തിച്ചാല്‍ അഖ്‌ലാനിയോ?

മതകാര്യത്തില്‍ യുക്തിയും ചിന്തയും ഉപയോഗിക്കുന്നവരെയാണ്‌ അഖ്‌ലാനി എന്ന്‌ ആക്ഷേപിക്കുന്നത്‌. ബുദ്ധിയും ചിന്തയും `മങ്കട' വട്ടത്തില്‍ മടക്കിവെച്ചവര്‍ക്ക്‌ മാത്രമേ ബുദ്ധിയും ചിന്തയും ചതുര്‍ഥിയാവൂ. ചിന്തയ്‌ക്കും ബുദ്ധിക്കും സാമൂഹ്യ ചുറ്റുപാടുകള്‍ക്കും പ്രാധാന്യം നല്‍കിയ ഇറാഖികളുടെ കര്‍മശാസ്‌ത്ര സരണിയാണ്‌ ചിന്തയുടെ മദ്‌ഹബ്‌ ആയി അറിയപ്പെട്ടത്‌. ഹനഫീ മദ്‌ഹബിന്റെ അടിത്തറ രൂപ്പെടുന്നത്‌ ഇതിന്റെ ചുവടു പിടിച്ചാണ്‌ എന്നതാണ്‌ സത്യം. അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതനായ ഇമാം അബൂഹനീഫ(റ) ബുദ്ധിയെ അവലംബമാക്കി വിധി നല്‍കിയിരുന്നു. ഇദ്ദേഹം സലാം സുല്ലമിയെപോലെ അഖ്‌ലാനിയാണോ?

ശൈഖ്‌ ഇബ്‌നുതീമിയ്യ അദ്ദേഹത്തിന്റെ അഖീദത്തുല്‍ വാസിത്വിയ്യ എന്ന വിശ്വാസസംക്ഷിപ്‌തം വിവരിക്കുന്ന പുസ്‌കതത്തിനു ശൈഖ്‌ ഉസൈമീന്‍ ആമുഖം എഴുതിയിട്ടുണ്ട്‌. ശൈഖ്‌ ഇബ്‌നുതീമിയ്യയെ പരിചയപ്പെടുത്തുന്ന മുഖവുരയില്‍ അദ്ദേഹം പറയുന്നു: `ജാഹദ ഫില്ലാഹി ബി അക്‌ലിഹി വ ഫിക്‌രിഹി'. സ്വന്തം ബുദ്ധികൊണ്ടും ചിന്തകൊണ്ടും ജിഹാദ്‌ ചെയ്‌ത ഇബ്‌നുതീമിയ(റ) അഖ്‌ലാനിയാണെന്നു പരിഹസിക്കുമോ? സലാം സുല്ലമീ വിരോധം മുളപ്പിച്ചു തിളപ്പിക്കുന്ന കുറിപ്പുകാരനും ഇല്‍മിന്റെ ഉത്തുംഗവൃന്ദങ്ങള്‍ക്കും ഇത്‌ ദുര്‍വ്യാഖ്യാനിക്കാന്‍ ആകുമെങ്കിലും മറുപടി പറയാനാകില്ല.

ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ബാലപാഠം

ഖുര്‍ആനും ഹദീസിനും യോജിക്കുന്ന കാര്യങ്ങള്‍ ഏത്‌ പണ്ഡിതര്‍ പറഞ്ഞാലും സ്വീകരിക്കുകയും അതിനു നിരകകാത്ത അഭിപ്രായങ്ങള്‍ ആ പണ്ഡിതരില്‍ മാത്രം പരിമിതപ്പെടുത്തി അവസാനിപ്പിക്കുകയുമാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇതപര്യന്തമുള്ള രീതി. ഖുര്‍ആനും സുന്നത്തും മാതൃകയാക്കിയവരുടെ ആദര്‍ശമായി കാണുന്നതും ഈ മിതസമീപനമാണ്‌. ശൈഖ്‌ അല്‍ബാനിയുടെ അഭിപ്രായങ്ങളെ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ ഉപരിയായി പ്രതിഷ്‌ഠിക്കാന്‍ അന്ധമായി തഖ്‌ലീദ്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ സാധിക്കൂവെന്ന്‌ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews