പ്രാര്‍ഥനയും സഹായംതേടലും രണ്ടാണോ?

പി കെ മൊയ്‌തീന്‍ സുല്ലമി

തൗഹീദ്‌ അട്ടിമറിക്കാന്‍ യാഥാസ്ഥിതികര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം ഇപ്രകാരമാണ്‌: ``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.'' (അന്നഹ്‌ല്‍ 21,21) ഈ വചനത്തില്‍ ``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ'' എന്നത്‌ ശരിയായ അര്‍ഥമല്ല എന്നാണ്‌ യാഥാസ്ഥിതികരുടെ അഭിപ്രായം. ശരിയായ അര്‍ഥം ഇപ്രകാരമാണത്രെ: ``അല്ലാഹുവിനു പുറമെ അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു.'' ഈ വചനത്തില്‍ രണ്ട്‌ അര്‍ഥഭേദങ്ങളാണ്‌ ഇവര്‍ വരുത്തിയത്‌. `വിളിച്ചുപ്രാര്‍ഥിക്കുക' എന്നതിന്റെ സ്ഥാനത്ത്‌ `ആരാധിക്കുക' എന്നും `അല്ലാഹുവിനു പുറമെ' എന്നതിന്‌ `വിഗ്രഹങ്ങള്‍' എന്നുമാക്കി.

ഖുര്‍ആനിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്‌താല്‍ അടുത്ത വചനത്തില്‍ അല്ലാഹു കയ്യോടെ പിടികൂടും. അത്‌ ഖുര്‍ആനിന്റെ അമാനുഷികതയാണ്‌. ഇവിടെ `വിളിച്ചുപ്രാര്‍ഥിച്ചു' എന്നതിന്‌ `ആരാധിച്ചു' എന്നര്‍ഥം കൊടുത്താല്‍ പോലും മുസ്‌ലിയാക്കള്‍ ഉദ്ദേശിച്ച കാര്യം നടക്കില്ല. കാരണം, ആരാധനയും പ്രാര്‍ഥനയും ഒന്നു തന്നെയാണ്‌. അല്ലാഹുവും റസൂലും സലഫുകളായ പണ്ഡിതന്മാരും അക്കാര്യം സംശയത്തിന്നിടവരുത്താത്ത വിധം വിശദീകരിച്ചിട്ടുണ്ട്‌.


അല്ലാഹു പറയുന്നു: ``നബിയേ പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (ജിന്ന്‌ 20). മറ്റുള്ളവരോട്‌ വിളിച്ചുപ്രാര്‍ഥിക്കല്‍ അവര്‍ക്കുള്ള ആരാധനയായതു കൊണ്ടാണ്‌ മേല്‍വചനത്തില്‍ ഞാന്‍ അവനോട്‌ യാതൊരാളെയും പങ്കുചേര്‍ക്കുകയില്ലെന്ന്‌ പറയാന്‍ അല്ലാഹു കല്‍പിച്ചത്‌. നബി(സ) പറയുന്നു: ``നിശ്ചയം, പ്രാര്‍ഥന അതുതന്നെയാണ്‌ ആരാധന. അനന്തരം അവിടുന്ന്‌ ഇപ്രകാരം ഓതി: നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ഉത്തരം നല്‍കും. നിശ്ചയം എനിക്ക്‌ ഇബാദത്ത്‌ ചെയ്യാന്‍ അഹങ്കരിക്കുന്നവര്‍ പിന്നീട്‌ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.'' (തിര്‍മിദി, അഹ്‌മദ്‌) മറ്റൊരു നബിവചനത്തില്‍ ഇപ്രകാരം കാണാം: ``പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്‌.'' (തിര്‍മിദി) പ്രാര്‍ഥനയും ആരാധനയും ഒന്നായതുകൊണ്ടു തന്നെയാണ്‌ ചില മുഫസ്സിറുകള്‍ പ്രാര്‍ഥനയുടെ പദത്തിന്‌ ആരാധന എന്നര്‍ഥം കൊടുത്തത്‌. അല്ലാതെ ലോകത്ത്‌ മരണപ്പെട്ടുപോയിട്ടുള്ള സകലരെയും വിളിച്ചുതേടാനല്ല.

``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ'' എന്നതില്‍ അന്‍ബിയാ, ഔലിയാക്കള്‍ ഉള്‍പ്പെടുകയില്ല. അത്‌ വിഗ്രഹങ്ങളെ ആരാധിക്കുന്ന മുശ്‌രിക്കുകളെ കുറിച്ചാണ്‌ എന്നാണ്‌ മുസ്‌ലിയാരുടെ മറ്റൊരു വാദം. ഇതിന്‌ അല്ലാഹുവല്ലാതെ പ്രാര്‍ഥിക്കപ്പെടുന്ന സകല വസ്‌തുക്കളും ഉള്‍പ്പെടുമെന്ന്‌ സലക്ഷ്യം കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിക്കുകയുണ്ടായി.

മുസ്‌ലിയാരുടെ ഈ വാദത്തിന്‌ അതിന്റെ അടുത്ത വചനത്തില്‍ അല്ലാഹു തന്നെ മറുപടി പറയുന്നുണ്ട്‌: ``അവര്‍ മരണപ്പെട്ടുപോയവരാണ്‌. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നില്ല.'' (അന്നഹ്‌ല്‍ 21). അപ്പോള്‍ ആയത്തിന്റെ അര്‍ഥം അന്ത്യദിനം എന്നാണെന്നോ ഖബറുകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം ഏതാണെന്നോ ഇവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ അറിഞ്ഞുകൂടാ എന്നാണ്‌. വിഗ്രഹത്തെ മറവുചെയ്യുമോ? അവ ഖബറില്‍ കിടക്കുമോ?അവയ്‌ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പുണ്ടോ?

മേല്‍വചനത്തിന്‌ കെ വി മുഹമ്മദ്‌ മുസ്‌ലിയാര്‍ പന്താവൂര്‍ നല്‍കുന്ന അര്‍ഥം ശ്രദ്ധിക്കുക:?``ജീവനില്ലാത്ത ജഡങ്ങളാണവ. എപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന്‌ അവര്‍ അറിയുകയില്ല.'' (ബയാനുല്‍ഖുര്‍ആന്‍ 1:600,601)

അല്ലാഹുവല്ലാത്തവരെ വിളിച്ചുതേടാന്‍ ഉന്നയിക്കുന്ന മറ്റൊരു വാദം ഇതാണ്‌: ``ഖുര്‍ആന്‍ ആയത്തുകളിലൊന്നും മഹാന്മാരോട്‌ സഹായം തേടാന്‍ പാടില്ലെന്നോ അവരോട്‌ ശഫാഅത്തിനെ തേടാന്‍ പാടില്ലെന്നോ ലഭിക്കുകയില്ല.''

ഖുര്‍ആനില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കരുത്‌ എന്നാണ്‌ പറഞ്ഞത്‌. പഴം തിന്നാന്‍ പാടില്ല, ഫ്രൂട്ട്‌ തിന്നാം എന്ന പോലെയുണ്ട്‌ മുസ്‌ലിയാരുടെ വാദത്തിലെ തമാശ! പ്രാര്‍ഥന എന്നത്‌ സഹായതേട്ടം തന്നെയാണ്‌. ഒന്നുകില്‍ ഒരു ഉപകാരം ലഭിക്കാന്‍ അല്ലെങ്കില്‍ ഒരു ഉപദ്രവം നീങ്ങിക്കിട്ടാന്‍. പ്രാര്‍ഥനയായാലും സഹായതേട്ടമായാലും അതിന്റെ ഉദ്ദേശം മേല്‍പറഞ്ഞ രണ്ടിലൊരു കാര്യം സാധിച്ചുകിട്ടുകയായിരിക്കും. അല്ലാഹു പറയുന്നു: ``അല്ലാഹുവിനു പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്നപക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും'' (യൂനുസ്‌ 106). അപ്പോള്‍ പ്രാര്‍ഥനയില്‍ നിന്നും ലഭിക്കേണ്ട ഫലം ഉപകാരം ലഭിക്കുക, അല്ലെങ്കില്‍ ഉപദ്രവം ലഭിക്കുകയോ നീങ്ങിക്കിട്ടുകയോ ചെയ്യുക. ഇതുതന്നെയാണ്‌ സഹായതേട്ടം കൊണ്ടും ലഭിക്കുന്നത്‌.

ഈ ആയത്ത്‌ ഇമാം റാസി വിശദീകരിക്കുന്നു: ``ഒരു ഉപകാരം തേടിക്കൊണ്ടോ ഒരു ഉപദ്രവം നീങ്ങിക്കിട്ടാന്‍ വേണ്ടിയോ അല്ലാഹു അല്ലാത്ത ശക്തികളോട്‌ തേടുന്നതില്‍ നീ വ്യാപൃതനാകുന്ന പക്ഷം നീ അക്രമികളില്‍ പെട്ടുപോകുന്നതാണ്‌.'' (തഫ്‌സീറുല്‍ കബീര്‍, യൂനുസ്‌ 106). പ്രാര്‍ഥന എന്ന്‌ പറഞ്ഞാല്‍ എന്താണ്‌ എന്നാണ്‌ ഇമാം റാസി ഇവിടെ വിശദീകരിക്കുന്നത്‌.

ഇതേ ഉപകാരം ലഭിക്കലും ഉപദ്രവം നീങ്ങിക്കിട്ടലും തന്നെയല്ലേ സഹായതേട്ടത്തിലും ഉള്ളത്‌. സഹായതേട്ടം രണ്ട്‌ നിലയിലുണ്ട്‌. ഒന്ന്‌, അല്ലാഹു അനുവദിച്ച ഭൗതികമായ സഹായതേട്ടം. അല്ലാഹു പറയുന്നു: ``പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും നിങ്ങള്‍ പരസ്‌പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്‌പരം സഹായിക്കരുത്‌'' (മാഇദ 2). രണ്ട്‌, മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍. അത്തരം കാര്യങ്ങള്‍ സാധിച്ചുകിട്ടാന്‍ വേണ്ടി നാം സഹായം തേടാറുള്ളത്‌ അല്ലാഹുവോടാണ്‌. അതിനാണ്‌ മുസ്‌ലിംകള്‍ പ്രാര്‍ഥന എന്ന്‌ പറയാറുള്ളത്‌. അല്ലാഹു പറയുന്നു: ``കഷ്‌ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്‌ ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ തലമുറകളായി സൃഷ്‌ടിക്കുകയും ചെയ്യുന്നവനാണോ, അതല്ല (അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ?'' (അന്നംല്‌ 62)

മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ അദൃശ്യനും അഭൗതികനുമായ അല്ലാഹുവോട്‌ ആവലാതിപ്പെടുന്നതിന്നാണ്‌ പ്രാര്‍ഥന എന്ന്‌ പറയുന്നത്‌. ഈ നിലയില്‍ അദൃശ്യരും അഭൗതികരുമായ മരണപ്പെട്ടവരോ അല്ലാത്തവരോ ആയിട്ടുള്ള ശക്തികളോട്‌ സഹായംതേടുന്നതും പ്രാര്‍ഥനയാണ്‌. അത്തരം പ്രാര്‍ഥനകള്‍ ശിര്‍ക്കില്‍ ഉള്‍പ്പെടുന്നതാണ്‌. ചുരുക്കത്തില്‍ ഇസ്‌തിഗാസയും (സഹായതേട്ടം) ദുആയും (പ്രാര്‍ഥന) ഒന്നുതന്നെ. രണ്ടല്ല എന്ന്‌ താഴെ വരുന്ന തെളിവുകളില്‍ നിന്നും നമുക്ക്‌ ബോധ്യപ്പെടും.

അല്ലാഹു പറയുന്നു: ``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായം തേടിയിരുന്ന സന്ദര്‍ഭം'' (അന്‍ഫാല്‍ 9). മേല്‍വചനം വിശദീകരിച്ച്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``ഇവിടെ സഹായം തേടി എന്നത്‌ നബി(സ)യുടെ (ബദ്‌റിലെ) പ്രാര്‍ഥനയെ സംബന്ധിച്ചാകുന്നു'' (ഇബ്‌നുകസീര്‍, അന്‍ഫാല്‍ 9). ഇവിടെ സഹായതേട്ടം എന്നത്‌ പ്രാര്‍ഥനയാണ്‌.

മറ്റൊരു വചനം ശ്രദ്ധിക്കുക: ``എന്നാല്‍ അവര്‍ (ബഹുദൈവ വിശ്വാസികള്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ഥിക്കും'' (അന്‍കബൂത്ത്‌ 65). ഇബ്‌നു ജരീറുത്ത്വബ്‌രി ഈ വചനത്തെ വ്യാഖ്യാനിക്കുന്നു: ``അവര്‍ തങ്ങളുടെ രക്ഷിതാവിനോട്‌ സഹായംതേടി'' (ജാമിഉല്‍ബയാന്‍, അന്‍കബൂത്ത്‌ 65). ഇവിടെ പ്രാര്‍ഥിച്ചു എന്നത്‌ സഹായതേട്ടമാണ്‌. അപ്പോള്‍ പ്രാര്‍ഥനയും സഹായതേട്ടവും ഒന്നു തന്നെയാണ്‌. ഞങ്ങള്‍ മഹത്തുക്കളോട്‌ സഹായംതേടുകയാണ്‌, പ്രാര്‍ഥിക്കുന്നില്ല എന്ന മുസ്‌ലിയാക്കളുടെ വാദം വ്യര്‍ഥമാണ്‌.

മുസ്‌ലിയാരുടെ മറ്റൊരു വാദം: ``ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കളോട്‌ ശഫാഅത്തിനെ (ശുപാര്‍ശ) തേടുകയാണ്‌. അവരോട്‌ പ്രാര്‍ഥിക്കുന്നില്ല.''

മക്കയിലെ മുശ്‌രിക്കുകളുടെയും ലോകത്ത്‌ വന്നിട്ടുള്ള സകല മുശ്‌രിക്കുകളുടെയും വാദം ഇതുതന്നെയായിരുന്നു. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യന്മാര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശകരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു'' (യൂനുസ്‌ 18). ``അവന്നു (അല്ലാഹുവിന്‌) പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നത്‌'' (സുമര്‍ 3).

മേല്‍പറഞ്ഞ രണ്ട്‌ വചനങ്ങളും വ്യക്തമാക്കുന്നത്‌ മക്കയിലെ മുശ്‌രിക്കുകള്‍ ലാത, ഉസ്സ, മനാത എന്നിവരെ വിളിച്ചുപ്രാര്‍ഥിച്ചിരുന്നതും അവര്‍ക്ക്‌ മറ്റുള്ള ആരാധനാകര്‍മങ്ങള്‍ അനുഷ്‌ഠിച്ചിരുന്നതും അവര്‍ ഈ ലോകം സൃഷ്‌ടിച്ച അല്ലാഹുവാണ്‌ എന്ന വിശ്വാസത്തിലായിരുന്നില്ല. മറിച്ച്‌ ഈ ലോകം സൃഷ്‌ടിച്ച സര്‍വശക്തനായ അല്ലാഹുവിന്റെയടുക്കല്‍ അവരുടെ കാര്യത്തില്‍ ശുപാര്‍ശകരായും, അവനിലേക്ക്‌ അവരെ കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടിയും മാത്രമായിരുന്നു എന്നാണ്‌. `സുന്നികള്‍' എന്ന്‌ അവകാശപ്പെടുന്നവരും ഇതേ വിശ്വാസം തന്നെയാണ്‌ വെച്ചുപുലര്‍ത്തുന്നത്‌. ബദ്‌രീങ്ങളെയും മുഹ്‌യിദ്ദീന്‍ ശൈഖിനെയും വിളിച്ചുതേടിയാലും അവര്‍ക്ക്‌ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിച്ചാലും മേല്‌പറഞ്ഞ മഹത്തുക്കള്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറഞ്ഞ്‌ കാര്യങ്ങള്‍ നേടിക്കൊടുക്കും എന്നാണ്‌ ഇവരുടെ വിശ്വാസം. രണ്ടും തുല്യമായ ശിര്‍ക്കുതന്നെ.

സൂറത്തു യൂനുസലെ 18-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും അവര്‍ ഈ വിഗ്രഹങ്ങളെയും പ്രതിമകളെയും സ്ഥാപിച്ചിട്ടുള്ളത്‌ അവരുടെ നബിമാരുടെയും മഹത്തുക്കളുടെയും രൂപത്തിലാകുന്നു. ഈ വിഗ്രഹങ്ങള്‍ക്ക്‌ ഇബാദത്തെടുത്താല്‍ (അവ പ്രതിനിധീകരിക്കുന്ന) മഹത്തുക്കള്‍ അവരുടെ കാര്യത്തില്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയും എന്നതായിരുന്നു അവരുടെ വാദം. അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ധാരാളം ആളുകള്‍ മഹാന്മാരുടെ ഖബറുകളെ ബഹുമാനിക്കുന്നതില്‍ വ്യാപൃതരാവുക എന്നത്‌ വിഗ്രഹാരാധനയ്‌ക്ക്‌ തുല്യമാണ്‌. അവരുടെ ഖബറുകളെ ബഹുമാനിക്കുന്ന പക്ഷം അവര്‍ (ഖബറാളി കള്‍) അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയും എന്ന വിശ്വാസത്തോടു കൂടിയാണിത്‌.'' (തഫ്‌സീറുല്‍ കബീര്‍, യൂനുസ്‌ 18)

ഇമാം റാസിയുടെ പ്രസ്‌താവനയില്‍ നിന്നും ചില കാര്യങ്ങള്‍ ഗ്രഹിക്കേണ്ടതുണ്ട്‌: ഒന്ന്‌: മുശ്‌രിക്കുകള്‍ പ്രാര്‍ഥിക്കുന്നതും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതും വിഗ്രഹങ്ങളോടോ വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടിയോ അല്ല. മറിച്ച്‌, അവപ്രതിനിധീകരിക്കുന്ന അന്‍ബിയാക്കളോടും മഹത്തുക്കളോടുമാണ്‌.

രണ്ട്‌, വിഗ്രഹങ്ങള്‍ക്ക്‌ പ്രാര്‍ഥനകളോ നേര്‍ച്ച വഴിപാടുകളോ അര്‍പ്പിച്ചാല്‍ അവ പ്രതിനിധീകരിച്ചവര്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയും.

മൂന്ന്‌: വിഗ്രഹങ്ങളെ അല്ലാഹുവിന്റെ സ്ഥാനത്ത്‌ അവര്‍ പ്രതിഷ്‌ഠിച്ചിരുന്നില്ല. മറിച്ച്‌, അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശക്കാരായി മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.

നാല്‌: മരണപ്പെട്ടുപോയ മഹത്തുക്കളുടെ ഖബറുകളെ ആദരിച്ചാല്‍ ഖബറാളി അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയും എന്ന വിശ്വാസത്തോടെ ഖബറുകളെ ആദരിക്കല്‍ വിഗ്രഹാരാധനക്ക്‌ തുല്യമാണ്‌.

സൂറത്ത്‌ സുമറിലെ മൂന്നാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``ഇബ്‌നുസൈദ്‌, സൈദുബ്‌നു അസ്‌ലം എന്നിവരില്‍ നിന്നും ഖതാദ(റ), സുദ്ദീ(റ), മാലിക്‌ എന്നിവര്‍ ഉദ്ധരിക്കുന്നു: ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി (ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത്‌) എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ അവര്‍ (വിഗ്രഹങ്ങള്‍) ഞങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടിയും ഞങ്ങളെ അല്ലാഹുവിങ്കലേക്ക്‌ അടുപ്പിക്കാന്‍ വേണ്ടിയുമാണ്‌ ഞങ്ങള്‍ വിഗ്രഹാരാധന നടത്തുന്നത്‌ എന്നാണ്‌'' (ഇബ്‌നുകസീര്‍, സുമര്‍ 3).

അപ്പോള്‍ ശിര്‍ക്കില്‍ അകപ്പെട്ട യാഥാസ്ഥിതികരും വിഗ്രഹാരാധകരും ഈ വിഷയത്തില്‍ തുല്യവിശ്വാസക്കാരാണ്‌. ലാത്തയോടും ഇബ്‌റാഹീം നബി(അ)യോടും പ്രാര്‍ഥിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌ത്‌ കാര്യങ്ങള്‍ നേടിക്കൊടുക്കും എന്നാണ്‌ ശിര്‍ക്കന്‍ വിശ്വാസം. അതേയവസരത്തില്‍ ബദ്‌രീങ്ങളോടും മുഹ്‌യിദ്ദീന്‍ ശൈഖിനോടും പ്രാര്‍ഥിച്ചാല്‍ അവരും അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌ത്‌ കാര്യങ്ങള്‍ നേടിക്കൊടുക്കും എന്നാണ്‌ യാഥാസ്ഥിതിക വിശ്വാസം. അല്ലാഹു രക്ഷിക്കട്ടെ!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews